Friday, June 12, 2009

കറുത്ത അധ്യായം

കമ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരം കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണ്‌. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. പിരിച്ചുവിടലിനു കാരണമാകട്ടെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരവും. ജനാധിപത്യ മര്യാദ അനുസരിച്ച്‌ അഞ്ചുവര്‍ഷം കാത്തിരിക്കാന്‍ കോണ്‍ഗ്രസ്സിനും വിരുദ്ധ ശക്തികള്‍ക്കും കഴിഞ്ഞില്ല. അങ്ങനെ സമയം അനുവദിച്ചാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്വാധീനം തിരിച്ചുപിടിക്കാന്‍കഴിയാത്തവിധം വര്‍ധിക്കുമെന്നായിരുന്നു അവരുടെ ഭയം.

സമരത്തെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഇന്നു പിന്തിരിഞ്ഞു നോക്കുമ്പോള്‍ എത്ര ബാലിശമാണ്‌ ! കോണ്‍ഗ്രസ്‌ ഭരിച്ച ആന്ധ്രാ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ല്‌ കേരളത്തിലെ വിദ്യാഭ്യാസ ബില്ലിന്‌ സമാനമായിരുന്നില്ലേ? നിയമത്തിന്റെയും കോടതിയുടെയും പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക നിയന്ത്രണ സമന്വയത്തെ ഇന്ന്‌ തള്ളിപ്പറയുന്നവര്‍, അന്ന്‌ സുപ്രീം കോടതി അംഗീകരിച്ച വിദ്യാഭ്യാസ നിയമത്തിനെതിരെ നടത്തിയ സമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്‌ വലിയൊരു വിരോധാഭാസമല്ലേ? 1957 ല്‍ പറഞ്ഞതെല്ലാം ഒരു പതിറ്റാണ്ടു കഴിയുമ്പോഴേക്കും കേരളത്തിലെ യൂത്ത്‌കോണ്‍ഗ്രസ്‌ തിരുത്തിപ്പറഞ്ഞില്ലേ? സ്വാതന്ത്ര്യത്തിനുമുമ്പ്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചതും എന്നാല്‍ നടപ്പാക്കാന്‍ വിസമ്മതിച്ചതുമായ നയം മാത്രമായിരുന്നില്ലേ ഭൂപരിഷ്‌ക്കരണം? പള്ളിയുടെ കുരിശുയുദ്ധം നിരീശ്വരവാദത്തിനെതിരായിരുന്നു. സാക്ഷാല്‍ നെ'ു ഈശ്വരവിശ്വാസിയായിരുന്നില്ലല്ലോ! ഭരണത്തിന്റെ ആദ്യ രണ്ടുവര്‍ഷം ദേശീയ ശരാശരിയേക്കാള്‍ താഴ്‌ന്ന നിരക്കിലെ അക്രമങ്ങളേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. വിമോചന സമരമല്ലേ ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം വരുത്തിയത്‌? നാട്ടുമധ്യസ്ഥതയെയാണ്‌ ''സെല്‍ഭരണ''മെന്ന്‌ ചിത്രീകരിച്ചത്‌. ഇത്തരമൊരു സമരാഭാസത്തെ അമ്പതുവര്‍ഷം കഴിഞ്ഞ്‌ കൊണ്ടാടാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ജീര്‍ണതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

വിമോചന സമരം അമ്പതുവര്‍ഷം പിന്നിടുമ്പോള്‍, അന്നേയുള്ള ഗൗരവമായ ഒരു ആരോപണം തെളിവുകളുടെ പിന്‍ബലമുള്ള വസ്‌തുതയായി മാറിയിരിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന്‌ അമേരിക്കയുടെ ഭരണകൂടവും സി.ഐ.എ.യും നടത്തിയ ഉപചാപങ്ങളും ഇടപെടലുകളുമാണ്‌ അവ. ഇതു സംബന്ധിച്ച്‌ ഞാന്‍ ഒരു പുസ്‌തകംതന്നെ സമീപകാലത്ത്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം.

