Wednesday, March 31, 2010

മധു പകര്‍ന്ന് സംഗീതപൌര്‍ണ്ണമി

ഒരൊറ്റ ഗാനം മതിയായിരുന്നു അവര്‍ക്ക് കേരളീയ ഗാനചരിത്രത്തില്‍ ഇടംനേടാന്‍. 40 വര്‍ഷത്തിനുശേഷവും അത് മലയാളി മനസ്സില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞുവരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യഹരിതഗാനത്തെക്കുറിച്ചാണ്. 1969ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. അതിന് ഈണംപകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം. പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

'മൂടല്‍ മഞ്ഞി'ല്‍ 'നീ മധു പകരൂ' എന്ന ഗാനത്തിനു പുറമെ 'മാനസ മണി വേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍', ഉണരൂ വേഗം നീ സുമറാണി, വന്നു നായകന്‍', 'മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ' എന്നീ മനോഹര ഗാനങ്ങള്‍ പാടിയത് എസ് ജാനകിയാണ്. 'കവിളിലെന്തേ കുങ്കുമം, കണ്ണിലെന്തേ സംഭ്രമം' എന്ന ഗാനംആലപിച്ചത് ബി വസന്തയും. ഗ്വാളിയോറില്‍ ജനിച്ച ഉഷാഖന്ന മലയാളത്തനിമയുള്ള ഈ പാട്ടുകളിലൂടെയാണ് കേരളത്തിനു സ്വന്തമായത്. 19 വര്‍ഷത്തിനുശേഷം 'ആദ്യപാപം' എന്ന ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. 1991ല്‍ 'അഗ്നിനിലാവി'നു വേണ്ടി യേശുദാസും ചിത്രയും പാടിയ ആറു പാട്ടുകള്‍. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു രചയിതാവ്. 2002ല്‍ യൂസഫലികേച്ചേരിക്കൊപ്പം 'പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച'ക്കായി 11 പാട്ടുകള്‍. ഇതില്‍ 'ആറ്റും മണിമേലെ ഉണ്ണിയാര്‍ച്ച'എന്ന ചിത്ര യുടെ പാട്ട് ഏറെ ശ്രദ്ധേയമായി. മൂടല്‍മഞ്ഞിനു ശേഷം അവര്‍ സംഗീതം നല്‍കിയ മലയാള ഗാനങ്ങള്‍ മോശമായതുകൊണ്ടല്ല അവ ശ്രദ്ധിക്കപ്പെടാതെ പോയത്. പല ഗാനങ്ങളും മനോഹരമായിരുന്നു താനും.ചില പാട്ടുകളുടെ ഗതി അങ്ങനെയാണ് എന്നു മാത്രമേ അതേക്കുറിച്ച് പറയാനാകൂ.

യേശുദാസിനൊപ്പം ബോളിവുഡില്‍

യേശുദാസിന്റെ ബോളിവുഡ് അങ്കത്തിനൊപ്പം നില്‍ക്കാന്‍ രവീന്ദ്ര ജയിനിനും, സലില്‍ ചൌധരിക്കും നൌഷാദിനും, ജയദേവിനും, ബാപ്പി ലഹരിക്കുമൊപ്പം ഉഷയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹരഗാനങ്ങള്‍ പിറന്നു. 'ദാദാ'യിലെ 'ദില്‍ കെ ടുക്ടെ ടുക്ടെ കര്‍ക്കെ' എന്ന ഗാനത്തിന് 1979ലെ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്കാരം യേശുദാസിന് നേടിക്കൊടുത്തു. സാജന്‍ ബിനാ സുഹാഗനിലെ'മധുബന്‍ ഖുശ്ബു ദേതാ ഹൈ','മസ്ദൂര്‍ സിദാബാദി'ലെ 'മേരി മുന്നി റാണി സോജാ, 'കാരണി'ലെ 'സാവന്‍ ആജ് ലഗായാ രേ', സോനേ കി ദില്‍ ലോഹേ കാ ഹാഥ് എന്ന സിനിമയിലെ അതേ പേരിലുള്ള ഗാനം എന്നിവ ദാസിന്റെ ഹിന്ദി ഗാനരത്നങ്ങളില്‍ അമൂല്യങ്ങളാണ്.

റഹ്മാന്റെ ആദരം

പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യയിലെ ഏക സംഗീത സംവിധായികയാണ് ഉഷാഖന്ന. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ്് 1964 ല്‍ പുറത്തിറങ്ങിയ 'ശബ്നം' എന്ന ചിത്രത്തിലെ 'ഹര്‍ നസര്‍ കെ സൌ അഫ്സാനെ' എന്ന ഗാനം എ ആര്‍ റഹ്മാന്‍ 'ഹിന്ദുസ്ഥാനി' എന്ന കമലഹാസന്‍ ചിത്രത്തില്‍ 'ലട്കാ ദിഖാ ദിയാ' എന്ന പാട്ടായി വീണ്ടും കമ്പോസ് ചെയ്തത്. ശങ്കര്‍ സംവിധാനം ചെയ്ത, കേരളത്തില്‍ ഹിറ്റായ 'ഇന്ത്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ഹിന്ദുസ്ഥാനി'.

