Tuesday, June 1, 2010

ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തിലേക്ക്

പുതിയൊരു അധ്യയനവര്‍ഷംകൂടി ആരംഭിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ നാം പ്രവേശനോത്സവത്തിനെത്തുന്നത്. പ്രതീക്ഷകളോടെ വിദ്യാലയമുറ്റത്തെത്തുന്ന നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്ക്, സാധ്യമായ എല്ലാ സൌകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍, അറ്റകുറ്റപ്പണികള്‍ചെയ്ത് മനോഹരമാക്കിയ ക്ളാസ്മുറികള്‍, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠനോപകരണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍. സാധാരണക്കാരന്റെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൌകര്യം ലഭ്യമാക്കുന്നിടങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പ്രവര്‍ത്തിച്ചത്.

രണ്ടായിരത്തിലേറെ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും അധ്യാപകര്‍ തൊഴില്‍സുരക്ഷയോ ആത്മവിശ്വാസമോ ഇല്ലാതെ കുഴങ്ങുകുംചെയ്യുന്ന അവസ്ഥ. പ്ളസ്ടു സംവിധാനം കുത്തഴിഞ്ഞു കിടക്കുന്ന സ്ഥിതി. താഴ്ന്ന എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷാഫലങ്ങള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റും നിമിത്തം വിശ്വാസ്യത നഷ്ടപ്പെട്ട പരീക്ഷാസമ്പ്രദായം, നൂറിലേറെ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്കൂളുകള്‍ പത്താംക്ളാസ് പരീക്ഷയെഴുതിയവരില്‍ മൂന്നിലൊന്നു ഭാഗത്തെപ്പോലും വിജയിപ്പിക്കാനാകാതെ വിശ്വാസം നഷ്ടപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന സ്ഥിതി. പ്രൊഫഷണല്‍ കോളേജിലും പ്ളസ്ടുവിനും അഡ്മിഷന്‍ ലഭിക്കുന്നതിന് പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് അവഗണനയും അവസരനിഷേധവും നിലനില്‍ക്കുന്ന അവസ്ഥ. ഇവിടെനിന്ന് രക്ഷാകര്‍ത്താക്കളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസം തിരികെപ്പിടിച്ച്, കേരളത്തിന്റെ സാമൂഹ്യവികസന പ്രക്രിയയുടെ നട്ടെല്ലായ പ്രീപ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള പൊതുവിദ്യാഭ്യാസ പ്രക്രിയയുടെ പുനരുദ്ധാരണം എളുപ്പമായിരുന്നില്ല.

ഇന്ന് ചിത്രം പാടെ മാറിയിരിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാലയങ്ങളുടെ കടന്നുവരവോടെ പ്രസക്തി നഷ്ടപ്പെട്ടുപോയ ആര്‍ട്സ്-സയന്‍സ് കോളേജുകളിലെ ബിരുദ വിദ്യാഭ്യാസം ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ ഇടപെടലിലൂടെ കരുത്താര്‍ജിച്ചുവരുന്നു. ഇത്തവണ ക്രെഡിറ്റ് സെമസ്റ്റര്‍ രീതിയിലേക്ക് പൂര്‍ണമായി വരുന്നതിന്റെ ഭാഗമായി ജൂണില്‍ത്തന്നെ ഒന്നാംവര്‍ഷ ബിരുദപഠനത്തിന്റെ അഡ്മിഷന്‍ പൂര്‍ത്തിയായി ക്ളാസുകള്‍ ആരംഭിക്കുന്നു. കഴിഞ്ഞകാലത്ത് സെപ്തംബറാകണമായിരുന്നു നമ്മുടെ കോളേജുകളില്‍ ഒന്നാംവര്‍ഷ ഡിഗ്രി ക്ളാസ് ആരംഭിക്കാന്‍. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലേക്കുള്ള- ഒമ്പതാം ക്ളാസിലെ മാറിയ പുസ്തകങ്ങളടക്കം- എല്ലാ പാഠപുസ്തകങ്ങളും സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ത്തന്നെ വിതരണം ചെയ്യാനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അച്ചടിച്ച് വിവിധ സ്ഥലങ്ങളിലെ ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയില്‍നിന്നു മാറി സര്‍ക്കാര്‍ പ്രസില്‍നിന്ന് തപാല്‍വകുപ്പിന്റെ സഹായത്തോടെ നേരിട്ട് സ്കൂളിലെത്തുകയാണ്.

