Tuesday, June 23, 2009

മക്രോണി വരുന്നു മക്രോണി

ആയതിനാല്‍ മക്കളേ നമുക്ക് പ്രാര്‍ഥിക്കാം. നമ്മുടെ രക്ഷകനായ വിമോചന സമരത്തിന്റെ രണ്ടാം വരവിന് സമയമായിരിക്കുന്നു.മണവാട്ടികള്‍ മണവാളനെ കാത്തിരിക്കുന്ന പോലെ നമ്മുടെ വിമോചന സമരത്തിനായി നമുക്ക് ഒരുങ്ങിയിരിക്കാം.

കര്‍ത്താവിന്റെ വരവിനായി കാത്തിരുന്ന കന്യകമാരെക്കുറിച്ച് വിശുദ്ധവേദപുസ്തകത്തില്‍ പറയുന്നത് വിശ്വാസികളേ നിങ്ങളും വായിച്ചിരിക്കുമല്ലൊ. പത്തു കന്യകമാരില്‍ അഞ്ചുപേര്‍ വിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വാങ്ങി കര്‍ത്താവിന്റെ വരവിനായി കാത്തിരുന്നു.മറ്റ് അഞ്ചുപേരാകട്ടെ കര്‍ത്താവ് വരുമ്പോള്‍ എണ്ണ വാങ്ങാമെന്ന് കരുതി. രാത്രിയായപ്പോള്‍ കര്‍ത്താവ് വരുന്നു എന്ന വിവരം അറിഞ്ഞു. കന്യകമാര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ അവര്‍ക്ക് കിട്ടിയില്ല.കര്‍ത്താവ് വന്നപ്പോള്‍ വിളക്കില്‍ എണ്ണയൊഴിച്ച് അഞ്ചു കന്യകമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മറ്റ് അഞ്ചുപേരാകട്ടെ നിരാശരായി ഇരുന്നു.

ഇതുപോലെയാണ് മക്കളേ വിമോചനസമരവും. വിശ്വാസികളേ, വിമോചന സമരത്തിനുള്ള സാധനങ്ങള്‍ വാങ്ങി ഒരുങ്ങിയിരിക്കുക. എല്ലാം നേടിയിട്ടും വിമോചന സമരം നഷ്ടമായാല്‍ പിന്നെ എന്തു കാര്യമെന്ന് അന്ത്യവിധി നാളില്‍ കര്‍ത്താവ് നമ്മോട് ചോദിച്ചാല്‍ മക്കളേ നാം എന്ത് മറുപടി പറയും? കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കും പോലെ നമ്മുടെ മക്കളെ ചേര്‍ത്തുപിടിച്ച് നമുക്ക് സമരഭൂമിയിലേക്ക് നീങ്ങാം. വിമോചന സമരത്തിന്റെ പേരില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!

വിമോചന സമരത്തിന്റെ അടയാളങ്ങളായി നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും. മക്കളേ ചഞ്ചലപ്പെടരുത്. ജാതി ജാതിയോടും, രാജ്യം രാജ്യത്തോടും എതിര്‍ക്കും. ക്ഷാമവും ഭൂകമ്പവും ഉണ്ടാകും. ധര്‍ണയും പിക്കറ്റിങ്ങും വെടിവെപ്പും ഉണ്ടാവും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. നമ്മുടെ മക്കളെ അറസ്റ്റു ചെയ്യും. അവരെ ലോക്കപ്പു മുറികളില്‍ പാര്‍പ്പിക്കും. കൊതുക്, മൂട്ട എന്നിവയുടെ കടിയേല്‍ക്കും.

മക്കളേ ആരും ഇടറിപ്പോവരുത്. അനോന്യം പകുത്ത് മാറരുത്. ഭക്തനായ ഇയ്യോബ് എന്തെല്ലാം പീഡനങ്ങള്‍ അനുഭവിച്ചിട്ടും തന്റെ കര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല എന്നോര്‍ക്കുമല്ലൊ. കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ മക്കളേ മനസ്സ് പൂര്‍ണമായും ദൈവത്തിങ്കല്‍ സമര്‍പ്പിച്ച് അവന്റെ നാമം സ്തോത്രം ചെയ്യുവീന്‍.

'തെക്ക് തെക്കൊരു ദേശത്ത്
തെന്മലയാറിന്‍ തീരത്ത്
ഫ്ളോറിയെന്നൊരു ഗര്‍ഭിണിയെ
ഓടിച്ചിട്ട് പിടിച്ചവരെ..'

എന്ന് സ്തുതി പാടുവീന്‍.

