Thursday, January 31, 2008

എന്റെ തലമുറയ്ക്ക് സംഭവിക്കുന്നത്

അരാഷ്ട്രീയതയുടെ ആലസ്യത്തില്‍ ചാഞ്ഞുമയങ്ങുന്ന വിദ്യാര്‍ഥിസമൂഹത്തെ വിപണിയുടെ മായക്കാഴ്ചകളില്‍നിന്ന് തിരിച്ചറിവിന്റെ വിസ്മയങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്ന ഇടതുപക്ഷ ബദല്‍ വിദ്യാഭ്യാസ പരിപ്രേക്ഷ്യങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ പൊതുവിദ്യാഭ്യാസത്തിന്റെ കഴുത്തില്‍ത്തൂങ്ങുന്ന പുത്തന്‍ വലതുപക്ഷ കടല്‍ക്കിഴവന്മാര്‍ക്ക് വിദ്യാദാനത്തിന്റെ അശ്ലീലതകള്‍ക്കപ്പുറം വിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പാടോടെ മാത്രമേ കാണാനൊക്കൂ. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച, ഇന്ത്യന്‍ മധ്യവര്‍ഗം കൊണ്ടാടുന്ന വിദ്യാഭ്യാസവാര്‍പ്പുമാതൃകകളെ ചവിട്ടിപ്പൊളിച്ചല്ലാതെ നമ്മുടെ ക്ലാസ്‌മുറികളില്‍ വെളിച്ചം വീഴാന്‍ പോകുന്നില്ല. ജനാധിപത്യത്തിലൂന്നിയ മൂല്യവ്യവസ്ഥയാക്കി വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ചോരചിന്തുന്ന പോരാട്ടങ്ങളുടെ നൈരന്തര്യങ്ങളിലൂടെ മാത്രമേ ജനാധിപത്യമൂല്യങ്ങള്‍ സ്വാംശീകരിക്കാനാവൂ എന്ന ചരിത്രത്തിന്റെ ലിഖിതങ്ങള്‍ക്ക് കീഴെയാണ് സ്വന്തം ചോരകൊണ്ട് നാം ഒപ്പുവെക്കേണ്ടത്. 'ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ' എന്ന് പറഞ്ഞ് അന്തിമയങ്ങിയാല്‍ എന്ത് പിതൃശൂന്യതയും കാട്ടുന്ന പിതാക്കന്മാര്‍ക്കും 'തോല്‍വിയില്‍ റാങ്കുനേടുന്ന കുബേര സന്തതികള്‍ക്ക് കിഴുക്കാംതൂക്കുവിധികള്‍ പടുത്തുയര്‍ത്തുന്ന' കോടതികള്‍ക്കും മധ്യേ എന്നെപ്പോലെയുള്ള കീഴാളവിദ്യാര്‍ഥികളുടെ കിനാവുകള്‍ വിറങ്ങലിച്ചുപോകുന്നു.

"രണ്ടായിരം രൂപയും ഫ്രീ ക്വാര്‍ടേഴ്സും

ദക്ഷിണവാങ്ങുന്ന ഗുരുവിന് കീഴില്‍

വിദ്യയഭ്യസിച്ചു തീസ്സിസെഴുതുന്ന

ശിഷ്യകുമാരന്‍ പറഞ്ഞു:

അധ്വാനിക്കുന്ന വര്‍ഗമെന്ന് കേട്ടാല്‍

ഗുരുവിന് കലികയറും (ശരിയാണ് !)

പോരാടുന്ന മനുഷ്യരെന്ന് കേട്ടാല്‍

സതീര്‍ഥ്യര്‍ക്ക് പുച്ഛം വരും (ശരിയാണ് ! )

