Monday, January 28, 2008

തൊഴില്‍ നിയമങ്ങള്‍ തുലയണോ?

ആഗോളവല്‍ക്കരണത്തിന്റെ ആവിര്‍ഭാവത്തോടെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതിരിക്കുക, അവ ലംഘിക്കുക എന്നത് നിത്യവും കാണുന്ന കാഴ്ചയായി. ഫാക്ടറീസ് ആക്ട് നഗ്നമായി ലംഘിച്ചുകൊണ്ട് പല സംസ്ഥാനങ്ങളിലും ജോലിസമയം ദിവസത്തില്‍ 12 മണിക്കൂര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്ഥിരം സ്വഭാവമുള്ളതും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതുമായ ജോലികള്‍ക്കും ഇന്നിപ്പോള്‍ കോണ്‍‌ട്രാക്ട് തൊഴിലാളികളെ ഏര്‍പ്പെടുത്തുകയാണ്. ഇത് കോണ്‍‌ട്രാക്‍ട് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്ടിന്റെ നഗ്നമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. മിനിമം കൂലി നിഷേധിക്കപ്പെടുന്ന നിരവധി കേസുകള്‍ നിത്യേനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരിലുള്ള പീഡിപ്പിക്കല്‍ ഒരു നിത്യസഭവം ആയി മാറിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക മേഖലയും (special economic zone) ഐ.ടി. രംഗവും ഉള്‍പ്പെടെ, വനിതകള്‍ രാത്രിഷിഫ്ടില്‍ പണിയെടുക്കുന്ന മേഖലകളില്‍ അവര്‍ക്കെതിരെയുള്ള ലൈംഗികപീഡനം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

കോടതികള്‍ തൊഴിലാളി വര്‍ഗത്തോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോടും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുണ്ട് . തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ചില മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതിനുശേഷം അവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവന്നിരുന്ന തൊഴിലാളിക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിനുള്ള അവകാശം ഇല്ല എന്ന് വിധിക്കുന്നുണ്ട്. എന്നുമാത്രമല്ല ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലക്ക് ബന്ദുകള്‍ സംഘടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ഇതൊക്കെ ആഗോളവല്‍ക്കരണ നയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട കോടതികളുടെ മുതലാളിത്ത പക്ഷപാതപരമായ മനോഭാവത്തിനുള്ള ചില ഉദാ‍ഹരണങ്ങള്‍ മാത്രം.

തൊഴില്‍ നിയമങ്ങള്‍ സ്വയം നടപ്പിലാക്കാനാവുമോ?

ലോകബാങ്കും ഐ.എം.എഫും പറയുന്നത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ നല്‍കുന്ന രീതി നന്നല്ല, മറിച്ച് അവ സ്വയം നടപ്പിലാക്കുന്നതിനാണ് (self-compliance) കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എന്നാണ്. ഈ തിട്ടൂരത്തിന്റെ അടിസ്ഥാനത്തില്‍, ഭാരതസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരായുള്ള ശിക്ഷാനടപടികള്‍ തുലോം കുറച്ചിരിക്കുകയാണ്. ഇന്‍‌സ്പെക്ടര്‍ രാജ് ഇല്ലാതാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുക വഴി തൊഴിലാളിലകള്‍ക്കനുകൂലമായ യാതൊരു തൊഴില്‍ നിയമവും നടപ്പിലാക്കാതിരിക്കുന്നതിനുള്ള ലൈസന്‍സ് ആണ് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നത് . ഇപ്പോഴത്തെ പരിശോധനാ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല, എങ്കിലും അതിനുള്ള പരിഹാരം പരിശോധനകള്‍ ഇല്ലാതാക്കുക എന്നതല്ല മറിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ്. അതുകൊണ്ടു തന്നെ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇതിനൊരു പരിഹാരമേ അല്ല.

