Tuesday, October 13, 2009

എങ്കില്‍ ജാക്സന്‍.... നീ മരിക്കില്ലല്ലോ

‘I love walking in the rain
because nobody can see me crying’
-Charles chaplin

പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്‍ മരിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മരണ കാരണത്തെക്കുറിച്ചും ജീവിതകാലത്തെക്കുറിച്ചുമുള്ള വിവാദങ്ങള്‍ നീറിപ്പുകയുകയാണിപ്പോഴും. രണ്ടുതവണ ശവപരിശോധനകഴിഞ്ഞ് അന്തരികാവയവങ്ങളും തലച്ചോറു തന്നെയും വിച്ഛേദിക്കപ്പെട്ട ശരീരം ശവമഞ്ജത്തില്‍ സ്റ്റേപ്പിള്‍സ് സെന്ററില്‍ അന്തിമ പ്രണാമത്തിനായി കൊണ്ടുവന്നപ്പോള്‍ നിരവധി ഗായകരും സിനിമാപ്രവര്‍ത്തകും സുഹൃത്തുക്കളും പാടുകയും പറയുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ജാക്സന്‍ ആരാധകര്‍ മൂന്ന് മണിക്കൂര്‍ നീണ്ട നിന്ന ഈ ചടങ്ങ് ടിവിയില്‍ കണ്ടുകൊണ്ടിരിന്നു. അദ്ദേഹത്തിന്റെ ഒരു ചുവടോ ഒരു മൂളലോ ഒരു ചേഷ്ടയോ ഇഷ്ടപ്പെട്ടവര്‍ എല്ലാം തന്നെ ലൈവ് പെര്‍ഫോമെന്‍സില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ജാക്സണ്‍ ഗഗനതചാരിയായി ഹെലികോപ്ടറില്‍ നിന്ന് ഊര്‍ന്നിറങ്ങമെന്നോ കൊരവപ്പൂവിന്റെ പ്രഭാപൂര്‍ത്തിനോടുവില്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുമെന്നോ പ്രതീക്ഷിച്ചു. അപ്പോള്‍ അദ്ദേഹം ധരിക്കുന്ന ജാക്കറ്റിന്റെ നിറം ഏതായിരിക്കുമെന്ന്- കറുപ്പോ ചുവപ്പോ വെളുപ്പോ സുവര്‍ണ്ണ നിറമോ അവര്‍ മനസ്സില്‍ കണ്ടു. കൈനീട്ടി ആ വെളുത്ത കൈയുറയില്‍ ഒന്നുതൊടാന്‍ ആഗ്രഹിച്ചു. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. അമ്പതാം വയസ്സില്‍ മൈക്കല്‍ ജാക്സന്‍ മരിച്ചിരിക്കുന്നു. സംഘര്‍ഷഭരിതമായ ഒരു ജീവിതം നയിക്കുകയും ജനകോടികളെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്ത എം ജെ വേദിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു കരയുന്ന കോമാളി എന്ന് ചാപ്ളിനെ വിശേഷിപ്പിച്ച ലോകം മൈക്കല്‍ ജാക്സണെ എങ്ങിനെയാണ് വിശേഷിപ്പിക്കുക?

