Thursday, April 15, 2010

സ്വപ്നങ്ങളുടെ സ്വര്‍ണത്തരികള്‍ തേടി

'ഇങ്ങോട്ടിറങ്ങി വരല്ലേ.... ഞങ്ങളെപ്പോലെ കരുവാളിച്ചുപോകും..' എള്ളുവീണാല്‍ പൊരിയുന്ന പഴുത്തമണല്‍ ഇരുമ്പുചട്ടിയില്‍ നിറച്ച് അടുത്തയാളിന് കൈമാറുന്നതിനിടയില്‍ ഒരു സ്ത്രീ തൊഴിലാളി വിളിച്ചുപറഞ്ഞു. അടുത്തേക്ക് ചെന്നപ്പോള്‍ വെള്ളനാട് വടക്കേവിള എസ്എസ് മന്‍സിലിലെ മുപ്പതുകാരിയായ ജിനൈദാ ബീവി കറുത്തുപോയ തന്റെ മുഖത്തെക്കുറിച്ച് വാചാലയായി. സങ്കടം തമാശയായി പൊതിഞ്ഞ് അവര്‍ പറയുന്ന വാക്കുകള്‍ നിസ്സംഗതയോടെ കേട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. വെയിലിന്റെ ശക്തിയെക്കുറിച്ച് അവര്‍ വീണ്ടും ഓര്‍മിപ്പിച്ചപ്പോള്‍ ഷാള്‍ വലിച്ച് തലയിലിട്ടു.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര. സൂര്യന്‍ തലയ്ക്ക് മീതെ ശക്തമായി കത്തുമ്പോഴും നൂറുകണക്കിന് സ്ത്രീകള്‍ മണല്‍ഖനിയില്‍ അധ്വാനത്തിന്റെ വിയര്‍പ്പൊഴുക്കുകയാണ്. വിശ്രമത്തിനായി കരയില്‍ കെട്ടിയ ഓല ഷെഡ്ഡിനുള്ളില്‍ കുറച്ച് സ്ത്രീകള്‍ മാത്രം ഉറങ്ങുന്നതെന്താണെന്ന് പിടികിട്ടിയില്ല. വെള്ളൂര്‍കോണം നിവാസിയായ കമണി കാര്യം വിശദീകരിച്ചപ്പോള്‍, ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. അവരില്‍ മൂന്നുപേര്‍ കീമോതെറാപ്പി കഴിഞ്ഞവര്‍, രണ്ട് വൃദ്ധകള്‍. ബാക്കിയുള്ളവര്‍ രോഗികളും പരിക്ക് പറ്റിയവരും. സഹപ്രവര്‍ത്തകരുടെ ഔദാര്യത്തില്‍ അവര്‍ എല്ലാം മറന്ന് ഉറങ്ങുകയാണ്. കുംഭച്ചൂടില്‍ കാളിയാമൂഴിയിലെ മണല്‍ഖനികള്‍ തിളച്ചുമറിയുകയാണ്. ഇരുകരകളിലുമായി ആയിരത്തോളം വരുന്ന സ്ത്രീകളുടെ നീണ്ട നിര ഉച്ചഭക്ഷണത്തിനായി മെല്ലെ നീങ്ങിത്തുടങ്ങി. കരിവാളിച്ച ആ സ്ത്രീരൂപങ്ങളുടെ മുഖത്ത് പക്ഷേ, ക്ഷീണത്തെ വെല്ലുന്ന ഉത്സാഹം. കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

തിരുവനന്തപുരത്തെ പ്രധാന കുടിവെള്ളസ്രോതസ്സായ അരുവിക്കര ഡാമിന്റെ പ്രാന്തപ്രദേശമായ കാളിയാമൂഴി ഇന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി (എന്‍ആര്‍ഇജിഎസ്) യുടെ ഭാഗമായി മണല്‍ ഖനനം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ 99 ശതമാനവും സ്ത്രീകളാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗ്രാമീണ സ്ത്രീകളുടെ ആവേശകരമായ മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാകുന്നതോടെ കേരളീയ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിജയത്തിനായി കേരളസര്‍ക്കാര്‍ കൈക്കൊണ്ട നയപരമായ തീരുമാനങ്ങളിലൊന്നായിരുന്നു നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ കണ്ടെത്തുക എന്നത്. ഇതനുസരിച്ച് കേരളത്തില്‍ വിവിധ ജില്ലകളിലായി കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണവും റോഡരികുകള്‍ വൃത്തിയാക്കലും കാര്‍ഷികാധിഷ്ഠിത പ്രവൃത്തികളുമൊക്കെ വിജയപ്രദമായി നടന്നുവരികയാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് അരുവിക്കരയില്‍ നടപ്പാക്കിവരുന്നത്. ഇത്രയധികം സ്ത്രീകള്‍ ഒരുമിച്ച് ഒരു പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നു എന്നതാണ് ഒറ്റനോട്ടത്തില്‍ കണ്ടെത്താവുന്ന സവിശേഷത. പരിസ്ഥിതി സൌഹാര്‍ദവും ശാസ്ത്രീയവുമായ മണല്‍ഖനനം കേരളത്തില്‍ ആദ്യത്തെ സംരംഭമാണ്. ഇഎംഎസ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പാവപ്പെട്ടവര്‍ക്ക് പകുതിവിലയ്ക്ക് മണല്‍ നല്‍കാന്‍ സാധിക്കുന്നു എന്നത് ഏറ്റവും വലിയ നേട്ടം. സ്ത്രീകളുടെ വരുമാനസ്രോതസെന്ന നിലയില്‍ രണ്ട് പഞ്ചായത്തുകളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം.

