Friday, April 3, 2009

ഇടതുപക്ഷവിരുദ്ധമോ ഇടയലേഖനം?

കേരള മെത്രാന്‍ സമിതിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച ഇടയലേഖനം ഇടതുപക്ഷത്തിനെതിരാണെന്നും കേരളത്തിലെ കത്തോലിക്കരാകെ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ചില മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടക്കുകയാണ്‌. ആവേശഭരിതരായ ചില ഇടവക വികാരികളെങ്കിലും ഈ പ്രചാരണത്തില്‍പ്പെട്ട്‌ യു.ഡി.എഫിന്‌ വോട്ട്‌ ചെയ്യണമെന്നുവരെ ഞായറാഴ്‌ച കുര്‍ബാന വേളയില്‍ പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ തീരപ്രദേശത്ത്‌ ചിലയിടങ്ങളില്‍ ഇതെനിക്ക്‌ നേരിട്ടറിവുള്ളതുമാണ്‌. എന്നാല്‍ ഇത്തരം ഇടതുപക്ഷവിരുദ്ധ കുരിശുയുദ്ധത്തിനു പറ്റിയതൊന്നും എനിക്ക്‌ ഇടയലേഖനത്തില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഈ ഇടയലേഖനത്തെ അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാല്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യേണ്ടിവരും എന്നാണെന്റെ അഭിപ്രായം.

2009 ഫിബ്രവരി 19-ന്‌ ഭാരത കത്തോലിക്ക മെത്രാന്‍മാരുടെ സമിതി ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ പുറപ്പെടുവിച്ച മാര്‍ഗരേഖയ്‌ക്ക്‌ വിരുദ്ധമാണ്‌ മുകളില്‍ സൂചിപ്പിച്ച ഇടതുപക്ഷ വിരുദ്ധ പ്രചാരണം. പ്രത്യേക രാഷ്‌ട്രീയ കക്ഷിക്കു വേണ്ടിയോ മറ്റൊരു കക്ഷിക്കെതിരെയോ സഭ പ്രസ്‌താവനകള്‍ പുറപ്പെടുവിക്കരുതെന്നാണ്‌ സി.ബി.സി.ഐ. ഈ മാര്‍ഗരേഖയില്‍ പറഞ്ഞത്‌. ഒരു മതേതര രാജ്യത്ത്‌ വളരെ ശരിയായ നിലപാടാണിതെന്നു മാത്രമല്ല ശരിയായ ക്രിസ്‌തീയ നിലപാടുമാണിതെന്നാണ്‌ എന്റെ അഭിപ്രായം.

തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യത്തെക്കുറിച്ചും അന്തര്‍ഭവിച്ചിട്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രത്യേകിച്ച്‌ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചശേഷം ഇടയലേഖനം നല്‍കുന്ന മാര്‍ഗനിര്‍ദേശം താഴെപ്പറയുന്നതാണ്‌:

''ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കൊത്ത്‌ രാഷ്‌ട്രഗതിയെ നയിക്കാനും മാര്‍ഗഭ്രംശമുണ്ടായാല്‍ അതിനെ തിരുത്താനുമുള്ള ശക്തി ജനങ്ങളില്‍ത്തന്നെയാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഈ വിധത്തില്‍ നമ്മുടെ രാജ്യത്തെ ശക്തവും ശ്രേഷ്‌ഠവും സമ്പന്നവും നീതിനിഷ്‌ഠവുമാക്കാന്‍ ആവശ്യമായ കരുത്തും അര്‍പ്പണബോധവും സ്വഭാവവൈശിഷ്‌ട്യവുമുള്ള സ്ഥാനാര്‍ഥികളെ തന്നെയാണല്ലോ നാം തിരഞ്ഞെടുക്കേണ്ടത്‌. തീവ്രവാദം ചെറുക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും വര്‍ഗീയത ഉന്മൂലനം ചെയ്യാനും ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച്‌ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനും രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക്‌ നയിക്കാനും കഴിവുള്ള പാര്‍ട്ടികളെയും വ്യക്തികളെയുമാണ്‌ വിജയിപ്പിക്കേണ്ടത്‌. അവര്‍ അഴിമതിയുടെ കറപുരളാത്തവരും മാനുഷിക-ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുള്ളവരും ആയിരിക്കണം. നിരീശ്വരവാദവും അക്രമരാഷ്‌ട്രീയവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‌പിക്കുന്നവരാകരുത്‌. ദേശീയ താത്‌പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും അവഗണിച്ച്‌ വ്യക്തിതാത്‌പര്യങ്ങളും പാര്‍ട്ടി താത്‌പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും ആയിരിക്കരുത്‌. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും അവകാശങ്ങള്‍ നീതിപൂര്‍വം കാത്തുസംരക്ഷിക്കുവാന്‍ കടപ്പെട്ടിട്ടുണ്ടെന്ന്‌ ഓര്‍ക്കണം. നാം ജാഗ്രത പുലര്‍ത്തിയാലേ ഇത്‌ സാധിക്കൂ. നിതാന്തജാഗ്രതയാണ്‌ സ്വാതന്ത്ര്യത്തിനു കൊടുക്കേണ്ട വലിയ വില.

എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഭാഷ, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍, ദരിദ്രര്‍, സ്‌ത്രീകള്‍ മുതലായവരുടെ ക്ഷേമം ഉറപ്പു വരുത്തുക, ദളിത്‌ ക്രൈസ്‌തവരോട്‌ കാട്ടുന്ന വിവേചനം അവസാനിപ്പിച്ച്‌ അതേ സാമൂഹിക വ്യവസ്ഥിതിയില്‍പെട്ടവര്‍ക്കൊപ്പം തുല്യ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ താത്‌പര്യമുള്ളവരായിരിക്കണം നമ്മുടെ ജനപ്രതിനിധികള്‍. ഭാരതീയസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്ക്‌ ക്ഷയം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈശ്വരവിശ്വാസം, സത്യം, നീതി, സാഹോദര്യം, സമഭാവന, സഹിഷ്‌ണുത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്‍ത്താക്കള്‍. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രതയും മൂല്യങ്ങളും കാത്തു സംരക്ഷിക്കുന്നതോടൊപ്പം ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരുമായിരിക്കണം അവര്‍.''

പൊതുവില്‍ ഈ ഇടയലേഖനത്തിലെ വാദങ്ങള്‍ സ്വാഗതാര്‍ഹമാണ്‌. മതേതരത്വത്തിനും ന്യൂനപക്ഷ, പിന്നാക്ക, ദളിത്‌ സംരക്ഷണത്തിനും വേണ്ടിയുള്ള സഭയുടെ കരുതല്‍ ഇടതുപക്ഷവും പങ്ക്‌ വെക്കുന്നു. ഈ ഇടയലേഖനത്തില്‍ നിന്ന്‌ ഇടതുപക്ഷത്തിനെതിരെ വേണമെങ്കില്‍ ബുദ്ധിമുട്ടി വായിച്ചെടുക്കാവുന്നത്‌ രണ്ട്‌ കാര്യങ്ങളാണ്‌.

ഒന്ന്‌: കമ്യൂണിസ്റ്റുകാര്‍ ഈശ്വര വിശ്വാസികളല്ല. രണ്ട്‌: മതന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ സഭയും കമ്യൂണിസ്റ്റുകാരും തമ്മില്‍ കേരളത്തില്‍ തര്‍ക്കമുണ്ട്‌.

ഇതു രണ്ടും ഞാന്‍ നിഷേധിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ വൈരുധ്യാധിഷ്‌ഠിത ഭൗതികവാദം അംഗീകരിക്കുന്നവരാണ്‌. പക്ഷേ, ഒരുകാര്യം ഞാനിവിടെ വ്യക്തമാക്കാം. ഞങ്ങളുടെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന വലിയൊരു പങ്ക്‌ ആളുകള്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രശ്‌നം ദൈവവിശ്വാസമുണ്ടോ ഇല്ലയോ എന്നുള്ളതല്ല. വിശ്വാസികളും അവിശ്വാസികളുമായ എല്ലാ അധ്വാനിക്കുന്നവരേയും ഇന്നത്തെ വ്യവസ്ഥയ്‌ക്കെതിരെ ഒന്നിച്ചണിനിരത്തുന്നതിനാണ്‌ ഞങ്ങള്‍ പരിശ്രമിക്കുന്നത്‌. നിരീശ്വരവാദം ആരുടെയെങ്കിലുംമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷ മതവിശ്വാസ സംരക്ഷണത്തിനുവേണ്ടി നിലപാടെടുക്കുന്നവരാണ്‌. ബി.ജെ.പി.യെ അധികാരത്തില്‍നിന്ന്‌ മാറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസ്സിന്‌ പിന്തുണനല്‍കാന്‍വരെ ഞങ്ങള്‍ തയ്യാറായി. ഒറീസ്സയിലാവട്ടെ വേട്ടയാടപ്പെടുന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ ഞങ്ങളുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രാര്‍ഥനാലയമായി.

