Wednesday, September 2, 2009

കേന്ദ്രനയം ഭക്ഷ്യസുരക്ഷ അപകടത്തിലാക്കും

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനെന്ന പേരില്‍ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു നിയമ നിര്‍മാണത്തിനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്. ആഗസ്റ്റ് 26ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജനകീയ കൺവന്‍ഷന്‍ ഒരു തുടക്കം മാത്രമാണ്. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി സംസ്ഥാന തലസ്ഥാനങ്ങളില്‍ കൺവന്‍ഷന്‍ ചേരാനും നവംബറില്‍ റാലികള്‍ നടത്താനും ദേശീയ കൺവന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ എതിര്‍പ്പ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി കൊണ്ടുവരുന്ന നിയമത്തോടല്ല മറിച്ച് അതിലെ ഉള്ളടക്കത്തോടാണ്. സാമ്പത്തികരംഗത്തെ രക്ഷിക്കാനെന്ന പേരില്‍ ഉദാരവല്‍ക്കരണ നടപടി കൈക്കൊണ്ടപ്പോള്‍ ആ മേഖല പ്രതിസന്ധിയിലായി. വൈദ്യുതിമേഖലയെ രക്ഷിക്കാനെന്ന പേരില്‍ ആ രംഗത്ത് പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ വൈദ്യുതിയുടെ വില ഉയര്‍ന്നെന്നു മാത്രമല്ല ആ രംഗം താറുമാറാകുകയും ചെയ്‌തു. ഭക്ഷ്യസുരക്ഷയ്ക്കെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനിര്‍മാണമാകട്ടെ നിലവിലുള്ള പരിമിതമായ ഭക്ഷ്യസുരക്ഷയെപോലും ഇല്ലാതാക്കുന്നതുമാണ്.

എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതല്ല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന നിയമമെന്നതാണ് അതിന്റെ പ്രധാന ന്യൂനത. ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ ഭക്ഷ്യകാര്‍ഷിക സംഘടന(എഫ്എഒ) നല്‍കുന്ന നിര്‍വചനമനുസരിച്ച് ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യപൂര്‍ണവും സജീവവുമായ ജീവിതം നിലനിര്‍ത്താന്‍ ആവശ്യത്തിന് ഭക്ഷ്യവസ്‌തുക്കള്‍ പ്രദാനം ചെയ്യുകയെന്നതാണ് ഭക്ഷ്യ സുരക്ഷകൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍, ഈ ലക്ഷ്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യധാന്യം നല്‍കുകയെന്നത് നിയമനിര്‍മാണം ലക്ഷ്യമാക്കുന്നില്ല. ദരിദ്രര്‍ക്കു മാത്രമായി പൊതുവിതരണസമ്പ്രദായത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1996-97 വര്‍ഷത്തിലാണ് ടാര്‍ജറ്റഡ് റേഷന്‍ സമ്പ്രദായം നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് തന്നെയായിരുന്നു എപിഎൽ ‍- ബിപിഎല്‍ വിഭജനത്തിലൂടെ പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പുറത്തു നിര്‍ത്തിയത്. നിലവില്‍ 6.52 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. അത് 5.91 കോടിയാക്കി കുറയ്‌ക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുള്ളത്.

പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുകയുണ്ടെങ്കില്‍ത്തന്നെ ലക്ഷക്കണക്കിന് പേര്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയുമെന്നത് മറ്റൊരു വസ്‌തുത. നിലവിലുള്ള ബിപിഎല്‍ കാര്‍ഡിന്റെ പരിധിയില്‍ രാജ്യത്തെ 52 ശതമാനം കര്‍ഷകത്തൊഴിലാളി കുടുംബങ്ങളും 60 ശതമാനം പട്ടികജാതി-പട്ടിക വര്‍ഗ കുടുംബങ്ങളും ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 77 ശതമാനം കുടുംബങ്ങളും പെടുന്നില്ലെന്നത് തുച്ഛമായ ദരിദ്ര കുടുംബങ്ങള്‍ക്കു മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതിലും കുറവുവരുത്തണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം കേവലം 5-6 ശതമാനത്തിന് മാത്രമാണ് ഭക്ഷ്യസുരക്ഷയുടെ ഗുണം ലഭിക്കുകയെന്നതാണ്. ദാരിദ്ര്യരേഖയ്‌ക്ക് മുകളിലുള്ള(എപിഎല്‍) വിഭാഗത്തിനെ പൂര്‍ണമായും റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കി ഭക്ഷ്യസുരക്ഷ നേടാമെന്നത് വെറും വിഡ്ഢിത്തമാണ്.

