Sunday, January 3, 2010

പുതിയ ഭൂമി പുതിയ ആകാശം

മുതുവാന്മാരുടെ ഊരുകളില്‍ അപരിചിതര്‍ക്ക് പ്രവേശനമില്ല. ഗോത്രനിയമം ഒരിക്കലും അവര്‍ തെറ്റിക്കുകയുമില്ല. തങ്ങളില്‍പ്പെട്ട ആരെങ്കിലും മറ്റു വിഭാഗത്തില്‍പ്പെട്ടവരെ കല്യാണം കഴിച്ചാല്‍ ഊരില്‍നിന്ന് പുറത്താവും. കല്യാണം കഴിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണെങ്കിലും രക്ഷയില്ല. നിയമങ്ങള്‍ തെറ്റിച്ച് ഊരുകളിലെത്തുന്ന അപരിചിതരെ ഇവര്‍ പിടികൂടുമെന്ന് ഉറപ്പ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലുള്ള ചെമ്പകത്തൊഴുകുടി കോളനിയിലേക്കുള്ള ചെങ്കുത്തായ വഴിയിലൂടെ രാത്രിയില്‍ ഫോര്‍വീലുള്ള മഹീന്ദ്രജീപ്പില്‍ നീങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ ഇക്കാര്യമായിരുന്നു മനസ്സില്‍. കാടിനു കുറുകെയുള്ള ചെങ്കുത്തായ പാതകള്‍ താണ്ടുമ്പോള്‍ ജീപ്പിന്റെ ഹെഡ്‌ലൈറ്റ് തട്ടി തിളങ്ങുന്ന കമ്പിവേലിയിലേക്ക് കൈചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. അത് ആന വരുന്നത് തടയാനുള്ളതാണ്. വൈദ്യുതീകരിച്ച കമ്പികള്‍. പകല്‍പോലും ആനയിറങ്ങുന്ന ഇടം. രാത്രിയില്‍ അപകടം കൂടുതല്‍. ചെമ്പകത്തൊഴുകുടിയിലെ നിരവധി പേരെ ആനകള്‍ ചവിട്ടിക്കൊന്നിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ഒരു കുടുംബത്തില്‍പ്പെട്ട നാലുപേര്‍ ആനയുടെ ആക്രമണത്തിന് ഇരയായെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ തോന്നിയ ഉള്‍ഭയം പുറത്തുകാട്ടിയില്ല.

ചെമ്പകത്തൊഴുകുടി കോളനിയില്‍ എത്തുംമുമ്പുതന്നെ ഒരു ഉത്സവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പ്രധാനവഴിയില്‍നിന്ന് ഊരിലേക്കുള്ള സിമന്റിട്ട നടപ്പാത വീതികുറഞ്ഞതാണ്. നടപ്പാതക്ക് ഇരുവശവും ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചം. വാഹനങ്ങള്‍ക്ക് പതുക്കെ നീങ്ങാം. എങ്കിലും ജീപ്പ് ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങി. കുത്തനെയുള്ള ഇറക്കം അരക്കിലോമീറ്ററോളം താണ്ടണം ഊരിലെത്താന്‍. അവിടെ പന്തലില്‍ ആഘോഷം തുടങ്ങിയിരിക്കുന്നു. ഊരുകാര്‍ക്ക് ആഘോഷിക്കാനുള്ള രാത്രിയാണത്. അവിടെയെത്തുന്ന വിഐപി രാപ്പാര്‍ക്കുന്നത് അവിടെയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഒരു മന്ത്രി തന്നെയാണ് എത്തുന്നതെന്ന സന്തോഷം ഏവരിലുമുണ്ട്.

ഊരിലെ മൂപ്പന്‍ സുബ്ബയ്യ കാണി അസ്സല്‍ കാരണവര്‍ തന്നെ. മുഴുക്കൈയന്‍ കുപ്പായത്തിനുമേലുള്ള അദ്ദേഹത്തിന്റെ കോട്ട് ഒരു അധികാരചിഹ്നം പോലെ തോന്നിച്ചു. മറ്റാര്‍ക്കുമില്ല അങ്ങനെയൊന്ന്. വിഐപിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹവും. ഒരപരിചിതനെപ്പോലും സ്വീകരിക്കാന്‍ തയ്യാറാവാത്ത മുതുവാന്മാര്‍ ആ രാത്രി പിന്നോക്ക, പട്ടികസമുദായ ക്ഷേമമന്ത്രി എ കെ ബാലനെയും സഹപ്രവര്‍ത്തകരെയും അവിടേക്ക് സ്വീകരിച്ചാനയിക്കുകയാണ്.

