Saturday, April 11, 2009

നാടുണര്‍ന്ന നാളുകള്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുപ്പതു മാസങ്ങള്‍

കോട്ടയം ആര്‍പ്പൂക്കര മുറീക്കരിയില്‍ എം.ജി. തങ്കപ്പന് സ്വന്തമായി മൂന്നേക്കര്‍ കണ്ടം ഉണ്ടായിരുന്നു. നെല്‍ക്കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിയത്. പ്രകൃതിയും വിപണിയും ഇണങ്ങിയാല്‍ കൃഷി ലാഭം; എന്നാല്‍ പ്രകൃതി തുണച്ചപ്പോഴും വിപണി ചതിച്ചു തങ്കപ്പനെ. തുടര്‍ന്ന പ്രകൃതിയും. ഫലം, വീട്ടില്‍ പട്ടിണി. കൃഷിയിറക്കാന്‍ ഓരോ തവണയും കടംവാങ്ങി-ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും. ഈച്ച പെരുകുംപോലെ പലിശ സഹിതം കടം പെരുകി. സഹകരണസംഘത്തില്‍ നിന്ന് 1.25 ലക്ഷം രൂപ, എസ്.ബി.ടി. കരിപ്പൂത്തട്ട് ശാഖയില്‍ നിന്ന് 50,000 രൂപ; വ്യക്തികളില്‍ നിന്ന് 70,000 രൂപ. കടപ്പട്ടിക പെരുകിക്കൊണ്ടേയിരുന്നു.

ഓരോ തവണയും കൃഷി നശിച്ചപ്പോള്‍ കടം കൂടുക മാത്രമല്ല, തിരിച്ചടവ് മുടങ്ങുകയും ബാങ്കുകളില്‍ നിന്ന് നിത്യേന നോട്ടീസും ജപ്തിഭീഷണിയും വരികയും ചെയ്‌തു. ബ്ളേഡുകാര്‍ വീട്ടില്‍ വന്നു ബഹളം കൂട്ടി. സഹായത്തിന് ഒരു സര്‍ക്കാരും കൂട്ടുവന്നില്ല. ഒടുവില്‍ 2005 ജൂണ്‍ ഒന്നിന് തങ്കപ്പന്‍ ജീവിതം സ്വയം അവസാനിപ്പിച്ചു.

തങ്കപ്പന്‍ അരങ്ങൊഴിഞ്ഞെങ്കിലും ആ ദുരന്തനാടകത്തിന് അവിടെ തിരശ്ശീല വീണില്ല. ബാങ്കുകാരുടെയും ബ്ളേഡുകാരുടെയും ഭീഷണിയും ജപ്തി നടപടികളും ഒന്നുകൂടി മുറുകി. ഭാര്യ ആനന്ദവല്ലിയും പഠിക്കുന്ന രണ്ടു മക്കളും പൊറുതിമുട്ടി.
ഇതേപ്പറ്റി ആനന്ദവല്ലി പറഞ്ഞത് കേള്‍ക്കുക:

“ബാങ്കിലും വില്ലേജ് ആഫീസിലും കളക്ടറേറ്റിലും (പരാതികള്‍) എഴുതിക്കൊടുത്തു, എന്തെങ്കിലും ആശ്വാസം കിട്ടാന്‍. ടി.വി.യില്‍ വന്നു. ഒരു പ്രയോജനോം കിട്ടീല്ല. ആശ്വാസനടപടികള്‍ വാക്കുകളില്‍ ഒതുങ്ങി.”

“ഈ സര്‍ക്കാര്‍ വന്ന ശേഷം ആണ് വില്ലേജില്‍ (ഓഫീസ്) നിന്ന് ഞങ്ങളുടെ പേര് എഴിതിപ്പോയത്. അങ്ങനെ 56,956 രൂപയുടെ എസ്.ബി.ടി.യിലെ (കാര്‍ഷിക) കടം സര്‍ക്കാര്‍ എഴുതിത്തള്ളി. 2006 ഓണത്തിന് 50,000 രൂപ (ധനസഹായം) തന്നു.”

“ഇപ്പോള്‍ കടക്കാര്‍ ശല്യം ചെയ്യുന്നില്ല. മകന് കംപ്യൂട്ടര്‍ പഠിക്കാന്‍ ഫീസ് കൊടുത്തു. വലിയ ആശ്വാസമായി”.
മാത്രമല്ല, വീണ്ടും കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് ആനന്ദവല്ലി.

*

മുത്തങ്ങ ആദിവാസി സമരത്തില്‍ വെടിയേറ്റ് മരിച്ച ജോഗിയുടെ മകള്‍ സീതയുടെ മുഖവും ഇപ്പോള്‍ പ്രസന്നമാണ്. ബുദ്ധിമാന്ദ്യമുള്ള സിന്ധു ഉള്‍പ്പെടെ ആറുപേരടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു മുത്തങ്ങയിലെ സമരഭൂമിയില്‍ വെടിയേറ്റുവീണ ജോഗി.

അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ ഇടതു സര്‍ക്കാര്‍ അവരുടെ കണ്ണീരൊപ്പാന്‍ കൈനീട്ടുകയായിരുന്നു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ മന്ത്രി എ.കെ. ബാലന്‍ മാനന്തവാടി പയ്യമ്പള്ളിയിലെ മേലേ ചെമ്മാട് കോളനിയിലെത്തി സീതയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. നവംബര്‍ 21ന് കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സീതയ്ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമന ഉത്തരവും രണ്ട് ലക്ഷം രൂപയുടെ ധനസഹായവും നല്‍കി.

*

എന്‍ഡോസള്‍ഫാന്റെ ഇരയായി മകന്‍ അഷ്റഫ് മരിച്ച ദുഃഖത്തിലാണ് മുളിയാറിലെ തന്നെ ആറുമക്കളുടെ പിതാവായ ആലൂര്‍ അബ്ദുള്‍ ഖാദര്‍. വിചിത്രരോഗത്തിനടിപ്പെട്ടാണ് പാട്ടുകാരനായ അഷ്റഫ് മരിച്ചത്. 12 വയസ്സുള്ള മകള്‍ ഷാഹിനയ്ക്കും അജ്ഞാതരോഗമുണ്ട്. “വിറച്ചുവിറച്ചാണ് അവള്‍ സ്കൂളില്‍ പോകുന്നത്. പഞ്ചായത്ത് അനുവദിച്ച ധനസഹായം കൊണ്ട് വീടിന്റെ പണി നടക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധനസഹായം കൂടി കിട്ടിയത്. ഇത് വളരെ സഹായകമായി. ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയാകാറായി.”

മകനെയും മകളെയും ഓര്‍ത്ത് മനസ്സ് വേദനിക്കുമ്പോഴും വലിയൊരു കുടുംബത്തിന് അന്തിക്കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷം അബ്ദുള്‍ ഖാദറിന്റെ വാക്കുകളില്‍ നിറയുന്നു.

വാണീനഗറില്‍ നടത്തിയ ആശ്വാസ പ്രഖ്യാപനം നടപ്പാക്കിയതോടെ ഒരു നാട്, കാല്‍ നൂറ്റാണ്ടായി ഒഴുക്കുന്ന കണ്ണീര് തുടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഫണ്ട് തുണയ്ക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരിച്ച 134 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അര ലക്ഷം വീതം 67 ലക്ഷം രൂപയാണ് നല്‍കിയത്

*

അബ്ദുല്‍ ഖാദറിന്റെയും ആനന്ദവല്ലിയുടെയും മാത്രമല്ല, സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റം ദൃശ്യമായ കാലഘട്ടമാണ് പിന്നിട്ട മുപ്പതു മാസം. ഉപരിവര്‍ഗകാഴ്ചകളില്‍ മയങ്ങുകയും സ്വന്തം അജ്ഞതയുടെ അളവുകോലുകള്‍ വച്ച് വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് അടിസ്ഥാനതലത്തില്‍പ്പെട്ട മനുഷ്യരുടെ ജീവിത സംതൃപ്തിയില്‍ വന്ന ഈ ഗുണപരമായ മാറ്റം അദൃശ്യമായിരിക്കുന്നതില്‍ അത്ഭുതമില്ല. മാധ്യമവിലയിരുത്തലുകളും മാര്‍ക്കിടല്‍ യജ്ഞങ്ങളും യാഥാര്‍ഥ്യങ്ങളില്‍ നിന്ന് കാതങ്ങളകലുന്നതും വികൃതമാകുന്നതും അതുകൊണ്ടുതന്നെയാണ്.

