Monday, January 21, 2008

ഇന്ത്യയില്‍ 'സെസ്സ്' എവിടെയെത്തി നില്‍ക്കുന്നു?

കയറ്റുമതി ചെയ്ത് വ്യാവസായിക വളര്‍ച്ച നേടാമെന്ന് വികസ്വരരാജ്യങ്ങള്‍ കരുതുന്നു. കയറ്റുമതിക്ക് അനന്ത സാധ്യതകളാണ് "സെസ്സുകള്‍'' നല്‍കുന്നതെന്നുള്ള ധാരണയും ശക്തമാണ്. ക്ലസ്റര്‍ മാതൃകയിലുള്ള പഴയ വ്യവസായ പാര്‍ക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 'സെസ്സ്'. ലളിതമായ നടപടിക്രമങ്ങളിലൂടെ. സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത നിര്‍മ്മാണ യൂണിറ്റുകള്‍ ഒരു പ്രത്യേക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു അത്. കൂടുതല്‍ സ്വീകാര്യമായ വ്യവസായവല്‍ക്കരണ മാര്‍ഗ്ഗമായി അതിപ്പോഴും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെസ്സിലാകട്ടെ സൌജന്യ അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിലേറെ ഭൂമിയും മാത്രമല്ല, തുടര്‍ച്ചയായ നികുതി ഇളവുകളും നല്‍കപ്പെടുന്നു. തൊഴിലാളികള്‍ക്ക് സുരക്ഷാ നിയമങ്ങളൊ, തൊഴില്‍ സ്ഥിരതയൊ പാടില്ലെന്ന് സെസ്സ് നിര്‍ബന്ധിക്കുന്നു. ലോകമാകെ ഇത്തരം ഉപാധികളോടെയാണ് സെസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സെസ്സ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്താണ് ഉള്ളത്. വ്യാവസായിക നിക്ഷേപം ആകര്‍ഷിക്കുന്നതിനും, സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിനും, സെസ്സിന് നല്‍കുന്ന സാമൂഹ്യ സബ്‌സിഡികളും സൌജന്യങ്ങളും വഴി സാധ്യമാണോ എന്ന കാര്യം ഇനിയും തീര്‍ച്ചയാക്കാത്ത കാര്യമാണ്. ധനകാര്യ സൌജന്യങ്ങളും നികുതിയിളവുകളും കൊണ്ട് നിക്ഷേപവും വളര്‍ച്ചയും വരുമെന്നുള്ള വാദത്തെ സാധൂകരിക്കുന്ന തെളിവുകളും ഇല്ല. എന്നിട്ടും കൂടുതല്‍ നികുതി ഇളവുകള്‍ക്ക് വേണ്ടി വ്യവസായികള്‍ നിരന്തരം സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നു.

സെസ്സ് ഉണ്ടാക്കുന്ന ഉല്‍ക്കണ്ഠകള്‍

മൊത്തത്തില്‍ സെസ്സുകള്‍ക്കുള്ള നേട്ടം എന്താണെന്നുള്ള കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെങ്കിലും സെസ്സുകള്‍ക്കായി സമൂഹം നല്‍കേണ്ടി വരുന്ന വില - "സാമൂഹിക; സാമ്പത്തിക പ്രത്യാഘാതങ്ങള്‍'' അതിന്റെ അറ്റാദായത്തില്‍ പോലും നേട്ടമാകുമോ എന്ന സംശയം ഉണ്ടാക്കുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് കടുത്ത സാമൂഹ്യ പ്രതിസന്ധി ഒളിഞ്ഞിരിക്കുന്നത്. സെസ്സുകള്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന പൊതു ഖജനാവിലെ ധനത്തിന്റെ മൂല്യം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുനതിലും പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിലുമുള്ള പരിമിതി സെസ്സിനുവേണ്ടി നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉണ്ടാക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ എന്നിവയാണ് സെസ്സിന്റെ 'നേട്ടങ്ങളെ'മുഴുവന്‍ നിഷേധിക്കുന്ന ഘടകങ്ങള്‍.

