Monday, October 6, 2008

വെള്ളം, ഭക്ഷണം, ഇന്ധനം: അടിസ്ഥാനാവശ്യങ്ങള്‍ അപകടത്തില്‍

സ്വതന്ത്ര കമ്പോളത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണീ കൊലപാതകങ്ങള്‍ നടക്കുന്നത്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും മറ്റും ആഗോളവിലകള്‍ നിശ്ചയിക്കപ്പെടുന്ന ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വാണിജ്യ വിപണികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വ്യാപാരത്തിലൂടെ അകലെ മാറി നിന്നുകൊണ്ടാണ് ഈ ശിശു ഹത്യകള്‍ അരങ്ങേറുന്നത്.

ദേശീയ തലത്തിലുള്ള നയപരാജയത്തിന്റെ മാത്രം ഫലമായുണ്ടാകുന്നതല്ല ദാരിദ്ര്യം. ആഗോള വിപണി സംവിധാനത്തിന്റെ ഫലമായി വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒരേസമയം ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്. വളരെചെറിയൊരു സംഘം ധനകാര്യസ്ഥാപനങ്ങള്‍ക്കും ആഗോള കോര്‍പ്പറേഷനുകള്‍ക്കുമാണ് ലോകത്താകെയുള്ള അനേക ദശലക്ഷം ആളുകളുടെ ജീവിതനിലവാരം എന്തായിരിക്കണമെന്ന്, വിപണിയിലെ സൂത്രപ്പണികളിലൂടെ, നിശ്ചയിക്കാനുള്ള കഴിവുള്ളത്.

ആധുനിക ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ നടുവിലാണ് നാമിന്ന് അകപ്പെട്ടിരിക്കുന്നത്. 1980-കളിലെ വായ്പാ പ്രതിസന്ധിയുടെ ആരംഭം മുതല്‍ കെട്ടഴിച്ചുവിടപ്പെട്ട ആഗോള ദാരിദ്ര്യവല്‍ക്കരണ പ്രക്രിയ ഇന്ന് വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഇത് വികസ്വര ലോകത്തിലാകമാനം ഒരേസമയത്ത് ക്ഷാമം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തിയിരിക്കുകയാണ്.

ധനവിപണികളെ ബാധിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, കാര്‍ഷികോല്‍പ്പാദനം കുറയുന്നതിനും, ഭരണകൂട സ്ഥാപനങ്ങള്‍ തകരുന്നതിനും, ലാഭാധിഷ്ഠിതമായ യുദ്ധ സമ്പദ് ഘടന അതിവേഗത്തില്‍ വളരുന്നതിനും ഒക്കെ ഇടയാക്കുന്ന നിരവധി സങ്കീര്‍ണമായ സവിശേഷതകളുണ്ട്. എന്നാല്‍ ഇത്തരം വിശകലനങ്ങളിലെല്ലാം ജീവിതത്തിന്റെ മൂന്ന് അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയെ ഈ ആഗോള സാമ്പത്തിക പുന:സംഘടന എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യം വളരെ അപൂര്‍വമായി മാത്രമെ പരാമര്‍ശിക്കപ്പെടുന്നുള്ളു.

ഭക്ഷണവും വെള്ളവും ഇന്ധനവും ലഭിക്കുകയെന്നത് പരിഷ്കൃതമായ ഏതു സമൂഹത്തിന്റെയും നിലനില്പിന് ആവശ്യമായ മുന്നുപാധിയാണ് ‍; മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുള്ള അവശ്യഘടകങ്ങളാണവ. അടുത്ത കാലത്തായി, ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ ആഗോളതലത്തില്‍ കുതിച്ചുയരുകയാണ്; ഇത് വിനാശകരമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.

നമ്മുടെ ഈ ഭൂഗോളത്തിലെ സാമ്പത്തിക-സാമൂഹിക ജീവിതത്തിന്റെ യഥാര്‍ഥത്തിലുള്ള പുനരുല്‍പ്പാദനത്തിന് രൂപം നല്‍കുന്ന ഈ മൂന്ന് അവശ്യവസ്തുക്കള്‍ അഥവാ ചരക്കുകള്‍ കൈവിരലിലെണ്ണാനാവുന്ന ആഗോള കോര്‍പ്പറേഷനുകളുടെയും ധനസ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണിന്ന്.

ഭരണകൂടങ്ങളും മുഴുവന്‍ അന്താരാഷ്ട്ര സംഘടനകളും (ഇവയെ പലപ്പോഴും "അന്താരാഷ്ട്ര സമൂഹം'' എന്നാണ് വിശേഷിപ്പിക്കാറുള്ളത്) ആഗോള മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് നില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭ, ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങള്‍, ലോക വ്യാപാര സംഘടന എന്നിവ ഉള്‍പ്പെടെയുള്ള മുഖ്യ അന്തര്‍-സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരുടെ താല്‍പ്പര്യപ്രകാരമുള്ള നവലോകക്രമത്തെ പിന്തുണക്കുകയാണ്. നിര്‍ണായകമായ സാമ്പത്തിക ഘടകങ്ങളെ നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് അവശ്യം വേണ്ട ജീവിതസൌകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുകയെന്ന തങ്ങളുടെ ചരിത്രപരമായ കടമ വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കൈവെടിഞ്ഞിരിക്കുകയാണ്.

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധനവിനെതിരായ പ്രതിഷേധപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചു വരുന്നുണ്ട്. ഹെയ്‌ത്തി, നിക്കരാഗ്വ, ഗ്വാട്ടിമാല, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. സോമാലിയയില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലകള്‍ കുതിച്ചുയരുന്നത് രാജ്യത്തെയാകെ കൂട്ടത്തോടെ പട്ടിണിയിലേക്ക് തള്ളിനീക്കുകയാണ്. ഇതോടൊപ്പം അവിടെ കടുത്ത ജലക്ഷാമവും ഉണ്ട്. ഇതിനു സമാനവും തുല്യവുമായ ഗുരുതരമായ അവസ്ഥയാണ് എത്യോപ്യയിലും നിലനില്‍ക്കുന്നത്.

ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ലൈബീരിയ, ഈജിപ്ത്, സുഡാന്‍, മൊസാമ്പിക്, സിംബാബ്‌വെ, കെനിയ, എറിത്രിയ എന്നിവയുള്‍പ്പെടെയുള്ള നിരവധി ദരിദ്രരാജ്യങ്ങള്‍ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് - വിദേശ സൈനിക അധിനിവേശത്തിന്‍ കീഴിലുള്ള ഇറാക്ക്, അഫ്‌ഗാനിസ്ഥാന്‍, പലസ്തീന്‍ എന്നിവയുടെ കാര്യം പിന്നെ പറയാനുമില്ല.

സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കല്‍

ദാരിദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യം വച്ചോ, ഭക്ഷ്യക്ഷാമങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായോ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാരിന്റെയും അന്തര്‍-സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ നിയന്ത്രണമോ ഇടപെടലോ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ദശലക്ഷക്കണക്കായ മനുഷ്യജീവികളുടെ വിധി നിര്‍ണയിക്കപ്പെടുന്നത് കോര്‍പ്പറേറ്റ് ബോര്‍ഡുകളുടെ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ അവര്‍ക്ക് കൊള്ളലാഭമടിക്കാനുള്ള അജന്‍ഡയുടെ ഭാഗമായാണ്.

അതിശക്തരായ ഈ സാമ്പത്തിക പ്രമാണിമാര്‍, പ്രത്യക്ഷത്തില്‍ നിഷ്‌പക്ഷമെന്ന് തോന്നുന്നതും "അദൃശ്യ''വും അവ്യക്തവുമായ കമ്പോള സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം നടത്തുന്നത് . അതിനാല്‍ തന്നെ, ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വെള്ളത്തിന്റെയും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിലക്കയറ്റത്തിന്റെ വിനാശകരമായ സാമൂഹിക പ്രത്യാഘാതങ്ങളെ അവര്‍ ലഭ്യതയുടെയും ചോദനത്തിന്റെയും (supply and demand ) ഫലമായുണ്ടാകുന്നത് എന്ന് പറഞ്ഞ് അവഗണിക്കുകയാണ് .

ആഗോള സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ സ്വഭാവം

ഔദ്യോഗിക തലത്തിലും മാധ്യമവാര്‍ത്തകളിലൂടെയും വന്‍തോതില്‍ പരിഭ്രാന്തി പരത്തുന്ന "ഭക്ഷ്യപ്രതിസന്ധി''യും "എണ്ണ പ്രതിസന്ധി''യും സാമ്പത്തികരംഗത്തെ ശക്തരായ ഈ പ്രമാണിമാര്‍ കമ്പോളവിലകളിലുണ്ടാക്കുന്ന ഊഹാധിഷ്ഠിത കൃത്രിമങ്ങളുടെ ഫലമാണ്. ഓരോ ഇടത്തെയും പ്രത്യേക പ്രശ്നങ്ങളെന്ന നിലയിലല്ല, സാമ്പത്തിക-സാമൂഹിക പുനഃസംഘടനയുടേതായ ആഗോള പ്രക്രിയയെന്ന നിലയിലാണ് ഭക്ഷണ-ഇന്ധന-ജല "പ്രതിസന്ധി''കളെ ഇവിടെ കൈകാര്യം ചെയ്യുന്നത്, .

ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ പെട്ടെന്ന് കുതിച്ചുയര്‍ന്നത് ആകസ്‌മികമായല്ല; അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെയും ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും വേണ്ട വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും വില വര്‍ധനവിന് കാരണം ഒരേസമയത്ത് ബോധപൂര്‍വം നടത്തുന്ന കമ്പോള കൌശല പ്രയോഗങ്ങളാണ്.

ഭക്ഷണസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകളോടൊപ്പം ഇന്ധനവിലകളും പെട്ടെന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഭക്ഷ്യപ്രതിസന്ധിയുടെ കാതല്‍.അതോടൊപ്പം തന്നെ, കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനത്തിലെയും, സാമൂഹിക പശ്ചാത്തല വികസനത്തിലെയും പൊതു ശുചീകരണത്തിലെയും ഗാര്‍ഹിക ഉപഭോഗത്തിലെയും അവശ്യ വസ്തുവായ വെള്ളത്തിന്റെ വില, ജലവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് ലോകമാകെ നടക്കുന്ന നീക്കത്തിന്റെ ഫലമായി ക്രമാതീതമായി വര്‍ധിക്കുകയുമാണ്. നാമിപ്പോള്‍ നേരിടുന്നത് അതിപ്രധാനമായ ഒരു സാമ്പത്തിക-സാമൂഹിക അട്ടിമറിയെയാണ്; അഭൂതപൂര്‍വമായ ആഗോള പ്രതിസന്ധിയേയാണ്; വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ തമ്മിലുള്ള ത്രികോണ ബന്ധമാണ് അതിന്റെ സവിശേഷത. ഇവ മൂന്നുമാണ് അടിസ്ഥാനപരമായ അവശ്യവസ്തുക്കള്‍. ഇവ മൂന്നും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നവയാണ്.

വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ഇവയുടെ വിലവര്‍ധനവ് ജനജീവിതം തകര്‍ക്കുകയും അവരെ ദരിദ്രരാക്കുകയും ചെയ്യുന്നു. അതിനും പുറമെ, യുദ്ധകാലത്തെന്ന പോലെ ലോകവ്യാപകമായി ആളുകളുടെ ജീവിത നിലവാരം തകരുകയുമാണ്. സൈനിക അജണ്ടയുമായി അതിന് അഭേദ്യമായ ബന്ധമാണുള്ളത്. എണ്ണയ്‌ക്കും ജലവിഭവങ്ങള്‍ക്കും മേലുള്ള നിയന്ത്രണത്തിന് മധ്യപൂര്‍വ ദേശത്തെ യുദ്ധവുമായി നേരിട്ടുള്ള ബന്ധമാണുള്ളത്.

എണ്ണയേയും ഭക്ഷ്യസാധനങ്ങളെയും പോലെ വെള്ളം, അന്താരാഷ്ട്ര വ്യാപാരത്തിലെ ചരക്കായി ഇപ്പോള്‍ മാറിയിട്ടില്ലെങ്കിലും, വെള്ളത്തിന്റ സ്വകാര്യവല്‍ക്കരണം അതിനെയും കമ്പോള കൌശല പ്രയോഗങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുകയാണ്.

അടച്ചിട്ട മുറികള്‍ക്കുള്ളിലിരുന്ന് ചരടുവലിക്കുന്ന സാമ്പത്തിക-ധനകാര്യ പ്രമാണിമാര്‍ ഇവരാണ്:

- വാള്‍ സ്‌ട്രീറ്റിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും; എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടെയും വിപണിയില്‍ ഉള്‍പ്പെടെയുള്ള ചരക്കുവിപണികളില്‍ നേരിട്ട് ഇടപെടുന്ന ഊഹക്കച്ചവട സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു.

- പടുകൂറ്റന്‍ ആംഗ്ലോ-അമേരിക്കന്‍ എണ്ണക്കമ്പനികള്‍ (Anglo-American oil giants)- ബ്രിട്ടീഷ് പെട്രോളിയം (ബി.പി), എക്‍സോണ്‍, മൊബില്‍, ഷെവറോണ്‍-ടെക്സാക്കൊ, റോയല്‍ ഡച്ച് ഷെല്‍ എന്നിവ.