ഒന്ന്‌: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുണ്ടായ 1950 കളില്‍ തന്നെ ബ്രിട്ടീഷ്‌ ഗയാന, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, ഇഡൊനീഷ്യയിലെ ജാവ, ഇറാന്‍, കോംഗോ തുടങ്ങി പല രാജ്യങ്ങളിലും കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു. ആ ഭരണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ഇപ്പറഞ്ഞ ഓരോ രാജ്യത്തും എങ്ങനെയാണ്‌ സി.ഐ.എ. അട്ടിമറികള്‍ സംഘടിപ്പിച്ചത്‌ എന്ന്‌ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഉണ്ട്‌. എല്ലാ സംഭവങ്ങളും സി.ഐ.എ. ഇന്ന്‌ കുറ്റസമ്മതവും നടത്തിയിരിക്കുകയാണ്‌. സി.ഐ.എ. ഇടപെടലിന്റെ കാര്യത്തില്‍ കേരളം ഒരു അപവാദമാണെന്ന്‌ ധരിക്കാനാവില്ല.

രണ്ട്‌: ഈ ഒരു അനുമാനം മാത്രമല്ല സി.ഐ.എ. കേരളത്തില്‍ ഇടപെട്ടു എന്ന വാദത്തിന്‌ അടിസ്ഥാനം. അന്നത്തെ അമേരിക്കന്‍ അംബാസഡറായ ബങ്കര്‍ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളില്‍ ഇത്‌ തുറന്നു സമ്മതിച്ചിട്ടുണ്ട്‌. പണം കൈമാറാനുള്ള ഉത്തരവാദിത്വം അദ്ദേഹം നേരിട്ടാണ്‌ നിര്‍വഹിച്ചത്‌. പിന്നീട്‌ അമേരിക്കന്‍ അംബാസഡറായി വന്ന മൊയ്‌നിഹാന്റെ ആത്മകഥാഗ്രന്ഥത്തിലെ പരാമര്‍ശം മാത്രമായിരുന്നു സി.ഐ.എ. ഇടപെടലിനുള്ള തെളിവായി ഇതുവരെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരുന്നത്‌. ഇപ്പോഴിതാ 1957ലെ അമേരിക്കന്‍ സ്ഥാനപതിയുടെ മൊഴിതന്നെ തെളിവായി ലഭിച്ചിരിക്കുന്നു.

മൂന്ന്‌: അമേരിക്കന്‍ വിദേശ രേഖകളുടെ ഔദ്യോഗിക സമാഹാരങ്ങളുടെ എട്ടും പതിനഞ്ചും വാള്യങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെക്കുറിച്ച്‌ അന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തയ്യാറാക്കിയ ചില പ്രധാനപ്പെട്ട രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1957-59 കാലത്തെ കേരള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ എംബസി സജീവമായി ഇടപെട്ടിരുന്നുവെന്നുള്ളതിന്‌ പ്രസിദ്ധീകരിക്കപ്പെട്ട തെളിവുകള്‍ ആണിവ.

നാല്‌: സി.ഐ.എ. പണത്തിന്റെ പിന്‍ബലത്തോടെ ബ്രസീലിലും ഗ്വാട്ടിമാലയിലും ഗയാനയിലും സജീവ പങ്കുവഹിച്ച ക്രിസ്‌ത്യന്‍ ആന്റി കമ്യൂണിസ്റ്റ്‌ ക്രൂസേഡ്‌ എന്ന സംഘടനയാണ്‌ 'കേരളധ്വനി' പത്രം സ്ഥാപിക്കുന്നതിനും നടത്തിപ്പിനുമുള്ള പണം നല്‍കിയത്‌ എന്ന്‌ അവരുടെ രേഖകള്‍ തെളിയിക്കുന്നു. കമ്യൂണിസ്റ്റ്‌ വിരുദ്ധ സമരത്തിന്‌ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കും പള്ളിക്കും വലിയതോതില്‍ പണം ലഭിച്ചതിന്റെ തെളിവുകളും ഉണ്ട്‌.

അഞ്ച്‌: എം.ആര്‍.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ധാര്‍മിക പുനരായുധീകരണ പ്രസ്ഥാനത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആസ്ഥാനം വിമോചന സമര നേതാക്കന്മാരുടെ ഒരു തീര്‍ഥാടന കേന്ദ്രം തന്നെയായിരുന്നു.