മുതുവാന്മാരുടെ കോളനികളിലെല്ലാമുള്ള സത്രത്തിന്(ഇതില്‍ മിക്കവാറും ഏകാധ്യാപക വിദ്യാലയമോ അങ്കണവാടിയോ ആയിരിക്കും പ്രവര്‍ത്തിക്കുക) മുന്നിലുള്ള ഗ്രൌണ്ടിലാണ് മന്ത്രിക്കുള്ള സ്വീകരണം. ചെമ്പകത്തൊഴുകുടിയിലെയും സമീപ കോളനികളിലെയും ആദിവാസികള്‍ അവിടെ ഹാജരുണ്ട്. അവര്‍ക്ക് പരാതികള്‍ ഒത്തിരിയുണ്ട്. 154 മുതുവാന്‍ കുടുംബങ്ങളില്‍ 84 കുടുംബങ്ങള്‍ക്കും വീടില്ല. അതില്‍തന്നെ പട്ടയമുള്ളത് 26 കുടുംബങ്ങള്‍ക്ക്. പരാതിക്കെട്ടുകള്‍ അങ്ങനെയോരോന്നും അവര്‍ അഴിച്ചുതുടങ്ങി. എല്ലാറ്റിനും പരിഹാരം കാണാന്‍ മന്ത്രി അപ്പപ്പോള്‍തന്നെ നിര്‍ദേശിക്കുകയാണ്. ചികിത്സാസഹായത്തിനായുള്ള നിവേദനങ്ങള്‍ നോക്കി അപ്പപ്പോള്‍ പണം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വിശദമാക്കുന്ന മന്ത്രിയുടെ വാക്കുകള്‍ ഈ ആദിവാസികള്‍ സശ്രദ്ധം കേള്‍ക്കുകയാണ്. കേരളത്തില്‍ ഇനി ഭൂമിയും വീടും ഇല്ലാത്ത ഒറ്റ ആദിവാസികുടുംബം പോലുമുണ്ടാവില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ മന്ത്രി എ കെ ബാലന്‍ പറയുമ്പോള്‍ ഏറെക്കാലം കേട്ടുപഴകിയ വാഗ്ദാനങ്ങളിലൊന്നായല്ല ആദിവാസികള്‍ അതിനെ കാണുന്നത്. തങ്ങളില്‍ ഒരാളായ മന്ത്രിയുടെ വാക്കുകള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. അതിനു കാരണവുമുണ്ട്. ഈ പാവങ്ങളെ പൊതുധാരയില്‍ നിന്ന് അകറ്റാനും അവരുടെ രക്ഷകര്‍ ചമയാനും ശ്രമിക്കുന്ന ശക്തികളില്‍നിന്ന് ഇവരെ മോചിപ്പിക്കാനും ഈ സര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങള്‍ ആദിവാസി സമൂഹത്തിനാകെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ സമരങ്ങള്‍ സാര്‍ഥകമാവുന്നത് ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൂടെയാണ്. വനംവകുപ്പിന്റേതായാലും റെവന്യൂവകുപ്പിന്റെതായാലയും ആത്യന്തികമായി ഭൂമിയുടെ അവകാശികള്‍ ആദിവാസികള്‍ തന്നെയാണെന്ന് മന്ത്രി പറയുമ്പോള്‍ ആദിവാസികള്‍ അത് കൈയടികളോടെയാണ് ഏറ്റുവാങ്ങുന്നത്. കേന്ദ്രം പാസാക്കിയ വനാവകാശ നിയമത്തിന്റെ ഭാഗമായി ഭൂമി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുന്നതിന്റെ സംതൃപ്‌തിയും ആദിവാസികളുടെ മുഖത്തുണ്ട്. ഏറ്റവുമൊടുവില്‍ ഇഎംഎസ് ഭവനപദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വീടു പണിയാന്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും അവര്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രോഗം വന്ന ആദിവാസി ചികിത്സ കിട്ടാതെ വീട്ടില്‍ കിടക്കേണ്ടിവരുന്ന സ്ഥിതി ഇല്ലാതാക്കിയെന്നും മന്ത്രി പറയുമ്പോള്‍ ആദിവാസി സമൂഹമാകെ ആഹ്ളാദത്തോടെ തലകുലുക്കി സമ്മതിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ആദിവാസികള്‍ക്ക് ഇന്ത്യയിലെങ്ങും ഇല്ലാത്ത ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് മന്ത്രി പറയുമ്പോഴും കരഘോഷമുയരുകയാണ്.

