Sunday, March 16, 2008

പരിസ്ഥിതി തകര്‍ച്ച ബാധിക്കുന്നതാരെ?

പരിസ്ഥിതി പ്രശ്നങ്ങള്‍ ഇന്ന് ആര്‍ക്കും മാറ്റിവയ്ക്കാന്‍ കഴിയാത്തതും, മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്നതുമായ പ്രശ്നമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. പരിസ്ഥിതിയുടെ തകര്‍ച്ച കൃഷികള്‍ നശിക്കുന്നതിനും സമുദ്രജലനിരപ്പ് ഉയരുന്നതിനും അതുമൂലം തീരപ്രദേശങ്ങളുടെ നാശത്തിനും, ജീവജാലങ്ങളുടെ വംശനാശത്തിനും നാനാതരം പ്രകൃതിക്ഷോഭങ്ങള്‍ക്കും പലതരം പകര്‍ച്ചവ്യാധികള്‍ക്കും ഒക്കെ കാരണമായിക്കൊണ്ടിരിക്കുകയാണ്.

അടുത്ത അന്‍പതു വര്‍ഷങ്ങള്‍ക്കകം ആഗോള ഭക്ഷ്യആവശ്യം ഇരട്ടിയാകും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കാര്‍ഷികവൃത്തിക്കനുയോജ്യമായ ഭൂമിയുടെ ഗുണമേന്മ ദൈനംദിനം കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. മിക്ക അവികസിത രാജ്യങ്ങളിലും ജി.ഡി.പിയുടെ നാല്പതു ശതമാനവും കൃഷിയില്‍ നിന്നാണ്. എണ്‍പതു ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. എന്നാല്‍ IPCC (Inter Governmental Panel on Climate Change) ചെയര്‍മാന്‍ പച്ചൌരി പറയുന്നത് 2020 എത്തുമ്പോള്‍ പരിസ്ഥിതി നാശംമൂലം കാര്‍ഷിക ഉല്പാദനം അന്‍പതു ശതമാനംവരെ കുറയാം എന്നാണ്. ആഫ്രിക്കയില്‍ മാത്രം ഭക്ഷ്യ ഉല്പാദനത്തില്‍ 75 മുതല്‍ 200 മില്യന്‍ ടണ്ണിന്റെ കുറവു വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഒരു IPCC റിപ്പോര്‍ട്ടു പ്രകാരം 2100 ഓടുകൂടി സമുദ്രനിരപ്പ് 40 സെ.മീറ്ററോളം ഉയര്‍ന്ന് തീരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാകും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പല നഗരങ്ങളും ഇതില്‍പ്പെടും. ആ പ്രദേശങ്ങളില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരാകും. ഇത് നാനാതരം സാമൂഹ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് 1.5 മുതല്‍ 2.5 ഡിഗ്രി സെന്റീഗ്രേഡ് വരെ ഉയര്‍ന്നാല്‍ കല്‍ക്കത്ത, ഡാക്ക, ഷാങ്ങ്ഹായ് മുതലായ മഹാനഗരങ്ങള്‍തന്നെ വെള്ളത്തിനടിയിലാകും.

ഹിമാലയത്തിലെ മഞ്ഞുപാളികളുടെ നാശം മൂലം ഗംഗ, ബ്രഹ്മപുത്ര, സിന്ധു എന്നീ നദികള്‍ ഉണങ്ങി വര്‍ഷത്തില്‍ കുറച്ചുകാലം മാത്രം വെള്ളം ഒഴുകുന്ന സീസണല്‍ നദികളായി മാറും. ഇത് ഇന്ത്യയിലെ 65 ശതമാനം ജനങ്ങളെ ബാധിക്കും. നദികള്‍ വരളുന്നതോടുകൂടി ജലലഭ്യത 2050 ആകുമ്പോള്‍ ഇന്നുള്ളതിന്റെ മൂന്നിലൊന്നായി കുറയും. ജല ദൌര്‍ലഭ്യം കോടിക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജലജന്യരോഗങ്ങളായ കോളറയും മറ്റും സര്‍വ്വസാധാരണമാകും. മലേറിയ, ഡെന്‍ക്യൂ തുടങ്ങിയ രോഗങ്ങളും പടരും. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ ജനുവരി 2008 ല്‍ ലോകസാമ്പത്തിക ഫോറത്തെ (World Economic Forum) അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് ജലദൌര്‍ലഭ്യം ഭാവിയില്‍ സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കു നയിക്കും എന്നാണ്. ഭൂഗോളത്തിന്റെ എല്ലാ പ്രദേശങ്ങളേയും ജലദൌര്‍ലഭ്യം ബാധിക്കുമെങ്കിലും അത് ഏറ്റവും ആദ്യം അതിരൂക്ഷമായി ബാധിക്കുക ദരിദ്ര ജനവിഭാഗങ്ങളെയായിരിക്കും.