നിസ്വരുടെ ദൈന്യതകള്‍ക്കു പരിഹാരം

പത്തുപതിനഞ്ചു വര്‍ഷക്കാലത്തെ ആഗോളവത്കരണം കേരളത്തിനു സമ്മാനിച്ച ദുരന്തങ്ങള്‍ പല പഠനങ്ങളിലും തെളിയുന്നുണ്ട്. കേരളത്തില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുന്നുവെന്നും ജനസംഖ്യയില്‍ 48 ശതമാനത്തോളം വരുന്ന വിഭാഗം ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്നുമാണ് ഈ പഠനങ്ങളില്‍ കണ്ടത്. സാമ്പത്തിക വളര്‍ച്ചയില്‍ ഉത്പാദനമേഖലയുടെ പങ്കു കുറയുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കാര്‍ഷിക മേഖലയില്‍ 28 ശതമാനത്തിന് മേല്‍ ജനങ്ങള്‍ ഉപജിവനം കഴിയ്ക്കുമ്പോള്‍ അതില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 16 ശതമാനം മാത്രം. അതായത് ഉത്പാദനമേഖലകളില്‍ പണിയെടുക്കുന്നവരുടെ ജീവിതനിലവാരം ക്രമമായി ഇടിയുന്നുവെന്നര്‍ത്ഥം. തൊഴില്‍നഷ്ടം, കാര്‍ഷികത്തകര്‍ച്ച, ദാരിദ്ര്യം എന്നിവ താഴെക്കിടയിലുള്ളവരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി. കടക്കെണിയും കാര്‍ഷിക ആത്മഹത്യകളും പെരുകി.

അതേസമയം, വിപണിയുടെ മായക്കാഴ്ചകളില്‍ മയങ്ങാന്‍ കഴിയുന്ന ഒരു സമ്പന്ന ഉപഭോഗവര്‍ഗം കൂടുതല്‍ കരുത്താര്‍ജിച്ചു. അവരുടെ സുഖഭോഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളെയാണ് വികസനമെന്നപേരില്‍ ഇവിടെ കെട്ടിയെഴുന്നള്ളിച്ചിരുന്നത്. പൊതുവിദ്യാലയങ്ങള്‍ തളരുമ്പോള്‍ സ്വകാര്യ സ്വാശ്രയവിദ്യാലയങ്ങള്‍ വളരുന്നു. പൊതുമേഖല തകരുമ്പോള്‍ സ്വകാര്യവത്കരണം നയമാകുന്നു. ധര്‍മാശുപത്രികള്‍ ക്ഷീണിക്കുമ്പോള്‍ സൂപ്പര്‍സ്പെഷ്യാലിറ്റികള്‍ അരങ്ങു വാഴുന്നു. ഇങ്ങനെ ഏതുരംഗത്തും പണാധിപത്യവും ഉപഭോഗപരതയും വളരുന്ന വികസനസംസ്‌ക്കാരം. സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയും ജീവിതഗുണനിലവാരത്തില്‍ നേടിയ നേട്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ.

വികസനത്തിന്റെ ദിശ തിരിയുന്നു

തെറ്റായ വികസനക്രമത്തിന്റെ ദിശതിരിക്കുക എന്നതായിരുന്നു സമഗ്രവികസനവും സാമൂഹിക നീതിയും എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യശ്രമം. ആദ്യ വര്‍ഷത്തിനുള്ളില്‍ത്തന്നെ ഉള്‍ക്കാഴ്ചയുള്ള ഭരണ നടപടികളിലൂടെ ആ ലക്ഷ്യം കുറെക്കുറെ സാധ്യമാക്കാന്‍ സർക്കാരിനായി. സര്‍ക്കാരിനെ സംബന്ധിച്ച വിലയിരുത്തലുകളില്‍ പലപ്പോഴും തെളിഞ്ഞു വരാത്തതാണ് ഈ സംഗതി.

കടക്കെണിയില്‍ നിന്നും ആത്മഹത്യകളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക എന്നതായിരുന്നു ഇതില്‍ ആദ്യം വേണ്ടിയിരുന്നത്. സമഗ്രമായ കാര്‍ഷികാശ്വാസനിയമം പാസ്സാക്കാനും ഒട്ടേറെ ആശ്വാസനടപടികള്‍ കൈക്കൊള്ളാനും കഴിഞ്ഞതു വഴി ഇന്ന് കര്‍ഷക ആത്മഹത്യകള്‍ വളരെ വിരളമായിക്കഴിഞ്ഞു. ആത്മഹത്യചെയ്ത ആയിരത്തിലേറെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. അവരുടെ നിരാലംബകുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി. കൃഷിക്കാരുടെ കടങ്ങള്‍ക്ക് മോറട്ടോറിയം (തിരിച്ചടവിന് അവധി) പ്രഖ്യാപിച്ചു.

പ്രതിസന്ധി നേരിടുന്ന നെല്‍ക്കൃഷിമേഖലയെ രക്ഷിക്കാന്‍ പതിനൊന്നു രൂപ വരെ താങ്ങുവില നൽകി നെല്ലു സംഭരണം ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പായ്ക്കേജും മറ്റ് രണ്ടു ജില്ലകള്‍ക്ക് പ്രത്യേക പാക്കേജും നേടിയെടുത്തു. ആലപ്പുഴ ജില്ലയുടെ കാര്‍ഷിക പ്രതിസന്ധിക്ക് ആയിരത്തി അഞ്ഞൂറുകോടി രൂപയുടെ കുട്ടനാട് പായ്ക്കേജ് കേന്ദ്രഗവണ്‍മെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചു. അടിയന്തരസാഹചര്യത്തില്‍ 50 കോടിയും അനുവദിപ്പിച്ചു. മുടങ്ങിക്കിടന്ന, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള എല്ലാ പെന്‍ഷനുകളും കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്‌തു. വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതി ആസൂത്രണരാഹിത്യം കൊണ്ട് നിഷ്പ്രയോജനകരമായിരുന്നത് ഫലപ്രദായകമായി നടപ്പാക്കാനാരംഭിച്ചതോടെ വിവിധജില്ലകളിലും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും ആശ്വാസം കണ്ടുതുടങ്ങി. എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച ഈ പദ്ധതി ഇടത്തട്ടുകാരെ ഒഴിവാക്കി മാതൃകാപരമായി നടപ്പാക്കി. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ വേതനം, ബാങ്കു വഴി പ്രതിഫലം തുടങ്ങിയ സവിശേഷതകളോടെ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃക സൃഷ്ടിച്ചു. പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ പദ്ധതിവിര്‍വഹണം കാര്യക്ഷമമാക്കി. അസംഘടിത മേഖലയിലെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന ഷോപ്സ് ആന്റ് എസ്‌റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പാസാക്കി. പതിനായിരക്കണക്കിന് ക്ഷീരകൃഷിക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്ന നിയമവും പാസാക്കി.

മത്സ്യമേഖലയില്‍ സ്‌ത്രീകള്‍ക്ക് പലിശരഹിത വായ്പ, കടാശ്വാസ നിയമം, ഇന്‍ഷുറന്‍സ് പായ്ക്കേജ്, മററു നിരവധി ക്ഷേമ നടപടികള്‍ കൈക്കണ്ടു. കൂടാതെ 3000 കോടി രൂപയുടെ സമഗ്ര തീരദേശ വികസന പരിപാടിയും ആവിഷ്‌ക്കരിച്ചു. 1500 കോടി രൂപയുടെ സുനാമി പുനരധിവാസ പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് വേണ്ടത്ര പ്രവര്‍ത്തനം നടത്താതെയും ഫണ്ട് വക മാറ്റി ചെയ്തതും ഉള്‍പ്പടെയുള്ള കുഴപ്പങ്ങള്‍ പരിഹരിച്ച് ഫലപ്രദമാക്കി. ഇന്ന് സുനാമി മേഖലയില്‍ ജീവിതം തിരികെ വരിക മാത്രമല്ല, വന്‍ വികസനത്തിനും വഴിയൊരുങ്ങുകയാണ്.