പല വിദേശ രാജ്യങ്ങളുടെയും ഭാരത്തിലെ എംബസികളുടെ വക്താക്കള്‍ തൊഴിലുടമകളുടെ സമ്മേളനങ്ങളില്‍ സ്ഥിരമായി പറയുന്ന ഒരു കാര്യമുണ്ട്, ഇവിടെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഭാരതത്തിലേക്ക് വലിയ തോതിലുള്ള വിദേശനിക്ഷേപം വരുന്നതിനു തടസ്സമായി നില്‍ക്കുന്നു എന്നതാണത്. വാസ്തവത്തില്‍ ഇത് നമ്മുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണ്. വ്യവസായികളുടെ സംഘടനകളാവട്ടെ, വിദേശ അംബാസഡര്‍മാരുടെ അഭിപ്രായങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും തൊഴില്‍ നിയമങ്ങള്‍ അയവേറിയതാക്കുന്നതിനുള്ള ഡിമാന്‍ഡ് നിരന്തരം ഉയര്‍ത്തുകയുമാണ്. ഫിക്കി(FICCI), അസോച്ചം(Assocham), കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII), Indian Chambers of Commerce or Employers Federation of India, PHD Chambers Of Commerce മുതലായവര്‍ ഇപ്പോഴത്തെ തൊഴില്‍ നിയമങ്ങള്‍ അവര്‍ക്കനുകൂലമാ‍യ തരത്തില്‍ ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാരിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് മൂലം സര്‍ക്കാരിനു തൊഴില്‍ നിയമങ്ങളില്‍ വലിയ ഭേദഗതിയൊന്നും വരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്, തൊഴില്‍ നിയമങ്ങള്‍ അപ്രസക്തമാക്കപ്പെടുന്ന രീതിയില്‍. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതുമൂലം തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നു ഉറപ്പുവരുത്താനുള്ള പരിശോധനാ സംവിധാനം ഇപ്പോള്‍ത്തന്നെ വളരെയധികം ദുര്‍ബലമായിരിക്കുകയാണ്.

അസോച്ചം സമര്‍പ്പിച്ച മെമ്മോറാണ്ടം

മേല്‍ സൂചിപ്പിച്ച പ്രകാരം തൊഴിലിടങ്ങളിലെ പരിശോധനകള്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും അസോചെം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഇങ്ങനെ പറയുന്നു. “ വിവിധ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ഇന്‍സ്പെക്ടര്‍മാര്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇടക്കിടെ ഒന്നിനു പിറകെ ഒന്നായി സ്ഥാപനങ്ങളില്‍ കയറിവരുന്നു”. ആ നിവേദനം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു “ വ്യവസായങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നടപടിക്രമങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്, ഒപ്പം, ഇടക്കിടെയുള്ള പരിശോധനകള്‍ മൂലമുണ്ടാകുന്ന പീഡനവും ഇല്ലാതാക്കേണ്ടതാണ് .”

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നതിനുള്ള യാതൊരു വിധ പരിശോധനയും തൊഴിലുടമകള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഉടമകളുടെ സംഘടനകള്‍ തങ്ങളുടെ അംഗങ്ങളോട് പ്രൊവിഡന്റ് ഫണ്ടിലെ വിഹിതം യഥാസമയം അടക്കണമെന്ന് ആവശ്യപ്പെടുന്നതായി കാണുന്നില്ല, ബാങ്കില്‍ നിന്നുമെടുത്ത ലോണുകള്‍ തിരിച്ചടക്കണം എന്നും പറഞ്ഞു കാണുന്നില്ല, നിയമം അനുശാസിക്കുന്ന മിനിമം കൂലി നല്‍കണം എന്നോ തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കണം എന്നോ അവര്‍ പറയുന്നില്ല. ചുരുക്കത്തില്‍, തൊഴിലാളികള്‍ക്ക് ഗുണകരമായ എല്ലാ വ്യവസ്ഥകളും പിന്‍‌വലിക്കുക വഴി തങ്ങള്‍ക്ക് സര്‍വസ്വതന്ത്രമായി തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനുള്ള ഒരു സംവിധാനത്തിനായാണ് അവര്‍ ശ്രമിക്കുന്നത്.