ആദിവാസി കോളനികള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ അമരരുതെന്ന മന്ത്രിയുടെ ഉപദേശവും അവര്‍ സര്‍വാത്മനാ സ്വീകരിക്കുന്നു. തീവ്രവാദ ആശയങ്ങള്‍ നിരപരാധികളെ ഇരകളാക്കുകയാണ്. വര്‍ക്കല പ്രശ്‌നത്തെ മുന്‍നിര്‍ത്തി ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. ആദിവാസികളുടെയും ദളിതരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണം തന്നെയുപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ആദിവാസികള്‍ക്ക് വൈദ്യുതിക്ക് കാത്തുനില്‍ക്കേണ്ട സ്ഥിതി ഇപ്പോഴില്ലെന്ന് മന്ത്രി അഭിമാനപൂര്‍വം പറയുമ്പോള്‍ സുബ്ബയ്യ കാണി ഇരുകൈകളും തലയ്‌ക്കുമീതെ ഉയര്‍ത്തി കൈയടിച്ചുകൊണ്ടാണ് ആഹ്ളാദം പങ്കുവെക്കുന്നത്. "ഞാന്‍ എല്‍എല്‍ബിക്ക് പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. പാര്‍ലമെന്റിലേക്ക് ജയിച്ച കാലത്തും എന്റെ വീട്ടില്‍ കറണ്ടില്ല. അക്കാലത്ത് വൈദ്യുതി മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ കണ്ട് ഇക്കാര്യം മന്ത്രിയായ കാലത്ത് എന്റെ നാട്ടില്‍ ഒരു യോഗത്തിന് വന്നു. അപ്പോഴാണ് എന്റെ വീട്ടില്‍ കറണ്ടില്ലെന്ന് മനസ്സിലാക്കി പെട്ടെന്ന് കറണ്ടെത്തിക്കാന്‍ നടപടിയെടുത്തത്. ഇന്ന് ഒരാള്‍ക്കുപോലും വൈദ്യുതി ലഭിക്കുന്നതിന് കാലതാമസമില്ല. ആദിവാസി ഊരുകളില്‍ പ്രത്യേകിച്ചും.'' മന്ത്രിയുടെ ഓരോ വാക്കിലെയും ആത്മാര്‍ഥതയും സത്യസന്ധതയും ആദിവാസികള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് അവരുടെ മുഖത്ത്നിന്ന് വായിച്ചെടുക്കാം.

രാത്രി വൈകി സ്വീകരണം കഴിഞ്ഞപ്പോഴേക്കും മന്ത്രിയുടെ താമസത്തിനുള്ള ഒരുക്കത്തിന്റെ തിരക്കിലേക്ക് ആ കോളനി മൊത്തം മുഴുകി. ആദിവാസി ഊരില്‍ മന്ത്രി തങ്ങുകയെന്ന കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം ആഘോഷമാക്കാനാണ് ഓരോരുത്തരും ശ്രമിച്ചത്. ആഘോഷമായിത്തന്നെയാണ് മന്ത്രിയെ കോളനിവാസികള്‍ സുബ്ബയ്യ കാണിയുടെ വീട്ടിലേക്ക് ആനയിച്ചത്. അധഃസ്ഥിത കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് സുബ്ബയ്യ കാണിയുടെ പുല്ലു മേഞ്ഞ കുടിലില്‍ താമസിക്കുന്നതില്‍ എന്തു പുതുമയെന്നാണ് അമ്പരപ്പോടെ മുന്നില്‍ നിന്നവരോട് അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്. മന്ത്രി താമസിച്ച കുടിലില്‍നിന്ന് അകലെയുള്ള ഹോട്ടല്‍ മുറിയിലേക്ക് ശൈത്യം നിറഞ്ഞ രാത്രിയില്‍ മടങ്ങുകയായിരുന്ന ഞങ്ങള്‍ക്ക് വഴികാട്ടിയത് സുബ്ബയ്യ കാണിയുടെ മകളുടെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആനന്ദ്‌രാജ് ആയിരുന്നു. കര്‍ഷകനായ ആനന്ദ്‌രാജ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസുകാരനാണെങ്കിലും മന്ത്രിയുടെ ഈ ശ്രമങ്ങളെ ആദിവാസികള്‍ ആവേശത്തോടെയാണ് കാണുന്നതെന്ന് പറയാന്‍ തനിക്കൊട്ടും മടിയില്ലെന്നായിരുന്നു ആനന്ദ്‌രാജിന്റെ പ്രതികരണം.

വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞാണ് മന്ത്രി ഇടുക്കി ജില്ലയിലെത്തിയത്. ജില്ലയില്‍ പതിമൂന്ന് കോളനികളാണ് മന്ത്രി രണ്ടുനാള്‍കൊണ്ട് സന്ദര്‍ശിച്ചത്. കാടിന്റെ കറുത്ത മക്കളെ ചുട്ടുകൊല്ലുകയും അവരുടെ കുഴിഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും അവരുടെ ഭൂമിയും മാനവും കവര്‍ന്നെടുക്കുകയും ചെയ്യുന്നവരെ നിലയ്‌ക്ക് നിര്‍ത്തുമെന്ന പ്രഖ്യാപനമായിരുന്നു ഓരോ കോളനിയിലും മന്ത്രി നടത്തിയ സന്ദര്‍ശനം. ആദിവാസികളില്‍ സുരക്ഷിതത്വബോധം വളര്‍ത്താനും കോളനികളില്‍ ശക്തമാവുന്ന ദുഷ്പ്രവണതകളെ ദൂരീകരിക്കാനുമുള്ള ശ്രമങ്ങളായിരുന്നു ഓരോ ഇടപെടലും.