ലയണല്‍ റിച്ചി, സ്റ്റീവ് വണ്ടര്‍, മാര്‍ട്ടിന്‍ ലുഥര്‍ കിങ് 3, ബ്രൂക്ക് ഷീല്‍ഡ്സ് എന്നിവര്‍ ഉള്‍പ്പെടുന്ന നിരവധി പ്രമുഖര്‍ ഉപചാരമര്‍പ്പിച്ച വേദിയില്‍ മാജിക് ജോണ്‍സന്‍ എറിയപ്പെടുന്ന ബാസ്ക്കറ്റ് ബോള്‍ ഇതിഹാസമായ മൈക്കല്‍ ജോണ്‍സണ്‍ പറഞ്ഞത് ആഫ്രോ-അമേരിക്കക്കാര്‍ക്ക് വാതിലുകള്‍ തുറന്നുകൊടുത്തത് മൈക്കല്‍ ജാക്സന്‍ ആയിരുന്നു എന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഏറെയും ചര്‍ച്ചയെത്തത് ജാക്സന്റെ മൂന്ന് കുട്ടികള്‍ ജനിച്ച ഗര്‍ഭപാത്രങ്ങളെക്കുറിച്ചും അമേരിക്കയിലെ ബീജബാങ്കുകളെ കുറിച്ചുമായിരുന്നു. മൈക്കല്‍ ജാക്സന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മരിച്ചുവെന്നും അദ്ദേഹത്തിന്റെ അപരനാണ് പിന്നീട് എം ജെ യായി അഭിനയിച്ചതെന്നുമുള്ള കഥകള്‍ വരെ പ്രചരിച്ചു. നെവര്‍ലാന്റ് ഹാഞ്ച് എസ്റ്റേറ്റിലെ ബംഗ്ളാവില്‍ ജാക്സന്റെ നിഴല്‍ രൂപം മരണശേഷവും വീഡിയോയില്‍ പതിഞ്ഞതായി ചാനലുകള്‍ ടെലികാസ്റ്റ് ചെയ്തു. ദ്വന്ദങ്ങള്‍ക്കിടയിലെ അതിര്‍ത്തികള്‍ മായ്ക്കുകയും മാഞ്ഞുപോയ അതേ അതിര്‍വരമ്പുകളിലൂടെ സഞ്ചരിക്കുകയും ചെയ്തവനായിരുന്നു. ജാക്സന്‍. കറുപ്പ്/ വെളുപ്പ്, പുരുഷന്‍/ സ്ത്രീ, ആഫ്രിക്ക/ അമേരിക്ക, സ്ത്രീകളുടെ കാമുകന്‍/ സ്വവര്‍ഗ്ഗാനുരാഗി, വിമോചനത്തിന്റെ വക്താവ്/ മുതലാളിത്തത്തിന്റെ പ്രയോക്താവ്, ക്രിസ്ത്യാനി/ മുസ്ളീം, രോഗി/ ചികിത്സകന്‍, പിശാച്/ദൈവം, നിഷ്കളങ്കത/ ആസൂരത, പീഡിതന്‍/ പീഡകന്‍, വിനോദം/വേദന, ആരാധന/ അപമാനം, റോക് ആന്റ് റോള്‍/ഡിസ്കോ, ടെനര്‍/മീസോ സെപ്രാനോ, സ്റ്റേജ്/ തെരുവ് എന്നിങ്ങനെ സങ്കീര്‍ണ്ണമായ ദ്വന്ദാത്മകതകളിലൂടെ വിചിത്രവും ദുരൂഹവുമായ സര്‍റിയലിസ്റ്റ് ജീവിതം ജീവിച്ചു തീര്‍ത്ത ജാക്സനെകുറിച്ച് കഥകളും കടംകഥകളും ഇനിയും പ്രചരിക്കും. അദ്ദേഹത്തിന്റെ ആസ്തികളെക്കുറിച്ചും കടങ്ങളെക്കുറിച്ചും അനന്തരാവകാശങ്ങളെ കുറിച്ചുമുള്ള വിവാദങ്ങള്‍ മുറുകും. എന്നാല്‍ വിവാദങ്ങള്‍ക്കപ്പുറത്തെ മഹാകാശമായിരുന്നു ജാക്സന്റെ സര്‍ഗ്ഗാത്മക ജീവിതം. ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നേര്‍വിപരീതമായിരുന്നു അതിലെ ദര്‍ശനം. അദ്ദേഹത്തിന്റെ പാട്ടുകളിലെ ഓരോ വാക്കുകളും വീഡിയോകളിലെ ഓരോ ഇമേജുകളും സാമൂഹികപ്രതിബദ്ധതയുടെ ദൃഷ്ടാന്തങ്ങള്‍ ആയിരുന്നു.

കറുത്തവന്റെ സംഗീതം ആരംഭകാലത്ത് പീഡിതന്റെ പ്രാര്‍ത്ഥനയായിരുന്നു. എന്നാല്‍ സ്വന്തം സ്വത്വത്തിന്റെ മുദ്ര അതിലുണ്ടായിരുന്നില്ല. പ്രതിരോധത്തിന്റെ വിസ്ഫോടനകരമായ താളം അതില്‍ നിന്ന് ചോര്‍ന്നുപോയിരുന്നു. റിഥം ആന്റ് ബ്ളൂസ്, കണ്‍ട്രി, ജാസ്, റോക്ക് ആന്റ് റോള്‍, ഡിസ്കോ, സോള്‍ എന്നീ പാശ്ചാത്യസംഗീതശാഖകളുടെ സംയോജനത്തിലൂടെയും നവീകരണത്തിലൂടെയുമാണ് ജാക്സന്‍ തന്റേതായ രീതി രൂപപ്പെടുത്തിയത്. ജാക്സന്‍ ഫൈവ് എന്ന ഫാമിലി ട്രൂപ്പിലൂടെ വേദിയിലെത്തിയ ജാക്സന്‍ ഒമ്പതാം വയസ്സില്‍ തന്നെ പുതുയുഗത്തിന്റെ വരവ് വിളിച്ചറിയിച്ചു.