IPCCയുടെ ഒരു പഠനമനുസരിച്ച് 2030 ഓടുകൂടി പരിസ്ഥിതി തകര്‍ച്ച ആഗോള മൊത്തം ഉല്പാദനത്തിന്റെ (Global GDP ) 5 ശതമാനം വരെ കാര്‍ന്നുതിന്നും. എന്നാല്‍ ഹരിതഗൃഹ വാതകങ്ങളുടെ( Green House Gases) ബഹിര്‍ഗമനത്തില്‍ കുറവുവരുത്താന്‍ ആഗോള ഉല്പാദനത്തിന്റെ 0.2 ശതമാനം മാത്രം മതി. 1982-2004 കാലയളവില്‍ പരിസ്ഥിതി തകര്‍ച്ചമൂലം ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് 1.5 ട്രില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ലാഭം മാത്രം ലക്ഷ്യമാക്കി പ്രകൃതി വിഭവങ്ങള്‍ വിവേചനരഹിതമായി ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉല്പാദന വിതരണ പ്രക്രിയയിലൂടെ ഭൂഗോളത്തിലെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് നാനാതരത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് പാരിസ്ഥിതിക പ്രശ്നത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും ദരിദ്രജനവിഭാഗങ്ങളാണ്.

ഹരിതഗൃഹവാതകങ്ങളുടെ ഏറ്റവും വലിയ ഉല്പാദകര്‍ വികസിത രാജ്യങ്ങളാണ്, പ്രത്യേകിച്ച് അമേരിക്ക. ചൈനയുടേയും ഇന്ത്യയുടേയും പങ്ക് വളരെ പെട്ടെന്നുയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലും അമേരിക്കയുടേയും യൂറോപ്പിന്റേയും പങ്കുമായി തട്ടിച്ചാല്‍ ചൈനയുടേയും ഇന്ത്യയുടേയും പങ്ക് വളരെ കുറവാണ്.

ഹരിതഗൃഹവാതകങ്ങളുടെ ശരാശരി ഉല്പാദനം കണക്കാക്കിയാല്‍ ഒരിന്ത്യന്‍ പൌരന്റെ പങ്ക് അമേരിക്കന്‍ പൌരനേക്കാള്‍ തുലോം തുച്ഛമാണ്. എന്നാല്‍ ഗ്രീന്‍പീസ് ഇന്ത്യ എന്ന സംഘടന നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യന്‍ പൌരന്‍മാര്‍ തമ്മില്‍-തമ്മില്‍ ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനത്തില്‍ വലിയ അന്തരമുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങള്‍ ലോക ശരാശരിയേക്കാള്‍ വളരെക്കുറവാണെങ്കിലും ഇന്ത്യയിലെ സമ്പന്നര്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങള്‍ ലോകശരാശരിയെക്കാള്‍ വളരെ ഉയരെയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ദരിദ്രര്‍ ഇന്ത്യന്‍ സമ്പന്നര്‍ക്ക് പാരിസ്ഥിതിക സബ്‌സിഡിതന്നെ നല്കിക്കൊണ്ടിരിക്കുകയാണ്.

