Monday, July 19, 2010

സിഐഎയുടെ ആഗോളഭീകരത

അമേരിക്കന്‍ ഐക്യനാടിന്റെ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സാധാരണചാരപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നതെന്നും അമേരിക്കന്‍ ഐക്യനാട് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിയും കൊലപാതകങ്ങളും കൈക്കൂലിപ്രയോഗവും നടത്തുന്ന ഒരു സംഘടനയാണെന്നും പരക്കെ അറിവുള്ളതാണ്. എങ്കിലും സിഐഎയോട് അവിഹിതമായ അലര്‍ജി പ്രകടിപ്പിക്കുന്നവരാണ് കമ്യൂണിസ്‌റ്റുകാരും മറ്റ് സാമ്രാജ്യത്വവിരുദ്ധരും എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനിലെ പ്രമുഖ ആണവശാസ്‌ത്രജ്ഞന്‍ ഷാറം അമീറിക്കുണ്ടായ അനുഭവങ്ങള്‍ ഈ വിമര്‍ശകര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഷാറം അമീറി ഇറാനില്‍നിന്ന് അപ്രത്യക്ഷനായി എന്നും അമേരിക്കയില്‍ അഭയാര്‍ഥിയായി എത്തിയെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഇറാന്റെ ആണവോര്‍ജനയങ്ങളോടും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്‌ടീകരണത്തോടുമുള്ള എതിര്‍പ്പാണ് അമീറിയെ നാട്ടില്‍നിന്ന് ഒളിച്ചോടി അമേരിക്കയില്‍ അഭയംപ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന അമേരിക്കന്‍ പ്രചാരണം പലരും വിശ്വസിക്കുകയും ഏറ്റുപാടുകയും ചെയ്‌തിരുന്നു. ഈ ദുഷ്പ്രചാരണത്തെ തുറന്നുകാട്ടിക്കൊണ്ട് ഈ വ്യാഴാഴ്‌ച അമീറി അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിയുടെ സഹായത്തോടെ ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇറാനിയന്‍ ഡെപ്യൂട്ടി വിദേശമന്ത്രി ഹസന്‍ ഘാഷ്ഘവിയുടെ നേതൃത്വത്തില്‍ വീരോചിതമായ ഒരു വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ഷാറം അമീറിക്ക് ലഭിച്ചത്.

അമീറിയുടെ തിരോധാനത്തിന്റെ പുറകിലുള്ള പല രഹസ്യങ്ങളും പ്രശസ്‌ത അമേരിക്കന്‍ വര്‍ത്തമാനപത്രമായ വാഷിങ്ടണ്‍ പോസ്റും മറ്റു മാധ്യമങ്ങളും വെളിപ്പെടുത്തിയിരിക്കുന്നു. 2009ല്‍ സിഐഎ ഭീകരന്മാര്‍ തെഹ്റാനില്‍നിന്ന് അമീറിയെ തട്ടിക്കൊണ്ടുപോയി സൌദിഅറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിയില്‍ വിമാനംവഴി കൊണ്ടിറക്കിയെന്നും അവിടെവച്ച് ഒരു കുത്തിവയ്‌പ് നടത്തി ബോധക്ഷയം വരുത്തി അദ്ദേഹത്തെ പ്രത്യേക വിമാനംവഴി അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നുമാണ് ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ് വെളിപ്പെടുത്തുന്നത്.

ഇറാനിന്റെ ആണവോര്‍ജ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ശാരീരികവും മാനസികവുമായ മൂന്നാംമുറകള്‍ തനിക്കെതിരെ നടത്തിയെന്നും അമ്പതുലക്ഷം ഡോളര്‍ നല്‍കിയെന്നും അമീറി പ്രസ്‌താവിക്കുന്നു. താന്‍ ഒരു ഗവേഷകന്‍ മാത്രമാണെന്നും ആണവയത്നങ്ങളുമായി ബന്ധമൊന്നുമില്ലെന്നും പറഞ്ഞ് രക്ഷപെടാന്‍ അമീറി ശ്രമിച്ചു. രഹസ്യങ്ങളൊന്നും ചോര്‍ത്തിക്കൊടുത്തില്ലെങ്കിലും ഇറാനിലേക്ക് തിരിച്ചുപോകാതെ രാഷ്‌ട്രീയ അഭയാര്‍ഥിയായി അമേരിക്കയില്‍ വന്നതാണെന്നു പറയുന്നപക്ഷം ഈ അമ്പതുലക്ഷം ഡോളര്‍ തിരികെ കൊടുക്കേണ്ടതില്ലെന്നും സിഐഎ അറിയിച്ചു. പിന്നീട് അദ്ദേഹത്തെ അരിസോണ സര്‍വകലാശാലയില്‍ ഒരു ഗവേഷകനായി നിയമിച്ച് ഭാരിച്ച ശമ്പളവും നല്‍കി. ഇതൊക്കെ ചെയ്യുമ്പോഴും അമീറി തങ്ങളുടെ നിയന്ത്രണം വിട്ട് നാട്ടിലേക്ക് തിരിച്ചുപോവുകയോ മറ്റെവിടേക്കെങ്കിലും കടന്നുകളയുകയോ ചെയ്യാതിരിക്കാനുള്ള ചട്ടവട്ടങ്ങളും സിഐഎ ഭീകരന്മാര്‍ ചെയ്‌തിരുന്നു.

