Tuesday, January 19, 2010

ഇ ബാലാനന്ദന്‍ സ്‌മരണ


കമ്യൂണിസ്‌റ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്‌തുലമായ പങ്ക് വഹിച്ച സ: ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാര്‍ൿസിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ അസാധാരണമായ ശേഷി സഖാവ് പ്രകടിപ്പിച്ചിരുന്നു. പറയേണ്ട കാര്യം നന്നായി പഠിച്ച് വ്യത്യസ്‌തമായ അവതരണ ശൈലിയിലൂടെ രൂപപ്പെടുത്തിയ പ്രസംഗം ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു.

ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയില്‍ ആയിരുന്നു പിന്നീട് ബാലാനന്ദന്റെ വിദ്യാഭ്യാസം. ജീവിതദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്. 1941ല്‍ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി ബാലാനന്ദന്‍ മാറി. തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ ഇവിടെവച്ചാണ് സഖാവ് സ്വായത്തമാക്കുന്നത്. അലുമിനിയം ഫാൿടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്ക് വഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്‌റ്റര്‍ചെയ്ത ആറാമത്തെ യൂണിയനായിരുന്നു ഇത്. അവകാശ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബാലാനന്ദനെ കമ്പനിയില്‍നിന്ന് പിരിച്ചുവിടുകയുണ്ടായി.

പുന്നപ്ര-വയലാര്‍ സമരത്തെ തുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പിന്നീട് പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി. 1943ല്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ അദ്ദേഹം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ 10-ാം പാര്‍ടി കോഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 1990 ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങളില്‍ നേതൃപരമായ പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. മാര്‍ൿസിസ്‌റ്റ് സംവാദത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു വര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധി തവണ പോലീസ് മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഒരു തവണ ലോൿസഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയിലും അംഗമായി.

പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും വളരെ വാത്സല്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നര്‍മം കലര്‍ന്ന ബാലാനന്ദന്റെ സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാന്‍ ആവുന്നതല്ല. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സമരപോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഗോളവല്‍ക്കരണ നയം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്യുന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഎയുടെ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചിരിക്കുകയാണ്. അര്‍ജുന്‍‌സെന്‍ ഗുപ്താ കമീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ള സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 77 ശതമാനം ആളുകളും ശരാശരി ഒരുദിവസം 20 രൂപ മാത്രം ചെലവഴിക്കാന്‍ കഴിവുള്ളവരാണ്. ഇവരുടെ മുകളില്‍ കൂടുതല്‍ ദുരിതം എടുത്തെറിയുന്ന മട്ടിലാണ് വിലക്കയറ്റം രാജ്യവ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്.

കാര്‍ഷികപ്രധാനമായ നമ്മുടെ രാജ്യത്ത് അതിന് ഊന്നല്‍ നല്‍കുന്ന ഒരു നയസമീപനം സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഇന്ത്യാരാജ്യത്ത് നടപ്പാക്കിയിരുന്നു. വിത്തിനും വളത്തിനും സബ്‌സിഡി നല്‍കുകയും ചുരുങ്ങിയ ചെലവില്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് ബാങ്കിങ് മേഖലയെ ഉത്തരവാദിത്തപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു. മാത്രമല്ല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്ന നിലയുമുണ്ടായിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണനയം ഇത്തരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിലൂടെ കാര്‍ഷികവൃത്തി മുന്നോട്ടുകൊണ്ടുപോകുക എന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും. ഈ സന്ദര്‍ഭത്തില്‍ കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പിടിമുറുക്കി. വിത്ത് സൂക്ഷിക്കാനുള്ള കര്‍ഷകരുടെ അവകാശംപോലും കവര്‍ന്നെടുക്കുന്ന നയവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തി കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയിലേക്ക് കടന്നുവരാനുള്ള അവസരവും ഒരുക്കി. അങ്ങനെ കര്‍ഷകന് ലഭിച്ച വിലയേക്കാള്‍ എത്രയോ ഇരട്ടി വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പൊതുകമ്പോളത്തില്‍ എത്തിപ്പെടുന്ന നിലയുണ്ടായി. ഇന്ത്യയിലെ വിലക്കയറ്റത്തിന് സുപ്രധാനമായ കാരണമായി മാറിയിരിക്കുന്നത് ഈ നയമാണ്.

വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ ഇടപെടേണ്ടത് പൊതുവിതരണ സമ്പ്രദായമാണ്. എന്നാല്‍, ആ സംവിധാനത്തെ തകര്‍ക്കുക എന്നതും സര്‍ക്കാര്‍ നയമായി സ്വീകരിച്ചിരിക്കുകയാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം ധാന്യമെങ്കിലും നല്‍കുന്നതിനു പകരം മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. എഫ്‌സിഐ ഗോഡൌണുകള്‍പോലും റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കി ഭക്ഷ്യസംഭരണംപോലും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ്.

