Friday, February 1, 2008

ദാരിദ്ര്യവും ഉദാരവല്‍ക്കണവും - ഇന്ത്യയില്‍

ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്നാണ് സര്‍ക്കാരും, ഈ നയങ്ങളെ പിന്തുണയ്ക്കുന്ന പണ്ഡിതന്മാരും അവകാശപ്പെടുന്നത്. 1999-2000 കാലയളവില്‍ നമ്മുടെ ഗ്രാമീണ മേഖലയിലേയും നഗരപ്രദേശങ്ങളിലേയും ദാരിദ്ര്യം യഥാക്രമം 27.4 ശതമാനവും 23.5 ശതമാനവും മാത്രമായിരുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഭാരതത്തിലെ ഗ്രാമീണരില്‍ 74.5 ശതമാനവും നഗരവാസികളില്‍ 45 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു എന്നാണ് മറ്റു നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സര്‍ക്കാരിന്റെ വാദം തീര്‍ത്തും തെറ്റായ ഒന്നാണ്. ദാരിദ്ര്യത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നുതന്നെ ഇത് വ്യക്തമാകുന്നുണ്ട്. വെറും 11 രൂപ ദിവസവരുമാനമായി ലഭിക്കുന്ന ഗ്രാമീണരും 15 രൂപ ലഭിക്കുന്ന നഗരവാസികളും സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്. എന്നു വച്ചാല്‍, സര്‍ക്കാരിന്റെ കണക്കുകളില്‍ ഇന്‍ഡ്യയിലെ ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രതിഫലിയ്ക്കപ്പെടുന്നില്ല, അത്ര തന്നെ. പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച 1991-നു ശേഷമുള്ള കാലഘട്ടത്തില്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങള്‍ക്കും വന്‍തിരിച്ചടിയാണ് ഉണ്ടായത്. ഗ്രാമീണ മേഖലയിലാണ് ഇത് കൂടുതല്‍ സംഭവിച്ചത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചു എന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തുറന്നുകാട്ടുന്ന തരത്തില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ജനജീവിതത്തെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍, കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടേതുള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക വിളകളുടേയും 1990 കളിലെ ഉത്പാദനം സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പുള്ള കാലഘട്ടമായ 1980-കളെ അപേക്ഷിച്ച് പകുതിയായി കുറയുകയാണുണ്ടായത്. ഈ സ്ഥിതി ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ 5 വര്‍ഷമായി 0.14 ശതമാനത്തില്‍ മുരടിച്ച് നില്‍ക്കുകയാണ്. ഇത് നമ്മുടെ ജനസംഖ്യയുടെ വളര്‍ച്ചാനിരക്കിലും താഴെയാണ്. 1990 കളുടെ ആരംഭത്തില്‍ നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (GDP) കാര്‍ഷികമേഖലയുടെ വിഹിതം 35 ശതമാനത്തോളമായിരുന്നത്, ഇപ്പോള്‍ 20 ശതമാനത്തിലും താഴെ ആയിരിയ്ക്കുകയാണ്. കാര്‍ഷിക പ്രതിസന്ധി ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാക്കുന്നു. വ്യവസായ മേഖലയും തകര്‍ച്ചയെ നേരിടുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഗ്രാമീണര്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ നഗരങ്ങളിലെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള സാധ്യതയും ഇന്ന് നിലവിലില്ല.

അതുപോലെ തന്നെ, 1990-കളുടെ ആരംഭത്തില്‍ 177 കി.ഗ്രാം ആയിരുന്ന ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത (Per capita availability) 2003-2004-ല്‍ അവസാനിക്കുന്ന 3 വര്‍ഷ കാലയളവില്‍ 153 കിഗ്രാം ആയി കുറയുകയുണ്ടായി. ഇത് 1950 കളില്‍ നിലനിന്നിരുന്ന സ്ഥിതിയ്ക്ക് സമാനമാണ്. ഭക്ഷ്യധാന്യങ്ങളുടെ ആളോഹരിലഭ്യത 152 കി.ഗ്രാമില്‍ നിന്ന് 172 കി.ഗ്രാം ആയി ഉയര്‍ത്തുവാന്‍ നമുക്ക് 40 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ച് 12 വര്‍ഷം കഴിയുന്നതിനു മുമ്പുതന്നെ ഈ നേട്ടം അട്ടിമറിയ്ക്കപ്പെടുകയാണ്. ഒരു ശരാശരി ഇന്‍ഡ്യന്‍ കുടുംബം (4.8 അംഗങ്ങള്‍) 1991-നെ അപേക്ഷിച്ച് 115 കി.ഗ്രാം കുറവ് ഭക്ഷ്യധാന്യം ആണ് ഇന്ന്ഉപഭോഗം ചെയ്യുന്നത്. ഭക്ഷ്യധാന്യ ലഭ്യതയിലെ ഈ കുറവ് രൂക്ഷമായത് 1990-നു ശേമാണ്. തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ കാര്‍ഷിക തൊഴിലാളികളുടേയും ഉത്പന്നങ്ങളുടെ വിലയിടിഞ്ഞതിനാല്‍ കര്‍ഷകരുടെയും വരുമാനം കുറയുകയും ഇത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനുള്ള അവരുടെ കഴിവിനെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്തു. റേഷന്‍ സംവിധാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍ അതിന്റെ പരിധിയ്ക്ക് പുറത്തായ കോടിക്കണക്കിന് ജനങ്ങളുടെ ഭക്ഷ്യധാന്യ ലഭ്യതയ്ക്ക് ഇടിവ് തട്ടി.

ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പട്ടിണിയകറ്റാന്‍ ആവശ്യമായ ഭക്ഷണം വാങ്ങുവാനുള്ള കഴിവില്ലായിരുന്നതിനാലാണ് 2002- ല്‍ നമ്മുടെ ഗോഡൌണുകളില്‍ കരുതല്‍ ശേഖരത്തിലും കൂടുതലായി 40 ശലക്ഷം ടണ്‍ ധാന്യം മിച്ചം വന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദന നിരക്ക് പകുതിയായി കുറഞ്ഞ സന്ദര്‍ഭത്തിലാണ് ഇത് സംഭവിച്ചത് എന്നത് ഓര്‍ക്കേണ്ടതുണ്ട്.

എന്നാല്‍ ഈ വസ്തുതകളെല്ലാം വിസ്‌മരിച്ചുകൊണ്ട് ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന താങ്ങുവില അവയുടെ ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടയാക്കിയെന്നും അതുകൊണ്ടാണ് നമ്മുടെ ഭക്ഷ്യധാന്യശേഖരം കുന്നുകൂടിയതെന്നുമാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞത്. ഇത് പട്ടിണിപ്പാവങ്ങളെ അപമാനിയ്ക്കുന്നതിന് തുല്യമാണ്. മാത്രമല്ല, അധികംവന്ന ഭക്ഷ്യധാന്യശേഖരം ഉപയോഗിച്ച് ജോലിക്ക് - കൂലി - ഭക്ഷണം - പദ്ധതികള്‍ (Food for Work Programmes) നടപ്പിലാക്കാന്‍ ശ്രമിക്കാതെ 2002-ലും 2003-ലും ദശലക്ഷക്കണക്കിനു ടണ്‍ ധാന്യങ്ങള്‍ വളരെ തുച്ഛമായ വിലയക്ക് കയറ്റുമതി ചെയ്യുകയാണുണ്ടായത്. കയറ്റുമതി ചെയ്യപ്പെട്ട ധാന്യങ്ങളാകട്ടെ, അവ വാങ്ങിയ രാജ്യങ്ങളില്‍ കന്നുകാലി തീറ്റയായാണ് ഉപയോഗിക്കപ്പെട്ടത്.

ചുരുക്കത്തില്‍, പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് കാര്‍ഷികമേഖലയിലാണെന്നുകാണാം. കാര്‍ഷിക വിളകളുടെ ഉത്പാദനം പകുതിയായി കുറയുന്നതിനും, അവയുടെ വിലയിടിയുന്നതിനും, ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത ഗണ്യമായി കുറയുന്നതിനും, ഈ നയങ്ങള്‍ കാരണമായി. കര്‍ഷകര്‍ക്ക് പരിമിതമായിട്ടെങ്കിലും ലഭിച്ചുവന്നിരുന്ന ബാങ്ക് വായ്പ, അവര്‍ക്ക് അപ്രാപ്യമായിത്തീര്‍ന്നു. വായ്പയ്ക്കായി സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്ക് കര്‍ഷകരെ തള്ളിവിട്ടു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ തിരിച്ചടക്കുവാനാകാത്ത കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നഷ്ടമാകുന്ന സ്ഥിതി സംജാതമായി.

കട ഭാരത്താല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതെല്ലാം, പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയതിനുശേഷം, സര്‍ക്കാര്‍ അകാശപ്പെടുന്നതുപോലെ ദാരിദ്ര്യം കുറയുകയല്ല മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നാണ് തെളിയിക്കുന്നത്.

ദരിദ്രരുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന തെറ്റായ പ്രചാരത്തിലൂടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്യുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കും. മാത്രവുമല്ല, കോടിക്കണക്കിന് ജനങ്ങള്‍ക്ക് വിനാശകരമായ നയങ്ങള്‍ കൂടതല്‍ ശക്തിയോടും ത്വരിതഗതിയിലും നടപ്പിലാക്കാന്‍ ഇത് സര്‍ക്കാരിന് ധൈര്യം നല്‍കിയേക്കും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേമപരിപാടികളും, അവ എത്ര നാമമാത്രമാണെങ്കില്‍ പോലും, ദരിദ്രര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന ഇക്കാലത്ത് ദാരിദ്ര്യരേഖ എന്താണെന്ന് യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു.

-ഉത്‌സ പട്നായിക്, സിഐടിയു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

“പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് കാര്‍ഷികമേഖലയിലാണെന്നുകാണാം. കാര്‍ഷിക വിളകളുടെ ഉത്പാദനം പകുതിയായി കുറയുന്നതിനും, അവയുടെ വിലയിടിയുന്നതിനും, ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത ഗണ്യമായി കുറയുന്നതിനും, ഈ നയങ്ങള്‍ കാരണമായി. കര്‍ഷകര്‍ക്ക് പരിമിതമായിട്ടെങ്കിലും ലഭിച്ചുവന്നിരുന്ന ബാങ്ക് വായ്പ, അവര്‍ക്ക് അപ്രാപ്യമായിത്തീര്‍ന്നു. വായ്പയ്ക്കായി സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്ക് കര്‍ഷകരെ തള്ളിവിട്ടു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ തിരിച്ചടക്കുവാനാകാത്ത കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നഷ്ടമാകുന്ന സ്ഥിതി സംജാതമായി.”

ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സര്‍ക്കാരിന്റെ വാദം ശരിയോ? ദാരിദ്ര്യ രേഖ തന്നെ താഴ്ത്തി കൊണ്ടുവന്ന് ദരിദ്രരെ രേഖക്ക് മുകളിലാക്കുന്ന ചെപ്പീടി വിദ്യയെ ശ്രീമതി ഉത്‌സ പട്‌നായിക് വിലയിരുത്തുന്നു.