1947ലെ തൊഴില്‍ തര്‍ക്ക നിയമത്തിലും 1948ലെ ഫാക്ടറീസ് ആക്ടിലും, 1970ലെ Contract Labor (Regulation and Abolition) ആക്ടിലും ബോണസ് ആക്ടിലുമൊക്കെ പൂര്‍ണ്ണമായും ഉടമകള്‍ക്കനുകൂലമാകുന്ന തരത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അസോചമിന്റെ മെമ്മോറാണ്ടം നിര്‍ദ്ദേശിക്കുന്നു.

“വ്യവസാ‍യം” എന്നതിന്റെ നിര്‍വചനം തന്നെ മാറ്റണം എന്നാണ് അസോചം ആവശ്യപ്പെടുന്നത്. ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ ചരിത്രപ്രാധാന്യമുള്ള വിധിയില്‍ വ്യവസായം എന്നതിനു സുപ്രീം കോടതി നല്‍കിയ നിര്‍വചനമനുസരിച്ച് ആശുപത്രികളും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സേവനങ്ങളും വ്യവസായത്തിന്റെ പരിധിയില്‍ വരും. ഇന്ന് നിരവധി വാണിജ്യ സംഘടനകള്‍ ഈ സേവന മേഖലകളില്‍ ധാരാളം പണം നിക്ഷേപിക്കുകയും കാപിറ്റേഷന്‍ ഫീ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്നുണ്ട്. ജസ്റ്റീസ് കൃഷ്ണയ്യരുടെ യുക്തിസഹമായ ഈ വിധി ന്യായത്തെ പിന്നീട് സുപീം കോടതി തന്നെ നീതിവിരുദ്ധമായി ഭേദഗതി ചെയ്യുകയും, 1982-ല്‍ സര്‍ക്കാര്‍ ആശുപത്രികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായത്തിന്റെ നിര്‍വചനം ഭേദഗതി ചെയ്ത് സെക്ഷന്‍ 2-ജെയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലം ഈ ഭേദഗതി സര്‍ക്കാര്‍ ഇതു വരെ നോട്ടിഫൈ ചെയ്തിട്ടില്ല. ഇപ്പോള്‍ വ്യവസായത്തിന്റെ തലവന്മാര്‍ ആവശ്യപ്പെടുന്നത് ഈ ഭേദഗതി നോട്ടിഫൈ ചെയ്യണമെന്നാണ്; അങ്ങനെയാവുമ്പോള്‍ മുകളില്‍ പറഞ്ഞ മേഖലകള്‍ക്ക് 1947ലെ തൊഴില്‍ തര്‍ക്കത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാകുവാന്‍ സാധിക്കും.

പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍

“ എയര്‍‌ലൈന്‍സ്, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ സംഘടിതമേഖലകളിലെ ഉയര്‍ന്ന ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള അമിതമായ പരിരക്ഷ ഈ തൊഴിലാളികളെ സമൂഹത്തോട് പൊതുവായും സ്വന്തം സ്ഥാപനങ്ങളോട് വിശേഷിച്ചും ഉത്തരവാദിത്തമുള്ളവരാക്കുവാന്‍ സഹായച്ചിട്ടില്ല എന്നു മാത്രമല്ല അത് മൊത്തത്തില്‍ അച്ചടക്കം ഇല്ലാതാകുന്ന തരത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്,” ഉടമകള്‍ വാദിക്കുന്നു. അസോചെമിന്റെ മെമ്മോറാന്‍‌ഡം ആവശ്യപ്പെടുന്നത് “ തൊഴിലിടങ്ങളിലെ അച്ചടക്കം നിലനിര്‍ത്തുന്നതിനായി പതിനായിരം രൂപക്കുമേല്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ശമ്പളക്കാരായ സാങ്കേതിക വിദഗ്ദരും, സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെയുള്ള തൊഴിലാളികളെ, അത് ഏത് മേഖലയിലേയും ആയിക്കൊള്ളട്ടെ, വര്‍ക്ക്‍മാന്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം”എന്നാണ്.

