Thursday, April 1, 2010

യൂണിയന്‍ ബജറ്റിന്റെ അണിയറ ശില്പികള്‍

2010-11 വര്‍ഷത്തെ യൂണിയന്‍ ബജറ്റിന്റെ യഥാര്‍ത്ഥ ശില്പിയാര് ? ചോദ്യത്തില്‍ പ്രഥമദൃഷ്ട്യാ ദുസ്സൂചനയുണ്ടെന്ന ആക്ഷേപം വരാം. കാരണം, ഒരു ബജറ്റ് നിര്‍ബന്ധമായും ധനകാര്യമന്ത്രിയുടെ സൃഷ്ടിയാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായം സ്വീകരിച്ചിരിക്കാം. ബജറ്റവതരണവും ധനമന്ത്രിയുടെ കുത്തകാവകാശമാണ്. പ്രണബ് മുഖര്‍ജിയാവട്ടെ, സ്വന്തം കൈപ്പടയില്‍ ബജറ്റ് തയ്യാറാക്കുന്ന ശീലക്കാരനാണെന്നുവരെ ഒരു മുന്‍ ബ്യൂറോക്രാറ്റ് എഴുതിപ്പിടിപ്പിക്കുകയുണ്ടായി.
കീഴ്വഴക്കവും നാട്ടുനടപ്പുമെല്ലാം മാറ്റിവെക്കുക. ഈ വര്‍ഷത്തെ ബജറ്റിനു മുമ്പും പിമ്പുമായി അണിയറയിലും അരങ്ങിലും നടന്ന ചര്‍ച്ചകളും സംവാദങ്ങളും ഒരു കാര്യം സംശയലേശമെന്യെ വ്യക്തമാക്കുന്നു ; ഈ ബജറ്റ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടേതാണ്. ബൌദ്ധികതലത്തില്‍ ബജറ്റിനുവേണ്ടി അവര്‍ അത്യദ്ധ്വാനം ചെയ്തു. ബജറ്റിനുശേഷവും അവരുടെ ഉന്മാദം കെട്ടടങ്ങിയില്ല.

കോര്‍പ്പറേറ്റ് തിരക്കഥ

ഫെബ്രുവരി 26-നാണ് ബജറ്റവതരിപ്പിച്ചത്. തലേന്ന് സാമ്പത്തിക സര്‍വ്വേഫലം പുറത്തുവിട്ടു. ഏകദേശം ഒരു മാസം മുമ്പേ തുടങ്ങി, ഉപദേശങ്ങള്‍ : സര്‍ക്കാര്‍ പിന്മാറണം. കടം വാങ്ങരുത്. ഉള്ള കടം കുറച്ചുകൊണ്ടുവരണം. എന്നാല്‍ ഉത്തേജകപദ്ധതി പിന്‍വലിച്ചുകൂടാ. ധനകമ്മി നിയന്ത്രിക്കണം. പണത്തിനായി പൊതുമേഖലാ ഓഹരി വില്‍ക്കണം. 3 ജി. സ്പെക്ട്രം ലേലം ചെയ്യണം. വിദേശനിക്ഷേപങ്ങള്‍ക്കായി വാതില്‍ തുറന്നിടണം. ഡോളര്‍ ഒഴുക്കു തടുക്കരുത്. പെട്രോള്‍ - ക്രൂഡ് ഓയില്‍ വില ബന്ധനവിമുക്തമാക്കണം (അഥവാ വില വര്‍ദ്ധിപ്പിക്കണം). കൃഷിയെ ബിസിനസ്സാക്കി മാറ്റണം, ബഹുദേശീയ കമ്പനികളെയേല്പിക്കണം. ആദായനികുതിയും സ്വത്തുനികുതിയും കുറയ്ക്കണം. എക്സൈസ്, കസ്‌റ്റംസ് തീരുവകള്‍ വര്‍ദ്ധിപ്പിക്കണം, സര്‍വ്വീസ് ചാര്‍ജ് വ്യാപിപ്പിക്കണം - എന്തുവന്നാലും പരിഷ്‌ക്കാരങ്ങള്‍ കൈവെടിയരുത്. കമ്പോളത്തെ വിശ്വസിക്കണം. കമ്പോളത്തില്‍ ഇടപെടരുത്. വിലക്കയറ്റം തുടര്‍ന്നോട്ടെ, രാഷ്ട്രീയക്കാര്‍ ബഹളം വെയ്ക്കും, വഴങ്ങരുത്. ശക്തമായി നേരിടണം.