ചരിത്രത്തിലാദ്യമായി, റെക്കോര്‍ഡ് സമയംകൊണ്ട് എസ്എസ്എല്‍സി ഫലം പുറത്തുവന്നു. പ്ളസ് വണ്‍ പ്രവേശന നടപടി ജൂണില്‍ത്തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്ളസ്ടു പ്രവേശനത്തില്‍ നിലനിന്നിരുന്ന അനഭിലഷണീയമായ പ്രവണത അവസാനിപ്പിക്കാന്‍ ഏകജാലക സംവിധാനം വഴി കഴിഞ്ഞു. മികവും സംവരണവും കൃത്യമായി പാലിക്കുന്നു എന്നുറപ്പാക്കി. സമൂഹത്തിന്റെ പിന്നോക്ക വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാകുന്നെന്ന് ഏകജാലക പ്രവേശനത്തിലൂടെ പൊതുധാരയില്‍ പഠിക്കുന്ന കുട്ടികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അക്ഷരത്തിന്റെ ലോകത്തേക്ക് സ്കൂളുകളിലെ നമ്മുടെ കൊച്ചുകൂട്ടുകാര്‍ ആകാംക്ഷയോടെ ഓടിയെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ 10 ദിവസത്തെ പരിശീലനം അവധിക്കാലത്തുതന്നെ പൂര്‍ത്തിയാക്കി നമ്മുടെ അധ്യാപകര്‍ ഒരുങ്ങിനില്‍ക്കുന്നു. ഒരൊറ്റ പ്രവൃത്തിദിനംപോലും കുട്ടികള്‍ക്ക് നഷ്ടപ്പെടരുത് എന്നുതന്നെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ആഗ്രഹം. മധ്യവേനലവധിക്കാലത്തുതന്നെ പ്രൈമറി അധ്യാപകര്‍ക്ക് 10 ദിവസത്തെയും ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ആറുദിവസത്തെയും പ്രധാനാധ്യാപകര്‍ക്ക് രണ്ടുദിവസത്തെയും പരിശീലനം നല്‍കാനായത് കൂട്ടായ ശ്രമത്തിന്റെയും അധ്യാപക സംഘടനകളുടെ നിസ്സീമമായ സഹകരണത്തിന്റെയും ഫലമാണ്. സെന്‍സസ് പ്രവര്‍ത്തനത്തിനൊപ്പമാണ് അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തത് എന്നത് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും അതിന്റെ ഗുണം ഉയര്‍ത്താനും ഈ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അവരുടെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച അധ്യാപകര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ദേശീയതലത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പില്‍വന്ന വര്‍ഷമാണ് ഇത്. ഈ നിയമം വിവക്ഷിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം ഇതിനകം നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേത്. കേരളത്തില്‍ ജനാധിപത്യപരമായി വളര്‍ന്നുവികസിച്ച പൊതുവിദ്യാഭ്യാസരംഗത്തിന്റെ നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം എങ്ങനെ നേടാം എന്നതാണ് ഈ നിയമം നടപ്പാക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്. ഇതിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം. അതുകൊണ്ടുതന്നെ വിപുലമായ ചര്‍ച്ച ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട്. നാം ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തി പ്രീപ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ നിര്‍ബന്ധിതവും സൌജന്യവുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസ അവകാശത്തിനാണ് കേരളം പോരാടേണ്ടത്. ഇതിന് ഇപ്പോള്‍ നിലവിലുള്ള എസ്എസ്എ പുതുതായി തുടങ്ങുന്ന ആര്‍എംഎസ്എ, തദ്ദേശഭരണസ്ഥാപനങ്ങള്‍ ഗുണനിലവാരം ഉയര്‍ത്താന്‍ നടത്തുന്ന ഇടപെടലുകള്‍, നമ്മുടെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഇവ സംയോജിപ്പിച്ചുള്ള ഒരു കര്‍മപരിപാടിക്ക് രൂപം നല്‍കേണ്ടതുണ്ട്.

എട്ടാം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കാനും മറ്റ് പഠനസൌകര്യങ്ങള്‍ ഒരുക്കാനും അധ്യാപക പരിശീലനത്തിനും ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിഞ്ഞ മൂന്നുവര്‍ഷമായി നാം നടത്തുന്ന ശ്രമങ്ങളിലൂടെ നേടിയ മാറ്റങ്ങള്‍ പ്രകടമാണ്. 200 പ്രവൃത്തിദിനം ഉറപ്പാക്കി, ചലനാത്മകവും ഭാവനാപൂര്‍ണവുമായ പുതിയ ഒരു അക്കാദമിക വര്‍ഷമാണ് നാം മുന്നില്‍ കാണുന്നത്. കുട്ടികളുടെ കായികക്ഷമത പരിശോധന അത്യന്തം ഗൌരവമായ തിരിച്ചറിവാണ് നമുക്ക് നല്‍കിയിട്ടുള്ളത്. 20 ശതമാനത്തില്‍ കുറവ് കുട്ടികള്‍ക്കു മാത്രമേ ഈ പ്രായത്തിനനുഗുണമായ കായികക്ഷമതയുള്ളൂ. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഒരു ഗ്ളാസ് പാല്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ജനകീയ സഹകരണത്തോടെ ഇത് കൂടുതല്‍ വിപുലീകരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

സാമൂഹ്യനീതിയും അവസരതുല്യതയും വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ഇത് ഉറപ്പാക്കുമ്പോള്‍ 'ഗുണമേന്മയുടെ' കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യാനും കഴിയില്ല. ഒരു ചെറുന്യൂനപക്ഷത്തിന് മികച്ച വിദ്യാഭ്യാസം ഈ സര്‍ക്കാരിന്റെ ലക്ഷ്യമല്ല. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ അടിയുറച്ച് നീങ്ങുക എന്നതാണ് ഈ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുന്ന ദൌത്യം. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസമത്വങ്ങള്‍ക്കും അവസരനിഷേധങ്ങള്‍ക്കും എതിരായി ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ആത്മവിശ്വാസം നല്‍കുന്നതാകും ഈ അധ്യയനവര്‍ഷം എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ കൂട്ടുകാരെയും വിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.

*
എം എ ബേബി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതിയൊരു അധ്യയനവര്‍ഷംകൂടി ആരംഭിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ നാം പ്രവേശനോത്സവത്തിനെത്തുന്നത്. പ്രതീക്ഷകളോടെ വിദ്യാലയമുറ്റത്തെത്തുന്ന നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്ക്, സാധ്യമായ എല്ലാ സൌകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍, അറ്റകുറ്റപ്പണികള്‍ചെയ്ത് മനോഹരമാക്കിയ ക്ളാസ്മുറികള്‍, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠനോപകരണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍. സാധാരണക്കാരന്റെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൌകര്യം ലഭ്യമാക്കുന്നിടങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പ്രവര്‍ത്തിച്ചത്.

വിദ്യാഭ്യാസമന്ത്രി എം.എ. ബേബി എഴുതുന്നു..