Saturday, January 12, 2008

എങ്ങനെ ബില്യണര്‍ ആവാം..?

ഏഷ്യാവന്‍കരയിലെ ശതകോടീശ്വരന്‍മാരില്‍ (billionaires) ഭൂരിപക്ഷവും ഇന്ത്യന്‍ വംശജരാണ്. അവരുടെ (36 പേര്‍) മൊത്തം ധനശേഷി 191 ബില്യന്‍ ഡോളര്‍വരും. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 20 അതിസമ്പന്നരുണ്ട് ചൈനയില്‍! 29.4 ബില്യന്‍ ഡോളറാണവരുടെ ആസ്തി! വര്‍ഷാവര്‍ഷം ലോകത്തിലെ സമ്പന്ന ഭരണവര്‍ഗ്ഗത്തിന്റെ സ്വത്തിന്റെ വളര്‍ച്ചാനിരക്ക് 35% ആണ്. അതായത് 3.5 സഹസ്രകോടി (ട്രില്യന്‍) ഡോളര്‍ വച്ച് വര്‍ദ്ധിക്കുന്നുവെന്നര്‍ത്ഥം. 600 കോടി ലോകജനതയില്‍ 55% പേരുടെയും വരുമാന വളര്‍ച്ച കുത്തനെ താഴേക്ക് സഞ്ചരിക്കുന്നതുകൊണ്ടുകൂടിയാണ് ഈ വളര്‍ച്ച. ലോകത്തിലെ 10 കോടി അതിസമ്പന്നര്‍ 300കോടി മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ സ്വത്ത് കയ്യാളുന്നുണ്ട്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 100 ദശലക്ഷത്തിലൊരാള്‍, 300കോടി മനുഷ്യരുടെ ആകെ സ്വത്തിനേക്കാള്‍ അധികം കയ്യാളുന്നു. നിലവിലുള്ള ബില്യണര്‍മാരില്‍ പകുതിയും വെറും 3 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയില്‍ 415ഉം ജര്‍മ്മനിയില്‍ 55ഉം റഷ്യയില്‍ 53ഉം ബില്യണര്‍മാരുണ്ട്. സ്വത്തില്‍ 35% വാര്‍ഷിക വളര്‍ച്ച നേടുന്ന ഇവര്‍ അതുനേടുന്നത്, പുതിയ സാങ്കേതിക വിദ്യകൊണ്ടോ തൊഴില്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ നടത്തിയിട്ടോ, സാമൂഹിക സേവനമേഖലകളില്‍ മുതല്‍ മുടക്കിയിട്ടോ അല്ലെന്നതാണ് വസ്തുത. ഊഹവ്യാപാരത്തിലൂടെയും, ഓഹരി കമ്പോളത്തിലൂടെയും റിയല്‍ എസ്റേറ്റ്, വാണിജ്യ വ്യാപാര ഏര്‍പ്പാടുകളിലൂടെയുമാണ് ഇവര്‍ സമ്പത്ത് കുന്നുകൂട്ടുന്നത്.

'സോഷ്യലിസ്റ്റ് റഷ്യ' ശതകോടീശ്വരന്‍മാരുടെ പറുദീസയായതെങ്ങനെ..?

റഷ്യന്‍ ബില്യണര്‍മാര്‍ കൊള്ളമുതലുകൊണ്ട് പ്രഭുവര്‍ഗ്ഗമായതിന്റെ നേരവതാരങ്ങളാണ്. ഇവരിലേറെയും 20 വയസുമുതല്‍ 45 വയസുവരെ മാത്രം പ്രായമുള്ളവരാണ്. പിടിച്ചുപറിയുടെയും പൊതുമുതല്‍ കൊള്ളയുടെയും മാത്രം ഉല്‍പ്പന്നമാണവര്‍. 1990 കളില്‍ കുപ്രസിദ്ധമായ ബോറീസ് യല്‍സിന്റെ അര്‍ദ്ധസേഛാധിപത്യ വാഴ്ചയാണതിന് അവസരമൊരുക്കിയത്. അനാറ്റൊലിയുച്ചല്‍സ്, യെഗര്‍ഗൈഡര്‍ തുടങ്ങിയ അമേരിക്കന്‍ പക്ഷക്കാരായ സാമ്പത്തിക വിദഗ്ദരുടെ ഉപദേശം സ്വീകരിച്ച് മൊത്തം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയും വില്‍പ്പനയ്ക്ക് വച്ചത് യല്‍സിനാണ്. യഥാര്‍ത്ഥ വിലയുടെ നാല് അയലത്തുപോലും എത്താത്ത കൊള്ളകൊടുക്കലായിരുന്നു അരങ്ങേറിയത്. ഈ സാമ്പത്തിക കൊള്ള നടത്തിയതാകട്ടെ മുഷ്കര സംഘതന്ത്രങ്ങളുപയോഗിച്ചും കൊലപാതകങ്ങളും, ഓഹരി ഉപജാപങ്ങളും നടത്തിയിട്ടുമായിരുന്നുവെന്നതാണ് വിചിത്രം. കോടാനുകോടി ഡോളര്‍ മൂല്യമുള്ള വ്യവസായങ്ങളും, ഗതാഗതസംവിധാനങ്ങളും, ഓയില്‍, ഗ്യാസ്, കല്‍ക്കരിഖനികളും എല്ലാം സ്റേറ്റ് ഉടമസ്ഥതയില്‍ നിന്ന് ഈ കൊള്ളസംഘം തട്ടിയെടുത്തു! എന്നാല്‍ അമേരിക്കന്‍ - യൂറോപ്യന്‍ പ്രചരണങ്ങളില്‍ നിന്നും വ്യത്യസ്തമായ സത്യം ഇങ്ങനെ അതിസമ്പന്നരായവരില്‍ മുന്‍കമ്മ്യൂണിസ്റുകള്‍ തീരെയില്ലന്നതാണ്. മുന്‍ സോവിയറ്റ്യൂണിയന്‍ വികസിപ്പിച്ച ഖനനവ്യവസായവും ഊര്‍ജ്ജഉല്‍പ്പാദന കേന്ദ്രങ്ങളുമെല്ലാം ഇന്നുള്ളതിനേക്കാള്‍ വളരെയേറെ ലാഭകരമായും മല്‍സരാധിഷ്ടിതവുമായിരുന്നുവെന്നതാണ് അമേരിക്കന്‍ പ്രഭൃതികളുടെ “കമ്മ്യൂണിസ്റ്റ് കാര്യശേഷിയില്ലായ്മാ” വാദത്തിന്റെ മുനയൊടിക്കുന്നത്.