2008 നവംബറിലാണ് കാളിയാമൂഴി പ്രദേശത്തെ മണല്‍ഖനനം ആരംഭിച്ചത്. പഞ്ചായത്തില്‍നിന്ന് തൊഴില്‍ കാര്‍ഡ് ലഭിച്ച 18നും 70നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം സ്ത്രീകള്‍ പല ഘട്ടങ്ങളിലായി മണല്‍ഖനന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. വീടിനുപുറത്തുപോയി തൊഴിലെടുത്ത് ശീലമുള്ളവരായി ഇവരില്‍ ചെറിയൊരു ശതമാനം മാത്രമേയുള്ളൂ. ഭൂരിഭാഗം സ്ത്രീകള്‍ വീട്ടമ്മമാരായി കഴിയുന്നവരായിരുന്നു. അടുക്കള ജോലിമാത്രം ശീലിച്ചിട്ടുള്ളവര്‍. സൂര്യതാപത്തെ അതിജീവിക്കാന്‍ മുഖമൊഴികെ ബാക്കി ഭാഗമെല്ലാം വസ്ത്രംകൊണ്ട് മറച്ചാണ് സ്ത്രീകള്‍ പണിക്കിറങ്ങുന്നത്. കൈനീളമുള്ള കോട്ടന്‍ഷര്‍ട്ടുകളും തൊപ്പിയും തോര്‍ത്തുമൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും മുഖം എല്ലാവരുടെയും ഒരുപോലെ കരുവാളിച്ചിരിക്കുന്നു. തങ്ങളുടെ മുഖസൌന്ദര്യം വീണ്ടെടുക്കാനാവുമോ എന്ന ആശങ്ക ഓരോ സ്ത്രീക്കുമുണ്ട്. മണ്ണില്‍ പണിയെടുത്തിരുന്ന ഒരു തലമുറ നമുക്ക് മുമ്പേ കടന്നുപോയിരുന്നുവെന്നും പ്രകൃതിയോടേറ്റുമുട്ടാന്‍ അവര്‍ ബുദ്ധിപരമായി പലതും ചെയ്തിരുന്നുവെന്നും ഇവര്‍ ഓര്‍മിക്കാനിടയില്ല. വസ്ത്രംപോലും കിട്ടാനില്ലാത്ത ആ കാലത്ത് മഴയത്തും വെയിലത്തും അവര്‍ക്ക് സംരക്ഷണമേകിയത് പനയോലകൊണ്ടുണ്ടാക്കിയ തൊപ്പിക്കുടകളാണ്. ശിരസ്സും ശരീരവും വെയിലുകൊള്ളാതിരിക്കാന്‍ കാളിയാമൂഴിയിലേക്ക് തൊപ്പിക്കുടകള്‍ എത്തേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് എല്ലാ കാര്യത്തിലും പരിഗണന ഉറപ്പുവരുത്തിക്കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിവരുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന നീതി ഉറപ്പാക്കി എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ജനാധിപത്യപരമായ അവകാശങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്ന രീതിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ മുതല്‍ ക്രഷുകള്‍ വരെ ഒരുക്കിക്കൊണ്ടാണ് കേരളത്തില്‍ സ്ത്രീ തൊഴിലാളികളെ നീതിയുടെ കുടക്കീഴില്‍ കൊണ്ടുവന്നിട്ടുള്ളത്.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീ പങ്കാളിത്തം മൊത്തം 83 ശതമാനമാണ്. തൊഴിലുറപ്പ് പദ്ധതി കേരളീയ ഗ്രാമങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചറിയുന്ന സ്ത്രീ സമൂഹം ഗ്രാമീണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റിയെഴുതിയേക്കാം. സ്ത്രീകളിലൂടെ കുടുംബത്തിലേക്കും കുടുംബത്തിലൂടെ സമൂഹത്തിലേക്കും സമഗ്രവികസനത്തിന്റെ വേരുകള്‍ പടര്‍ത്താനുള്ള ഈ സര്‍ക്കാര്‍ പദ്ധതി വര്‍ധിച്ച സ്ത്രീപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. സര്‍ക്കാരിന്റെ പണം കൈപ്പറ്റുന്നതില്‍ പ്രത്യേക അഭിമാനമുണ്ടെന്ന് സ്ത്രീ തൊഴിലാളികള്‍ പറയുന്നു. യജമാനന്‍ സര്‍ക്കാര്‍ ആകുമ്പോള്‍ അടിമത്തമെന്ന തോന്നല്‍ ഉണ്ടാവുന്നില്ല. ഉറപ്പുള്ള തൊഴിലും ഉറപ്പുള്ള വേതനവും നീതിപൂര്‍വമായ തൊഴിലന്തരീക്ഷവുമാവാം കൂടുതല്‍ സ്ത്രീകളെ ഇതിലേക്കാകര്‍ഷിക്കപ്പെടുന്നത്.

*
ജെസി നാരായണന്‍ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...