Monday, September 22, 2008

സ്വതന്ത്ര സോഫ്റ്റ് വെയര്‍ രണ്ടാം ദേശീയ സമ്മേളനം കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് 2008 നവംബറില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ രണ്ടാം ദേശീയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു

വിവര സാങ്കേതിക വിദ്യയുടെ അതി വേഗത്തിലുള്ള വികാസം മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമയവും സ്ഥാപനങ്ങളുടെ നടത്തിപ്പും വ്യാപാര-വ്യവസായ പ്രവര്‍ത്തനങ്ങളും പുതിയ രീതിയിലേയ്ക്ക് പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള വിവര വിനിമയ ശൃംഖല (Internet) യുടെ ഉദയം, ഒരു പുതിയ ഇടം തന്നെ, സൈബര്‍ വിഹാര രംഗം, സൃഷ്ടിച്ചിരിക്കുന്നു, വിവിധ സമൂഹങ്ങളെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി ഒരൊറ്റ ആഗോള കൂട്ടായ്മയില്‍ കൂട്ടിയിണക്കപ്പെടാവുന്ന സാഹചര്യമാണത് തുറന്നു തരുന്നത്. അതോടൊപ്പം ലോകത്തെ ഏത് കമ്പോളവും ആഗോള കുത്തകകളുടെ വരുതിയിലാക്കാനുള്ള സാധ്യതയും അത് ഒരുക്കിയിരിക്കുന്നു. ആഗോള മൂലധന ശക്തികള്‍ മാത്രമാണത് ഫലപ്രദമായി ഉപയോഗിക്കുന്നത്. സാധാരണക്കാരും ചെറുകിട ഇടത്തരം സ്ഥാപനങ്ങളും നിലവില്‍ ആശ്രയിക്കുന്ന പരമ്പരാഗത വിവര വിനിമയ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക വിവര വിനിമയ ശൃംഖല അതിന്റെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൊണ്ടും അവയിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കുത്തകാധിപത്യം നിലനില്‍ക്കുന്നതുമൂലമുള്ള അമിത ചെലവു കൊണ്ടും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് അപ്രാപ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പുതിയ സംവിധാനങ്ങളിലേയ്ക്ക് മാറാതിരിക്കാന്‍ കഴിയാതായിരിക്കുന്നു. അതിന്റെ ചെലവ് ഭീമവുമാണ്.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ ആസൂത്രണ സാധ്യത അതുപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വ്യവസായോല്‍പാദനവും വിപണനവും സേവന പ്രദാനവും ഏറെ ആദായകരമാക്കിയിരിക്കുന്നു. അസംസ്കൃത വസ്തുക്കളുടേയും ഉല്‍പന്നങ്ങളുടേയും കടത്തുകൂലി കുറയത്തക്ക തരത്തില്‍ അവയുടെ സ്രോതസും കമ്പോളവും അനുസരിച്ച് ഏറ്റവും അനുയോജ്യ സ്ഥലത്ത് വികേന്ദ്രീകൃതമായി ഉല്‍പാദനം നടത്താം. വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പാദിപ്പിക്കാം. അതുവഴി സ്റ്റോക്കിനാവശ്യമായി വരുന്ന മൂലധനം പരമാവധി കുറയ്ക്കാം. വിറ്റഴിയപ്പെടാത്തവയുടെ ഉല്‍പാദനം പരമാവധി കുറയ്ക്കാം, അങ്ങനെ പാഴ്‌ചെലവ് കുറയ്ക്കാം. ഉല്പാദന കേന്ദ്രങ്ങളുടെ വികേന്ദ്രീകരണത്തിലൂടെ തൊഴിലാളികളുടെ കേന്ദ്രീകരണം, അവരുടെ സംഘടനാ ശേഷി, അവരുടെ വിലപേശല്‍ കഴിവ്, തൊഴിലുറപ്പ് തുടങ്ങിയവയും കുറയ്ക്കാമെന്നായിരിക്കുന്നു. പകരം കാഷ്വല്‍-പാര്‍ടൈം-പുറം കരാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അത്തരത്തിലെല്ലാമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ ആസൂത്രണ സാധ്യത ലഭ്യമല്ലാത്ത ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നടിയുന്നു. തൊഴില്‍ നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യ പോലൊരു രാജ്യത്തിന് താങ്ങാനാവാത്തതാണ്. ചെറുകിട വ്യവസായങ്ങളുടെ ശാക്തീകരണത്തിന് വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ ഉടമസ്ഥതയും അതിലൂടെ ചെലവ് കുറഞ്ഞ പ്രയോഗവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