റഷ്യയിലെ പുതിയ ശതകോടീശ്വരന്മാര്‍, എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കോ, നവീനവ്യവസായ സംരഭങ്ങള്‍ക്കോ, അവര്‍ കൊള്ളയടിച്ച മുതലുപയോഗിച്ചില്ല. ദേശീയസമ്പത്ത് സോവിയറ്റ് ഭരണം നിയന്ത്രിച്ചിരുന്ന കമ്മ്യൂണിസ്റ് കമ്മീസ്സാര്‍മാര്‍ക്കല്ല കൈമാറ്റം ചെയ്യപ്പട്ടത്. പകരം പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികള്‍ നയിച്ച സ്വകാര്യ മാഫിയാ ഗ്രൂപ്പുകളിലേക്കായിരുന്നു. ഇക്കൂട്ടര്‍ മൂലധനം കൈവശപ്പെടുത്തിയതാകട്ടെ. ഉന്നതഉദ്യോഗസ്ഥന്‍മാരെ സ്വാധീനിച്ചിട്ടോ, ഭീഷണിപ്പെടുത്തിയിട്ടോ ആയിരുന്നു. ബോറീസ് യല്‍സിന്റെ ബാന്ധവത്തിലൂടെ അവതരിച്ച പാശ്ചാത്യ കണ്‍സള്‍ട്ടന്റുമാരാണ് ഈ പിടിച്ചുപറിയുടെ കാര്‍മ്മികത്വം നിര്‍വ്വഹിച്ചത്.

ഫോര്‍ബ്‌സ് മാസിക വര്‍ഷാവര്‍ഷം ലോകത്തിലെ ബില്യണര്‍മാരുടെ പട്ടിക തയ്യാറാക്കാറുണ്ട്. ഇതില്‍ റഷ്യന്‍ ശതകോടീശ്വരന്‍മാരെ പരാമര്‍ശിക്കുന്നത് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായിട്ടാണ്. അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ ചരിത്രം പരാമര്‍ശിക്കുന്നത് സ്വയം 'നിര്‍മ്മിതം'എന്നാണ്. ഈ സ്വയം നിര്‍മ്മിത സമ്പത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രസമ്പത്താണ്. 70 വര്‍ഷത്തോളമായി സോവിയറ്റ് ജനത സ്വന്തം വിയര്‍പ്പും രക്തവും നല്‍കി പടുത്തുയര്‍ത്തിയ സമ്പത്ത്! ഈ സമ്പത്താണ് ചെറുപ്പക്കാരായ പുത്തന്‍ പ്രമാണി-മാഫിയാ വര്‍ഗ്ഗം കൊള്ളയടിച്ചത്.

ആദ്യത്തെ 20 റഷ്യന്‍ ശതകോടീശ്വരന്‍മാരും എതിരാളികള്‍ക്ക് നേരെ ആയുധമുപയോഗിച്ചോ, വ്യാജമായി കടലാസ് ' ബാങ്കുകള്‍' സൃഷ്ടിച്ച് അലൂമിനിയം, ഓയില്‍, ഗ്യാസ്, നിക്കല്‍, ഇരുമ്പുരുക്ക് തുടങ്ങിയ ധാതുക്കളുടെ ' കയറ്റുമതി' ഏറ്റെടുത്തതിലൂടെയോ ആണ് സമ്പന്നരായത്. നിര്‍മ്മാണ വ്യവസായത്തില്‍ തുടങ്ങി വാര്‍ത്താവിനിമയം, റിയല്‍ എസ്റേറ്റ്, കൃഷി, വോഡ്ക്ക, മാധ്യമങ്ങള്‍, വിമാന - കപ്പല്‍ ഗതാഗതം തുടങ്ങി കമ്മ്യൂണിസ്റ്റ് സാമ്പത്തിക വ്യവസ്ഥ സമ്പുഷ്ടമാക്കിയ സമസ്തമേഖലകളും ഇവര്‍ ചുളുവില്‍ അടിച്ചു മാറ്റി! ഈ ഷോക് ട്രീറ്റ്മെന്റിന് പിന്നില്‍ മുതലാളിത്ത സാമ്പത്തിക വിദഗ്ദര്‍ മാത്രമായിരുന്നില്ല, അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ളിന്റന്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത മുതലാളിത്ത മാറ്റമായിരുന്നു ലക്ഷ്യം.

സാമൂഹിക വിരുദ്ധ ബില്യണര്‍മാരുടെ തെരുവ് യുദ്ധവും റഷ്യന്‍ സമ്പദ്ഘടനയുടെ സമൂല തകര്‍ച്ചയുമായിരുന്നു ഈ ഓപ്പറേഷന്റെ പരിണിതികള്‍. അവിശ്വസനീയമായ തകര്‍ച്ചയാണ് റഷ്യന്‍ റൂബിളിനുണ്ടായത്. വിലമതിക്കാനാവാത്ത ഇന്ധന സ്രോതസുകള്‍, ഓയില്‍, ഗ്യാസ് തുടങ്ങി തന്ത്ര പ്രാധാന്യമുള്ള വിഭവങ്ങളാണ് റഷ്യന്‍ പ്രമാണി പ്രഭുവര്‍ഗ്ഗവും അമേരിക്കന്‍ - യൂറോ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും വിലപേശല്‍ പോലുമില്ലാതെ കടത്തിക്കൊണ്ടുപോയത്. ഒരു വര്‍ഷം കൊണ്ട് മാത്രം നൂറ് ബില്യന്‍ ഡോളറാണ് ഈ മാഫിയാ വര്‍ഗ്ഗം ന്യൂയോര്‍ക്ക്, ലണ്ടന്‍, സ്വിറ്റ്സര്‍ലാന്റ്, ഇസ്രായേല്‍ തുടങ്ങിയിടങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചത്. പിന്നീട് ഈ തുകയാകെ അമേരിക്ക, ഇംഗ്ളണ്ട്, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ റിയല്‍ എസ്റേറ്റ് മേഖലയിലും, ഫൂട്ബോള്‍ ക്ളബ്ബുകളിലും, ഇസ്രായേല്‍ ബാങ്കുകളിലും ധാതുകൂട്ടുസംരംഭങ്ങളിലും കൈമറിഞ്ഞ് എത്തി! ഇതേസമയത്ത് റഷ്യന്‍ ജനതയുടെ ജീവിതനിലവാരം 80% പിറകോട്ട് പോയിരുന്നകാര്യം ഓര്‍ക്കുക. ഭീകരമായ ദാരിദ്ര്യവും വേശ്യാവൃത്തിയും നാണയമൂല്യശോഷണവും കൊണ്ട് റഷ്യന്‍ സാമൂഹിക ജീവിതം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി!