എല്ലാവര്‍ക്കു വീട്

എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത രണ്ട് കൊല്ലത്തിനകം മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കുക, ഭവനരഹിത കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2008 ല്‍ അതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലയിലും ഭൂവിതരണമേള നടത്തി ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി. സമ്പൂര്‍ണ ഭവനപദ്ധതി ആവിഷ്‌ക്കരിക്കുകയും ആരംഭിക്കുകയും ചെയ്‌തു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ ഏറെ മുന്നോട്ടുപോയി. മൂന്നാറില്‍ മാത്രം പതിനാറായിരത്തോളം ഏക്കര്‍ ഭൂമി വീണ്ടെടുത്തതില്‍ 1662 ഏക്കര്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണ്. മൂന്നാറില്‍ പ്രകൃതി സൌഹൃദ ടൂറിസം വികസനപദ്ധതി നടപ്പാക്കാന്‍ നാനൂറോളം ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചു.

പൊതുമേഖല ഉണരുന്നു

വികസന ദിശയില്‍ സാധാരണക്കാര്‍ക്കനുകൂലമായി നാടിന്റെ പുരോഗതി ഉറപ്പാക്കാനുതകുന്ന വിധം വരുത്തിയ മറ്റൊരു നയവ്യതിയാനം പൊതുമേഖലയോടുള്ള സമീപനത്തിലായിരുന്നു. ലാഭകരമായതുള്‍പ്പെടെ വിറ്റുതുലയ്ക്കുക എന്ന സമീപനത്തില്‍ നിന്നും മാറി, നഷ്‌ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെയും കരകയറ്റുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം അത്ഭുതകരമായ മാറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ഒറ്റവര്‍ഷം കൊണ്ട് 24-ഉം ഇപ്പോള്‍ 27-ഉം ആയി ഉയര്‍ന്നു. എല്ലാ വ്യവസായങ്ങളും കൂടി 63കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്ത് 92 കോടി രൂപ അറ്റാദായം.

മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍, ബാലരാമപുരം സ്പിന്നിങ് മില്‍, കൊല്ലത്തെ മീറ്റര്‍ കമ്പനി, കോഴിക്കോട്ടെ സോപ്പ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനി ഉള്‍പ്പെടെ പല കമ്പനികളും തുറന്നു പ്രവര്‍ത്തിപ്പിച്ചു. പൊതുമേഖല കമ്പനികളുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ വാങ്ങാനുള്ള തീരുമാനം പല മേഖലയിലും വന്നത് നിരവധി കമ്പനികളെ സഹായിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിസര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് വലിയ തകര്‍ച്ചയിലായിരുന്ന മറ്റൊരു മേഖലയാണ് പരമ്പരാഗത വ്യവസായങ്ങള്‍. മൂന്നു ലക്ഷത്തിലധികം പേര്‍ പണിയെടുക്കുന്ന കശുവണ്ടിമേഖല, 6ലക്ഷത്തിലധികംപേര്‍ ഉപജീവനം കഴിക്കുന്ന കയര്‍മേഖല, 65 ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്ന കൈത്തറിമേഖല, നെയ്ത്തുമേഖല തുടങ്ങിയവ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ ദിശാബോധത്തോടെ ഇടപെടുന്നതിനും ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും കഴിഞ്ഞതിനാല്‍ ഇന്നിപ്പോള്‍ തൊഴിലാളികളുടെ ജീവിതത്തില്‍ സംതൃപ്തി തിരികെ എത്തുകയാണ്. സ്കൂള്‍ കുട്ടികളും സര്‍ക്കാര്‍ ജീവനക്കാരും ആഴ്ചയില്‍ രണ്ടു ദിവസം കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്ക് നല്ല പ്രതികരണമുണ്ടായത് തളര്‍ന്നു കിടന്ന കൈത്തറി ഖാദി മേഖലയ്ക്ക് വന്‍ ഉണര്‍വേകി.

കയര്‍ മേഖലയില്‍ പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനായി 16 കോടി രൂപ വകയിരുത്തി. കെട്ടിക്കിടക്കുന്ന കയറുത്പന്നങ്ങള്‍ സംഭരിക്കാന്‍ 6.5 കോടി രൂപ ലഭ്യമാക്കി. തൊണ്ടിന്റെ ലഭ്യത ഉറപ്പാക്കാന്‍ പുതുതായി 6 പദ്ധതികള്‍ അംഗീകരിച്ചു. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായുള്ള ആനത്തലവട്ടം ആനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നൽകി. കശുവണ്ടി, കരകൌശലം തുടങ്ങി പരമ്പരാഗത മേഖലയിലാകെ പുതിയ നയ സമീപനത്തിന്റെ ഭാഗമായി ഉണര്‍വും ആത്മവിശ്വാസവും കൈവന്നിട്ടുണ്ട്.

വളര്‍ച്ചയിലേക്ക്

ക്ഷേമരംഗത്ത് ഉണര്‍വേകുന്ന ഇത്തരം നയങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ സമ്പദ് വളര്‍ച്ചയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുന്ന നടപടികളും പിന്നിട്ട 30 മാസങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ സര്‍ക്കാരിനായി. സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിക്കുന്ന സ്‌മാര്‍ട്ട് സിറ്റി കരാറിനെ എതിര്‍ത്തപ്പോള്‍ വികസന വിരുദ്ധര്‍ എന്ന് ഇടതു പക്ഷത്തെ ആക്ഷേപിക്കുന്ന സമീപനമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. ആ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്‌മാര്‍ട്ട് സിറ്റി നഷ്ടപ്പെടുമെന്നവര്‍ പറഞ്ഞുപരത്തി. എന്നാല്‍, നിരന്തരമായ ചര്‍ച്ചയിലൂടെ ടീക്കോമിന്റെ നിലപാടുകളില്‍ സംസ്ഥാനത്തിനനുകൂലമായ വമ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചതിന്റെ നാലിരട്ടി തുക (104 കോടി രൂപ) ഭൂമിവിലയായി നല്‍കാന്‍ അവര്‍ സമ്മതിച്ചു. ഇന്‍ഫോപാര്‍ക്ക് അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും ഉപേക്ഷിച്ചു. കൊച്ചിയില്‍ മറ്റ് ഐ.ടി.പാര്‍ക്കുകള്‍ പാടില്ലെന്ന നിബന്ധനയും അവര്‍ ഉപേക്ഷിച്ചു.

മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഒമ്പത് ശതമാനം ഓഹരിയാണ് കേരളത്തിന് അനുവദിക്കാമെന്ന് പറഞ്ഞത്. ആദ്യം പതിനാറ് ശതമാനവും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് പത്ത് ശതമാനവും കൂടി മൊത്തം 26 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ അവര്‍ ഇപ്പോള്‍ സമ്മതിച്ചു. സ്‌മാര്‍ട്ട്സിറ്റിയുടെ ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്ല നിലയില്‍ ഇടപെടാന്‍ കഴിയുംവിധം ഭരണസമിതിയിലെ പങ്കാളിത്തം ചെയര്‍മാന്‍ സ്ഥാനമുള്‍പ്പെടെ ഉറപ്പാക്കാന്‍ കഴിഞ്ഞു. അതിനെല്ലാമുപരി മുമ്പ് പറഞ്ഞ മുപ്പത്തിമൂവായിരം തൊഴിലവസരത്തിനു പകരം തൊണ്ണൂറായിരത്തിലധികം തൊഴിലവസരം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. മുമ്പ് സ്ഥലം വില്ക്കുവാനായിരുന്നു ധാരണയെങ്കില്‍ ഇപ്പോള്‍ അത് പാട്ടത്തിനാണ് കൊടുക്കുന്നത്.

ഐ.ടി. രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കാന്‍, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ എട്ട് ലക്ഷത്തില്‍പ്പരം ചതുരശ്ര അടിയുള്ള ഐടി കെട്ടിട സമുച്ചയം കമ്മീഷന്‍ ചെയ്‌തു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ നാലു ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിട നിര്‍മാണം നടക്കാന്‍ പോകുന്നു. തിരുവന്തപുരത്ത് ടെക്നോസിറ്റി എന്ന പേരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അഞ്ഞൂറ് ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുകയാണ്. വിവിധ ജില്ലാകേന്ദ്രങ്ങളില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഐടി മേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ നടക്കുന്നത്.