പൊലീസിനെ കാണുമ്പോള്‍ ആരും മലകളിലേക്ക് ഓടിപ്പോവരുത്. വീട്ടില്‍ നിന്നിറങ്ങിയവര്‍ വീട്ടിലുള്ളത് എടുക്കേണ്ടതിന് എന്ന മട്ടില്‍ തിരിച്ച് പോകരുത്. ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്‍ക്കും ഹായ്! നല്ലകാലം. നിങ്ങള്‍ക്ക് കലക്ടറേറ്റുകളില്‍ ചെന്ന് പ്രസവിക്കുകയും കുട്ടികളെ പാലൂട്ടുകയും ചെയ്യാം.

മിന്നല്‍ കിഴക്ക് നിന്ന് പുറപ്പെട്ട് പടിഞ്ഞാറോളം വിളങ്ങും പോലെ വിമോചന സമരത്തിന്റെ വരവ് ആകും. ശവമുള്ളേടത്ത് കഴുകന്മാര്‍ കൂടും.

നമ്മുടെ രക്ഷകനായ വിമോചന സമരം പ്രത്യക്ഷപ്പെടുമ്പോള്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും. നക്ഷത്രങ്ങള്‍ ആകാശത്തു നിന്ന് വീഴും. ഭൂമിയിലെ പൊലീസ് സൈന്യം ഇളകിപ്പോകും. അപ്പോള്‍ വിമോചന സമരത്തിന്റെ അടയാളം ആകാശത്ത് വിളങ്ങും. അന്ന് ഭൂമിയിലെ സകല ഗോത്രങ്ങളും വിമോചന സമരത്തിന്റെ നാമം ഉച്ചത്തില്‍ ഉദ്ഘോഷിക്കും.

' തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരീ..'എന്ന പ്രാര്‍ഥനാ ഗീതം ആലപിക്കും. അപ്പോള്‍ ആകാശത്തിലെ മേഘങ്ങളില്‍ മഹാശക്തിയോടും തേജസ്സോടും കൂടി കേന്ദ്രത്തിന്റെ ഇടപെടല്‍ വരും. കേന്ദ്രം അവന്റെ ദൂതന്മാരെ മഹാകാഹളധ്വനിയോടു കൂടി അയക്കും. അവര്‍ ആകാശത്തിന്റെ അറുതി മുതല്‍ അറുതി വരെയുള്ള സകല ജനത്തോടും കൂടി കലക്ടറേറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു നീങ്ങും.

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍: അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്ന് നിങ്ങള്‍ അറിയുന്നുവല്ലൊ. അങ്ങനെ വിശ്വാസ പ്രഖ്യാപനങ്ങളും ഐക്യദാര്‍ഢ്യങ്ങളും കാണുമ്പോള്‍ വിമോചന സമരം ഇതാ അടുക്കല്‍ എത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും. വിമോചന സമരമാകട്ടെ ഒഴിഞ്ഞുപോകില്ല. എന്നാല്‍ അതിന്റെ നാളും നാഴികയും അത്ര പെട്ടെന്ന് പരസ്യമാവുകയുമില്ല. നോഹയുടെ കാലം പോലെ തന്നെയാണ് വിമോചന സമരത്തിന്റെ വരവും. നോഹ പെട്ടകമുണ്ടാക്കി അതില്‍ കയറിയപ്പോള്‍ ആരും ഒന്നും അറിഞ്ഞില്ല. അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും ജീവിച്ചു പോന്നു. ജലപ്രളയം വന്ന് നീക്കിക്കളയുവോളം ആരും ഒന്നും അറിഞ്ഞില്ല.

വിമോചന സമരത്തിന്റെ വരവും അങ്ങനെ തന്നെയാകും. അന്ന് രണ്ടുപേര്‍ വയലില്‍ ഇരിക്കും.ഒരുത്തനെ കൈക്കൊള്ളും മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേര്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുത്തിയെ കൈക്കൊള്ളും മറ്റവളെ ഉപേക്ഷിക്കും. നിങ്ങളുടെ വിമോചന സമരം ഏതു ദിവസം വരുമെന്നറിയാത്തതിനാല്‍ ഉണര്‍ന്നിരിപ്പിന്‍. കള്ളന്‍ വരുന്ന യാമം ഇന്നതെന്ന് വീട്ടുകാരന്‍ അറിഞ്ഞാല്‍ ഉണര്‍ന്നിരിക്കുകയും, വീടു തുരക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യും എന്ന് അറിയുന്നുവല്ലൊ.

അങ്ങനെ നിങ്ങള്‍ നിനയ്ക്കാത്ത നാഴികയില്‍ വിമോചന സമരം വരുന്നതു കൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പീന്‍. കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളയുവീന്‍. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാവും.