ഇടുക്കി പദ്ധതിക്ക് വഴികാട്ടിയായ ആദിവാസി മൂപ്പന്‍ കൊലുമ്പന്റെ സമാധിയില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് ജില്ലയിലെ പര്യടനത്തിന് മന്ത്രി എ കെ ബാലന്‍ തുടക്കമിട്ടത്. കൊലുമ്പന്റെ പേരിലുള്ള കോളനിയാണ് ആദ്യം സന്ദര്‍ശിച്ചത്. കൊലുമ്പന്റെ പ്രതിമ സമാധിയില്‍ സ്ഥാപിക്കുമെന്നും എസ്എസ്എല്‍സിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദിവാസി വിദ്യാര്‍ഥിക്ക് കൊലുമ്പന്‍ എന്‍ഡോവ്മെന്റ് നല്‍കുമെന്നുമുള്ള പ്രഖ്യാപനങ്ങളായിരുന്നു മന്ത്രി ആദ്യം നടത്തിയത്. ചികിത്സാ സഹായത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ നോക്കി അപ്പപ്പോള്‍ സഹായം പ്രഖ്യാപിച്ചത് ആദിവാസികളില്‍ ആശ്വാസം പകര്‍ന്നു. കാല്‍നടപോലും ദുര്‍ഘടമായ പാതകള്‍ താണ്ടി മന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിയാന്‍ എത്തിയത് ആദിവാസികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കയാണെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിച്ചിരിക്കയാണ്.
ആദിവാസി വനാവകാശ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കി ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കാനും അതുവഴി ആദിവാസികളെ ഭൂമിയുടെ ഉടമകളാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ഊര്‍ജിതമായി നടപ്പാക്കുന്നത്. നിയമം നടപ്പാക്കുന്നതിന് പകരം ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കുന്ന പ്രവണതക്ക് തടയിടാന്‍ ഈ നടപടികള്‍കൊണ്ട് സാധിച്ചു. ഊരടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന വനാവകാശ കമ്മിറ്റികള്‍ക്ക് മുന്നില്‍ ആദിവാസികള്‍ നല്‍കുന്ന അപേക്ഷകള്‍ ചോദ്യംചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചുകഴിഞ്ഞു. വനാവകാശനിയമപ്രകാരം ഭൂമി ലഭിക്കുന്നതിന് വിവിധ ജില്ലകളിലായി 34,882 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. സര്‍വേ നടത്തി ഭൂമി ആദിവാസികള്‍ക്കു നല്‍കാനും ഓരോ ഭൂമിക്കും പ്രത്യേക സ്‌കെച്ചും പ്ളാനും തയ്യാറാക്കാനും നടപടിയായിട്ടുണ്ട്. സമീപഭൂമിയുടെ ഉടമസ്ഥതകൂടി വ്യക്തമാക്കുന്ന പട്ടയമായിരിക്കും ഇത്. ഭൂമി ലഭിക്കുന്ന ആദിവാസിയുടെ ഫോട്ടോയും ഇതിലുണ്ടാവുമെന്നതിനാല്‍ ഭൂമി നഷ്‌ടമാവുന്നത് തടയാന്‍ സാധിക്കും.

പലരും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്‌താല്‍ മാത്രമേ ആദിവാസി-ദളിത് ഭൂപ്രശ്‌നത്തിന് ശാശ്വതപരിഹാരമാവൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളീയ സമൂഹത്തില്‍ ദീര്‍ഘകാലം മുറിപ്പാടായിക്കിടന്ന ആദിവാസി ഭൂപ്രശ്‌നം ലളിതമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ശുഭകരമായ പര്യവസാനം കൂടിയാവുകയാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ഭൂമിക്കുവേണ്ടി സമരം നടത്തിയ മുത്തങ്ങയിലെ ആദിവാസികളെ വെടിയുണ്ടകൊണ്ടും ലാത്തികൊണ്ടും നേരിട്ട ഭൂതകാലം സൃഷ്‌ടിച്ച അന്യതാബോധത്തില്‍നിന്നും ആഘാതത്തില്‍ നിന്നും ആദിവാസികളെ സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയാണെങ്കിലും രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളില്‍നിന്ന് ഉചിതമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തില്‍ ഇനി വരുന്ന ഒരു ഭരണാധികാരിക്കും അവഗണിക്കാനാവാത്ത ഒരു മാതൃകയാണ് മന്ത്രി ഈ സന്ദര്‍ശനങ്ങളിലൂടെ സൃഷ്‌ടിച്ചിട്ടുള്ളത്.

കമ്യൂണിസ്റ്റുകാര്‍ അധഃസ്ഥിതര്‍ക്കൊപ്പം

മന്ത്രി ശ്രീ. എ കെ ബാലനുമായി ശ്രീ.എന്‍ എസ് സജിത് നടത്തുന്ന അഭിമുഖം

ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കാനും പരിഹാരം കാണാനും മന്ത്രി തന്നെ മുന്നിട്ടിറങ്ങുക. ഇങ്ങനെയൊന്ന് കേരളത്തിലെന്നല്ല രാജ്യത്തൊരിടത്തും ഉണ്ടായിട്ടില്ല. അനന്യമായ ഇത്തരം പരിശ്രമങ്ങള്‍ക്കുള്ള പ്രേരണയെന്താണ് ?

