Saturday, January 17, 2009

ലോക സിനിമയിലെ പെണ്‍കരുത്ത് - സമീറാ മക്ബല്‍ ബഫ്

ഇറാനിയന്‍ സിനിമയെക്കുറിച്ചുള്ള സമീറയുടെ സ്വപ്നങ്ങളില്‍, ഇറാന്റെ സാംസ്കാരികചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും ഇഴചേര്‍ന്നിട്ടുണ്ട്. ഇസ്ലാമിക യാഥാസ്ഥിതികത്തോട് ഏറ്റുമുട്ടി, പുതുലോകക്രമത്തിനുവേണ്ടി പ്രയത്നിച്ച ഒരു പഴയകാലം മക്ബല്‍ ബഫിന്റെ കുടുംബത്തിനുണ്ട്. ഇസ്ലാമിക സാമ്രാജ്യത്വകാലത്തെ ആഡംബരത്തിനെതിരെ ഉയര്‍ന്നുവന്ന ധൈഷണികശബ്ദങ്ങള്‍ ശാസ്ത്രദര്‍ശനങ്ങളെ മാത്രമല്ല പ്രതിനിധീകരിച്ചത്; സിനിമയെക്കൂടിയായിരുന്നു. പഴയ ഇറാന്റെ പ്രക്ഷുബ്ധചരിത്രത്തെ ഈ സിനിമകള്‍ വിനിമയംചെയ്തു. മതനിയമത്തിനുകീഴെ വിനോദമെന്നത് വളരെയധികം പരിമിതികളെ വരച്ചുചേര്‍ത്തിരുന്നു. സ്ത്രീസ്വാതന്ത്ര്യമെന്നത് സ്വപ്നംമാത്രവും, അവര്‍ക്കിടയിലെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമായിരുന്നു. ഇറാനിയന്‍ ചലച്ചിത്രയുഗം കടപ്പെട്ടിരിക്കുന്ന മിര്‍സാ ഇബ്രാഹിംഖാന്‍ ബാഷയില്‍നിന്ന് ഇങ്ങേത്തലയ്ക്കലുള്ള സമീറാ മക്ബല്‍ ബഫില്‍ എത്തിനില്‍ക്കുമ്പോള്‍ ഇറാനിയന്‍ സിനിമ നേടിയ രാജ്യാന്തരപ്രശസ്തി നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ഏത് കോണിലായാലും സിനിമ എന്ന ബഹുജനമാധ്യമം രാഷ്ട്രീയാധികാരത്തിന്റെയും ധനാധികാരത്തിന്റെയും കാരുണ്യത്തിനു മുന്നിലാണ് കഴിഞ്ഞുകൂടുന്നതെന്ന് ഒരിക്കല്‍ സമീറ പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരു വിദ്യാഭ്യാസസമ്പ്രദായഘടനയെ തിരസ്കരിച്ചുകൊണ്ട് പതിനാലാംവയസ്സില്‍ സ്കൂളിന്റെ പടികളിറങ്ങുകയും, ചോദ്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനുവേണ്ടി സിനിമയുടെ വിശാലലോകത്തേക്ക് കടന്നുവരികയും ചെയ്തതാണ് സമീറാ മക്ബല്‍ ബഫിന്റെ ജീവിതം.

സ്കൂള്‍ ജീവിതത്തോടു വിടപറഞ്ഞ് ആറുവര്‍ഷതിനുശേഷം 'ബ്ലാക്ക് ബോര്‍ഡ്' എന്ന ചിത്രവുമായി അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ചു. ഇറാനിലെ ഖുര്‍ദിശ് അഭയാര്‍ഥികള്‍ വൈജ്ഞാനികമേഖലയിലും വിദ്യാഭ്യാസരംഗത്തും നേരിടുന്ന പ്രശ്നങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2001ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബ്ലാക്ക് ബോര്‍ഡ് ശ്രദ്ധിക്കപ്പെടുകയും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടുകയും ചെയ്തു. 20 വയസ്സുള്ള ഒരു മുസ്ലീം യുവതി മതത്തിന്റെ വേലിക്കെട്ടുകള്‍ക്കു പുറത്തുചാടി സിനിമ എന്ന മാധ്യമത്തെ ആയുധമാക്കിയതിനെ അംഗീകരിക്കല്‍ മാത്രമായിരുന്നില്ല അത്. ലോകത്തില്‍ത്തന്നെ ഇത്രയും ചെറുപ്പത്തിലെ സംവിധായകക്കുപ്പായമിട്ട യുവതിയെന്ന അംഗീകാരംകൂടിയായിരുന്നു അത്.