വിമോചന സമരം അതിന്റെ തേജസ്സോടെ സകല ചണ്ടി പണ്ടാരങ്ങളുമായി വന്ന് സിംഹാസനത്തിലിരിക്കും. സകല ജാതികളും അവന്റെ മുന്നില്‍ കൂടും. അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്ന പോലെ വേര്‍തിരിക്കും. കുറുവടിപ്പടയെ വലത്തും കല്ലേറ് പടയെ ഇടത്തും നിര്‍ത്തും. എന്നിട്ട് അവരോടായി അരുളിച്ചെയ്യും.

'വിമോചന സമരത്താല്‍ അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍. നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ രാജ്യത്തിലെ ഓരോ സ്ഥാനങ്ങളും അവകാശമാക്കിക്കൊള്‍വിന്‍.

എനിക്ക് വിശന്നു, നിങ്ങള്‍ എനിക്ക് അന്യന്റെ മാംസം തന്നു. എനിക്ക് ദാഹിച്ചു, നിങ്ങള്‍ എനിക്ക് അന്യന്റെ രക്തം തന്നു. ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എനിക്ക് ഗസ്റ്റ് ഹൌസ് തന്നു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എനിക്ക് പൊലീസുകാരുടെ തുണി പറിച്ചു തന്നു. എനിക്ക് ഉറക്കം വന്നു, നിങ്ങള്‍ എനിക്ക് മുദ്രാവാക്യം കേള്‍പ്പിച്ചു തന്നു.

'തണ്ടാ..മണ്ടാ..മുണ്ടശ്ശേരീ...' എന്ന ഇമ്പമാര്‍ന്ന മുദ്രാവാക്യത്തില്‍ സ്വര്‍ഗീയദൂതന്മാര്‍ പോലും ഉറങ്ങിപ്പോയി.'

നമ്മുടെ രക്ഷകനോട് മുട്ടിപ്പായി പ്രാര്‍ഥിക്കാം. ഓളങ്ങള്‍ കണ്ടു നമ്മള്‍ ഭയപ്പെടേണ്ട. കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്നവന്‍ നമ്മോടൊപ്പമുണ്ട്. വിശ്വാസമാണ് മക്കളേ നമ്മുടെ രക്ഷ.

ആയതിനാല്‍ ഈ പ്രാര്‍ഥന നമുക്ക് ഏറ്റുചൊല്ലാം

'സ്വര്‍ഗസ്ഥനായ പിതാവേ...ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളേണമേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള കത്തിയും കഠാരയും നീ ഞങ്ങള്‍ക്ക് തരേണമേ. ഞങ്ങളുടെ ശത്രുവിന് നേരെ ഞങ്ങള്‍ വാളോങ്ങുമ്പോള്‍ അതിന്റെ വായ്ത്തല മടങ്ങാതിരിക്കേണമേ. കല്ലെറിയുമ്പോള്‍ ഉന്നം തെറ്റാതെ ഞങ്ങളെ കാത്തുകൊള്ളേണമേ.

വാഹനങ്ങള്‍ക്ക് തീയിടുമ്പോള്‍ തീപ്പൊള്ളലില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ബസുകള്‍ക്ക് കല്ലെറിയുമ്പോള്‍ ചില്ലു തകര്‍ന്ന് മുറിവേല്‍ക്കാതെ ഞങ്ങളെ കാത്തുകൊള്ളേണമേ. കടകള്‍ കൊള്ളയടിക്കുമ്പോള്‍ പിടിക്കപ്പെടാതെ നീ ഞങ്ങളെ സംരക്ഷിക്കേണമേ. ക്രമസമാധാന നില തകര്‍ക്കാന്‍ നീ ഞങ്ങള്‍ക്ക് കൂട്ടായിരിക്കേണമേ. ശാന്തിയും സമാധാനവും എന്നന്നേക്കുമായി നശിപ്പിക്കേണമേ. തീയും പുകയും നിറയ്ക്കേണമേ.

ശത്രുവിന് നേരെ ഞങ്ങള്‍ ബോംബെറിയുമ്പോള്‍ അവരുടെ തിരുനെറ്റിയില്‍ തന്നെ പതിക്കേണമേ. ആശുപത്രിയില്‍ അവര്‍ക്ക് ചികില്‍സ നിഷേധിക്കേണമേ. എന്തുകൊണ്ടെന്നാല്‍ അവര്‍ പാപികളും പിശാചിന്റെ ദാസന്മാരുമാകുന്നു.

പൊലീസിനെ ആക്രമിക്കുമ്പോള്‍ അവര്‍ തിരിച്ചാക്രമിക്കാതെ ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളുടെ നേരെ വരുന്ന വടികളെ നീ നീക്കിക്കളയേണമേ. ലാത്തിച്ചാര്‍ജിലേക്കും വെടിവെപ്പിലേക്കും നീ ഞങ്ങളെ നയിക്കേണമേ. ഞങ്ങളുടെ നേരെ വരുന്ന വെടിയുണ്ടകള്‍ ഞങ്ങളുടെ അയല്‍ക്കാരന്റെ മേല്‍ പതിക്കേണമേ. എന്തുകൊണ്ടെന്നാല്‍ അവര്‍ ഞങ്ങളുടെ നല്ല അയല്‍ക്കാരാകുന്നു.