വേദിയില്‍ ഒരു മന്ത്രികന്റെ നാടകീയതകളോടെ പ്രത്യക്ഷപ്പെടുന്ന ജാക്സണ്‍ പിന്നീട് ആയുധാഭ്യാസിയുടെ മെയ് വഴക്കത്തോടെ നൃത്തം ചെയ്യുമ്പോഴും മൃദുസ്വരത്തില്‍ ചടുലമായി പാടുമ്പോഴും ജനങ്ങള്‍ ഉന്‍മാദ ലഹരിയോടെയാണ് അതില്‍ലുള്‍ച്ചേരുന്നത്. റോക്ക് സംഗീതജ്ഞര്‍ കാണികളുമായി പങ്കുവയ്ക്കുന്ന വികാരങ്ങള്‍ ജാക്സനോടെ പൂര്‍ണ്ണതയിലെത്തുന്നു. 'സാറ്റര്‍ഡേ നൈറ്റ് ഫീവറില്‍' ട്രവോള്‍ട്ടയും ബീജീസും അവതരിപ്പിച്ച ഡിസ്ക്കോ ജനകീയതയുടെ പരകോടി പ്രാപിക്കുന്നത് ജാക്സനോടെയാണ്. ലൈവ് വിജയിക്കുമ്പോഴാണ് ഒരു ഗായകന്‍ ജനങ്ങളുടെ ആരാധനാ വിഗ്രഹമാകുന്നത്.

മറ്റുള്ള പാശ്ചാത്യ ഗായകരെ ജനപ്രീതിയില്‍ വളരെ പിന്നിലാക്കാന്‍ ജാക്സനെ പ്രാപ്തമാക്കിയത് അദ്ദേഹത്തിന്റെ സംഗീത ആല്‍ബങ്ങളുടെ ദൃശ്യാവിഷ്കാരമായിരുന്നു. പാട്ടുകളുടെ വാക്കര്‍ത്ഥങ്ങള്‍ക്കപ്പുറം ദൃശ്യങ്ങള്‍ നല്‍കുന്ന പുതിയ ആശയതലങ്ങള്‍ അതിനെ ഉന്നത നിലവാരത്തിലെത്തിക്കുന്നു. ലൈവുകളുടെ ക്ളിപ്പിംഗുകളും കാണികളുടെ ആനന്ദമൂര്‍ച്ചയെ പകര്‍ത്തുന്ന രംഗങ്ങളും ഡിജിറ്റല്‍ സാങ്കേതികതയുടെ അനന്ത സാധ്യതകളും ഇമേജുകളും മ്യൂസിക് വീഡിയോ എന്ന കേവല സംജ്ഞയില്‍ നിന്ന് ഇതിനെ ഹ്രസ്വ ചിത്രങ്ങളായി പരിവര്‍ത്തിപ്പിക്കുന്നു.

ബ്ളാക്ക് ഓര്‍ വൈറ്റ്, എര്‍ത്ത് സോംഗ്, ഹീല്‍ ദ വേള്‍ഡ് തുടങ്ങിയ പാട്ടുകളുടെ വീഡിയോകള്‍ വര്‍ണ്ണ വിവേചനം, വംശീയത, യുദ്ധം, പരിസ്ഥി നശീകരണം, ആദിവാസികളുടെ ഭൂമിയില്‍ നിന്നുള്ള നിര്‍ബന്ധ പലായനം, അനാഥത്വം, ദാരിദ്ര്യം എല്ലാറ്റിനുപരി മാനവികത എന്നിവയുടെ സത്യവേദ പുസ്തകമായി കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുകയാണ്.

ഒരു ശനിയാഴ്ച ബാഗില്‍ ഞാന്‍ കണ്ടെടുത്ത എന്റെ കുട്ടി ആ ആണ്‍കുട്ടി നിങ്ങളുടെ കൈയിലെ പെണ്‍കുട്ടിയാണ് അതെ, നമ്മളൊറ്റയാണ്, ഒന്നാണ് ഞാനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു ഈ രാത്രിയിലിതാ ഒരത്ഭുതം സംഭവിച്ചിരിക്കുന്നു!