ആസ്ഥാനബുദ്ധിജീവികളുടെ ഈദൃശനിര്‍ദ്ദേശങ്ങളില്‍ ഒരു സൈദ്ധാന്തിക ദര്‍ശനമുണ്ട്. ഒരു കാര്യത്തില്‍ അവര്‍ക്ക് കടുത്ത നിര്‍ബന്ധമുണ്ട്. ഉദാരവല്‍ക്കരണ നയങ്ങളോടുള്ള അടങ്ങാത്ത ദാഹം. പ്രത്യയശാസ്‌ത്രദുര്‍വാശി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പരിഷ്‌ക്കാരങ്ങളുടെ ദിശ മാറാന്‍ പാടില്ല. പ്രതിസന്ധി അവസാനിച്ചു. പച്ചനാമ്പുകള്‍ വളര്‍ന്നു പന്തലിച്ചു. എന്നുവെച്ച് കുഴപ്പം തീര്‍ന്നുവെന്നല്ല, അല്പം ജാഗ്രത പാലിക്കണമെന്നു മാത്രം. വിശകലനങ്ങളുടെ ഈ പൊതുസ്വഭാവം ബജറ്റിന്റെ നാലാം ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്.

ബിസിനസ് പത്രങ്ങളില്‍ മുഖലേഖനങ്ങള്‍, ബ്യൂറോക്രസിയുടെ വക അപഗ്രഥനങ്ങള്‍, കോര്‍പ്പറേറ്റ് മേധാവികളുടെ പാണ്ഡിത്യവിവരണം വേറെയും. ചുരുക്കത്തില്‍, സമ്പന്നവിഭാഗങ്ങളുടെ ഒരു മഹാസഖ്യം ബജറ്റിനെ റാഞ്ചിയെടുത്തു. രചനയില്‍ മാത്രമല്ല, തിരക്കഥയിലും സംവിധാനത്തിലും അവരുടെ സ്വാധീനം പ്രകടമാണ്.

നൂറില്‍ നൂറ് മാര്‍ക്ക്

ഒടുവില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉത്സവമാടി. പ്രധാനപത്രങ്ങളുടെ ഒന്നാം പേജ് തലക്കെട്ടുകള്‍ തന്നെ തെളിവാണ് : ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡ് എഴുതി : "ധനമന്ത്രി ഗോളടിച്ചു; ധനവിനിയോഗത്തില്‍ ദീര്‍ഘവീക്ഷണം'' .
ഏഴു കോര്‍പ്പറേറ്റ് മേധാവികളുടെ അഭിപ്രായം മറ്റൊരു പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നു : "ജൂറിയുടെ വിധിയെഴുത്ത് ഏകകണ്ഠം - മികച്ച പ്രകടനം''

ജൂറിയംഗങ്ങള്‍ ആരെന്നറിയേണ്ടേ?

കുമാര്‍ ബിര്‍ള, സുനില്‍ മിത്തര്‍, ചന്ദാ കൊച്ചാര്‍, ക്രിസ് ഗോപാലകൃഷ്ണന്‍, കര്‍പ്പനാ മോര്‍പ്പോറിയ (ജെ.പി. മോര്‍ഗന്‍), പവന്‍ മുന്‍ജാള്‍ (ഹീറോ ഹോണ്ട), എ.എം. നായിക് (ലാര്‍സണ്‍ ആന്റ് ട്യൂബ്രോ) തുടങ്ങിയവര്‍.

ജി.ഡി.പി. വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും ബജറ്റ് ഉപകരിക്കുമെന്ന് ജൂറി വിലയിരുത്തി.

