Tuesday, March 10, 2009

കുട്ടിച്ചാത്തന്‍

ചാക്കാടുംപാറ പഞ്ചായത്ത് അക്ഷരാര്‍ഥത്തില്‍ ഞെട്ടി!

കൊണ്ടേരന് എന്ത് പറ്റി എന്നതാണ് ആശ്ചര്യ വിഷയം.

പഞ്ചായത്തിലെ പ്രാദേശിക ചാനല്‍ 24 മണിക്കൂറും വിഷയം ചര്‍ച്ചെക്കെടുത്തു. ചര്‍ച്ചക്കിടയില്‍ മൂന്നുപേര്‍ കുഴഞ്ഞുവീണു. അവരെ അടിയന്തരമായി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവര്‍ പക്ഷേ അടങ്ങിയില്ല. അവിടെക്കിടന്ന് ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്തു.

മഹേശ്വരന്‍പിള്ളയുടെ ഈശ്വരവിലാസം ഹോട്ടല്‍ ആന്‍ഡ് ടീ ഷാപ്പില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ചര്‍ച്ചയും ചായയും ഒന്നുപോലെ വിറ്റു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉഴുന്നുവടക്ക് പതിനഞ്ചും പരിപ്പുവടക്ക് പത്തും പൈസ കൂട്ടി. ഇതില്‍ പ്രതിഷേധിച്ചവരോട് ജീവിതം ക്ഷണികമാണെന്നും, പണംകൊണ്ടല്ല അതളക്കേണ്ടതെന്നും കൊണ്ടേരനെ ഉദാഹരിച്ച് മഹേശ്വരന്‍പിള്ള ഉപന്യസിച്ചു.

കുഞ്ഞാത്തോലിന്റെ ബാര്‍ബര്‍ ഷാപ് കം ബ്യൂട്ടി പാര്‍ലറില്‍ സൂചിക്ക്കുത്താന്‍ ഇടമില്ലാത്തവണ്ണം ആളുകള്‍ തടിച്ചുകൂടി. പഞ്ചായത്തിലെ ഏക ബുദ്ധിജീവിയാണ് കുഞ്ഞാത്തോല്‍. കത്രികയും കത്തിയും മാറ്റിവച്ച് കുഞ്ഞാത്തോല്‍ ജനങ്ങളെ അഭിസംബോധനചെയ്‌തു. മുടി മുറിക്കാന്‍ വന്നവര്‍ താടി കൂടി വളര്‍ത്തിയാണ് മടങ്ങിയത്. അരത്താടി, മുക്കാത്താടി, മുഴുവ‌ൻ‌താടി എന്നിങ്ങനെ മൂന്നിനങ്ങള്‍ പുറത്തിറങ്ങി. അരത്താടികളായിരുന്നു കൂടുതല്‍ അപകടകാരികള്‍. വളരാത്ത ഓരോ രോമത്തിനും അവര്‍ വായനക്കാരോട് പകരംവീട്ടി.

കുഞ്ഞാത്തോലിനോട് ജനങ്ങള്‍ നിരന്തരം സംശയം ചോദിച്ചു. വിദഗ്ധവും ബുദ്ധിപൂര്‍വകവുമായ ഉത്തരങ്ങളിലൂടെ കുഞ്ഞാത്തോല്‍ തടി രക്ഷിച്ചു.

ഇട്ടിരാരിശ്ശന്‍നമ്പൂതിരി പൊതുപരിപാടികള്‍ റദ്ദാക്കി. പാറോതിയമ്മ വിശ്രമിച്ചു. ചാക്കാടുംപാറയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ അധ്യയനം മുടങ്ങി. അധ്യാപകര്‍ വിഷയത്തിന്റെ നാനാവശങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ക്ളാസിലിരുന്ന് കൊത്താങ്കല്ല് കളിച്ചു. വില്ലേജാഫീസ്, പഞ്ചായത്താഫീസ് എന്നിവയുടെ പ്രവര്‍ത്തനവും പൂര്‍ണമായി സ്‌തംഭിച്ചു. ജോലിയെപ്പോലും തൃണവല്‍ഗണിച്ചാണ് അതീവഗുരുതരമായ ഈ സ്ഥിതിവിശേഷം അവര്‍ ചര്‍ച്ചക്കെടുത്തത്.

