Tuesday, December 15, 2009

തെലുങ്കാനാ പ്രക്ഷോഭം ഉയർത്തുന്ന ചില രാഷ്‌ട്രീയപ്രശ്‌നങ്ങൾ

ദേശീയ സമ്പത്തിന്മേല്‍ ഭരണവര്‍ഗം നടത്തിവരുന്ന കൊള്ള തുടരാന്‍ ശക്തമായ സംസ്ഥാനങ്ങള്‍ തടസ്സമാണെന്ന ചിന്ത അവരില്‍ പ്രബലമാവുകയാണ്. തങ്ങള്‍ക്കു കടന്നുവരാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനും ചെറിയ സംസ്ഥാനങ്ങളാണ് ഗുണകരമാണെന്ന ധാരണ സാമ്രാജ്യത്വത്തിനും വിദേശ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കുമുണ്ട്. ഈ പ്രക്രിയയെ അവര്‍ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നു. ചെറിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ താരതമ്യേന എളുപ്പമാണെന്നു കരുതുന്ന ബിജെപിയും സംസ്ഥാനങ്ങളുടെ വിഭജനത്തിനുവേണ്ടി ആവേശത്തോടെ നിലകൊള്ളുന്നു. ഇതൊരു വശംമാത്രമാണ്. മറ്റൊരു ഭാഗത്ത്, പ്രതിസന്ധിയുടെ ഇക്കാലത്ത് ജനങ്ങളുടെ ജീവിതം അനുദിനം മോശമായി വരുന്ന സാഹചര്യത്തില്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭരണവര്‍ഗം വൈകാരികപ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവ ആളിക്കത്തിക്കുകയാണ് ഭരണവര്‍ഗം..... സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും അന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലുവുമായി ശ്രീ എൻ എസ് അരുൺ നടത്തിയ അഭിമുഖം.

സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു ?

സംസ്ഥാനം വിഭജിക്കുന്ന പ്രശ്നത്തെ വീണ്ടും മുന്‍നിരയിലേക്കു കൊണ്ടുവന്നിരിക്കയാണ്. ടിആര്‍എസ് തലവന്‍ ചന്ദ്രശേഖര റാവുവിന്റെ നിരാഹാരസമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തെലങ്കാന സംസ്ഥാന രൂപീകരണനടപടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏകീകൃത സംസ്ഥാനത്തിനുവേണ്ടി എതിര്‍പ്രസ്ഥാനം മറ്റു മേഖലകളില്‍ പൊട്ടിപ്പുറപ്പെട്ടു. കോണ്‍ഗ്രസ്, തെലുങ്കുദേശം, പ്രജാരാജ്യം എന്നീ പാര്‍ടികളുടെ എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത് സംസ്ഥാനത്തെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു. ഏതാനും എംപിമാരും രാജിവച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളും ബെല്ലാരി സഹോദരന്മാര്‍ ധാതുസമ്പത്ത് കൊള്ളയടിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ കഴിയാതെ നിയമസഭ സ്തംഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ പൊതുവായ അന്തരീക്ഷംതന്നെ മോശമായി, നിര്‍ണായക അവസ്ഥയിലേക്കു നീങ്ങുകയാണ്. വ്യത്യസ്തമേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളരുന്നു.

ഈ സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചതിന് ആരാണ് ഉത്തരവാദി ?

കോണ്‍ഗ്രസിനാണ് പൂര്‍ണ ഉത്തരവാദിത്തം. സംസ്ഥാനത്തിന്റെ ഐക്യം തുടക്കത്തില്‍ത്തന്നെ കളിപ്പാട്ടത്തിനു സമാനമാക്കിയത് അവരാണ്. ദീര്‍ഘകാലമായി കോണ്‍ഗ്രസ് പിന്തുടരുന്ന അവസരവാദനയമാണ് ഈ സ്ഥിതിക്കു കാരണം. പുതിയ സംസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യം ഓരോ ദിവസവും തെലങ്കാന മേഖലയില്‍ ശക്തമായി വരികയാണ്. മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ല, താല്‍ക്കാലിക തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടുമില്ല. വികസനപദ്ധതികളുടെ മേല്‍നോട്ടത്തിന് മേഖലാബോര്‍ഡുകള്‍, തൊഴില്‍സംരക്ഷണ നിയമങ്ങള്‍ ഇവയൊന്നും കോണ്‍ഗ്രസ് പ്രാവര്‍ത്തികമാക്കിയില്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ് തീരുമാനം അവസരവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ്. ഒരു ഘട്ടത്തില്‍ അവര്‍ തീരുമാനം പ്രഖ്യാപിക്കയും അടുത്ത ദിവസം വ്യത്യസ്ത സൂചനകള്‍ നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ അവര്‍ സ്ഥിതി വളരെ വഷളാക്കിയിരിക്കുന്നു.

ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രശ്നത്തില്‍ സിപിഐ എം നിലപാട് എന്താണ് ?