പങ്കജ് ഉദാസിന്റെ അരങ്ങേറ്റം

പുതിയ ഗായകരെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു ഉഷയ്ക്ക്. അനുപമ ദേശ്പാണ്ഡെ, ഹേമലത, മുഹമ്മദ് അസീസ്, രൂപ്കുമാര്‍ റാത്തോഡ്, ഷബീര്‍ കുമാര്‍ തുടങ്ങിയവര്‍ വരവറിയിച്ചത് അവരുടെ പാട്ടുകളിലൂടെ.

പങ്കജ് ഉദാസെന്ന ഗസല്‍ മാന്ത്രികന്‍ ആദ്യമായി പാടുന്നത് ഉഷാഖന്നക്കുവേണ്ടി. 1972ല്‍ 'കാംമ്ന' എന്ന ചിത്രത്തിനുവേണ്ടി. 'തും കഭീ സാംനേ ആജാവോ തോ പൂഛേ തും സേ' എന്ന ഗാനം. നക്ഷ് ലയ്പുരിയുടെ മനോഹരമായ വരികളില്‍ പിറന്ന ഈ പാട്ട് ചിത്രം പുറത്തിറങ്ങാത്തതുമൂലം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനുശേഷം 1980ലാണ് ഉദാസിന്റെ ആദ്യ ഗസല്‍ ആല്‍ബം 'ആഹത്ത്' പുറത്തിറങ്ങിയതും. വീണ്ടും ആറു വര്‍ഷത്തിനുശേഷമാണ് സിനിമക്കുവേണ്ടി അദ്ദേഹം പാടിയത്. 1986ല്‍' 'നാം' എന്ന സിനിമയിലെ'ചിട്ടി ആയി ഹെ ആയി ഹെ ചിട്ടി ആയി ഹെ'എന്ന സൂപ്പര്‍ ഹിറ്റു ഗാനം.

മനോഹര ഗാനങ്ങള്‍

സ്ത്രീയായതിന്റെ ഒരു ആനുകൂല്യവും ഉഷാഖന്ന പിടിച്ചുപറ്റിയിട്ടില്ല. മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു അവരുടെ മുഖമുദ്ര. മുഹമ്മദ് റാഫി അലിഞ്ഞു പാടിയ 'ഹം തും സെ ജുദാ ഹോ കേ മര്‍ ജായോം ഗേ രോ രോ കേ' ,തേരേ ഗലിയോം മേ രഖേം ഗേ സനം'എന്നീ ഗാനങ്ങള്‍ ആര്‍ക്ക് മറക്കാനാവും? 'ഹം ഹിന്ദുസ്ഥാനിയിലെ മുകേഷ് പാടിയ 'ഛോടോ കല്‍ കി ബാത്തേം കല്‍ കി ബാത്ത് പുരാനി', മന്നാഡേ പാടിയ 'ബാദലി'ലെ 'അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ' ആപ്തോ ഐസേ ന ഥേയിലെ 'തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമില്‍ ഹെ', സോത്തേണില്‍ കിഷോര്‍-ലതാ ടീമിന്റെ 'ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ', 'ഷായദ് മേരി ഷാദി കാ ഖയാല്‍','സിന്ദഗി പ്യാര്‍ കാ ഗീത് ഹൈ' തുടങ്ങിയവ ചിലതു മാത്രം. മുഹമ്മദ് റഫി- ആശാ ഭോസ്ളെ-ഉഷാ ഖന്ന കൂട്ടുകെട്ട് ഒരു കാലഘട്ടത്തിലെ വിജയ ത്രയമായിരുന്നു.

എത്തിയത് പാട്ടുകാരിയാവാന്‍

ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ഉഷാഖന്നയുടെ അച്ഛന്‍ മനോഹര്‍ ഖന്ന പാട്ടുകാരനും പാട്ടെഴുത്തുകാരനുമായിരുന്നു. പാട്ടുകാരിയാവാനായിരുന്നു ഉഷയുടെയും മോഹം. അങ്ങനെ അച്ഛന്റെ കൂട്ടുകാരനായിരുന്ന പ്രശസ്ത സംഗീതസംവിധായകന്‍ ഒ പി നയ്യാര്‍, ഉഷയെ അക്കാലത്തെ പ്രമുഖ സിനിമാക്കാരനായ ശശ്ധര്‍ മുക്കര്‍ജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഉഷ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ച പാട്ടില്‍ ഒന്ന് മുമ്പൊന്നും കേട്ടിരുന്നില്ലെന്ന് മുക്കര്‍ജി പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെ ഈണം പകര്‍ന്നതാണെന്ന് ഉഷ വെളിപ്പെടുത്തി. ദിവസം രണ്ടുപാട്ട്വീതം താന്‍ കമ്പോസ് ചെയ്യാറുണ്ടെന്നും പതിനാറുകാരി വെളിപ്പെടുത്തി. അപ്പോള്‍ മുക്കര്‍ജി പറഞ്ഞു 'മകളേ, ഗായികയെന്ന നിലയില്‍ നിനക്ക് ലതയെയും ആശയെയും കവച്ചുവെയ്ക്കാനാവില്ല. നിന്റെ രംഗം സംഗീതസംവിധാനത്തിന്റേതാണ്-അതായിരുന്നു തുടക്കം.