എന്താണ് ചാക്കാടുംപാറയെ പിടിച്ചുകുലുക്കിയത്?

കൊണ്ടേരന്‍ ചാത്തന്‍ സേവ തുടങ്ങി!

അതിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാവും.

അയ്യോ? കഷ്‌ടം!

ഇത്തരം ചോദ്യങ്ങള്‍ നിഷ്‌ക്കളങ്കമാണെന്ന് കരുതരുത്. ഇതിലൂടെയാണ് ഫാസിസം വരുന്നത്. ഓരോ ചോദ്യവും ഓരോ നിലപാടുകളാണ്, ഓരോ പ്രഖ്യാപനങ്ങളാണ്. ചാക്കാടുംപാറയുടെ ചരിത്രമറിയാത്തവര്‍, ഭൂമിശാസ്‌ത്രമറിയാത്തവര്‍, സാമൂഹ്യ-നരവംശശാസ്‌ത്രമറിയാത്തവര്‍ എന്നിവരാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍. അവര്‍ മൂക്കിന്റെ തുമ്പിനപ്പുറം ലോകം കാണുന്നില്ല.

ആരായിരുന്നു കൊണ്ടേരന്‍?

ചാക്കാടുംപാറയിലെ സുപ്രസിദ്ധ യുക്തിവാദി. ദൈവത്തെ നിഷേധിച്ച് ദൈവത്തേക്കാള്‍ പ്രസിദ്ധനായവന്‍. യുക്തിവാദക്ഷേത്രത്തിലെ അല്‍ഭുത സിദ്ധിയുള്ള പ്രതിഷ്‌ഠ. ചാക്കാടുംപാറയുടെ കുലദൈവമായ വെളിച്ചപ്പാടിനെ മൂക്ക്കൊണ്ട് കൂട്ടക്ഷരം വരപ്പിച്ചവന്‍.

ഒരിക്കല്‍ വെളിച്ചപ്പാട് തുള്ളി ഉറയുന്ന സമയം. ഭക്തന്മാര്‍ കൈകൂപ്പി വണങ്ങുന്നു. ചാക്കാടുംപാറയുടെ ദോഷങ്ങളകറ്റാന്‍ അത്യധ്വാനം ചെയ്യുകയാണ് വെളിച്ചപ്പാട്.

വെളിച്ചപ്പാട് പ്രഖ്യാപിച്ചു.

'..ഉണ്ണികളേ... പറയൂ... എന്താണ് നിങ്ങള്‍ക്കറിയേണ്ടത്...'

കൊണ്ടേരന്‍ മുന്നിലേക്ക് കയറി വെടിപൊട്ടും പോലെ ചോദ്യം.

'..ഡോ... വെളിച്ചപ്പാടേ... ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതാരാ...?'

വെളിച്ചപ്പാട് പിന്നെ രണ്ടുദിവസത്തേക്ക് തുള്ളിയില്ല.

ആ കൊണ്ടേരനാണിപ്പോള്‍ ചാത്തന്‍സേവ തുടങ്ങിയിരിക്കുന്നത്.

ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവം ഇങ്ങനെയായിരുന്നു.

ടോഡിഷോപ് 32ല്‍ പതിവുപോലെ കൊണ്ടേരന്‍ നായാട്ടിനിറങ്ങി. ഷാപ്പിലെ നായ എഴുന്നേറ്റ്നിന്ന് ബഹുമാനിച്ചു. വിളമ്പുകാരന്‍ നാണുക്കുട്ടന്‍ ഹസ്‌തദാനം ചെയ്‌ത് സ്വീകരിച്ചു. പതിവ് ഉപചാരങ്ങള്‍ വിളമ്പി.