പാവങ്ങളായ ആദിവാസികളെ പൊതുധാരയില്‍നിന്ന് അകറ്റുന്നതിനും അവരെ ശത്രുക്കളായി പൊതുസമൂഹം വീക്ഷിക്കുന്നതിനും സഹായകമായ രീതിയില്‍ ചില തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകള്‍ ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോളനികളില്‍ പോയി കുടുംബാംഗങ്ങളെ കണ്ട് അവരുമായി സംവദിക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ വസ്‌തുത ബോധ്യപ്പെടൂ. സെക്രട്ടറിയേറ്റിലിരുന്നതുകൊണ്ട് മാത്രം ജീവത്തായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പറ്റില്ല. നിയമസഭയില്‍ എംഎല്‍എമാര്‍ ചില കാര്യങ്ങള്‍ കൊണ്ടുവരും. മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കും. അങ്ങനെയും ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. പക്ഷേ അതിന് ചില പരിമിതികളുണ്ട്. ഈ പരിമിതികളെ മറികടക്കുക എന്നതാണ് സന്ദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം പരിശ്രമങ്ങളെ പൂര്‍ണമായും തമസ്‌ക്കരിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന് തോന്നുന്നുണ്ടോ?

അടിസ്ഥാനവര്‍ഗം നടത്തിയ ഉജ്വലമായ പോരാട്ടത്തിന്റെ സൃഷ്‌ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതിനു നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയാവട്ടെ തൊഴിലാളിവര്‍ഗ പാര്‍ടിയാണ്. തൊഴിലാളിവര്‍ഗത്തില്‍ നിര്‍ണായകസ്വാധീനം പുലര്‍ത്തുന്നത് ദളിത് വിഭാഗങ്ങളും. ഈ അധഃസ്ഥിത വിഭാഗത്തില്‍നിന്നെല്ലാം പാര്‍ടി അകന്നുപോയി എന്ന പ്രചാരണമാണ് ഭരണത്തിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് എതിരെ ഉയരുന്നത്. നേതാക്കള്‍ ദന്തഗോപുരവാസികളാണെന്നുമൊക്കെയുള്ള പ്രചാരണത്തിനും എതിരാളികള്‍ മൂര്‍ച്ചകൂട്ടും. മന്ത്രിമാര്‍ക്കൊന്നും തന്നെ ഇവരുമായി ബന്ധമില്ലെന്നും അവര്‍ വരേണ്യവര്‍ഗതാല്‍പ്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നുമൊക്കെയാണ് പ്രചാരണം. യഥാര്‍ഥ വസ്‌തുതയുമായി പുലബന്ധമില്ലാത്തതാണെങ്കിലും ഈ പ്രചാരണം അഭംഗുരം തുടരുകയാണ്. കൃത്രിമമായി സൃഷ്‌ടിക്കുന്ന ഇത്തരം കഥകള്‍ ഊതിവീര്‍പ്പിച്ച് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സാമാന്യജനങ്ങളെ അകറ്റാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമം കൂടിയാണിത്. ഇത് കേരളത്തില്‍ വ്യാപകമാണ്. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ ഏറെയും ഈ കഥകളുടെ പിന്നാലെയാണ്. എന്നാല്‍ പോസിറ്റീവായ ചില ഭാഗങ്ങളുണ്ട്. സര്‍ക്കാരിന് സംഭവിക്കുന്ന തെറ്റുകള്‍ തുറന്നു പറഞ്ഞ് തിരുത്തുന്ന ചാലകശക്തിയാവണം മാധ്യമങ്ങള്‍. പ്രതിപക്ഷത്തിന്റെ ചുമതലയും അതുതന്നെയായിരിക്കണം.
എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഇതൊന്നുമല്ല. നല്ലതെന്തു ചെയ്‌താലും അതിനെ മറച്ചുപിടിക്കുക എന്നതാണ് ഇപ്പോഴത്തെ മാധ്യമധര്‍മം. വിവാദങ്ങളുണ്ടാക്കിയാണ് ഈ ദൌത്യം മാധ്യമങ്ങള്‍ നിറവേറ്റുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും വിവാദങ്ങള്‍കൊണ്ട് മറച്ചുപിടിക്കുകയാണ്. വിവാദത്തിനു പിന്നാലെ കൊണ്ടുപോകുക. ചെയ്‌ത കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കുക, അതിന് തടയിടുക. അത് സമര്‍ഥമായി മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. ഓരോ മന്ത്രിസഭായോഗവും കൈക്കൊള്ളുന്ന സുപ്രധാനമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. അതിന്റെ കൂടപ്പിറപ്പായി വിവാദങ്ങളും സൃഷ്‌ടിക്കപ്പെടുന്നു. വിവാദങ്ങളുടെ സൃഷ്‌ടി സര്‍ക്കാരിനെതിരായ ആക്രമണങ്ങളുടെ പുതിയ രൂപമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. സര്‍ക്കാരിന്റെ തെറ്റുകള്‍ നേര്‍ക്കുനേര്‍ നിന്നു പറയലായിരുന്നു. വിവാദങ്ങള്‍ വലതുപക്ഷ പിന്തിരിപ്പന്‍ ആശയത്തിന്റെ ഉല്‍പ്പന്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ കാര്യങ്ങള്‍ ഇന്ത്യയില്‍ ഒരു സര്‍ക്കാരും ചെയ്യാത്തതാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുപോലും ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടില്ല. ഈ മന്ത്രിസഭ ചെയ്‌ത നല്ല കാര്യങ്ങള്‍ ഏതു വകുപ്പുമന്ത്രിക്കും എത്ര മണിക്കൂറെടുത്തും ചങ്കൂറ്റത്തോടെ പറയാനാവും. ഈ പശ്ചാത്തലത്തിലാണ് ഈ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുള്ള ശ്രമം.

