Saturday, January 16, 2010

പെണ്ണും പുലിയും: വര്‍ജീനിയ വുള്‍ഫ്

സ്‌ത്രീപക്ഷ വിചാരം വിഷയമാക്കിയുള്ള ഏത് സംവാദത്തിലും ആദ്യം പൊന്തിവരുന്ന പേരാണ് വര്‍ജീനിയ വുള്‍ഫ്. എഡ്വേഡ് ആല്‍ബി എന്ന അമേരിക്കന്‍ അസംബന്ധ നാടകകൃത്ത് തന്റെ പ്രഖ്യാതമായ ഒരു രംഗപാഠത്തിനു നല്‍കിയ ശീര്‍ഷകം Who is afraid of Virginia Woolf എന്നത്രെ. 'she is neither a virgin nor a woolf ' എന്ന അത്ര നിര്‍ദോഷമല്ലാത്ത തമാശ ഏറെക്കാലം പ്രചരിച്ചിരുന്നു. പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ് എഴുത്തിലെ വ്യത്യസ്‌തമായ സ്‌ത്രീശബ്ദമായിരുന്നു അമ്പത്തൊമ്പത് വയസ്സില്‍ സ്വയം മുങ്ങിമരിച്ച അഡൊലിന്‍ വര്‍ജീനിയ വുള്‍ഫ് (1882-1941). പ്രസിദ്ധ സാഹിത്യ നിരൂപകനായിരുന്ന ലെസ്ലി സ്റ്റീഫന്റെ മകള്‍ വര്‍ജീനിയ മുപ്പതാം വയസ്സിലാണ് എഴുത്തുകാരനും പ്രസാധകനുമായ ലിയൊണാര്‍ഡ് വുള്‍ഫിനെ വരിച്ചത്. ഭര്‍ത്താവ് സ്ഥാപിച്ച ഹോഗാര്‍ത്ത് പ്രസ്സിലൂടെയാണ് അവരുടെ മിക്ക പുസ്‌തകങ്ങളും വെളിച്ചം കണ്ടത്.

ഔപചാരിക വിദ്യാഭ്യാസം വര്‍ജീനിയക്കുണ്ടായില്ല. വിദ്യാധനമെന്നത് അവര്‍ സ്വയം ആര്‍ജിക്കുകയാണ് ചെയ്തത്; ആഴവും പരപ്പുമുള്ള വായനയിലൂടെ. ഇരുപതുകളിലും മുപ്പതുകളിലും ഈ എഴുത്തുകാരി ബ്ളൂംസ് ബെറി ഗ്രൂപ്പ് എന്നു വിളികൊണ്ട സാഹിത്യ സര്‍ക്കിളിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. അച്ഛന്‍ ലെസ്ലി സ്റ്റീഫനും ഭര്‍ത്താവ് ലിയൊണാര്‍ഡ് വുള്‍ഫും സഹോദരി വനീസയും ഒപ്പമുണ്ടായിരുന്നു. താനുള്‍പ്പെടുന്ന മധ്യവര്‍ഗ സമൂഹത്തോട്, അതിന്റെ നീതിശാസ്‌ത്രത്തോട്, വര്‍ജീനിയ നിരന്തരം കലഹിച്ചു. ഒരുറച്ച 'പസിഫിസ്റ്റ് '(സമാധാനവാദി) ആയും അവര്‍ അറിയപ്പെട്ടിരുന്നു. വിമന്‍സ് കോപ്പറേറ്റീവ് ഗില്‍ഡ്' എന്ന സംഘടനയും വര്‍ജീനിയയുടെ ഇഷ്‌ടവേദികളിലൊന്നായി. അകാരണമായൊരു വിഷാദഭാവം ഈ എഴുത്തുകാരിയെ ആവേശിച്ചിരുന്നു. പലപ്പോഴും ഒരു ആത്മഹത്യാ പ്രവണത അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. വൈറ്റാസാക്വില്‍വെസ്റ്റ് ('ദി എഡ്വേഡിയന്‍സ്' എന്ന ആഖ്യായികയുടെ കര്‍ത്താവ്) എന്ന എഴുത്തുകാരിയോട് വര്‍ജീനിയ കാട്ടിയ അഭിനിവേശം വിവാദങ്ങള്‍ക്ക് വഴിതുറന്നു. ടൈംസ് ലിറ്റററി സപ്ളിമെന്റ്, ദി ന്യൂ സ്റ്റേറ്റ്സ്‌മാന്‍, ദി ഗാര്‍ഡിയന്‍ തുടങ്ങിയ മികച്ച ബ്രിട്ടീഷ് പത്രമാസികകളില്‍ അവര്‍ പതിവായി എഴുതി. സമകാലിക സാഹിത്യാധ്വാനങ്ങളെക്കുറിച്ച് ഒരുപാട് നിരൂപണങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവാദപരമായ ലഘുലേഖകളും ധാരാളമെഴുതി. അവയൊക്കെ രൂക്ഷമായ സ്‌ത്രീആക്രമണങ്ങളായിരുന്നു: വ്യവസ്ഥിതിക്കെതിരെ, സാമ്രാജ്യത്വത്തിനെതിരെ, മുതലാളിത്ത വ്യവസ്ഥക്കെതിരെ, പട്ടാളവത്കരണത്തിനെതിരെ, ലിംഗചൂഷണത്തിനെതിരെ. എഴുത്ത്, ലിംഗഭേദം എന്നീ വിഷയങ്ങളെ സിദ്ധാന്തവത്കരിക്കുക എന്നത് അവരുടെ സ്വാഭാവിക രീതിയായിരുന്നു.