പൊതുവെ മിതഭാഷിയായ ഹിന്ദുപത്രം ധനമാനേജ്‌മെന്റിനെ പ്രശംസിച്ചുകൊണ്ടാണ് ഒന്നാം പേജ് വാര്‍ത്ത നല്‍കിയത്. എഡിറ്റോറിയലിന്റെ അവസാനവാചകം ഇതാ ;

"എല്ലാറ്റിനുമുപരി, ബിസിനസ് വൈകാരികതയ്ക്കും കമ്പോളത്തിന്റെ മൃഗീയാവേശത്തിനും കളമൊരുക്കുന്നതില്‍ ബജറ്റ് വിജയിച്ചു'' .

വര്‍ത്തകസംഘങ്ങളും, വ്യവസായകുടുംബങ്ങളും ബജറ്റിനെ അഭിവാദ്യം ചെയ്തു. ബജറ്റ് അവതരണവേളയില്‍ സെന്‍സെക്സ് 400 പോയിന്റ് വരെ ഉയര്‍ന്നുവെങ്കിലും പിന്നീട് 175 പോയിന്റിലേക്ക് തിരിച്ചിറങ്ങി. രണ്ടുനാള്‍ കൊണ്ട് ഓഹരിയുടമകളുടെ കടലാസുധനം 16000 കോടി രൂപ വര്‍ദ്ധിച്ചു. കോര്‍പ്പറേറ്റ് നികുതിയിന്മേലുള്ള സര്‍ചാര്‍ജ്ജ് 10ല്‍ നിന്ന് 7.5% ആയി കുറച്ചത് അവരെ എന്തെന്നില്ലാതെ ത്രസിപ്പിച്ചു. സങ്കടമുണ്ടായത് ഒരു കാര്യത്തില്‍ മാത്രം. മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്സ് ((MAT) 15-ല്‍ നിന്നും 18% ആയി വര്‍ദ്ധിക്കും. കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ഒരു നികുതിയാണിത്. അത് പിന്‍വലിക്കുമെന്നായിരുന്നു പ്രതീക്ഷ.

സങ്കീര്‍ത്തനംപോലെ


ഇക്കണോമിക് ടൈംസും ഡെലോയിറ്റും ചേര്‍ന്ന് ഫെബ്രു. 26-ന് സംഘടിപ്പിച്ച ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരൊന്നാകെ ആഹ്ളാദതിമിര്‍പ്പിലായിരുന്നു. DELOITTE മേധാവി ഉദയന്‍ സെന്‍, സീനിയര്‍ ഡയറക്ടര്‍ പ്രശാന്ത് ദേശ്‌പാണ്ഡെ, ആദിത്യബിര്‍ളയുടെ ഗ്രാസിം കമ്പനി ഡയറക്ടര്‍ ഡി.ഡി. രതി, ജെ.എസ്. ഡബ്ള്യു. സ്‌റ്റീല്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.വി. ശേഷഗിരിറാവു, ടാറ്റാ സണ്‍സിലെ ശ്രീ. ഭാരതീ വാസനി എന്നിവരെല്ലാം ബജറ്റിലെ 'സുതാര്യതയെ' വാഴ്ത്തി. ബജറ്റില്‍ ദുസ്വപ്നങ്ങളൊന്നുമുണ്ടായില്ല. പ്രവചനങ്ങളും പ്രതീക്ഷകളും സഫലമായി. സുസ്ഥിര വളര്‍ച്ചക്ക് ശക്തമായ പിന്തുണ. വിദേശപ്രത്യക്ഷനിക്ഷേപത്തിന് ഊന്നല്‍.

ശ്രീ ഭാരതീ വാസന്‍ വിലനിയന്ത്രിക്കാന്‍ ഒരു വിചിത്രവാദഗതി ഉന്നയിച്ചു. റീട്ടെയില്‍ വ്യാപാരരംഗത്ത് മള്‍ട്ടി ബ്രാന്റുകളെത്തണംപോലും. ശേഷഗിരി റാവുവാകട്ടെ, പെട്രോള്‍ - ഡീസല്‍ വിലകളെ മോചിപ്പിക്കണമെന്ന് വീറോടെ വാദിച്ചു. സര്‍ക്കാര്‍ ഇടപെടലില്ലാതെ, കമ്പോളം വില നിര്‍ണ്ണയിച്ചാല്‍ നാണയപ്പെരുപ്പമുണ്ടാവില്ലാ എന്നാണ് അദ്ദേഹത്തിന്റെ അഭിമതം. ആദായനികുതിയിളവ് നാണയപ്പെരുപ്പത്തിന്റെ കെടുതിയില്‍ നിന്ന് തെല്ലാശ്വാസം പകരുമത്രെ. നികുതിയിളവിന്റെ പരിധിയില്‍ പെടാത്തവരെക്കുറിച്ച് അവരെന്തിന് ഉത്കണ്ഠപ്പെടണം?