ടൂറിസം രംഗത്ത് 2007-08 ല്‍ 9126 കോടി രൂപയുടെ വരുമാനമുണ്ടാക്കി. 1000 കോടിയുടെ നിക്ഷേപം ആകര്‍ഷിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ ടൂറിസം മേഖല മുന്നേറ്റമുണ്ടാക്കി. ഉത്തരവാദദിത്വ ടൂറിസം, ഹോം സ്‌റ്റേ തുടങ്ങിയവയിലൂടെ ടൂറിസം രംഗത്തെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കും അനുഭവ വേദ്യമാക്കി.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തടസങ്ങള്‍ ഒഴിവാക്കി യാഥാര്‍ത്ഥ്യമാക്കാനായി. റയില്‍വേ വികസന രംഗത്തും ബോഗി നിര്‍മാണ യൂണിറ്റ്, പാലക്കാട്ടെ കോച്ച് ഫാക്ടറി എന്നിവ തീരുമാനമായി. വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള നിക്ഷേപക സംഗമം വന്‍ വിജയമായി. പദ്ധതി യാഥാര്‍ഥ്യമാകാനുള്ള നടപടികള്‍ ആയിക്കഴിഞ്ഞു. കോടതിനിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.

തൊഴിലില്ലായ്മയ്ക്കെതിരെ

പൊതുമേഖലയെ കൈയൊഴിഞ്ഞും പരമ്പരാഗതവ്യവസായങ്ങള്‍ തകര്‍ത്തും തൊഴില്‍നഷ്‌ടമുണ്ടാക്കിയിരുന്നു മുന്‍ സര്‍ക്കാര്‍. ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരനടപടികളോടൊപ്പം സര്‍ക്കാര്‍ നിയമനങ്ങളും കാര്യക്ഷമമാക്കി. ഒഴിവുകള്‍ യഥാകാലം റിപ്പോര്‍ട്ടു ചെയ്യാതിരിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, സ്പെഷ്യല്‍ റൂളുകള്‍ സമയത്ത് രൂപപ്പെടുത്താതിരിക്കുക, പിന്തുണാ സംവിധാനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുക, ഫണ്ട് നല്‍കാതിരിക്കുക തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ പലപ്പോഴും പി.എസ്.സി.യുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാറുണ്ട്. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട ശരിയായ സമീപനം പി.എസ്.സി പ്രവര്‍ത്തനങ്ങളെ ചലനാത്മകമാക്കാന്‍ ഏറെ സഹായിച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യനാളുകളില്‍ത്തന്നെ ഒഴിവുകളെല്ലാം പി.എസ്.സി.യെ അറിയിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും നൽകി. തത്ഫലമായി ആദ്യ നൂറ് നാളുകള്‍ക്കകം തന്നെ 15000ത്തോളം ഒഴിവുകളാണ് പി.എസ്.സി.യുടെ ഓഫീസുകളില്‍ വന്നുപെട്ടത്. കഴിഞ്ഞ 3 വര്‍ഷത്തിനകം 40000ത്തിലധികം ഒഴിവുകള്‍ പി.എസ്.സി.യില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അതിലേയ്ക്കായി 40000ത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടുകഴിഞ്ഞു. പുതിയ സര്‍ക്കാര്‍ വന്ന ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിട്ടത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

പുതിയ സര്‍ക്കാര്‍ അവരുടെ റിക്രൂട്ട്മെന്റ് നയം വ്യക്തമാക്കിയപ്പോള്‍ പി.എസ്.സി. അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. 23 ലക്ഷത്തോളം അപേക്ഷകളിന്മേലാണ് കഴിഞ്ഞവര്‍ഷം തീര്‍പ്പുകല്പ്പിച്ചത്. 350-ഓളം റാങ്ക് ലിസ്റ്റുകള്‍ ഒരു വര്‍ഷം കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിലക്കയറ്റം പിടിച്ചുനിറുത്തി

കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി രാജ്യമാകെ വമ്പിച്ച വിലക്കയറ്റമുണ്ടായപ്പോള്‍ കേരളത്തിനും അതിന്റെ ആഘാതമുണ്ടായി. എന്നാല്‍ ഏറ്റവും ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലവര്‍ധനയുടെ ആഘാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സര്‍ക്കാരിനായി. മാവേലി സ്‌റ്റോറുകള്‍, സഹകരണ വിപണനം കേരളീയം, പീപ്പിള്‍സ് ബസാറുകള്‍, ഉത്സവകാലത്തെ പ്രത്യേക മാവേലി സ്‌റ്റോറുകള്‍, സഹകരണ നവരത്നം കേരളീയം തുടങ്ങി സഹകരണ-സിവില്‍ സപ്ളൈസ് വകുപ്പുകളുടെ ഈ രംഗത്തെ ഇടപെടലുകള്‍ മാതൃകാപരമായിരുന്നു. ഗുണനിലവാരമുള്ള അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ റേഷന്‍ കടകളിലേക്ക് ജനം തിരികെയെത്തി. 20 ലക്ഷം ബി.പി. എല്‍ കാരും ലക്ഷക്കണക്കിന് എ. പി. എല്‍ കാരും ഇപ്പോള്‍ റേഷന്‍ കടകളിലെത്തുന്നുണ്ട്. സഹകറണ വിപണനം കേരളീയം പദ്ധതിയുടെ ഭാഗമായി കേരളത്തിലെമ്പാടുമായി 3248 വിതരണകേന്ദ്രങ്ങള്‍ തുറന്നു. ബംഗാളില്‍ നിന്നുള്‍പ്പടെ കുറഞ്ഞ വിലയ്ക്ക് അരി ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്‌തു.

മികച്ച ധനകാര്യ മാനേജ്‌മെന്റ്

രൂക്ഷമായ ധനകാര്യ പ്രതിസന്ധിയുടെ നടുവിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അതിന്റെ പേരില്‍ ക്ഷേമപദ്ധതികളും സര്‍ക്കാര്‍ തസ്തികകളും വെട്ടിക്കുറയ്ക്കുന്ന സമീപനമായിരുന്നു പൊതുവില്‍. എന്നാല്‍ ക്ഷേമനടപടികളില്‍ ഒന്നുംതന്നെ വെട്ടിക്കുറവു വരുത്താന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ വിപുലമാക്കുകയും ചെയ്‌തു. ഏറ്റവും താഴത്തെ മൂന്നു ശമ്പളസ്കെയിലുകളിലുളള സാധാരണ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നൽകി. ജീവനക്കാർക്ക് ക്ഷാമബത്തക്കുടിശിക ഇല്ലാത്ത കാലഘട്ടം സമീപകാലചരിത്രത്തില്‍ ആദ്യമാണ്. നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മുന്‍ ഗവണ്‍മെന്റ് മരവിപ്പിച്ച ലീവ് സറണ്ടറ് ആനുകൂല്യമടക്കം എല്ലാ ആനുകൂല്യങ്ങളും തിരിച്ചുനൽകി. ജീവനക്കാര്‍ക്കു ദോഷകരമായ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീം വേണ്ടെന്നു വച്ചു.

ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞത് മികച്ച ധനകാര്യ മാനേജുമെന്റിലുടെയായിരുന്നു. വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ പ്രധാനമായും ചെയ്തത്. വാറ്റ് നികുതി വരുമാനം ഏതാണ്ട് 4500 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം അത് 6000 കോടിയാകും. 40 ശതമാനത്തിലേറെ വര്‍ദ്ധന. മൊത്തം നികുതി വരുമാനത്തില്‍ 20 ശതമാനം വരുമാനവര്‍ധനയും യാഥാര്‍ത്ഥ്യമാകുകയാണ്. നികുതി ചോര്‍ച്ച തടയുന്നതിന് ലക്കിവാറ്റ്, ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയല്‍ തുടങ്ങിയ ഭാവനാപൂര്‍ണമായ നടപടികളാണുണ്ടായത്. ഇതുമൂലം ട്രഷറിപൂട്ടലോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതെ സംസ്ഥാനഖജനാവിനു മുന്നോട്ടു പോകാനായി. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി വെട്ടച്ചുരുക്കുന്ന മുന്‍സര്‍ക്കാര്‍ നയത്തില്‍ നിന്നു വ്യത്യസ്തമായി പദ്ധതിത്തുക വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചു. തുക പൂര്‍ണമായും ചെലവഴിക്കാന്‍ തുടങ്ങി. ട്രഷറി പൂട്ടല്‍ ഒര്‍മയായി. സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി സോഷ്യല്‍ ഓഡിറ്റുനടത്തി പരാതികള്‍ പരിഹരിച്ചു. ഇത്ര വ്യാപകമായ സാമൂഹ്യ പരിശോധന ഇന്ത്യയില്‍ തന്നെ ആദ്യ സംരഭമാണ്.