പരിസ്ഥിതിയുടെ തകര്‍ച്ചയില്‍ ദരിദ്രരുടെ പങ്ക് വളരെക്കുറവാണെങ്കിലും പരിസ്ഥിതി തകര്‍ച്ചമൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഇന്ത്യയിലെ ദരിദ്രരായിരിക്കും. സമുദ്രനിരപ്പുയര്‍ന്ന് ബോംബെ നഗരത്തില്‍ വെള്ളം കയറിയാല്‍ ആദ്യം ജീവിതം വഴിമുട്ടുന്നത് ബോംബെ തെരുവുകളിലും, ചേരികളിലും ജീവിക്കുന്ന ദരിദ്രരുടേതാകും. സമ്പന്നര്‍ പൂനെയിലേക്കും മറ്റും കുടിയേറും. ഗ്രീന്‍പീസ് ഇന്ത്യയിലെ വിവിധ വരുമാനക്കാരായ 819 കുടുംബങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം നടത്തി അതില്‍ നിന്നും കണ്ടത് ഇന്ത്യയില്‍ ശരാശരി ഒരാള്‍മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹവാതകം1.67 ടണ്ണാണ് (ആഗോള ശരാശരി 5.03 ടണ്‍) എന്നാണ്. എന്നാല്‍ 30,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഒരു ഇന്ത്യാക്കാരന്‍ മൂലം 4.97 ടണ്‍ ഹരിഗൃഹവാതകം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളുടെ പങ്ക് 1.11 ടണ്‍ മാത്രമാണ്. പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ അതനുസരിച്ച് ഭൂഗോള താപനില 20 സെഷ്യല്‍സില്‍ കൂടുതല്‍ ഉയരാതിരിക്കണമെങ്കില്‍ ഒരാള്‍മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകം 2.5 ടണ്ണില്‍ കൂടുവാന്‍ പാടില്ലത്രെ.

ഗിരിജനങ്ങള്‍ക്ക് വനങ്ങളിലും വനസമ്പത്തിലും അവകാശം നല്‍കുവാന്‍ നിര്‍മ്മിക്കുന്ന നിയമത്തിനെതിരെ പല പരിസ്ഥിതിവാദികളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ രസകരമായ വസ്തുത ഗിരിജനങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി നാശത്തേക്കാള്‍ എത്രയോ ഭീകരമാണ് ഗിരിജനങ്ങള്‍ക്ക് വനഭൂമിയില്‍ അവകാശം നല്‍കിയാല്‍ വനങ്ങള്‍ നശിക്കും എന്നു പ്രചരിപ്പിക്കുന്നവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. ഇന്ത്യയുടെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ ഒരു നല്ല പങ്ക് കല്ക്കരിയില്‍ നിന്നുമാണ്. ഒറീസ്സ, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ ഗ്രാമപ്രദേശങ്ങളിലാണ് കല്ക്കരിഖനികള്‍ കൂടുതലും സ്ഥിതിചെയ്യുന്നത്. കല്ക്കരി ഖനികള്‍ കൂടുതല്‍ വിസ്തൃതമാകുന്നതനുസരിച്ച് ഗിരിജനങ്ങളും, ചെറുകിട കൃഷിക്കാരുമെല്ലാം ഈ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട തരത്തിലുള്ള പുനരധിവാസം നടത്താത്തതുമൂലം ഇവര്‍ നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ പോയി അടിയുകയാണ്. കല്ക്കരി ഖനനം മൂലമുള്ള പരിസ്ഥിതിനാശം ദരിദ്രരെ ദുരിതത്തിലാഴ്ത്തുന്നു എന്നാല്‍ കല്ക്കരിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജം കൂടുതലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കയറ്റുമതി വ്യവസായങ്ങള്‍ക്കും മറ്റുമാണ്.

ഇതുകൂടാതെ. ഇന്ത്യാഗവണ്‍മെന്റ് അനസ്യൂതം അനുവദിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളും (SEZ) കൃഷിനാശത്തിനും സാധാരണ കര്‍ഷകര്‍ക്ക് അവരുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുന്നതിനും, പരിസ്ഥിതി തകര്‍ച്ചക്കും കാരണമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയുമാണ്. പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദനശിവ പറയുന്നു, “ ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത് അത്യാഗ്രഹം മൂലമുള്ള പ്രതിസന്ധിയാണ് സ്വതന്ത്രകമ്പോളത്തിന്റെയും മത്സരത്തിന്റെയും പേരുപറഞ്ഞ് ലോകക്രമത്തെത്തന്നെ അത്യാഗ്രഹികളുടെ നിയന്ത്രണത്തിനു വിട്ടിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റണം എന്നാണ് ഈ അത്യാഗ്രഹികള്‍ പറയുന്നത്. മണ്ണിനേയും, പ്രകൃതിയേയും ഇവര്‍ കണക്കറ്റ് ചൂഷണം ചെയ്യുകയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭൂഗോളത്തെയാകെ നശിപ്പിക്കും. രാസവളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കും. രാസവളങ്ങളുടെ ഉത്ഭവംതന്നെ യുദ്ധത്തെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളില്‍ നിന്നുമാണ്.”