യല്‍സിന്റെ ഭരണകാലത്ത് തെരുവുയുദ്ധങ്ങളിലും ചേരിപ്പോരുകളിലും വിജയശ്രീലാളിതരായവര്‍ തങ്ങളുടെ കവര്‍ച്ചാമുതല്‍ റിയല്‍ എസ്റേറ്റ് മേഖലയിലേക്കും രാജ്യാന്തര വിപണിയിലേക്കുമായിരുന്നു വിന്യസിച്ചത്. പ്രസിഡന്റ് വ്ളാഡിമര്‍പുടിന്റെ കാലത്ത് ഈ തസ്കര പ്രഭുവര്‍ഗ്ഗം കൂടുതല്‍ ഏകോപ്പിക്കുകയും മള്‍ട്ടിബില്യണര്‍മാരായി വളരുകയും ചെയ്തു. പ്രാദേശിക പിടിച്ചുപറി സംഘങ്ങളും മാഫിയ ഗ്രൂപ്പുകളും - അമേരിക്കന്‍ - യൂറോപ്യന്‍ ബഹുരാഷ്ട്രകോര്‍പ്പറേഷനുകളുടെ ' മാന്യന്മാരായ' പങ്കാളികളായി മാറുകയും ചെയ്തുവെന്നതാണ് ചരിത്രം. എന്നാല്‍ ഈയിടെ റഷ്യന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയത് ഈ പുത്തന്‍ ബില്യണര്‍മാരുടെ' പരാജയ' ത്തെക്കുറിച്ചായിരുന്നു. നവീകൃത മേഖലകളിലോ മല്‍സരാധിഷ്ഠിത വ്യവസായ സംരഭങ്ങളിലോ അവര്‍ നിക്ഷേപം നടത്തിയില്ല. അസംസ്കൃത വിഭവങ്ങളുടെ കയറ്റുമതിയും നവസമ്പന്നരുടെ നിര്‍മ്മാണ കമ്പനികളുടെ കയറ്റിറക്കുമതികളും കൊണ്ട് ധനം പെരുകുന്നുവെന്നുമാത്രം. ഊഹക്കച്ചവടമാണ് നടക്കുന്നത്.

ഉദാഹരണത്തിന്, സുലൈമാന്‍കരിമോവ് എന്ന ബില്യണര്‍ 14.4 ബില്യന്‍ ഡോളര്‍ ഊഹക്കച്ചവടത്തിലാണ് നിക്ഷേപിച്ചത്. മിഖായേല്‍ പ്രൊഖറോവ് എന്നയാള്‍ 13.5 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചത് വേശ്യാവൃത്തിമേഖലയിലാണ്! ഫ്രെഡഡ്മാന്‍ 12.6 ബില്യന്‍ ഡോളര്‍ ബാങ്കിംഗ് മേഖലയില്‍ നിക്ഷേപിച്ചുവത്രെ! യല്‍സിനില്‍ നിന്ന് പുടിനില്‍ എത്തിയപ്പോള്‍ ബില്യണര്‍മാര്‍ മള്‍ട്ടിബില്യണര്‍മാരായെന്ന പ്രത്യേകത മാത്രമേ ഉള്ളൂവെന്നാണ് ഇതിന്റെ ചുരുക്കം. കൊലപാതകങ്ങള്‍ കുറഞ്ഞതും മല്‍സരത്തില്‍ ചില സ്റേറ്റ് നിയന്ത്രണങ്ങള്‍വന്നതും പുടിന്റെ ഭരണസവിശേഷതയായി പറയാം.

19-ആം നൂറ്റാണ്ടിലെ ചിന്തകന്‍ ബാല്‍സാക്ക്, ഫ്രാന്‍സില്‍ പുതുതായി ഉയര്‍ന്നുവന്ന ബൂര്‍ഷ്വാസിയേ, അവരുടെ മുന്‍കാലചരിത്രം പരിശോധിച്ചിട്ട് അഭിപ്രായപ്പെട്ടത് "ഓരോ മഹാഭാഗ്യത്തിനുപിറകിലും ഓരോ മഹാകുറ്റകൃത്യമുണ്ട്'' എന്നായിരുന്നു. 19-ആം നൂറ്റാണ്ടില്‍ ഫ്രഞ്ച് ബൂര്‍ഷ്വാസി നടത്തിയ 'പിടിച്ചുപറി ഉല്‍പ്പാദന'രീതിതന്നെയാണ് 21-ആം നൂറ്റാണ്ടില്‍ റഷ്യന്‍ ബില്യണര്‍മാര്‍ വന്‍കൊള്ളയും രക്തച്ചൊരിച്ചിലും വഴി ആവര്‍ത്തിക്കുന്നത്.

ലാറ്റിനമേരിക്കന്‍ പ്രഭുവര്‍ഗ്ഗത്തിന്റെ വളര്‍ച്ച

അമേരിക്കന്‍ ഐക്യനാട്, ഐ.എം.എഫ്, ലോകബാങ്ക് ത്രയങ്ങളാണ് ലാറ്റിനമേരിക്കയിലെ ബില്യണര്‍മാരുടെ ഉല്‍ഭവത്തിനും വളര്‍ച്ചക്കും അതിനിഗൂഡമായി കര്‍മ്മപദ്ധതി തയ്യാറാക്കിയത്. ലാറ്റിനമേരിക്കന്‍ ശതകോടീശ്വരന്‍മാരും അവരുടെ സമ്പത്തും കുന്നുകൂടിയിട്ടുള്ളത് (ഏതാണ്ട് 77%) മെക്സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്. 38 ലാറ്റിനമേരിക്കന്‍ ബില്യണര്‍മാരില്‍ 30 പേരും ഈ രണ്ട് രാജ്യക്കാരാണ്. അവരുടെ സമ്പത്ത് 120.3 ബില്യന്‍ ഡോളര്‍ വരും. ബ്രസീലും മെക്സിക്കോവും, കാര്യപ്രാപ്തിയും സാമ്പത്തിക ലാഭവുമുള്ള പൊതുമേഖല വന്‍തോതില്‍ സ്വകാര്യവല്‍ക്കരിച്ചിരുന്നു.