അഴിമതിക്കെതിരെ

അഴിമതി നമ്മുടെ ഭരണവ്യവസ്ഥയില്‍ ആഴത്തില്‍ വേരു പിടിച്ച ഒന്നാണ്. അഴിമതി വൃക്ഷത്തിന്റെ വേരുകള്‍ ഒന്നോന്നായി അരിയുക എളുപ്പമല്ല; എന്നാല്‍ ഉറച്ചുതന്നെ മുന്നേറുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍. അതില്‍ ഏറ്റവും കരുത്തുളള വേരുകളിലൊന്നാണ് ചെക്ക്പോസ്‌റ്റുകള്‍. ’അഴിമതിവിരുദ്ധ വാളയാര്‍ ’പദ്ധതി ഇന്ത്യയിലെ തന്നെ അഴിമതിക്കെതിരെയുളള ഏറ്റവും വലിയ ഇടപെടലായി മാറുന്നു. കുമിഞ്ഞുകൂടിയ അഴിമതിയുടെ താവളമാണ് ദേവസ്വംബോര്‍ഡുകള്‍.’അവിടം അഴിമതി മുക്തമാക്കി പുണ്യാഹം തളിക്കാന്‍ സഹകരണമന്ത്രി നടത്തുന്ന ധീരമായ ശ്രമങ്ങള്‍ പ്രതിലോമശക്തികളുടെ ഏറെ എതിര്‍പ്പുകള്‍ വാങ്ങിക്കഴിഞ്ഞു. എങ്കിലും ദേവസ്വം നിയമം ഭേദഗതി ചെയ്‌തുകൊണ്ട് ശക്തമായി മുന്നേറുകയാണ് സര്‍ക്കാര്‍. വനംമേഖലയില്‍ 135 ചന്ദനമോഷണക്കേസുകള്‍ പിടികൂടി. തൊഴിലുറപ്പു പദ്ധതിയുള്‍പ്പടെ മാഫിയപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടായപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണാധികാരികളെ തളര്‍ത്താനുളള നിഗൂഢശ്രമം അരങ്ങേറിക്കഴിഞ്ഞു. വിജിലന്‍സ് വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കിയതും അഴിമതി നിയന്ത്രിക്കാന്‍ സഹായകമായി.

ഭദ്രമായ ക്രമസമാധാനം

ഇന്ത്യാടുഡേ പോലുളള മാസികകള്‍ നടത്തിയ സര്‍വേയില്‍ ക്രമസമാധാനത്തില്‍ സംസ്ഥാനം ഒന്നാംസ്ഥാനത്തെത്തുകയാണ്. ക്രമസമാധാനപാലനത്തെ ഭാവനാപൂര്‍ണമായ നടപടികളുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തു കണ്ടുതുടങ്ങി. ക്രൈംറേറ്റില്‍ വന്ന കുറവ് ഇതിനെ സാധൂകരിക്കുന്നു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായല്ല മറിച്ച് ജനങ്ങളുടെ സുഹൃത്തും സഹായിയുമായി പോലീസിനെ കാണുന്ന നയമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കമ്മ്യൂണിറ്റി പോലീസിങ്ങ് പോലുള്ള നടപടികള്‍, പോലീസ് സേനയുടെ നവീകരണം ലക്ഷ്യമിട്ടുള്ള കുറ്റാന്വേഷണം ശാസ്‌ത്രീയമാക്കല്‍, ഹൈടെക് എന്‍ക്വയറി സെല്‍ തുടങ്ങിയ ഒട്ടേറെ നടപടികള്‍ എടുത്തു പറയേണ്ടവയാണ്. തീവ്രവാദ ഭീഷണി സംസ്ഥാനത്ത് ഒഴിവാക്കാന്‍ സത്വര നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

വികേന്ദ്രീകരണത്തിനു പ്രതിജ്ഞാബദ്ധം

ഇ. എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള മന്ത്രിസഭ മുതല്‍ അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ആരംഭിച്ചതാണ്. പക്ഷെ വലതു പക്ഷ ശക്തികളില്‍ നിന്നും വികേന്ദ്രീകരണ വിരുദ്ധരില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകള്‍ കാരണം അതിനു പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1996 ലെ നായനാര്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ജനകീയാസൂത്രണത്തിലൂടെ പണവും അധികാരവും ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ ജനപങ്കാളിത്തമുറപ്പാക്കി വികസനത്തിന്റെ ഉത്സവങ്ങള്‍ തീര്‍ത്തിരുന്നു. എന്നാല്‍ പണവും അധികാരവും തിരിച്ചു പിടിക്കുന്ന നടപടികളിലൂടെ അതിനെ തളര്‍ത്താനാണ് തുടര്‍ന്നുവന്ന ഭരണം ശ്രമിച്ചത്. പോരായ്‌മകള്‍ പരിഹരിച്ച് ജനകീയാസൂത്രണം വീണ്ടും ആരംഭിച്ചു കഴിഞ്ഞു വി.എസ്.സര്‍ക്കാര്‍.

തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പണവും അധികാരവും ആവശ്യത്തിനു ഉദ്യോഗസ്ഥ സംവിധാനത്തെയും നല്‍കുന്നതിലൂടെ പഞ്ചായത്തുകള്‍ കൂടുതല്‍ കാര്യക്ഷമമായ പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്നു. ഇക്കാര്യത്തില്‍ കേരളം ഇന്ത്യയ്ക്കാകെ മാതൃകയാണെന്ന് കോണ്‍ഗ്രസുകാരനായ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി മണിശങ്കര്‍ അയ്യര്‍ തന്നെ പറഞ്ഞു കഴിഞ്ഞു. വികേന്ദ്രീകരണത്തെ അരാഷ്‌ട്രീയവത്കരണമായി കാണുന്നവരുണ്ട് . ലോകബാങ്കും മറ്റും അധികാരം സര്‍ക്കാരുകളില്‍നിന്ന് പൌരസമൂഹ സംഘടനകളിലേക്കെന്ന ന്യായേന സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതിന് വികേന്ദ്രീകരണം എന്ന സങ്കല്‍പത്തെ ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ അതിനു വിരുദ്ധമായി, ഇവിടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയല്ല, മറിച്ച് സര്‍ക്കാര്‍പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതോടെ കൂടുതല്‍ വിപുലമാകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നതിലൂടെ അതു കുടുതല്‍ വിപുലമാവുമെന്നര്‍ത്ഥം.

ഈ വിശാലമായ രാഷ്‌ട്രീയം കണ്ടുകൊണ്ട് പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ടു നീക്കികഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ പണവും അധികാരങ്ങളും പിന്‍വലിക്കുകയും ഗ്രാമസഭകളെ നോക്കു കുത്തികളാക്കുകയും ജനകീയത നശിപ്പിക്കുകയും ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ പണവും അധികാരങ്ങളും തിരികെ നൽകി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. ഉദ്യോഗസ്ഥ പുനര്‍ വിന്യാസം ഏതാണ്ട് പൂര്‍ത്തിയാക്കി. ഉത്പാദന മേഖലയ്ക്ക് 40 ശതമാനം നീക്കി വയ്ക്കണമെന്നതടക്കം പദ്ധതി നടത്തിപ്പിന് ഫലപ്രദമായ മാര്‍ഗരേഖ പുറത്തിറക്കി. പരിശീലനം വ്യാപകമാക്കി.

വിദ്യാഭ്യാസത്തിലെ സാമൂഹികനീതി

കച്ചവടശക്തികള്‍ക്കു വിദ്യാഭ്യാസ മേഖല തുറന്നിടുകയും പൊതു വിദ്യാഭ്യാസത്തെ തളര്‍ത്തുകയും ചെയ്ത കാലഘട്ടമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റേത്. രജനീ എസ് ആനന്ദിനെപ്പോലെ നിരവധി പാവപ്പെട്ട പ്രതിഭകള്‍ ആ നയത്തിന്റെ രക്ത സാക്ഷികളായത് നാം മറന്നിട്ടില്ല. ആ അവസ്ഥ മാറ്റുന്നതിന് രണ്ട് സുപ്രധാന കടമകളാണ് വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനുള്ളത്. തുല്യതയും സാമൂഹികനീതിയും സംരക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസത്തെ ഒരു സാമൂഹിക പ്രക്രിയയായി നിലനിറുത്തുക എന്നതാണ് ഒന്ന്. യഥാര്‍ത്ഥ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് ചേരുംവിധം പൊതുവിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് മറ്റൊന്ന്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള നിരവധി നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിലേറെയായി കൈക്കൊണ്ടുകഴിഞ്ഞു.

