Saturday, July 21, 2007

അമ്മക്ക് തീര്‍ച്ചയായും ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും

അമ്മേ, ജീവിതത്തില്‍ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ഇഷ്ടികക്കട്ടകള്‍ തലയിലേറ്റി അമ്മ വരുന്നതും അച്ഛന്‍ അവയെ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

നമ്മുടെ ഗ്രാമത്തില്‍ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി ഗ്രാമച്ചന്തയിലെത്തിയിരുന്നതും, ആരെങ്കിലുമൊക്കെ അവരുടെ പാടത്ത് പണിക്കു വിളിക്കുമെന്നു കരുതി ആശയോടെ കാത്തിരുന്നതും, ആരും വിളിക്കാത്ത ദിവസങ്ങളില്‍ നിരാശരായി തിരിച്ചുവന്നിരുന്നതുമൊക്കെ? ഞാനന്ന് വിശന്നിട്ട് ഒരു പാട് കരയുമായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു, എനിക്ക് തരാനായി അമ്മയുടെ കൈയ്യില്‍ ഒന്നുമില്ലായിരുന്നുവെന്ന്.

അമ്മയെന്തുമാത്രം സങ്കടപ്പെട്ടുകാണുമെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഗ്രാമം വിട്ട് എവിടേയ്ക്കെങ്കിലും പോകാമെന്ന് അച്ഛന്‍ തീരുമാനിച്ചപ്പോള്‍ അമ്മയുടെ മുഖത്തുണ്ടായ പ്രത്യാശയും ഒപ്പം ഉണ്ടായ ചോദ്യഭാവമുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാം.

പുതിയ പുതിയ കാഴ്ചകള്‍ കാണുന്നതിന്റെ സന്തോഷമായിരുന്നു അന്നെനിക്ക്. വലിയ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പ്രത്യേകിച്ചും അതില്‍ കളിച്ചുരസിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍. അമ്മയുടെ കണ്ണീര്‍ ഒരു പഴംകഥയാവുമല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സില്‍.

നമ്മളൊരു വലിയ ഇടത്തിലേക്ക് മാറി. എനിക്കും എത്രവേണമെങ്കിലും കളിക്കാമല്ലോ എന്ന സന്തോഷം അടക്കാനാവുമായിരുന്നില്ല.

സാവധാനം ആ സ്ഥലമൊക്കെ കുഴിക്കുകയും നിറയ്ക്കുകയുമൊക്കെ ചെയ്തപ്പോള്‍, അതിനൊരു വീടിന്റെ രൂപം വന്നു. നമുക്ക് താമസിക്കാനായിരിക്കും ആ വീട് എന്നാണ് ഞാന്‍ കരുതിയത്. കാരണം അമ്മയും അച്ഛനുമൊക്കെ മറ്റു കുറേപ്പേരുടെ കൂടെ അത്രമാത്രം കഷ്ടപ്പെട്ടിരുന്നല്ലോ.

എല്ലാം തീര്‍ന്നു കഴിഞ്ഞപ്പോള്‍ നമ്മള്‍ ആ സ്ഥലവും വിട്ടു.

ഇത്രയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് നമ്മള്‍ എന്തിനുപോകുന്നുവെന്ന് അന്നെനിക്ക് ആശ്ചര്യമായിരുന്നു. പിന്നീട് ഒരിടത്ത്; പിന്നെ മറ്റൊരിടത്ത്.

സാവധാനം എനിക്കു മനസ്സിലായി നമ്മള്‍ പണിയുന്ന വീടുകളൊന്നും നമുക്കായി ആയിരുന്നില്ലെന്ന്‌.

അമ്മേ, നമുക്കു വേണ്ടിയല്ലായിരുന്നെങ്കില്‍ അമ്മയും അച്ഛനും എന്തിനായിരുന്നു അത്രമാത്രം കഷ്ടപ്പെട്ടത്?

എന്റെ അറിവില്ലായ്മകൊണ്ട് “ചോറ്‌ ഇനിയും വേണം’ എന്ന് ഞാന്‍ വാശിപിടിച്ചു കരയുമ്പോള്‍ അമ്മ ഒരു മൂലയില്‍ മാറിയിരുന്ന് കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നീട് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഇനി ചോറ് കൂടുതല്‍ ചോദിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

അമ്മ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

പണി കഴിഞ്ഞു വന്നാലും അമ്മക്ക് ഇരിക്കാന്‍ നേരമില്ലായിരുന്നു. ഭക്ഷണം വെയ്ക്കണം, ഉണ്ടായിരുന്ന രണ്ടോ മൂന്നോ പാത്രങ്ങള്‍ കഴുകണം, തുണി അലക്കണം.

എന്നിട്ടും അമ്മയെന്നെ സ്കൂളില്‍ അയച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചു.

പഠിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും സ്കൂളില്‍ പോകാന്‍ എനിക്ക് പേടിയായിരുന്നമ്മേ.

കൂട്ടുകാര്‍ പല പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു. നിന്റെ വീടെവിടെയാണ് എന്ന ചോദ്യത്തിന് എനിക്ക് വീടില്ലെന്ന് പറയുമ്പോള്‍ അവര്‍ ഉറക്കെ ചിരിക്കുമായിരുന്നു.