മാത്രവുമല്ല, പട്ടികജാതി -പട്ടികവര്‍ഗ പിന്നോക്ക വകുപ്പ് മന്ത്രി തന്നെയാണ് വൈദ്യുതി വകുപ്പും കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണിത്. ഈ അന്തരീക്ഷത്തെ പാവങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. അടിസ്ഥാന വര്‍ഗത്തില്‍ ജനിച്ച ഒരാളെന്ന നിലയ്ക്ക് എന്റെ വ്യക്തിപരമായ കടമയെന്ന നിലയിലാണ് ഇതിനെ കാണുന്നത്. സിപിഐ എം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ടിയാണെന്നതുകൊണ്ടുതന്നെ ഈ വിഭാഗത്തെ മറന്നു കൊണ്ട് ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. എല്ലാ മന്ത്രിമാര്‍ക്കുമെന്ന പോലെ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത എനിക്കുമുണ്ട്. എന്റെ വകുപ്പ് ഉപയോഗിച്ചുകൊണ്ട് പരാമവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ മന്ത്രിമാരും ചെയ്യുന്നതുപോലെ തന്നെ.

ഈ യാത്ര താങ്കള്‍ക്കു തരുന്ന അനുഭവങ്ങള്‍ എന്തെല്ലാമാണ് ?

യാത്രക്ക് ഒരുപാട് ഗുണമുണ്ട്. ആദിവാസികള്‍ ആത്മാര്‍ഥമായാണ് അവരുടെ പ്രശ്‌നങ്ങള്‍ എന്നോട് പറയുന്നത്. ഒരു കുടുംബാംഗത്തോടെന്നപോലെ. മന്ത്രിതന്നെ കേരളത്തില്‍ ഊരുകളില്‍ പോയി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നത് ആദ്യമായാണ്. വയനാട്ടില്‍ ഞാന്‍ താമസിച്ച കോളനിയില്‍ വെള്ളമില്ല. ട്രാൻ‌സ്‌ഫോര്‍മര്‍ ഇല്ലാത്തതാണ് കാരണം. തൊട്ടടുത്ത ദിവസം തന്നെ ട്രാൻ‌സ്‌ഫോർമര്‍ എത്തിച്ചു. അവിടെയുള്ള ലൈബ്രറിയില്‍ കംപ്യൂട്ടറും ടിവിയുമുണ്ടായിരുന്നില്ല. പരാതി ലഭിച്ചപ്പോള്‍ തന്നെ ഇതു രണ്ടും എത്തിച്ചു. 1800ഓളം പരാതികള്‍ അവിടുന്ന് കിട്ടി. എല്ലാം ചികിത്സാ സഹായവുമായി ബന്ധപ്പെട്ടവ. അത് അപ്പോള്‍ തന്നെ തീര്‍പ്പാക്കി. 35 ലക്ഷം രൂപ അവിടെ തന്നെ നല്‍കാന്‍ നടപടിയെടുത്തു. വയനാട്ടില്‍ മാത്രം ഊരുകള്‍ വൈദ്യുതീകരിക്കാന്‍ നാലരക്കോടി രൂപ വരും. അത് പൂര്‍ണമായും കെഎസ്ഇബി ചെയ്‌തു. പത്തുകോടിയാണ് ഇതിന് മൊത്തമായുള്ളത്. അതില്‍ നാലരക്കോടിയാണ് വയനാടിന് നല്‍കിയത്. അതല്ലാതെയുള്ള നിരവധി പരാതികള്‍ അവിടെ വച്ചു തന്നെ തീര്‍പ്പാക്കി.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഞാന്‍ താമസിച്ചത് മൂലഗംഗ എന്ന കോളനിയിലാണ്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശം. ഇടിഞ്ഞുപൊളിഞ്ഞ വീടുകളാണ് അവിടെ. വൈദ്യുതി എത്തിയിട്ടേയില്ല. വൈദ്യുതി എന്ന് കേട്ടിട്ടുപോലുമില്ലാത്തവര്‍ ഏറെയുണ്ട്. അവിടെ മൂന്നരക്കോടി രൂപയാണ് ചെലവിടുന്നത്. അട്ടപ്പാടിയുള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് എട്ടുകോടി രൂപ വരും. അതത്രയും ബോർഡ് തന്നെയാണ് എടുക്കുക. അതില്‍ മൂന്നരക്കോടിയാണ് അട്ടപ്പാടിക്ക് ചെലവിടുന്നത്. നച്ചുപ്പതി, മൂലഗംഗ, വള്ളകുളം എന്നീ മൂന്ന് കോളനികളിലെ 250ലേറെ വീടുകള്‍ പുതുക്കിപണിയാന്‍ തീരുമാനിച്ചു. തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനം അവിടെ കാര്യക്ഷമാമായിരുന്നില്ല. ആദിവാസികളില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്ത് ജോലി ലഭിച്ചിരുന്നുള്ളൂ. എന്‍ജിനിയര്‍മാരെ വിന്യസിക്കാത്തതാണ് ഇതിന് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. അത് പരിഹരിക്കാനുള്ള നടപടി അപ്പോള്‍ തന്നെ എടുത്തു. ചികിത്സക്കുള്ള അപേക്ഷകളും അവിടെവച്ച് തീര്‍പ്പാക്കി. ഇത്തരം പല പ്രശ്‌നങ്ങളും പഠിക്കാനും പരിഹരിക്കാനും കഴിഞ്ഞു എന്നതാണ് അട്ടപ്പാടിയിലെ യാത്രയിലുണ്ടായ അനുഭവം.