കുപ്പിയുടെ കഴുത്തിന് പിടിച്ചൊന്ന് കുലുക്കി വീര്യപരിശോധന നടത്തി.

നാണുക്കുട്ടന്‍ ആദരവോടെ അറിയിച്ചു.

' ഉഗ്രനാ...'

നാണുക്കുട്ടന്റെ ദാസ്യഭാവത്തില്‍ കൊണ്ടേരന്‍ സംപ്രീതനായി. മുതലാളിത്തത്തിന്റെ വ്യാജച്ചിരി കൊണ്ടേരന്‍ അവന് സംഭാവനയായി നല്‍കി.

ലായിനി കോപ്പയില്‍ പകര്‍ന്നു. നുരയും പതയും പൊന്തി. കടലിലെ ഒരു കൊച്ചുതിര കോപ്പയില്‍ കയറിവന്ന പോലെ. കൊണ്ടേരന്‍ അനുവാചകഹൃദയത്തോടെ അതാസ്വദിച്ചു. അപ്പോഴേക്കും അകമ്പടിക്ക് അയില പൊരിച്ചത് വന്നു.

കോപ്പയിലെ വെണ്‍നുരകള്‍ കൊണ്ടേരനെ മാടിവിളിച്ചു. അത് മാരന്റെ മണിയറ മുത്തത്തിന് കൊതിച്ചു. ഇടത് കാലെടുത്ത് ബെഞ്ചിന്റെ മീതെവച്ച് അതിന്റെ മീതെ ഇടതുകൈ വിന്യസിച്ച് കൊണ്ടേരന്‍ ഒരുങ്ങി.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഇപ്പോഴും ആദ്യകോപ്പ കാണുമ്പോള്‍ ആദ്യരാത്രിയുടെ പകപ്പാണ്. പരിഭ്രമത്തിന്റെ വിറയലോടെ വികാരതീവ്രമായി കോപ്പയില്‍ ചുംബിച്ചു.

കോപ്പ കാലിയായപ്പോള്‍ തലയൊന്ന് കുടഞ്ഞ് മൂക്കിലൂടെ എയറ് കളഞ്ഞു. അയിലയുടെ മധ്യഭാഗം മൂന്ന് വിരല്‍കൊണ്ട് പൊളിച്ചു.

ഉഷാറായി.

കൊണ്ടേരന്‍ ചുറ്റുപാടും നിരീക്ഷിച്ചു.

അതാ... ഒരു മൂലയില്‍ വെളിച്ചപ്പാടിരിക്കുന്നു. ശാസ്‌ത്രത്തിന്റെ ശത്രു. സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുന്നവന്‍.

കൊണ്ടേരന് വാശിയായി. ഒരു കോപ്പകൂടി വറ്റിച്ചു. വെളിച്ചപ്പാടും വിട്ടുകൊടുത്തില്ല. ഒന്നിനൊന്ന്.

കൊണ്ടേരന്‍ വിളിച്ചു.

'..ഡോ...'

അന്ധവിശ്വാസം വിളികേട്ടു.

കൊണ്ടേരന്‍ തുടര്‍ന്നു.

'..താന്‍ ചാത്തന്‍സേവയും തൊടങ്ങിയെന്ന് കേട്ടല്ലൊ... ശരിയാണോ..?'

വെളിച്ചപ്പാട് വെളിച്ചപ്പെട്ടു.

'..ശരിയാന്നേ...'

'..ബിസിനസ് വലുതാക്കുകയാണ് അല്ലെ...?'

'കൊണ്ടേരാ... വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...'

'..വന്ദിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തത് നിന്ദിക്കപ്പെടുക തന്നെ വേണം. നിന്ദ ഒരു ചീത്തക്കാര്യമല്ല. അതൊരു സമരായുധമാണ്.'

'കൊണ്ടേരാ..നീ മറ്റ് ദൈവങ്ങളോട് കളിക്കുന്ന പോലെയല്ല. ചാത്തന്‍ ഭയങ്കരനാണ്.'

