Saturday, May 31, 2008

പരമാധികാരത്തിന് പണയാധാരം ചമയ്ക്കുമ്പോള്‍

കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ ഒരു വലിയനിരതന്നെ ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊള്ളുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം നിലവില്‍ വന്ന ഈ നവസ്വതന്ത്ര രാജ്യങ്ങളാണ് മൂന്നാം ലോകരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. 1945 ല്‍ രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ഫാസിസത്തിനുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ഐതിഹാസികവിജയം, ശക്തമായ ഒരു സോവിയറ്റ് ചേരിയുടെ ആവിര്‍ഭാവം എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദേശീയ വിമോചന സമരങ്ങള്‍ കോളനിരാജ്യങ്ങളിലാകെ കരുത്താര്‍ജിച്ചു. ഇതോടൊപ്പം ബ്രിട്ടനുള്‍പ്പെടെയുള്ള കൊളോണിയല്‍ ശക്തികള്‍ ദുര്‍ബലപ്പെടുക കൂടി ചെയ്തതാണ് ഇരുപതാം നൂറ്റാണ്ടിലെ അപകോളനീകരണ പ്രക്രിയെ ത്വരിതപ്പെടുത്തിയത്. ഈ അപകോളനീകരണ പ്രക്രിയയുടെ മുഖ്യമായ ഉള്ളടക്കം എന്തായിരുന്നു? കൊളോണിയല്‍ ശക്തികളുടേയും അവരുടെ കീഴിലുള്ള വന്‍കിട മൂലധനത്തിന്റേയും ആധിപത്യത്തില്‍ നിന്ന് നവസ്വതന്ത്രരാജ്യങ്ങള്‍ തങ്ങളുടെ പ്രകൃതിവിഭവങ്ങളുടേയും സമ്പത്തിന്റേയും ഉടമസ്ഥത വീണ്ടെടുത്തു എന്നതായിരുന്നു അത്. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ പൊതുമേഖല കെട്ടിപ്പടുത്തതും ബാങ്ക്, അടിസ്ഥാന വ്യവസായങ്ങള്‍, എണ്ണയടക്കമുള്ള പ്രകൃതിവിഭവസ്രോതസ്സുകള്‍ എന്നിവയുടെ ദേശസാല്‍ക്കരണം നടപ്പിലാക്കിയതും അങ്ങിനെയായിരുന്നു. ഈ നടപടികളിലൂടെ തങ്ങളുടെ സാമ്പത്തിക പരമാധികാരം ഉറപ്പുവരുത്തിക്കൊണ്ട് രാഷ്ട്രീയ പരമാധികാരത്തെ ശക്തിപ്പെടുത്താനാണ് മൂന്നാം ലോകരാജ്യങ്ങള്‍ പരിശ്രമിച്ചത്.

വീണ്ടും കോളനിവല്‍ക്കരണം

എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളായപ്പോഴേക്കും മുതലാളിത്തവികാസം ആഗോളവല്‍ക്കരണത്തിന്റെ സവിശേഷഘട്ടത്തിലെത്തി. ഇതൊടൊപ്പം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസ്‌റ്റ് ചേരി നേരിട്ട തിരിച്ചടികളും കൂടിയായപ്പോള്‍ ലോകശാക്തിക ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് മേധാവിത്വം കൈവന്നു. ഇതോടെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഗതിവേഗമാര്‍ജിക്കുകയും മൂന്നാംലോകരാജ്യങ്ങളുടെ സാമ്പത്തിക പുനര്‍കോളനീകരണ പ്രക്രിയ അതിന്റെ മുഖ്യ ഉള്ളടക്കമായിത്തീരുകയും ചെയ്തു. സ്വതന്ത്ര രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരത്തിനു നേരെയുള്ള നിരന്തരകടന്നാക്രമണങ്ങളും രാഷ്ട്രപരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളുമായി സാമ്രാജ്യത്വ ആഗോളവല്‍ക്കരണം പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