സേവന മേഖലകളിലെല്ലാം ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും കൂടുതല്‍ പ്രകടമാണ്. വിവരം കൈകാര്യം ചെയ്യപ്പെടുന്ന സര്‍വ്വ മേഖലകളും പുന:സംഘടനയ്ക്ക് വിധേയമാക്കപ്പെടുന്നു. മത്സ്യ ബന്ധനവും കൃഷിയും മുതല്‍ ഭരണ നിര്‍വഹണം വരെയുള്ള സമസ്ത സേവന മേഖലകളിലും വിവരം കൈകാര്യം ചെയ്യപ്പെടുന്നു. സേവന മേഖലകളിലാകട്ടെ, മൊത്തം കൈകാര്യം ചെയ്യപ്പെടുന്ന വസ്തുക്കളില്‍ വിവരത്തിന്റെ അനുപാതം വളരെ കൂടിയിരിക്കും. ഉല്‍പാദനം, വിപണനം, വിതരണം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് തുടങ്ങി ഭരണ നിര്‍വഹണം വരെ വിവരത്തിന്റെ അനുപാതം വര്‍ദ്ധിച്ചുവരുന്നു. കമ്മ്യൂണിക്കേഷന്‍ മേഖലയിലേയ്ക്കെത്തുമ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് വിവരം മാത്രമാകുന്നു. അതുകൊണ്ട് തന്നെ ആ മേഖല സമൂലം മാറിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത വിവര വിനിമയ സംവിധാനങ്ങളായ തപാലും ടെലഗ്രാഫും ആധുനിക വിവര സംവിധാനങ്ങള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. വിവര വിനിമയം ഒരു സേവനമേ അല്ലാതായിരിക്കുന്നു. വിവരാധിഷ്ഠിത സേവനങ്ങള്‍ക്ക് പ്രാധാന്യം കൂടി വരുന്നു.

ചുരുക്കത്തില്‍, എല്ലാ മേഖലകളിലും വിവരം ഉപയോഗിക്കപ്പെടുന്നതിനാല്‍ വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യവും ആ രംഗത്തെ മാറ്റങ്ങള്‍ മൂലമുള്ള ഫലങ്ങളും പ്രത്യാഘാതങ്ങളും എല്ലാവരുടേയും ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നു. വിവര സാങ്കേതിക രംഗത്ത് നിലനില്‍ക്കുന്ന കുത്തകാധിപത്യവും അമിത ചൂഷണവും ആ മേഖലയിലേയ്ക്ക് മറ്റെല്ലാ മേഖലകളില്‍ നിന്നും സമ്പത്തിന്റേയും വിഭവങ്ങളുടേയും ഒഴുക്ക് ശക്തമാക്കുന്നു.

ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്ന സോഫ്റ്റ്‌ വെയര്‍ സാങ്കേതിക വിദ്യ അടുത്ത കാലം വരെ അവരുടെ സ്വന്തമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴില്‍കാര്‍ക്ക് അവരുടെ പണിയായുധങ്ങള്‍ സ്വന്തമായിരുന്നതു പോലെ. അവരുടെ പണിയായുധങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടാണ് ആദ്യകാല മുതലാളിത്തം വളര്‍ന്നത്. അതുപോലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സോഫ്റ്റ് വെയറുകളും കൈയ്യടക്കി. അവയെ നിഗൂഢവല്‍ക്കരിച്ചു. അവയില്‍ പേറ്റന്‍റ് ഏര്‍പ്പെടുത്തി, കുത്തക സ്ഥാപിച്ച്, നിലനിര്‍ത്തുന്നു. തനത് മേഖലയിലെ മേലേക്കിടയിലുള്ള ഒരു ചെറു ന്യൂനപക്ഷം പേര്‍ക്ക് മാത്രം താരതമ്യേന മെച്ചപ്പെട്ട വേതനം നല്‍കിക്കൊണ്ട് മേഖലയിലെ തന്നെ ബഹുഭൂരിപക്ഷത്തേയും ഇതര മുഴുവന്‍ മേഖലകളേയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ് ഇന്ന് ഈ രംഗത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത്. അമിതമായ ലൈസന്‍സ് ഫീ ചെറുകിട-ഇടത്തരം ഐടി സ്ഥാപനങ്ങളുടെ വരുമാനവും ബിസിനസും കുറയ്ക്കുന്നു. ഐടി സേവനങ്ങളുടെ അമിതമായ ചെലവ് അതുപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധുനികവല്‍ക്കരിക്കുന്നതില്‍ നിന്ന് ചെറുകിട ഇടത്തരം വ്യവസായ-വ്യാപാര സ്ഥാപനങ്ങളെ തടയുന്നു. മത്സരത്തില്‍ അവ തകര്‍ന്നടിയുന്നു. മൊത്തത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയും അമിത ലാഭവും തരമായിരിക്കുന്നു. വിവര സങ്കേതിക വിദ്യാ തൊഴിലാളികളുപയോഗിച്ചിരുന്ന, അവരുടെ, പൊതുസ്വത്തായിരുന്നു സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍. അവ തട്ടിയെടുത്ത് ചൂഷണോപധിയാക്കുകയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചെയ്തത്. തങ്ങളുടെ കണ്‍മുമ്പില്‍ നടക്കുന്ന സാമ്രാജ്യത്വ കുടിലതയ്ക്കെതിരെ ആഗോളമായി വിവര സങ്കേതിക വിദ്യാ തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണമായാണ് സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ കൂട്ടായ്മ ഉയര്‍ന്നു വന്നത്.

സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യവും പ്രൊഫഷണലുകളുടെ കൂട്ടായ്മയുമെന്ന ആശയം രൂപപ്പെട്ടതോടെ സോഫ്റ്റ് വെയര്‍ രംഗത്തുണ്ടായ വികാസവും അവയുടെ സാങ്കേതിക മികവിലുണ്ടായ വര്‍ദ്ധനവും അവര്‍ണ്ണനീയമാണ്. ലാഭാധിഷ്ഠിതമായ ഒരു സ്ഥാപനത്തിന്റെ പരിമിതിയും സമൂഹത്തിന്റെ അനന്ത സാധ്യതയും തമ്മിലുള്ള ഗുണപരമായ മാറ്റം ഇവിടെ പ്രകടമാകുന്നു.

ഇന്ത്യയിലും അതിന്റെ അലകള്‍ 1998 മുതല്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നു. 2000-ല്‍ FSF ന്റെ ശാഖ ആരംഭിച്ചു. മിക്ക പട്ടണങ്ങളിലും ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. സജീവമായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ ഫോറം സംഗമത്തോടനുബന്ധിച്ചും പല ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളോടനുബന്ധിച്ചും സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെമിനാറുകളും സമ്മേളനങ്ങളും നടന്ന് പോന്നിട്ടുണ്ട്. കേരളത്തിലെ കരുത്തുറ്റ സ്കൂള്‍ അദ്ധ്യാപക സംഘടനയുടെ ശക്തമായ ഇടപെടല്‍ മൂലം ഹൈസ്കൂള്‍ ക്ലാസുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പഠനം നടപ്പാക്കപ്പെട്ടു. ഐടി@സ്കൂള്‍ പദ്ധതി ഈ രംഗത്തെ സാമൂഹ്യ ഇടപെടലിന്റെ ലോകോത്തര മാതൃകയായി കണക്കാക്കപ്പെടുന്നു. വൈദ്യുതി ബോര്‍ഡിലും തൊഴിലാളികളുടെ ശക്തമായ ഇടപെടല്‍ മൂലം സ്വതന്ത്ര സോഫ്റ്റ് വെയറിലേയ്ക്കുള്ള മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിലവിലുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റേയും അറിവിന്റേയും പ്രാധാന്യം മനസിലാക്കി നയം പ്രഖ്യാപിക്കുകയും നടപടികള്‍ നീക്കിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. നാളിതു വരെ സ്വകാര്യ സോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിച്ച് വന്നിരുന്നതിനാല്‍ മാറ്റം വിഷമമേറിയതാകാം. സര്‍ക്കാര്‍ വകുപ്പുകള്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലേയ്ക്ക് മാറിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഐടി മിഷന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് ഒരു സാര്‍വ്വദേശീയ സെമിനാര്‍ നടത്തുകയാണ്.