2000 നവബംര്‍ മുതല്‍ 2006 ഫെബ്രുവരി വരെ വിദേശ വ്യാപാര നയത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ സെസ്സുകള്‍ പ്രവര്‍ത്തിച്ചത്. 2006 ഫെബ്രുവരിക്ക് ശേഷം പ്രത്യക സാമ്പത്തിക മേഖല നിയമം 2005 നിലവില്‍ വന്നു. അന്നു മുതല്‍ സെസ്സിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വളരെ വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്ന് നമുക്ക് അറിയാം. തീര്‍ച്ചയായും കാര്‍ഷിക ഭൂമി ഏറ്റെടുക്കല്‍ പ്രധാനപ്പെട്ട ഉത്കണ്ഠകളില്‍ ഒന്നാണ്. എന്നാല്‍ സെസ്സുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചില നയപരമായ പ്രശ്നങ്ങള്‍ അതിലേറെ ഗൌരവമുള്ളതാണ്. ഇത് കാണാതെയുള്ള പ്രതിഷേധങ്ങള്‍ ആരോഗ്യപരമല്ല. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി കാര്‍ഷിക ഭൂമി ഉപയോഗിക്കാനേ പാടില്ലെന്ന് വാദിക്കുന്നവരുണ്ട്. അത്തരം അഭിപ്രായങ്ങള്‍ അതി തീവ്രവാദപരവും, നിരുത്തരവാദപരവുമാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

നീതിനിഷ്ടവും ജനാധിപത്യവുമായ വികസന പ്രക്രിയ ആണെങ്കില്‍പോലും ഒരളവു വരെ കാര്‍ഷിക ഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് മാറ്റി വെക്കേണ്ടി വരും. സമൂഹം, വൈവിധ്യവല്‍കരിക്കപ്പെടുമ്പോള്‍ വ്യാവസായിക ആവശ്യമുള്‍പ്പെടെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി മാറ്റിവെക്കേണ്ടി വരുമെന്ന സാമാന്യ ബോധം ഉപേക്ഷിച്ചു കൊണ്ടുള്ള നിലപാട് പ്രായോഗികമല്ല. സമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള പ്രശ്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തും പരിഗണിച്ചുമാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാര്‍ഷിക വൃത്തി ചെയ്യുന്നവരടക്കമുള്ള തൊഴിലാളികളെ അര്‍ഹമായ വിധത്തില്‍ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചുകൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ. മണ്ണിന്റെ കാര്‍ഷികേതര ഉപയോഗം വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സെസ്സുകള്‍ക്ക് വേണ്ടി മാത്രം ഭൂമി ഏറ്റെടുക്കുന്നതിനോടുള്ള ചെറുത്ത് നില്പായി ഈ പ്രശ്നം ചുരുങ്ങി പോകരുത്. മൊത്തം ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഭൂമിയുടെ കൈയേറ്റം മുഴുവനായി പരിഗണിക്കപ്പെടണം.സെസ്സിനു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും ആര്‍ക്ക് എന്ന ചോദ്യം പ്രധാനമാണ്. സെസ്സ് നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയുടെ 25% മാത്രം വ്യവസായ ആവശ്യത്തിന് നല്‍കിയാല്‍ മതി. അതായത് 75 ശതമാനം ഭൂമി സെസ്സുടമയ്ക്ക് തോന്നുന്നപോലെ ഉപയോഗിക്കാമെന്നര്‍ത്ഥം. ഇതു വഴി റിയല്‍ എസ്റേറ്റ് വ്യാപാരം നടത്താന്‍ സെസ്സുടമകള്‍ക്ക് അവസരം ലഭിക്കുകയാണ്. തീര്‍ച്ചയായും ഈ വ്യവസ്ഥ പൊളിച്ചെഴുതേണ്ടതാണ്.

ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഭൂമി കൈമാറ്റം വഴി അനാഥരാവുന്ന ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ തന്നെ അതിലിടപെടാതെ വയ്യ. കര്‍ഷകര്‍ മാത്രമല്ല പാട്ടക്കാരും കാര്‍ഷിക തൊഴിലാളികളും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരും എല്ലാം പുനരധിവസിപ്പിക്കപ്പെടേണ്ടവരാണ്. സര്‍ക്കാര്‍ നേരിട്ട് ഭൂമി ഏറ്റെടുക്കുന്നതിനു പകരം, കമ്പോള ശക്തികളുടേയും ഇടനിലക്കാരുടേയും വിലപേശലിന് ഈ ജനവിഭാഗങ്ങളെ വിട്ടുകൊടുക്കാന്‍ പാടില്ല. ചെറുകിട ഭൂവുടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സാന്നിധ്യം അനിവാര്യമാണ്. ഇന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വ്യാപകമാകാന്‍ മാത്രമേ ഈ രംഗത്ത് നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം സഹായിക്കുകയുള്ളൂ.