ബിപിഎല്ലുകാരെ തെരഞ്ഞെടുക്കുന്നതിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ചുവരുന്ന വരുമാനപരിധിയും മാറ്റിയെഴുതേണ്ടതാണ്. പ്രത്യേകിച്ചും രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍. നിലവില്‍ ഗ്രാമീണമേഖലയില്‍ ദിവസവരുമാനം 11.80 പൈസയും നഗരത്തില്‍ 17.80 പൈസയും ലഭിക്കുന്നവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കില്ല. അതായത് ദരിദ്ര ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തെയും സബ്‌സിഡിയോടെയുള്ള ഭക്ഷ്യവിതരണത്തില്‍നിന്ന് ഒഴിവാക്കുകയാണ്. അര്‍ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസത്തില്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണ്. ഇവരെ റേഷന്‍ പരിധിയില്‍നിന്ന് ഒഴിവാക്കി എങ്ങനെ ഭക്ഷ്യസുരക്ഷ നേടാനാകും? ഈ മാനദണ്ഡങ്ങള്‍ ഉയര്‍ത്തണമെന്ന് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

എന്നാല്‍, ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന മറ്റൊരു നിര്‍ദേശവും പുതിയ നിയമനിര്‍മാണത്തിലുണ്ട്. ബിപിഎല്‍ പട്ടികയിലുള്ള 6.52 ശതമാനം കുടുംബങ്ങളില്‍ 2.5 കോടി കുടുംബങ്ങളെ അതീവ ദരിദ്രരെന്ന് പറഞ്ഞ് അവര്‍ക്ക് അന്ത്യോദയ അന്നയോജന പദ്ധതിയിന്‍കീഴില്‍ രണ്ടു രൂപയ്ക്ക് 35 കിലോ വീതം അരിയും ഗോതമ്പും നല്‍കിയിരുന്നു. എന്നാല്‍,പുതിയ നിയമം വരുന്നതോടെ ഈ വിഭാഗം ജനങ്ങള്‍ക്ക് ഈ ആനുകൂല്യം ഇല്ലാതാകും. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു രൂപയ്ക്ക് 25 കിലോ അരിയോ ഗോതമ്പോ മാത്രമാണ് ലഭ്യമാക്കുക. അതായത് ഒരു കിലോവിന് ഒരു രൂപ അധികം നല്‍കണമെന്നു മാത്രമല്ല ഭക്ഷ്യധാന്യത്തില്‍ മാസത്തില്‍ 10 കിലോ കുറയ്‌ക്കുകയുംചെയ്യും.

കേരളം, പശ്ചിമബംഗാള്‍, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ത്തന്നെ രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്നുമുണ്ട്. അതിനേക്കാളും വിലയുള്ള കേന്ദ്രപദ്ധതി നടപ്പാക്കുന്നതിലുള്ള സാംഗത്യം ഈ സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികം. ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ഭക്ഷ്യധാന്യം നല്‍കുന്നതിനു പകരം വിലകൂടിയ ധാന്യം കുറഞ്ഞ അളവിൽ നല്‍കുമെന്നു പറയുന്ന പദ്ധതി എങ്ങനെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ സഹായിക്കും?