ബ്രിട്ടീഷ് നോവലിന്റെ ഒരു പരിവര്‍ത്തനഘട്ടത്തെ വര്‍ജീനിയ വുള്‍ഫ് പ്രതിനിധാനം ചെയ്തു. നോവലിന്റെ രൂപവും ഘടനയും ശൈലിയും അവര്‍ പരീക്ഷണവിധേയമാക്കി. റിയലിസവുമായി പരസ്യമായി മല്ലടിച്ചു. ബോധധാരക്ക് (stream of consciousness) ആഴത്തിലുള്ള ചാലുകളുണ്ടാക്കി. ധാരാളം വിഗ്രഹങ്ങളെ തച്ചുടച്ചു. 1925- നും 1941- നുമിടക്ക് വര്‍ജീനിയ ഒമ്പത് നോവലുകളും രണ്ട് കഥാസഞ്ചികകളും ഒരു രംഗപാഠവും രണ്ട് ജീവചരിത്രങ്ങളും പുറത്തിറക്കി. ടു ദി ലൈറ്റ് ഹൌസ്, ദി വേവ്സ്, മിസിസ് ഡാലോ വെ' എന്നീ വുള്‍ഫ് നോവലുകള്‍ ഇപ്പോഴും ഗൌരവമായി ചര്‍ച്ചചെയ്യപ്പെടുന്നു. 1941 ല്‍ എഴുതിയ 'ബിറ്റ്വീന്‍ ദ ആക്ട്സ് എന്ന ആഖ്യായികയും ഏറെ ശ്രദ്ധേയമായി. നിബന്ധങ്ങളും സാഹിത്യവിമര്‍ശനങ്ങളുമായി പതിനൊന്നോളം പുസ്‌തകങ്ങള്‍ വേറെയുമുണ്ട്. അമ്പരപ്പിക്കുന്ന വേഗത്തിലാണ് വര്‍ജീനിയ സാഹിത്യോത്പാദനം സാധിച്ചത്. Prolific (സമൃദ്ധം) എന്ന വാക്കുതന്നെ അപര്യാപ്‌തമായി വരുന്നു.

'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്ന നീണ്ട പ്രബന്ധമാണ് വര്‍ജീനിയ വുള്‍ഫിനെ ബ്രിട്ടീഷ് ഫെമിനിസത്തിന്റെ ആശാട്ടിയാക്കിയത്. അവരുടെ ഏറ്റവും അറിയപ്പെടുന്ന കൃതിയും, ഒരുപക്ഷേ, അതുതന്നെയാവും. എഴുത്തിന്റെയും ജെന്‍ഡറിന്റെയും പ്രശ്‌നങ്ങളാണ് അവര്‍ സംവാദത്തിന് സ്വീകരിക്കുന്നത്. ഇതൊരു Complex text 'സങ്കീര്‍ണപാഠം' ആകുന്നു. സൈദ്ധാന്തികമെന്ന് വിളിക്കാവുന്ന ഒരുപാട് ഇഴകള്‍ ഈ പ്രബന്ധത്തില്‍ കെട്ടുപിണഞ്ഞുകിടപ്പുണ്ട്. ഇവയില്‍ ചിലതൊക്കെ വര്‍ജീനിയയുടെ മറ്റു ലേഖനങ്ങളില്‍ വീണ്ടും വിചാരണക്ക് വരുന്നുമുണ്ട്.