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്ത് സിനിമാനിര്‍മാണം പുതുവഴികള്‍ തേടുകയും അതിലൂടെ നവീനസിനിമയുടെ ആശയങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. ആ കാറ്റ് ഇറാനിയന്‍ സിനിമയെയും പിടിച്ചുലച്ചു. ഫറോക്ക് ഗഫാറിയാലി (1958) ഇറാനിയന്‍ സാംസ്കാരികമണ്ഡലത്തെ സ്വാധീനിച്ചത് ചരിത്രത്തില്‍ നാം വായിക്കുന്നു. ആ ഒരു പൂര്‍വമാതൃക സമീറയില്‍ നാം കാണുന്നു. എട്ടാംവയസ്സില്‍ത്തന്നെ സിനിമയുടെ സാധ്യതകളെയാണ് അവര്‍ അന്വേഷിച്ചത്. അഭിനയത്തിലൂടെയായിരുന്നു അതിന്റെ തുടക്കം. പിതാവിന്റെ (മൊഹ്സന്‍ മക്ബല്‍ ബഫ്) ചിത്രമായ 'സൈക്ലിസ്റ്റി'ലായിരുന്നു തുടക്കം. ആ അഭിനയംകൊണ്ട് രണ്ടു കാര്യങ്ങള്‍ സമീറയ്ക്കു ബോധ്യമായി: അഭിനയമല്ല തന്റെ വഴിയെന്നും, സിനിമാനിര്‍മാണവും സംവിധാനവുമാണ് മേഖലയെന്നും. സംവിധാനത്തില്‍ ശ്രദ്ധയൂന്നി അങ്ങനെയവര്‍ ഉന്നത സിനിമാപഠനത്തിനു ചേര്‍ന്നു.

സിനിമ എന്ന കലയെത്തന്നെ അകറ്റിനിര്‍ത്തിയ ഒരു സമൂഹം എങ്ങനെയാണ് സ്ത്രീസമൂഹത്തെ സിനിമകളില്‍ കൊണ്ടുവരിക? ഇറാനിലെ സിനിമാപ്രവര്‍ത്തകരെ വേട്ടയാടിയിരുന്ന ഒരു സ്വത്വപ്രതിസന്ധിയായിരുന്നു ഇത്. സ്ത്രീരൂപങ്ങളെ സ്ക്രീനില്‍ കൊണ്ടുവരുന്നത് എല്ലാ അര്‍ഥത്തിലും വിലക്കപ്പെട്ട ഒരു സമൂഹം. ഇത്തരം നിയന്ത്രണങ്ങളെ മറികടന്ന് മൌലികമായ ദൃശ്യക്ഷമത സിനിമയില്‍ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. സീനുകളെ ഉപേക്ഷിച്ചും, ബദല്‍ മാര്‍ഗങ്ങള്‍ തേടിയും പലരും ഇതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും സിനിമയുടെ പൂര്‍ണതയെയും കലാമേന്മയെയും ഇത് ആഴത്തില്‍ ബാധിച്ചു. ഈയൊരു വേവലാതി സമീറയെയും വേട്ടയാടിയിരുന്നു.