ബജറ്റിന്റെ 'സ്വകാര്യമേഖലയെ ശാക്തീകരിക്കുന്ന ഗവണ്‍മെന്റ്' എന്ന ആശയം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. സ്വകാര്യമേഖലയ്ക്ക് ഇടം നല്‍കി, മാറിനിന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ ; അവരുടെ ഭാവനയിലും അതു തന്നെയാണുണ്ടായിരുന്നത്.

നികുതി വെട്ടിപ്പുകാര്‍ക്ക് പൊതുമാപ്പ്


ഒരു ബജറ്റെന്നാല്‍ അവശ്യമായും നികുതികളും ചിലവിനങ്ങളുമാണ്. ബജറ്റ് വഴി നികുതിബാധ്യത ഏറുന്നവര്‍ ബജറ്റിനെ ശപിക്കും. ഇളവ് ലഭിക്കുന്നവര്‍ തലോടും. അതുപോലെ, ബജറ്റ് ചിലവിന്റെ പ്രധാന ഗുണഭോക്താക്കള്‍ കൈയടിക്കും. അല്ലാത്തവര്‍ മൌനം പാലിക്കും.

2010-11 ബജറ്റിലൂടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുത്ത ഇളവുകള്‍ നിരവധിയാണ്. കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് പ്രത്യക്ഷനികുതിയില്‍ ഏതാണ്ട് 80,000 കോടിരൂപയുടെ സൌജന്യം ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 66,000 കോടിയായിരുന്നു. എക്സൈസ് നികുതിയില്‍ മറ്റൊരു 1,70,765 കോടിരൂപയും കസ്റംസ് ഡ്യൂട്ടി വകയില്‍ 2,49,021 കോടിയും ഇളവു കിട്ടി. മൊത്തം 5,00,000 കോടിരൂപ.

ബജറ്റ് പ്രസംഗത്തിന്റെ 123-ആം ഖണ്ഡികയില്‍ നികുതിവെട്ടിപ്പുകാര്‍ക്കുള്ള പൊതുമാപ്പിനെ കുറിച്ച് (Tax Amnesty) പരാമര്‍ശമുണ്ട്. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തി കണക്കില്‍ കൊള്ളാത്ത വരുമാനവും സ്വത്തും കണ്ടെത്തുക പതിവുണ്ട്. ഇക്കൂട്ടര്‍ സെറ്റില്‍മെന്റ് കമ്മീഷന്റെ പരിധിയില്‍ വരില്ല. 2010-11 ബജറ്റില്‍, ഇവര്‍ക്ക് സെറ്റില്‍മെന്റ് കമ്മീഷനെ സമീപിച്ച്, പിഴയടച്ച് പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുമതി നല്‍കുന്നു. ഇത് ഭീകരമായ അനീതിയാണ്. അധാര്‍മ്മികതയാണ്. സ്വജനവാത്സല്യമാണ്. സത്യസന്ധരായ നികുതിദായകരോടുള്ള ക്രൂരതയാണ്.