250 ദശലക്ഷം ലാറ്റിനമേരിക്കന്‍ ജനതയുടെ മൊത്തം സമ്പത്തിന്റെ നിരവധി മടങ്ങാണ് 38 കോടീശ്വരന്‍മാരുടെ ആസ്ഥി. ഈ അതിസമ്പന്നരുടെ ഉയര്‍ച്ചയോടെയാണ് ലാറ്റിനമേരിക്കയിലെ സാമൂഹിക സന്തുലിതാവസ്ഥ തകിടം മറിഞ്ഞത്. മിനിമം കൂലി നിരന്തരം വെട്ടിക്കുറക്കല്‍; സാമൂഹ്യസേവനത്തിനുള്ള സ്റേറ്റ് വിഹിതം വെട്ടിക്കുറക്കല്‍ തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കിയുള്ള അടിച്ചമര്‍ത്തല്‍; തൊഴിലാളി - കര്‍ഷക സംഘടനകളില്‍ നുഴഞ്ഞുകയറി അവയെ ദുര്‍ബലപ്പെടുത്തല്‍; അങ്ങനെ സാധാരണക്കാരുടെ വിലപേശല്‍ ശേഷി നഷ്ടപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്തുവായിച്ചാല്‍ ബില്യണര്‍മാരുടെ വളര്‍ച്ചയുടെ കാരണം പിടികിട്ടും. സാധാരണക്കാര്‍ക്ക് കനത്ത നികുതിഭാരം കെട്ടിവച്ചും സബ്‌സിഡികളൊക്കെ ബില്യണര്‍മാരായ ചൂതാട്ട വ്യവസായികള്‍ക്കു നല്‍കിയുമുള്ള നയസമീപനങ്ങളാണ് ലാറ്റിനമേരിക്കയില്‍ ഏറെക്കാലം നിലനിന്നത്. ഇങ്ങനെ - തൊഴിലാളികളും കര്‍ഷകരും ജീവനക്കാരുമൊക്കെ നഗരപ്രാന്തങ്ങളിലെ ചണ്ടികളായി വലിച്ചെറിയപ്പെട്ടു. ഗ്രാമീണ കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും പാപ്പരാവുകയും നഗരങ്ങളിലെ ചേരികളിലേക്കവര്‍ വലിച്ചെറിയപ്പെടുകയും ചെയ്തു. നിരന്തരം പാലായനം ചെയ്യുന്ന മനുഷ്യരുടെ നാടായി ലാറ്റിനമേരിക്ക!

ലാററിനമേരിക്കന്‍ ദാരിദ്ര്യത്തിന്റെ പ്രാഥമിക കാരണം പൊതുമുതല്‍ കൊള്ളയടിച്ചു വളര്‍ന്ന ബില്യണര്‍മാര്‍ തന്നെയാണ്. മെക്സിക്കോവിലെ വാര്‍ത്താവിനിമയരംഗം സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ കുത്തകകള്‍ വാരിയെടുത്ത ലാഭത്തിന് അതിരുകളില്ല! കാര്‍ലോസ് സലിംഹെലു എന്ന ബില്യണറുടെ ആസ്തി ഈ നടപടികൊണ്ട് മാത്രം നാല് മടങ്ങായാണ് വര്‍ദ്ധിച്ചത്. ലോകത്തിലെ മൂന്നാമത്തെ അതിസമ്പന്നനായി അയാള്‍! മറ്റ് രണ്ട് പേര്‍ ആല്‍ഫ്രോ ഹാര്‍പ്പ; റോബര്‍ട്ടോ ഫെര്‍ണാണ്ടസ് എന്നിവര്‍ ബാങ്ക് സ്വകാര്യവല്‍ക്കരണം കൊണ്ട് രായ്‌ക്ക് രാമാനം സമ്പത്ത് ഇരട്ടിപ്പിച്ചവരാണ്. സ്വകാര്യവല്‍ക്കരണം; ഗവണ്‍മെന്റ് നിയന്ത്രണം ഒഴിവാക്കല്‍; ഭരണകൂടങ്ങളുടെ സാമൂഹികകടമകളില്‍ നിന്നുള്ള പിന്‍മാറല്‍ തുടങ്ങിയ അജണ്ടകള്‍ ലാറ്റിനമേരിക്കയില്‍ നടപ്പാക്കിയത്. ഐ.എം.എഫ് - ലോകബാങ്ക് വായ്പകള്‍ വഴിയായിരുന്നു. കടത്തിനും ലോണിനും കമ്പോളവല്‍ക്കരണം ഒരു മൂന്നുപാധിയാക്കിയത് അമേരിക്കന്‍ പ്രേരണയിലാണെന്ന് ആര്‍ക്കാണറിയാത്തത് ? ബില്യണര്‍മാര്‍മാരുടെ സമ്പത്തില്‍ പഴയതും പുതിയതുമായ പണമുണ്ട്. കുറച്ചുപേര്‍ മുന്‍കാലങ്ങളില്‍ ഗവണ്‍മെന്റ് കരാര്‍ ഏറ്റെടുത്ത് (1930-70) നടത്തിയവരും, പരമ്പരാഗതമായി സ്വത്ത് കൈവശമുള്ളവരുമാണ്. മെക്സിക്കോവിലെ ശതകോടീശ്വരന്‍മാരില്‍ പകുതിയും പരമ്പാരാഗതമായി മില്യണര്‍മാരായിരുന്നു. മറുപകുതിയാവട്ടെ രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ചും പൊതുമേഖലാസ്ഥാപനങ്ങള്‍ തുച്ഛ വിലക്കു വാങ്ങിയും അത് പലമടങ്ങ് ലാഭത്തില്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് കൈമാറിയും ലാഭം പെരുപ്പിച്ചവരാണ്. 12 ദശലക്ഷം ലാറ്റിനമേരിക്കക്കാര്‍ അതിക്രൂരമായ ദാരിദ്ര്യം കൊണ്ട് അമേരിക്കയില്‍ കുടിയേറിയെന്നുപറഞ്ഞാല്‍ ചിത്രം വ്യക്തമാവും. ആഗോള അതിസമ്പന്നരുടെ ക്ലബ്ബിലേക്ക് മെക്സിക്കോവിലെ പരമ്പരാഗത ധനാഢ്യന്‍ന്മാര്‍ ചേക്കേറിയത് ഇങ്ങനെയാണ്.