സാമൂഹിക നീതിയും മികവും സംരക്ഷിക്കാനുള്ള സ്വാശ്രയബില്‍ നിയമമാക്കിയതാണ് ഇതില്‍ ആദ്യനടപടി. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാനായിട്ടില്ലെങ്കിലും നിലവിലുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ചുതന്നെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി കരാറിലേര്‍പ്പെടാനും അതുവഴി സാമൂഹിക നിയന്ത്രണം ഒരു പരിധി വരെ കൊണ്ടുവരാനും സാധിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലും കച്ചവടവും പണാധിപത്യവും ഒഴിവാക്കാന്‍ കഴിയുന്ന ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. ഗുണമേന്മ ഉയര്‍ത്തുന്നതിനും വലിയ ശ്രദ്ധ നല്കുകയുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപനം, ഇരുനൂറു സാധ്യായ ദിവസങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍, കാര്യക്ഷമതാ വര്‍ഷാചരണത്തിന്റ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, അധ്യാപകര്‍ക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കുമുള്ള ചിട്ടയായ പരിശീലനം, അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനുളള ഇടപെടലുകള്‍, പിന്നാക്കം നിൽക്കുന്ന സ്കൂളുകളെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, പരീക്ഷകള്‍ ചിട്ടയായി നടത്തുന്നതിനുള്ള ഇടപെടലുകള്‍, പാഠ്യപദ്ധതി പരിഷ്‌ക്കരണം, കെ.ഇ.ആര്‍. ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍, ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്, ഉന്നത വിദ്യാഭ്യാസ രംഗത്തെ സെമസ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്, ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ രൂപീകരണം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്.

വനംവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കിയ എന്റെ മരം പദ്ധതി, വ്യവസായവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഖാദി-കൈത്തറി യൂണിഫോം പദ്ധതി, കായികവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമ്പൂര്‍ണ കായികക്ഷമതാ പദ്ധതി, ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ആരോഗ്യ കാര്‍ഡ് പദ്ധതി, കൃഷിവകുപ്പുമായി ചേര്‍ന്നുള്ള വിദ്യാലയ കൃഷി പദ്ധതി, തദ്ദേശഭരണവകുപ്പുമായി ചേര്‍ന്നുള്ള കുട്ടികളുടെ കാനേഷുമാരി, ശുചിത്വകേരളം പദ്ധതികള്‍ തുടങ്ങി വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാകുന്ന ഒട്ടേറെ അഭിമാന പരിപാടികള്‍ മുന്നിലുണ്ട്. ഇതിന്റെയെല്ലാ ഫലമായി നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ അതിശയിപ്പിക്കും വിധം മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. കഴിഞ്ഞ എസ്. എസ്.എല്‍. സിയിലെ 93 ശതമാനം എന്ന റിക്കാര്‍ഡു വിജയം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രവര്‍ത്തനം ഈ രംഗത്തെ വലിയൊരു കാൽവയ്‌പാണ്. മുന്‍പൊരിക്കലുമില്ലാത്തവിധം നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലമായി കേരളത്തെ അവഗണിക്കുകയായിരുന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദം കാരണം മാറ്റാന്‍ നിര്‍ബദ്ധമായി. സ്പേസ് സയന്‍സ് ഇന്‍സ്റിറ്റ്യൂട്ട്, ഐസര്‍, കേന്ദ്രസര്‍വകലാശാല എന്നിവ അനുവദിക്കപ്പെട്ടു. അപ്പോഴും സംസ്ഥാനത്തിന് അവകാശപ്പെട്ട ഐ.ഐ.ടി അനുവദിച്ചിട്ടില്ല. സംസ്ഥാനത്ത് പൊതുമേഖലയില്‍ 13 ഐ.ടി.ഐ.കള്‍ തുടങ്ങിയത് 2008 ലാണ്. ഐ.എച്ച്.ആര്‍.ഡി. യുടെയും സഹകരണ അക്കാദമിയുടെയും നേതൃത്വത്തില്‍ നിരവധി സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിച്ചു. പൊതുമേഖലയില്‍ രണ്ട് നഴ്‌സിങ് കോളേജുകള്‍ തുടങ്ങി.

ഹയര്‍ സെക്കന്‍ഡറിയില്‍ ഏകജാലകം നടപ്പിലാക്കിയത് പ്രവേശനത്തിലെ ബുദ്ധിമുട്ടുകളും അഴിമതിയും ഒഴിവാക്കാന്‍ വഴിയൊരുക്കി. ഗ്രേഡിങ് ഹയര്‍ സെക്കന്‍ഡറിയിലേക്ക വ്യപിപ്പിച്ചതും എന്‍ സി ഇ ആര്‍ ടി സിലബസ് നടപ്പാക്കിയതും ഗുണനിലവാര വര്‍ദ്ധനക്ക് ആക്കം കൂട്ടി.

ആരോഗ്യസംരക്ഷണവും മാലിന്യ നിര്‍മാര്‍ജനവും

പകര്‍ച്ചവ്യാധികള്‍ രൂക്ഷമായി നമ്മെ പിടികൂടിയ കാലമാണ് കടന്നു പോയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യമേഖലയെ അവഗണിച്ചതിന്റെ ഫലമാണത്. ആദ്യകാലത്ത് നാം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തി. പല രോഗങ്ങളെയും നിര്‍മാര്‍ജനം ചെയ്‌തു. എന്നാല്‍ ഇടക്കാലത്ത് ഫീല്‍ഡ് സ്‌റ്റാഫിനെയും പ്രതിരോധപ്രവര്‍ത്തനങ്ങളെയും അവഗണിച്ചു. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്.

പകര്‍ച്ചപ്പനി തടയാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കെണ്ടു. പക്ഷേ, ഇതാവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പിനെ സമഗ്രമായി നവീകരിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്‌തുകൊണ്ടേ കഴിയൂ. ആ വഴിക്കുള്ള ശ്രമങ്ങളും വിജയം കാണുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികൈക്കൊണ്ടു. അവഗണിച്ചിരുന്ന ഫീല്‍ഡ് സംവിധാനങ്ങളെയും ശക്തിപ്പെടുത്തി. ആവശ്യമായ തസ്തികകള്‍ പുതുതായി സൃഷ്‌ടിച്ചു. ആവശ്യത്തിനു മരുന്നും ലഭ്യമാക്കി.

ലീവെടുത്തു മുങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. .മെഡിക്കല്‍ കോളേജിലെ 76 പേരെ പിരിച്ചുവിട്ടു. ആരോഗ്യവകുപ്പിലെ തിരികെ വരാത്തവരെയും പിരിച്ചുവിടും. ആയുര്‍വേദ-ഹോമിയോ ഉള്‍പ്പെടെ ഒഴിവുകള്‍ നികത്തി. പി.എസ്.സി ലിസ്‌റ്റില്‍ നിന്ന് 40% പേര്‍ മാത്രമേ ജോലിക്കു ചേര്‍ന്നിട്ടുള്ളൂ. അങ്ങനെ ഒഴിവു വന്ന മേഖലകളില്‍ റിട്ടയര്‍ ചെയ്‌തവര്‍ക്കും സ്വകാര്യമേഖലയിലുള്ളവര്‍ക്കും താത്കാലിക നിയമനം നല്‍കി. ഇതിനു പുറമെ ഡ്യൂട്ടി സമയം കഴിഞ്ഞ് ജോലി ചെയ്യുന്നവര്‍ക്ക് അധികവേതനം നല്‍കാന്‍ തീരുമാനമെടുത്തു. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 5000 രൂപ അധികം നല്‍കാന്‍ തീരുമാനിച്ചു.ഇതുകൂടാതെ പാരാമെഡിക്കല്‍ സ്‌റ്റാഫിന്റെ ഒഴിവുകളും പരമാവധി നികത്തി. 1800 പുതിയ നഴ്‌സുമാരെയും നിയമിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വാങ്ങാന്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജുകളിലും ഇത്രയധികം സാധനങ്ങള്‍ വാങ്ങിച്ച കാലമില്ല. പല ആശുപത്രികളും നവീകരിച്ചു. തിരുവനന്തപുരത്തെ തൈക്കാട്, പേരൂര്‍ക്കട ആശുപത്രികള്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നിവിടങ്ങളിലും വലിയ നവീകരണം വന്നു. പുതിയ പല വിഭാഗങ്ങളും തുടങ്ങി. അടച്ചിട്ടിരുന്നവ തുറന്നു. ആലപ്പുഴയില്‍ പുതിയ ജനറല്‍ ആശുപത്രിക്ക് തസ്തിക സൃഷ്ടിച്ച് അംഗീകാരം നല്‍കി. അവിടത്തെ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്ക് മാറ്റാന്‍ ഏറെക്കാലമായി ശ്രമിച്ചിട്ട് നടന്നില്ല. അതു മാറ്റി സ്ഥാപിച്ചു. ആയുര്‍വേദ, ഹോമിയോ ആശുപത്രികളുടെ അപര്യാപ്തതകളും പരിഹരിക്കും. തൃപ്പുണിത്തുറയില്‍ പുതിയ തസ്തിക സൃഷ്ടിച്ചു.

