Sunday, September 6, 2009

കേരള നവോത്ഥാനത്തിന്റെ ദീപസ്തംഭങ്ങള്‍

കേരള നവോത്ഥാനത്തിന്റെ പിതാവ് യുഗപ്രഭാവനായ ശ്രീനാരായണഗുരുവാണ് (1854-1928). 34-ാംവയസ്സില്‍ 1888ല്‍ അരുവിപ്പുറത്ത് സവര്‍ണര്‍ കീഴ്‌ജാതിക്കാര്‍ക്ക് നിശ്ചയിച്ചിരുന്ന അവകാശപരിധിയെ ലംഘിച്ചുകൊണ്ട് ശിവപ്രതിഷ്ഠ നടത്തിയതോടെയാണ് ഗുരുദേവന്‍ തന്റെ ദൌത്യനിര്‍വഹണത്തിനായി ജനമധ്യത്തിലേക്ക് ഇറങ്ങുന്നത്. അദ്ദേഹം അവിടെ സ്ഥാപിച്ച ക്ഷേത്രത്തിന്റെ മുഖപ്പില്‍ തന്റെ ദൌത്യത്തിന്റെ സത്ത ഇപ്രകാരം എഴുതിവച്ചു-

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.

നൂറ്റിയിരുപത്തൊന്ന് വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ജാതിഭേദവും അയിത്തവുംകൊണ്ട് കലുഷമായിരുന്ന കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മഹാനായ സ്വാമി വിവേകാനന്ദന്‍ കണ്ട കേരളം ആകെ മാറിമറിഞ്ഞെങ്കില്‍ ഈ വിപ്ളവകരമായ മാറ്റത്തിന്റെ തുടക്കം അരുവിപ്പുറത്താണ്. അരുവിപ്പുറത്ത് ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി തന്റെ ദൌത്യത്തിന്റെ ആരംഭം പ്രഖ്യാപിക്കുമ്പോഴേക്കും ബംഗാളിലെ നവോത്ഥാന നായകന്‍ രാജാറാം മോഹന്‍റോയ് നിര്യാതനായിട്ട് 55 വര്‍ഷം പിന്നിട്ടിരുന്നു. അദ്ദേഹം നവോത്ഥാനപ്രവര്‍ത്തനത്തിനായി സ്ഥാപിച്ച ബ്രഹ്മസമാജം അപ്പോഴേക്കും അതിന്റെ ദൌത്യനിര്‍വഹണം മിക്കവാറും പൂര്‍ത്തിയാക്കി ചരിത്രത്തിന്റെ ഏടുകളിലേക്ക് പിന്‍വാങ്ങി തുടങ്ങിയിരുന്നു.

അതുപോലെതന്നെ മറ്റൊരു നവോത്ഥാനപ്രസ്ഥാന നായകനായ സ്വാമി ദയാനന്ദസരസ്വതിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഗുജറാത്തില്‍ ജനിച്ച് പഞ്ചാബ് ഉള്‍പ്പെടെയുള്ള പശ്ചിമഭാരതത്തിന്റെ നവോത്ഥാനത്തിന് ഉത്തേജനം നല്‍കിയ ആര്യസമാജത്തിന്റെ സ്ഥാപകനായിരുന്നു ദയാനന്ദന്‍. മഹാരാഷ്‌ട്രയിലാകട്ടെ ജാതിനിര്‍മാര്‍ജനവും സാര്‍വത്രിക വിദ്യാഭ്യാസവും സ്‌ത്രീവിമോചനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന മഹാദേവ ഗോവിന്ദ റാനഡെയുംമഹാത്മ ജ്യോതിബാ ഫൂലെയും അവരുടെ അന്ത്യനാളുകളിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ നവോത്ഥാനം വളരെ വൈകിയെത്തിയ പ്രതിഭാസമായിരുന്നെന്ന് കാണാം. പക്ഷേ, ഇന്ത്യയിലെ ഇതരവിഭാഗങ്ങളിലെ നവോത്ഥാനത്തേക്കാള്‍ ആഴത്തില്‍ വേരോട്ടവും കൂടുതല്‍ വിപ്ളവകരമായ ശക്തിവിശേഷവും അതിനുണ്ടായിരുന്നു. അതിന് കാരണം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ നവോത്ഥാനങ്ങള്‍ ജാതിവ്യവസ്ഥയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായിരുന്നെങ്കിലും അവ ആരംഭിച്ചത് സമൂഹത്തിന്റെ മേല്‍ത്തട്ടിലായിരുന്നു. രാജാറാം മോഹന്‍റോയിയും ദയാനന്ദസരസ്വതിയും ഉള്‍പ്പെടെ അതിന്റെ നേതാക്കളെല്ലാം സാമുദായികമായി ഉന്നതശ്രേണികളില്‍പ്പെട്ടവരായിരുന്നു.