രണ്ടാമത്തെ പ്രശ്‌നം വിദ്യാഭ്യാസ രംഗത്തെക്കുറിച്ചാണ്‌. കേരളത്തിലെ ആയിരക്കണക്കിന്‌ എയ്‌ഡഡ്‌ സ്‌കൂളുകളെയും കോളേജുകളെയും സംബന്ധിച്ച്‌ തര്‍ക്കമില്ല. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമേ നിലവിലുള്ള സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നത്‌ വ്യക്തമാക്കിക്കഴിഞ്ഞതാണ്‌. പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതിന്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടവരാണ്‌ സഭയും സര്‍ക്കാരും. തര്‍ക്കമുള്ളത്‌ 14 സ്വാശ്രയ കോളേജുകളെക്കുറിച്ചാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ വികസനത്തില്‍ സ്വാശ്രയ കോളേജുകള്‍ക്കുള്ള സ്ഥാനം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്‌. അവിടെ സാമൂഹികനീതിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനാവശ്യമായ സാമൂഹികനിയന്ത്രണം കൂടിയേതീരൂ. അത്‌ ഏര്‍പ്പെടുത്തുമ്പോള്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ വരുമാനം ഉറപ്പുവരുത്തുകയും വേണം. ഇടത്‌-വലത്‌ വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്‌ട്രീയപ്പാര്‍ട്ടികളെല്ലാം ഈ നിലപാട്‌ അംഗീകരിക്കുന്നവരാണ്‌.

എന്നാല്‍ പാര്‍ലമെന്റ്‌ അംഗീകരിച്ചിട്ടുള്ള മതന്യൂനപക്ഷ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന്‌ സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റുകളില്‍ ഒരു വിഭാഗം ശഠിക്കുന്നു. ഇതിന്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നവരെ മതന്യൂനപക്ഷ അവകാശ ധ്വംസകരായി ചിത്രീകരിക്കുന്നു. മതന്യൂനപക്ഷ വിദ്യാഭ്യാസ നിയമത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വിസ്‌മരിക്കുന്ന ഒരു കാര്യമുണ്ട്‌. ഇടതുപക്ഷത്തിന്റെകൂടി പിന്തുണയില്ലാതെ ഈ നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയുമായിരുന്നില്ല. കേരളത്തില്‍ ഇതു സൃഷ്‌ടിച്ചേക്കാവുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ അവകാശ ധ്വംസനത്തെ ചെറുക്കുന്നതിനു ഇടതുപക്ഷം ഈ നിയമനിര്‍മാണത്തെ അനുകൂലിക്കുകയായിരുന്നു.

ഇത്തരമൊരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ ഇതുവരെ നിലനിന്നിരുന്ന അഭിപ്രായസമന്വയത്തെ ഏകപക്ഷീയമായി മാറ്റി പുതിയ ഒന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ എത്രമാത്രം ഉചിതമാണെന്ന്‌ സഭയും ചിന്തിക്കണം.ഇന്നുള്ള നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഏകപക്ഷീയമായി സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ അസാധ്യമാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. അതേസമയം കേരളത്തിലെ സാമൂഹികയാഥാര്‍ഥ്യം സഭയും മനസ്സിലാക്കണം. ഇക്കാര്യത്തില്‍ സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയും ഒരു പൊതു നിലപാടിലെത്തി ഇന്നത്തെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനാകും എന്നാണ്‌ എന്റെ അഭിപ്രായം.