20 ശതകോടീശ്വരന്‍മാരുള്ള ലാറ്റിനമേരിക്കന്‍ രാഷ്ട്രമാണ് ബ്രസീല്‍. ഇവര്‍ 46.2 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി കൈവശം വച്ചിരിക്കുന്നു. 80 ദശലക്ഷം ബ്രസീലിയന്‍ പാവങ്ങളുടെ ആകെ സ്വത്തിന്റെ പലമടങ്ങാണ് ഈ 20 സമ്പന്നരുടെ സ്വത്ത് ! 40% ബില്യണര്‍മാരും ഈ നിലയിലെത്തിയത് പൊതുമുതല്‍ കവര്‍ച്ചയിലൂടെയും (സ്വകാര്യവല്‍ക്കരണം) മെര്‍ജറും അക്വിസിഷനും (ലയനവും പിടിച്ചെടുക്കലും) വഴിയാണ്. സേവനമേഖലയുടെ സ്വകാര്യവല്‍ക്കരണം ഇവരുടെ വരുമാനം പല മടങ്ങ് ഉയര്‍ത്തി!

വിജ്ഞാനം, സാങ്കേതിക - വ്യാവസായിക സംരംഭക കഴിവ്, വിപണിബോധം തുടങ്ങിയവക്ക് റഷ്യന്‍, ലാറ്റിനമേരിക്കന്‍ ബില്യണര്‍മാരെ സൃഷ്ടിച്ചതില്‍ ചെറിയപങ്കുണ്ട്. ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയ - സാമ്പത്തിക ബന്ധങ്ങളും കപടതന്ത്രങ്ങളുമാണ് നിര്‍ണ്ണായകം. ഈ പ്രക്രിയയെ 3 ഘട്ടങ്ങളായി തിരിക്കാം.

1. സ്റേറ്റിസ്റ് മാതൃകയിലുള്ള വികസനഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ സ്വാധിനിച്ചും കൈക്കൂലി കൊടുത്തും, ഗവണ്‍മെന്റു കരാറുകള്‍; നികുതി ഇളവുകള്‍; സബ്‌സിഡികള്‍; വിദേശമല്‍സരത്തില്‍ നിന്നുള്ള സുരക്ഷ എന്നിവയൊക്കെ നേടിയെടുത്ത് അവര്‍ വളര്‍ന്നു. പുത്തന്‍ ഉദാരവല്‍ക്കരണഘട്ടമെത്തിയപ്പോള്‍ മറയില്ലാത്ത ധനപ്രവാഹമായി. ശതകോടീശ്വരന്‍മാരുടെ പുതിയ തലമുറ പിറന്നത് അങ്ങനെയാണ്.

2. ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ധന - ലാഭ കേന്ദ്രീകൃത പൊതുസ്വത്തുക്കള്‍ വിപണിവിലയുടെ വളരെ താഴ്ന്ന അംശത്തില്‍ സ്വന്തമാക്കാന്‍ ഇവര്‍ക്കായി. യഥാത്ഥത്തില്‍ സ്വകാര്യവല്‍ക്കരണം 'വിപണി വിനിമയം' എന്നാണ് വിശദീകരിക്കപ്പെടുന്നത്. നാല് വിധത്തിലുള്ള രാഷ്ട്രീയ കച്ചവടമാണത്. വിലയിലൂടെ; വാങ്ങുന്നവരെ നിശ്ചയിക്കുന്നതിലൂടെ; വില്‍പ്പനയിലെ അഴിമതിയിലൂടെ; ഈ ആശയത്തിന്റെ 'പ്രാധാന്യം' സ്ഥാപിക്കപ്പെടുന്നതിലൂടെ ഉള്ള സമ്പത്ത് സമാഹരണ അജണ്ടയാണത്. പൊതുസ്വത്തായിരുന്ന ബാങ്ക്, ധാതുക്കള്‍, ഊര്‍ജ്ജസ്രോതസ്സുകള്‍, വാര്‍ത്താവിനിമയം, വൈദ്യുത നിലയങ്ങള്‍, ഗതാഗതമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശം മില്യണര്‍മാരെ ശതകോടീശ്വരന്‍മാരാക്കുകയാണ് ചെയ്യുന്നത്.

3. മൂന്നാം ഘട്ടത്തില്‍ ഈ ബില്യണര്‍മാരുടെ ഏകോപനവും സംയോജനവുമാണ് നടക്കുന്നത്. വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടേതടക്കമുള്ള കുത്തകവല്‍ക്കരണം - അതിന്റെ ഉയര്‍ന്ന ഉപഭോക്തൃവില എന്നിവ ശതകോടീശ്വരന്മാരെ ധാരാളമായി സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തമാക്കിയ പൊതുമുതല്‍ വിദേശമൂലധനത്തിന് മറിച്ചു വിറ്റും ബില്യണര്‍മാര്‍ വളരുന്നുണ്ട് !

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍, പ്രധാനമായും ചിലി, കൊളമ്പിയ, അര്‍ജന്റീന തുടങ്ങിയ രാഷ്ട്രങ്ങളില്‍, ശതകോടീശ്വരന്‍മാര്‍ പിറന്നത് സൈനിക സ്വേഛാധിപത്യവാഴ്ചയിലാണ്. സാമൂഹിക - രാഷ്ട്രീയ പ്രതിരോധങ്ങളില്ലാതെ സ്വകാര്യവല്‍ക്കരണം നടത്തിയാണ് ഇത് നടപ്പിലാക്കിയത്. അതിക്രൂരമായ കള്ളക്കടത്തെന്നു വിശേഷിപ്പിക്കാവുന്ന കൊള്ളയാണ് ലാറ്റിനമേരിക്കയില്‍ കഴിഞ്ഞ ഒന്നരദശാബ്ദത്തിലധികം കാലമായി നടന്നത്. 157 ബില്യന്‍ ഡോളര്‍ ഉന്നതരുടെ പേരില്‍ വരവ് വയ്ക്കപ്പെട്ടു. 990 ബില്യന്‍ ഡോളര്‍, കൊള്ളപ്പലിശയിലൂടെ ബാങ്കുകള്‍ കവര്‍ന്നു. ലാഭം, റോയല്‍ട്ടി, വാടക തുടങ്ങിയ ഇനത്തില്‍ 1 ട്രില്യന്‍ (1000 ബില്യന്‍) ഡോളര്‍ ലാറ്റിനമേരിക്കയില്‍നിന്ന് കുത്തകകള്‍ കടത്തികൊണ്ടുപോയി.