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും എക്കാലത്തും ഐക്യസംസ്ഥാനത്തിനുവേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്. ഇവിടെ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളാണ് പാര്‍ടിയുടെ നയം. ഇന്നും ഇതാണ് പാര്‍ടിയുടെ നിലപാട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച പ്രണബ് മുഖര്‍ജി കമ്മിറ്റിയോട് പാര്‍ടി ഇക്കാര്യം വ്യക്തമാക്കിയതാണ്. സത്യത്തില്‍, തുടക്കംമുതല്‍ സംസ്ഥാനത്ത് തത്വാധിഷ്ഠിത സമീപനം സ്വീകരിച്ചുവരുന്ന ഏക പാര്‍ടി സിപിഐ എമ്മാണ്. മറ്റെല്ലാ പാര്‍ടികളും അവരുടെ നിലപാട് അവസരത്തിനൊത്ത് മാറ്റി, ഇന്ന് തികഞ്ഞ അസംബന്ധമാണ് നടക്കുന്നത്, ഓരോ പാര്‍ടിയുടെയും വിവിധ മേഖലകളിലെ ഘടകങ്ങള്‍ വ്യത്യസ്ത നിലപാട് കൈക്കൊണ്ടിരിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നാല്‍ മാത്രമേ അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയൂ എന്ന ധാരണയില്‍നിന്നാണ് സിപിഐ എം നിലപാട്.

ഹിന്ദി ഭാഷയായ ഒട്ടേറെ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ എന്ന സിപിഐ എം നിലപാടിനുനേരെ ആക്രമണം നടക്കുന്നല്ലോ ?

ഇവിടെ പ്രധാനപ്പെട്ട മറ്റൊരു വ്യത്യാസമുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുകാരുടെയും കമ്യൂണിസ്റുകാരുടെയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു, ഇതിന്റെ ഫലമായി ആദ്യം ആന്ധ്രപ്രദേശും പീന്നീട് കേരളം, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളും രൂപംകൊണ്ടു. ഉത്തരേന്ത്യയിലെ മുന്‍ നാട്ടുരാജ്യങ്ങളില്‍ ഇത്തരം പ്രക്ഷോഭം ഉണ്ടായില്ല. അവിടെ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് ഭരണപരമായ സൌകര്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഇവയെ താരതമ്യം ചെയ്യുന്നതു ശരിയല്ല.

ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നുമാത്രമുള്ള അമേരിക്കയില്‍ 50 സംസ്ഥാനം നിലവിലുള്ളത് ചൂണ്ടിക്കാട്ടി തെലങ്കാന സംസ്ഥാന രൂപീകരണതീരുമാനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ന്യായീകരിക്കുന്നു. വ്യവസായസംഘടനകളായ സിഐഐയും അസോചെമും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഈ തീരുമാനത്തിനു പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ?

ദേശീയ സമ്പത്തിന്മേല്‍ ഭരണവര്‍ഗം നടത്തിവരുന്ന കൊള്ള തുടരാന്‍ ശക്തമായ സംസ്ഥാനങ്ങള്‍ തടസ്സമാണെന്ന ചിന്ത അവരില്‍ പ്രബലമാവുകയാണ്. തങ്ങള്‍ക്കു കടന്നുവരാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനും ചെറിയ സംസ്ഥാനങ്ങളാണ് ഗുണകരമാണെന്ന ധാരണ സാമ്രാജ്യത്വത്തിനും വിദേശ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കുമുണ്ട്. ഈ പ്രക്രിയയെ അവര്‍ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നു. ചെറിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ താരതമ്യേന എളുപ്പമാണെന്നു കരുതുന്ന ബിജെപിയും സംസ്ഥാനങ്ങളുടെ വിഭജനത്തിനുവേണ്ടി ആവേശത്തോടെ നിലകൊള്ളുന്നു. ഇതൊരു വശംമാത്രമാണ്. മറ്റൊരു ഭാഗത്ത്, പ്രതിസന്ധിയുടെ ഇക്കാലത്ത് ജനങ്ങളുടെ ജീവിതം അനുദിനം മോശമായി വരുന്ന സാഹചര്യത്തില്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭരണവര്‍ഗം വൈകാരികപ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവ ആളിക്കത്തിക്കുകയാണ് ഭരണവര്‍ഗം. ആന്ധ്രയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നതും ഇതുതന്നെ. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കി; വരുമാനം ചുരുങ്ങി; ജലസേചനപദ്ധതികളുടെ നിര്‍മാണം മുടങ്ങിയിരിക്കുന്നു. ജനരോഷം വഴിതിരിച്ചുവിടാന്‍ പ്രത്യേകസംസ്ഥാനമെന്ന വൈകാരികപ്രശ്നം അവര്‍ എടുത്തുപയോഗിക്കയാണ്.

പക്ഷേ, മെച്ചപ്പെട്ട വികസനത്തിനും ഭരണനിര്‍വഹണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറിയ സംസ്ഥാനങ്ങളാണ് നല്ലതെന്ന വാദമുണ്ടല്ലോ ?