-കുഞ്ഞപ്പ പട്ടാന്നൂര്‍

പൂക്കളെയും പുഴകളെയും കിനാക്കണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കതയടക്കം തിരിച്ചറിവുകള്‍ മുഴുവന്‍ ചിതലരിച്ചുപോയ, കമ്പോള മൂല്യബോധം ആഴത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരാള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഉപാധിയാണ് ഇന്ന് വിദ്യാഭ്യാസം. പൊതുമണ്ഡലത്തില്‍നിന്ന് വിദ്യാര്‍ഥികളെ അടര്‍ത്തിയെടുത്ത് ഷോകെയ്‌സ് പീസുകളാക്കുക എന്ന ചൂഷകദൌത്യം ഏറ്റെടുത്ത് നടത്താന്‍ മാത്രം അത് അപനിര്‍മിക്കപ്പെട്ടുകഴിഞ്ഞു. ചിന്തയുടെ മരണാനന്തര ചടങ്ങുകളുടെ കുഴലൂത്താണ് അധ്യാപകരുടെ അട്ടഹാസങ്ങള്‍ക്കൊപ്പം ക്ലാസ്‌മുറികളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. അടിപൊളിയിലും സെറ്റപ്പിലും അഭിരമിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട എംബഡഡ് (embedded) തലമുറയാണ്. " അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍'' എന്നു പാടിയ കുമാരനാശാന്റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ടാണ് "ഒരു കിലോ അരിക്കെന്താ വില''യെന്ന് ഇവര്‍ നമ്മോട് ചോദിക്കുന്നത്.

ഇടതുപക്ഷ ബദല്‍ സംവിധാനമെന്തിനാണ്? ഇപ്പോഴുള്ള ഗ്രേഡിങ് സമ്പ്രദായം പരിഷ്കരിച്ചാല്‍പോരെ എന്ന് ചോദിക്കുന്നവരുണ്ട്. സാധ്യമല്ല എന്നാണ് ഉത്തരം. ഗ്രേഡിങ് അതിധീരമായ ചുവട് വെപ്പായിരുന്നു; പക്ഷേ അതിന്റെ സാധ്യതകള്‍ കടലാസുതാളുകളില്‍ മാത്രമായി ഒതുങ്ങിപ്പോയി. അധ്യാപനം കേവലം തൊഴില്‍ മാത്രമാണെന്നും അതിന്റെ ലക്ഷ്യം എടുപ്പിലും നടപ്പിലും പാശ്ചാത്യത സ്വാംശീകരിച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുകയാണെന്നും ധരിച്ചുവശായ ഒരു പറ്റം അരാഷ്ട്രീയ വലതുപക്ഷ അധ്യാപകരുടെ സാന്നിധ്യമാണിതിന് കാരണം. ഇവരുടെ കൈകളില്‍ ഗ്രേഡിങ് ഒരിക്കലും സുരക്ഷിതമാവില്ല. ഗ്രേഡിങ് വിഭാവനചെയ്യുന്ന സാര്‍വത്രികാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഇവര്‍ ധൈഷണികമായി ശുഷ്കിച്ചുപോയിരിക്കുന്നു. മാസാമാസം എണ്ണിവാങ്ങുന്ന 'ഗാന്ധിത്തല'കളോടുമാത്രം ആത്മാര്‍ഥത കാട്ടുന്ന ആധുനിക അധ്യാപകര്‍ പ്രാചീന ആതന്‍സിലെ സോഫിസ്റ്റുകളെയാണ് അനുസ്മരിപ്പിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നകന്ന് അറിവിന്റെ അധികാരി ചമയുന്ന അധ്യാപകരെക്കുറിച്ച് പൌലൊഫ്രെയര്‍: "നേരെ മറിച്ച് വിദ്യാലയത്തെപ്പോലെതന്നെ പവിത്രതരനായി ദിവ്യനായി സ്വയം കരുതുന്ന അധ്യാപകന്‍ വാച്യമായും ആലങ്കാരികമായും സ്പര്‍ശിക്കാന്‍ കഴിയാത്തവനാണ്.''

ഇക്കഴിഞ്ഞ ശിശുദിനത്തില്‍, ഒരു പ്രമുഖ ദിനപ്പത്രത്തിനുവേണ്ടി വിദ്യാഭ്യാസമന്ത്രിയെ ഇന്റര്‍വ്യു ചെയ്യുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു:

"ഗ്രേഡിങ് കൊണ്ടുദ്ദേശിച്ച ഫലങ്ങളൊന്നും കിട്ടാനിടയില്ലെന്ന നിഗമനത്തില്‍ നമുക്കൊരിടതുപക്ഷ ബദലിനെക്കുറിച്ച് ചിന്തിച്ചുകൂടെ?''

