Sunday, February 17, 2008

എഴുതാത്ത കത്ത്

പ്രിയപ്പെട്ട ദാദായ്ക്ക്,

ഞാനും താത്തയും ഇപ്പോള്‍ ദില്ലിയിലാണ്. ഇതൊരു വലിയ സ്ഥലമാണ് , നമ്മുടെ 'ഗാവി'ന്റെ നൂറിരട്ടിയെങ്കിലും കാണും. എല്ലാ ഭാഗവും ഞങ്ങള്‍ കണ്ടുതീര്‍ന്നിട്ടില്ല.

ഞങ്ങള്‍ക്ക് വീടുകളിലൊന്നും പണികിട്ടിയില്ല. അതിന് മേല്‍വിലാസവും മറ്റും വേണം. പോലീസ് സ്റ്റേഷനില്‍ കൊടുക്കാനാണത്രേ! കേള്‍ക്കുമ്പോള്‍തന്നെ പേടിയാവുന്നു. ഒരു ദിവസം ഞങ്ങള്‍ തെരുവില്‍ വെറുതേ അലഞ്ഞുതിരിയുന്നതു കണ്ട് കള്ളികളാണെന്നും പറഞ്ഞ് ഒരു പോലീസുകാരന്‍ പിടിച്ചുകൊണ്ടുപോയി. അയാള്‍ കള്ളുകുടിച്ചിരുന്നെന്നു തോന്നുന്നു; പണ്ട് ഉപ്പാ കുടിയില്‍ വരുമ്പോഴുണ്ടായിരുന്ന അതേ മണം. എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തിയതേ ഉള്ളൂ, താത്തയെ അകത്തുകൊണ്ടുപോയി. പുറത്തുവന്നതില്‍ പിന്നെ താത്ത മിണ്ടുന്നില്ല, എപ്പോളും കരഞ്ഞുകൊണ്ടിരിക്കും.

ഞങ്ങള്‍ പീടികത്തിണ്ണകളിലാണ് ഉറക്കം. ഇപ്പോള്‍ താത്തയ്ക്കു പേടിയാണ്, കണ്ണടയ്ക്കുകയേ ഇല്ല. എപ്പോഴും ഞാന്‍ അരികിലില്ലേ എന്നു നോക്കും.

രാവിലെ എണീറ്റാലുടന്‍ ഞങ്ങള്‍ കിടക്കാറുള്ള ചാക്കുമെടുത്ത് ചപ്പുചവറുകളന്വേഷിച്ചിറങ്ങും. വീടുകളിലൊന്നും ആരും കയറ്റില്ല; തെരുവുകളിലും പാര്‍ക്കുകളിലുമൊക്കെ തപ്പും. വല്ലപ്പോഴും കുപ്പികളും പാട്ടകളും മുഴുപ്പേപ്പറുകളുമൊക്കെ കിട്ടും. തെരുവോരത്തെ വീപ്പകളിലും പരതും: താത്ത എന്നെ വീപ്പയ്ക്കുള്ളിലിറക്കിവിടും. ചിലപ്പോള്‍ പഴയ റൊട്ടിയോ സബ്ജിയോ പാതിചീഞ്ഞ പഴങ്ങളോ ഒക്കെ കിട്ടും. അന്നു ഞങ്ങള്‍ക്കു കുശാലാണ്.