ആറ്‌: കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ വിമോചന സമരത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച്‌ വിശദീകരിക്കുവാന്‍ അന്നത്തെ ഡയറക്‌ടര്‍ ഡി.എം.മല്ലിക്ക്‌ നെ'ുവിനോടൊപ്പമുള്ള 'എന്റെ വര്‍ഷങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ നീക്കിവെച്ചിട്ടുണ്ട്‌. ഇന്റലിജന്‍സ്‌ ബ്യൂറോയുമായി സഹകരിച്ചാണ്‌ അമേരിക്കന്‍ എംബസി കേരളത്തില്‍ ഇടപെട്ടിരുന്നത്‌ എന്ന്‌ അമേരിക്കന്‍ അംബാസഡര്‍ എല്‍സ്‌വര്‍ത്ത്‌ ബങ്കറും സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഏഴ്‌: അമേരിക്കന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസനോവറുടെ രേഖകളുടെ പത്തൊമ്പതാം വാള്യത്തില്‍ സ്റ്റാഫ്‌ സെക്രട്ടറി ഗഡ്‌പാസ്റ്റര്‍ക്കുള്ള 647-ാം നമ്പര്‍ കുറിപ്പില്‍ (ഏപ്രില്‍ 9, 1958) ഇപ്രകാരമാണ്‌ നിര്‍ദേശം നല്‍കിയത്‌. (അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വന്തം കൈപ്പടയിലുള്ള ഒരു കുറിപ്പാണിതെന്ന്‌ ഓര്‍ക്കുക) ഈ അനൗപചാരിക റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കേരളത്തെ സംബന്ധിച്ചതാണ്‌. ഇത്‌ അല്ലന്‍ ഡള്ളസിന്‌ അയച്ചുകൊടുക്കുക. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എംബസി ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ആക്ഷന്‍പ്ലാന്‍ ഉണ്ടാക്കാം.

കാന്‍സാസിലെ ഐസനോവര്‍ ആര്‍ക്കൈവ്‌സില്‍ വിമോചനസമരത്തെക്കുറിച്ച്‌ ഒട്ടനവധി രേഖകളുണ്ട്‌. ജോലിത്തിരക്കുമൂലം ആര്‍ക്കൈവ്‌സ്‌ സന്ദര്‍ശിച്ച്‌ രേഖകള്‍ പരിശോധിക്കുന്നതിനുള്ള ആഗ്രഹം ഇതുവരെ നടപ്പായില്ല. മറ്റു രാജ്യങ്ങളില്‍ നടന്ന അട്ടിമറിയെക്കുറിച്ച്‌ രേഖകള്‍ സി.ഐ.എ. വെബ്‌സൈറ്റില്‍ത്തന്നെ ലഭ്യമാക്കിയിരിക്കുമ്പോള്‍ കേരളത്തെ സംബന്ധിച്ച്‌ എന്തുകൊണ്ട്‌ രഹസ്യാത്മകത തുടരുന്നു എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌. നെ'ു പിന്തുടര്‍ന്നിരുന്ന ചേരിചേരാ നയത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ഗോപ്യമായിട്ടു മാത്രമേ സി.ഐ.എ.ക്ക്‌ ഇടപെടാന്‍ കഴിയുമായിരുന്നുള്ളൂ. എന്തിനേറെപ്പറയുന്നു. 1960 ലെ തിരഞ്ഞെടുപ്പിനുശേഷംപോലും മറ്റു സ്ഥലങ്ങളെപോലെ കേരളത്തെ തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തുവാന്‍ സി.ഐ.എ. വിസമ്മതിച്ചു. കേരളത്തിലെ തിരഞ്ഞടുപ്പിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന ഓപ്പറേഷന്‍ കോ-ഓര്‍ഡിനേറ്റിങ്‌ ബോര്‍ഡിന്റെ സ്‌പെഷല്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്‌ പറഞ്ഞിട്ടുള്ളത്‌.

ഇതിന്റെ രാഷ്ട്രീയ പാഠത്തെ ഏതെങ്കിലും പ്രകാരത്തില്‍ അമേരിക്കയില്‍നിന്ന്‌ നേരിട്ട്‌ ചൂഷണം ചെയ്യുന്നു എന്ന തോന്നല്‍ തിരിച്ചടിയുണ്ടാക്കും. എന്നാല്‍ ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ സ്രോതസ്സ്‌ വെളിപ്പെടുത്താതെ ഈ ജനാധിപത്യ വിജയകഥ ഏറ്റവും വിപുലമായ തലത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്‌. ഇന്ത്യയ്‌ക്കുള്ളില്‍ കമ്യൂണിസ്റ്റ്‌ വിരുദ്ധ പാര്‍ട്ടികളും പത്രങ്ങളും ഇത്‌ ഫലപ്രദമായി വിനിയോഗിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതാണ്‌.

