Monday, November 19, 2007

സൈനിക മരണവും പെന്റഗണ്‍ തമസ്കരണവും

ഇറാഖിലെ യുദ്ധഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്നവരും അനുഷ്ഠിച്ചിരുന്നവരും ആയ അമേരിക്കന്‍ പട്ടാളക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുന്ന ആത്മഹത്യാപ്രവണതയേയും അത്തരം ആത്മഹത്യകളേയും കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പെന്റഗണ്‍ മറച്ചു പിടിച്ചിരിക്കുകയാണോ? ആണെന്നാണ് സി.ബി.എസ് ടെലിവിഷന്‍ പറയുന്നത് . 45 സംസ്ഥാനങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ ശേഖരിച്ച വിപുലമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. 2005ല്‍ മാത്രം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 6256 പേര്‍ എങ്കിലും ആത്മഹത്യ ചെയ്തുവത്രേ. അതായത് ആഴ്ചയില്‍ 120 പേര്‍ വീതം.

മുകളില്‍ പറഞ്ഞത് ഒരു അച്ചടിപ്പിശകല്ല. റിട്ടയര്‍ ചെയ്തവരും അല്ലാത്തവരും ആയ സൈനികര്‍, അതില്‍ ഭൂരിഭാഗവും 20 വയസ്സിനും 24 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍, യുദ്ധമേഖലയില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം(അമേരിക്കയില്‍ അവര്‍ വാ‍ര്‍ വെറ്ററന്‍സ് എന്നാണ് ആദരപൂര്‍വം അറിയപ്പെടുന്നത്) ജീവനൊടുക്കുകയാണത്രേ. യുദ്ധമേഖലയിലെ മനം മടുപ്പിക്കുന്ന അനുഭവങ്ങള്‍ വലിയൊരു മാനസികാരോഗ്യ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് വിശ്വസിക്കാമെന്നു തോന്നുന്നു. ഇക്കാര്യത്തെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്മാരല്ല എന്നതും പെന്റഗണ്‍ ഇത് പൂര്‍ണ്ണമായും നിഷേധിച്ചു കൊണ്ടിരിക്കുകയാണ് എന്നതുമാണ് ഇതില്‍ എടുത്തുപറയേണ്ട സംഗതി.

ഔദ്യോഗിക കണക്കനുസരിച്ച് യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 3865 ആണ്. അതോടൊപ്പം മുകളില്‍പ്പറഞ്ഞ പ്രകാരം ആത്മഹത്യ ചെയ്ത 6256 പേരെകൂടി ചേര്‍ക്കുമ്പോള്‍ 2005ല്‍ മാത്രം മരിച്ച സൈനികരുടെ എണ്ണം 10,121 ആകും . 2004ലും 2006ലും മരിച്ചവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ ഇറാഖില്‍ മരിച്ച യു എസ് സൈനികരുടെ എണ്ണം 15000 കവിയും.

ധാര്‍മ്മികമായോ നിയമപരമായോ യാതൊരു ന്യായീകരണവും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു യുദ്ധത്തിലാണ് ഇത്രയും യു എസ് സൈനികരുടെ ജീവന്‍ ഹോമിക്കപ്പെട്ടത് എന്നത് ചിന്തിപ്പിക്കുന്ന ഒന്നാണ്, അത്യന്തം വേദനാജനകവും.

സൈനികരുടെ മാനസികാരോഗ്യ പരിപാലനത്തിന്റെ ചുമതലയുള്ള Department of Veteran Affairsന്റെ തലവന്‍ Dr. Ira Katz മായി സി.ബി.എസ്. ഒരു അഭിമുഖം നടത്തുകയുണ്ടായി. സൈനികര്‍ക്കിടയിലെ ആത്മഹത്യയെ നിസ്സാരവല്‍ക്കരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹം പറഞ്ഞത് “സൈനികര്‍ക്കിടയില്‍ ആത്മഹത്യ ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നിട്ടൊന്നുമില്ല. എങ്കിലും ആത്മഹത്യകള്‍ ഒരു വലിയ പ്രശ്നം തന്നെ“ എന്നാണ്.