ലാറ്റിനമേരിക്കന്‍ ജനത ദരിദ്രരായതിന്റെ കാരണം ഇവിടെയാണ് വ്യക്തമാകുന്നത് - ലാറ്റിനമേരിക്കന്‍-റഷ്യന്‍ ബില്യണര്‍മാരെ സൃഷ്ടിച്ചതിലും - ബഹുജനങ്ങള്‍ അതിദരിദ്രരായതിലും - മൂലകാരണം അമേരിക്കന്‍ ഐക്യനാടിന്റെ രാഷ്ട്രീയമാണ്. സമ്പന്നവര്‍ഗ്ഗരാഷ്ട്രീയ സംവിധാനങ്ങളുടെ വ്യാപകശൃംഖലയും, വാണിജ്യപ്രഭുക്കളും, മാധ്യമതലവന്‍മാരും അക്കാഡമിക്ക് പണ്ഡിതരും ചേര്‍ന്ന വളരെ വലിയ കൂട്ടായ്മായാണ് അതിന്റെ കാരണക്കാര്‍. അമേരിക്കന്‍ പിന്തുണയുള്ള പട്ടാളമേധാവികളും, പുതിയ സാമ്പത്തിക - രാഷ്ട്രീയ പ്രഭുക്കളും ബില്യണര്‍ കേന്ദ്രീകൃത സാമ്പത്തിക മാതൃകകളാണ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ മുതല്‍, സി.ഐ.എ.യും സാമ്പത്തിക ഉപഭോക്താക്കളും റഷ്യന്‍ പ്രഭുഭരണവര്‍ഗ്ഗവുമായി സഖ്യത്തിലായിരുന്നു. യല്‍സിന്‍ ഭരണത്തില്‍ തുടരാനും ഡ്യൂമ പിരിച്ചുവിടാനും ആളും അര്‍ത്ഥവും നല്‍കിയത് അവരായിരുന്നു. അമേരിക്കന്‍ പ്രതിനിധികള്‍ ഐ.എം.എഫിലും ലോകബാങ്കിലും തങ്ങളുടെ രാഷ്ട്രീയ അജണ്ട അടിച്ചേല്‍പ്പിച്ചു. (P.D.D - Privatise, De-regulate, De-nationalise) ഏത് വായ്പക്കും ഈ ഉപാധികള്‍വച്ചു. ബഹുരാഷ്ട്രകുത്തകകളും അമേരിക്കന്‍ മേധാവിത്വമുള്ള ധനകാര്യസ്ഥാപനങ്ങളും ബില്യണര്‍മാരുമടങ്ങിയ സഖ്യമാണ് ശതകോടീശ്വരന്‍മാരുടെ ആസ്തി പെരുപ്പിക്കുന്ന മഹായജ്ഞം നടത്തുന്നത്. ബില്യണര്‍മാര്‍ അമേരിക്കയുടെ നേരിട്ടുള്ള ഉല്‍പ്പന്നങ്ങളോ ഉപോല്‍പ്പന്നങ്ങളോ ആണ്. ദേശവിരുദ്ധ - കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍ നിന്നുയര്‍ന്നുവന്ന അവതാരങ്ങളാണ് അവര്‍.

റഷ്യയിലേയും ലാറ്റിനമേരിക്കയിലേയും പോലെ അതിരൂക്ഷമായ വരുമാന അന്തരമാണ് ചൈനയിലെ സാധാരണക്കാരും ബില്യണര്‍മാരും തമ്മിലുള്ളത്. 20 ചൈനീസ് ബില്യണര്‍മാരുടെ ഏറ്റവും ചുരുങ്ങിയ ആസ്തി 29.4 ബില്യന്‍ ഡോളറാണത്രെ! ബില്യണര്‍ തരംഗമുണ്ടായ രാജ്യങ്ങളില്‍ കമ്പോളം ആവിര്‍ഭവിക്കുകയല്ല ചെയ്തതെന്ന് മനസ്സിലാക്കാവുന്നതാണ്. സ്വതന്ത്രകമ്പോളം എന്ന് വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ നയരൂപീകരണവും, നടത്തിപ്പും എല്ലാം ബില്യണര്‍മാരുടെ രാഷ്ട്രീയ സ്വാധീനവും ശക്തിയും കൊണ്ടാണ് നടക്കുന്നത്. ബില്യണര്‍ തരംഗം ആഞ്ഞടിച്ച രാഷ്ട്രങ്ങളില്‍ അതിഭീകരമായി ദാരിദ്ര്യം വളരുകയും ജീവിതനിലവാരം ഇടിയുകയും ചെയ്തു.

ബില്യണറെ നിര്‍മ്മിക്കുകയെന്നാല്‍ സിവില്‍ സമൂഹത്തെ ഇല്ലാതാക്കുകയെന്നാണ് അര്‍ത്ഥം. സാമൂഹിക ഐക്യം നിലം പരിശായി. സാമൂഹികസുരക്ഷാ നിയമങ്ങള്‍ പിന്‍വലിക്കപ്പെടുകയോ അസാധുവാക്കുകയോ ചെയ്തു. പെന്‍ഷന്‍, പൊതുജനാരോഗ്യപദ്ധതികള്‍, പൊതു വിദ്യാഭ്യാസം തുടങ്ങിയവ അട്ടിമറിക്കപ്പെട്ടു.

മുന്‍കാല രാഷ്ട്രീയ ബിംബങ്ങളും നിലപാടുകളും അപ്രസക്തമായി. ലൂലാ ഡിസില്‍വയും വ്ളാഡിമര്‍ പുടിനും മുന്‍സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റുമാണെങ്കിലും ബില്യണര്‍മാര്‍ക്കും വേണ്ടിയാണവര്‍ ഭരണചക്രം തിരിക്കുന്നത്. വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മേല്‍ ബില്യണര്‍മാര്‍ക്കും വൈറ്റ്ഹൌസിനുമുള്ള ശത്രുതക്കും രോഷത്തിനും പ്രധാനകാരണം, അദ്ദേഹം ബില്യണര്‍മാരെ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം ഇരട്ടിപ്പിക്കുന്നതിനും എതിരാണെന്നതുകൊണ്ടാണ്. ഊര്‍ജ്ജസ്രോതസ്സുകള്‍ പുനര്‍ദേശസാല്‍ക്കരിച്ചതും, വന്‍കിട എണ്ണപ്പാടങ്ങള്‍, പൊതുമേഖലയിലേക്ക് തിരിച്ചുപിടിച്ചതും എസ്റ്റേറ്റുകള്‍ പൊതുഉടമസ്ഥതയിലാക്കിയതും വഴി ഷാവേസ് അമേരിക്കന്‍ അധീശത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. വേറൊരര്‍ത്ഥത്തില്‍ ബില്യണര്‍മാരുടെ സാമ്പത്തിക സാമ്രാജ്യം തകര്‍ക്കുന്ന പ്രക്രിയയാണ് വെനിസ്വേല അടക്കമുള്ള ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്.