സാഹിത്യോത്പാദനത്തെ (Literary Produciotns) സംബന്ധിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇത് തികച്ചും 'മെറ്റീരിയലിസ്റ്റ്' - ഭൌതികവാദാധിഷ്ഠിതം -ആണെന്ന് പറയാം. ഒരു വ്യക്തിപ്രതിഭയുടെ ഉല്പന്നമല്ല കലാസൃഷ്‌ടി എന്നാണ് വര്‍ജീനിയ വുള്‍ഫ് വാദിക്കുന്നത്. അത് ചരിത്രപരമായ ഭൌതികമായ അവസ്ഥയുടെ നിര്‍മിതിയാണ്. ലിംഗപരവും വര്‍ഗപരവുമായ അസമത്വവും അസന്തുലിതാവസ്ഥയും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.സാഹിത്യം ഉല്‍പ്പാദിപ്പിക്കാനുള്ള ഉപകരണങ്ങളിലേക്കും രീതികളിലേക്കും സ്‌ത്രീക്ക് പ്രവേശം നിഷേധിക്കുന്നത് ഈ ലിംഗപരമായ അസമത്വമത്രെ. വര്‍ജീനിയ വുള്‍ഫിന്റെ വാദം യുക്തിഭദ്രമാണ്; പ്രത്യയശാസ്‌ത്രപരവും. സാമ്പത്തികഘടകമാണ് എല്ലാ ചൂഷണ വ്യവസ്ഥയുടെയും അടിയിലെന്ന മാർൿസിയന്‍ പരിപ്രേക്ഷ്യത്തോട് അത് പല തലങ്ങളിലും പൊരുത്തപ്പെടുന്നു. പൊതുവെ സ്‌ത്രീകള്‍ക്ക് ഉല്‍പാദനത്തിനാവശ്യമായ ഭൌതികസാഹചര്യങ്ങള്‍ വളരെ പരിമിതമാണ് എന്ന് വര്‍ജീനിയ വുള്‍ഫ് ചൂണ്ടിക്കാട്ടുന്നു. പെണ്ണിന് സാമ്പത്തികശേഷിയില്ല, സ്വന്തമായൊരിടമില്ല, വേണ്ടത്ര വിദ്യാഭ്യാസമില്ല, എഴുത്തിന്റെ വലിയ പാരമ്പര്യവുമില്ല. ഈ അവശതകളൊക്കെ പുരുഷാധീശ സമൂഹം സമ്മാനിക്കുന്നതാണ്.

ഈ നില മാറണമെങ്കില്‍ സമൂഹത്തില്‍ പെണ്ണിനുള്ള സ്ഥാനം പുനര്‍നിര്‍ണയിക്കപ്പെടണമെന്ന് വര്‍ജീനിയ വുള്‍ഫ് വാദിക്കുന്നു. ഇതത്ര എളുപ്പമല്ല. അവരുടെ അഭിപ്രായത്തില്‍ ലിംഗപരമായ പ്രശ്‌നങ്ങള്‍, സമസ്യകള്‍, ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി, കോളണീകരണവുമായി, മധ്യവര്‍ഗത്തിന്റെ വികാസപരിണാമങ്ങളുമായി ഇഴപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ബ്രിട്ടീഷ് സമൂഹം, അതിന്റെ ഭൌതികാവസ്ഥ ഇതേക്കുറിച്ചൊക്കെ വര്‍ജീനിയ വുള്‍ഫ് ഉപന്യസിക്കുന്നുണ്ട്, ഉത്കണ്ഠപ്പെടുന്നുണ്ട്. പക്ഷേ, അവരുടെ എഴുത്തിന്റെ ദൃഷ്‌ടി സൂക്ഷ്‌മമായി പതിയുന്നത് പ്രത്യയശാസ്‌ത്രത്തിന്റെ പ്രശ്‌നങ്ങളിലാണ്. അധികാരഘടനകള്‍ പ്രത്യയശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അധികാരഘടനകള്‍ തത്സ്വരൂപങ്ങളെ സൃഷ്‌ടിക്കുന്നത് പ്രത്യയശാസ്‌ത്രത്തില്‍ക്കൂടിയാണ്. പ്രത്യയശാസ്‌ത്രത്തിന്റെ പ്രജകളായ ആളുകളെ അധികാരഘടന നിര്‍മിക്കുന്നു. ഒരു സംസ്‌ക്കാരം അതേപ്പറ്റി ചിന്തിക്കുന്ന രീതികളെ നമുക്ക് ചോദ്യം ചെയ്യേണ്ടിവരും. എങ്കില്‍ മാത്രമേ ഭൌതികമായ അസമത്വങ്ങള്‍, അസന്തുലിതാവസ്ഥകള്‍, അവസാനിപ്പിക്കാന്‍ കഴിയൂ.