വയനാട്, അട്ടപ്പാടി എന്നിവയെക്കാള്‍ വ്യത്യസ്തമായ പ്രശ്‌നങ്ങളാണോ ഇടുക്കിക്കുള്ളത് ?

ഇടുക്കിയുടെ സവിശേഷത മറ്റൊന്നാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമത്തിന്റെ നടപടികള്‍ വളരെ പിന്നിലാണ്. പതിനായിരത്തോളം ആദിവാസികളുടെ അപേക്ഷകള്‍ ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റി(എഫ്ആര്‍സി)യുടെ മുമ്പാകെയുണ്ട്. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ പോരായ്‌മക്ക് ഭരണതലത്തില്‍ തന്നെ പരിഹരമാകും. ജനുവരി, ഫെബ്രുവരി മാസത്തോടെ ഭൂമി വിതരണം പൂര്‍ത്തിയാക്കും. കൊലുമ്പന്‍ കോളനിയില്‍നിന്നാണ് പര്യടനം തുടങ്ങിയത്. 55 കുടുംബങ്ങളാണ് ഇവിടെ. ഈ സര്‍ക്കാര്‍ വന്നശേഷമാണ് കൊലുമ്പന്‍ കോളനി വൈദ്യുതീകരിച്ചത്. എന്നിട്ടും പതിനൊന്ന് വീടുകള്‍ ഇപ്പോഴും ബാക്കിയുണ്ട്. വീടില്ലാത്തവര്‍ക്ക് പതിനൊന്ന് വീടുകള്‍ കൊടുക്കാന്‍ തീരുമാനിച്ചു. വെള്ളമെത്തിക്കാനും റോഡ് നിര്‍മിക്കാനും നടപടിയായി. ഇടുക്കി പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന കൊലുമ്പന് ഉചിതമായ സ്‌മാരകം പണിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സ്‌മാരകത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ പണിയും. ജില്ലയില്‍ എസ്എസ്എല്‍സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന എസ് സി- എസ് ടി വിദ്യാര്‍ഥികള്‍ക്ക് കൊലുമ്പന്റെ പേരില്‍ എന്‍ഡോവ്മെന്റ് ആരംഭിക്കും. കൂടാതെ ആദിവാസി കുട്ടികള്‍ക്ക് സ്റ്റേഡിയം പണിയാനും നടപടിയായിട്ടുണ്ട്. ഉടുമ്പഞ്ചോല പ്രദേശത്ത്1800 കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും നടപടിയായിട്ടുണ്ട്. ഇടുക്കിയില്‍ മാത്രമാണ് ആര്‍ജിജിവിവൈ(രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണപദ്ധതി) പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം അനുവദിക്കുന്നത്. രാജ്യത്ത് 26000 കോടിയുടെ പദ്ധതിയാണ്. കേരളത്തിന് പതിനാലു ജില്ലകള്‍ക്കും പദ്ധതി നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു ജില്ലക്ക് മാത്രമാണ് അനുവദിച്ചത്. അത് ഇടുക്കിക്ക് മാത്രം. 19.95 കോടി രൂപയാണ് നല്‍കുന്നത്. മറ്റുള്ള ജില്ലകള്‍ക്കുകൂടി പദ്ധതി നടപ്പാക്കണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. 39 ഗ്രാമങ്ങളിലായി നൂറു കരകളില്‍ 16097 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. 42 കരകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി.

കേരളത്തില്‍ ഈ പദ്ധതികൊണ്ട് മാത്രം സമ്പൂര്‍ണവൈദ്യുതീകരണം പൂര്‍ത്തിയാവില്ല. മണ്ഡലത്തിന് ഒരു കോടി രൂപ വീതമാണ് ബോർഡ് നല്‍കുന്നത്. 15 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി. പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി ജനുവരിയില്‍ പ്രഖ്യാപിക്കും. ഇതില്‍ മുന്‍ഗണന നല്‍കിയത് പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ക്കാണ്. അവര്‍ക്ക് വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കേണ്ട പ്രശ്‌നമേ വരുന്നില്ല. വൈദ്യുതി വകുപ്പ് ദളിത് വിഭാഗത്തില്‍പ്പെട്ട മന്ത്രി തന്നെ കെകാര്യം ചെയ്യുന്നതുകൊണ്ടുള്ള നേട്ടമാണിത്. ആ വിഭാഗത്തിന് വൈദ്യുതി ഉറപ്പാക്കാന്‍ ഈ വകുപ്പിനെ ഉപയോഗിക്കാനായി. ഇതരവിഭാഗത്തിനും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു.