- ജൈവ സാങ്കേതികവിദ്യാ- കാര്‍ഷിക വിപണന കൂട്ടുകമ്പനികള്‍(biotech-agribusiness conglomerates)‍, അവയാണ് വിത്തുകളുടെയും മറ്റു കാര്‍ഷിക ഇന്‍പുട്ടുകളുടെയും ബൌദ്ധിക സ്വത്തവകാശം കൈവശം വച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയങ്ങളിലും ജൈവ സാങ്കേതികവിദ്യാ കമ്പനികളാണ് പ്രധാന പ്രമാണിമാര്‍.

- ലോകമാകെയുള്ള ജലസ്രോതസ്സുകളുടെ വ്യാപകമായ സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്ന സൂയസ്, വെയോളിയ, ബെക്‍ടല്‍- യുണൈറ്റഡ് യൂട്ടിലിറ്റീസ് എന്നിവ ഉള്‍പ്പെടെയുള്ള ജലവ്യാപാര ഭീമന്മാര്‍ (water giants)‍.

- ആംഗ്ലോ-അമേരിക്കന്‍ സൈനിക - വ്യാവസായിക കോംപ്ലക്സുകള്‍ (Anglo-American military-industrial complex)- ഇതില്‍ അഞ്ച് പ്രമുഖ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടുന്നു. (ലോക്ക് ഹീഡ് മാര്‍ട്ടിന്‍, റായ്ത്തിയോണ്‍, നോര്‍ത്ത് റോപ് ഗ്രണ്‍മാന്‍, ബോയിങ്, ജനറല്‍ ഡൈനമിക്സ്) ഇതിനോടൊപ്പം ബ്രിട്ടീഷ് എയ്റോ സ്‌പെയ്‌സ് സിസ്റ്റംസ് കോര്‍പ്പറേഷനും (ബി.എ.ഇ.എസ്) കൂടിച്ചേരുമ്പോള്‍ അതിശക്തമായ ആധിപത്യ ശക്തിയായി മാറുന്നു. ഇവ വാള്‍ സ്‌ട്രീറ്റുമായും ഭീമന്‍ എണ്ണക്കുത്തകകളുമായും കാര്‍ഷിക വ്യാപാര - ജൈവ സാങ്കേതിക വിദ്യ കൂട്ടുകമ്പനികളുമായി ചേരുമ്പോള്‍ എല്ലാത്തിനേയും നിയന്ത്രിക്കാനാവുന്ന ശക്തിയായി മാറുന്നു.

എണ്ണവിലക്കുമിളകള്‍

ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങളിലെ (mercantile exchanges ) ആഗോള വിലകളിലെ പൊതു പ്രവണതയും എണ്ണയുടെ ഉല്‍പ്പാദന ചെലവും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നത് എണ്ണക്ഷാമത്തിന്റെ ഫലമായിട്ടുമല്ല. മധ്യപൂര്‍വദേശത്ത് ഒരു ബാരല്‍ എണ്ണയുടെ വില 15 ഡോളറില്‍ അധികമാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കാനഡയിലെ ആല്‍ബെര്‍ട്ടായിലുള്ള ടാര്‍ കലര്‍ന്ന മണല്‍ പ്രദേശത്തുനിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്‌ക്ക് പോലും ബാരല്‍ ഒന്നിന് 30 ഡോളര്‍ മാത്രമെ വിലയാകുന്നുള്ളു (Antoine Ayoub, Radio Canada, May 2008).

എന്നാല്‍ ഇപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളറില്‍ ഏറെയാണ് വില. കമ്പോളവില ഇത്രയും ഉയര്‍ന്നത് പ്രധാനമായും ഊഹക്കച്ചവടക്കാരുടെ കൊള്ളയുടെ ഫലമായാണ്.

വ്യാവസായികവും കാര്‍ഷികവും സേവനാധിഷ്ഠിതവുമായ സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലെയും ഉല്‍പ്പാദനത്തിന് ഇന്ധനം അനിവാര്യമാണ്. ഇന്ധനവില കുതിച്ചുയര്‍ന്നത് ലോകത്തിന്റെ എല്ലാ പ്രധാന മേഖലകളിലുമുള്ള പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പാപ്പരീകരിക്കുകയും ആഭ്യന്തര, അന്താരാഷ്ട്ര വ്യാപാരത്തിന്റെ അടിയിളക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്നതിന് ഇടവരുത്തിയിരിക്കുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വിലയിലുണ്ടാകുന്ന വിലവര്‍ധന പ്രാദേശിക തലത്തിലുള്ള സമ്പദ് ഘടനകളുടെ തകര്‍ച്ചയ്ക്കും വര്‍ധിതമായ വിധത്തിലുള്ള വ്യാവസായിക കേന്ദ്രീകരണത്തിനും ഒരുപിടി ആഗോള കുത്തക കോര്‍പ്പറേഷനുകളുടെ കൈയില്‍ സമ്പത്താകെ വന്‍തോതില്‍ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്നു. അതേസമയം, ഇന്ധനവിലക്കയറ്റം നഗരങ്ങളിലെ ഗതാഗത സംവിധാനത്തെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും വാഹനനിര്‍മാണ വ്യവസായത്തെയും ഭൂഖണ്ഡാന്തര കപ്പല്‍ ഗതാഗതത്തെയും വ്യോമഗതാഗതത്തെയും വിനോദ സഞ്ചാരത്തെയും വിനോദോപാധികളെയും എല്ലാ പൊതുസേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

നാണയപ്പെരുപ്പം

ഇന്ധന വിലവര്‍ധനവ് വലിയ തോതില്‍ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ജനങ്ങളുടെ യഥാര്‍ഥ ക്രയശേഷി ചുരുങ്ങുന്നു. അതേത്തുടര്‍ന്ന് ലോക വ്യാപകമായി ഉപഭോക്തൃ ചോദനത്തില്‍ (consumer demand) ഇടിവുണ്ടാകുന്നു. വികസിത രാജ്യങ്ങളിലെ ഇടത്തരം വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

ചരക്കുവിപണി (commodity markets) ആണ് ഈ വിലവ്യതിയാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇന്‍ഡെക്‍സ് ഫണ്ടുകളിലെ ഊഹക്കച്ചവടത്തിന്റെ ഫലമായാണ് ഇതുണ്ടാകുന്ന ത്. ലണ്ടനിലെ ഐ.സി.ഇ, ന്യൂയോര്‍ക്കിലെയും ചിക്കാഗൊയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങള്‍ (മെര്‍ക്കന്റയില്‍ എക്സ്ചേഞ്ചുകള്‍) എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ചരക്കുവിപണികളിലെ അവധി വ്യാപാരത്തിന്റെ ഫലമായിട്ടുമാണ് ഇതുണ്ടാകുന്നത്. ഇന്ധനത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും വെള്ളത്തിന്റെയും ക്ഷാമം കാരണമല്ല പെട്ടെന്നുള്ള ഈ വിലക്കയറ്റം.