'..നീ അന്ധവിശ്വാസം വിറ്റ് ആളുകളെ പറ്റിക്കുകയാണ്. ചൂഷണം. നിനക്ക് മാപ്പില്ല.'

വെളിച്ചപ്പാട് ആവര്‍ത്തിച്ചു.

'കൊണ്ടേരന്‍... ചാത്തനെ പരീക്ഷിക്കരുത്.'

'ധൈര്യമുണ്ടെങ്കില്‍ കൊണ്ടുവാ നിന്റെ ചാത്തനെ...'

വെളിച്ചപ്പാട് കണ്ണടച്ചു. ശ്വാസം പിടിച്ചു.

കള്ള്കുപ്പിയുടെ കഴുത്തില്‍ ഉരസി.

'..ഓം... ഹ്രീം... ഹ്രീം...'

പെട്ടെന്ന് കുപ്പിയില്‍നിന്ന് വെളുത്ത പുക പൊങ്ങി. ഷാപ്പിന്റെ ഓലക്കീറുകള്‍ക്കിടയില്‍ പുക തങ്ങിനിന്നു.

പുക മാറിയപ്പോള്‍ അതാ കുട്ടിച്ചാത്തന്‍. കാര്‍ടൂണില്‍ കാണുന്ന പോലെയൊന്നുമല്ല. ഒരു സീരിയല്‍ നടന്റെ സൌന്ദര്യം! ഖാദിസില്‍ക്കിന്റെ ജുബ്ബയും വീതിയുള്ള കസവുകരയുടെ മുണ്ടുമാണ് വേഷം. കേരളത്തില്‍ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുക. ഡല്‍ഹിയിലാണെങ്കില്‍ സ്യൂട്ടിലായിരിക്കും.

കുട്ടിച്ചാത്തന്‍ വെളിച്ചപ്പാടിനെ കെട്ടിപ്പിടിച്ചു.

'..എന്താ വെളിച്ചം... എന്തിനാ വിളിച്ചത്...'

വെളിച്ചം ചിരിച്ചു.

ചാത്തന്‍ തുടര്‍ന്നു.

'..വെളിച്ചം നീ ക്ഷീണിച്ചുപോയല്ലോ... നീ ഇപ്പോഴും ഈ നാടന്‍ തന്നെയാണോ അടിക്കുന്നത്. നിനക്ക് ഞാന്‍ സ്കോച്ച് കൊണ്ടുവന്ന് തരാം. അടുത്താഴ്ച്ച എനിക്കൊരു ഫോറിന്‍ ട്രിപ്പുണ്ട്.'

വെളിച്ചപ്പാട് പറഞ്ഞു.

'..ഇത് കൊണ്ടേരന്‍'

ചാത്തന്‍ പറഞ്ഞു.

'..ഹലോ...'

കൊണ്ടേരന്‍ തിരിച്ചടിച്ചു.

'..ഹലോ...'

വെളിച്ചപ്പാട് പരിചയപ്പെടുത്തി.

'..കൊണ്ടേരന്‍ യുക്തിവാദിയാണ്...'

'...ഗുഡ്. ഭക്തന്മാരേക്കാള്‍ നല്ലത് യുക്തിവാദികളാണ്. ഇവര്‍ ഉള്ളില്‍ വിശ്വാസമുള്ളവരാണ്. പുറത്ത് കാണിക്കുന്നതില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. സ്വന്തം കാര്യത്തിനു വേണ്ടി അവര്‍ ഒരിക്കലും വരാറില്ല. ഒന്നല്ലെങ്കില്‍ ഭാര്യക്ക് വേണ്ടി, അല്ലെങ്കില്‍ കുട്ടികൾക്ക് വേണ്ടി... അല്ലെങ്കില്‍ ബന്ധുക്കളുടെ നിര്‍ബന്ധംകൊണ്ട്... എത്ര നിസ്വാര്‍ഥരാണ് അവര്‍! സത്യത്തില്‍ എനിക്കവരോട് ആദരവുണ്ട്. മറ്റവന്മാര്‍ കാപട്യക്കാരാണ്. വെറുതെ വേഷം കെട്ടുന്നവര്‍...'