ഭക്ഷ്യസബ്‌സിഡിക്കായി ഇന്ത്യാഗവമെന്റ് ചെലവഴിക്കുന്നത് 52,489 കോടി രൂപയാണ്. ഇതില്‍ കൂടുതല്‍ പണം നീക്കിവയ്ക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. എന്നാല്‍, 2009-10 ലെ ബജറ്റില്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നികുതി ഇളവിലായി നാലുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നികുതി ഇളവുകളും മറ്റുമായി കോര്‍പറേറ്റ് മേഖലയ്ക്ക് ജിഡിപിയുടെ എട്ടുശതമാനത്തോളം ഇളവ് നല്‍കുമ്പോള്‍ ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവയ്ക്കുന്നത് ജിഡിപിയുടെ 1.8 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞുനില്‍ക്കുമ്പോള്‍പോലും അവയ്ക്ക് വില വര്‍ധിപ്പിക്കുക എന്നതും സര്‍ക്കാര്‍ ഒരു നയമായിത്തന്നെ മുന്നോട്ടുവച്ചിരിക്കുകയാണ്. ബിപിഎല്‍ ലിസ്‌റ്റ് തന്നെ വെട്ടിച്ചുരുക്കി പൊതുവിതരണത്തിന്റെ പരിധിയില്‍നിന്ന് ബഹുഭൂരിപക്ഷം ആളുകളെയും മാറ്റിനിര്‍ത്തുക എന്നതും കേന്ദ്രസര്‍ക്കാരിന്റെ നയമാണ്. എപിഎല്‍ വിഭാഗത്തിന് റേഷന്‍ നല്‍കുന്നതുതന്നെ കുറ്റകരമാണ് എന്ന് വ്യവസ്ഥചെയ്യുന്ന ഭക്ഷ്യസുരക്ഷാ നിയമംപോലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തത്തില്‍ ഭക്ഷ്യസുരക്ഷയുടെ രംഗത്തുനിന്നുപോലും പിന്മാറുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നാണ്യവിള ഉല്‍പ്പാദിപ്പിച്ച് അതിന്റെ കയറ്റുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍ നികുതി ഇനത്തില്‍ വലിയ തോതില്‍ പണം എത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യം കേരളത്തിന് നല്‍കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതും സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കപ്പെടുന്നതും. എന്നാല്‍, ഈ ഉറപ്പില്‍നിന്ന് പിന്നോട്ടുപോകുന്നതിനുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കുന്ന അരിയുടെ ക്വോട്ടയില്‍ത്തന്നെ ഒരു ലക്ഷം ടണ്ണിന്റെ വെട്ടിക്കുറവാണ് വരുത്തിയത്. ഓണക്കാലത്ത് നല്‍കിയ അരിക്കുപോലും വന്‍ വിലയാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുകയാണ്. മാവേലി സ്‌റ്റോറില്‍ അരിവില മൂന്നുവര്‍ഷമായി ഉയര്‍ത്തിയിട്ടില്ല. കണ്‍സ്യൂമര്‍ ഫെഡിലെയും മാവേലി സ്‌റ്റോറിലെയും വിലകള്‍ പൊതുമാര്‍ക്കറ്റിനെ അപേക്ഷിച്ച് 40 മുതല്‍ 70 ശതമാനംവരെ കുറവാണ്. 2005-06 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 50 കോടിയില്‍ താഴെ രൂപ മാത്രമാണ് ചെലവഴിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരാകട്ടെ ഈ വര്‍ഷംതന്നെ 500 കോടി രൂപ ചെലവഴിക്കുന്ന നിലയുണ്ടായി. ഇത്തരം നയസമീപനത്തിന്റെ ഫലമായി ഇന്ത്യയിലെ ഏറ്റവും വിലക്കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു.

ആസിയന്‍ കരാര്‍ വഴി നാണ്യവിളകളുടെ വന്‍ വിലത്തകര്‍ച്ചയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പശ്ചാത്തലമൊരുക്കുന്നത്. ഈ ഘട്ടത്തില്‍തന്നെയാണ് റേഷന്‍ ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുന്ന സമീപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം നയസമീപനങ്ങള്‍ക്കെതിരെ വലിയ പോരാട്ടം ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്. ആഗോളവല്‍ക്കരണ നയങ്ങള്‍ ജനങ്ങള്‍ക്കു മുകളില്‍ ജീവിതദുരിതം വിതയ്ക്കുമ്പോള്‍ അതിനെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സ: ബാലാനന്ദന്‍ നിര്‍വഹിച്ചത്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സ: ബാലാനന്ദന്റെ സ്‌മരണ നമുക്ക് കരുത്ത് പകരും.

****

പിണറായി വിജയന്‍

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്‌റ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്‌തുലമായ പങ്ക് വഹിച്ച സ: ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്.

Anonymous said...

ലാവലിന്‍ കരാര്‍ വേണ്ടാ എന്നും സഖാവ്‌ ബാലാനന്ദന്‍ പറഞ്ഞായിരുന്നു അതില്‍ പിന്നെ കട്ടപ്പുറത്തായിരുന്നു മരിച്ചപ്പോഴാണു പിന്നെ പാര്‍ട്ടി സാമിയെ ഓര്‍ത്തതു പിന്നെ ഇന്നും

Unknown said...

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

തുറന്ന ചര്‍ച്ച
സന്ദര്‍ശിക്കുക,
അഭിപ്രായം രേഖപ്പെടുത്തുക
Please Visit my ബ്ലോഗ്‌


http://sandeshammag.blogspot.com

Unknown said...

"ലാവലിന്‍ കരാര്‍ വേണ്ടാ എന്നും സഖാവ്‌ ബാലാനന്ദന്‍ പറഞ്ഞായിരുന്നു ..."

അത് ഇ.ബാലാനന്ദന്‍ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പത്നി സരോജിനി തന്നെ പറയുന്നു, ആരുഷി പറയുന്ന ബാലാനന്ദന്‍ ആരുഷിടെ അമ്മാവനോ,അമ്മായി അപ്പനോ, സഖാവോ എന്നറിയില്ല.