രണ്ടുകുറി അബദ്ധംപറ്റി. ഒരിക്കല്‍ ഒരു കുപ്പിയില്‍ കണ്ട മഞ്ഞവെള്ളം. മധുരമാണെന്നു കരുതി താത്ത എടുത്തു മോന്തി; കുറേ നേരം കിറുക്കുപിടിച്ച പോലെയായി. ഞാന്‍ പേടിച്ചുപോയി, ഉപ്പായെ ഓര്‍ത്തു. പിന്നൊരിക്കല്‍ ഒരു ഉരുണ്ട സാധനം കിട്ടി. അത് പാഴിരുമ്പാണെന്നു കരുതി സന്തോഷിച്ചു-ഒന്നു തൊടേണ്ട താമസം, അത് 'ഭും' എന്നു പൊട്ടിത്തെറിച്ചു. എന്റെമേല്‍ മുഴുവന്‍ കുപ്പിച്ചില്ലു തറച്ചു കയറി; എനിക്കു തലചുറ്റി. ചില നാട്ടുകാരോടിയെത്തി ആശുപത്രിയിലാക്കിയെന്ന് താത്ത പറഞ്ഞു. ഉണര്‍ന്നപ്പോള്‍ ഭയങ്കര വേദനയായിരുന്നു. അപ്പോളവര്‍ നോവിനു കുത്തിവെച്ചു. മൂന്നുമാസമെടുത്തു മുറിവുകള്‍ കുറെയൊക്കെ കരിയാന്‍. ഇപ്പോഴെന്റെ മേലാകെ വടുക്കളാണ്. എന്നെ അവിടെത്തന്നെ പാര്‍പ്പിച്ചു കൂടേ എന്നു ഞാന്‍ ഒരു സിസ്റ്ററിനോട് ചോദിച്ചു. എനിക്കവിടെ എന്നും പാലും റൊട്ടിയും കിട്ടിയിരുന്നു. നല്ല സിസ്റ്ററായിരുന്നു, തെക്കത്തി. പക്ഷേ, അസുഖം മാറിയാല്‍ പിന്നെ പാര്‍പ്പിക്കാന്‍ പാടില്ലത്രേ!

ഇപ്പോള്‍ ഞാന്‍ വീണ്ടും പണിക്കുപോയിത്തുടങ്ങി. വീപ്പകളിലിറങ്ങാന്‍ മാത്രം പേടിയാണ്. ചീത്ത ദിവസമാണെങ്കില്‍ കാര്യമായി ഒന്നും കിട്ടില്ല. തണുപ്പുകാലത്താണ് ഏറ്റവും വിഷമം. വിറച്ചു വിറച്ച്... ഉറക്കവും വരില്ല, നടക്കാനും പണി. പുതയ്ക്കാനുംകൂടി ഒരു ചാക്കു കിട്ടിയാല്‍ മതിയായിരുന്നു.
ദാദായുടെ കണ്ണ് എങ്ങനെയുണ്ട്? കുറച്ചൊക്കെ കാണാമോ? നടക്കുമ്പോള്‍ സൂക്ഷിക്കണേ. വടിയെടുക്കാന്‍ മറക്കല്ലേ, റോഡു നിറച്ചു കുഴികളാണ്. ലൈലയോടും റഹീമിക്കയോടും ഞങ്ങളുടെ വിശേഷം പറയണേ. വെയിലുമൂക്കും മുമ്പേ ഇറങ്ങട്ടെ ദാദാ. ഇനിയും എഴുതാം.

ങാ. അതു മറന്നു. താത്ത പറയുന്നത് കുറച്ചു കഴിഞ്ഞാല്‍ താത്തയ്ക്ക് ഒരു വാവയുണ്ടാവുമെന്നാണ്. വയറുവീര്‍ത്തു വരുന്നുണ്ട്. പിന്നെ ഞങ്ങളെന്തു ചെയ്യും, ദാദാ? എവിടെപ്പോവും അതിനെക്കൂടി തീറ്റിപ്പോറ്റാന്‍?

-ദേശാഭിമാനി വാരികയില്‍ വന്ന ശ്രീ.സച്ചിദാനന്ദന്റെ എഴുതാത്ത കത്തുകളില്‍ നിന്നും.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ദേശാഭിമാനി വാരികയില്‍ വന്ന
ശ്രീ സച്ചിദാനന്ദന്റെ “എഴുതാത്ത കത്തു”കളില്‍ നിന്നും.

Anonymous said...

Really touching