2000 ല്‍ തിരുവനന്തപുരത്ത് FSF സ്ഥാപന സമ്മേളനത്തിന് ശേഷം 2007 ല്‍ ഹൈദരാബാദിലാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാത്രം വിഷയമാക്കി ഒരു അഖിലേന്ത്യാ സമ്മേളനം ആദ്യമായി ചേര്‍ന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റ തെലുഗു പ്രാദേശികവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന “സ്വേച്ഛ” എന്ന സന്നദ്ധ സംഘടനയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണത് സംഘടിപ്പിച്ചത്. ഈ രംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാര്‍വ്വദേശീയ സംഘടനയായ FSF ന്റെ ഇന്ത്യാ ചാപ്റ്റര്‍ അതിന് പിന്തുണ നല്‍കി. അതിന്റെ തുടര്‍ച്ചയായി രണ്ടാം സമ്മേളനം കൊച്ചിയില്‍ നടക്കുകയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (CUSAT), ഐടി@സ്കൂള്‍ പ്രോജക്ട്, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS), ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം (OSS ICS) എന്നീ സ്ഥാപനങ്ങളാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്.

സമ്മേളനത്തിന് ആതിഥ്യമരുളുന്ന കൊച്ചി യൂണിവേഴ്സിറ്റി ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ കൊച്ചിയുടേയും കേരളത്തിന്റേയും ഇന്ത്യയുടേയും സാമ്പത്തിക പുരോഗതിക്കായി ജനങ്ങളിലേയ്ക്കെത്തിക്കുന്നതില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. കൊച്ചിയിലെ വ്യവസായങ്ങളും മത്സ്യ മേഖലയും പോലെ ജനങ്ങളുമായി അവരുടെ ദൈനം‌ദിന ജീവിതവുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയെന്ന ഖ്യാതി കൂടുതലുറപ്പിക്കാനുതകുന്ന ഒരു പരിപാടിയാണ് സാങ്കേതിക മികവും സാമ്പത്തിക മെച്ചവും നേടാനുതകുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തേയ്കുള്ള ഈ ചുവടുവെയ്പ്. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘമാകട്ടെ, 1998-1999 ലെ ജില്ലാ പഞ്ചായത്തിന്റെ വിവര വിനിമയ പ്രോജക്ടിന്റെ തുടര്‍ച്ചയും ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘത്തിന്റെപിന്തുണാ സംവിധാനവുമാണ്. ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാങ്കേതിക മികവും അതുപയോഗിച്ചുള്ള ബിസിനസ് മോഡലും പ്രാദേശികമായി തെളിയിച്ച സ്ഥാപനവുമാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവര സാങ്കേതിക മേഖലയില്‍ കൊച്ചിയിലും കേരളത്തിലും വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