ഇത് പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും ഒരു വലിയ വിഭാഗം തൊഴിലാളികളെ ഈ നിയമത്തിന്റെ പരിധിക്കുപുറത്താക്കുകയും അവര്‍ക്കുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. ശമ്പളം എന്നത്, ഇതിനു മുമ്പൊരിക്കലും, തൊഴില്‍ തര്‍ക്ക നിയമത്തിന്റെ പരിധിക്കു പുറത്താകുന്നതിനുള്ള ഒരു മാനദണ്ഡമായിരുന്നിട്ടില്ല.

തൊഴില്‍ തര്‍ക്ക നിയമത്തിന്റെ 9-എ അനുസരിച്ച് തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനു മുന്‍പ് ഉടമകള്‍സംഘടനകള്‍ക്ക് നോട്ടീസ് കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഉടമകള്‍ ഇപ്പോള്‍ യൂണിയനുകളുടെ ഈ അവകാശം നിഷേധിക്കുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ പറയുന്നു “ തൊഴില്‍ ഇല്ലാതാക്കുന്നതിലേക്ക് നയിക്കാവുന്ന തരത്തിലുള്ള പ്ലാന്റിന്റേയോ സാങ്കേതികവിദ്യയുടേയോ യുക്തിസഹമാക്കല്‍ പ്രക്രിയക്കോ, സ്റ്റാന്‍ഡേര്‍ഡൈസേഷനോ, മെച്ചപ്പെടുത്തലിനോ നോട്ടീസ് നല്‍കേണ്ടതില്ല”.( "Notice should not be required for rationalistion, standardization or improvement of plant or technique which may likely to lead to retrenchment".) . മാറ്റത്തെക്കുറിച്ചുള്ള നോട്ടീസ് നല്‍ക്കുന്നത് മുന്‍‌കൂട്ടി വിവരം നല്‍കുന്നതിനോ തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുന്നതിനോ ആയിരിക്കണം എന്നാണ് അവരുടെ നിര്‍ദ്ദേശം. തൊഴില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൂടി, നോട്ടീസ് പീരിയഡില്‍ ഉയര്‍ത്തുന്ന തര്‍ക്കങ്ങള്‍ മാനേജ്‌മെന്റിന്റെ നടപടികള്‍ക്കുമേലുള്ള സ്റ്റേ ആകരുത്. നോട്ടീസ് കാലാവധിക്കുശേഷം ഉടമകള്‍ക്ക് ബിസിനസ് ആവശ്യത്തിനനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയണം.“ ഇതാണ് ഉടമകളുടെ ആവശ്യം. ചുരുക്കത്തില്‍, തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള അനിയന്ത്രിതമായ അവകാശമാണവര്‍ ആഗ്രഹിക്കുന്നത്.

അവശ്യ സര്‍വീസ് എന്നതിന്റെ പരിധി വിപുലമാക്കണമെന്നും കണ്ടിന്യൂവസ് പ്രോസസ് വ്യവസായങ്ങളേയും(continuous process industry) അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളേയും (hazardous industry) കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളേയും ഒക്കെ അവശ്യ സര്‍വീസിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. ഉടമകളുടെ ഈ ആവശ്യം ഇപ്പോള്‍ തന്നെ വ്യാപകമായിരിക്കുന്ന ദുരുപയോഗം വര്‍ദ്ധിപ്പിക്കുകയും ഉടമകളെ കൂടുതല്‍ തന്നിഷ്ടക്കാരാക്കുകയുമാവും ചെയ്യുക.

പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു

1957ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍‌ഫറന്‍സ് തീരുമാനിച്ച “പ്രശ്നപരിഹാരത്തിനായുള്ള സംവിധാനം” നിയമത്തിന്റെ ശരിയായ പിന്‍‌ബലമില്ലാത്തതിനാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഭാരത സര്‍ക്കാര്‍ തെറ്റായി കണക്കുകൂട്ടി. അങ്ങനെ1982ല്‍ അന്‍പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ “പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ സംവിധാനം” ഉണ്ടായിരിക്കണം എന്ന തരത്തില്‍ തൊഴില്‍ തര്‍ക്ക നിയമത്തില്‍ (Industrial Disputes' Act ) സര്‍ക്കാര്‍ ഭേദഗതി വരുത്തിയെങ്കിലും, ഈ സംവിധാനം പ്രശ്നപരിഹാരത്തിന് വളരെയേറെ കാലതാമസം വരുത്തുന്നതും നടപ്പിലാക്കാന്‍ പറ്റാത്തതുമാണ് എന്ന്‍ ഒരു ത്രികക്ഷി യോഗത്തില്‍ തീരുമാനമായതിനാല്‍ ഇതു വരെയായും ആ ഭേദഗതി നോട്ടിഫൈ ചെയ്തിട്ടില്ല. ഇപ്പോള്‍ ആ ഭേദഗതി നോട്ടിഫൈ ചെയ്യണം എന്ന് ആവശ്യപ്പെടുന്നതിലൂടെ ഉടമകള്‍ പ്രശ്ന പരിഹാര സംവിധാനം ഉണ്ടാവരുത്, ഉണ്ടെങ്കില്‍ തന്നെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്.

ക്ലെയിം ഫയല്‍ ചെയ്യുന്നതില്‍ യൂണിയനുകള്‍ കാലതാമസം വരുത്തിയാല്‍ , അവ ന്യായീകരിക്കാവുന്നതാണെങ്കില്‍, ആ വിളംബം മാപ്പാക്കുന്നതിന് ഇന്ന് കോടതികള്‍ക്ക് അധികാരമുണ്ട്. ഉടമകള്‍ ആവശ്യപ്പെടുന്നത് ഈ സമയ പരിധി മൂന്നു വര്‍ഷമായി നിജപ്പെടുത്തണമെന്നും അതിനുശേഷം വരുന്ന ഒരു ക്ലെയിമും കോടതികള്‍ സ്വീകരിക്കരുത് എന്നുമാണ്. അതു പോലെ തന്നെ, പലപ്പോഴും എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട തുക കൊടുക്കുന്നത് ഉടമകള്‍ വച്ചുതാമസിപ്പിക്കാറുണ്ടെങ്കിലും, കമ്പനികളില്‍ നിന്നും ലഭിക്കേണ്ട പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷത്തിനകം ക്ലെയിം സമര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

തൊഴില്‍ തര്‍ക്കനിയമത്തിലെ സെക്ഷന്‍ 11-എ തൊഴില്‍ കോടതികള്‍ക്കും വ്യവസായ ട്രിബ്യൂണലിനും തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് എടുക്കുന്ന ശിക്ഷാനടപടികളില്‍ മാറ്റം വരുത്തുവാന്‍ അധികാരം നല്‍കുന്നുണ്ട്. ഡൊമസ്റ്റിക് എന്‍‌ക്വയറി എന്ന പ്രഹസനത്തിലൂടെ മാനേജ്‌മെന്റുകള്‍ ഏകപക്ഷീയമായി തൊഴിലാളികള്‍ക്കുമേല്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാറുണ്ട് എന്നതു കൊണ്ടാണ് ഈ വ്യവസ്ഥ വെച്ചിട്ടുള്ളത്. മാനേജ്‌മെന്റുകള്‍ ഈ വ്യവസ്ഥ ഇല്ലാതാക്കണം എന്നാവശ്യപ്പെടുന്നു.