അങ്ങനെയിരിക്കെയാണ് ഈ നിയന്ത്രണങ്ങളെ മറികടന്ന് വാഷിങ്ടണിലെ പാകിസ്ഥാന്‍ സ്ഥാനപതി മന്ദിരത്തില്‍ എത്തി ഇറാനിലേക്ക് തിരിച്ചുപോകാനുള്ള ആലോചനകള്‍ ആരംഭിച്ചത്. അപ്പോഴും സിഐഎ ഒരു നിര്‍ദേശംവച്ചു. അമേരിക്കയില്‍നിന്ന് പോയാലും ഇറാനിലേക്ക് തിരിച്ചുപോകാതെ ഏതെങ്കിലും യൂറോപ്യന്‍ രാഷ്‌ട്രത്തില്‍ രാഷ്‌ട്രീയ അഭയം തേടുകയാണെങ്കില്‍ പഴയ അമ്പതുലക്ഷം ഡോളറിനുപുറമെ അഞ്ചുകോടി ഡോളര്‍ നല്‍കാമെന്ന് സിഐഎ ദൂതന്മാര്‍ അമീറിയെ അറിയിച്ചു. തനിക്ക് സമ്പത്തല്ല തന്റെ രാജ്യമാണ് കൂടുതല്‍ അഭികാമ്യമെന്നു കരുതി ഷാറം അമീറി അത് നിരസിച്ചു എന്നാണ് വാര്‍ത്ത.

ഇറാനുമായുള്ള വ്യാപാരബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചുകൊള്ളണമെന്നാണ് അമേരിക്ക ഈയിടെ ഇന്ത്യക്ക് നല്‍കിയ തീട്ടൂരം. പാകിസ്ഥാനോടും ഇത്തരം നിര്‍ദേശം നല്‍കിയെങ്കിലും പാകിസ്ഥാന്‍ അത് പരസ്യമായി നിരസിച്ചിരുന്നു. ഇറാന്‍ കാര്യത്തില്‍ പലപ്പോഴും വാഷിങ്ടണ്‍ തീട്ടൂരങ്ങള്‍ ശിരസാവഹിക്കുന്ന മന്‍മോഹന്‍-സോണിയ സര്‍ക്കാര്‍ അമേരിക്കന്‍ തീട്ടൂരത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിവായിട്ടില്ല. അക്കാര്യത്തിലും സിഐഎ കൈക്കൂലിയും പ്രലോഭനങ്ങളും ഭീഷണിയുമായി യുപിഎ സര്‍ക്കാര്‍വൃത്തങ്ങളിലെ പലരെയും സ്വാധീനിച്ചെന്നുവരാം. പുരോഗമനവാദിയെന്നു പറയപ്പെടുന്ന ബറാക് ഒബാമയുടെ ഭരണത്തിന്‍കീഴിലും സിഐഎയുടെ പ്രവര്‍ത്തനശൈലി മാറിയിട്ടില്ലെന്നര്‍ഥം. ഏതായാലും സിഐഎയുടെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്ക് ഷാറം അമീറി സംഭവം ഒരു സാധനപാഠമായിരിക്കട്ടെ.

*****

പി ഗോവിന്ദപ്പിള്ള

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ ഐക്യനാടിന്റെ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സാധാരണചാരപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നതെന്നും അമേരിക്കന്‍ ഐക്യനാട് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിയും കൊലപാതകങ്ങളും കൈക്കൂലിപ്രയോഗവും നടത്തുന്ന ഒരു സംഘടനയാണെന്നും പരക്കെ അറിവുള്ളതാണ്. എങ്കിലും സിഐഎയോട് അവിഹിതമായ അലര്‍ജി പ്രകടിപ്പിക്കുന്നവരാണ് കമ്യൂണിസ്‌റ്റുകാരും മറ്റ് സാമ്രാജ്യത്വവിരുദ്ധരും എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനിലെ പ്രമുഖ ആണവശാസ്‌ത്രജ്ഞന്‍ ഷാറം അമീറിക്കുണ്ടായ അനുഭവങ്ങള്‍ ഈ വിമര്‍ശകര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.