മുതലാളിത്തം പ്രകൃതിയേയും മനുഷ്യനേയും ചൂഷണം ചെയ്ത് ഒരുപിടി മനുഷ്യര്‍ക്കുമാത്രം സുഖമായി ജീവിക്കാന്‍ കഴിയുന്നതും, ബാക്കി ബഹുഭൂരിപക്ഷത്തെ ദുരിതത്തിലാഴ്ത്തുന്നതുമായ ഒരു സംവിധാനമാണെന്ന് സമകാലീന സംഭവവികാസങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ ലാഭതൃഷ്ണ മനുഷ്യസമൂഹത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉല്പാദന ഉപകരണങ്ങളുടേയും ഉല്‍പ്പന്നങ്ങളുടേയും അവയുടെ വിതരണത്തിന്റേയും നിയന്ത്രണം തൊഴിലാളി വര്‍ഗ്ഗത്തിനു ലഭിക്കാതെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവില്ല എന്നാണ് ഇത് കാണിക്കുന്നത്.

-ജോസ്.റ്റി.എബ്രഹാം

1. The IPCC is a Scientific intergovernmental Body set up by the world Meteorological Organisation (WMO) and by the United Nations Environment Programme (UNEP)]

2. Geeen house gases: കാര്‍ബണ്‍ഡയോക്സൈഡ്, നീരാവി, നൈട്രസ് ഓക്സൈഡ് തുടങ്ങി വാഹനങ്ങള്‍ പുറത്തേക്കു വിടുന്നതും, കല്‍ക്കരി കത്തിക്കുമ്പോഴുണ്ടാകുന്നതും മറ്റുമായ വാതകങ്ങള്‍ ഇവ ഭൂമിയെ പൊതിഞ്ഞ് താപപ്രസരണം തടസ്സപ്പെടുത്തുന്നതുമൂലം ഭൂമിയിലെ ചൂട് ഉയരുന്നു.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാഭം മാത്രം ലക്ഷ്യമാക്കി പ്രകൃതി വിഭവങ്ങള്‍ വിവേചനരഹിതമായി ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉല്പാദന വിതരണ പ്രക്രിയയിലൂടെ ഭൂഗോളത്തിലെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് നാനാതരത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് പാരിസ്ഥിതിക പ്രശ്നത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും ദരിദ്രജനവിഭാഗങ്ങളാണ്...

ശ്രീ.ജോസ് റ്റി.എബ്രഹാം എഴുതിയ ലേഖനം...

Baiju Elikkattoor said...

വ്യാവസായിക വിപ്ലവത്തിന്റെ സുഖഭോഗങ്ങളില്‍ മാനവരാശി ഏതാണ്ട് ആറടി തീരാറായി. ഇനീ അതിന്റെ ഭാവിഷൃത്തുകളാണ് നാം നേരിടാന്‍ പോകുന്നത്. For every action there is equal and opposite reaction എന്ന തത്വം എല്ലാത്തിനും ബാധകമാണ്. പത്തൊന്പതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം ലോക ജനസംഖൃയില്‍ അഭുതപൂര്‍വ്വമായ വളര്‍ച്ച - ഏതാണ്ട് ആറിരട്ടി - എണ്ണ സമ്പത്തും വ്യവസായം വിപ്ലവും മൂലമാണ് എന്ന് കണക്കകപ്പെടുന്നു. ഈ അസന്തുലിതാവസ്ഥ എങ്ങിനെയും നേരെ ആയെ പറ്റു. അത് പ്രകൃതി നിയമം. എന്നാല്‍ മുതളിതത്തിന്റെ കേടുതികള്‍ക്ക് നല്‍കേണ്ടി വരുന്ന വില ലോകത്തെങ്ങുമുള്ള അധസ്ഥിതരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പാണെന്നതാണ് നമ്മുടെ ദുരന്തം!