ഫ്രോയിഡിന്റെ മനഃശാസ്‌ത്രാപഗ്രഥന വിജ്ഞാനീയത്തിന്റെ സ്വാധീനം വര്‍ജീനിയ വുള്‍ഫിന്റെ പാഠങ്ങളില്‍ പ്രകടമത്രെ. സബ്‌ജൿടിന്റെ (ഭാജനത്തിന്റെ /സ്വത്വത്തിന്റെ) അവ്യവസ്ഥ, അസ്ഥിരത, അതിന്റെ ഛിന്നഭിന്നമായ അവസ്ഥ: ഇതൊക്കെ അവര്‍ എടുത്ത് പറയുന്നുണ്ട്. നമ്മുടെ ബോധപൂര്‍വമായ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും അബോധമായ ആഗ്രഹങ്ങളും ത്വരകളും വിഘടനാത്മകമായ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വര്‍ജീനിയ വുള്‍ഫ് പറയുന്നത് സൈക്കോ അനാലിസിസിന്റെ സ്വാധീനം കൊണ്ടാണല്ലോ. അധികാര വ്യവസ്ഥ നിലനില്‍ക്കുന്നത് ബുദ്ധിപരവും യുക്തിപരവുമായ കോയ്‌മ സ്വകാര്യസ്വത്വത്തിനുമേല്‍ സ്ഥാപിച്ചുകൊണ്ടാണ്. ഇതിനെ അലങ്കോലമാക്കുന്നതാണ് അബോധത്തിന്റെ സമ്മര്‍ദം. മൊത്തത്തില്‍ ഈ വിഘടനാപരമായ അബോധത്തിന്റെ ശക്തിയോട് അടുത്തുനില്‍ക്കുന്നത് ആണല്ല, പെണ്ണാണ് എന്ന് വര്‍ജീനിയ വുള്‍ഫ് സിദ്ധാന്തിക്കുന്നു. എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന മൌലിക പ്രബന്ധത്തില്‍ അവര്‍ പറയുന്നത്, ബോധത്തിന്റെ പെട്ടെന്നുള്ള ഒരു വിച്ഛേദം പലപ്പോഴും സ്‌ത്രീക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് (' A sudden spliittng of the consciousness') സംസ്‌ക്കാരത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍നിന്ന് സ്‌ത്രീ നിരന്തരം അതിന്റെ പുറംപോക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വര്‍ജീനിയ വുള്‍ഫ് നിരീക്ഷിക്കുന്നു. അവള്‍ ഒരു അന്യവത്കരണം (alienation) അനുഭവിക്കുന്നുണ്ട്. ഇത് ഒരേസമയം ഭൌതികവും മാനസികവുമായ ഒരവസ്ഥാവിശേഷമായിത്തീരുന്നു. സംസ്‌ക്കാരമെന്ന് വ്യവഹരിക്കാവുന്ന ഒരു മാനസിക കാലാവസ്ഥ നിലനിര്‍ത്തുന്നതിനുവേണ്ടി സ്‌ത്രീ ചിലത് മനഃപൂര്‍വം അമര്‍ത്തിപ്പിടിക്കുന്നുണ്ടെന്നാണ് വര്‍ജീനിയ വുള്‍ഫിന്റെ പക്ഷം. ക്രമേണ ഈ അമര്‍ത്തല്‍ - repression ഒരു വലിയ ഉദ്യമം (effort) ആയിത്തീരുന്നു.