ഇത്തരമൊരു സംവാദത്തിന്‌ ഹൃദയംതുറക്കുന്ന ഒന്നാണ്‌ ആരാധ്യനായ വര്‍ക്കി വിതയത്തില്‍ പിതാവ്‌ സ്വീകരിച്ചിട്ടുള്ള സമീപനം. ആശംസകളുമായി എനിക്കയച്ചുതന്ന "Straight from the Heart"' എന്ന പുസ്‌തകം ഈയിടെ കിട്ടി. ഇടയലേഖനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ നിന്ന്‌ അല്‌പം ഇവിടെ ഉദ്ധരിക്കട്ടെ. ''ഞാന്‍ പാര്‍ട്ടി രാഷ്‌ട്രീയത്തില്‍ നിന്നും വളരെ സൂക്ഷിച്ച്‌ അകന്നു നില്‍ക്കുകയായിരുന്നു. അതുകൊണ്ട്‌ എനിക്ക്‌ ഏതെങ്കിലും ഒരു പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടിയോട്‌ പ്രത്യേക ചായ്‌വ്‌ ഉണ്ടെന്ന്‌ പറയാനാവില്ല. സമൂഹത്തെ സേവിക്കുമെന്ന്‌ ഞാന്‍ കരുതുന്ന രാഷ്‌ട്രീയപ്പാര്‍ട്ടിക്കാണ്‌ ഞാന്‍ വോട്ട്‌ ചെയ്യുന്നത്‌. അവരുടെ മതം ഞാന്‍ നോക്കാറില്ല.'' ഞാനൊരിക്കല്‍ പറഞ്ഞു, ''സേവനമനുഷ്‌ഠിക്കാന്‍ തയ്യാറല്ലാത്ത ഒരു കത്തോലിക്കനും സമൂഹത്തിന്റെ നന്മയ്‌ക്ക്‌ അര്‍പ്പിതമനസ്‌കനായ ഒരു ഹിന്ദുവും തിരഞ്ഞെടുപ്പിന്‌ നിന്നാല്‍ ഞാന്‍ ആ ഹിന്ദുവിന്‌ വോട്ടുചെയ്യും.''

''യു.ഡി.എഫിലും എല്‍.ഡി.എഫിലും വളരെ നല്ല ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്‌. രണ്ട്‌ രാഷ്‌ട്രീയ ഗ്രൂപ്പുകളെക്കുറിച്ചും പല നല്ല കാര്യങ്ങളും പറയാനുണ്ട്‌. കുറേ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മാര്‍ക്‌സിസത്തോടും കമ്യൂണിസത്തോടും എനിക്കുള്ള സമീപനത്തെക്കുറിച്ച്‌ ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ''കത്തോലിക്കാസഭയുടെ പഠനങ്ങള്‍ക്കും മാര്‍ക്‌സിസത്തിനും ചില കാര്യങ്ങള്‍ പൊതുവായുണ്ട്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അധഃസ്ഥിതരെക്കുറിച്ചുള്ള ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നു. അതുതന്നെയാണ്‌ സഭയുടെയും ആശയം. പിന്തള്ളപ്പെട്ടുപോയ പാവപ്പെട്ടവരോടുള്ള പ്രത്യേകമായ സ്‌നേഹമാണത്‌. അതേസമയം തന്നെ കമ്യൂണിസ്റ്റുകാരുടെ നിരീശ്വരവാദത്തോടു ഞാന്‍ വിയോജിക്കുന്നു. എന്നാല്‍ അവര്‍ നിരീശ്വരവാദികളായത്‌ അവരുടെ മനസ്സാക്ഷി ദൈവമില്ല എന്ന്‌ പറഞ്ഞുകൊണ്ടാണെങ്കില്‍ ഞാന്‍ അവരോട്‌ യോജിക്കും. ഈ ലോകത്തിന്റെ ക്രമത്തെയും സൗന്ദര്യത്തെയും ബുദ്ധിയെയും കുറിച്ച്‌ ചിന്തിക്കുന്ന സത്യസന്ധനായ ഒരു മനുഷ്യന്‌ നിരീശ്വരനാകാന്‍ കഴിയുമോ എന്നെനിക്ക്‌ സംശയമാണ്‌. എന്നാല്‍ ഒരാള്‍ക്കു പൂര്‍ണമായും ദൈവമില്ല എന്ന്‌ ഉത്തമവിശ്വാസമുണ്ടെങ്കില്‍ ഞാനയാളെ സ്‌നേഹിക്കും. കാരണം അയാള്‍ അയാളുടെ വിശ്വാസം അനുസരിച്ചാണ്‌ നില്‍ക്കുന്നത്‌. കത്തോലിക്ക സഭ പഠിപ്പിക്കുന്നത്‌ മനസ്സാക്ഷിയുള്ളവര്‍ രക്ഷിക്കപ്പെടും എന്നാണല്ലോ. അപ്പോള്‍ എന്തുകൊണ്ട്‌ ഞാന്‍ മാര്‍ക്‌സിസ്റ്റുകളെ സ്‌നേഹിക്കാതിരിക്കണം? എന്തുകൊണ്ട്‌ അവരോട്‌ സംസാരിക്കാതിരിക്കണം?''