നവമ്പര്‍ മാസത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ പോകുന്ന രണ്ട് ദിവസത്തെ ദേശീയ സെമിനാറിനുള്ള സംഘാടക സമിതിക്ക് 18-09-2008 ന് വൈകുന്നേരം 5 മണിക്ക് കൊച്ചി യൂണിവേഴ്സിറ്റി മറൈന്‍ സയന്‍സ് ഡിപ്പാര്‍ട്മെന്‍റ് സെമിനാര്‍ ഹാളില്‍ രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗം രൂപം നല്കി. ഡോ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ സമ്മേളനത്തിന്റെ പശ്ചാത്തലവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ചെറു വിവരണവും ഹൈദരാബാദില്‍ നടന്ന ഒന്നാം സമ്മേളനത്തിന്റെ റിപ്പോര്‍ടും അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി.എം.ദിനേശ് മണി, ഡോ. ജോയ് ജോബ് കുളവേലി എന്നിവരും ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ ശ്രീ പി. രാജീവും സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചും സംസാരിച്ചു. യോഗത്തിന് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘാംഗം ശ്രീ ജോസഫ് തോമസ് സ്വാഗതവും ഓപ്പണ്‍ സോഫ്ട് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണസംഘം ഭരണസമിതി അംഗവും സിസ്റ്റം അനലിസ്റ്റുമായ ശ്രീ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. കൊച്ചി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൊച്ചിയിലെ വിവിധ വിഭാഗം ജനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു സംഘാടക സമിതിയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയും കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ്, കൊച്ചി മേയര്‍ പ്രൊ. മേഴ്സി വില്യംസ്, രാജ്യ സഭാംഗം ശ്രീ കെ. ചന്ദ്രന്‍ പിള്ള, ലോക സഭാംഗം ശ്രീ സെബാസ്റ്റ്യന്‍ പോള്‍, മുന്‍ മന്തിയും നിയമ സഭാംഗവുമായ ശ്രീ കെ. വി. തോമസ്, നിയമ സഭാംഗം ശ്രീ എ. എം. യൂസഫ് എന്നിവര്‍ രക്ഷാധികാരികളുമാണ്. ബഹുമാനപ്പെട്ട നിയമസഭാംഗവും കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ശ്രീ സി. എം. ദിനേശ് മണി സംഘാടക സമിതിയുടെ അദ്ധ്യക്ഷനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ശ്രീ ബി. ചക്രപാണി, ശ്രീ എന്‍. കെ. വാസുദേവന്‍, രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാര്‍ ഡെപ്യൂട്ടി മേയര്‍ ശ്രീ മണിശങ്കര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍‌പേര്‍സണ്‍, ശ്രീമതി ആരിഫ ടീച്ചര്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്മാരുമാണ്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം ലെക്‍ചറര്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോയ് ജോബ് കുളവേലിയാണ് ജനറല്‍ കണ്‍വീനര്‍. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘാംഗം ശ്രീ ജോസഫ് തോമസ് കണ്‍വീനറും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ ബി. പ്രദീപും ഇന്ത്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്ററിന്റെ സ്ഥാപകാംഗം ജെയ് ജേക്കബും ജോയിന്‍റ് കണ്‍വീനര്‍മാരുമാണ്. ഓപ്പണ്‍ സോഫ്ട് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം സെക്രട്ടറി ശ്രീമതി അയിഷ സോമനാണ് ട്രഷറര്‍.

12 ഉപ സമിതികളുടെ അദ്ധ്യക്ഷന്മാരേയും കണ്‍വീനര്‍മാരേയും യോഗം നിശ്ചയിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും അവ പ്രോത്സാഹിപ്പിക്കുന്നതില്‍ താല്‍പര്യമുള്ളവരുടേയും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ചെറുകിട-ഇടത്തരം വ്യവസായങ്ങളുടേയും വിവര സാങ്കേതിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടേയും പ്രൊഫഷണലുകളുടേയും അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടേയും മറ്റിതര സാമൂഹ്യ സംഘടനകളുടേയും പ്രതിനിധികളും അടങ്ങുന്നതാണ് സംഘാടക സമിതി.

യോഗാനന്തരം ചേര്‍ന്ന സംഘാടക സമിതി എക്സിക്യൂട്ടീവിന്റെ ആദ്യ യോഗം സമ്മേളനത്തിന്റെ ബഡ്‌ജറ്റ് തയ്യാറാക്കി അംഗീകരിക്കുകയും വിഭവ സമാഹരണത്തിനുള്ള പരിപാടി തയ്യാറാക്കുകയും ഓഫീസ് നിശ്ചയിക്കുകയും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ വെബ് സൈറ്റ് ഉല്‍ഘാടനം ചെയ്യാനും ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമായി.

10 comments:

വര്‍ക്കേഴ്സ് ഫോറം said...