Katz പറഞ്ഞത് ശരിയായിരിക്കാം. ആത്മഹത്യകള്‍ പടരുന്ന പ്രവണത ഇല്ലായിരിക്കാം. യുദ്ധരംഗത്തു നിന്നും തിരിച്ചുവരുന്ന പുരുഷ / വനിതാ സൈനികര്‍ അതികഠിനമായ വിഷാദത്തിലേക്ക് ഉള്‍വലിയുന്നതും, യുദ്ധരംഗത്ത് മരണപ്പെടുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തങ്ങളെത്തന്നെ കൊല്ലുന്നതും സ്വാഭാവികമായിരിക്കാം. യുദ്ധരംഗത്തു നിന്നും തിരിച്ചു വരുന്ന സൈനികരെ, പെന്റഗണ്‍ കൈയൊഴിയുന്നത് തികച്ചും സ്വാഭാവികമായിരിക്കാം. അതവരെ ഭ്രാന്തന്‍ ചിന്തകളിലേക്കും, സ്വയം തങ്ങളുടെ തലച്ചോര്‍ ചിതറിക്കുന്നതിലേക്കും, വീടുകളുടെ ബേസ്‌മെന്റില്‍ പൂന്തോട്ടം നനക്കുന്ന ഹോസുകള്‍ക്ക് മറ്റൊരു ഉപയോഗമുണ്ടെന്നു കാട്ടിക്കൊടുക്കുന്നതിലേക്ക് നയിക്കുന്നതും തീര്‍ച്ചയായും സ്വാഭാവികമായിരിക്കാം. ഇത്തരം കൂട്ടക്കുരുതികള്‍ക്ക് ആ‍വശ്യമായ ഫണ്ടുകള്‍ തടസ്സമേതുമില്ലാതെ എത്തുന്നു എന്ന് ഉറപ്പാക്കുന്നതും, തങ്ങളുടെ നട്ടെല്ലില്ലായ്മയും ദുശ്ശാഠ്യങ്ങളും മൂലം ഉണ്ടാകുന്ന മരണങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഭാവികമായിരിക്കാം. രാജ്യത്തിനു വേണ്ടി സൈന്യത്തില്‍ ചേരുന്ന നൂറുകണക്കിനു യുവാക്കളെ കൊലക്ക് കൊടുക്കുന്ന അധിനിവേശത്തെ ന്യായീകരിക്കുവാനായി കല്ലുവെച്ച നുണകള്‍ കാച്ചുന്നത് പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം എത്രയും സ്വാഭാവികമായിരിക്കാം.

എന്നാല്‍ നമുക്കിത് ഇത് ഒട്ടും സ്വാഭാവികമല്ല തന്നെ..

ഇതൊരു തരം പ്ലേഗ് ആണ്. നിരത്തുവക്കിലെ ബോംബുകള്‍ പൊട്ടി സുഹൃത്തുക്കള്‍ കണ്‍‌മുന്നില്‍ ഛിന്നഭിന്നമായിത്തെറിക്കുന്നത് കണ്ടും, സൈനിക ചെക്ക് പോയിന്റുകളില്‍ സംശയത്തിന്റെ പേരില്‍ കുട്ടികളെപ്പോലും തവിടുപൊടിയാക്കുന്നത് കണ്ടും, വികൃതമാക്കപ്പെട്ട ശവശരീരങ്ങള്‍ വഴിയരുകില്‍ ചപ്പുചവറുകള്‍ പോലെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടുമൊക്കെ സ്വാഭാവികമായും ഉണ്ടാകുന്ന നൈരാശ്യത്തിന്റേതായ ഒരു തരം മാനസിക പകര്‍ച്ചവ്യാധിയാണ്. നിരന്തരഭീതിയില്‍ കഴിയുന്നതിന്റെ സ്വാഭാവിക പരിണാമം.

ഈ ലക്കും ലഗാനുമില്ലാത്ത ആത്മഹത്യകള്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന്റെ യുക്തിസഹമായ പരിണിതഫലമല്ലാതെ മറ്റെന്താണ് ?

യുദ്ധരംഗത്തെ അനുഭവങ്ങള്‍ മടങ്ങിവരുന്ന സൈനികരെ നിരന്തരം വേട്ടയാടുകയാണ്. അവര്‍ സ്വയം തങ്ങളെത്തന്നെ ശിക്ഷിക്കുകയാണ്.

ഒരു പക്ഷെ, അധിനിവേശത്തിനു മുന്‍പ് തന്നെ നാം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു ....

(മൈക് വിറ്റ്നി (Mike Whitney) കൌണ്ടര്‍ പഞ്ചില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സൈനിക ആത്മഹത്യകള്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. നിരത്തുവക്കിലെ ബോംബുകള്‍ പൊട്ടി സുഹൃത്തുക്കള്‍ കണ്‍‌മുന്നില്‍ ഛിന്നഭിന്നമായിത്തെറിക്കുന്നത് കണ്ടും, സൈനിക ചെക്ക് പോയിന്റുകളില്‍ സംശയത്തിന്റെ പേരില്‍ കുട്ടികളെപ്പോലും തവിടുപൊടിയാക്കുന്നത് കണ്ടും, വികൃതമാക്കപ്പെട്ട ശവശരീരങ്ങള്‍ വഴിയരുകില്‍ ചപ്പുചവറുകള്‍ പോലെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടുമൊക്കെ സ്വാഭാവികമായും ഉണ്ടാകുന്ന നൈരാശ്യത്തിന്റേതായ ഒരു തരം മാനസിക പകര്‍ച്ചവ്യാധിയാണിത്. നിരന്തരഭീതിയില്‍ കഴിയുന്നതിന്റെ സ്വാഭാവിക പരിണാമം.

Rajeeve Chelanat said...

മൈക്ക് വൈറ്റ്നിയുടെ ഈ ലേഖനം കൌണ്ടര്‍ പഞ്ചില്‍ കണ്ടിരുന്നു. ശ്രദ്ധേയമായ ഒരു ലേഖനമാണിത്. പത്രപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ചും ഒരു കുറിപ്പ് മറ്റൊരു സമാന്തരമാദ്ധ്യമത്തില്‍ കണ്ടിരുന്നു. Alternet ലാണെന്നു തോന്നുന്നു.

ആശംസകളോടെ