പക്ഷേ നിങ്ങള്‍ എന്റെ കുട്ടിയെപ്പറ്റി ചിന്തിക്കുന്നുവെങ്കില്‍
നിങ്ങളൊരു കറുത്തയാളോ വെളുത്തയാളോ
എന്ന് ഞാന്‍ കാര്യമാക്കുന്നില്ല....
എനിക്ക് പറയാനുള്ളത്,
ഞാന്‍ ഒരാള്‍ക്കും പിന്നില്‍ രണ്ടാമനായിരിക്കുന്നവനല്ല എന്നാണ്
ഞാന്‍ തുല്യതയെക്കുറിച്ചാണ് പാടുന്നത്.
നിങ്ങള്‍ ശരിയോ തെറ്റോ ആണെങ്കിലും അത് സത്യം തന്നെയാണ്....

ഗാംഗുകള്‍ക്കും ക്ളബുകള്‍ക്കും സംരക്ഷണം കൊടുക്കുന്നു,
ജനങ്ങള്‍ക്കെവിടെയും ദുരിതം വിതയ്ക്കുന്ന രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍ ഞാന്‍ കഥയുടെ രണ്ടറ്റവും കേള്‍ക്കാം
നോക്കൂ, അത് വംശത്തെപ്പറ്റിയല്ല; സ്ഥലത്തെക്കുറിച്ചാണ്, മുഖത്തെ കുറിച്ചാണ്
നിങ്ങളുടെ രക്തം എവിടെനിന്നാണുത്ഭവിച്ചത്,
അതാണ് നിങ്ങളുടെ പ്രദേശം
തെളിച്ചം മങ്ങി മങ്ങി ഇരുളുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഒരു നിറത്തിന്റെ പേരില്‍ ജീവിതം തുലയ്ക്കാന്‍ ഞാനില്ല
അത് കറുപ്പോ വെളുപ്പോ ആകുന്നു.
അത് കറുപ്പാണ്.
അത് വെളുപ്പാണ്*

വനാന്തരങ്ങളില്‍ വന്യമൃഗങ്ങളോട് ഇണങ്ങിയും പടവെട്ടിയും ജീവിച്ചിരുന്ന റെഡ് ഇന്ത്യന്‍ വംശജര്‍ മുതല്‍ ഇന്നത്തെ ആഫ്രോ-അമേരിക്കക്കാരന്‍ വരെയുള്ളവരുടെ വംശംഗാഥ ഒരു ബയോസ്കോപ്പുപോലെ വീഡിയോയില്‍ കടന്നുപോകുന്നു. ലോകത്തെമ്പാടുമുള്ള നര്‍ത്തകിമാരോടൊത്ത് ജാക്സണ്‍ തന്റെ സ്വന്തം നൃത്തമാടുന്നു. ലോകത്തെ മുഴുവന്‍ മനുഷ്യവംശങ്ങളിലും ജനിച്ചവരുടെ മുഖങ്ങള്‍ ഒന്നിനൊന്നു പിന്നാലെ ചേര്‍ന്നുവരുന്ന മോര്‍ഫിംഗിന്, സിനിമയുടെ ചരിത്രത്തില്‍ തന്നെ മറ്റൊരു താരതമ്യമില്ല. അത്രയേറെ മൌലികമായ ആശയത്തിന്റെ ആവിഷ്കാരമാണ് 'ബ്ളാക്ക് ആന്റ് വൈറ്റില്‍' ദൃശ്യവത്കരിക്കപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി വന്ന ഭാഗങ്ങള്‍ എം ടി വിയും മറ്റും വയലന്‍സിന്റെ പേരില്‍ മുറിച്ചുമാറ്റിയാണ് പ്രക്ഷേപണം ചെയ്തത് എന്നത് ഇന്നും തുടര്‍ന്നു പോരുന്ന വര്‍ണ്ണാധിപത്യത്തിന്റെ തെളിവായേ കാണാന്‍പറ്റൂ. അമേരിക്കയിലെ കറുത്തവരുടെ വംശീയ സ്വത്വത്തിന്റെ ചിഹ്നമായ കരിമ്പുലി മൈക്കല്‍ ജാക്സനായി രൂപംമാറ്റി തെരുവില്‍ തന്റെ തനത് ഹിപ് ഹോപ് ശൈലിയില്‍ നൃത്തം ചവിട്ടുന്നു. നാസി ചിഹ്നമായ സ്വസ്തികയും വംശീയവൈരം വെളിപ്പെടുത്തുന്ന എഴുത്തുകളും ആലേഖനം ചെയ്ത വാഹനങ്ങളും കെട്ടിടങ്ങളും ഭൂതാവേശിതനെപ്പോലെ ജാക്സന്‍ തകര്‍ക്കുന്നു. തന്റെ കറുത്ത ഓവര്‍കോട്ടും വെള്ളക്കുപ്പായവും വലിച്ചുകീറി അതിനുള്ളിലെ മനുഷ്യശരീരം വെളിപ്പെടുത്തിയതിനുശേഷം കരിമ്പുലിയായി ജാക്സന്‍ സ്റ്റുഡിയോക്കകത്ത് തിരിച്ചു കയറുന്നതോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കാഴ്ചക്കാര്‍ക്ക് പലപ്പോഴും അവസരം നിഷേധിക്കപ്പെടുകയാണുണ്ടായത്.