1990-കളില്‍ ഒരു സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. സുപ്രീം കോടതി നീരസം പ്രകടിപ്പിച്ചപ്പോള്‍ ഗവണ്‍മെന്റ് ഉറപ്പു നല്‍കി, മേലില്‍ ആവര്‍ത്തിക്കില്ലെന്ന്. 2007-ലെ ബജറ്റില്‍ മുന്‍ധനമന്ത്രി ശ്രീ. പി. ചിദംബരമാണ് Search and Seizure കേസുകളെ സെറ്റില്‍മെന്റ് കമ്മീഷനില്‍ നിന്നു വേര്‍പെടുത്തിയത്. ഇപ്പോഴത്തെ ബജറ്റ് പാസാകുന്നപക്ഷം 50 ലക്ഷംരൂപയിലധികം നികുതി കുടിശ്ശികയുള്ള നികുതിവെട്ടിപ്പുകാര്‍ സമര്‍ത്ഥന്മാരായി മാറും. വെട്ടിപ്പുകാരെ ആദരിക്കുന്ന ബജറ്റാണിത്. 2008-09-ലെ നികുതി കുടിശ്ശിക 93,139 കോടിരൂപയാണെന്നോര്‍ക്കുക. അതിസമ്പന്നരായ ഡോളര്‍ ബില്യണയര്‍മാരുടെ ധനആസ്‌തികള്‍, ഡിവിഡന്റ്, മൂലധനനേട്ടം എന്നിവ സ്വത്തുനികുതിയില്‍ നിന്നൊഴിവാക്കപ്പെട്ടു. പ്രത്യക്ഷനികുതികള്‍ കുറഞ്ഞു. പരോക്ഷനികുതികള്‍ കൂടി. 2010-11 ബജറ്റിനെ പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്നത് കാപട്യമായിരിക്കും.

ആം ആദ്മിക്ക് വാചകസേവ മാത്രം

ബജറ്റ് പ്രസംഗത്തിലെ 72 മുതല്‍ 99 വരെയുള്ള 28 ഖണ്ഡികകളാണ് ആം ആദ്മിക്കായി ഉഴിഞ്ഞുവെച്ചിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, മൈക്രോഫൈനാന്‍സ്, തൊഴിലുറപ്പു പദ്ധതി, അസംഘടിത മേഖല, സാമൂഹ്യക്ഷേമപദ്ധതികള്‍, മഹിളാ-ദളിത്- ന്യൂനപക്ഷ പരിപാടികള്‍, എല്ലാം വിസ്തരിച്ചു പറയുന്നുണ്ട്. നീക്കിയിരിപ്പ് തുച്ഛമാണെന്നു മാത്രം.

പാവം കൃഷിക്കാരെന്തു കിട്ടി? കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 2% റിബേറ്റ്. വായ്പ തിരിച്ചടക്കുന്ന കൃഷിക്കാര്‍ എത്രയുണ്ടെന്ന് ധനമന്ത്രിക്ക് അറിയുമോ? വിളവായ്പകള്‍ ഏറെയും പുതുക്കകയല്ലേ പതിവ്? കോള്‍ഡ് സ്റോറേജ്, ശീതീകരണ മുറികള്‍ എന്നിവയ്ക്കുള്ള വായ്പകള്‍, അഗ്രിബിസിനസുകാരെയും കോര്‍പ്പറേറ്റ് കൃഷിക്കാരെയും ലക്ഷ്യമിട്ടുള്ളവയാണ്.
പുതിയ പെന്‍ഷന്‍ പദ്ധതിക്ക് ((NPS) 90-ാം ഖണ്ഡികയില്‍ ഒരു കൈത്താങ്ങ് നല്‍കുന്നുണ്ട്. എന്‍.പി.എസ്. തുടങ്ങിയിട്ട് ആറു വര്‍ഷമായി. ഇതുവരെ അസംഘടിത വിഭാഗത്തില്‍ നിന്ന് ചേര്‍ന്നത് 3500 പേര്‍. 01-04-2004-നു ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേറെ വഴിയില്ല. ഏഴരലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിനകം പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായി. ഇതിലേക്ക് ബജറ്റില്‍ 100 കോടിരൂപ വകയിരുത്തി. 2010-11 ല്‍ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 1000 രൂപ വീതം നല്‍കും. സ്വാശ്രയപെന്‍ഷന്‍ പദ്ധതിക്ക് വേരോട്ടമുണ്ടാക്കണമല്ലോ.

