Saturday, August 29, 2009

സാമ്രാജ്യവും യന്ത്രമനുഷ്യരും

കുറച്ച് നാള്‍ മുന്‍പ്, അമേരിക്ക തങ്ങളുടെ വ്യോമസേനയുടെ മേൽക്കോയ്‌മയെ ലോകത്തിനു മേല്‍ ആധിപത്യം ചെലുത്താനുള്ള ഉപകരണമായി ഉപയോഗിക്കുവാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വിമാനങ്ങള്‍ ഉള്ള അവരുടെ വ്യോമവ്യൂഹത്തില്‍ അത്യന്താധുനികങ്ങളായ ആയിരത്തിലധികം എഫ്.22, എഫ് 35 ബോംബറുകളും മറ്റു പോർ വിമാനങ്ങളും ഉണ്ട്. ഇനിയൊരു 20 വര്‍ഷം കഴിയുമ്പോഴേക്കും അവരുടെ എല്ലാ യുദ്ധവിമാനങ്ങളും റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്നവയായിരിക്കും.

സൈനിക ബജറ്റുകള്‍ക്ക് എപ്പോഴും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ ഭൂരിപക്ഷാംഗീകാരം ലഭിക്കാറുണ്ട്. തൊഴിൽ അവസരങ്ങൾക്കായി അല്പമെങ്കിലും പ്രതിരോധവ്യവസായത്തെ ആശ്രയിക്കാത്ത വളരെ ചുരുക്കം രാഷ്ട്രങ്ങളേ ഉള്ളൂ.

ആഗോള തലത്തില്‍ തന്നെ സൈനികച്ചിലവുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഒരു (സാമ്പത്തിക) പ്രതിസന്ധിയും ഇല്ല എന്ന മട്ടില്‍. ഇന്നിപ്പോൾ ഭൂഗോളത്തിലെ തന്നെ ഏറ്റവും വികസിക്കുന്ന വ്യവസായമാണത്.

2008ല്‍ ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് പ്രതിരോധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടത് . പ്രതിരോധാവശ്യങ്ങൾക്കായി ലോകത്താകെ ചിലവഴിക്കപ്പെടുന്ന തുകയുടെ 42 ശതമാനം അതായത് 607 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് അമേരിക്കയാണ്. യുദ്ധത്തിനായി ചിലവഴിക്കുന്ന തുക ഇതിലുൾപ്പെടുന്നില്ല. ലോകത്തിലെ പട്ടിണിക്കാരായ ജനതയുടെ എണ്ണം 100 കോടി എത്തിയിരിക്കുന്ന അവസ്ഥയിലാണിത്.

രണ്ട് ദിവസം മുന്‍പ് ഒരു പാശ്ചാത്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആഗസ്റ്റ് മദ്ധ്യത്തില്‍ അമേരിക്കന്‍ സൈന്യം വിദൂരനിയന്ത്രിതമായ ഹെലിക്കോപ്‌ടറുകളുടെയും മൈനുകള്‍ നീക്കം ചെയ്യുന്ന റോബോട്ടുകളുടെയും പ്രദര്‍ശനം നടത്തിയിരുന്നു. അത്തരം 2500 റോബോട്ടുകളെ യുദ്ധമേഖലകളിൽ വിന്യസിച്ചിട്ടുമുണ്ടത്രെ.

പുത്തന്‍ സാങ്കേതിക വിദ്യകള്‍ യുദ്ധം നടത്തുന്ന രീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇത്തരം യന്ത്രമനുഷ്യരെ നിര്‍മ്മിക്കുന്ന കമ്പനി അവകാശപ്പെടുന്നത്. 2003ല്‍ തങ്ങളുടെ ആയുധപ്പുരയില്‍ ഒരു റോബോട്ട് പോലും ഇല്ലാതിരുന്ന അമേരിക്കക്ക്, ഇന്ന് (വിദൂരനിയന്ത്രിതമായ)10000 ഭൌമ വാഹനങ്ങളും, 7000 വ്യോമയാനങ്ങളും (അസോസിയേറ്റഡ് ഫ്രീ പ്രസിന്റെ കണക്കുപ്രകാരം) ഉണ്ടത്രെ. ഇതിൽ ഒരു കൈ കൊണ്ട് ലോഞ്ച് ചെയ്യാവുന്ന Raven മുതല്‍ 13 മീറ്റര്‍ നീളവും ചിറകുകള്‍ തമ്മില്‍ 35 മീറ്റര്‍ അകലവുമുള്ള, 35 മണിക്കൂറുകള്‍ തുടര്‍ച്ചയായി വലിയ ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതുമായ ഭീമന്‍ Global Hawk ചാരവിമാനം വരെ ഉള്‍പ്പെടുന്നു. മറ്റു ആയുധങ്ങളെക്കുറിച്ചും അതില്‍ സൂചനയുണ്ട്.

ഇത്തരത്തില്‍ ജനങ്ങളെ കൊല്ലാനുള്ള സാങ്കേതികവിദ്യക്കായി അതിഭീമമായ തുക ചെലവഴിക്കുവാൻ അമേരിക്കയ്ക്ക് മടിയില്ലാത്തപ്പോൾ തന്നെ, വൈദ്യസേവനം ലഭ്യമല്ലാത്ത 5 കോടി അമേരിക്കന്‍ പൌരന്മാര്‍ക്ക് അതെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ചോര വിയര്‍പ്പാക്കുകയാണ്. ഇക്കാര്യത്തിൽ സര്‍വത്ര ആശയക്കുഴപ്പമാണ്. അതിനാലാവും വൈദ്യമേഖലാ പരിഷ്കാരങ്ങള്‍ മുന്‍പെന്നത്തേക്കാളും അടുത്താണെന്ന് ഉറപ്പു പറയുമ്പോഴും “പോരാട്ടം വൃത്തികെട്ടതായിക്കൊണ്ടിരിക്കുകയാണ് ” എന്ന് അമേരിക്കന്‍ പ്രസിഡന്റിന് പറയേണ്ടി വരുന്നത്.