മഹാരാഷ്ട്രയിലെ ജ്യോതിബാ ഫൂലെമാത്രമായിരുന്നു ഇതിന് ഒരപവാദം. പക്ഷേ, അദ്ദേഹവും ജാതിശ്രേണിയുടെ ഏറ്റവും താഴെയായിരുന്നെന്ന് പറഞ്ഞുകൂടാ. അതായത്- ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നില്ല. കേരളത്തിലെ നവോത്ഥാന പിതാവ് അയിത്തജാതിക്കാരനായിരുന്നെങ്കിലും തൊട്ടുകൂടാത്തവന്‍മാത്രമായിരുന്നു. മഹാകവി ആശാന്റെ ഭാഷയില്‍ തീണ്ടിക്കൂടാത്ത ആളോ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ള ആളോ ആയിരുന്നില്ല. എന്നാല്‍, ശ്രീനാരായണന്‍ തന്റെ ജാതിക്കാര്‍ക്കുവേണ്ടിമാത്രമല്ല വാദിച്ചത്. ദളിതര്‍ ഉള്‍പ്പെടെ സകലമാന അധഃസ്ഥിതര്‍ക്കുംവേണ്ടിയാണ്. ദാര്‍ശനികമായി അദ്വൈതവാദിയായിരുന്ന ആ യോഗീശ്വരന്‍ തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഓര്‍ക്കുക.
ശ്രീനാരായണന്റെ ആദര്‍ശവും മാതൃകയും 'സംഘടിച്ച് ശക്തരാകുക, വിദ്യ അഭ്യസിച്ച് സ്വതന്ത്രരാവുക' എന്ന മുദ്രാവാക്യവും തുടര്‍ന്ന് ജാതിശ്രേണിയിലെ മേല്‍ത്തട്ടുകാരായ നമ്പൂതിരിമാരും നായന്മാരുമൊക്കെ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് യോഗക്ഷേമസഭയും എന്‍എസ്എസുമെല്ലാം അവരുടെ ഇടയിലുള്ള അനാചാരങ്ങള്‍ക്കും അന്ധതകള്‍ക്കും എതിരായി പോരാടിയത്. എന്നാല്‍, ദളിതവിഭാഗക്കാരും മഹാനായ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നവോത്ഥാനപ്രസ്ഥാനത്തില്‍ പങ്കാളികളായപ്പോള്‍ കേരള നവോത്ഥാനത്തിന്റെ വിപ്ളവ സ്വഭാവം പൂര്‍ത്തിയാവുകയും അതിനെ ഇന്ത്യയുടെ മറ്റു ഭാഗത്തെ പ്രസ്ഥാനങ്ങളേക്കാള്‍ ആഴവും പരപ്പും ഉള്ളതാക്കി തീര്‍ക്കുകയുംചെയ്തു.