ബിപിഎല്‍ കുടംബങ്ങളുടെ എണ്ണം കുറയ്‌ക്കുക മാത്രമല്ല കാര്‍ഡുകളുടെ എണ്ണം കുറച്ച് ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ പേര്‍ വീതിച്ചെടുക്കണമെന്ന നിര്‍ദേശവും കോൺഗ്രസ് നേതൃത്വം മുന്നോട്ടു വയ്‌ക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെയാണ് അപകടകരമായ ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ന്യൂക്ളിയര്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു പകരം കൂട്ടുകുടംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കണമെന്നാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. അതായത് ഒരു കാര്‍ഡില്‍ ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണം കൂടുതല്‍ പേര്‍ വീതിക്കേണ്ടിവരും എന്നര്‍ഥം. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പുതിയ പദ്ധതി വഴി 4000 കോടി രൂപ സബ്സിഡി കുറയ്‌ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന് ഭീമമായ പണം ആവശ്യമാണെന്നും ആ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് വാദം. രാജ്യത്തെ എല്ലാ അര്‍ഹരായ ദരിദ്രര്‍ക്കും രണ്ടു രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ ഒമ്പത് കോടി ടൺ ഭക്ഷ്യധാന്യമാണ് വേണ്ടിവരികയെന്ന് പ്രസിദ്ധ സാമ്പത്തിക ശാത്രജ്ഞയായ ജയതിഘോഷ് കണക്കാക്കുന്നു. ഈ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനുള്‍പ്പെടെ പ്രതീക്ഷിക്കുന്ന ചെലവ് 1,20,000 കോടി രൂപയാണ്. നിലവില്‍ ഭക്ഷ്യ സബ്‌സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 52,000 കോടി രൂപ ചെലവാക്കുന്നുണ്ട്. അതിന്റെകൂടെ 70,000 കോടി രൂപ കൂടി ചെലവാക്കിയാല്‍ ലക്ഷ്യം കാണാമെന്നര്‍ഥം. ഇത് അത്ര വലിയ തുകയൊന്നുമല്ല. കാരണം കഴിഞ്ഞ ബജറ്റില്‍ വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം കോടിയുടെ ഇളവാണ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് റിലയന്‍സ് കമ്പനിക്കുമാത്രം സര്‍ക്കാര്‍ നല്‍കിയ ഇളവ് 45,000 കോടി രൂപയുടേതാണ്.

ഒരു കമ്പനിക്കുവേണ്ടി 45,000 കോടി രൂപ ചെലവാക്കാമെങ്കില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി 70,000 കോടി ചെലവാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ജയതിഘോഷ് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാനിയമം പൊളിച്ചെഴുതേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം അനിവാര്യമാകും.

****

വി ബി പരമേശ്വരൻ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബിപിഎല്‍ കുടംബങ്ങളുടെ എണ്ണം കുറയ്‌ക്കുക മാത്രമല്ല കാര്‍ഡുകളുടെ എണ്ണം കുറച്ച് ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ പേര്‍ വീതിച്ചെടുക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു വയ്‌ക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെയാണ് അപകടകരമായ ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ന്യൂക്ളിയര്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു പകരം കൂട്ടുകുടംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കണമെന്നാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. അതായത് ഒരു കാര്‍ഡില്‍ ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണം കൂടുതല്‍ പേര്‍ വീതിക്കേണ്ടിവരും എന്നര്‍ഥം. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പുതിയ പദ്ധതി വഴി 4000 കോടി രൂപ സബ്സിഡി കുറയ്‌ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന് ഭീമമായ പണം ആവശ്യമാണെന്നും ആ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് വാദം. രാജ്യത്തെ എല്ലാ അര്‍ഹരായ ദരിദ്രര്‍ക്കും രണ്ടു രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ ഒമ്പത് കോടി ടണ്‍ ഭക്ഷ്യധാന്യമാണ് വേണ്ടിവരികയെന്ന് പ്രസിദ്ധ സാമ്പത്തിക ശാത്രജ്ഞയായ ജയതിഘോഷ് കണക്കാക്കുന്നു. ഈ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനുള്‍പ്പെടെ പ്രതീക്ഷിക്കുന്ന ചെലവ് 1,20,000 കോടി രൂപയാണ്. നിലവില്‍ ഭക്ഷ്യ സബ്‌സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 52,000 കോടി രൂപ ചെലവാക്കുന്നുണ്ട്. അതിന്റെകൂടെ 70,000 കോടി രൂപ കൂടി ചെലവാക്കിയാല്‍ ലക്ഷ്യം കാണാമെന്നര്‍ഥം. ഇത് അത്ര വലിയ തുകയൊന്നുമല്ല. കാരണം കഴിഞ്ഞ ബജറ്റില്‍ വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം കോടിയുടെ ഇളവാണ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് റിലയന്‍സ് കമ്പനിക്കുമാത്രം സര്‍ക്കാര്‍ നല്‍കിയ ഇളവ് 45,000 കോടി രൂപയുടേതാണ്.

ഒരു കമ്പനിക്കുവേണ്ടി 45,000 കോടി രൂപ ചെലവാക്കാമെങ്കില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി 70,000 കോടി ചെലവാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ജയതിഘോഷ് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാനിയമം പൊളിച്ചെഴുതേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം അനിവാര്യമാകും.