ഭൂമിഗീതം (എര്‍ത്ത് സോംഗ്) പോയ കലാപത്തെക്കുറിച്ചുള്ള ഒരു കാല്പനിക ഗീതകമല്ല. അത് ഭുമിയുടെ നാശത്തെക്കുറിച്ചുള്ള നിലവിളിയാണ്. ഒരു പുതിയ കാലത്തെ സ്വപ്നം കാണുന്നവരുടെ പ്രാര്‍ത്ഥനയാണ്.

സുര്യോദയം ഇനിയുള്ള കാലത്തുണ്ടാകുമോ?
മഴ ഉണ്ടാകുമോ?
നമുക്ക് നേടാനുള്ള കാര്യങ്ങളെന്ന്
നീ പറഞ്ഞതെല്ലാം ഇനിയുണ്ടാകുമോ?
മണ്ണിന്റെ നാശം; ഇതേതുകാലം,
നിന്റേതും എന്റേതുമെന്ന്
നീ പറഞ്ഞവയൊക്കെയും എവിടെ?
നമ്മള്‍ഡ ചൊരിഞ്ഞ രക്തത്തിന് വല്ല കണക്കുമുണ്ടോ?
കരയുന്ന ഭൂമിയേയും വിതുമ്പുന്ന തീരങ്ങളേയും കാണാനായി ഒരു നിമിഷം നില്‍ക്കൂ
ഇന്നലെയെക്കുറിച്ചെന്തു പറയുന്നു?
സമുദ്രത്തെകുറിച്ച്
സ്വര്‍ഗങ്ങള്‍ നിലം പതിക്കുകയാണ്
എനിക്ക് ശ്വാസമെടുക്കാന്‍ പോലുമാകുന്നില്ല
രക്തം വാര്‍ന്നുപോകുന്ന ഭൂമിയെക്കുറിച്ചെന്തു പറയുന്നു?
അതിന്റെ മുറിവുകള്‍ മാറ്റാന്‍ നമുക്കാവുമോ?
കുട്ടികള്‍, മൃഗങ്ങളും പക്ഷിലതാദികളും,
എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്?
ആരെങ്കിലുമൊന്ന് പറഞ്ഞുതരൂ...*