സുസ്ഥിരമായ ഒരു സാമൂഹ്യക്രമത്തിന്റെ പുനരുത്പാദനത്തിന് ഈ അബോധത്തിന്റെ അടിച്ചമര്‍ത്തല്‍ എത്രകണ്ട് ആവശ്യമാണ് എന്ന അന്വേഷണം തന്റെ ചില നോവലുകളില്‍ വര്‍ജീനിയ വുള്‍ഫ് നടത്തുന്നുണ്ട്. 'മിസ്സിസ് ഡാലോവെ' എന്ന ബോധധാരാ നോവല്‍തന്നെ ഒരു ഉദാഹരണമാണ്. അടിച്ചമര്‍ത്തല്‍ ആവശ്യപ്പെടുകയോ, നിര്‍ബന്ധമാക്കുകയോ ചെയ്യുന്ന സമൂഹശക്തികളുടെ പ്രതികൂലമായ വിമര്‍ശന പാഠമാണ് ഈ പുസ്‌തകം. എങ്ങനെയും സ്റ്റാറ്റസ്‌ക്കോ -മാറ്റമില്ലാസ്ഥിതി- ഉറപ്പുവരുത്തുക: അതാണ് സാമൂഹ്യക്രമത്തിന്റെ/ ഘടനയുടെ ലക്ഷ്യം. അടിച്ചമര്‍ത്തല്‍ അപകടകരമാണ്, അസ്ഥിരമാണ്, അസാധ്യം കൂടിയാണ് എന്ന് ഈ നോവല്‍ വെളിവാക്കുന്നു. അബോധം നിലവറയില്‍നിന്ന് പുറത്തുചാടുകതന്നെ ചെയ്യും. തന്റെ അമ്പത്തിരണ്ടാം വയസ്സില്‍ മുഖ്യകഥാപാത്രമായ മിസിസ് ക്ളാരിസ് ഡാലോവെ, തന്റെ സ്വത്വത്തിന്റെ ഭഗ്നഭാവങ്ങളെ, ബിംബശകലങ്ങളെ, കൂട്ടിച്ചേര്‍ക്കാന്‍ , ഒട്ടിച്ചുവയ്‌ക്കാന്‍ പാഴ്‌ശ്രമം നടത്തുന്നു. എത്ര ശ്രമിച്ചിട്ടും അബോധത്തിന്റെ രൂപകങ്ങളെ പ്രതിരോധിക്കാന്‍ ആ സ്‌ത്രീക്കാവുന്നില്ല. സെല്ലിസെറ്റണ്‍ എന്ന കൂട്ടുകാരിയോടുള്ള അമര്‍ത്തിപ്പിടിച്ച രതിഭാവം; സ്വകാര്യസ്വത്ത്, ഭരണകൂടം ഇത്യാദി കാര്യങ്ങളെക്കുറിച്ചുള്ള തന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍: ഇതൊക്കെ നിനച്ചിരിക്കാതെ കയര്‍പൊട്ടിച്ച് പുറത്തുചാടുന്നു. ഉപരിതലത്തില്‍ മിസിസ് ഡാലോവെ പ്രതിനിധീകരിക്കുന്നത് സമൂഹമാന്യതയാണ്; കുലീനമെന്ന് ലേബലൊട്ടിച്ച മൂല്യങ്ങളെയാണ്. പക്ഷേ അവരുടെ അബോധം ഇതൊക്കെ അവജ്ഞാപൂര്‍വം നിരാകരിക്കുന്നു. ഇതാണ് ബ്രിട്ടീഷ് മധ്യവര്‍ഗ വനിതയുടെ വിഷമസ്ഥിതി (Predicament).

ബഹുമുഖവും വിച്ഛേദിതവുമായ വ്യക്തി സ്വത്വം അതിനെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ ജെന്‍ഡര്‍ പ്രശ്‌നവുമായി സമര്‍ഥമായി ബന്ധപ്പെടുത്തുന്നുണ്ട്, ഈ എഴുത്തുകാരി. 'ഒര്‍ലാന്‍ഡോ' (orlando) എന്ന നോവലില്‍ നമുക്കത് കാണാം. പെണ്ണായി മാറുന്ന ഒരാണിന്റെ കഥ: അതാവും 'ഒര്‍ലാന്‍ഡോ'വിന്റെ ഉപരിപ്ളവമായ വിവരണം. ആണ്‍ -പെണ്‍ വ്യത്യാസത്തിന്റെ സാമ്പ്രദായിക ധാരണകളെയാണ് നോവലിസ്റ്റ് കടപുഴക്കുന്നത്: സമൂഹം സ്വാഭാവികം, വ്യക്തം, സത്യം എന്നൊക്കെ വിളിക്കുന്ന പുല്ലിംഗ സ്‌ത്രീലിംഗ- ഭേദങ്ങളെ. ലിംഗവ്യക്തിത്വമെന്നത് കഥാപുരുഷന്‍ ഒരാവശ്യമായി കണക്കാക്കുന്നില്ല. അത് അവന്/അവള്‍ക്ക് ഒരു നിലപാട് മാത്രമാണ്; തരംപോലെ മാറാവുന്ന നിലപാട്. ആണ്/പെണ്ണ് എന്ന വിഭജനം മനുഷ്യവ്യക്തിത്വത്തെ നിര്‍വചിക്കുന്ന വിശേഷണമാവുന്നില്ല. പ്രതീകാത്മകമായ ഒരു ക്രമത്തിനുള്ളില്‍, ഒരു വ്യവസ്ഥക്കുള്ളില്‍ അതൊരു നിലപാടുമാത്രമേ ആവുന്നുള്ളു.