(അവലംബം: ജെയിംസ് പെട്രാസ് എഴുതിയ “ അവര്‍ ശതകോടീശ്വരന്മാരായതെങ്ങിനെ?”. കടപ്പാട്: പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ ലക്കം 58 നവംബര്‍ 2007)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഏഷ്യാവന്‍കരയിലെ ശതകോടീശ്വരന്‍മാരില്‍ (billionaires) ഭൂരിപക്ഷവും ഇന്ത്യന്‍ വംശജരാണ്. അവരുടെ (36 പേര്‍) മൊത്തം ധനശേഷി 191 ബില്യന്‍ ഡോളര്‍വരും. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 20 അതിസമ്പന്നരുണ്ട് ചൈനയില്‍! 29.4 ബില്യന്‍ ഡോളറാണവരുടെ ആസ്തി! വര്‍ഷാവര്‍ഷം ലോകത്തിലെ സമ്പന്ന ഭരണവര്‍ഗ്ഗത്തിന്റെ സ്വത്തിന്റെ വളര്‍ച്ചാനിരക്ക് 35% ആണ്. അതായത് 3.5 സഹസ്രകോടി (ട്രില്യന്‍) ഡോളര്‍ വച്ച് വര്‍ദ്ധിക്കുന്നുവെന്നര്‍ത്ഥം. 600 കോടി ലോകജനതയില്‍ 55% പേരുടെയും വരുമാന വളര്‍ച്ച കുത്തനെ താഴേക്ക് സഞ്ചരിക്കുന്നതുകൊണ്ടുകൂടിയാണ് ഈ വളര്‍ച്ച. ലോകത്തിലെ 10 കോടി അതിസമ്പന്നര്‍ 300കോടി മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ സ്വത്ത് കയ്യാളുന്നുണ്ട്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 100 ദശലക്ഷത്തിലൊരാള്‍, 300കോടി മനുഷ്യരുടെ ആകെ സ്വത്തിനേക്കാള്‍ അധികം കയ്യാളുന്നു. നിലവിലുള്ള ബില്യണര്‍മാരില്‍ പകുതിയും വെറും 3 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയില്‍ 415ഉം ജര്‍മ്മനിയില്‍ 55ഉം റഷ്യയില്‍ 53ഉം ബില്യണര്‍മാരുണ്ട്. സ്വത്തില്‍ 35% വാര്‍ഷിക വളര്‍ച്ച നേടുന്ന ഇവര്‍ അതുനേടുന്നത്, പുതിയ സാങ്കേതിക വിദ്യകൊണ്ടോ തൊഴില്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ നടത്തിയിട്ടോ, സാമൂഹിക സേവനമേഖലകളില്‍ മുതല്‍ മുടക്കിയിട്ടോ അല്ലെന്നതാണ് വസ്തുത. ഊഹവ്യാപാരത്തിലൂടെയും, ഓഹരി കമ്പോളത്തിലൂടെയും റിയല്‍ എസ്റേറ്റ്, വാണിജ്യ വ്യാപാര ഏര്‍പ്പാടുകളിലൂടെയുമാണ് ഇവര്‍ സമ്പത്ത് കുന്നുകൂട്ടുന്നത്.

പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നവംബര്‍ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.

ബയാന്‍ said...

നന്നായിരിക്കുന്നു. മുതലാളിമാര്‍ ഒരു സംഭവം തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ ഇന്ത്യന്‍ മുതലാളിമാര്‍ എത്ര ഭേദം അല്ലേ

ഏ.ആര്‍. നജീം said...

വളരെ വിജ്ഞാനപ്രദമായ ലേഖനം.. നന്ദി..
ഈ ഗ്ലാസ്തൊനസ്സ്, പെരിസ്‌ട്രോയിക്ക എന്നൊക്കെ കേട്ടപ്പോഴും അത് ഇതാണ് സംഭവം എന്നോര്‍ത്തില്ല...

Inji Pennu said...

ലാറ്റിന്‍ അമേരിക്കയിലെ പ്രശ്നങ്ങളൊക്കെ വടക്കേ അമേരിക്കയുടെ സ്വാധീനം എന്നൊക്കെ പറയാമെങ്കിലും റഷ്യന്‍ കള്ളത്തരങ്ങള്‍ മുഴുവന്‍ അങ്ങ് അമേരിക്കയുടെ മുകളില്‍ കെട്ടിവെക്കുന്നത് വായിക്കുമ്പോള്‍ ഒരിത്. അവിടത്തെ മുന്തിയ കമ്മ്യൂണിസ്റ്റ നേതാക്കന്മാര്‍ മുതലാളിയാവുന്നത് അവരുടെ തന്നെ കുഴപ്പങ്ങള്‍ കൊണ്ടാവുമല്ലോ. അതില്‍ അമേരിക്ക കൈകെട്ടി നിന്ന് ചിരിച്ചു എന്ന് പറയുന്നത് അമേരിക്കേടെ നയമാണ്. അതിനു റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം വിശുദ്ധരാവില്ല. എന്തിനും ഏതിനും വടക്കേഅമേരിക്കയെ കുറ്റം പറഞ്ഞാലേ ശരിയാവുള്ളൂയെന്നുണ്ടോ?

“ബില്യണറെ നിര്‍മ്മിക്കുകയെന്നാല്‍ സിവില്‍ സമൂഹത്തെ ഇല്ലാതാക്കുകയെന്നാണ് അര്‍ത്ഥം. സാമൂഹിക ഐക്യം നിലം പരിശായി.” - ഹമ്മേ!
ഇത് അല്പം കടന്നുപോയി. കറപ്ഷനും ബില്ല്യണറും തമ്മില്‍ അമ്പേ വ്യത്യാസങ്ങളില്ലേ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ബയാന്‍, കിരണ്‍ , നജീം, ഇഞ്ചിപ്പെണ്ണ്,
വായനക്കു നന്ദി

പ്രിയ ഇഞ്ചിപ്പെണ്ണ്‌,

എന്തിനും ഏതിനും വടക്കേഅമേരിക്കയെ കുറ്റം പറഞ്ഞാലേ ശരിയാവുള്ളൂയെന്നുണ്ടോ, എന്ന് ചോദിച്ചുവല്ലോ? വടക്കേഅമേരിക്കയെയോ അവിടുത്തെ സാമാന്യജനങ്ങളെയോ കുറ്റം പറയണമെന്ന് ഒട്ടും ആഗ്രഹമില്ല. എന്നല്ല, യുദ്ധവെറിക്കെതിരെയും സാമ്രാജ്യത്വാധിനിവേശങ്ങള്‍ക്കെതിരെയും മറ്റും സുധീരം പൊരുതുന്നവരോടൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളു. പിന്നെ ഈ ലേഖനത്തിന്റെ കാര്യം ..ഇത് ശ്രീ ജെയിംസ് പെട്രാസ് എഴുതിയ Global Ruling Class: Billionaires and How They ‘Made It’
എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് .