ഐ എം എഫ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ വായ്പാകരാറുകളിലൂടെയും ലോകവ്യാപാരസംഘടനയുടെ വ്യാപരകരാറുകളിലൂടേയും നവലിബറല്‍ നയങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. ധനമൂലധനത്തെ പ്രീണിപ്പിക്കുന്നതിനായുള്ള ഇളവുകളുടെ ധാരാളിത്തം ദേശീയ ഗവണ്‍മെന്റുകളുടെ നികുതികളുള്‍പ്പെടെയുള്ള വരുമാനത്തിന്റെ ഇടിവ്, സാമൂഹ്യ സാമ്പത്തിക ഉത്തരവാദത്തങ്ങളില്‍ നിന്നുള്ള ഭരണകൂടത്തിന്റെ പിന്‍മാറ്റം, ഈ ശൂന്യതയിലേക്ക് സ്വദേശിയും വിദേശിയുമായ സ്വകാര്യമൂലധനത്തിന്റെ കടന്നുവരവ് എന്നിവ പുത്തന്‍ നയങ്ങളുടെ മുഖമുദ്രയാണ്. ഇതെല്ലാം സാമ്പത്തിക നയരൂപീകരണത്തിനും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ക്കും ഉള്ള ഭരണകൂടത്തിന്റെ അധികാരത്തെ വന്‍തോതില്‍ കവര്‍ന്നെടുക്കുന്നു. ദേശീയ നിയമങ്ങള്‍ പലതും ബ്രട്ടന്‍വുഡ് സ്ഥാപനങ്ങളുടേയും ലോകവ്യാപാരസംഘടനയുടേയും കരാറുകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പൊളിച്ചെഴുതപ്പെടേണ്ടി വരുന്നു. ഇങ്ങനെ സാമ്പത്തിക പരമാധികാരം അപഹരിക്കപ്പെടുന്നതിന് സമാന്തരമായി രാഷ്ട്രീയ പരമാധികാരത്തിനു നേരെയുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും വര്‍ദ്ധിച്ചുവരുന്നു. പലപ്പോഴും നഗ്നമായ സൈനിക അധിനിവേശവും രാഷ്ട്രീയ ആധിപത്യസ്ഥാപനവുമായി അതുമാറുകയും ചെയ്യുന്നു. ഇറാഖില്‍ സംഭവിച്ചതും ഇറാന്‍, സിറിയ, ക്യൂബ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കാന്‍ പാകത്തില്‍ 'വാഴ്ചാമാറ്റം' എന്ന അപരിഷ്കൃത സിദ്ധാന്തം തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.

മൂലധനം എന്ന യജമാനന്‍

ഈ പശ്ചാത്തലത്തിലാണ് ദേശീയപരമാധികാരം പ്രതിരോധിക്കുക എന്നത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ മുഖ്യ മുദ്രാവാക്യവായി മാറുന്നത്. ഇന്ത്യയിലും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ട 91നുശേഷം രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പരമാധികാരത്തിനുനേരെ സാമ്രാജ്യത്വ കടന്നാക്രമണം രൂക്ഷമാവുകയും ഭരണാധികാരികള്‍ അതിനു മുമ്പില്‍ പതറുകയും പലപ്പോഴും വഴങ്ങുകയും ചെയ്യുന്ന അനുഭവങ്ങളാണുള്ളത്. നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്തുതന്നെ പ്രകടമായിത്തുടങ്ങിയ ഈ പ്രവണതകള്‍ ബി ജെ പി നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കാലത്ത് കൂടുതല്‍ ശക്തിപ്പെട്ടു. ഇപ്പോഴത്തെ യു പി എ ഗവണ്‍മെന്റാകട്ടെ നവലിബറല്‍ നയങ്ങളോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയും വിധേയത്വവും നിമിത്തം ദേശീയപരമാധികാരവും താല്‍പ്പര്യങ്ങളും ബലികഴിക്കാന്‍ പോലും മടികാണിക്കാതിരുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാനപ്പെട്ട മൂന്ന് നടപടികള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സമയോചിതമായ ഇടപെടലും ഉറച്ച നിലപാടും മൂലം രാജ്യതാല്‍പ്പര്യങ്ങള്‍ ഒരുപരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും ആപത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ് എന്നതുകൊണ്ട് ജാഗ്രത തുടരേണ്ടതുണ്ട്.