ബൌദ്ധികവും സ്വത്വാത്മകവുമായ അന്വേഷണങ്ങളെ തൊണ്ണൂറുകളില്‍ ധീരമായാണ് സമീറാ മക്ബല്‍ ബഫ് നേരിട്ടത്. 1998ല്‍ ആപ്പിള്‍ എന്ന ചിത്രം സമീറ അണിയിച്ചൊരുക്കുന്നത് അതിന്റെ ഭാഗമായാണ്. പിന്നീട് നാം കാണുന്നത് ഇറാനിയന്‍ സിനിമാലോകത്ത് ധാരാളം സ്ത്രീ സംവിധായകപ്രതിഭകളുടെ അരങ്ങേറ്റമാണ്. ബക്ഷന്‍ ബാനിയെപ്പോലെയും മിലാനിയെപ്പോലെയുമുള്ള സംവിധായകര്‍ ലോകചലച്ചിത്രപ്രതിഭകളുടെ പട്ടികയിലേക്ക് കടന്നുവന്നു.

ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് സമീറ ആപ്പിള്‍ ഒരുക്കിയത്. 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ കഥയാണിത്. സ്വന്തം ജന്മവീട്ടില്‍ അന്ധയായ അമ്മയാലും വൃദ്ധനായ അച്ഛനാലും തടവിലാക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളാണ് ആപ്പിളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കഥയും യാഥാര്‍ഥ്യവും വളരെ സമര്‍ഥമായി ഈ സിനിമയില്‍ ഇവര്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ എന്ന ചിത്രത്തിനു ലഭിച്ച ജനസമ്മതി വലുതായിരുന്നു. നൂറോളം മേളകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചിത്രത്തോടൊപ്പം നൂറ്റിനാല്‍പ്പതില്‍പ്പരം രാജ്യങ്ങളില്‍ സമീറയുമെത്തി.

മലയാളസിനിമയില്‍ ജോണ്‍ അബ്രഹാം നടത്തിയ ധീരതയാര്‍ന്ന ചില പരീക്ഷണങ്ങള്‍ക്ക് തന്റെ പല ചിത്രങ്ങളിലും സമീറാ മക്ബല്‍ ബഫും തുനിഞ്ഞിട്ടുണ്ട്. നടന്മാരെ നേരത്തെ കണ്ടെത്താതെ, ഷൂട്ടിങ് ലൊക്കേഷനുകളില്‍വച്ച് കണ്ടെത്തുന്ന രീതിയും അതിസാഹസികമായിത്തന്നെ ലൊക്കേഷനുകളില്‍ എത്തിപ്പെടുന്നതും ഈ സംവിധായകയുടെ പൊതുരീതിയാണ്. ബ്ലാക്ക് ബോര്‍ഡിന്റെ ചിത്രീകരണവേളയില്‍ കുര്‍ദ് കേന്ദ്രിത മലകളില്‍ അനായാസേന കയറിപ്പോയ കഥകള്‍ അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തോടുള്ള ആത്മബന്ധങ്ങള്‍ അവരെ നവോത്ഥാന സിനിമാപ്രസ്ഥാനങ്ങളോടും ഇറ്റാലിയന്‍ നിയോ റിയലിസത്തോടും അടുപ്പിക്കുന്നതായിരുന്നു.