വര്‍ജീനിയ വുള്‍ഫിന്റെ ആഖ്യാനങ്ങളില്‍ ഊന്നല്‍ വീഴുന്നത് രണ്ടു ഘടകങ്ങളിലാണ്: ഒന്ന് സ്‌ത്രീ; രണ്ട് എഴുത്ത് എന്ന സര്‍ഗക്രിയ. ഈ രണ്ടിനെയും സംയോജിപ്പിക്കുവാന്‍ അവര്‍ ആവതും യത്നിക്കുന്നുണ്ട്. സ്‌ത്രീ പുരുഷനേക്കാള്‍ അബോധത്തോടടുത്തുനില്‍ക്കുന്നതിനാല്‍ അവളെഴുതുന്നത് അബോധത്തിന്റെ ആഴങ്ങളില്‍ നിന്നാണെന്ന് വര്‍ജീനിയ സമര്‍ഥിക്കുന്നു. പെണ്ണിന്റെ ആഖ്യാനശൈലിയും വ്യത്യസ്‌തമായിരിക്കണം. പെണ്ണെഴുത്തിന്റെ വാക്യം 'the woman's sentence - സ്‌ത്രീലിംഗത്തിന്റെ Psychological sentence' (മനഃശാസ്‌ത്രപരമായ വാക്യം) ആയിരിക്കണം. അത് പ്രതീക്ഷിതവാക്യത്തെ, സാമ്പ്രദായിക വാചകത്തെ ഉടച്ചുതകര്‍ക്കുന്നതാവണം.

വര്‍ജീനിയ വുള്‍ഫിന്റെ എഴുത്തില്‍ മിക്കതും പരസ്യമായിത്തന്നെ ആശയാധിഷ്ഠിതമാണ്; രാഷ്‌ട്രീയപരവുമാണ്. അവരുടെ രചനയുടെ സൌന്ദര്യശാസ്‌ത്രത്തെ സിദ്ധാന്തത്തില്‍ നിന്നും രാഷ്‌ട്രീയത്തില്‍നിന്നും അടര്‍ത്തിമാറ്റാനാവില്ല. തന്റെ കാലത്തിനുമുമ്പേ നടന്ന ഈ എഴുത്തുകാരി തന്റേതായൊരു വിനിര്‍മാണ ശൈലി കുശലമായി പ്രയോഗിച്ചു. ഭാഷയെ വിച്ഛേദിക്കാന്‍ അവര്‍ ഒട്ടും മടിക്കുന്നില്ല. ലിംഗസംവാദത്തെ ഭാഷാ സംവാദവുമായി കോര്‍ത്തുകെട്ടാന്‍ കൊല്ലങ്ങള്‍ക്കു മുമ്പേ അവര്‍ക്ക് കഴിഞ്ഞു. നമ്മുടെ സംസ്‌ക്കാരം സൃഷ്‌ടിക്കുന്ന പൊള്ളയായ വ്യവസ്ഥയുണ്ടല്ലോ, അതിനെ പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഫെമിനിസറ്റ് ആദ്യന്തം ചെയ്തത്. ഭാഷയെയും ജെന്‍ഡറിനെയും കുറിച്ച് ഇന്ന് നടക്കുന്ന സംവാദങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ജീനിയ വുള്‍ഫ് ആയിരുന്നു. പെണ്ണെഴുത്തിന് ഒരു വിധ്വംസകശക്തിയായി യാഥാസ്ഥിതികതയെ, സാമ്പ്രദായിക ലിംഗസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതും അവരാണ്.

ഫെമിനിസത്തിന്റെ ആദ്യതരംഗത്തിലാണ് വര്‍ജീനിയ വുള്‍ഫ് വെളിച്ചപ്പെടുന്നത്. ആണുമായി തട്ടിച്ചുനോക്കുമ്പോള്‍ പെണ്ണിനുള്ള പ്രതികൂലഘടകങ്ങളെ വേര്‍തിരിച്ച് ചര്‍ച്ചചെയ്യാന്‍ മുന്നോട്ടുവന്നതും അവര്‍ തന്നെ. എ റൂം ഓഫ് വണ്‍സ് ഓണ്‍'എന്ന ദീര്‍ഘ പഠനത്തില്‍ പെണ്‍സാഹിത്യ നിര്‍മാണത്തിന്റെ ചരിത്ര -സാമൂഹ്യ സന്ദര്‍ഭങ്ങളിലാണ് ഈ എഴുത്തുകാരി പ്രധാനമായും വ്യാപരിക്കുന്നത്. പുരുഷാനുഭവങ്ങളുമായി സ്വന്തം അനുഭവങ്ങളെ ചേര്‍ത്തുവയ്ക്കുകയോ താരതമ്യപ്പെടുത്തുകയോ അല്ല പെണ്ണെഴുത്ത് ചെയ്യേണ്ടത് എന്നു വര്‍ജീനിയ വാദിക്കുന്നു. പെണ്ണ് അവളുടെ അനുഭവത്തെ സ്വതന്ത്രമായി, സധീരമായി പരിശോധിക്കുകയാണ് വേണ്ടത്. സ്‌ത്രീരചനയുടെ തനതായൊരു പാരമ്പര്യം കണ്ടെത്തുക അത്യാവശ്യമാണെന്നും അവര്‍ സിദ്ധാന്തിച്ചു.