കമ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരം കേവലം വിദേശ ഉപജാപ സൃഷ്‌ടിയാണെന്നതല്ല വാദം. മറ്റുപല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വളരെ സംഘടിതമായ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രസ്ഥാനം പള്ളിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപം കൊണ്ടിരുന്നു. അതുകൊണ്ട്‌ അമേരിക്കന്‍ അജന്‍ഡ നടപ്പാക്കുന്നത്‌ എളുപ്പമായിത്തീര്‍ന്നു. വിമോചന സമരത്തിന്റെ ഫലമായി കേരളസമൂഹത്തിലുണ്ടായ നഷ്‌ടം എത്രയെന്ന്‌ കൂടി പരിശോധിക്കുമ്പോഴേ ഈ കറുത്ത അധ്യായത്തിന്റെ ചിത്രം പൂര്‍ത്തിയാകൂ.

1957 ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമായി 1957 നും 1967 നും ഇടയ്‌ക്ക്‌ കേരളത്തിലെ മിച്ചഭൂമിയില്‍ നല്ല പങ്ക്‌ തിരിമറി ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന്‌ ഭൂരഹിതര്‍ക്ക്‌ (ക്രിസ്‌ത്യാനികള്‍ക്കടക്കം) ഇതുമൂലം അവകാശപ്പെട്ട ഭൂമി നഷ്‌ടപ്പെട്ടു. കമ്യൂണിസ്റ്റ്‌ അക്രമത്തെയും ക്രമസമാധാന തകര്‍ച്ചയെയും കുറിച്ചുള്ള കുപ്രാചരണം കേരളത്തിലേക്കുള്ള സ്വകാര്യമൂലധനത്തിന്റെ ഒഴുക്കിന്‌ വിരാമമിട്ടു. ഇതു വ്യവസായവത്‌കരണത്തിന്‌ തിരിച്ചടിയായി. അധികാര വികേന്ദ്രീകരണം നടപ്പാകാന്‍ നാലു പതിറ്റാണ്ട്‌ കഴിഞ്ഞ്‌ ജനകീയാസൂത്രണംവരെ കാത്തിരിക്കേണ്ടിവന്നു. നവോത്ഥാന ധാരകളുടെ ഒഴുക്കില്‍ പിന്തള്ളപ്പെട്ടുപോയിരുന്ന ജാതി-സാമുദായിക ശക്തികള്‍ക്ക്‌ സാമൂഹിക മണ്ഡലത്തില്‍ മാന്യമായ പുനഃപ്രതിഷ്‌ഠ ലഭിച്ചു. ഭരിക്കുന്നവര്‍ ചെയ്യുന്നതിനെയെല്ലാം കണ്ണടച്ചെതിര്‍ക്കുന്ന നിഷേധാത്മക രാഷ്ട്രീയത്തിന്റെ സംസ്‌കാരം വിമോചന സമരത്തോടെയാണ്‌ കേരളത്തില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. ഇതു സംസ്ഥാനത്തിന്റെ വികസനത്തിന്‌ വിലങ്ങുതടിയായി.

1957-ല്‍ 34.98 ശതമാനം വോട്ടു ലഭിച്ചസ്ഥാനത്ത്‌ വിമോചനസമരം കഴിഞ്ഞപ്പോഴുള്ള തിരഞ്ഞെടുപ്പില്‍ 39.04 ശതമാനം വോട്ടു ലഭിച്ചു. വിമോചന സമരാഘോഷക്കാര്‍ മറന്നുപോകുന്ന സത്യമിതാണ്‌: അട്ടിമറി സമരങ്ങളിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതിന്‌ പള്ളിക്കോ പിന്തിരിപ്പന്മാര്‍ക്കോ കഴിഞ്ഞില്ല.

എങ്കിലും ഒരു കാര്യത്തില്‍ സമരം വിജയിച്ചു. കമ്യൂണിസ്റ്റ്‌ സ്വാധീനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതിന്‌ തടയിട്ടു. ഇന്നും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഈ പ്രതിബന്ധം മുറിച്ചുകടക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതു തടയുകയെന്നതാണ്‌ രണ്ടാം വിമോചന സമര വക്താക്കളുടെയും ഒന്നാം വിമോചന സമരത്തിന്റെ ആഘോഷക്കാരുടെയും ലക്ഷ്യം.

*
ഡോ.തോമസ്‌ ഐസക്‌ കടപ്പാട്: മാതൃഭൂമി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരം കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണ്‌. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. പിരിച്ചുവിടലിനു കാരണമാകട്ടെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരവും. ജനാധിപത്യ മര്യാദ അനുസരിച്ച്‌ അഞ്ചുവര്‍ഷം കാത്തിരിക്കാന്‍ കോണ്‍ഗ്രസ്സിനും വിരുദ്ധ ശക്തികള്‍ക്കും കഴിഞ്ഞില്ല. അങ്ങനെ സമയം അനുവദിച്ചാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്വാധീനം തിരിച്ചുപിടിക്കാന്‍കഴിയാത്തവിധം വര്‍ധിക്കുമെന്നായിരുന്നു അവരുടെ ഭയം.