അദ്ദേഹം മറുപടി പറഞ്ഞത് അതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നാണ്.

ഒരു ഇടതുപക്ഷ വിദ്യാര്‍ഥി എന്ന നിലയില്‍ എന്റെ ചോദ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വിപണി മനുഷ്യനെ നിര്‍വചിക്കുന്ന കാലമാണിത്. "ഇനിയാരും അവരവരുടെ പേരില്‍ അറിയപ്പെടില്ല'' എന്നത് ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യവാചകം മാത്രമല്ല ആഗോളഫിനാന്‍സ് മൂലധനത്തിന്റെ പ്രഖ്യാപിതലക്ഷ്യം കൂടിയാണ്.

ഇന്ന് ഒരു വിദ്യാര്‍ഥി പഠിക്കുന്നത് 'നാളെ'യൊരു കാലത്ത് മറ്റുള്ളവരെക്കാള്‍ സുഖിച്ച് ജീവിക്കാനാണ്. നന്മപൂക്കുന്ന ഒരു നാളെയാണ് മനുഷ്യത്വം നശിക്കാത്തവര്‍ സ്വപ്നംകാണുന്നത്. കിനാവുകളുടെ സമരഭൂമിയായ ഈ നാളെയെയാണ് ആധുനിക വിദ്യാഭ്യാസം കമ്പോള ശക്തികള്‍ക്ക് കൂട്ടിക്കൊടുക്കുന്നത്. അസഹിഷ്ണുത ഒരു പാപമാകുന്ന ഈ കാലത്താണ് മൌനം ഒരു യോഗ്യതയാവുന്നത്.

നിയോ കൊളോണിയല്‍ വിദ്യാഭ്യാസം വാര്‍ത്തെടുക്കുന്ന ഉത്തമ വിദ്യാര്‍ഥിയെക്കുറിച്ച് 'വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍ പൌലോഫ്രെയര്‍ എഴുതി:

"പൊതുവെ പറഞ്ഞാല്‍ നല്ല വിദ്യാര്‍ഥി സ്വസ്ഥത ഇല്ലാത്തവനോ ശല്യക്കാരനോ അല്ല. സംശയങ്ങള്‍ പ്രകടിപ്പിക്കുന്നവനോ പൂര്‍വസ്ഥാപിതങ്ങളായ മാതൃകകളില്‍നിന്ന് ഛേദിച്ചുപോരുന്നവനോ വസ്തുതകളുടെ പിന്നിലെ കാരണമറിയാനാഗ്രഹിക്കുന്നവനോ ശേഷി കുറഞ്ഞ ഭരണാധിപന്മാരെ അപലപിക്കുന്നവനോ അല്ല. നേരെമറിച്ച് നല്ല വിദ്യാര്‍ഥി എന്ന് പറയപ്പെടുന്നത് പറഞ്ഞത് ആവര്‍ത്തിക്കുന്നവനും വിമര്‍ശനാത്മകചിന്തയെ ത്യജിക്കുന്നവനും മാതൃകകളോട് ഇണങ്ങുന്നവനും കാണ്ടാമൃഗമാകുന്നതാണ് ഭംഗി എന്ന് കരുതുന്നവനുമാണ്.''

ഓരോ സ്കൂളും ഓരോ സ്പെഷ്യല്‍ എജുക്കേഷന്‍ സോണുകളാവുന്നു; ചിന്താശൂന്യതയുടെയും മനുഷ്യത്വനിരാസത്തിന്റെയും ഫ്രീസോണ്‍ ഏരിയ. ഇവിടെനിന്ന് പഠിച്ചിറങ്ങുന്നവരില്‍ നിന്ന് നാം എന്താണ് പ്രതീക്ഷിക്കേണ്ടത്? മൂന്നാം ലോകരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസമേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാമ്രാജ്യത്വത്തിന്റെ കാര്യപരിപാടിയിലെ ഒരിനമാണ് 'യൂണിഫോം'. വൈവിധ്യത്തിന്റെ വിധ്വംസകത്വങ്ങള്‍ തിരിച്ചറിയുന്ന ചൂഷകശക്തികള്‍ ഒരേ ചിന്തയും ഒരേ നിറവും ഒരേ മണവുമുള്ള വിദ്യാര്‍ഥികളെ ഉത്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഓരോ വിദ്യാര്‍ഥിയും സ്വന്തം കുപ്പായത്തില്‍ അധീശത്വത്തിന്റെ കൈയൊപ്പുകള്‍ പേറുകയാണ്. പാവപ്പെട്ടവനും പണക്കാരനും പഠിക്കുന്ന വിദ്യാലയത്തില്‍ 'ഇല്ലായ്മ' തിരിച്ചറിയാതിരിക്കാനാണ് യൂണിഫോം എന്നാണ് വാദം. ഇല്ലായ്മകളുടെ ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുതന്നെ സ്വന്തം അവകാശങ്ങള്‍ 'ഉള്ളായ്മ'യില്‍നിന്ന് പൊരുതി വാങ്ങുന്നതിന് പകരം ഇല്ലായ്മ മറച്ചുവെക്കാനും വിപണിയുടെ വ്യത്യസ്ത അടരുകളില്‍ തിരോഭവിച്ചുപോകുവാനുമാണ് യൂണിഫോം സഹായിക്കുക.