നവമ്പര്‍ മാസത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ പോകുന്ന രണ്ട് ദിവസത്തെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ രണ്ടാം ദേശീയ സെമിനാറിനുള്ള സംഘാടക സമിതിക്ക് 18-09-2008 ന് വൈകുന്നേരം 5 മണിക്ക് കൊച്ചി യൂണിവേഴ്സിറ്റി മറൈന്‍ സയന്‍സ് ഡിപ്പാര്‍ട്മെന്‍റ് സെമിനാര്‍ ഹാളില്‍ രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു സംഘാടക സമിതിയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയും കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ്, കൊച്ചി മേയര്‍ പ്രൊ. മേഴ്സി വില്യംസ്, രാജ്യ സഭാംഗം ശ്രീ കെ. ചന്ദ്രന്‍ പിള്ള, ലോക സഭാംഗം ശ്രീ സെബാസ്റ്റ്യന്‍ പോള്‍, മുന്‍ മന്തിയും നിയമ സഭാംഗവുമായ ശ്രീ കെ. വി. തോമസ്, നിയമ സഭാംഗം ശ്രീ എ. എം. യൂസഫ് എന്നിവര്‍ രക്ഷാധികാരികളുമാണ്. ബഹുമാനപ്പെട്ട നിയമസഭാംഗവും കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ശ്രീ സി. എം. ദിനേശ് മണി സംഘാടക സമിതിയുടെ അദ്ധ്യക്ഷനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ശ്രീ ബി. ചക്രപാണി, ശ്രീ എന്‍. കെ. വാസുദേവന്‍, രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാര്‍ ഡെപ്യൂട്ടി മേയര്‍ ശ്രീ മണിശങ്കര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍‌പേര്‍സണ്‍, ശ്രീമതി ആരിഫ ടീച്ചര്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്മാരുമാണ്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം ലെക്‍ചറര്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോയ് ജോബ് കുളവേലിയാണ് ജനറല്‍ കണ്‍വീനര്‍. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘാംഗം ശ്രീ ജോസഫ് തോമസ് കണ്‍വീനറും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ ബി. പ്രദീപും ഇന്ത്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്ററിന്റെ സ്ഥാപകാംഗം ജെയ് ജേക്കബും ജോയിന്‍റ് കണ്‍വീനര്‍മാരുമാണ്. ഓപ്പണ്‍ സോഫ്ട് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം സെക്രട്ടറി ശ്രീമതി അയിഷ സോമനാണ് ട്രഷറര്‍.

സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മുന്‍‌നിറുത്തി ഒരു ചെറിയ കുറിപ്പ്

Anonymous said...

കാലം പോയ പോക്കേ! പണിയെത്തിക്കൂ കൈകളിലാദ്യം പിന്നെ മതി കമ്പ്യൂട്ടര്‍ എന്നു പറഞ്ഞവര്‍ ഇന്നിതാ സോഫ്റ്റ്‌ വെയറിണ്റ്റെ വക്താക്കള്‍ ഈ വിന്‍ ഡോസിനു അയ്യായിരം വിലയുള്ളപ്പോള്‍ രെഡ്‌ ഹാറ്റു ലിനക്സിനു സപ്പോറ്‍ട്‌ എന്ന പേരില്‍ ഇരുപത്തയ്യായിരം രൂപ ആണു, മലയാളം ഒക്കെ മര്യാദക്കു വായിക്കണമെങ്കില്‍ ഇപ്പോഴും ഐ എ തന്നെ വേണം ഫയറ്‍ ഫോക്സും ഗൂഗിള്‍ ക്റോമും അത്റ ആയിട്ടില്ല, ഓപ്പണ്‍ ഓഫീസിനെക്കാള്‍ ഈസ്‌ ഓഫ്‌ യൂസ്‌ ഇപ്പോഴും എം എസ്‌ വേഡാണു ഈ സോഫ്റ്റ്‌ വെയറ്‍ ഉണ്ടാക്കാന്‍ ചെലവില്ലേ ആറ്‍ ആന്‍ഡ്‌ ഡീ നടത്തിയതു ആരുടെ അക്കൌണ്ടില്‍ പെടുത്തും, എല്ലാം ഓസിനു മതിയോ? വൈറസ്‌ അറ്റാക്ക്‌ തടയാന്‍ ലിനക്സ്‌ തന്നെ കരുത്തന്‍ അതല്ലാതെ എളുപ്പത്തില്‍ ഒരു സാധനം ഉണ്ടാക്കാനും കാണിക്കാനും പ്റോപ്റൈറ്ററി സോഫ്റ്റ്‌ വെയറ്‍ തന്നെ നല്ലത്‌ ഈ ക്റിഷ്ണയ്യറ്‍ വയസ്സു കാലത്ത്‌ ഇതില്‍ എന്നാ കോണ്ട്റിബ്യൂട്ട്‌ ചെയ്യാനാണോ എന്തൊ? വീ എസ്‌ ഗ്രൂപ്പിലെ ഷാജഹാനു മേയാന്‍ ഒരു ലാവണം എന്നാണു അണിയറയില്‍ കേട്ടത്‌