“ഇനിയാണ് കഠിനമായ ഭാഗം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ എന്തുകൊണ്ടെന്നാൽ ചരിത്രം വളരെ വ്യക്തതയാര്‍ന്നതാണ് - ഓരോ തവണ നാം ആരോഗ്യ ഇൻഷുറൻസ് പരിഷ്കരണങ്ങള്‍ പാസ്സാക്കുന്നതിന് അടുത്തെത്തുമ്പോഴും, നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർ തങ്ങളുടെ സ്വാധീനവും രാഷ്ട്രീയ സഖ്യകക്ഷികളെയും ഉപയോഗിച്ച് അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും വഴിതെറ്റിക്കുകയും ചെയ്യും.”

മൂന്നാം ലോകരാജ്യങ്ങളില്‍ വൈദ്യസേവനങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സൌജന്യ സേവനത്തിനായി 8000ല്‍ പരം ആളുകള്‍-ഇവരിലേറെയും തൊഴില്‍ രഹിതരാണെന്ന് പത്രങ്ങള്‍ പറയുന്നു- ലോസ് ഏഞ്ചൽ‌സിലെ ഒരു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയെന്ന വാര്‍ത്ത സത്യം തന്നെയാണ്. അവരില്‍ ഭൂരിഭാഗവും തലേന്ന് രാത്രി മുതല്‍ തന്നെ അവിടെ കാത്തിരിപ്പായിരുന്നു. ചിലരാകട്ടെ നൂറുകണക്കിനു കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വന്നവരാണു താനും.

“ഇത് സോഷ്യലിസ്റ്റ് രാജ്യമോ അല്ലയോ എന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്ക് ഒന്നും ലഭ്യമല്ലാത്ത ലോകത്തിലെ ഏക രാഷ്ട്രം നമ്മുടേതായിരിക്കും.” ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച, കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും വന്ന ഒരു വനിത പറഞ്ഞു.

രക്തപരിശോധനയ്ക്ക് 500 ഡോളറും സാധാരണ ദന്ത പരിശോധനയ്ക് 1000 ഡോളറും ആകുമത്രെ.

ഇത്തരമൊരു സമൂഹത്തിന് ലോകത്തിനെന്ത് പ്രതീക്ഷയാണ് നല്‍കാന്‍ കഴിയുക?

ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് - അതില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരും ലാറ്റിനമേരിക്കക്കാരുമാണ് - വൈദ്യപരിപാലനം നല്‍കുന്നതിനായുള്ള ലളിതമായൊരു ബില്ലിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഉപജാപകര്‍ (ലോബിയിസ്റ്റുകൾ) തങ്ങളുടെ ആഗസ്റ്റ് മാ‍സത്തെ പ്രയത്നം മുഴുവന്‍ വിനിയോഗിക്കുകയാണ്. ഉപരോധത്തില്‍ കഴിയുന്ന ക്യൂബ പോലൊരു രാജ്യത്തിനു പോലും അത് (വൈദ്യ പരിപാലനം) നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല അവര്‍ ഡസന്‍ കണക്കിനു മൂന്നാം ലോകരാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

രാഷ്‌ട്രാന്തരക്കുത്തകളുടെ കൈവശമുള്ള യന്ത്രമനുഷ്യർക്ക് യുദ്ധരംഗത്തെ സാമ്രാജ്യത്വപ്പടയാളികൾക്ക് പകരം നിൽക്കാനാവുമെങ്കില്‍, തങ്ങൾ നിര്‍മ്മിക്കുന്ന വസ്തുക്കക്കളുടെ മാര്‍ക്കറ്റിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെ തടയുവാന്‍ ആര്‍ക്കാണ് കഴിയുക? പാരമ്പര്യ ഊര്‍ജ്ജം (non-renewable energy) ഉപയോഗിക്കുന്ന കാര്യത്തിലും, ഇന്ധനമായി മാറുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും മനുഷ്യരുമായി മത്സരിക്കുന്ന വാഹനങ്ങളെക്കൊണ്ട് ഈ ലോകം നിറച്ചതുപോലെ അവര്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികളെ തങ്ങളുടെ തൊഴിലിടങ്ങളില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യിക്കുന്ന യന്ത്രമനുഷ്യരാല്‍ ലോകത്തെ നിറയ്ക്കാനാകും.

അതിനേക്കാള്‍ നല്ലത്, ഭരണം നടത്താൻ കഴിവുള്ള, അമേരിക്കന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും തങ്ങളുടെ ദുരിതം പിടിച്ചതും, വൈരുദ്ധ്യപൂര്‍ണ്ണവും, ആശയക്കുഴപ്പം നിറഞ്ഞതുമായ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുവാൻ ശേഷിയുള്ള, റോബോട്ടുകളെ ഡിസൈന്‍ ചെയ്യാന്‍ ശാസ്തജ്ഞര്‍ ശ്രമിക്കുന്നതാണ്.

അവ ഇപ്പണി ഇതിലും മെച്ചപ്പെട്ട രീതിയിലും ചിലവു കുറഞ്ഞ രീതിയിലും ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

*
ഫിഡല്‍ കാസ്ട്രോ എഴുതിയ The Empire and the Robots എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...