ഒന്നാമതായി പൊതുമേഖലയുടെ കാര്യം തന്നെയാണ്. പൊതുമേഖല സ്ഥാപിക്കപ്പെട്ടതുതന്നെ സ്വന്തം വിഭവങ്ങള്‍ക്കും സമ്പത്തിനും മേലുള്ള നിയന്ത്രണം വീണ്ടെടുക്കുന്നതിന്റെയും സ്വാശ്രിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേയും ഭാഗമായിട്ടാണ് എന്ന് ചൂണ്ടിക്കാണിച്ചുവല്ലോ. ആ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ നമ്മുടെ ആസ്തികളും വിഭവങ്ങളും കൊള്ളയടിക്കപ്പെടുകയും സമ്പദ്‌വ്യവസ്ഥക്കുമേല്‍ രാജ്യത്തിനുള്ള നിയന്ത്രണം വന്‍തോതില്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും പൊതുമേഖലാ ആസ്തികള്‍ നിസ്സാരവിലക്ക് കയ്യടക്കപ്പെടുന്ന സ്ഥിതി ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്. പ്രാകൃത മൂലധനസമാഹരണത്തിന്റേതായ നവജാത മുതലാളിത്തത്തിന്റെ ഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന നിലയിലാണ് പൊതുആസ്തികള്‍ കൊള്ളയടിക്കപ്പെടുന്നത് എന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെ മറ്റ് പലഘടകങ്ങള്‍ക്കുമെതിരായത് എന്നതുപോലെ പൊതുമേഖലവിറ്റുതുലക്കുന്നതിനെതിരായ ജനവിധികൂടിയാണ് 2004 ലെ ലോക്‍സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇക്കാര്യം ശക്തിയുക്തം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ് ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന പൊതുമിനിമം പരിപാടി (സി എം പി)യില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ സി എം പിയ്ക്ക് വിരുദ്ധമായി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ പ്രധാനസ്ഥാനമുള്ള 'നവരത്ന' സ്ഥാപനങ്ങളുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കെതിരായി ഇടതുപക്ഷം നടത്തിയ കടുത്ത ചെറുത്തുനില്‍പ്പിനൊടുവില്‍ ആ തീരുമാനങ്ങള്‍ തല്‍ക്കാലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ ചിദംബരവും അനുചരന്മാരും ഇപ്പോഴും തക്കം പാര്‍ത്തിരിക്കുകയാണ്.

രണ്ടാമതായി വിദേശനിക്ഷേപത്തിന് സമ്പദ്ഘടനയുടെ വിവിധ മേഖലകള്‍ കൂടുതല്‍ തുറന്നുകൊടുക്കാനും ധനമൂലധനത്തെ പ്രീണിപ്പിക്കാനുമുള്ള നടപടികള്‍ സാമ്പത്തിക പരമാധികാരം ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുന്നവയാണ്. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപപരിധി ഉയര്‍ത്താനും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍, ചില്ലറവില്‍പ്പന മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ നടത്തിയ നീക്കങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. ബാങ്ക് ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് മേധാവിത്വം ലഭിക്കുന്നത് സാമ്പത്തിക ആശ്രിതത്വം വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഇക്കാര്യത്തിലും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് തുണയായി. പക്ഷേ ഇതിനര്‍ഥം ഈ നടപടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ എന്നേക്കുമായി ഉപേക്ഷിച്ചു എന്നല്ല. സമരം തുടരേണ്ടതുണ്ട് എന്നര്‍ഥം.