കൊണ്ടേരന്‍ പ്രതിഷേധിച്ചു.

'..നിങ്ങള്‍ വെറും തട്ടിപ്പുകാരാണ്. ജനങ്ങളെ പറ്റിക്കുകയാണ്..'

ചാത്തന്‍ ചിരിച്ചു.

'എനിക്ക് ഡയലോഗില്‍ താല്‍പ്പര്യമില്ല. പ്രവൃത്തിയിലാണ് താല്‍പ്പര്യം. എന്റെ ശക്തി ഞാന്‍ തെളിയിക്കാം. കൊണ്ടേരന്‍ വിശ്വസിക്കോ...?'

'വിശ്വസിക്കാം.'

'ഞാന്‍ രണ്ടു വരം തരാം. ചോദിച്ചോളൂ എന്ത് വേണം?'

കൊണ്ടേരന്‍ ഗാഢചിന്തയില്‍ മുഴുകി.

'..എനിക്ക് കള്ളൊഴിയാത്ത ഒരു കോപ്പ താ ആദ്യം...'

ചാത്തന്‍ ജുബ്ബയുടെ കൈ തെറുത്ത് വലത്ത് കൈ ഉയര്‍ത്തി.

കൈയില്‍ കോപ്പ!

അത് കൊണ്ടേരന് കൈമാറി.

അത് നിറയെ കള്ള്. ചെത്തിയിറക്കിയ ഉഗ്രന്‍ സാധനം. പാറ്റയും വണ്ടും പിടയ്ക്കുന്നു!

കൊണ്ടേരന്‍ ആര്‍ത്തിയോടെ വിഴുങ്ങി. കോപ്പ താഴെ വെക്കേണ്ട താമസം. വീണ്ടും കള്ള് നിറഞ്ഞു.

അല്‍ഭുതം!

വീണ്ടും കുടിച്ചു, വീണ്ടും നിറഞ്ഞു. കൊണ്ടേരന്‍ കുടിച്ചുകൊണ്ടേയിരുന്നു.

ചാത്തന്‍ ഓര്‍മിപ്പിച്ചു.

'അടുത്ത വരം?'

ആദരവോടെ, കൈ കൂപ്പി കൊണ്ടേരന്‍ പറഞ്ഞു.

'...അഴിയന് ഇഴുപോലെ ഒഴു കോപ്പ കൂഴി വേണം.'

അന്നു മുതല്‍ കൊണ്ടേരന്‍ ചാത്തന്‍സേവ തുടങ്ങി.

****

എം എം പൌലോസ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ആരായിരുന്നു കൊണ്ടേരന്‍?

ചാക്കാടുംപാറയിലെ സുപ്രസിദ്ധ യുക്തിവാദി. ദൈവത്തെ നിഷേധിച്ച് ദൈവത്തേക്കാള്‍ പ്രസിദ്ധനായവന്‍. യുക്തിവാദക്ഷേത്രത്തിലെ അല്‍ഭുത സിദ്ധിയുള്ള പ്രതിഷ്‌ഠ. ചാക്കാടുംപാറയുടെ കുലദൈവമായ വെളിച്ചപ്പാടിനെ മൂക്ക്കൊണ്ട് കൂട്ടക്ഷരം വരപ്പിച്ചവന്‍.

ഒരിക്കല്‍ വെളിച്ചപ്പാട് തുള്ളി ഉറയുന്ന സമയം. ഭക്തന്മാര്‍ കൈകൂപ്പി വണങ്ങുന്നു. ചാക്കാടുംപാറയുടെ ദോഷങ്ങളകറ്റാന്‍ അത്യധ്വാനം ചെയ്യുകയാണ് വെളിച്ചപ്പാട്.