മാലിന്യനിര്‍മാര്‍ജനത്തിനും സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 മൈക്രോണില്‍ കുറവുള്ള പ്ളാസ്‌റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു നിരോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണം മുന്തിയ പരിഗണന നൽകി നടപ്പാക്കാനാവശ്യമായ നിര്‍ദേശം നൽകി. ക്ളീന്‍ കേരള മിഷനും സാനിട്ടേഷന്‍ മിഷനും ഒന്നിപ്പിച്ച് ശുചിത്വ മിഷന്‍ ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 870ലേറെ ഗ്രാമ / ബ്ളോക്ക് / ജില്ലാ പഞ്ചായത്തുകൾക്ക് ശുചിത്വ മികവിനുള്ള കേന്ദ്രത്തിന്റെ നിര്‍മല്‍ പുരസ്കാരം ലഭിച്ചതു തന്നെ ഈ രംഗത്തെ മികവിന്റെ ഉദാഹരണമാണ്.

സ്‌ത്രീ നീതിക്കായ്

ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്‌ത്രീകളുടെ ക്ഷേമവും ജീവിത ഗുണനിലവാരവര്‍ധനയും ഉറപ്പാക്കുക ഒരു പുരോഗമന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മുഖ്യകടമകളിലൊന്നാണ്. ജീവിതത്തിന്റെ വിവിധ തുറകളില്‍ വിവേചനത്തിന്റെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മിക്കവാറും എല്ലാവിഭാഗം സ്‌ത്രീകളും. ചെറിയൊരു കാലയളവില്‍ അവയെല്ലാം ഇല്ലാതാക്കി സമ്പൂര്‍ണതുല്യത കൈവരിക്കാനാകില്ല. എങ്കിലും ദീര്‍ഘവീക്ഷണത്തോടെ ആ മേഖലയിലെ നയസമീപനങ്ങള്‍ രൂപപ്പെടുത്താനും നടപ്പിലാക്കാനും അതുവഴി ആശാവഹമായ മാറ്റങ്ങള്‍ക്കു തുടക്കമിടാനും കഴിയും. ഈ സര്‍ക്കാരും അത്തരമൊരു സമീപനത്തിലൂടെ സ്‌ത്രീ നീതിക്കായുള്ള നിരവധി പരിപാടികള്‍ നടപ്പിലാക്കിക്കഴിഞ്ഞു.

സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതുവരെ ഒരു പ്രത്യേക വകുപ്പില്ലായിരുന്നു. ഈ സ്ഥിതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും സാമൂഹ്യക്ഷേമ വകുപ്പിനെ സാമൂഹ്യക്ഷേമ വനിതാ ക്ഷേമ വകുപ്പായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു.

വനിതാനയം

വനിതാക്കമീഷന്‍ വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് സമഗ്രമായ വനിതാനയം തയ്യാറാക്കി ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും അവ കൂടി കണക്കിലെടുത്ത് അന്തിമനയം പ്രഖ്യാപിക്കുകയും ചെയ്‌തു. അതിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-

സ്‌ത്രീകളുടെ താത്പര്യ സംരക്ഷണ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരും എല്‍.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം വനിതാക്കമ്മീഷനോടുള്ള സമീപനത്തില്‍ നിന്നുതന്നെ വ്യക്തമാണ്. യു.ഡി.എഫ് ഭരണകാലത്ത് അഞ്ചുവര്‍ഷവും വനിതാക്കമ്മീഷന്‍ നിര്‍ജീവാവസ്ഥയിലോ സ്‌ത്രീവിരുദ്ധ നിലപാടുകളിലോ ആയിരുന്നു. കമ്മീഷനിലെ അംഗസംഖ്യ വെട്ടിച്ചുരുക്കി കമ്മീഷനെ നോക്കുകുത്തിയാക്കുന്ന സമീപനമായിരുന്നു അത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വനിതാക്കമ്മീഷനിലെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്‌തു. സംസ്ഥാനതലം മുതല്‍ ഗ്രാമപഞ്ചായത്തുതലംവരെ ജാഗ്രതാ സമിതികള്‍ രൂപം കൊണ്ടുകഴിഞ്ഞു.ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്‌ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം തികഞ്ഞ ഗാര്‍ഹിക സംരക്ഷണനിയമം സംസ്ഥാനത്ത് ശക്തമായി നടപ്പാക്കാനാരംഭിച്ചു. 2005-ല്‍ വന്ന ഈ കേന്ദ്രനിയമം ഈ സര്‍ക്കാരാണ് ഫലപ്രദമായി നടപ്പാക്കാനാരംഭിച്ചിട്ടുള്ളത്. ഇതിനായി 31 ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചു കഴിഞ്ഞു. 9 ഷെല്‍ട്ടർഹോമുകള്‍ തുറന്നു. 43 സേവനദാതാക്കളെയും നിയമിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മോണിട്ടറിങ് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

അടിസ്ഥാന സൌകര്യ വികസനം

വലിയ വിമര്‍ശനം വന്ന ഒന്നാണ് നമ്മുടെ റോഡുകളുടെ ദു:സ്ഥിതി. എന്നാല്‍ ശക്തമായ മഴ വന്നപ്പോള്‍ എന്തുകൊണ്ട് അവ തകര്‍ന്നു എന്നതു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പലതട്ടില്‍ പണം ചോരുന്ന ഒന്നാണ് റോഡു പണി. ധനവകുപ്പ് നടത്തിയ പരിശോധനയില്‍ യു.ഡി. എഫ് ഭരണകാലത്ത് വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പതിബെല്ലും പൂഞ്ച് ലോയ്ഡും പോലുള്ള വിദേശ കമ്പനികള്‍ക്ക് വളരെ ഉയര്‍ന്ന നിരക്കുകളാണ് നല്‍കിയത്. ഇത്തരം ധനച്ചോര്‍ച്ച ഒഴിവാക്കി റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതുക്കിപ്പണിതു.

വലിയ തോതില്‍ അടിസ്ഥാന സൌകര്യ വികസനം കേരളത്തില്‍ നടക്കുകയാണ്. അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തി സംസ്ഥാനത്തിന്റെ സമഗ്രവികസനം ത്വരിതപ്പെടുത്തുന്നതില്‍ വമ്പിച്ച കുതിച്ചുചാട്ടമാണുണ്ടായത്. അനിശ്ചിതത്വത്തിലായിരുന്ന വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ട്രാൻ‌സ്‌ഷിപ്പ്മെന്റ് പദ്ധതി നിര്‍മാണക്ഷമമാക്കി. പദ്ധതിപ്രദേശത്തെ നൂറുകണക്കിന് താമസക്കാര്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കി ഏറ്റവും മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖമായ വിഴിഞ്ഞത്ത് ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാൻസ്‌ഷിപ്പ്മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് നടപടികളെല്ലാം പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവളത്തിനായി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുകയും അനുമതികള്‍ നേടുകയും ആവശ്യമായ 2200 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിഴിഞ്ഞം പദ്ധതിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും നിര്‍മാണപ്രവൃത്തി 2009 ല്‍ ആരംഭിക്കും.

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനസമയത്ത് സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് പാലക്കാട്ട് കോച്ച് ഫാൿടറി അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നിര്‍ബന്ധിതമായി. കോച്ച് ഫാൿടറി സ്ഥാപിക്കുന്നതിനുള്ള ആയിരത്തോളം ഏക്കര്‍ സ്ഥലം ഫാസ്‌റ്റ് ട്രാക്ക് സംവിധാനത്തിലൂടെ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു. കോച്ച് ഫാൿടറിയുടെ പ്രവൃത്തിയും 2009 ല്‍ ആരംഭിക്കും. ദേശീയപാതകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആരംഭം കുറിക്കാന്‍ കഴിഞ്ഞു. ആദ്യപടിയായി കുറ്റിപ്പുറം - ഇടപ്പള്ളി പാത നാലുവരിയാക്കുന്നതിനുള്ള പ്രവൃത്തിക്ക് ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ഏറെ മുന്നോട്ടു നീക്കാന്‍ കഴിഞ്ഞു.

പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍

ഭൂമി ഒരു ഉത്പാദനോപാധിയല്ല, മറിച്ച് വിപണിയിലെ വില്‍പ്പനച്ചരക്കാണ്; വായുവും വെള്ളവുമെല്ലാം വില്‍പ്പനക്കും വിപണിചൂഷണത്തിനുമുള്ളതാണ്- ആഗോളവത്കരണ നയങ്ങള്‍ പിന്തുടര്‍ന്ന യു.ഡി.എഫ് ഭരണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരുന്ന മനോഭാവമാണിത്. അതിന്റെ ഭാഗമായി ഭൂമി മാഫിയയും മണല്‍മാഫിയയും ഉള്‍പ്പെടെ പലതരം മാഫിയാപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ശക്തമായി. എന്നാല്‍ സംസ്ഥാനത്ത് ജനജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനും ആരോഗ്യകരമായ ചുറ്റുപാടുകള്‍ നിലനിറുത്തുന്നതിനും പ്രകൃതിവിഭവസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണെന്നു ബോധ്യമുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതുകൊണ്ടുതന്നെ അക്കാര്യങ്ങള്‍ക്കു മുന്തിയ പരിഗണനയാണു നല്‍കിയത്. നിയമനിര്‍മാണം, നിയമവ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കല്‍ എന്നിവയിലൂടെ അക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സര്‍ക്കാരിനാവുകയും ചെയ്‌തു.

കൈയേറ്റങ്ങള്‍ക്കെതിരെ

വന്‍കിടകുത്തകകള്‍ മുതല്‍ ഭൂമാഫിയാസംഘങ്ങള്‍വരെ അനധികൃതമായി ഭൂമികൈയേറുന്ന പ്രവണത സംസ്ഥാനത്തു വര്‍ധിച്ചുവരികയായിരുന്നു. അതിനു തടയിടാന്‍ അതിശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കൈയേറ്റഭൂമി കണ്ടെടുത്ത് വീണ്ടെടുക്കുന്നതിനായി എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്സുകള്‍ രൂപീകരിച്ചു. അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭൂസംരക്ഷണ നിയമത്തില്‍ ഭേദഗതിവരുത്തി ഓര്‍ഡിനന്‍സ് പാസാക്കി. ഭൂമി കൈയേറുന്നവര്‍ക്കും കൈയേറ്റത്തിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തടവും പിഴയും ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഭേദഗതി ഓര്‍ഡിനന്‍സ്.

അതുപോലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കി. സര്‍ക്കാര്‍ഭൂമിയുടെ സംരക്ഷണാര്‍ഥം സംസ്ഥാനലാന്റ് ബാങ്ക് എന്ന പുതിയ സംരംഭം ആരംഭിച്ചു. അനധികൃതമായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചതിലൂടെ 11851.80 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനായി. മൂന്നാറില്‍ ടാറ്റാകമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍വേ നടത്തി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ കമ്പനിയുടെ കൈയിലുള്ള മിച്ചഭൂമി ഉള്‍പ്പെടെ വ്യവസ്ഥകള്‍ ലംഘിച്ച് കരാറുകാരില്‍നിന്നും ഭൂമി തിരികെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരുന്ന 114.37 ഏക്കര്‍ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ക്ളബ്ബുകളുടെ സ്ഥലം തിരിച്ചെടുക്കുന്നതിനു തീരുമാനിക്കുകയും തിരുവനന്തപുരം ഗോള്‍ഫ് ക്ളബ്, തൃശ്ശൂര്‍ ബാനര്‍ജി ക്ളബ് എന്നിവക്കെതിരെ നടപടി ആരംഭിക്കുകയും ചെയ്‌തു.

ജലം ഒരു വാണിജ്യ ഉത്പന്നമല്ല, മറിച്ച് പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും ഭാഗമെന്ന നിലയില്‍ ജലത്തെ പരിഗണിക്കണമെന്ന നയസമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാരിനുള്ളത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളുടെ സംരക്ഷണത്തിന് അതിശക്തമായ നടപടികളാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാനതാത്പര്യം സംരക്ഷിക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. 14 ജില്ലകളിലും റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി പുനഃസഘടിപ്പിച്ചു.

ജലവിഭവവകുപ്പും ത്രിതലപഞ്ചായത്തുകളും റവന്യൂവകുപ്പുമെല്ലാം ചേര്‍ന്നുള്ള ശക്തമായ സംവിധാനമാണ് ഇക്കാര്യത്തിനായി ആവിഷ്‌ക്കരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണാര്‍ഥം ബൌദ്ധിക സ്വത്തവകാശനയം, ജലനയം, ജൈവകൃഷിനയം തുടങ്ങിയ നയങ്ങള്‍ക്കു രൂപം നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.

ജനപക്ഷ വികസനത്തിലേക്ക്

വൈദ്യുതി മേഖലയില്‍ ഉത്പാദന,പ്രസരണ വിതരണ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍, സഹകരണ മേഖലയെ ചലനാത്മകമാക്കുന്നതിനുള്ള നടപടികള്‍, കാര്യക്ഷമമായ എക്സൈസ് നയം, മത്സ്യത്തൊഴിലാളി മേഖലയിൽ ആവിഷ്‌ക്കരിച്ച ഒട്ടേറെ ക്ഷേമ നടപടികൾ, തൊഴിള്‍ മേഖലയിലെ ശാന്തത, മുല്ലപ്പെരിയാര്‍, റയില്‍വേ വികസനം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനതാത്പര്യങ്ങള്‍ സംരക്ഷിക്കാനെടുത്ത നടപടികള്‍ തുടങ്ങി പറയാന്‍ ഏറെയുണ്ട് ഇനിയും.

ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയോടൊപ്പം അതു ഭൂരിപക്ഷജനതയുടെ ജീവിതനിലവാരത്തിലും സംതൃപ്തിയിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നു കൂടി കണക്കിലെടുക്കുന്ന തരത്തില്‍ ഒരു ജനപക്ഷവികസന സമീപനമാണ് ഇടതു മുന്നണി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി കാര്‍ഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണം, വിദ്യാഭ്യാസ ആരോഗ്യാദി പൊതുസൌകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, നമുക്ക് നല്ല മത്സരശേഷിയുള്ള ഐടി, ടൂറിസം, ലൈറ്റ് എന്‍ജിനിയറിങ് തുടങ്ങിയ മേഖലകളിലേക്കുള്ള ചുവടുമാറ്റം,അവയ്ക്കാവശ്യമായ ഭൌതിക - പശ്ചാത്തല സൌകര്യമൊരുക്കല്‍. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കല്‍, സ്‌ത്രീനീതി ഉറപ്പുവരുത്തല്‍, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സ്ഥായിയായ വികസനം, ജനാധിപത്യ അധികാര വികേന്ദ്രീകരണം, അഴിമതി നിര്‍മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങളുമായി മുന്നേറുകയാണ് സര്‍ക്കാര്‍. ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷേമനടപടികളിലൂടെ അടിസ്ഥാന ജനവിഭാഗത്തിന് ആശ്വാസമേകാനും സാമൂഹികനീതി ഉറപ്പുവരുത്തി സമഗ്ര വികസനത്തിന് അടിത്തറ പാകാനും സര്‍ക്കാരിന് കഴിഞ്ഞു. അതിനാൽ തന്നെ
സാമൂഹികനീതി സംരക്ഷിച്ചുകൊണ്ട് വികസിത കേരളം പടുത്തുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കാന്‍ വലിയ തോതില്‍ ജനകീയ പിന്തുണലഭിക്കുമെന്ന് സര്‍ക്കാരിനുറപ്പുണ്ട്.

*

പി. എസ്. ആർ.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ വരുന്ന 16 ന് കേരളം ബൂത്തിലേക്ക് പോകുകയാണ്. എൽ ഡി എഫ് സർക്കാരിന്റെ കഴിഞ്ഞ 30 മാസങ്ങളിലെ പ്രവർത്തനങ്ങളുടെ ഒരു റിപ്പോ‍ർട്ട് വയ്ക്കുകയാണ് . വിലയിരുത്തുക.