വളരെയേറെ ഗൌരവമുള്ള വേറൊരു പ്രശ്നമാണ് സെസ്സ് വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ കാര്യം. സെസ്സ് നല്‍കുന്നത് മാന്യമായ തൊഴിലാണോ, അത് നമുക്ക് സ്വീകാര്യമാണോ എന്നാണ് പരിശോധിക്കേണ്ടത്. ലോകമൊട്ടാകെ സെസ്സുകള്‍ നല്‍കുന്നത് അരക്ഷിതമായ കൂലിവേലയാണ്. ദേശീയ തൊഴില്‍ നിയമങ്ങളോ, തൊഴിലാളി സുരക്ഷാ നടപടികളോ തൊഴില്‍ സ്ഥിരതയോ സെസ്സുകള്‍ നല്‍കുന്നില്ല. നിക്ഷേപ സൌഹൃദവാദമുപയോഗിച്ച് പണിയെടുക്കുന്നവര്‍ക്കു മേല്‍ ക്രൂരമായി കുതിര കയറുന്ന കേന്ദ്രങ്ങളാണ് സെസ്സ്. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ഇന്ത്യയില്‍ സെസ്സ് പ്രവര്‍ത്തിക്കുകയെന്ന് സെസ്സ് നിയമം പറയുന്നു. എന്നാല്‍ ഈ നിയമം വരുന്നതിനു മുമ്പ് തന്നെ ഇന്ത്യയിലുള്ള കയറ്റുമതി സോണുകളില്‍ കൂലിപ്പണിയാണ് നിലവിലുള്ളത്. അതിന്റെ ആവര്‍ത്തനം സെസ്സുകളില്‍ നിശ്ചയമായും പ്രതീക്ഷിക്കാം.

ഇതിനേക്കാളെല്ലാം ഗൌരവമുള്ളതാണ് സെസ്സുടമകള്‍ക്കും വ്യവസായികള്‍ക്കും നല്‍കുന്ന നികുതിയിളവുകളും സബ്‌സിഡികളും. ആദ്യത്തെ 5 വര്‍ഷം 100 ശതമാനവും തുടര്‍ന്നുള്ള 5 വര്‍ഷം 50 ശതമാനവും നികുതിയിളവുണ്ട്. സെസ്സിന്റെ ഭൂമി വികസിപ്പിക്കുന്നവര്‍ക്കുപോലും ഈ നിരക്കുകള്‍ ബാധകമാണ്. കേന്ദ്രധനമന്ത്രാലയം പറയുന്ന കണക്കനുസരിച്ച് 3,60,000/- കോടി രൂപ സെസ്സിനായി നിക്ഷേപിക്കപ്പെട്ടാല്‍ 1,74,000/ കോടി രൂപ ദേശീയ ഖജനാവിന് വരുമാന നഷ്ടം ഉണ്ടാവും. ഇത്രയും ഭീമമായ അളവില്‍ ദേശീയ സമ്പത്ത് മുതലാളിമാര്‍ക്ക് വിളമ്പിക്കൊടുക്കുന്നതിലും വലിയ കുറ്റമുണ്ടോ? ഇന്ത്യാക്കാരുടെ വര്‍ത്തമാനവും ഭാവിയും നിര്‍മ്മിക്കാനുള്ള ധനമാണ് സെസ്സിന്റെ പേരില്‍ വ്യാവസായിക പ്രഭുക്കള്‍ തട്ടിയെടുക്കുന്നത്. അഭൂതപൂര്‍വ്വമായ നികുതിയിളവുകളുടെ പ്രവാഹം കാരണം രാജ്യത്തെ മറ്റ് വ്യവസായ യൂണിറ്റുകളെല്ലാം സെസ്സുകളിലേക്ക് പറിച്ച് നടപ്പെടുമെന്ന് കൂടി ഓര്‍ക്കണം. ഇതിന്റെ അര്‍ത്ഥം ലളിതമാണ്. സെസ്സ് എന്ന വ്യാവസായിക യൂണിറ്റുകള്‍ ദേശീയ ഖജനാവിന് ഒന്നും നല്‍കുന്നില്ല. പകരം ഖജനാവ് തിന്നു തീര്‍ക്കുന്നു.