'എ റൂം ഓഫ് വണ്‍സ് ഓണ്‍' എഴുതി ഏതാണ്ട് ഒമ്പതുകൊല്ലം കഴിഞ്ഞാണ് അത്രതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ' ത്രീ ഗിനിസ് ' വര്‍ജീനിയാ വുള്‍ഫ് സമൂഹ സമക്ഷം അവതരിപ്പിച്ചത്. ഈ പുസ്‌തകമെഴുതുമ്പോഴേക്കും അവരുടെ ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് പുതിയ ചിറകുകള്‍ മുളച്ചതായിക്കാണാം. ജെന്‍ഡര്‍ ഐഡന്റിറ്റി (ലിംഗവ്യക്തിത്വം) എന്നത് ഒരു സമൂഹ നിര്‍മിതിയാണെന്ന ബോധം ഇവിടെ പ്രകടമാവുന്നു. ഇതിനെ പൊളിച്ചെഴുതാനും ചോദ്യം ചെയ്യാനും സാധിക്കും. സ്‌ത്രീയുടെ സാഹിത്യപരമായ മോഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരുപാട് തടസ്സങ്ങള്‍ ഉണ്ടാകുന്നു. ഈ തടസ്സങ്ങളാകട്ടെ സാമൂഹികവും സാമ്പത്തികവുമാണ്. സ്‌ത്രീയുടെ വിദ്യാഭ്യാസം പരിമിതപ്പെടുന്നു. 'ഫെമിനിസ്റ്റ് ബോധം' എന്നതിനെ അവര്‍ പരിശോധിക്കുന്നുണ്ട്. ഫെമിനിസ്റ്റ് അബോധത്തെയാണ് വര്‍ജീനിയ പിന്‍താങ്ങുന്നത്. ഈ അബോധത്തില്‍കൂടി മാത്രമേ 'femaleness' (പെണ്ണത്തം -സ്‌ത്രൈണം) എന്ന സങ്കല്‍പ്പത്തില്‍നിന്ന് സ്‌ത്രീക്ക് രക്ഷ നേടാനാവൂ.

ശ്രദ്ധിച്ചു വായിക്കേണ്ട ഒരു പ്രബന്ധമാണ് വര്‍ജീനിയ വുള്‍ഫിന്റെ പ്രൊഫഷന്‍സ് ഫോര്‍ വിമന്‍. എഴുത്തുകാരിയെന്ന നിലയിലുള്ള സ്വന്തം ജീവിതചര്യതന്നെ രണ്ടുതരത്തില്‍ തടസ്സപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്നു പ്രമാണിത്തം നേടിയിരുന്ന സ്‌ത്രീസംബന്ധിയായ ആശയശാസ്‌ത്രങ്ങള്‍ അവരെ തടവിലിടുകയും സ്വതന്ത്രമായ മുന്നേറ്റം ദുഷ്ക്കരമാക്കുകയും ചെയ്‌തു. രണ്ട്, ഒരു ശരീരം എന്ന നിലയിലുള്ള സ്വാനുഭവങ്ങളെ സ്വച്ഛമായി വിവരിക്കാന്‍, സ്വന്തം ത്വരകളെക്കുറിച്ചുള്ള സത്യം തുറന്നുപറയാന്‍ അന്ന് നിലവിലുണ്ടായിരുന്ന 'ടാബു'കള്‍ (Taboo- വിലക്കുകള്‍, അരുതായ്‌മകള്‍) അനുവദിച്ചില്ല. ഇത് സ്‌ത്രൈണ ലൈംഗികതയുടെ നിഷേധമായിത്തീരുന്നു. ആയതിനാല്‍ സ്‌ത്രീയുടെ തളച്ചുനിര്‍ത്തപ്പെട്ട ജീവിതത്തെ വര്‍ണിക്കാനും വ്യാഖ്യാനിക്കാനും പോന്ന ഭാഷാവ്യവസ്ഥ കരുപ്പിടിപ്പിക്കുക : അതാണ് തന്റെ ചുമതല എന്ന് വര്‍ജീനിയ വുള്‍ഫ് വിശ്വസിച്ചു; സാമൂഹ്യവും സാമ്പത്തികവുമായ സമത്വം സ്‌ത്രീ നേടുന്നതോടെ അവളുടെ സര്‍ഗപരമായ സമ്പൂര്‍ണവികാസം സംഭവിക്കുമെന്നും പുരുഷ ലൈംഗികതയും സ്‌ത്രീലൈംഗികതയും തമ്മിലുള്ള സംഘര്‍ഷത്തില്‍നിന്ന് പതിയെ പിന്‍വാങ്ങുകയാണ് വര്‍ജീനിയ വുള്‍ഫ് ചെയ്‌തതെന്ന് സ്‌ത്രീപക്ഷത്തുനിന്നുതന്നെ ആരോപണമുണ്ടായി. എലൈന്‍ ഷോവാള്‍ട്ടര്‍ എന്ന പ്രമുഖ ഫെമിനിസ്റ്റിന് ഈ അഭിപ്രായമാണ്. എന്നാല്‍ ഇതൊരു തെറ്റായ വായനയാണെന്ന് ടോറില്‍ മോയ് -ഫ്രഞ്ച് സ്‌ത്രീപക്ഷ സൈദ്ധാന്തിക- തറപ്പിച്ചു പറയുന്നു. ആണ്‍-പെണ്‍ ദ്വന്ദ്വത്തിനല്ല അവര്‍ സവിശേഷത കല്‍പ്പിക്കുന്നത്; പുരുഷലക്ഷണത്തിനും സ്‌ത്രീലക്ഷണത്തിനുമല്ല. സ്ഥിരമായ 'ജെന്‍ഡര്‍ ഐഡന്റിറ്റി'യെ - ലിംഗ വ്യക്തിത്വത്തെ -ഉന്തി മാറ്റുന്ന പ്രവര്‍ത്തനമാണ് മുഖ്യം എന്ന് വര്‍ജീനിയ വുള്‍ഫ് വിശ്വസിച്ചു.