ശ്രീ ജെയിംസ് പെട്രാസിനെക്കുറിക്ക് വിക്കി ഇങ്ങനെ പറയുന്നു. “James Petras, a retired Bartle Professor (Emeritus) of Sociology at Binghamton University, SUNY, New York, U.S., and adjunct professor at Saint Mary's University, Halifax, Nova Scotia, Canada. He describes himself as a "revolutionary and anti-imperialist" activist and writer.” അദ്ദേഹം ഏത് നാട്ടുകാരനാണെന്ന് അറിയില്ല.

പിന്നെ" അവിടത്തെ മുന്തിയ കമ്മ്യൂണിസ്റ്റ നേതാക്കന്മാര്‍ മുതലാളിയാവുന്നത് അവരുടെ തന്നെ കുഴപ്പങ്ങള്‍ കൊണ്ടാവുമല്ലോ" എന്നു പറഞ്ഞല്ലോ? ഈ പാര ഒന്നു കൂടി വായിക്കുമല്ലോ? “ റഷ്യയിലെ പുതിയ ശതകോടീശ്വരന്മാര്‍, എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കോ, നവീനവ്യവസായ സംരഭങ്ങള്‍ക്കോ, അവര്‍ കൊള്ളയടിച്ച മുതലുപയോഗിച്ചില്ല. ദേശീയസമ്പത്ത് സോവിയറ്റ് ഭരണം നിയന്ത്രിച്ചിരുന്ന കമ്മ്യൂണിസ്റ് കമ്മീസ്സാര്‍മാര്‍ക്കല്ല കൈമാറ്റം ചെയ്യപ്പട്ടത്. പകരം പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികള്‍ നയിച്ച സ്വകാര്യ മാഫിയാ ഗ്രൂപ്പുകളിലേക്കായിരുന്നു. ഇക്കൂട്ടര്‍ മൂലധനം കൈവശപ്പെടുത്തിയതാകട്ടെ. ഉന്നതഉദ്യോഗസ്ഥന്‍മാരെ സ്വാധീനിച്ചിട്ടോ, ഭീഷണിപ്പെടുത്തിയിട്ടോ ആയിരുന്നു. ബോറീസ് യല്‍സിന്റെ ബാന്ധവത്തിലൂടെ അവതരിച്ച പാശ്ചാത്യ കണ്‍സള്‍ട്ടന്റുമാരാണ് ഈ പിടിച്ചുപറിയുടെ കാര്‍മ്മികത്വം നിര്‍വ്വഹിച്ചത്.

“അവിടത്തെ മുന്തിയ കമ്മ്യൂണിസ്റ്റ നേതാക്കന്മാര്‍ മുതലാളിയാവുന്നത് അവരുടെ തന്നെ കുഴപ്പങ്ങള്‍ കൊണ്ടാവുമല്ലോ”. അതേ , നൂറു ശത്മാനം യോജിക്കുന്നു.( മുതലാളിയായിട്ടുണ്ടെങ്കില്‍...പക്ഷെ ലേഖനത്തില്‍ അങ്ങനെയല്ലല്ലോ?)”

കറപ്‌ഷനും ബില്ല്യണറും തമ്മില്‍ അമ്പേ വ്യത്യാസങ്ങളില്ലേ എന്ന ഇഞ്ചിയുടെ ചോദ്യം ന്യായമാണ്. ബില്ല്യണര്‍മാര്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യത്തിനുത്തരം തേടുമ്പോഴാണ് “ബില്യണറെ നിര്‍മ്മിക്കുകയെന്നാല്‍ സിവില്‍ സമൂഹത്തെ ഇല്ലാതാക്കുകയെന്നാണ് അര്‍ത്ഥം. സാമൂഹിക ഐക്യം നിലം പരിശായി.” എന്ന പരാമര്‍ശം അദ്ദേഹം നടത്തിയിരിക്കുന്നത്...ഒരു നേരത്തെ വിശപ്പടക്കാന്‍ വ്യഭിചാരം നടത്താന്‍ നിര്‍ബന്ധിതരാവുന്ന അമ്മപെങ്ങന്മാരുള്ള നമ്മുടെ നാട്ടില്‍ ബില്ല്യണര്‍മാര്‍ ഉണ്ടാകുന്നത് സാമൂഹിക ഐക്യം ഇല്ലാതാക്കില്ലേ? പിന്നെ ലേഖനത്തില്‍ പറയുന്ന ബത്സാക്കിന്റെ വാക്യം ആവര്‍ത്തിക്കട്ടെ..."ഓരോ മഹാഭാഗ്യത്തിനു പിറകിലും ഓരോ മഹാകുറ്റകൃത്യമുണ്ട്''

പ്രിയ കിരണ്‍

കിരണിന്റെ ചോദ്യം എന്തുദ്ദേശിച്ചാണെങ്കിലും ഒരു വസ്തുത കാണാതിരുന്നുകൂടാ...ഇന്ത്യയിലും ബില്യണര്‍മാരുടെ സംഖ്യ അഭൂതപൂര്‍വമായി ഉയരുന്നുണ്ട് . അതിനെക്കുറിച്ചുള്ള പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയോ നവീനവ്യവസായങ്ങള്‍ സ്ഥാപിച്ചോ മാത്രമല്ല മാത്രമല്ല ഇവിടെ അവര്‍ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നത്, ഭരണാധികാരികളെയും ഉന്നതഉദ്യോഗസ്ഥന്‍മാരെയും സ്വാധീനിച്ച് , ദേശത്തിന്റെ പൊതു സമ്പത്ത് കൈക്കലാക്കിയതിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്താനാകും?പെട്രാസ് ചൂണ്ടിക്കാണിക്കുന്ന പോലെ “ഉന്നത ഉദ്യോഗസ്ഥരെ സ്വാധിനിച്ചും കൈക്കൂലി കൊടുത്തും, ഗവണ്‍മെന്റു കരാറുകള്‍; നികുതി ഇളവുകള്‍; സബ്‌സിഡികള്‍; വിദേശമല്‍സരത്തില്‍ നിന്നുള്ള സുരക്ഷ എന്നിവയൊക്കെ നേടിയെടുത്താണ് അവര്‍ വളരുന്നത് ”.