മൂന്നു മുതല്‍ അഞ്ചുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ 10% ഇളവനുവദിച്ചു. ശമ്പളക്കാരുടെ കീശയില്‍ അധികപണമെത്തുമെന്നും റീട്ടെയില്‍ വ്യാപാരം പൊടിപൊടിക്കുമെന്നും കുറെപേര്‍ വിശ്വസിച്ചു. മൊത്തം നികുതിയാശ്വാസം 26,500 കോടിരൂപക്കുള്ളതാണ്. പരോക്ഷനികുതി വഴി 46,500 കോടിരൂപ തിരിച്ചെടുക്കുന്നു. വരുമാനനികുതി പ്രത്യക്ഷനികുതിയാണ്. നികുതിയിളവ് നേരില്‍ കാണാം. എക്സൈസ് - കസ്റംസ് തീരുവകള്‍ പരോക്ഷനികുതിയാണ്. ദൃശ്യഗോചരമല്ല. ചന്തയിലെത്തുമ്പോഴേ വിവരമറിയൂ. വില കയറിയിരിക്കുന്നു! പണസഞ്ചി കാലിയാവുന്നതറിയില്ല. കൊടുക്കുന്നതിനേക്കാള്‍ തിരിച്ചെടുക്കുന്ന ബജറ്റാണിത്. വെളിപ്പെടുത്തുന്നതിനേക്കാള്‍ ഒളിച്ചുവെച്ചിരിക്കുന്നു. സുതാര്യതയുടെ നേര്‍ വിപരീതം.

ബജറ്റ് പ്രസംഗം 189 ഖണ്ഡികകളിലായി പരന്നു കിടക്കുന്നു. 188-ാം ഖണ്ഡികയില്‍ ഒരു അവകാശവാദമുണ്ട്. ഈ ബജറ്റ് ആം ആദ്മിക്കുള്ളതാണ്. കര്‍ഷകനുള്ളതാണ്. സംരംഭകനും നിക്ഷേപകനുമുള്ളതാണ്. ആം ആദ്മിക്കുള്ളത് അത്രമാത്രം.

റിപ്പബ്ളിക്കിന്റെ ഗതികേട്


ഏറ്റവും രസകരമായ വസ്തുത, പ്രണാബ് മുഖര്‍ജിയുടെ ബജറ്റിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് ബെന്‍ ബെര്‍ണാങ്കെ ആണെന്നുള്ളതാണ്. അമേരിക്കന്‍ ഫെഡ് ചെയര്‍മാന്‍ വായ്‌പ പലിശ നാമമാത്രമാക്കി. പലിശരഹിത വായ്‌പവഴി സ്വരൂപിക്കുന്ന പണം ഊഹച്ചന്തകളിലെത്തുന്നു. ചരക്കുകമ്പോളങ്ങളിലേക്കും ഓഹരിവിപണിയിലേക്കും അവധി വ്യാപാരത്തിലേക്കുമൊഴുകിയെത്തുന്നു. റിസര്‍വ് ബാങ്ക് ഡോളര്‍ വാങ്ങി കൂട്ടുന്നു. രൂപ പുറത്തുവിടുന്നു. നാണയപ്പെരുപ്പം കൂടുന്നു. എണ്ണവില കുതിച്ചുകയറുന്നു. പ്രണാബ് മുഖര്‍ജിയുടെ കണക്കുകള്‍ തകിടം മറിയാന്‍ മറ്റെന്തുവേണം?. പരമാധികാര റിപ്പബ്ളിക്കിന്റെ ഗതികേടാണിത്.