Anivar said...

2000 ല്‍ തിരുവനന്തപുരത്ത് FSF സ്ഥാപന സമ്മേളനത്തിന് ശേഷം 2007 ല്‍ ഹൈദരാബാദിലാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാത്രം വിഷയമാക്കി ഒരു അഖിലേന്ത്യാ സമ്മേളനം ആദ്യമായി ചേര്‍ന്നത്.

ഇത് പൂര്‍ണ്ണമായും തെറ്റാണ്. നിരവധി അഖിലേന്ത്യാ സമ്മേളനങ്ങള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അനിവര്‍
ഇത്തരമൊരു സമ്മേളനം എല്ലാ പ്രോത്സാഹനവും അര്‍ഹിക്കുന്നുണ്ട് എന്ന ഉത്തമവിശ്വാസത്തിന്റെ പുറത്താണ് സംഘാടക സമിതിയുടെ പത്രക്കുറിപ്പ് ഒരു അറിയിപ്പായി പ്രസിദ്ധീകരിച്ചത്. താങ്കളുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ടു. വിമര്‍ശന വിധേയമായ പരാമര്‍ശത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംഘാടക സമിതി കണ്‍വീനര്‍ ഏറ്റെടുത്തിട്ടുണ്ട് . എന്നു മാത്രമല്ല അഖിലേന്ത്യാ തലത്തില്‍ പങ്കാളിത്തം ഉണ്ടാക്കാന്‍ ശ്രമം നടന്ന മറ്റേതെങ്കിലും സമ്മേളനത്തെക്കുറിച്ചുള്ള വസ്തുതകള്‍ ലഭ്യമാക്കിയാല്‍ മേല്‍ പരാമര്‍ശം തിരുത്തുന്നതുമാണെന്ന് അദ്ദേഹമറിയിച്ചിട്ടുമുണ്ട്.

Anivar said...

This only shows the ignorance of Organising comitee convener . I request him to check with anyone from free software community.. I feel it will be good if they can check it atleast with Anil from OSSICS or Jay Jacob from Ilug cochin before making these kind of false claims.

Atleast I attended more than 20 events in national level in the time span of 2004-2007

Anivar

Vivara Vicharam said...

അനിവര്‍ പറയുന്നത് പോലെ രാജ്യത്തെന്പാടുമായി ഇരുപതല്ല, അതിന്‍റെ എത്റയോ ഇരട്ടി സമ്മേളനങ്ങള്‍ സ്വതന്ത്റ സോഫ്റ്റ് വേര്‍ വിഷയമാക്കി നടന്നിട്ടുണ്ട്. പക്ഷെ, അവയൊക്കെ പ്റാദേശിക പരിപാടികളായിരുന്നു. അതില്‍ വിദഗ്ദരെന്ന നിലയില്‍ അനിവറിനെപ്പോലുള്ളവര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് പങ്കെടുത്തിട്ടുമുണ്ട്.