ഒരു മരംകൊത്തി, കുറേ കുരങ്ങന്മാര്‍, നിരവധി വന്‍മരങ്ങള്‍, സസ്യലതാദികള്‍, ഇടതുര്‍ന്നു തിങ്ങിനില്‍ക്കുന്ന കാട്. അതിന്റെ സ്വച്ഛന്ദത തകര്‍ത്തുകൊണ്ട് ഭീമാകാരനായ നശീകരണ യന്ത്രം വരുന്നു. പിന്നീട് കാണുന്നത് മരങ്ങള്‍ നടുപിളര്‍ന്ന് നിലംപതിക്കുന്നതും അത് വേദനയോടെ നോക്കിനില്‍ക്കുന്ന ആദിവാസികളെയുമാണ്. കത്തിക്കൊണ്ടിരിക്കുന്ന വൃക്ഷമൂടുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ജാക്സണ്‍ പാടുന്നത്. കൊമ്പുകള്‍ ചൂഴ്ന്നെടുത്ത് കൊന്നുതള്ളിയ ആനകള്‍, വറ്റിയ പുഴപ്പരപ്പുകള്‍., ഉണങ്ങിയ പുല്‍മേടുകള്‍, യുദ്ധത്താല്‍ തകര്‍ക്കപ്പെട്ട വീടുകള്‍, വെടിയേറ്റ് മരിച്ച മനുഷ്യര്‍, ഇവര്‍ക്കിടയില്‍ നിലവിളിച്ചുകൊണ്ട് ജാക്സന്‍ ഒരു പിടിമണ്ണ് കൈയിലെടുത്ത് മുട്ടുകുത്തിപ്പാടുകയാണ്. പാട്ട് ഇവിടെ ഒരു പ്രാര്‍ത്ഥനയാകുന്നു. എല്ലാം നഷ്ടപ്പെട്ട ആദിവാസികളും അതേറ്റുചെയ്യുന്നു. പ്രാര്‍ത്ഥനാഗീതം കൊണ്ട് ജാക്സന്‍ ഭൂമിയെ പാടിയുണര്‍ത്തുമ്പോള്‍ എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്ന കാഴ്ച ഹരിതാഭവും ജൈവികവുമായ ഒരുള്‍ക്കുളിര് കാഴ്ചക്കാരന് നല്‍കുന്നു. പട്ടാളക്കാരുടെ ടാങ്കുകള്‍ കാറ്റില്‍ പെട്ട് തകരുന്നു. പുകക്കുഴലുകളിലേക്ക് പുക തിരിച്ചുപോകുന്നു. വെട്ടിവീഴ്ത്തപ്പെട്ട വൃക്ഷങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരുന്നു. കൊമ്പുകള്‍ മുളച്ച ആന ഉണര്‍ന്നെണീറ്റു ചിഹ്നം വിളിക്കുന്നു. മാനുകളും കുതിരകളും കാട്ടിലേക്ക് തിരിച്ചു വരുന്നു. ഭൂമിഗീതം അങ്ങനെ ഒരേസമയം നിലവിളിയും പ്രാര്‍ത്ഥനയും സ്വപ്നവുമായി മനുഷ്യനെ പ്രത്യാശയിലേക്ക് നയിക്കുന്നു. അവനോട് പ്രതിരോധമുയര്‍ത്താന്‍ ആവശ്യപ്പെടുന്നു.

കറുപ്പും വെളുപ്പുംകൊണ്ട് മഴവില്ല് തീര്‍ക്കുന്ന ഒരു മഹാവിസ്മയം രംഗത്ത് അവതരിപ്പിച്ച് ജാക്സന്‍ വാനിഷിംഗ് ആക്റ്റിലൂടെ അപ്രത്യക്ഷ്യനായിരിക്കുന്നു. ജീവിച്ചിരുന്ന വര്‍ഷങ്ങളില്‍ ഒരു പൈഡ് പൈപ്പറെപ്പോലെ അയാള്‍ കുഴലൂതി ജനങ്ങളെ സ്വാതന്ത്യ്രത്തിലേക്കും ആനന്ദത്തിലേക്കും ഹര്‍ഷോന്മാദത്തിലേക്കും കൊണ്ടുപോയി. ജാക്സണ്‍ ഒരു ക്രിമിനലായിരുന്നോ? എങ്കില്‍ സ്നേഹമായിരുന്നു അയാളുടെ ആയുധം. ജാക്സണ്‍ കടക്കാരനായിരുന്നോ? എങ്കില്‍ ആത്മാവിലായിരുന്നു അദ്ദേഹം ദരിദ്രന്‍ (സ്വര്‍ഗ്ഗരാജ്യം അദ്ദേഹത്തിനുള്ളതാകുന്നു).

നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് ചോദ്യത്തിന് ചാര്‍ളിചാപ്ളിന്‍ നല്‍കിയ ഉത്തരം താനൊരു വിശ്വപൌരനാണ് എന്നായിരുന്നു. നിങ്ങള്‍ കറുത്തവരുടെ വിമോചകനാണോ എന്ന ചോദ്യത്തിന് ജാക്സണ്‍ നല്‍കുന്ന ഉത്തരം തീര്‍ച്ചയായും "ഞാനൊരുമനുഷ്യ സ്നേഹിയാണ്'' എന്നാകും.
കറുപ്പില്‍ നിന്ന് വെളുപ്പിലേക്കുള്ള രൂപ പരിണാമം, ഭൂമിയിലെ ചാന്ദ്രനടത്തം, വേദികളിലെ റൊബോട്ട് ഡാന്‍സ്, പ്രേതമായും ആത്മാവുമായുള്ള വേഷപ്പകര്‍ച്ച....