ശ്രീനാരായണന്‍ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചത് 1854 ആഗസ്ത് ഇരുപതിനാണ്. മലയാള പഞ്ചാംഗപ്രകാരം ചതയം നാളിലാണ് ഗുരുവിന്റെ ജനനം. അതുകൊണ്ട് ആഗസ്ത് 20നുപകരം തിരുവോണം കഴിഞ്ഞുള്ള ചതയം നാളിലാണ് ഗുരുജയന്തി ആഘോഷിച്ചുവരുന്നത്. (ഗുരുദേവന്റെ ജന്മവര്‍ഷം 1854 ആണോ 1856 ആണോ എന്നതിനെക്കുറിച്ചുള്ള തര്‍ക്കം നിലവിലുണ്ട്). അങ്ങനെ കഴിഞ്ഞ ചതയം നാളില്‍ ഗുരുവിന്റെ 155-ാം ജന്മദിനമായിരുന്നു.


ഗുരുദേവനേക്കാള്‍ ഒമ്പതുവയസ്സ് കുറഞ്ഞ ആളായിരുന്നു അയ്യന്‍കാളി (1863-1941)യെങ്കിലും ഇംഗ്ളീഷ് പഞ്ചാംഗപ്രകാരം ആഗസ്ത് 28നാണ് ജനിച്ചത്. നാരായണഗുരുവിനെപ്പോലെ അയ്യന്‍കാളിയും പല സവിശേഷതയുമുള്ള മഹദ് വ്യക്തിയായിരുന്നു. കേരള നവോത്ഥാനത്തിന്റെ സംഘടനാരൂപമായി താന്‍ അധ്യക്ഷനായും കുമാരനാശാന്‍ സെക്രട്ടറിയായും ഡോ. പല്‍പ്പു മുഖ്യ കൈകാര്യകര്‍ത്താവായും 1903ല്‍ സ്ഥാപിച്ച ശ്രീനാരായണ ധര്‍മപരിപാലന യോഗത്തില്‍നിന്ന്, അതിന്റെ പില്‍ക്കാല നേതാക്കന്മാര്‍ പ്രകടിപ്പിച്ച 'ജാത്യാഭിമാനം' പൊറുക്കാനാകാതെ രാജിവച്ച് പിരിഞ്ഞ ആളാണ് ഗുരു. അധികം താമസിയാതെ കുമാരനാശാനും ഡോ.പല്‍പ്പുവും സംഘടനയോട് വിടപറഞ്ഞു.

ഉന്നതശീര്‍ഷനും ആജാനബാഹുവുമായ അയ്യന്‍കാളി തലപ്പാവിനുതാഴെ ഒരു വലിയ ചന്ദനപ്പൊട്ട് തൊട്ടിരുന്നു. എങ്കിലും അദ്ദേഹം ഒരു മതവാദിയായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പലരും പുലയമഹാസഭ, സാംബവമഹാസഭ, ചേരമര്‍സംഘം തുടങ്ങി ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടനകള്‍ ഉണ്ടാക്കിയപ്പോള്‍ 1907ല്‍ അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘം മതംമാറിയ ദളിതര്‍ ഉള്‍പ്പെടെ സകലരുടെയും സമരസംഘടനയായി.

അയ്യന്‍കാളിയുടെ മറ്റൊരു പ്രധാന സവിശേഷത അധഃസ്ഥിതരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി എന്നപോലെ വര്‍ഗാടിസ്ഥാനത്തില്‍ സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും സമരംചെയ്തു എന്നതാണ്. ഒരുവര്‍ഷത്തോളം സവര്‍ണജന്മിമാര്‍ക്കും പ്രമാണിമാര്‍ക്കുമെതിരെ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളിസമരം പ്രസിദ്ധമാണ്. ഒരുപക്ഷേ, കേരളത്തിലെ പ്രഥമ കര്‍ഷകത്തൊഴിലാളി സമരം. സമരത്തിന്റെ തുടക്കം വിദ്യാഭ്യാസ അവകാശങ്ങളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ കൂലിയുടെയും മറ്റും പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.