ആഗോള സമ്പദ് ഘടനയിലെ ഈ ഇളകിമറിയലുകള്‍ ബോധപൂര്‍വമുണ്ടാക്കുന്നതാണ്. ഭരണകൂടങ്ങളുടെ സാമ്പത്തിക ധനനയങ്ങള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ്. ഊഹക്കച്ചവടം നിയന്ത്രണ നയങ്ങള്‍ക്ക് വിധേയമാകുന്നതേയില്ല. സാമ്പത്തിക മാന്ദ്യം ഒരു കൈവിരലില്‍ എണ്ണാവുന്നത്ര ആഗോള കോര്‍പ്പറേഷനുകളുടെ സമ്പത്ത് സ്വരൂപണത്തിനും അധികാര കേന്ദ്രീകരണത്തിനും അവസരമൊരുക്കുന്നു.

വില്യം എംഗദല്‍ പറയുന്നത് ഇങ്ങനെയാണ് :

"........ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 128 ഡോളര്‍ വില ഈടാക്കുന്നതില്‍ ഏറ്റവും കുറഞ്ഞത് 60 ശതമാനമെങ്കിലും ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചേഴ്‌സും ന്യൂയോര്‍ക്കിലെ നിമക്‍സ് (NYMEX) ഫ്യൂച്ചേഴ്‌സ് എക്സ്ചേഞ്ചും ഉപയോഗിച്ച് ഹെഡ്‌ജ് ഫണ്ടുകളും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യാതൊരു നിയന്ത്രണവും കൂടാതെ നടത്തുന്ന അവധി ഊഹക്കച്ചവടത്തിലൂടെയും സൂക്ഷ്‌മ പരിശോധന ഒഴിവാക്കുന്നതിന് കൌണ്ടറിന് പുറത്തു നടത്തുന്ന വ്യാപാരത്തിലൂടെയും(Over-The-Counter trading) അനിയന്ത്രിതമായ ഇന്റര്‍ബാങ്ക് ഇടപാടുകളിലൂടെയുമാണ് ലഭിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചരക്ക് അവധിവ്യാപാര കമ്മിഷന്‍ (Commodity Futures Trading Commission ) നിശ്ചയിച്ച മാര്‍ജിന്‍ സംബന്ധിച്ച നിയമം അനുസരിച്ച്, കരാര്‍ വിലയുടെ ആറു ശതമാനം നല്‍കി നിമക്‍സില്‍ ക്രൂഡ് ഓയിലിന്റെ അവധി വ്യാപാര കരാര്‍ വാങ്ങുന്നതിന് അനുവാദമുണ്ട്. അതുപ്രകാരം, ഒരു ബാരലിന് 128 ഡോളര്‍ വിലയുള്ളപ്പോള്‍ അവധി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ ഓരോ ബാരല്‍ എണ്ണയ്ക്കും 8 ഡോളര്‍ വീതം നല്‍കിയാല്‍ മതി. അയാള്‍ ബാക്കി 120 ഡോളറിനും കടം പറയുകയാണ്. ഈ പ്രത്യേക ആനുകൂല്യം വിലകള്‍ അയഥാര്‍ത്ഥമായ തലത്തിലേക്ക് ഉയരാന്‍ ഇടവരുത്തുന്നു. സബ് പ്രൈം ഇടപാടുകളിലും മറ്റു വിപത്തുകളിലും അകപ്പെട്ടുണ്ടാകുന്ന ബാങ്കുകളുടെ നഷ്ടം ഇങ്ങനെ സാധാരണ ജനങ്ങളുടെ ചെലവിലാണ് നികത്തുന്നത്''. (എണ്ണവില വര്‍ധനവിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗ്ലോബല്‍ റിസര്‍ച്ച്, മെയ് 2008 നോക്കുക).

ക്രൂഡ് ഓയിലിന്റെ ഊഹക്കച്ചവട കമ്പോളത്തിലെ പ്രധാന ഇടപാടുകാരില്‍ ഗോള്‍ഡ് മാന്‍ സാച്ചസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബ്രിട്ടീഷ് പെട്രോളിയം (ബി.പി.) സൊസൈറ്റി ജനറല്‍ എന്ന ഫ്രഞ്ച് ബാങ്കിംഗ് കൂട്ടുകമ്പനി, അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡിലെ മെര്‍ക്കുറിയ എന്നിവ ഉള്‍പ്പെടുന്നു.

ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‍സ്‌ചേഞ്ചിനെ (ഐ.പി.ഇ) നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയാണ്. ഈ എക്സ്ചേഞ്ചാണ് (ഐ.പി.ഇ) ലോകത്തിലെ ഏറ്റവും വലിയ അവധിവ്യാപാര എക്‍സ്‌ചേഞ്ച്. ഐ.പി.ഇയുടെ പ്രധാന ഓഹരി ഉടമകള്‍ ഗോള്‍ഡ് മാന്‍ സാച്ചസും മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ്. "ഡെര്‍ സ്‌‌ട്രീഗെല്‍'' എന്ന പത്രം പറയുന്നത്, ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊഹാധിഷ്ഠിത എണ്ണവിപണി (ഐ.പി.ഇ) യിലെ ഏറ്റവും വലിയ ഇടപാടുകാരില്‍ ഒന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയാണ്. 'ലെ മോണ്ടെ' യുടെ അഭിപ്രായത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും ഡ്യൂഷെ ബാങ്കുമായി ചേര്‍ന്ന് ഫ്രാന്‍സിന്റെ സൊസൈറ്റി ജനറല്‍ ആണ് ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്.

ഭക്ഷണസാധനവില കുതിച്ചുയരുന്നു

അടിസ്ഥാന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവിലൂടെ വെളിപ്പെടുന്ന ആഗോള ഭക്ഷ്യപ്രതിസന്ധി ലോകത്തിന്റെ നാനാഭാഗത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിനീക്കുകയാണ്.

ലോക ഭക്ഷ്യകൃഷി സംഘടന (എഫ്.എ.ഒ) യുടെ കണക്കുപ്രകാരം 2007 മാര്‍ച്ചിനുശേഷം ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ 88% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഗോതമ്പിന്റെ വിലയില്‍ 181% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അരിയുടെ വില 50 ശതമാനം വര്‍ധിച്ചു. (ഇയാന്‍ ആംഗസ് "Food Crisis: “The greatest demonstration of the historical failure of the capitalist model”'' ഗ്ലോബല്‍ റിസര്‍ച്ച്, ഏപ്രില്‍ 2008 നോക്കുക‍).

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിവില മൂന്നിരട്ടിയാണ് വര്‍ധിച്ചത്; 2003-ല്‍ ടണ്ണിന് ഏകദേശം 600 ഡോളറായിരുന്നത് 2008 മാര്‍ച്ചില്‍ ടണ്ണൊന്നിന് 1800 ഡോളറില്‍ അധികമായി വര്‍ധിച്ചു.