അമേരിക്കയുടെ കെണിയില്‍

മൂന്നാമതായി, അമേരിക്കയുമായി 'തന്ത്രപരമായ സാമ്പത്തികസഖ്യം' സ്ഥാപിക്കാനുള്ള മന്‍മോഹന്‍ സിങ്ങിന്റെ നീക്കത്തിന്റെ ഭവിഷ്യത്തുകളും ഗുരുതരമാണ്. ബുഷിന്റേയും മന്‍മോഹന്റേയും പരസ്പരസന്ദര്‍ശനങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാനധാരണകളിലൊന്ന് ഇന്ത്യാ-യുഎസ് സി ഇ ഒ ഫോറത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ചാണ്. ഈ ഫോറത്തിന്റെ 30 നിര്‍ദ്ദേശങ്ങളില്‍ 21 ഉം അമേരിക്കന്‍ കുത്തകള്‍ക്കും മൂലധനത്തിനും മാത്രം ഗുണം ചെയ്യുന്നതാണ്. മൊണ്‍സാന്റോ, വാള്‍മാര്‍ട്ട് തുടങ്ങിയ വിനാശകാരികളായ അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകകളും മറ്റുമാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍ ചരടുവലിക്കുന്ന പ്രധാനശക്തികള്‍ എന്നതില്‍നിന്നുതന്നെ ഫലം ഊഹിക്കാവുന്നതാണല്ലോ. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ അടിത്തറ പൊളിച്ചെഴുതുകയും അമേരിക്കന്‍ മൂലധനത്തിന് പിടിമുറുക്കാന്‍ അവസരം കിട്ടുകയുമായിരിക്കും ഇതിലൂടെ ഉണ്ടാവുക.

അമേരിക്കയുമായുളള ഈ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന്റെ തുടര്‍ച്ചയാണ് സൈനിക സഹകരണവും വിവാദമായ ആണവകരാറുമെല്ലാം. അതായത്, സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ തലങ്ങളുള്ള 'തന്ത്രപരമായ ഒരു സഖ്യം' അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുന്നുവെന്നര്‍ഥം. ഈ തന്ത്രപരമായ സഖ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രഗുരുതരമായിരിക്കുമെന്ന് ആണവകരാറും ഈ കരാറിനുവേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഹൈഡ് നിയമവും വ്യക്തമാക്കുന്നുണ്ട്. ആണവകരാറിലേയും ഹൈഡ് നിയമത്തിലേയും നിരവധി വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും സ്വതന്ത്രവിദേശനയത്തിനും തീര്‍ത്തും എതിരാണ്. ഇന്ത്യ ഭാവിയില്‍ ആണവപരീക്ഷണം നടത്താന്‍ പാടില്ല എന്ന വ്യവസ്ഥ തന്നെ ഒരു ഉദാഹരണം. ഇന്ത്യ ആണവപരീക്ഷണം നടത്തരുത് എന്നത് ഇന്ത്യ സ്വയം സ്വീകരിക്കേണ്ട മാതൃകാപരമായ ഒരു തീരുമാനമാണ്. ആണവപരീക്ഷണം ഇന്ത്യ നടത്താതിരിക്കുന്നതാണ് അഭിലഷണീയം എന്നു പറയുമ്പോള്‍ തന്നെ അക്കാര്യം അമേരിക്കയോടുള്ള ഒരു ബാധ്യതയായിത്തീരുന്നു. അത് ഒരിക്കലും സ്വീകാര്യമല്ല. ഒരു പരമാധികാര രാജ്യത്തിന്റെ നയപരമായ തീരുമാനമെടുക്കാനുള്ള അധികാരം ഇവിടെ മറ്റൊരു രാഷ്ട്രത്തിന് അടിയറവെക്കപ്പെടുകയാണ്. ഹൈഡ് നിയമത്തില്‍ പറയുന്ന മറ്റൊരു വ്യവസ്ഥ, ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ നയത്തിന് അനുസൃതമാണെന്ന് വര്‍ഷാവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നതാണ്. യു എസ് പ്രസിഡന്റിനോ കോണ്‍ഗ്രസ്സിനോ ഇന്ത്യയുടെ വിദേശനയം തൃപ്തികരമായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ അത് കാരണമായിത്തീരും, അതിനര്‍ഥം കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കപ്പെടുക വൈറ്റ്ഹൌസിലായിരിക്കും എന്നാണ്. സാമ്രാജ്യത്വ യജമാനന്റെ സൂക്ഷ്മപരിശോധനക്കും സ്വഭാവസര്‍ട്ടിഫിക്കറ്റിനും ഇന്ത്യവിധേയമായിത്തീരണം എന്ന് വ്യവസ്ഥ ചെയ്യപ്പെടുമ്പോള്‍ പരമാധികാരം എന്ന തത്വത്തിന് തന്നെ എന്തു പ്രസക്തിയാണുള്ളത്? ഇന്ത്യ ആണവസാമഗ്രികള്‍ നിര്‍മ്മിച്ചുകൂടാ രാജ്യത്തിനകത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അത്തരം സാമഗ്രികള്‍ മാറ്റിക്കൂടാ, ഇന്ത്യയുടെ ആണവനിലയങ്ങള്‍ അമേരിക്കന്‍ പരിശോധകര്‍ക്ക് തുറന്നുകൊടുക്കണം തുടങ്ങിയ വ്യവസ്ഥകളും ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലുകളല്ലാതെ മറ്റെന്താണ്?