പക്ഷികള്‍ കൂട്ടിലും, വന്യമൃഗങ്ങള്‍ ഗുഹകളിലും വീട്ടുമൃഗങ്ങള്‍ തൊഴുത്തിലും കഴിയുമ്പോള്‍ മനുഷ്യര്‍ വീട്ടില്‍ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മള്‍ മനുഷ്യരല്ലാതാകുമോ അമ്മേ? മൃഗങ്ങള്‍ പരസ്യമായി വിസര്‍ജ്ജനം ചെയ്യുമ്പോള്‍ മനുഷ്യര്‍ കക്കൂസുകള്‍ ഉപയോഗിക്കുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു തന്നിരുന്നു. പക്ഷെ, നാം ഇതൊക്കെ പരസ്യമായല്ലേ അമ്മേ ചെയ്തിരുന്നത്?

അമ്മ തിടുക്കത്തില്‍ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .

ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

അച്ഛന്‍ ജോലിസ്ഥലത്ത് അപകടത്തില്‍പ്പെടുകയും കാലൊടിയുകയും ചെയ്തപ്പോള്‍ അമ്മ എന്തുമാത്രം കരഞ്ഞു എന്നെനിക്കോര്‍മ്മയുണ്ട്. അച്ഛന്റെ ജോലി പോയെന്നു മാത്രമല്ല, താമസിച്ചിരുന്ന ആ സ്ഥലവും നമുക്ക് നഷ്ടപ്പെട്ടു.

പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയില്‍ നാം താമസിച്ചു. ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടില്‍ ആളുകള്‍ അവരുടെ കുപ്പ നമ്മുടെ മേല്‍ ഇടുമായിരുന്നു.

നാം എവിടെപ്പോകാനാണമ്മേ?

പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.

എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.

സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.

"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."

എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌.

അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍‌മാര്‍ നമുക്കു നേരെ ഓടിവന്നു.

ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.

അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?

അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.

അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?

അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"

കടപ്പാട്: ആന്ധ്രയില്‍ നടക്കുന്ന ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ച ജി.മമതയുടെ രചന

10 comments:

വര്‍ക്കേഴ്സ് ഫോറം said...

അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"

സഞ്ചാരി said...

നന്ദി
എന്റെ ജീവിതം പോലെ പക്ഷെ എനിക്ക് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത എന്റെ ഭൂതകാലം.

Unknown said...

പക്ഷികള്‍ കൂട്ടിലും, വന്യമൃഗങ്ങള്‍ ഗുഹകളിലും വീട്ടുമൃഗങ്ങള്‍ തൊഴുത്തിലും കഴിയുമ്പോള്‍ മനുഷ്യര്‍ വീട്ടില്‍ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മള്‍ മനുഷ്യരല്ലാതാകുമോ അമ്മേ?

വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു. അനുഭവിച്ചവര്‍ക്ക് മാത്രം പൂര്‍ണ്ണമായും മനസ്സിലാകുന്ന ജീവിത ദുരന്തം...

Anonymous said...

അമ്മ തിടുക്കത്തില്‍ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

കൊള്ളാം നല്ല പോസ്റ്റ്‌.

Anonymous said...

"പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയില്‍ നാം താമസിച്ചു. ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടില്‍ ആളുകള്‍ അവരുടെ കുപ്പ നമ്മുടെ മേല്‍ ഇടുമായിരുന്നു."

namukku ee krooratha avasanippikkaan enkilum kazhiyille?

Anonymous said...

സെന്‍സെക്സ്,എഫ്.സിക്സ്റ്റീന്‍,റോക്കറ്റ്,മാള്‍ തുടങ്ങിയ വലിയ വലിയ കാര്യങ്ങളുടെ ഇടയില്‍ ഒരു കുടില്‍ സ്വപ്നം കാണുന്നവരെകുറിച്ച് ഓര്‍ക്കാന്‍ ആര്‍ക്ക് നേരം? നന്ദി,ഇതിവിടെ പ്രസിദ്ധീകരിച്ചതിന്.

അഭിവാദ്യങ്ങള്‍.

Unknown said...

ആന്ധ്രയില്‍ നടന്ന വെടിവെയ്പ്പിന്റേയും തുടര്‍ന്നുണ്ടായ മരണങ്ങളുടേയും പശ്ചാത്തലത്തില്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഈ കഥക്ക് എന്തോ ഒരു പ്രത്യേകത.

വേണു venu said...

ഈ കഥയക്കു്‌ ഒരു പശ്ഛാത്തലവും അനിവാര്യമല്ല. ജീവിതമെന്ന ചുമറ്‍ ചിത്രത്തിലെഴൂതിയ ഒരു കൊച്ചു കവിത മാത്രം....

വര്‍ക്കേഴ്സ് ഫോറം said...

നന്ദി വേണു...ഈ കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലേ എന്നു സംശയിച്ചിരിക്കുകയായിരുന്നു...

Anonymous said...

Good Story..Sorry for English...