കേരളത്തിലെ പൊതുസമൂഹം വൈദ്യുതിവകുപ്പിന്റെയും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെ നല്ല നിലയ്ക്കാണ് കാണുന്നത്. പൊതുവില്‍ നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളൊന്നും ജനങ്ങളിലെത്തി സര്‍ക്കാരിന് പ്ളസ് പോയന്റ് ആക്കുക എന്നതരത്തിലുള്ള പ്രതികരണം കാണുന്നില്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കേണ്ടേ? അങ്ങനെയുള്ള പ്രതികരണം കാണുന്നില്ല. അതാണ് പരിശോധിക്കേണ്ടത്. ഒരു തെറ്റും ചെയ്തിട്ടില്ല. പരമാവധി സഹായമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്തുകൊണ്ട് തമസ്കരിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കുന്നത്. ഇത് പേരായ്‌മ പരിഹരിക്കുന്നതിന് കൂടിയാണ് ആദിവാസി കോളനികള്‍ സന്ദര്‍ശിക്കുന്നത്.

ചെങ്ങറ സമരം പരിഹരിച്ചുവെങ്കിലും സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സമരം തുടരുമെന്നുമാണ് സമരസമിതി നേതാവ് ളാഹ ഗോപാലന്‍ പറയുന്നത് ?

ചെങ്ങറ ഭൂസമരം പരിഹരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. പ്രതിപക്ഷ നേതാവിനെക്കൂടി വിശ്വാസത്തിലെടുത്താണ് സമരം പരിഹരിച്ചത്. അതിന്റെ പേരില്‍ ഇനിയും ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാണ്.

****

എന്‍ എസ് സജിത്, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വിശദമാക്കുന്ന മന്ത്രിയുടെ വാക്കുകള്‍ ഈ ആദിവാസികള്‍ സശ്രദ്ധം കേള്‍ക്കുകയാണ്. കേരളത്തില്‍ ഇനി ഭൂമിയും വീടും ഇല്ലാത്ത ഒറ്റ ആദിവാസികുടുംബം പോലുമുണ്ടാവില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ മന്ത്രി എ കെ ബാലന്‍ പറയുമ്പോള്‍ ഏറെക്കാലം കേട്ടുപഴകിയ വാഗ്ദാനങ്ങളിലൊന്നായല്ല ആദിവാസികള്‍ അതിനെ കാണുന്നത്. തങ്ങളില്‍ ഒരാളായ മന്ത്രിയുടെ വാക്കുകള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. അതിനു കാരണവുമുണ്ട്. ഈ പാവങ്ങളെ പൊതുധാരയില്‍ നിന്ന് അകറ്റാനും അവരുടെ രക്ഷകര്‍ ചമയാനും ശ്രമിക്കുന്ന ശക്തികളില്‍നിന്ന് ഇവരെ മോചിപ്പിക്കാനും ഈ സര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങള്‍ ആദിവാസി സമൂഹത്തിനാകെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ സമരങ്ങള്‍ സാര്‍ഥകമാവുന്നത് ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൂടെയാണ്. വനംവകുപ്പിന്റേതായാലും റെവന്യൂവകുപ്പിന്റെതായാലയും ആത്യന്തികമായി ഭൂമിയുടെ അവകാശികള്‍ ആദിവാസികള്‍ തന്നെയാണെന്ന് മന്ത്രി പറയുമ്പോള്‍ ആദിവാസികള്‍ അത് കൈയടികളോടെയാണ് ഏറ്റുവാങ്ങുന്നത്. കേന്ദ്രം പാസാക്കിയ വനാവകാശ നിയമത്തിന്റെ ഭാഗമായി ഭൂമി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുന്നതിന്റെ സംതൃപ്‌തിയും ആദിവാസികളുടെ മുഖത്തുണ്ട്. ഏറ്റവുമൊടുവില്‍ ഇഎംഎസ് ഭവനപദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വീടു പണിയാന്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും അവര്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രോഗം വന്ന ആദിവാസി ചികിത്സ കിട്ടാതെ വീട്ടില്‍ കിടക്കേണ്ടിവരുന്ന സ്ഥിതി ഇല്ലാതാക്കിയെന്നും മന്ത്രി പറയുമ്പോള്‍ ആദിവാസി സമൂഹമാകെ ആഹ്ളാദത്തോടെ തലകുലുക്കി സമ്മതിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ആദിവാസികള്‍ക്ക് ഇന്ത്യയിലെങ്ങും ഇല്ലാത്ത ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് മന്ത്രി പറയുമ്പോഴും കരഘോഷമുയരുകയാണ്.