യഥാര്‍ത്ഥത്തില്‍ മൈക്കല്‍ ജാക്സന്‍ ജീവിച്ചിരുന്നോ?

ആ ജീവിതം ഒരു ഇല്ല്യൂഷന്‍ മാത്രമായിരുന്നോ?

ആണെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ ജാക്സണ്‍,..... നീ മരിക്കില്ലല്ലോ.

*
മധു ജനാര്‍ദ്ദനന്‍
പരിഭാഷ: ജി പി രാമചന്ദ്രന്‍ കടപ്പാട്: യുവധാര
ജാക്സണെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റ്: ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വനാന്തരങ്ങളില്‍ വന്യമൃഗങ്ങളോട് ഇണങ്ങിയും പടവെട്ടിയും ജീവിച്ചിരുന്ന റെഡ് ഇന്ത്യന്‍ വംശജര്‍ മുതല്‍ ഇന്നത്തെ ആഫ്രോ-അമേരിക്കക്കാരന്‍ വരെയുള്ളവരുടെ വംശംഗാഥ ഒരു ബയോസ്കോപ്പുപോലെ വീഡിയോയില്‍ കടന്നുപോകുന്നു. ലോകത്തെമ്പാടുമുള്ള നര്‍ത്തകിമാരോടൊത്ത് ജാക്സണ്‍ തന്റെ സ്വന്തം നൃത്തമാടുന്നു. ലോകത്തെ മുഴുവന്‍ മനുഷ്യവംശങ്ങളിലും ജനിച്ചവരുടെ മുഖങ്ങള്‍ ഒന്നിനൊന്നു പിന്നാലെ ചേര്‍ന്നുവരുന്ന മോര്‍ഫിംഗിന്, സിനിമയുടെ ചരിത്രത്തില്‍ തന്നെ മറ്റൊരു താരതമ്യമില്ല. അത്രയേറെ മൌലികമായ ആശയത്തിന്റെ ആവിഷ്കാരമാണ് 'ബ്ളാക്ക് ആന്റ് വൈറ്റില്‍' ദൃശ്യവത്കരിക്കപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി വന്ന ഭാഗങ്ങള്‍ എം ടി വിയും മറ്റും വയലന്‍സിന്റെ പേരില്‍ മുറിച്ചുമാറ്റിയാണ് പ്രക്ഷേപണം ചെയ്തത് എന്നത് ഇന്നും തുടര്‍ന്നു പോരുന്ന വര്‍ണ്ണാധിപത്യത്തിന്റെ തെളിവായേ കാണാന്‍പറ്റൂ. അമേരിക്കയിലെ കറുത്തവരുടെ വംശീയ സ്വത്വത്തിന്റെ ചിഹ്നമായ കരിമ്പുലി മൈക്കല്‍ ജാക്സനായി രൂപംമാറ്റി തെരുവില്‍ തന്റെ തനത് ഹിപ് ഹോപ് ശൈലിയില്‍ നൃത്തം ചവിട്ടുന്നു. നാസി ചിഹ്നമായ സ്വസ്തികയും വംശീയവൈരം വെളിപ്പെടുത്തുന്ന എഴുത്തുകളും ആലേഖനം ചെയ്ത വാഹനങ്ങളും കെട്ടിടങ്ങളും ഭൂതാവേശിതനെപ്പോലെ ജാക്സന്‍ തകര്‍ക്കുന്നു. തന്റെ കറുത്ത ഓവര്‍കോട്ടും വെള്ളക്കുപ്പായവും വലിച്ചുകീറി അതിനുള്ളിലെ മനുഷ്യശരീരം വെളിപ്പെടുത്തിയതിനുശേഷം കരിമ്പുലിയായി ജാക്സന്‍ സ്റ്റുഡിയോക്കകത്ത് തിരിച്ചു കയറുന്നതോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കാഴ്ചക്കാര്‍ക്ക് പലപ്പോഴും അവസരം നിഷേധിക്കപ്പെടുകയാണുണ്ടായത്.

ഒരല്പകാലം മുന്‍പ് എഴുതിയ ലേഖനം.

സേതുലക്ഷ്മി said...

മികച്ച ചിന്തകള്‍.