പുത്തന്‍ മുതലാളിത്തം സൃഷ്ടിച്ച പ്രതിലോമപരതയുടെ കൂറ്റന്‍ ചിലന്തിവലകള്‍ പൊട്ടിച്ച് ഞങ്ങള്‍ ദര്‍വീശിന്റെ കവിതകള്‍ ഉറക്കെപ്പാടുകയാണ്

"ഇത് രേഖപ്പെടുത്തൂ

ഞാന്‍ മനുഷ്യരെ വെറുക്കുന്നില്ല

ആരുടെയും വസ്തുവില്‍ ഞാന്‍

അതിക്രമിച്ച് കടക്കുന്നില്ല

എന്നാല്‍ എനിക്ക് വിശന്നാല്‍

എന്റെ കവര്‍ച്ചക്കാരന്റെ മാംസം

ഞാന്‍ തിന്നും

സൂക്ഷിക്കുക സൂക്ഷിക്കുക എന്റെ വിശപ്പിനെ

എന്റെ കോപത്തെ !''

(തിരിച്ചറിയല്‍ കാര്‍ഡ്)

പെങ്ങളെപ്പോലെ കരുതേണ്ടവളെ റാഗിങ്ങിന്റെ പേരില്‍ ഉടുതുണിയഴിപ്പിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്യുന്ന കിരാതന്മാരെ സൃഷ്ടിക്കുന്നിടത്താണ് വിദ്യാഭ്യാസം വിദ്യാഭാസമാകുന്നത്; വിദ്യാലയങ്ങള്‍ മാംസവില്‍പ്പന ശാലകളാകുന്നത്.

"ഓരോ കുട്ടിയുടെയും ഭാവിജീവിതത്തിനുവേണ്ടി ശിക്ഷണം നല്‍കുന്നത് വിദ്യാലയങ്ങളാണ്. അവിടെവെച്ച് തൊഴില്‍ വൈദഗ്ദ്യം മാത്രമല്ല സവിശേഷമായ പെരുമാറ്റച്ചട്ടങ്ങളും പരിശീലിക്കപ്പെടുന്നു. ആരോട് എങ്ങനെയൊക്കെ പെരുമാറാം എങ്ങനെയൊക്കെ പെരുമാറിക്കൂടാ തുടങ്ങി സ്വഭാവരൂപീകരണം മുതല്‍ മൂല്യബോധം വരെ അവിടെവെച്ച് ഓരോ കുട്ടിയും ആര്‍ജിക്കുന്നു. വര്‍ഗമേധാവിത്വത്തിന് വിധേയരാകുന്ന ഭാവിജീവനക്കാരും ദൃഢപ്പെടുത്തേണ്ട ഭാവിയിലെ ഉദ്യോഗസ്ഥവിഭാഗവും അവിടെവെച്ച് രൂപംകൊള്ളുന്നു. ഉല്പാദനപ്രക്രിയയിലെ വ്യത്യസ്തജോലികള്‍ നിര്‍വഹിക്കാന്‍ ഭാവി തലമുറയെ ഒരുക്കുന്ന വിദ്യാഭ്യാസം അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ പരിശീലനക്കളരിയാണ്'' (കെ ഇ എന്‍).