തൊഴില്‍ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 17 ബി അനുസരിച്ച് , ട്രിബ്യൂണലിന്റെയൊ കീഴ്‌കോടതിയുടേയോ അവാര്‍ഡിനെതിരെ ഉടമകള്‍ മേല്‍‌കോടതിയില്‍ അപ്പീലിനു പോകുകയാണെങ്കില്‍, അവസാനം വാങ്ങിയ വേതനം തുടര്‍ന്നും ലഭിക്കുവാന്‍ തൊഴിലാളി അര്‍ഹനാണ്. തൊഴിലാളികള്‍ക്കുള്ള ഈ പരിരക്ഷ ഇല്ലാതാക്കണമെന്നും തുടര്‍ന്ന് അവര്‍ക്ക് വേതനംനിഷേധിക്കാന്‍ അധികാരം വേണമെന്നും തൊഴിലുടമകള്‍ ആവശ്യപ്പെടുന്നു.

മാനേജ്‌മെന്റുകള്‍ തൊഴിലാളികളുടെ ന്യായയുക്തമായ പരാതികള്‍ പരിഹരിക്കാതിരിക്കുകയും അവയില്‍ തീരുമാനമെടുക്കുന്നത് വച്ചുതാമസിപ്പിക്കുകയും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോഴാണ് “ചട്ടപ്പടി ജോലി “ കൂട്ട കാഷ്വല്‍ ലീവ്” തുടങ്ങിയവയിലൂടെ തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കാന്‍ ബാദ്ധ്യസ്ഥരാവുന്നത്. ഇതിനെ മെല്ലെപ്പോക്ക് ആയി ചിത്രീകരിച്ചുകൊണ്ട് ഇത്തരം സമരരൂപങ്ങള്‍ എല്ലാം നിരോധിക്കണമെന്നാണ് ഉടമകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനായി സുപ്രീം കോടതിയെ പോലും അവര്‍ ഉദ്ധരിക്കുന്നു. എന്നാല്‍, ഏകപക്ഷീയമായി ലേ ഓഫ്, ലോക്കൌട്ട് എന്നിവ പ്രഖ്യാപിക്കുന്നതിനും സ്ഥാപനം അടച്ചുപൂട്ടുന്നതിനും ഉള്ള അവകാശം തങ്ങള്‍ക്ക് വേണമെന്ന് വാദിക്കാനവര്‍ക്ക് മടിയില്ല. മറ്റുചിലരാകട്ടെ, വൈദ്യുതി ചാര്‍ജ് അടക്കാതെ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. അസോച്ചം സമര്‍പ്പിച്ച മെമ്മോറാണ്ടം ഇവയെക്കുറിച്ചൊന്നും പരാമര്‍ശിച്ചു കാണുന്നില്ല.

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാവുന്നില്ല

എക്സ്പോര്‍ട്ട് പ്രോസസിങ്ങ് സോണുകളെയും പ്രത്യേക സാമ്പത്തിക മേഖലയെയും തൊഴില്‍ തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും പ്രത്യേക സാമ്പത്തിക മേഖലയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഭാരതസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് അനുവദിച്ചിരിക്കുകയാണ്.

ഫാക്ടറീസ് നിയമത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളില്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കണം എന്ന് തൊഴിലുടമകള്‍ നിര്‍ദ്ദേശിക്കുന്നു. അസോചം നിവേദനം നിര്‍ദ്ദേശിക്കുന്നത് എല്ലാ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും പ്രസ്തുത നിയമത്തിന്റെ സെക്‍ഷന്‍ 51,52,54, 56 എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെടണം എന്നാണ്. എന്നു വച്ചാല്‍, പ്രവൃത്തി സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ നിന്നും 60 ആയി ഉയര്‍ത്തുക ( സെക്‍ഷന്‍ 51), പ്രവൃത്തി സമയം ദിവസേനെ 9 മണിക്കൂറില്‍ നിന്നും 11 ആക്കുക (സെക്‍ഷന്‍ 54) ഓവര്‍ടൈം ലഭിക്കാതെ ജോലി ചെയ്യേണ്ട സമയത്തിന്റെ പരിധി 10.5 മണിക്കൂറില്‍ നിന്ന് 13 ആക്കാന്‍ അനുവദിക്കുക ( സെക്‍ഷന്‍ 56) എന്നതൊക്കെയാണവര്‍ ആവശ്യപ്പെടുന്നത്.