ചരിത്രപരമായ അനുഭവങ്ങള്‍ പരിശോധിച്ചാലും ഇന്നത്തെ അവസ്ഥ നോക്കിയാലും ഈ വാദം തെറ്റാണ്. ഇതു സംസ്ഥാനങ്ങളുടെ വിഭജനത്തിനു മതിയായ ന്യായമല്ല. മുതലാളിത്ത വികസനപാതയില്‍, പ്രത്യേകിച്ച് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയശേഷമുള്ള കാലഘട്ടത്തില്‍ അസന്തുലിതവികസനം തീവ്രമായ തോതിലായി. സംസ്ഥാനങ്ങളുടെ പങ്ക് ചുരുങ്ങിയപ്പോള്‍ അവഗണന നേരിട്ടുവന്ന മേഖലകളുടെ വികസനം കൂടുതല്‍ പരുങ്ങലിലായി.അവസരവാദപരമായ നേട്ടത്തിനുവേണ്ടി നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയപാര്‍ടികളും ഈ അസന്തുലിതവികസനം രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നു, അവര്‍ നവഉദാരവല്‍ക്കരണനയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരം നയങ്ങളെ ചെറുത്തുതോല്‍പ്പിച്ചാല്‍ മാത്രമേ വികസനം സന്തുലിതമാകൂ.

നിയമസഭയില്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി പ്രമേയം അവതരിപ്പിക്കുമ്പോള്‍ സിപിഐ എം അംഗങ്ങള്‍ അതിനെതിരെ വോട്ട് ചെയ്യുമോ ?

ഏകീകൃത സംസ്ഥാനത്തിനുവേണ്ടിയുള്ള ഞങ്ങളുടെ ഇപ്പോഴത്തെ നിലപാടുതന്നെയായിരിക്കും ഭാവിയിലും സ്വീകരിക്കുക. സഭയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ എന്ത് നിലപാട് എടുക്കുമെന്ന് ഇപ്പോള്‍ത്തന്നെ ചിന്തിക്കേണ്ട കാര്യമില്ല. അപ്പോള്‍ ഞങ്ങള്‍ നിര്‍ദേശം നല്‍കും.

സംസ്ഥാനത്തെ ജനങ്ങളോടുള്ള അഭ്യര്‍ഥന എന്താണ് ?

കടുത്ത വിഘടന പ്രവണതകള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ സംസ്ഥാനം ഏകീകൃതമാണെങ്കിലും വിഭജിച്ചതാണെങ്കിലും ജനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകും. ഒരു മേഖലയിലെ തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളും മറ്റൊരു മേഖലയിലെ ഈ വിഭാഗങ്ങളുടെ ശത്രുക്കളല്ല. ഭരണവര്‍ഗത്തെയും അവരുടെ നയങ്ങളെയുമാണ് ജനങ്ങള്‍ യോജിച്ചുനിന്ന് എതിര്‍ക്കേണ്ടത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ പൊരുതാന്‍ ഈ ഐക്യം അനിവാര്യമാണ്. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ സംയമനം പാലിക്കണമെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ സമ്പത്തിന്മേല്‍ ഭരണവര്‍ഗം നടത്തിവരുന്ന കൊള്ള തുടരാന്‍ ശക്തമായ സംസ്ഥാനങ്ങള്‍ തടസ്സമാണെന്ന ചിന്ത അവരില്‍ പ്രബലമാവുകയാണ്. തങ്ങള്‍ക്കു കടന്നുവരാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനും ചെറിയ സംസ്ഥാനങ്ങളാണ് ഗുണകരമാണെന്ന ധാരണ സാമ്രാജ്യത്വത്തിനും വിദേശ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കുമുണ്ട്. ഈ പ്രക്രിയയെ അവര്‍ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നു. ചെറിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ താരതമ്യേന എളുപ്പമാണെന്നു കരുതുന്ന ബിജെപിയും സംസ്ഥാനങ്ങളുടെ വിഭജനത്തിനുവേണ്ടി ആവേശത്തോടെ നിലകൊള്ളുന്നു. ഇതൊരു വശംമാത്രമാണ്. മറ്റൊരു ഭാഗത്ത്, പ്രതിസന്ധിയുടെ ഇക്കാലത്ത് ജനങ്ങളുടെ ജീവിതം അനുദിനം മോശമായി വരുന്ന സാഹചര്യത്തില്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭരണവര്‍ഗം വൈകാരികപ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവ ആളിക്കത്തിക്കുകയാണ് ഭരണവര്‍ഗം..... സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും അന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലുവുമായി ശ്രീ എന്‍ എസ് അരുണ്‍ നടത്തിയ അഭിമുഖം.

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

ഭരണ നിര്‍വ്വഹണത്തിന്റെ കാര്യക്ഷമതക്ക് വലിയ സംസ്ഥാനങ്ങള്‍ വിഭജിക്കുകതന്നെ വേണം.പലപ്പോഴും അവികസനവും,പ്രാദേശിക വിവേചനവും,ഭരണത്തിന്റെ ശ്രദ്ധ്ക്കുറവിനും,തീവ്രവാദ വളര്‍ച്ചക്കും സംസ്ഥാനങ്ങളുടെ വലിപ്പം കാരണമാകുന്നുണ്ട്.