ആണവകരാറിനൊപ്പം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'പ്രതിരോധ ചട്ടക്കൂട് കരാര്‍' ലോജിസ്‌റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്നിവയും ദേശീയപരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുന്നവയാണ്. ലോജിസ്‌റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് പ്രകാരം അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യയുടെ നാവിക വ്യോമതാവളങ്ങളും ഇന്ത്യന്‍ ഭൂപ്രദേശവും മൂന്നാമതൊരു രാജ്യത്തിനെതിരെ സൈനികനീക്കത്തിന് ഉപയോഗിക്കാനുള്ള അധികാരം ലഭിക്കും! സംയുക്ത സൈനികാഭ്യാസങ്ങളും ആയുധക്കച്ചവടവും പ്രതിരോധസഹകരണവുമെല്ലാമായി ഇന്ത്യ അമേരിക്കയുടെ ഏഷ്യയിലെ പങ്കാളിയായിത്തീരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുതന്നെ അത് ഭീഷണിയാകും. ഈ ഗൌരവസ്ഥിതി മനസ്സിലാക്കിയാണ് ഇടതുപക്ഷം കടുത്ത ചെറുത്തുനില്‍പ്പ് നടത്തിയതും ആണവകരാറിന്റെ തുടര്‍നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചതും. പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷവും കരാറിനെതിരാണ് എന്നതുപോലും കണക്കിലെടുക്കാതെയാണ് കരാറുമായി മുന്നോട്ടുപോകാന്‍ യു പി എ സര്‍ക്കാര്‍ വ്യഗ്രതകാണിച്ചിരുന്നത് എന്നോര്‍ക്കണം. പാര്‍ലമെന്റിനെ അവഗണിക്കുക എന്നാല്‍ ഇന്ത്യന്‍ ജനതയുടെ ഇച്ഛയെത്തന്നെ അവഗണിക്കുക എന്നാണര്‍ഥം.