"ജനപ്രിയ ഇനത്തില്‍പ്പെട്ട തായ്‌ലാന്‍ഡ് അരിക്ക്, അഞ്ചുവര്‍ഷത്തിന് മുമ്പ് ടണ്ണൊന്നിന് 198 ഡോളറിന് വിറ്റിരുന്നത്, ഒരു വര്‍ഷത്തിനുമുമ്പ് 323 ഡോളറായി. അതേ അരിയുടെ വില 2008 ഏപ്രിലില്‍ 1000 ഡോളറില്‍ അധികമായി. പ്രാദേശിക വിപണികളിലെ വില ഇതിലും ഏറെയാണ് - ഹെയ്‌ത്തിയില്‍ 2008 മാര്‍ച്ചില്‍ 50 കിലോഗ്രാം അരിയുടെ കമ്പോള വില ഒരാഴ്ച കൊണ്ട് ഇരട്ടിയിലധികം വര്‍ധിച്ചു. പ്രതിദിനം രണ്ട് ഡോളറില്‍ താഴെയുള്ള വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന, തങ്ങളുടെ വരുമാനത്തിന്റെ അറുപതു ശതമാനം മുതല്‍ 80 ശതമാനം വരെ ഭക്ഷണത്തിനുവേണ്ടി ചെലവിടുന്ന ലോകമാകെയുള്ള 260 കോടി ആളുകളുടെ ദുരിതം ഈ വിലവര്‍ധനവ് മൂലം ഏറിയിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ ഭക്ഷണത്തിന് വകയില്ലാതെ വലയുകയാണ്'' (ഇയാന്‍ ആംഗസ്).

ധാന്യവിപണിയിലെ പ്രധാന കക്ഷികള്‍ കാര്‍ഗിലും ആര്‍ച്ചര്‍ ഡാനിയേല്‍സ് മിഡ്‌ലാന്‍ഡു (എ.ഡി.എം) മാണ്. ആഗോള ധാന്യവിപണിയുടെ മഹാഭൂരിപക്ഷം പങ്കും കയ്യടക്കി വെച്ചിട്ടുള്ളത് ഈ രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാരാണ്. അവ നിമെക്‍സിലെയും ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡിലെയും അവധി വ്യാപാരത്തിലെ ഊഹക്കച്ചവടത്തിലും പങ്കാളികളാണ്. "ജൈവ വ്യതിയാനം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കുത്തകകളായ കാര്‍ഗിലും എ.ഡി.എമ്മും അവരുടെ എതിരാളിയായ സെന്‍ നോഹയും കൂടി അമേരിക്കയില്‍ നിന്നുള്ള ചോളം കയറ്റുമതിയുടെ 81 ശതമാനവും സോയാ ബീന്‍ കയറ്റുമതിയുടെ 65 ശതമാനവും പങ്കിട്ടെടുടുക്കുന്നു. ( Greg Muttitt, Control Freaks, Cargill and ADM, ദി എക്കോളജിസ്റ്റ്, 2001 മാര്‍ച്ച്).

കാര്‍ഷിക പരിഷ്കരണത്തിന്റെ പശ്ചാത്തലം

1980-കളുടെ തുടക്കം മുതല്‍ വായ്‌പാ പ്രതിസന്ധിയുടെ കടന്നാക്രമണത്തോടൊപ്പം നവലിബറല്‍ സ്ഥൂല സാമ്പത്തിക നയ പരിഷ്‌കരണങ്ങളും (macroeconomic policy reform) കൂടി ചേര്‍ന്നപ്പോള്‍ പ്രാദേശിക കൃഷിയുടെ തകര്‍ച്ചയ്‌ക്ക് കളമൊരുങ്ങി. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഐ.എം.എഫ്- ലോകബാങ്ക് പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ കൃഷിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.

അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷ്യധാന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലെ വിപണികളിലേക്ക് കുന്നുകൂട്ടിയതിന്റെ ഫലമായി അവിടങ്ങളിലെ ഭക്ഷ്യ സ്വയംപര്യാപ്തത തകരാനിടയായി; പ്രാദേശിക കാര്‍ഷിക സമ്പദ് ഘടനയെയും അത് തകര്‍ത്തു. അതേ സമയം, ഈ പ്രക്രിയ പാശ്ചാത്യ കാര്‍ഷിക കച്ചവടക്കാര്‍ക്ക് ശതകോടിക്കണക്കിന് ഡോളറുകളുടെ ലാഭമുണ്ടാക്കി കൊടുത്തു. സ്വന്തം നാട്ടിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ട വികസ്വര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി കരാറുകളിലൂടെയാണ് ഇവര്‍ ഇങ്ങനെ ലാഭം വാരിക്കൂട്ടിയത്.

ചരിത്രപരമായ ഈ കാരണങ്ങളാല്‍‍, മുമ്പേതന്നെ നിലവില്‍ ഉണ്ടായിരുന്ന ദാരിദ്ര്യം അടുത്തയിടെ ഭക്ഷണസാധനങ്ങളുടെ ചില്ലറ വില ഇരട്ടിയിലും അധികമായി വര്‍ധിപ്പോള്‍ നിയന്ത്രണാതീതമായി.

എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ചോളം ഉപയോഗിച്ചു തുടങ്ങിയതോടെ ഈ വിലവര്‍ധന നിയന്ത്രണാതീതമായി. 2007-ല്‍ 1232 കോടി ബുഷല്‍ (ഒരു ബുഷല്‍ = 8 ഗ്യാലന്‍) ചോളം ഉല്‍പ്പാദിപ്പിച്ചതില്‍ 320 കോടി ബുഷല്‍ എത്തനോള്‍ നിര്‍മാണത്തിനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ ആകെ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്റെ 40 ശതമാനവും എത്തനോള്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കുകയാണ്.

ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍

1995-ല്‍ ലോകവ്യാപാര സംഘടന നിലവില്‍ വന്നതോടുകൂടി ആഗോള കാര്‍ഷിക ഘടനയില്‍ ചരിത്രപരമായ മറ്റൊരു സുപ്രധാന മാറ്റം കൂടി സംഭവിച്ചു. ലോക വ്യാപാര സംഘടന (ഡബ്ളു.ടി.ഒ) യുടെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, വികസ്വര രാജ്യങ്ങളിലെ വിത്ത് വിപണികളിലേക്ക് കടക്കാന്‍ ഭക്ഷ്യധാന്യ കുത്തക ഭീമന്മാര്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭിച്ചു.

അന്തര്‍ദേശീയ കാര്‍ഷിക-വ്യാവസായിക നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് സസ്യഇനങ്ങളുടെ "ബൌദ്ധിക സ്വത്തവകാശ'' ത്തിന്‍മേല്‍ പൂര്‍ണ നിയന്ത്രണം ലഭിച്ചതോടെ ജൈവ-വൈവിധ്യങ്ങളുടെ നാശത്തിനും അരങ്ങൊരുങ്ങി. കൈവിരലിലെണ്ണാവുന്നത്ര ചുരുക്കം ജൈവ സാങ്കേതികവിദ്യാ കൂട്ടുകമ്പനികളുടെ നിയന്ത്രണത്തിലുള്ള ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, എത്യോപ്യയില്‍, കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെന്ന പേരില്‍ ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ വിതരണം ചെയ്യപ്പെട്ടു.

ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്ത് ഒരു വിളവെടുത്തപ്പോള്‍ കര്‍ഷകര്‍ക്ക് ഒരുകാര്യം ബോധ്യമായി - ഇതില്‍ നിന്നുള്ള വിത്തെടുത്ത് വീണ്ടും കൃഷി ചെയ്യാനാവില്ലെന്നു മാത്രമല്ല, മൊണ്‍സാന്റോയ്ക്കും ആര്‍ച്ച് ഡാനിയല്‍ മിഡ്‌ലാന്‍ഡിനും റോയല്‍റ്റി നല്‍കുകയും വേണം. പിന്നീടാണ് കര്‍ഷകര്‍ മനസ്സിലാക്കിയത്, ഈ വിത്ത് കൃഷി ചെയ്താല്‍ വിള ലഭിക്കണമെങ്കില്‍ ഇതേ ജൈവ സാങ്കേതികവിദ്യ കാര്‍ഷിക വ്യവസായ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും തന്നെ ഉപയോഗിക്കണമെന്ന്. അങ്ങനെ മൊത്തം കാര്‍ഷിക സമ്പദ് ഘടനയും ഈ അഗ്രി ബിസിനസ് കൂട്ടുകമ്പനികളുടെ കൈപ്പിടിയില്‍ ഒതുങ്ങി.

മൊണ്‍സാന്റോ, സിന്‍ജെന്റ, അമെന്റിസ്, ഡു പോണ്‍സ്, ഡൌ കെമിക്കല്‍, കാര്‍ഹില്‍, ആര്‍ച്ച് ഡാനിയല്‍ മിഡ് ലാന്‍ഡ് എന്നിവയാണ് ജൈവ വ്യതിയാനം വരുത്തിയ വിത്തുകളുടെ കുത്തകയുള്ള ഭീമന്‍ ജൈവ സാങ്കേതിക വിദ്യാ കമ്പനികള്‍.

കാര്‍ഷിക പരിവൃത്തിയെ തകര്‍ക്കല്‍

ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ, പതിനായിരം വര്‍ഷം മുമ്പ് കൃഷി ആരംഭിച്ചത് മുതലുള്ള അതിന്റെ ഘടനയിലും ചരിത്രത്തിലും കാര്യമായ മാറ്റം സംഭവിക്കാന്‍ തുടങ്ങി.

ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ ഉപയോഗിച്ചതോടുകൂടി ഗ്രാമതലത്തിലുള്ള പ്രാദേശിക ഞാറ്റുകണ്ടങ്ങളില്‍ (നഴ്‌സറികള്‍) വിത്തുകള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇല്ലാതായി. തങ്ങളുടെ ജൈവ വിത്തിനങ്ങളെ സംരക്ഷിക്കാനും അടുത്ത വിളവെടുപ്പിനായി അവ കൃഷി ചെയ്യാനും കര്‍ഷകരെ പ്രാപ്തരാക്കിയിരുന്ന കാര്‍ഷിക പരിവൃത്തിയും തകര്‍ക്കപ്പെട്ടു. ഈ നശീകരണ സംവിധാനം - ഇത് അനിവാര്യമായും ക്ഷാമത്തിനിടയാക്കും - ഓരോരോ രാജ്യങ്ങളിലായി പകര്‍ത്തിയതുമൂലം ലോകമാകെ കാര്‍ഷിക സമ്പദ് ഘടന അന്യാധീനപ്പെട്ടു.

ഭക്ഷ്യകാര്‍ഷിക സംഘടന - ലോകബാങ്ക് സമവായം

ഭക്ഷ്യപ്രതിസന്ധിയെ സംബന്ധിച്ച് 2008 ജൂണില്‍ റോമില്‍ നടത്തിയ ഉച്ചകോടിയില്‍ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും ഒന്നുപോലെ സ്വതന്ത്ര കമ്പോള വാദത്തെ ആശ്ലേഷിച്ചംഗീകരിച്ചു. ചോദന-വിതരണങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും ഫലമായാണ് ക്ഷാമങ്ങളുണ്ടാകുന്നതെന്നും അവ നയ ആവിഷ്‌ക്കര്‍ത്താക്കളുടെ നിയന്ത്രണത്തിന് അതീതമാണെന്നുമാണ് അവതരിപ്പിക്കപ്പെട്ടത്. അപ്പോള്‍ "പരിഹാരമോ?'': ലോക ഭക്ഷ്യപരിപാടി (ഡബ്ള്യു.എഫ്.പി) യുടെ ഭാഗമായി ക്ഷാമബാധിത മേഖലകളിലേക്ക് അടിയന്തിര സഹായം എത്തിക്കുക.

കമ്പോളശക്തികളുടെ പ്രതിപ്രവര്‍ത്തനത്തില്‍ ഇടപെടരുത്

വിരോധാഭാസമെന്നു പറയട്ടെ, ഈ 'വിദഗ്ധാഭിപ്രായങ്ങള്‍'' ആഗോള ഭക്ഷ്യധാന്യ ഉല്‍പ്പാദനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല. 2008-ല്‍ ലോകവ്യാപകമായി ഭക്ഷ്യധാന്യ ഉല്‍പ്പാദനം സര്‍വകാല റിക്കാര്‍ഡായിരിക്കുമെന്നാണ് എഫ്.എ.ഒ.യുടെ പ്രവചനം തന്നെ. തങ്ങളുടെ തന്നെ പാഠപുസ്തകങ്ങളിലുള്ള വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായി, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത വലിയ തോതില്‍ വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴും ലോകമെങ്ങും ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ് ലോക ബാങ്കിന്റെ അഭിപ്രായം.