മാലാഖമാര്‍ ഞങ്ങള്‍ക്കുവേണ്ടി ശക്തിപ്രകടനം നടത്തേണമേ. മരിച്ചുപോയ ഞങ്ങളുടെ പിതാക്കന്മാര്‍ ഞങ്ങള്‍ക്കു വേണ്ടി പന്തം കൊളുത്തി പ്രകടനം നടത്തേണമേ. പള്ളിയച്ചന്റെയും പിള്ളയച്ചന്റെയും പ്രസ്ഥാനമെന്ന് പറഞ്ഞ് ആക്ഷേപിച്ചവര്‍ നിത്യനരകത്തില്‍ വീഴേണമേ.

നമ്മുടെ രക്ഷകന് വിമോചന സമരമെന്ന പേര് ചൊല്ലി ജ്ഞാനസ്നാനം ചെയ്യിച്ച പനമ്പിള്ളി പുണ്യാളന്റെ നാമം വാഴ്ത്തപ്പെടട്ടെ.അലങ്കരിച്ച രഥത്തില്‍ എഴുന്നുള്ളി വരുന്ന വിമോചന സമരമേ നിന്റെ രാജ്യം വരേണമേ. ഭഗവാന്‍ മക്രോണി വാഴ്ത്തിപ്പാടിയ നിന്നെ ഞങ്ങളും സ്തുതിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ വഴിയും വെളിച്ചവും മോചനവും നീയാകുന്നു.

ആമേന്‍.

*
എം എം പൌലോസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആയതിനാല്‍ മക്കളേ നമുക്ക് പ്രാര്‍ഥിക്കാം. നമ്മുടെ രക്ഷകനായ വിമോചന സമരത്തിന്റെ രണ്ടാം വരവിന് സമയമായിരിക്കുന്നു.മണവാട്ടികള്‍ മണവാളനെ കാത്തിരിക്കുന്ന പോലെ നമ്മുടെ വിമോചന സമരത്തിനായി നമുക്ക് ഒരുങ്ങിയിരിക്കാം.

കര്‍ത്താവിന്റെ വരവിനായി കാത്തിരുന്ന കന്യകമാരെക്കുറിച്ച് വിശുദ്ധവേദപുസ്തകത്തില്‍ പറയുന്നത് വിശ്വാസികളേ നിങ്ങളും വായിച്ചിരിക്കുമല്ലൊ. പത്തു കന്യകമാരില്‍ അഞ്ചുപേര്‍ വിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വാങ്ങി കര്‍ത്താവിന്റെ വരവിനായി കാത്തിരുന്നു.മറ്റ് അഞ്ചുപേരാകട്ടെ കര്‍ത്താവ് വരുമ്പോള്‍ എണ്ണ വാങ്ങാമെന്ന് കരുതി. രാത്രിയായപ്പോള്‍ കര്‍ത്താവ് വരുന്നു എന്ന വിവരം അറിഞ്ഞു. കന്യകമാര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ അവര്‍ക്ക് കിട്ടിയില്ല.കര്‍ത്താവ് വന്നപ്പോള്‍ വിളക്കില്‍ എണ്ണയൊഴിച്ച് അഞ്ചു കന്യകമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മറ്റ് അഞ്ചുപേരാകട്ടെ നിരാശരായി ഇരുന്നു.

ഇതുപോലെയാണ് മക്കളേ വിമോചനസമരവും. വിശ്വാസികളേ, വിമോചന സമരത്തിനുള്ള സാധനങ്ങള്‍ വാങ്ങി ഒരുങ്ങിയിരിക്കുക. എല്ലാം നേടിയിട്ടും വിമോചന സമരം നഷ്ടമായാല്‍ പിന്നെ എന്തു കാര്യമെന്ന് അന്ത്യവിധി നാളില്‍ കര്‍ത്താവ് നമ്മോട് ചോദിച്ചാല്‍ മക്കളേ നാം എന്ത് മറുപടി പറയും? കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കും പോലെ നമ്മുടെ മക്കളെ ചേര്‍ത്തുപിടിച്ച് നമുക്ക് സമരഭൂമിയിലേക്ക് നീങ്ങാം. വിമോചന സമരത്തിന്റെ പേരില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!

Affiliates said...

loka no 1 chetta..undarunna vila koodi poi ninnodulla........ingane anoda thamasa undakkane...chetta...

പള്ളിക്കുളം.. said...

ഒരു വെറൈറ്റി സാധനമാണല്ലോ ചെങ്ങായീ..