സ്ത്രീകളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങള്‍ ഒരിടത്തും കൃത്യമായി നടപ്പിലാക്കിയിട്ടില്ല എങ്കിലും ഉടമകള്‍ ആവശ്യപ്പെടുന്നത് ഒട്ടുമിക്ക സ്ഥാപനങ്ങളിലും സ്ത്രീകളെ രാത്രി ഷിഫ്ടില്‍ നിയോഗിക്കുന്നതിനു ഉപാധിരഹിത അനുമതി വേണം എന്നതാണ്.

ഇന്നിപ്പോള്‍, സ്ഥാ‍പനങ്ങളെ ചെറിയ ചെറിയ യൂണിറ്റുകളാക്കി വിഭജിച്ച് ഉടമകള്‍ ഫാക്ടറീസ് നിയമത്തിന്റെ നിര്‍ലജ്ജമായ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് , വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ പത്തും, വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനങ്ങളാണെങ്കില്‍ ഇരുപതും തൊഴിലാളികളുണ്ടെങ്കില്‍ അവ ഈ നിയമത്തിന്റെ പരിധിയില്‍ വരും. തങ്ങള്‍ക്ക് ഫാക്ടറി നിയമം ലംഘിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കുന്ന തരത്തിലും, വലിയൊരു വിഭാഗം തൊഴിലാളികളെ ഈയൊരു നിയമത്തിന്റെ പരിധിക്കു പുറത്താക്കണമെന്ന് ലക്ഷ്യമിട്ടും, ഉടമകള്‍ ഇന്ന് ആവശ്യപ്പെടുന്നത് പത്ത് എന്നത് ഇരുപത്തി അഞ്ചും, 20 എന്നത് അന്‍പതും ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ്. പത്തില്‍ കുറവ് തൊഴിലാളികള്‍ മാത്രമേ ഉള്ളൂ എങ്കിലും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ മൊത്തം വര്‍ഷികവിറ്റുവരവ് 100 കോടിക്കു മുകളില്‍ ആകാനിടയുണ്ട്. മാത്രവുമല്ല, കോണ്‍‌ട്രാക്ട് തൊഴിലാളികള്‍ ഫാക്ടറി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല . ഈ കാരണത്താല്‍ കൂടുതല്‍ കൂടുതല്‍ കരാര്‍ തൊഴിലാളികളെ ജോലിക്കെടുത്ത് ഈ നിയമത്തിന്റെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാകുവാന്‍ ഉടമകള്‍ ഇപ്പോള്‍ത്തന്നെ ശ്രമിക്കുന്നുമുണ്ട്.

തൊഴില്‍ നിയമങ്ങളുടെ പല്ലും നഖവും നഷ്ടപ്പെടുമ്പോള്‍

Contract Labour (Regulation and Abolition) നിയമത്തിന്റെ കാര്യത്തിലാണെങ്കില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന വ്യവസ്ഥ ഇല്ലാതാക്കണം എന്നും, മാനേജ്‌മെന്റിനു യാതൊരു വിലക്കുകളുമില്ലാതെ ഇഷ്ടം പോലെ കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തുവാന്‍ അധികാരം വേണമെന്നുമാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. “ ജോലികള്‍ പുറം കരാര്‍ നല്‍കുന്നതും, കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതും കച്ചവടവല്‍ക്കരണവും(vendorization)ആണ് ഇന്ന് ലോകമാസകലം കാണാന്‍ കഴിയുന്നത് , ചിലവു കുറഞ്ഞതും അയവേറിയതും തടസ്സങ്ങളേതുമില്ലാത്തതുമായ വ്യാവസായിക അന്തരീക്ഷം ഒരുക്കലാണത്,”അസോചം നിവേദനം പറയുന്നു. (" The worldwide trend is on outsourcing, hiring contract labour and vendorisation with a view to create a hassle free, cost effective and flexible atmosphere for the industry.")