അഖിലേന്ത്യാ സമ്മേളനത്തിന് മാനദണ്ഡമായി കണക്കാക്കുക, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ, എത്ര പേര് പങ്കെടുത്തു എന്നള്ളതാണ്. ശ്രമിച്ചാലും ആദ്യ ഘട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളെത്തിയെന്ന് വരില്ല. പ്രസ്ഥാനം വ്യാപിക്കുന്ന മുറയ്ക്ക് അത് വളരും. അങ്ങിനെയൊരു ശ്രമം ഹൈദരാബാദില്‍ നടന്നു.
വേറെ നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിരുക്കാണിച്ചാല്‍ സംഘാടക സമിതിക്ക് തിരുത്താമല്ലോ. രേഖകളും ശരിയായിരിക്കുമല്ലൊ.
പ്രാദേശികമായി പ്റതിനിധികളും പുറത്ത് നിന്നും വിദഗ്ദ്ധരുമായാല്‍ അതൊരു പ്രാദേശിക സമ്മേളനമായേ കണക്കാക്കാനാവൂ.

Anonymous said...

foss.in വളരെക്കാലമായി ദേശീയതലത്തില്‍ നടക്കുന്ന ഒരു സമ്മേളനമാണു്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനമാണിതു്. GNUnify, FreeDel, Mukt.in ... തുടങ്ങി മറ്റനേകം സമ്മേളനങ്ങളും വര്‍ഷങ്ങളായി നടക്കുന്നതാണു്. കേരളത്തില്‍ തന്നെ എല്ലാ വര്‍ഷവും കോഴിക്കോടു് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വച്ചു് ദേശീയ തലത്തിലുള്ള FOSSMeet.in സെമിനാര്‍ നടക്കാറുണ്ടു്. ഒരു സമ്മേളനം മാത്രമേ ഇതിനു് മുമ്പു് നടന്നിട്ടുള്ളൂ എന്നു് പറയുന്നതു് ഇത്രയും കാലമായി നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ധാരണയില്ലെന്നാണു് കാണിയ്ക്കുന്നതു്. ഇതിനു് പുറമെ ജിപിഎല്‍ മൂന്നാം പതിപ്പു് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പല അന്താരാഷ്ട്ര സമ്മേളനങ്ങളും ഇവിടെ നടന്നിട്ടുണ്ടു്.

Anonymous said...

"ഈ രംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാര്‍വ്വദേശീയ സംഘടനയായ FSF ന്റെ ഇന്ത്യാ ചാപ്റ്റര്‍ അതിന് പിന്തുണ നല്‍കി."

ആ പരിപാടിയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ടു് FSF
പിന്തുണ മാത്രമല്ല ഈ പരിപാടി സംഘടിപ്പിച്ചവരിലൊന്നായിരുന്നു എന്നു്.

മൂന്നു് സംഘടനകള്‍ കൂടിച്ചേര്‍ന്നു് നടത്തിയ പരിപാടിയില്‍ നിന്നും ഒരാള്‍ മാത്രം ഇപ്പോള്‍ പിന്തുണച്ച സംഘടനയായതെങ്ങനെയെന്നു് എനിയ്ക്കറിയില്ല. ഇതുപോലുള്ള അവകാശവാദങ്ങളുന്നയിയ്ക്കുമ്പോള്‍ നിജസ്ഥിതി ഉറപ്പു് വരുത്താനുള്ള ശ്രമം കൂടി നടന്നാല്‍ നന്നായിരുന്നു.

പരിപാടിയ്ക്കു് എല്ലാ ഭാവുകങ്ങളും നേരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സജീവ പങ്കാളിത്തം പ്രതീക്ഷിയ്ക്കാം.

Unknown said...

FSF ഇന്ത്യയും SWECHA എന്ന സംഘടനയും ചേര്‍ന്നാണു് ഹൈദരാബാദിലെ സമ്മേളനം സംഘടിപ്പിച്ചതു്. അതിന്റെ രണ്ടാം പതിപ്പു് എന്നവകാശപ്പോട്ടുകൊണ്ടു് മൂന്നാമതൊരു കൂട്ടര്‍ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതു് ശരിയല്ല എന്നു തോന്നുന്നു. അങ്ങനെ അവകാശപ്പെടാതെതന്നെ ചെയ്യാമായിരുന്നല്ലോ.

Anivar said...

ചൂണ്ടിക്കാണിച്ചാല്‍ തിരുത്താമെന്നു സംഘാടകസമിതി പറഞ്ഞിരുന്നല്ലോ. ഇതു തിരുത്ത്യോ എന്നു കൂടി ഇവിടെ അപ്‌ഡേറ്റ് ചെയ്താ നന്നായിരിക്കും