1941 ല്‍ എഴുതിയ ബിറ്റ്വീന്‍ ദി ആൿട്‌സ് എന്ന പരീക്ഷണാത്മകമായ കൃതിയായിരുന്നു വര്‍ജീനിയയുടെ ഹംസഗീതം. ഏറെ താമസിയാതെയാണ് സസെക്സിലെ തന്റെ വീടിനടുത്തുള്ള ഔസ് നദിയില്‍ അവര്‍ ജീവിതമവസാനിപ്പിച്ചത്.

വര്‍ജീനിയ വുള്‍ഫ് : മുഖ്യ കൃതികള്‍

1. Mrs. Dalloway London: Hogarth, 1925

2. To The Light House London: Hogarth, 1927

3. Orlando London: Hogarth, 1928

4. A Room of Ones' Own Hogarth 1929

5. The Waves Hogarth, 1931

6. Three Guineas Hogarth, 1938

7. Between the Acts Hogarth 1941

റഫറൻസ്, അധിക വായന

1. Richard Bowlly: Virginia woolf: Feminist Destination Oxford: Blackwell, 1988

2. Daniel Ferrer: Virginia Woolf and The Madness of Language Tr. by Geoffrey Bennington, Rachel Bowlby London: Routledge, 1990

3. James Marcus: New Feminist Essays on Virginia Woolf, London: Macmillan, 1981

4. Makko Minnow-Pinkney: Virginia woolf and the Problem of the Subject.

Brighton: Harvester, 1987

5. Torril Moi's essay on ' Who is afraid of Virginia woolf' Sexual /textual Politics

London: metheun, 1965n

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്‌ത്രീപക്ഷ വിചാരം വിഷയമാക്കിയുള്ള ഏത് സംവാദത്തിലും ആദ്യം പൊന്തിവരുന്ന പേരാണ് വര്‍ജീനിയ വുള്‍ഫ്. എഡ്വേഡ് ആല്‍ബി എന്ന അമേരിക്കന്‍ അസംബന്ധ നാടകകൃത്ത് തന്റെ പ്രഖ്യാതമായ ഒരു രംഗപാഠത്തിനു നല്‍കിയ ശീര്‍ഷകം Who is afraid of Virginia Woolf എന്നത്രെ. 'she is neither a virgin nor a woolf ' എന്ന അത്ര നിര്‍ദോഷമല്ലാത്ത തമാശ ഏറെക്കാലം പ്രചരിച്ചിരുന്നു. പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ് എഴുത്തിലെ വ്യത്യസ്‌തമായ സ്‌ത്രീശബ്ദമായിരുന്നു അമ്പത്തൊമ്പത് വയസ്സില്‍ സ്വയം മുങ്ങിമരിച്ച അഡൊലിന്‍ വര്‍ജീനിയ വുള്‍ഫ് (1882-1941). പ്രസിദ്ധ സാഹിത്യ നിരൂപകനായിരുന്ന ലെസ്ലി സ്റ്റീഫന്റെ മകള്‍ വര്‍ജീനിയ മുപ്പതാം വയസ്സിലാണ് എഴുത്തുകാരനും പ്രസാധകനുമായ ലിയൊണാര്‍ഡ് വുള്‍ഫിനെ വരിച്ചത്. ഭര്‍ത്താവ് സ്ഥാപിച്ച ഹോഗാര്‍ത്ത് പ്രസ്സിലൂടെയാണ് അവരുടെ മിക്ക പുസ്‌തകങ്ങളും വെളിച്ചം കണ്ടത്.