സമുഹത്തിലെ ഓരോ ചലനത്തിലും ഉത്സുകരായ, സാമൂഹികാസമത്വങ്ങളില്‍ അസംതൃപ്തികളുള്ള, സമരോത്സുകമായ സര്‍ഗാത്മകത ചോരയിലലിഞ്ഞുചേര്‍ന്ന വിദ്യാര്‍ഥികള്‍ ചരിത്രത്തിന്റെ അനിവാര്യതയാണ്. ഇടതുപക്ഷം ആ വെല്ലുവിളി ഏറ്റെടുത്തേ മതിയാവൂ.

നെരൂദ പറഞ്ഞപോലെ,

നിങ്ങള്‍ക്കീ പൂക്കളെ കശക്കിക്കളയാം, പക്ഷേ ഈ വസന്തപ്രവാഹത്തെ തടഞ്ഞുനിര്‍ത്താനാകില്ല.

-എസ് ആര്‍ നന്ദകുമാര്‍, കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീ.എസ് ആര്‍ നന്ദകുമാര്‍ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Rajeeve Chelanat said...

സുഹൃത്തെ,

പ്രസക്തമായ ലേഖനം.ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഇതിനകം‌തന്നെ ധാരാളം ലേഖനങ്ങള്‍ വന്നുകഴിഞ്ഞു. കെ.ഇ.ആര്‍ പരിഷ്ക്കരണവും അന്തരീക്ഷത്തില്‍ തങ്ങിനില്‍പ്പുണ്ട്. പക്ഷേ,കാതലായ ഒരു പ്രശ്നനിര്‍ദ്ദേശങ്ങളും വന്നുകണ്ടില്ല. തികച്ചും അരാഷ്ട്രീയമായ വിലയിരുത്തലുകളാണ് അധികവും വന്നിട്ടുള്ളത്. സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ സ്വസമുദായത്തിന്റെകീഴിലുള്ള സ്കൂളുകളില്‍തന്നെ പഠിപ്പിക്കണമെന്ന രീതിയിലും മറ്റുമുള്ള വിഷചിന്തകളും പരസ്യമായിതന്നെ രംഗത്തുവന്നു കഴിഞ്ഞു.

വിദ്യാഭ്യാസത്തെ സര്‍ക്കാരിന്റെ ചുമതലയില്‍ കൊണ്ടുവരാനും,നിലവിലുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന പ്രശ്നങ്ങളെ സമൂലം ഉടച്ചുവാര്‍ക്കാനും ഇടതുപക്ഷവും വിമുഖത പുലര്‍ത്തുന്നു എന്നത് ആശങ്കയോടെയാണ് ഈയുള്ളവന്‍ കാണുന്നത്.

ലേഖനത്തില്‍ പുലര്‍ത്തിയ സത്യസന്ധതക്കും, അവയിലെ വീക്ഷണങ്ങള്‍ക്കും

അഭിവാദ്യങ്ങളോടെ,

രാജീവ് ചേലനാട്ട്

പിന്‍‌കുറിപ്പ്: മലയാളം ബ്ലോഗ്ഗുകളുടെ മനം‌മടുപ്പിക്കുന്ന അരാഷ്ട്രീയതയും, ‘കൊച്ചുവര്‍ത്തമാന’ സ്വഭാവവും കാരണം, ‘ബ്ലോഗന’ക്ക്, അധികം സമയം മിനക്കെടുത്താറില്ല. എങ്കിലും,പ്രതീക്ഷക്കു വകനല്‍കുന്ന ചില ബൂലോഗ പ്രവിശ്യകളും കൂട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന ആശ്വാസവും കൂടെയുണ്ട്. അതിലൊന്നാണ്‌ വര്‍ക്കേഴ്സ് ഫോറത്തിന്റേത്. പലതിനും കമന്റെഴുതാന്‍ സാധിച്ചിട്ടില്ല്ല. അതിനര്‍ത്ഥം, അവ വായിച്ചിട്ടില്ലെന്നല്ല.വ്യക്തിപരമായി പറഞ്ഞാല്‍, ഒരു ഒരു ‘അമാന്തക്കൊടിമര’മായതുകൊണ്ട് അങ്ങിനെ സംഭവിക്കുന്നു എന്നു മാത്രം.