ഭക്ഷ്യസാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എഫ്.എ.ഒ.യുടെയും ലോകബാങ്കിന്റെയും അകത്തളങ്ങളില്‍ പരിഗണനാവിഷയമേയല്ല. എന്നാല്‍ നിശ്ചയമായും അതാണ് അമേരിക്കയിലെ മിക്കവാറും എല്ലാ പ്രഗത്ഭ സര്‍വകലാശാലകളിലെയും സാമ്പത്തിക ശാസ്ത്രവകുപ്പുകളില്‍ പഠിപ്പിക്കുന്നത്. അതേസമയം, പ്രാദേശിക തലത്തില്‍ കര്‍ഷകന് ലഭിക്കുന്ന വിലയാകട്ടെ ഉല്‍പ്പാദനച്ചെലവിനു പോലും തികയുന്നുമില്ല; തന്മൂലം കര്‍ഷക സമ്പദ് ഘടന തകര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം

ഐക്യരാഷ്ട്രസഭാ കേന്ദ്രങ്ങളുടെ അഭിപ്രായപ്രകാരം (അതാകട്ടെ, ജലപ്രതിസന്ധിയുടെ ഗൌരവാവസ്ഥയെ കുറച്ചുകാണുകയുമാണ് ) ലോകത്താകെയുള്ള നൂറു കോടി ആളുകള്‍ക്ക് (ലോക ജനസംഖ്യയുടെ 15%) കുടിക്കാന്‍ വേണ്ട ശുദ്ധജലം ലഭ്യമല്ല; "മലിനജലം കുടിക്കുന്നതുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികള്‍ ബാധിച്ച് പ്രതിദിനം ആറായിരം കുട്ടികളാണ് മരിക്കുന്നത്.'' (ബി.ബി.സി. വാര്‍ത്ത, 2004 മാര്‍ച്ച് 24).
സുയസ്, വെയോള, ബെക്‍ടെല്‍, യുണൈറ്റഡ് യൂട്ടിലിറ്റീസ്, തേംസ് വാട്ടര്‍, ജര്‍മ്മനിയിലെ ആര്‍.ഡബ്ള്യു.ഇ.ജി. എന്നിവ ഉള്‍പ്പെടെയുള്ള ഒരുപിടി ആഗോള കോര്‍പ്പറേഷനുകള്‍ ശുദ്ധജല വിതരണത്തിന്റെയും മലിനജല നിയന്ത്രണത്തിന്റെയും ഉടമസ്ഥാവകാശവും നിയന്ത്രണവും കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. ലോകമാകെയുള്ള സ്വകാര്യവല്‍ക്കരിച്ച ജലസംവിധാനത്തിന്റെ 70 ശതമാനവും ഇവരാണ് കയ്യടിക്കിവച്ചിരിക്കുന്നത്.

ലോകബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം മൂലം കുടിക്കാനുള്ള ശുദ്ധജലം പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന സംവിധാനം തന്നെ തകരുകയാണ്. "ലോകബാങ്ക് കുടിവെള്ളത്തിന്റെ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. സര്‍ക്കാരുകള്‍ക്കുള്ള വായ്പാ പദ്ധതികളിലൂടെയാണ് ബാങ്ക് ഇത് നടപ്പിലാക്കുന്നത്. വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പറയുന്ന വ്യവസ്ഥ പലപ്പോഴും അവര്‍ മുന്നോട്ട് വയ്ക്കുന്നു'' (മൌഡം ബാര്‍ ലോ, ടോണി ക്ലാര്‍ക്ക് - "വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം: ലോകബാങ്കിന്റെ ഏറ്റവും പുതിയ കമ്പോള കൌതുകം'' - 2004 Maude Barlow and Tony Clarke, Water Privatization: The World Bank’s Latest Market Fantasy, Polaris Institute, Ottawa, 2004)

"ഇന്ത്യയിലെ പ്രവര്‍ത്തനശൈലി വളരെ വ്യക്തമാണ്.... ജലസ്രോതസ്സുകളുടെ വികസനത്തെ അവഗണിക്കുക (ലോക ബാങ്കിന്റെ ബജറ്റ് നിയന്ത്രണ നടപടികളിലൂടെ), "വിഭവ പ്രതിസന്ധി'' ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുക, നിലവിലുള്ള സംവിധാനങ്ങളെയാകെ കൊള്ളരുതാത്തതാക്കിത്തീര്‍ക്കുക'' (ആന്‍ നൈനാന്‍ - "സ്വകാര്യ വെള്ളം - പൊതു ദുരിതം'' ഇന്ത്യ റിസോഴ്സ് സെന്റര്‍, 2003 ഏപ്രില്‍ 16Ann Ninan, Private Water, Public Misery, India Resource Center April 16, 2003).

അതേസമയം, കൊക്ക കോള, സാനോണ്‍, നെസ്‌ലെ, പെപ്‌സിക്കൊ എന്നിവ ഉള്‍പ്പെടെയുള്ള ചുരുക്കം ചില കോര്‍പ്പറേഷനുകള്‍ കുപ്പിവെള്ളത്തിന്റെ കമ്പോളം കയ്യടക്കിയിരിക്കുകയുമാണ്. ഈ കമ്പനികള്‍ ജലവിനിയോഗ കമ്പനികളുമായി മാത്രം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയല്ല, നേരെമറിച്ച്, ഭക്ഷണവ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അഗ്രിബിസിനസ് - ബയോ ടെക് കമ്പനികളുമായി ബന്ധപ്പെട്ടു കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ജലവിതരണ വിഭാഗത്തില്‍നിന്നും പൊതുടാപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത് കൊക്ക കോള വാങ്ങിക്കുന്നു; എന്നിട്ട് അവര്‍ ചെറുകിട കമ്പനികള്‍ക്ക് ഓരോ ഭാഗങ്ങളായി മറിച്ചു വില്‍ക്കുന്നു. അമേരിക്കയിലെ കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൊതുടാപ്പുകളിലെ വെള്ളമാണെന്നാണ് മതിപ്പ് കണക്ക്. (ജരേദ് ബ്ളൂമെന്‍ ഫെല്‍ഡ്, സൂസന്‍ ലീല്‍ - "കുപ്പിവെള്ളത്തിന്റെ യഥാര്‍ത്ഥ വില'' സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍, 2007 ഫെബ്രുവരി 18)
ഇന്ത്യയില്‍ പ്രാദേശിക ജനവിഭാഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കൊക്ക കോള ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുകയാണ്.

"കൊക്ക കോള കുപ്പിവെള്ളം നിറയ്‌ക്കുന്ന പ്ലാന്റുകള്‍ക്ക് ചുറ്റും താമസിക്കുന്ന ജനവിഭാഗങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ്. പൊതുവായ ഭൂഗര്‍ഭ ജല സ്രോതസ്സില്‍ നിന്നും കൊക്ക കോള വന്‍തോതില്‍ ജലചൂഷണം നടത്തുന്നതു കൊണ്ടാണിത്. കിണറുകള്‍ ഉണങ്ങി വരളുന്നു; കൈപ്പമ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നു. ഇന്ത്യയിലെ കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് നടത്തിയത് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍, വന്‍തോതില്‍ ഭൂഗര്‍ഭജല ചൂഷണം നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

"കൂടുതല്‍ ആഴത്തില്‍ കുഴിച്ച് പൊതുവായ ഭൂഗര്‍ഭ ജലസ്രോതസ്സില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുമ്പോള്‍ ആ വെള്ളത്തിന് ദുര്‍ഗന്ധവും അരുചിയും കാണും. കൊക്ക കോള മലിന ജലത്തെ തങ്ങളുടെ പ്ലാന്റിന് ചുറ്റുമുള്ള പാടങ്ങളിലേക്കും ഗംഗ ഉള്‍പ്പെടെയുള്ള അതാതിടത്തെ നദികളിലേക്കും വിവേചന രഹിതമായി ഒഴുക്കിവിടുകയാണ്. തല്‍ഫലമായി ഭൂഗര്‍ഭ ജലം മാത്രമല്ല മണ്ണും മലിനമാക്കപ്പെടുകയാണ്. പൊതുജനാരോഗ്യ അധികൃതര്‍ കിണറുകള്‍ക്കും കൈപ്പമ്പുകള്‍ക്കും ചുറ്റും ഇതിലെ വെള്ളം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജനങ്ങളെ ഉപദേശിക്കുന്ന പരസ്യം പതിക്കുകയാണ്.