ഹിറ്റായ ദില്‍ ദേഖേ ദേഖോ'

ഏതാനും മാസങ്ങള്‍ക്കകം മുഖര്‍ജിയുടെ 'ദില്‍ ദേഖേ ദേഖോ'യെന്ന സിനിമയുടെ സംഗീതസംവിധാനം ഉഷയെ ഏല്‍പ്പിച്ചു. 1959ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. ആശാപരേഖ് എന്ന അഭിനയപ്രതിഭയുടെയും ആദ്യ ചിത്രമായിരുന്നു 'ദില്‍ ദേഖേ ദേഖോ'.തുടര്‍ന്ന് 1961ല്‍ മുക്കര്‍ജിയുടെ തന്നെ 'ഹം ഹിന്ദുസ്ഥാനി'യിലെ ഗാനങ്ങളും ഉഷ കമ്പോസു ചെയ്തു. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഏക് സപേരാ ഏക് ലുടേരാ,ലാല്‍ബംഗ്ളാ,ഏക്രാത്, ആവോ പ്യാര്‍ കരേ', സാജന്‍ബിനാ സുഹാഗന്‍, സുല്‍ത്താന്‍, നിഷാന്‍, ബാദല്‍, ഹം ഹിന്ദുസ്ഥാനി, മുനീംജി, ഷബ്നം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അവര്‍ ഈണം പകര്‍ന്നത്.

പലപ്പോഴും മികച്ച ബാനറുകളുടെ ചിത്രങ്ങള്‍ ഉഷയ്ക്ക് ലഭിച്ചിരുന്നില്ല. ബി, സി ഗ്രേഡ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുമ്പോഴും ഉള്ളിലെ അഗ്നികെടാതെ അവര്‍ സൂക്ഷിച്ചിരുന്നു. ഉദാ. പ്യാസി ആംഖേ, ഖോജ്, ലൈല, പ്രീതി.... 1959 തുടങ്ങിയ സംഗീത സപര്യ 2003ല്‍ 'ദില്‍ പരദേശി ഹോ ഗയ'യില്‍ എത്തിനില്‍ക്കുന്നു. തുടര്‍ന്ന് സ്വയം പ്രഖ്യാപിതമായ ഒരു നിശ്ശബ്ദതയായിരുന്നു.അതിനെപ്പറ്റി അവര്‍ പറയുന്നു.

'പണ്ട് സംഗീതത്തില്‍ സംഗീതസംവിധായകന്‍ സ്വതന്ത്രനായിരുന്നു. ഇന്ന് നിര്‍മാതാവും സംവിധായകനും വിപണി താല്‍പ്പര്യങ്ങളുമെല്ലാം കടന്നുവന്നിരിക്കുന്നു. പലപ്പോഴും അവര്‍ പറയുന്നു അവര്‍ക്കാണ് സംഗീതമറിയാവുന്നതെന്ന്.' ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ് ഉഷയ്ക്ക് കൂടുതല്‍ താല്‍പ്പര്യം.

പ്രശസ്ത സംഗീതസംവിധായകന്‍ സാവന്‍ കുമാറിനെയാണ് ഉഷാഖന്ന വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം രണ്ടുകൊല്ലമേ നീണ്ടൂള്ളൂ. പക്ഷേ വിവാഹമോചനത്തിനുശേഷവും സാവന്‍ കുമാര്‍ ചിത്രങ്ങള്‍ക്ക് ഉഷ സംഗീതം പകര്‍ന്നു. 'ദില്‍ പര്‍ദേശി ഹോഗയ' ഉദാഹരണം.സംഗീതത്തിനു കാല-ദേശ ഭേദങ്ങളില്ല എന്നുതുപോലെ പ്രതിഭയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ് ഉഷാഖന്നയുടെ സംഗീത ജീവിതം .

*
എസ് അജോയ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മതിയായിരുന്നു അവര്‍ക്ക് കേരളീയ ഗാനചരിത്രത്തില്‍ ഇടംനേടാന്‍. 40 വര്‍ഷത്തിനുശേഷവും അത് മലയാളി മനസ്സില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞുവരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യഹരിതഗാനത്തെക്കുറിച്ചാണ്. 1969ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. അതിന് ഈണംപകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം. പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.