സമരത്തെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഇന്നു പിന്തിരിഞ്ഞു നോക്കുമ്പോള്‍ എത്ര ബാലിശമാണ്‌ ! കോണ്‍ഗ്രസ്‌ ഭരിച്ച ആന്ധ്രാ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ല്‌ കേരളത്തിലെ വിദ്യാഭ്യാസ ബില്ലിന്‌ സമാനമായിരുന്നില്ലേ? നിയമത്തിന്റെയും കോടതിയുടെയും പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക നിയന്ത്രണ സമന്വയത്തെ ഇന്ന്‌ തള്ളിപ്പറയുന്നവര്‍, അന്ന്‌ സുപ്രീം കോടതി അംഗീകരിച്ച വിദ്യാഭ്യാസ നിയമത്തിനെതിരെ നടത്തിയ സമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്‌ വലിയൊരു വിരോധാഭാസമല്ലേ? 1957 ല്‍ പറഞ്ഞതെല്ലാം ഒരു പതിറ്റാണ്ടു കഴിയുമ്പോഴേക്കും കേരളത്തിലെ യൂത്ത്‌കോണ്‍ഗ്രസ്‌ തിരുത്തിപ്പറഞ്ഞില്ലേ? സ്വാതന്ത്ര്യത്തിനുമുമ്പ്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചതും എന്നാല്‍ നടപ്പാക്കാന്‍ വിസമ്മതിച്ചതുമായ നയം മാത്രമായിരുന്നില്ലേ ഭൂപരിഷ്‌ക്കരണം? പള്ളിയുടെ കുരിശുയുദ്ധം നിരീശ്വരവാദത്തിനെതിരായിരുന്നു. സാക്ഷാല്‍ നെ'ു ഈശ്വരവിശ്വാസിയായിരുന്നില്ലല്ലോ! ഭരണത്തിന്റെ ആദ്യ രണ്ടുവര്‍ഷം ദേശീയ ശരാശരിയേക്കാള്‍ താഴ്‌ന്ന നിരക്കിലെ അക്രമങ്ങളേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. വിമോചന സമരമല്ലേ ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം വരുത്തിയത്‌? നാട്ടുമധ്യസ്ഥതയെയാണ്‌ ''സെല്‍ഭരണ''മെന്ന്‌ ചിത്രീകരിച്ചത്‌. ഇത്തരമൊരു സമരാഭാസത്തെ അമ്പതുവര്‍ഷം കഴിഞ്ഞ്‌ കൊണ്ടാടാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ജീര്‍ണതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഡോ.തോമസ് ഐസക് എഴുതിയ ലേഖനം.

Anonymous said...

എണ്റ്റെ തോമസ്‌ ഐസക്കു മാഷേ ഇതെത്റ തവണയായി നമ്മള്‍ ഒന്നും അന്നു ജനിച്ചിട്ടില്ല എന്നാല്‍ ഇന്നു കാണുന്ന രീതിയില്‍ ആണൂ അന്നും ഭരിച്ചിരുന്നതെങ്കില്‍ അന്നു വിമോചനം നടത്തിയവരെ പൂവിട്ടു തൊഴണം , ഇന്നു ആരെങ്കിലും അതുപോലെ ഒന്നു നേത്റ്‍ത്വം നല്‍കിയിരുന്നെങ്കില്‍ എന്നാണു ജനം കൊതിക്കുന്നത്‌, എന്തെങ്കിലും ഭരണം കേരളത്തില്‍ ഉണ്ടോ? പാവങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ഒരു നല്ല പരിപാടി താങ്കളുടെ ധനകാര്യ വകുപ്പ്‌ ചെയ്തിട്ടുണ്ടോ? ഹെല്‍ത്‌ സെക്ടറ്‍ എങ്കിലും ഒന്നു മര്യാദക്കു നടത്തിയാല്‍ മതിയായിരുന്നു ഈ പണ്ടൂ ഉണ്ടതും പാളയില്‍ തൂറിയതും എഴുതി സമയം കളയാതെ ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യു.

Baiju Elikkattoor said...

ഈ നല്ല ലേഖനത്തിന് നന്ദി. ഇന്നത്തെ ദീപികയില്‍ അങ്കമാലിയിലെ കല്ലറയെ പറ്റി എത്ര ലേഖനമാണ് വന്നിരിക്കുന്നത്...!