ബോണസ് എന്നത് മാറ്റിവെക്കപ്പെട്ട വേതനം(deferred wage) ആണ് എന്ന അവധാരണ തന്നെ ഇല്ലാതാ‍കണം എന്നതാണ് ബോണസ് ആക്ടിന്റെ കാര്യത്തില്‍ ഉടമകളുടെ നിലപാട്‍. നികുതി നല്‍കാതിരിക്കുന്നതിനായി പല കമ്പനികളും തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ കൃത്രിമം നടത്തി നഷ്ടം കാണിക്കുകയാണ് ചെയ്യുന്നത് എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഉടമകള്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അത് തൊഴില്‍ നിയമങ്ങളെ തീര്‍ത്തും നിര്‍വീര്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. യാതൊരു ശിക്ഷാനടപടികളേയും ഭയക്കാതെ ഇന്നു പാലിക്കപ്പെടുന്ന വ്യവസ്ഥകള്‍ പോലും ലംഘിക്കുവാന്‍ ഉടമകളെ അത് അനുവദിക്കും.
കേന്ദ്രസര്‍ക്കാരിനു ഈ നിര്‍ദ്ദേശങ്ങളോട് അനുകൂലമായ നിലപാടാണുള്ളതെങ്കിലും, തൊഴിലാളി പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് മാത്രമാണ് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുന്നത്.

ട്രേഡ് യൂണിയനുകളും തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വേണം എന്നാവശ്യപ്പെടുന്നുണ്ട്. പക്ഷെ അവര്‍ ആവശ്യപ്പെടുന്നത് തൊഴിലാളികള്‍ക്ക് ഗുണകരമായ രീതിയിലുള്ള മാറ്റങ്ങളാണ്; പക്ഷെ സര്‍ക്കാരിനു അങ്ങിനെ ചെയ്യുവാനുള്ള ഉദ്ദേശമുണ്ടെന്നു തോന്നുന്നില്ല.

തികച്ചും ജനവിരുദ്ധമായ, തൊഴിലാളി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്ന രീതിയിലുള്ള ഇത്തരം നിര്‍ദ്ദേശങ്ങളോടുള്ള എതിര്‍പ്പ് തൊഴിലാളി സംഘടനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ മൂലധനനാഥന്മാരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഒരിക്കലും അനുവദിച്ചു കൂടാ.

- എം.കെ. പാന്ഥെ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകബാങ്കും ഐ.എം.എഫും പറയുന്നത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ നല്‍കുന്ന രീതി നന്നല്ല, മറിച്ച് അവ സ്വയം നടപ്പിലാക്കുന്നതിനാണ് (self-compliance) കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എന്നാണ്. ഈ തിട്ടൂരത്തിന്റെ അടിസ്ഥാനത്തില്‍, ഭാരതസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരായുള്ള ശിക്ഷാനടപടികള്‍ തുലോം കുറച്ചിരിക്കുകയാണ്...

തൊഴിലാളികള്‍ക്ക് ഗുണകരമായ എല്ലാ വ്യവസ്ഥകളും പിന്‍‌വലിക്കുക വഴി തങ്ങള്‍ക്ക് സര്‍വസ്വതന്ത്രമായി തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനുള്ള ഒരു സംവിധാനത്തിനായാണ് തൊഴിലുടമകള്‍‍ ശ്രമിക്കുന്നത്.

ട്രേഡ് യൂണിയനുകളും തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വേണം എന്നാവശ്യപ്പെടുന്നുണ്ട്. പക്ഷെ അവര്‍ ആവശ്യപ്പെടുന്നത് തൊഴിലാളികള്‍ക്ക് ഗുണകരമായ രീതിയിലുള്ള മാറ്റങ്ങളാണ്.

ശ്രീ.എം.കെ.പാന്ഥെ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.