വെളിച്ചപ്പാട് പ്രഖ്യാപിച്ചു.

'..ഉണ്ണികളേ... പറയൂ... എന്താണ് നിങ്ങള്‍ക്കറിയേണ്ടത്...'

കൊണ്ടേരന്‍ മുന്നിലേക്ക് കയറി വെടിപൊട്ടും പോലെ ചോദ്യം.

'..ഡോ... വെളിച്ചപ്പാടേ... ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതാരാ...?'

വെളിച്ചപ്പാട് പിന്നെ രണ്ടുദിവസത്തേക്ക് തുള്ളിയില്ല.

അങ്ങനെയുള്ള കൊണ്ടേരൻ ചാത്തൻ സേവ ചെയ്യുകയോ?

തൻ‌കാര്യ സാദ്ധ്യത്തിനായി യുക്തിസേവ നിർത്തി ചാത്തൻ സേവ ചെയ്യുന്നവരെക്കുറിച്ച് എം എം പൌലോസിന്റെ നർമ്മഭാവന

Mr. K# said...

'...അഴിയന് ഇഴുപോലെ ഒഴു കോപ്പ കൂഴി വേണം.'

പൗലോസ് തകര്‍ത്തു :-)
പിന്നെ വെളിച്ചപ്പാടും ചാത്തനും ഒന്നിച്ചു പോവില്ല, രണ്ടു പേരും പണ്ടേ ശത്രുക്കളാ, അങ്ങനെയാണ് വിശ്വാസം.

Anonymous said...

ആന്റണി രണ്ടാം വട്ടവും മുഖ്യനായപ്പോള്‍ ആദ്യം അമൃതാനന്തമയിയുടെ ആലിംഗനാനുഗ്രഹങ്ങള്‍ വാങ്ങി 'ധന്യനായി '. (പിണറായിയോടും മത്തായി ചാക്കോയുടെ ആത്മാവിനോടും മാപ്പ്‌.) പിന്നീട്‌ അദ്ദ്യം പലപല ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. ആയിടെ വന്ന ഒരു കാര്‍ട്ടൂണ്‍ ഈയുള്ളവന്‍ ഓര്‍മ്മിച്ചുപോകുന്നു.
അംബാസ്സിഡര്‍ കാറില്‍ കയറാന്‍ പോകുന്ന മുഖ്യം 'പ്രൈവറ്റ്‌ സെക്കി'നോട്‌: "ഇന്നത്തെ യാത്രാമാര്‍ഗേ സന്ദര്‍ശിക്കേണ്ട സ്‌ഥാപനങ്ങളുടെ ലിസ്‌റ്റില്‍ നിന്ന് ഏതെങ്കിലും കുട്ടിച്ചാത്തന്‍ സേവാമഠം വിട്ടുപൊയിട്ടുണ്ടോ എന്ന് ഒന്നുകൂടി നോക്കൂ".

Anonymous said...

നല്ലൊരു മാർക്സിസ്റ്റാവാൻ, കാറൽ മാർക്സ് ചെയ്തപോലെ വീ‍ട്ടുപണിക്കു നിന്ന പെൺകുട്ടിയെ പെഴപ്പിക്കണമെന്ന അഭീപ്രായമുള്ള കുറേ സഖാക്കന്മ്മാരുണ്ടല്ലോ കേരളത്തിൽ. ബലാത്സങ്ഗം ചായകുടിക്ക്കുന്ന്നതു പോലെയാണെന്നു പറഞ്ഞ നായനാരെയല്ല ഉദ്ദേശിക്കുന്നതു.മന്ത്രിപുത്രന്മാരെയാണ് ഉദ്ദേശിക്കുന്നതു. അങ്ങനെ യഥാർഥമാർക്സിസ്റ്റാവാനുള്ള അവസരം കിട്ടാൻ സിനിമപിടിക്കാൻ വരെ തയ്യാറായ മന്ത്രിപുത്രന്മാരുടെ മുൻപിൽ കൊണ്ടേരനാര്?