ഈ ദര്‍ശനത്തെ പിന്തുടര്‍ന്നാല്‍ വിദ്യാഭ്യാസ സംഘര്‍ഷങ്ങളാല്‍ ഇടക്കാലത്ത്‌ മുറിഞ്ഞുപോയ ക്രിസ്‌ത്യന്‍-മാര്‍ക്‌സിസ്റ്റ്‌ സംവാദത്തിന്റെ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കാനാകും എന്ന്‌ ഞാന്‍ കരുതുന്നു. ഇന്ത്യയിലെ ഇന്നത്തെ മൂര്‍ത്തമായ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്‌ അനിവാര്യമാണുതാനും. ഇടയലേഖനത്തിന്റെ ഇടതുപക്ഷ വിരുദ്ധ വ്യാഖ്യാനം ഇത്തരമൊരു സംഭവവികാസത്തെ തടയിടുന്നതിനുവേണ്ടിയാണ്‌. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പു താത്‌പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ദുര്‍വ്യാഖ്യാനം മാത്രമാണ്‌.

***

ഡോ. തോമസ്‌ ഐസക്‌, കടപ്പാട് : മാതൃഭൂമി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരള മെത്രാന്‍ സമിതിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച ഇടയലേഖനം ഇടതുപക്ഷത്തിനെതിരാണെന്നും കേരളത്തിലെ കത്തോലിക്കരാകെ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ചില മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടക്കുകയാണ്‌. ആവേശഭരിതരായ ചില ഇടവക വികാരികളെങ്കിലും ഈ പ്രചാരണത്തില്‍പ്പെട്ട്‌ യു.ഡി.എഫിന്‌ വോട്ട്‌ ചെയ്യണമെന്നുവരെ ഞായറാഴ്‌ച കുര്‍ബാന വേളയില്‍ പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ തീരപ്രദേശത്ത്‌ ചിലയിടങ്ങളില്‍ ഇതെനിക്ക്‌ നേരിട്ടറിവുള്ളതുമാണ്‌. എന്നാല്‍ ഇത്തരം ഇടതുപക്ഷവിരുദ്ധ കുരിശുയുദ്ധത്തിനു പറ്റിയതൊന്നും എനിക്ക്‌ ഇടയലേഖനത്തില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഈ ഇടയലേഖനത്തെ അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാല്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യേണ്ടിവരും എന്നാണെന്റെ അഭിപ്രായം.

ഡോ. തോമസ് ഐസക്ക് എഴുതുന്നു.

ജനശക്തി said...

ഇടതുപക്ഷവിരോധം വിലപ്പോകുമോ? എന്ന പോസ്റ്റ് കൂടി നോക്കുമല്ലോ.

*free* views said...

Being a Christian (definition of Chrisitian debatable) I am ashamed about the edict from Bishops and their meddling in politics. In my church, Marthoma Church, at least this is looked down upon. I apologize on behalf of all sane Kerala Christians for this irresponsibility on part of Church.

Kerala bishops are trying to sell Christians as vote bank to satisfy their hunger for power. Bishops as an institution itself is against principles of Jesus. I consider Jesus to be a good communist.

Bishops and pope living in glass palaces in luxury when their "sheep" is living in misery shows how corrupt they are. Every Christian will have stories to tell about open corruption by Bishops. If they read Bible carefully they will know that Jesus does not agree with these religious corrupt leaders who shows off their faith.

Now about communism and religion. Communism is not against religions, it is only against religions being used to confuse people to accept their suffering. Christians - "Will of God", Hindus - Karma(and caste system) etc are used to make oppressed believe that their suffering is fate. Christianity is hijacked by the rich for their own benefit and used a good man's name to mislead people.

Communist parties should not be scared about these edicts and should stand strong to fight this menace. We should not try to appease these church leaders for any reason, even if we lose all seats. Please, any dilution of ideology and meeting Church leaders is making me cringe in shame.

I am ashamed and agitated about this attempt to make me a vote bank on base of religion. Not just because it is against the party, even if church says vote for the party, I will on top of voice oppose it.

Kerala was always secular and we are a tolerant people. Any attempt to change that should be fought with all force and irrespective of party affiliations.

We need to create a movement to write to these bishops and ask them to stop meddling with politics. Christians in Kerala should not consider themselves as minority, we are Keralites and everything else should come after that.