ബിസിനസ് പത്രമാധ്യമങ്ങള്‍ തൊഴിലാളികളോട് പ്രതികരണമാരാഞ്ഞില്ല. കര്‍ഷകനെ അന്വേഷിച്ചിറങ്ങിയില്ല. അവരെ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. അവര്‍ പടിക്കു പുറത്താണ്. ബജറ്റിന്റെ പുറമ്പോക്കിലാണ്. വിലക്കയറ്റത്തെ ബജറ്റ് തീരെ ഗൌനിച്ചില്ല. ജിഡിപി വളര്‍ച്ചക്ക് വിലകൂടി നില്‍ക്കണം. മാത്രമല്ല, പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വിലകള്‍ വീണ്ടും ഉയരും. ബസ് ചാര്‍ജ് കൂടും. ചരക്കുകടത്തുകൂലി കൂടും. ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കും. ജനങ്ങളാണ് ഇരകള്‍. ഇരകള്‍ ബജറ്റിനെ തിരിച്ചറിയണം. ജനാധിപത്യരീതിയില്‍ പ്രതികരിക്കണം. തെരുവിലിറങ്ങണം. നയം തിരുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെടണം. നയം തിരുത്താന്‍ കൂട്ടാക്കാത്തവര്‍ക്ക് വോട്ടില്ല. ബജറ്റിന്റെ ഗുണഭോക്താക്കള്‍ വോട്ടു ചെയ്തോട്ടെ. ബജറ്റിന്റെ ശില്പികള്‍ കോര്‍പ്പറേറ്റുകളാണ്. കോര്‍പ്പറേറ്റുകളുടെ മാത്രം കൈയടി നേടി യു.പി.എ. സര്‍ക്കാരിന് ഭരിക്കാനാവുമോ?


******


കെ.വി. ജോര്‍ജ്ജ്
, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

2010-11 വര്‍ഷത്തെ യൂണിയന്‍ ബജറ്റിന്റെ യഥാര്‍ത്ഥ ശില്പിയാര് ? ചോദ്യത്തില്‍ പ്രഥമദൃഷ്ട്യാ ദുസ്സൂചനയുണ്ടെന്ന ആക്ഷേപം വരാം. കാരണം, ഒരു ബജറ്റ് നിര്‍ബന്ധമായും ധനകാര്യമന്ത്രിയുടെ സൃഷ്ടിയാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായം സ്വീകരിച്ചിരിക്കാം. ബജറ്റവതരണവും ധനമന്ത്രിയുടെ കുത്തകാവകാശമാണ്. പ്രണബ് മുഖര്‍ജിയാവട്ടെ, സ്വന്തം കൈപ്പടയില്‍ ബജറ്റ് തയ്യാറാക്കുന്ന ശീലക്കാരനാണെന്നുവരെ ഒരു മുന്‍ ബ്യൂറോക്രാറ്റ് എഴുതിപ്പിടിപ്പിക്കുകയുണ്ടായി.
കീഴ്വഴക്കവും നാട്ടുനടപ്പുമെല്ലാം മാറ്റിവെക്കുക. ഈ വര്‍ഷത്തെ ബജറ്റിനു മുമ്പും പിമ്പുമായി അണിയറയിലും അരങ്ങിലും നടന്ന ചര്‍ച്ചകളും സംവാദങ്ങളും ഒരു കാര്യം സംശയലേശമെന്യെ വ്യക്തമാക്കുന്നു ; ഈ ബജറ്റ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടേതാണ്. ബൌദ്ധികതലത്തില്‍ ബജറ്റിനുവേണ്ടി അവര്‍ അത്യദ്ധ്വാനം ചെയ്തു. ബജറ്റിനുശേഷവും അവരുടെ ഉന്മാദം കെട്ടടങ്ങിയില്ല.

Unknown said...

കോര്‍പ്പറേറ്റുകളുടെ മാത്രം കൈയടി നേടി യു.പി.എ. സര്‍ക്കാരിന് ഭരിക്കാനാവുമോ? പറ്റും അല്ലോ... കാരണം ഈ കോര്‍പ്പറേറ്റുകളുടെ കൈയില്‍ ആണല്ലോ ഇന്ത്യയിലെ മിക്ക മാധ്യമങ്ങള്‍ എല്ലാം. ബാക്കി എല്ലാം അവര്‍ നോക്കികൊള്ളും. ഈ മാധ്യമങ്ങള്‍ തീരുമാനിക്കും ജനങ്ങള്‍ ഈ സര്‍ക്കാരിന് എന്ത് മാര്‍ക്ക് കൊടുക്കണം എന്നൊക്കെ. കോര്‍പ്പറേറ്റുകളുടെ അജണ്ട നമ്മള്‍ പോലും അറിയാതെ ചാനലുകള്‍ വഴി നമ്മുടെ കാഴ്ച്ചപ്പാടാക്കി മാറ്റി എടുക്കും. പോരെ പൂരം...