1907ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏതാനും തെരഞ്ഞെടുത്ത സ്കൂളില്‍ തീണ്ടല്‍ക്കാരായ ദളിതര്‍ക്കും പ്രവേശനം അനുവദിച്ചെങ്കിലും 1914 വരെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ നാട്ടുപ്രമാണിമാരും സവര്‍ണരും സമ്മതിച്ചില്ല. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന നെല്ല് കുത്തി അരിയാക്കി വേവിച്ച് കഴിക്കാന്‍ വിരോധമില്ലാത്തവര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട വിദ്യാലയപ്രവേശം നിഷേധിക്കുന്നതിനെതിരെ ആയിരുന്നു ഒരുവര്‍ഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ സമരം. മധ്യതിരുവിതാംകൂറിലും തെക്കന്‍ തിരുവിതാംകൂറിലുമൊക്കെ നായര്‍-ഈഴവ ലഹളയ്ക്കും പുലയ ലഹളകള്‍ക്കും കാരണമായ ഈ പ്രശ്നം കുറെ കാലംകൂടി നീണ്ടുനിന്നെങ്കിലും അവസാനം അത് വിജയത്തില്‍ കലാശിച്ചു.

പില്‍ക്കാലത്ത് 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ നേതാവായിരുന്ന സ്വദേശാഭിമാനി ടി കെ മാധവന്‍ പ്രായപൂര്‍ത്തി എത്തുന്നതിനുമുമ്പുതന്നെ വിദ്യാലയപ്രവേശം സംബന്ധിച്ച സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ പ്രായോഗികതയെയും വിജയസാധ്യതയെയുംകുറിച്ച് പല ഈഴവ നേതാക്കള്‍തന്നെ ആശങ്കപൂണ്ട് പിന്നോക്കംപോയപ്പോള്‍ ശ്രീനാരായണഗുരു അതിനെ അനുകൂലിക്കുകയും സംഭാവന നല്‍കുകയും മാധവന്റെ ഇംഗിതപ്രകാരം ഖദര്‍ ധരിക്കുകയും ചെയ്തതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

കേരളത്തിലും പുറത്തും നവോത്ഥാനനായകര്‍ അഭ്യസ്തവിദ്യരും പലപ്പോഴും പണ്ഡിതരും ആയിരുന്നെങ്കില്‍ അയ്യന്‍കാളിക്ക് അക്ഷരാഭ്യാസംപോലും ഇല്ലായിരുന്നു. എന്നിട്ടും പൊതുവേദികളിലും ശ്രീമൂലം പ്രജാസഭയിലും ഏതൊരു വിദ്യാസമ്പന്നനെയും മറികടക്കുംവിധം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രകടനങ്ങളും യുക്തിയുക്തവും ഉജ്വലവുമായിരുന്നു. മതനിരപേക്ഷതയും ജാതി രാഷ്ട്രീയ ആഭിമുഖ്യവും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.

ശ്രീനാരായണന്‍ ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അദ്വൈതത്തിനും സന്ന്യാസത്തിനും കൃതികള്‍ക്കും ഹൈന്ദവപാരമ്പര്യത്തിന്റെ പരിവേഷം ഉണ്ടായിരുന്നുവെന്നത് മറക്കാനാകില്ല. എസ്എന്‍ഡിപി യോഗത്തില്‍നിന്ന് പിരിഞ്ഞശേഷം അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘവും വ്യത്യസ്തമല്ല. എന്നാല്‍, അയ്യന്‍കാളിയാകട്ടെ തികച്ചും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനനായകനാണ്. ദേശീയപ്രസ്ഥാനത്തിനുമുന്നോടിയായി സ്ഥാപിക്കപ്പെട്ട പൌരസമത്വസംഘടനയും അതിന്റെ തുടര്‍ച്ചയായ സംയുക്ത രാഷ്‌ട്രീയസഭയും അതിന്റെ നിവര്‍ത്തനപ്രക്ഷോഭവും മറ്റുമാണ് ഇന്ത്യയിലെ പ്രഥമ ക്ഷേത്രപ്രവേശന വിളംബരത്തിന് അരങ്ങൊരുക്കിയതും സ്റേറ്റ് കോഗ്രസിന്റെ ഉത്ഭവത്തിന് ചുക്കാന്‍പിടിച്ചതും. ദേശീയപ്രസ്ഥാനത്തിന്റെ ഗര്‍ഭത്തില്‍ വളര്‍ന്നുവന്ന തൊഴിലാളിവര്‍ഗപ്രസ്ഥാനവും കമ്യൂണിസ്റ് പ്രസ്ഥാനവും ശ്രീനാരായണന്‍ പ്രോദ്ഘാടനം നിര്‍വഹിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ നേരവകാശിയും യുക്തിയുക്തമായ പരിണതഫലവുമായിരുന്നു. ഇതാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിലയിരുത്തിയപ്രകാരം ശ്രീനാരായണഗുരുവിനെയും അയ്യന്‍കാളിയെയും നവകേരളത്തിന്റെ രാജശില്‍പ്പികളായി ഉയര്‍ത്തിയത്. അവരുടെ കാലടിപ്പാടുകളാണ് നാം ഇപ്പോഴും നേരിടുന്ന നിരവധി പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗം.