അനുസരണയുള്ള രാജ്യം

ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതിനുമുമ്പുതന്നെ ഇന്ത്യ കൂടുതലായി അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിച്ചു തുടങ്ങുകയും വാഷിങ്ടണ്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍പ്പോലും ഇടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയത് സാമ്രാജ്യത്വവിധേയത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. മറ്റൊരു ചേരിചേരാരാജ്യവും ഇതുചെയ്തില്ലെന്ന് ഓര്‍ക്കണം. ഇറാന്‍ പാകിസ്ഥാന്‍ ഇന്ത്യാ പൈപ് ലൈന്‍ പദ്ധതിയില്‍നിന്ന് ഇടക്കാലത്ത് ഇന്ത്യ പിന്‍മാറിയതും അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.(ഇപ്പോള്‍ എണ്ണവില വര്‍ദ്ധനയെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്). പൈപ് ലൈന്‍ പദ്ധതിക്കുവേണ്ടി ശക്തമായി നിലകൊണ്ട മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍ നിന്നുതന്നെ മാറ്റി അവിടെ അമേരിക്കന്‍ പക്ഷപാതിയായ മുരളിദേവ്റയെ പ്രതിഷ്ഠിച്ചത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അമേരിക്കന്‍ സ്വാധീനം എത്രയെന്ന് വ്യക്തമാക്കുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ പുതിയ ചങ്ങാത്തത്തിനു പിന്നിലുള്ളതും അമേരിക്കയുടെ ഇംഗിതമാണ്. പലസ്തീന്‍ ജനതയേയും ഇതര അറബ് രാജ്യങ്ങളേയും ലക്ഷ്യം വെക്കുന്നതിന് ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ ചാരഉപഗ്രഹം വിക്ഷേപിച്ചതും ഇന്ത്യയായിരുന്നു. ഇസ്രായേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നതും ഇന്ത്യതന്നെ. പലസ്തീനിലെ കുഞ്ഞുങ്ങളേയും നിസ്സഹായരായ മനുഷ്യരേയും കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്ന അതേ ആയുധങ്ങളുടെ പങ്കുപറ്റുന്നവരാക്കി ഇന്ത്യയെ മാറ്റിയത് യു പി എ സര്‍ക്കാരാണ്. പലസ്തീനിന്റെ എക്കാലത്തേയും നല്ല സുഹൃത്തായിരുന്ന ഇന്ത്യയെ ഇസ്രയേലി കൊലയാളികളുടെ കൂടാരത്തിലെത്തിച്ചതാകട്ടെ അമേരിക്കന്‍ സമ്മര്‍ദവും. ആഗോളവല്‍ക്കരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിലൂടെ മുന്‍ ബി ജെ പി സര്‍ക്കാരും ഇപ്പോഴത്തെ യു പി എ സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യയെ സാമ്പത്തികവും രാഷ്ട്രീയവുമായ ആശ്രിതത്വത്തിന്റെ ആപത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കാനാണിത്രയും പറഞ്ഞത്. ദേശീയ പരമാധികാരം സംരക്ഷിക്കാനുള്ള സമരം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ മുഖ്യമുദ്രാവാക്യമായി ഉന്നയിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

--ശ്രീ എം ബി രാജേഷ്, കടപ്പാട്: യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ ഒരു വലിയനിരതന്നെ ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊള്ളുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം നിലവില്‍ വന്ന ഈ നവസ്വതന്ത്ര രാജ്യങ്ങളാണ് മൂന്നാം ലോകരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. 1945 ല്‍ രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ഫാസിസത്തിനുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ഐതിഹാസികവിജയം, ശക്തമായ ഒരു സോവിയറ്റ് ചേരിയുടെ ആവിര്‍ഭാവം എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദേശീയ വിമോചന സമരങ്ങള്‍ കോളനിരാജ്യങ്ങളിലാകെ കരുത്താര്‍ജിച്ചു. ഇതോടൊപ്പം ബ്രിട്ടനുള്‍പ്പെടെയുള്ള കൊളോണിയല്‍ ശക്തികള്‍ ദുര്‍ബലപ്പെടുക കൂടി ചെയ്തതാണ് ഇരുപതാം നൂറ്റാണ്ടിലെ അപകോളനീകരണ പ്രക്രിയെ ത്വരിതപ്പെടുത്തിയത്.

ശ്രീ എം ബി രാജേഷ് എഴുതിയ ലേഖനം.