2007 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് അനുമതി ലഭിച്ച സെസ്സുകളില്‍ ഭൂരിഭാഗവും 5 സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എണ്ണത്തില്‍ മാത്രമല്ല ഏറ്റെടുത്ത ഭൂമിയുടെ അളവിലും ഈ സംസ്ഥാനങ്ങള്‍ വളരെ വളരെ മുന്നിലാണ്. വിജ്ഞാപനം ചെയ്ത് പ്രവര്‍ത്തി തുടങ്ങിയ സെസ്സുകള്‍ ഭൂരിഭാഗവും ആന്ധ്രയിലും, മഹാരാഷ്ട്രയിലുമാണ് സ്ഥിതി ചെയ്യുന്നത്. സെസ്സിന് ഭൂമി നല്‍കുന്നതിലും ഈ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഉദാരത കാണിച്ചിട്ടുണ്ട്. ജനകീയ പ്രതിരോധങ്ങളുടെ കുറവ് അതിന് കാരണമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്ധ്രയിലും മഹാരാഷ്ട്രയിലും ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാര തുക നാമ മാത്രമായിരുന്നു. ആന്ധ്രയിലെ കാക്കിനട, വിശാഖപട്ടണം സെസ്സുകള്‍ക്ക് മാത്രം 6500 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കിയത്. 1850 ഹെക്ടര്‍ പ്രദേശിക വ്യാവസായിക പാര്‍ക്കിന്റെ സ്ഥലമടക്കം 5000 ഹെക്ടര്‍ സ്ഥലമാണ് മഹാരാഷ്ട്രയിലെ "നവീമുംബെ'' സെസ്സിനു നല്‍കിയത്.

2007 ഒക്ടോബര്‍ 3 വരെ 400 സെസ്സുകളാണ് അംഗീകരിക്കപ്പെട്ടുതായുള്ളത്. ഇതിനുവേണ്ടി 50,000 ഹെക്ടര്‍ ഭൂമി മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. പുതിയ ദേശീയ പുനരധിവാസ നയം രൂപീകരിച്ചതിനു ശേഷംബാക്കി ഭൂമി ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അംഗീകൃത സെസ്സുകള്‍ക്ക് മാറ്റിവെച്ച ഭൂമിയുടെ 70%വും ഭൂമിയും ഗുജ്റാത്ത്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലാണ്. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലായി 50% സെസ്സുകള്‍ മാത്രമേയുള്ളുവെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

-ശ്രീ. സി.പി.ചന്ദ്രശേഖര്‍, ശ്രീമതി. ജയതി ഘോഷ്

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫ്രണ്ട്‌ലയിന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സെസ്സിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വളരെ വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുകയാണല്ലോ? തീര്‍ച്ചയായും കാര്‍ഷിക ഭൂമി ഏറ്റെടുക്കല്‍ പ്രധാനപ്പെട്ട ഉത്കണ്ഠകളില്‍ ഒന്നാണ്. എന്നാല്‍ സെസ്സുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചില നയപരമായ പ്രശ്നങ്ങള്‍ അതിലേറെ ഗൌരവമുള്ളതാണ്. ഇത് കാണാതെയുള്ള പ്രതിഷേധങ്ങള്‍ ആരോഗ്യപരമല്ല. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി കാര്‍ഷിക ഭൂമി ഉപയോഗിക്കാനേ പാടില്ലെന്ന് വാദിക്കുന്നവരുണ്ട്. അത്തരം അഭിപ്രായങ്ങള്‍ അതി തീവ്രവാദപരവും, നിരുത്തരവാദപരവുമാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

നീതിനിഷ്ടവും ജനാധിപത്യവുമായ വികസന പ്രക്രിയ ആണെങ്കില്‍പോലും ഒരളവു വരെ കാര്‍ഷിക ഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് മാറ്റി വെക്കേണ്ടി വരും. സമൂഹം, വൈവിധ്യവല്‍കരിക്കപ്പെടുമ്പോള്‍ വ്യാവസായിക ആവശ്യമുള്‍പ്പെടെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി മാറ്റിവെക്കേണ്ടി വരുമെന്ന സാമാന്യ ബോധം ഉപേക്ഷിച്ചു കൊണ്ടുള്ള നിലപാട് പ്രായോഗികമല്ല. സമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള പ്രശ്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തും പരിഗണിച്ചുമാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്.