***

പി ഗോവിന്ദപ്പിള്ള

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീനാരായണന്‍ ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അദ്വൈതത്തിനും സന്ന്യാസത്തിനും കൃതികള്‍ക്കും ഹൈന്ദവപാരമ്പര്യത്തിന്റെ പരിവേഷം ഉണ്ടായിരുന്നുവെന്നത് മറക്കാനാകില്ല. എസ്എന്‍ഡിപി യോഗത്തില്‍നിന്ന് പിരിഞ്ഞശേഷം അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘവും വ്യത്യസ്തമല്ല. എന്നാല്‍, അയ്യന്‍കാളിയാകട്ടെ തികച്ചും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനനായകനാണ്. ദേശീയപ്രസ്ഥാനത്തിനുമുന്നോടിയായി സ്ഥാപിക്കപ്പെട്ട പൌരസമത്വസംഘടനയും അതിന്റെ തുടര്‍ച്ചയായ സംയുക്ത രാഷ്‌ട്രീയസഭയും അതിന്റെ നിവര്‍ത്തനപ്രക്ഷോഭവും മറ്റുമാണ് ഇന്ത്യയിലെ പ്രഥമ ക്ഷേത്രപ്രവേശന വിളംബരത്തിന് അരങ്ങൊരുക്കിയതും സ്റേറ്റ് കോഗ്രസിന്റെ ഉത്ഭവത്തിന് ചുക്കാന്‍പിടിച്ചതും. ദേശീയപ്രസ്ഥാനത്തിന്റെ ഗര്‍ഭത്തില്‍ വളര്‍ന്നുവന്ന തൊഴിലാളിവര്‍ഗപ്രസ്ഥാനവും കമ്യൂണിസ്റ് പ്രസ്ഥാനവും ശ്രീനാരായണന്‍ പ്രോദ്ഘാടനം നിര്‍വഹിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ നേരവകാശിയും യുക്തിയുക്തമായ പരിണതഫലവുമായിരുന്നു. ഇതാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിലയിരുത്തിയപ്രകാരം ശ്രീനാരായണഗുരുവിനെയും അയ്യന്‍കാളിയെയും നവകേരളത്തിന്റെ രാജശില്‍പ്പികളായി ഉയര്‍ത്തിയത്. അവരുടെ കാലടിപ്പാടുകളാണ് നാം ഇപ്പോഴും നേരിടുന്ന നിരവധി പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗം.

Anonymous said...

പക്ഷെ ആ ഗൌരിചോത്തിയെ എന്താ മുഖ്യമന്ത്റി ആക്കാഞ്ഞേ അപ്പോള്‍ പീ ജി ഒന്നും മിണ്ടിയില്ലല്ലോ കേ ആറ്‍ ഗൌറി ശ്റീ നാരായണി അല്ലേ?