"ഇന്ത്യാ ഗവണ്‍മെന്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ നടത്തിയ പരീക്ഷണങ്ങള്‍, കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ കീടനാശിനികള്‍ അടങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റ് അതിനകത്തെ കാന്റീനില്‍ കൊക്ക കോളയുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. എന്നാലും, കൊക്ക കോള വിഷാംശം അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും വില്‍പ്പന തുടരുന്നുവെന്ന് മാത്രമല്ല, (ഇവ അമേരിക്കയിലോ യൂറോപ്യന്‍ യൂണിയനിലോ അവര്‍ക്ക് ഒരിക്കലും വില്‍ക്കാനാവില്ല) ഇന്ത്യന്‍ വിപണിയില്‍ അവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുകയുമാണ്. ഡിഡിറ്റിയും മറ്റു കീടനാശിനികളും അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് വിറ്റഴിക്കുന്നത് കൂടാതെ ഇപ്പോള്‍ കൊക്ക കോള ഇന്ത്യയിലുള്ള ബലിയ (ഉത്തര്‍പ്രദേശ്) യിലെ അവരുടെ ഏറ്റവും പുതിയ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഭൂഗര്‍ഭജലത്തില്‍ വലിയ തോതില്‍ ആര്‍സെനിക് മാലിന്യം അടങ്ങിയിട്ടുള്ള പ്രദേശത്താണ്'' (ഇന്ത്യ റിസോഴ്സ് സെന്റര്‍, ഇന്ത്യയിലെ കൊക്ക കോള പ്രതിസന്ധി India Resource Center, Coca-Cola Crisis in India).

വികസ്വര രാജ്യങ്ങളില്‍, ഇന്ധന വിലവര്‍ധന വീടുകളിലെ തിളപ്പിച്ച പൈപ്പ് വെള്ളത്തിന് വേണ്ടിവരുന്ന ചെലവ് വര്‍ധിപ്പിച്ചിരിക്കുന്നു; അത് ജല സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായി ഉപയോഗിക്കുകയാണ്. ജലസ്വകാര്യവല്‍ക്കരണത്തിന്റെ കൂടുതല്‍ വികസിതമായ ഘട്ടത്തില്‍, തടാകങ്ങളുടെയും നദികളുടെയും യഥാര്‍ഥ ഉടമസ്ഥാവകാശം തന്നെ കൈക്കലാക്കുന്നതിനുള്ള നീക്കവും സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്നുണ്ട്. മെസപ്പൊട്ടേമിയ ആക്രമിക്കപ്പെട്ടത് അവിടുത്തെ എണ്ണ ഉറവിടങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, വലിയ ജലസ്രോതസ്സുകളായ രണ്ട് നദികള്‍ (ടൈഗ്രിസും യൂഫ്രട്ടീസും) അടങ്ങിയ താഴ്വര കൈവശപ്പെടുത്താന്‍ കൂടിയായിരുന്നു.

ഉപസംഹാരം

സാമ്പത്തികാധികാരങ്ങള്‍ കൈവശമുള്ള സങ്കീര്‍ണവും കേന്ദ്രീകൃതവുമായ ഒരു സംഘത്തെയാണ് നാം നേരിടുന്നത്. അതില്‍ കമ്പോള കൌശലങ്ങളുടെ ഉപകരണങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് മേല്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയും.

ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലകള്‍ ആഗോളതലത്തില്‍ നിര്‍ണയിക്കപ്പെടുകയാണ്; ദേശീയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അതില്‍ തൊടാന്‍ പോലും ആവില്ല. ഈ മൂന്ന് അവശ്യവസ്തുക്കളുടെയും വിലവര്‍ദ്ധനവ് "സാമ്പത്തിക യുദ്ധമുറ'' യുടെ ഉപകരണങ്ങളായി മാറുകയാണ്. അവധി വ്യാപാര എക്സ്ചേഞ്ചുകളില്‍ "തുറന്ന കമ്പോള''ത്തിലൂടെയാണ് അത് നടപ്പാക്കപ്പെടുന്നത്.

ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലക്കയറ്റം "പട്ടിണി മരണ'' ങ്ങളിലൂടെ "ദരിദ്രരെ നിര്‍മാര്‍ജനം'' ചെയ്യുന്നതിനുള്ള മാര്‍ഗമായിരിക്കുകയാണ്. "സ്വതന്ത്ര കമ്പോള''ത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ആഗോള വിലകള്‍ നിശ്ചയിക്കപ്പെടുന്ന ചരക്ക് കൈമാറ്റ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടര്‍ പരിപാടി പ്രകാരമുള്ള കച്ചവടത്തിലൂടെ ഒരു വേറിട്ട മാതൃകയിലാണ് ഈ കൊലപാതക പരിപാടി നടപ്പാക്കപ്പെടുന്നത്.

*
മൈക്കേല്‍ ചോസുഡോവ്സ്കി എഴുതിയ The Global Crisis: Food, Water and Fuel. 3 Fundamental Necessities of Life in Jeopardy എന്ന ലേഖനത്തിന്റെ സ്വതന്ത്ര, സംക്ഷിപ്ത പരിഭാഷ

ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപവും ചാ‍ര്‍ട്ടുകളും ഇവിടെ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര കമ്പോളത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണീ കൊലപാതകങ്ങള്‍ നടക്കുന്നത്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും മറ്റും ആഗോളവിലകള്‍ നിശ്ചയിക്കപ്പെടുന്ന ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വാണിജ്യ വിപണികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വ്യാപാരത്തിലൂടെ അകലെ മാറി നിന്നുകൊണ്ടാണ് ഈ ശിശു ഹത്യകള്‍ അരങ്ങേറുന്നത്.

മൈക്കേല്‍ ചോസുഡോവ്സ്കി എഴുതിയ The Global Crisis: Food, Water and Fuel. 3 Fundamental Necessities of Life in Jeopardy എന്ന ലേഖനത്തിന്റെ സ്വതന്ത്ര, സംക്ഷിപ്ത പരിഭാഷ ഒരല്പം വൈകിയെങ്കിലും, തികച്ചും പ്രസക്തമാണെന്നു കരുതുന്നതിനാല്‍ പ്രസിദ്ധീകരിക്കുന്നു.

Shankar said...

നല്ല പോസ്റ്റ്