സ്വന്തം ദേശത്തിന്റെ മത-രാഷ്ട്രീയ കെട്ടുകാഴ്ചകളെ മാത്രമല്ല, സമീറാ മക്ബല്‍ ബഫ് സിനിമയിലൂടെ ചോദ്യംചെയ്തത്. തീവ്രമതാന്ധതയുടെ ഇരുളടഞ്ഞ ഭൂമികയായ അഫ്ഗാനിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് തന്റെ ക്യാമറക്കണ്ണുകള്‍ തിരിച്ചുപിടിച്ചു. താലിബാന്റെ കടുത്ത വെല്ലുവിളികളും വിലക്കുകളും നിലനില്‍ക്കുമ്പോള്‍ത്തന്നെ ആ രാജ്യത്തുചെന്ന് അതേ മണ്ണില്‍വച്ച് സിനിമാചിത്രീകരണത്തിനുമുതിര്‍ന്ന സംവിധായകയുടെ ധീരതയാര്‍ന്ന കാല്‍വയ്പുകളും ലോകം കണ്ടു. നാറ്റോ സഖ്യം അഫ്ഗാനില്‍ നിലയുറപ്പിച്ച കാലത്താണ് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന ചിത്രം സമീറ ആദ്യമായി അവിടെ പൂര്‍ത്തീകരിക്കുന്നത്. ഇന്ത്യയില്‍നടന്ന അന്താരാഷ്ട്ര ഫിലിംമേളകളില്‍ ഈ ചിത്രം ഏഷ്യന്‍ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായി. കാനില്‍ സില്‍വര്‍ സ്ക്രീന്‍ പുരസ്കാരവും ഈ സിനിമയ്ക്കായിരുന്നു. സമീറയുടെ പുതിയ ചിത്രമായ 'രണ്ടു കാലുള്ള കുതിര'യും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവരുടെയും നിരാലംബരുടെയും കൂടെയായിരുന്നു സമീറാ മക്ബല്‍ ബഫിന്റെ അഭ്രക്കാഴ്ചകള്‍. പുരുഷകേന്ദ്രിത സാമൂഹികവ്യവസ്ഥയിലെ സ്ത്രീകളുടെ വേദനകളും മതരാഷ്ട്രീയത്തിന്റെ തിക്തഫലങ്ങളും തീവ്രവാദത്തിന്റെ കാരുണ്യമില്ലായ്മയുമെല്ലാം അവരുടെ സിനിമകളുടെ വിഷയമായി. സിനിമയ്ക്കുണ്ടായിരുന്ന വിലക്കുകളെ സര്‍ഗാത്മകതകൊണ്ട് നേരിട്ടതാണ് സമീറയെ വ്യത്യസ്തയാക്കുന്നത്. ഇരുപത്തെട്ടുവയസ്സുകൊണ്ട് ഒരു മുസ്ലീം സ്ത്രീ സംവിധായക സാമ്പ്രദായിക രീതിശാസ്ത്രങ്ങളെ മറികടന്നുകൊണ്ട് സിനിമയുടെ ചരിത്രത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയത് ഒരു നിയോഗമാവാം.

*
അബ്ദുള്ള പേരാമ്പ്ര

സമീറ മക്ബല്‍ ബഫിന്റെ വെബ് സൈറ്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇറാനിയന്‍ സിനിമയെക്കുറിച്ചുള്ള സമീറയുടെ സ്വപ്നങ്ങളില്‍, ഇറാന്റെ സാംസ്കാരികചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും ഇഴചേര്‍ന്നിട്ടുണ്ട്. ഇസ്ലാമിക യാഥാസ്ഥിതികത്തോട് ഏറ്റുമുട്ടി, പുതുലോകക്രമത്തിനുവേണ്ടി പ്രയത്നിച്ച ഒരു പഴയകാലം മക്ബല്‍ ബഫിന്റെ കുടുംബത്തിനുണ്ട്. ഇസ്ലാമിക സാമ്രാജ്യത്വകാലത്തെ ആഡംബരത്തിനെതിരെ ഉയര്‍ന്നുവന്ന ധൈഷണികശബ്ദങ്ങള്‍ ശാസ്ത്രദര്‍ശനങ്ങളെ മാത്രമല്ല പ്രതിനിധീകരിച്ചത്; സിനിമയെക്കൂടിയായിരുന്നു. പഴയ ഇറാന്റെ പ്രക്ഷുബ്ധചരിത്രത്തെ ഈ സിനിമകള്‍ വിനിമയംചെയ്തു. മതനിയമത്തിനുകീഴെ വിനോദമെന്നത് വളരെയധികം പരിമിതികളെ വരച്ചുചേര്‍ത്തിരുന്നു. സ്ത്രീസ്വാതന്ത്ര്യമെന്നത് സ്വപ്നംമാത്രവും, അവര്‍ക്കിടയിലെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമായിരുന്നു. ഇറാനിയന്‍ ചലച്ചിത്രയുഗം കടപ്പെട്ടിരിക്കുന്ന മിര്‍സാ ഇബ്രാഹിംഖാന്‍ ബാഷയില്‍നിന്ന് ഇങ്ങേത്തലയ്ക്കലുള്ള സമീറാ മക്ബല്‍ ബഫില്‍ എത്തിനില്‍ക്കുമ്പോള്‍ ഇറാനിയന്‍ സിനിമ നേടിയ രാജ്യാന്തരപ്രശസ്തി നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.