Monday, August 2, 2010

ലെനിനും മാർൿസിസ്‌റ്റ് സാമ്പത്തികശാസ്‌ത്രവും

സാമ്പത്തിക ശാസ്‌ത്രത്തിനുള്ള ലെനിന്റെ സൈദ്ധാന്തിക സംഭാവനകളെല്ലാം ശരിയായ വിപ്ളവ പ്രയോഗത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു; അവയൊന്നും തന്നെ മാർൿസിസ്‌റ്റ് സാമ്പത്തിക ശാസ്‌ത്രത്തെ വികസ്വരമാക്കുന്നതിനുവേണ്ടി മാത്രം എഴുതിയ പ്രബന്ധങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ ദൂരവ്യാപകമായവയുമാണ്; പക്ഷേ ഒരു പൊതുകാഴ്‌ചപ്പാടിനുള്ളിലാണ് അവയുടെ ഇടം കണ്ടെത്തേണ്ടത്. അതാണ് ലെനിന്റെ സവിശേഷത- അതായത്, ഒരു സമൂര്‍ത്ത പദ്ധതിയെന്ന നിലയിലാണ് വിപ്ളവത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണം. "ഇവിടെയും ഇപ്പോഴും'' വിപ്ളവവും തമ്മില്‍ ഒരു വേര്‍തിരിക്കല്‍ രൂപരേഖ തയ്യാറാക്കേണ്ടത് ഇത് അനിവാര്യമാക്കി; തൊഴിലാളിവര്‍ഗവും സമൂഹത്തിലെ മറ്റു വര്‍ഗങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഒരു പരിശോധനയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ വിപ്ളവത്തെ സംബന്ധിച്ച ഒരു സങ്കല്‍പനവുമാണ് അത്. ഒരു സമൂര്‍ത്ത പരിപാടിയെന്ന നിലയിലുള്ള വിപ്ളവത്തെ സംബന്ധിച്ച ഈ കാഴ്‌ചപ്പാടാണ് റഷ്യയെപ്പോലെയുള്ള "പിന്നണിയില്‍ നില്‍ക്കുന്ന'' ഒരു സമൂഹത്തിലെ വിപ്ളവത്തെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തവല്‍ക്കരണത്തിന് ആധാരമായത്. പിന്നീട് ഒരു ഘട്ടത്തില്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ച തന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ രണ്ട് മുഖ്യ വിപ്ളവധാരകളെ യോജിപ്പിച്ചുകൊണ്ട് ലോക വിപ്ളവ പ്രക്രിയയെ സിദ്ധാന്തവല്‍ക്കരിക്കാന്‍ (ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം വാദിച്ചത് ചരിത്രത്തിന്റെ അജണ്ടയില്‍ വന്നുകഴിഞ്ഞതാണ് ) അത് അദ്ദേഹത്തെ പ്രാപ്‌തനാക്കുകയും ചെയ്‌തു: "വികസിതരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗ വിപ്ളവധാരയും മര്‍ദ്ദിത 'പിന്നോക്ക' രാജ്യങ്ങളിലെ ദേശീയ വിമോചനധാരയും'' (അഥവാ ജനാധിപത്യവിപ്ളവം).

മാർൿസിന്റെ സൈദ്ധാന്തികമായ മുഖ്യകൃതി വാദിക്കുന്നത്, മുതലാളിത്തത്തിന്റെ വികാസം സോഷ്യലിസത്തിലൂടെ അതിനെത്തന്നെ തിരസ്‌ക്കരിക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുന്നതായാണ്. ഈ വിപ്ളവം വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമായും വിഭാവനം ചെയ്‌തത്. കൊളോണിയലിസത്തെ സംബന്ധിച്ച തങ്ങളുടെ കൃതികളില്‍, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ കോളനിവാഴ്‌ചയ്‌ക്കെതിരായ വിപ്ളവത്തിന്റെ സാധ്യത മാർൿസും എംഗല്‍സും മുന്‍കൂട്ടി കണ്ടു. പക്ഷേ, സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിസരവുമായി ഇത്തരം വിപ്ളവങ്ങളുടെ ബന്ധത്തെ അദ്ദേഹം പരിശോധനാവിധേയമാക്കിയില്ല. എന്നാല്‍ തന്റെ ജീവിതാന്ത്യത്തില്‍ മാർൿസ് റഷ്യയിലേക്ക് ശ്രദ്ധ തിരിച്ചു; റഷ്യന്‍ ഗ്രാമ കമ്യൂണ്‍ വ്യവസ്ഥിതിയില്‍ നിന്നും നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാണെന്ന വേര സാഡു ലിച്ചിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, ഈ പ്രക്രിയയെ സഹായിക്കാന്‍ യൂറോപ്പില്‍ സോഷ്യലിസം വിജയം വരിച്ചിരിക്കണമെന്നു മാത്രം.

യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിനുള്ള കേന്ദ്ര സ്ഥാനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, പരസ്‌പര പൂരകമായ ഒരു ലോക വിപ്ളവ പ്രക്രിയ ലെനിന്‍ വിഭാവനംചെയ്‌തു. മുതലാളിത്ത വികസനത്തിന്റെ താഴ്ന്ന പടിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിന്റെ സഹായത്തിലൂടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് സോഷ്യലിസത്തിലേക്ക് നീങ്ങാനാകും. വിപ്ളവം ആദ്യം, എവിടെ സംഭവിക്കുന്നു എന്നത് പ്രശ്‌നമേയല്ല. (മുതലാളിത്ത സാമ്രാജ്യത്വം ലോകത്തെ ബന്ധിച്ചിരിക്കുന്ന "ചങ്ങല''യിലെ 'ദുര്‍ബലമായ കണ്ണി'യായിരിക്കും ആദ്യം പൊട്ടുകയെന്ന് അദ്ദേഹം വാദിച്ചു). ഓരോ രാജ്യത്തിലെയും വിപ്ളവത്തിന്റെ കൃത്യമായ വര്‍ഗസ്വഭാവവും ഘട്ടവും കടമകളും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം വ്യക്തമായി വിശലകനം ചെയ്യേണ്ടതുണ്ട്. മുതലാളിത്ത വികസനം പൂര്‍ത്തിയായിട്ടില്ലാത്ത രാജ്യങ്ങളുടെ കാര്യത്തില്‍പോലും ഈ വിശകലനം നടത്തേണ്ടതാണ്.

റഷ്യയെ സംബന്ധിച്ചിടത്തോളം ഗ്രാമ സമൂഹങ്ങള്‍ ശിഥിലമാവുകയും മുതലാളിത്ത വികസനത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് ലെനിന്‍ വിശ്വസിച്ചു. അങ്ങനെയായാല്‍ ഗ്രാമസമൂഹങ്ങളില്‍നിന്ന് നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം എന്ന സാഡു ലിച്ചിന്റെ വീക്ഷണം അപ്രസക്തമാകും. റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുകയായിരുന്നു. അതുകാരണം തൊഴിലാളിവര്‍ഗം മുഖ്യവിപ്ളവ ശക്തിയായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. രംഗത്ത് താമസിച്ച് എത്തുകയും തൊഴിലാളിവര്‍ഗത്തിന്റെ ഭീഷണി നേരിടുകയും ചെയ്‌ത റഷ്യന്‍ ബൂര്‍ഷ്വാസിക്ക് ജനാധിപത്യവിപ്ളവം മുന്നോട്ടു നയിക്കാന്‍ കെല്‍പില്ലായിരുന്നു; പ്രത്യേകിച്ചും, ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാന്‍സിലെ ബൂര്‍ഷ്വാസി ചെയ്‌തതുപോലെ ഫ്യൂഡല്‍ എസ്റ്റേറ്റുകള്‍ പിടിച്ചെടുക്കാനും സാര്‍ ഭരണത്തെ അധികാര ഭ്രഷ്‌ടമാക്കാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. ആയതിനാല്‍ ബൂര്‍ഷ്വാസി ചെയ്യേണ്ടതായ ജനാധിപത്യവിപ്ളവത്തെ നയിക്കുകയെന്ന ജോലി തൊഴിലാളിവര്‍ഗം ഏറ്റെടുക്കുകയും സോഷ്യലിസത്തിലേക്ക് നീങ്ങുകയും വേണം. ഓരോ ഘട്ടത്തിലും ഇതിനായി കര്‍ഷകജനതയുടെ ഗണ്യമായ ഒരു വിഭാഗത്തെ തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം അണിനിരത്തണം. (വിപ്ളവത്തിന്റെ ഓരോ ഘട്ടത്തിലെയും തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ ഘടന വ്യത്യസ്‌തമായിരിക്കും).

യുദ്ധപൂര്‍വ്വ രചനകള്‍

യുദ്ധത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ലെനിന്‍ എഴുതിയ സാമ്പത്തിക ശാസ്‌ത്ര കൃതികള്‍ ഏറെയും ഈ സങ്കല്‍പനം സ്ഥാപിച്ചെടുക്കുന്നതിന് ലക്ഷ്യമാക്കിയവയാണ്. റഷ്യയിലെ ആഭ്യന്തരവിപണി വളരെ ചെറുതായതുകാരണം (റഷ്യന്‍ ജനതയുടെ ദാരിദ്ര്യമാണ് വിപണി ചെറുതായതിനു കാരണം) ആ രാജ്യത്ത് മുതലാളിത്തത്തിന്റെ വളര്‍ച്ച അസാധ്യമാണെന്നാണ് നരോദ്നിക്ക് സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ വാദിച്ചത്. അതേസമയം, ലെനിനാകട്ടെ, റഷ്യയില്‍ മുതലാളിത്തം വികസിച്ചുവരുന്നതായും റഷ്യന്‍ ഗ്രാമ സമൂഹം (മിര്‍) ഫലപ്രദമായി തകര്‍ക്കപ്പെട്ടു വരുന്നതായും വാദിച്ചു. അദ്ദേഹം നരോദ്നിക്കുകളുമായി സൈദ്ധാന്തിക സംവാദത്തില്‍ ഏര്‍പ്പെട്ടു; മാർൿസിന്റെ വിപുലീകൃത പുനരുല്‍പാദന പദ്ധതിയെയാണ് ലെനിന്‍ ഈ സംവാദത്തില്‍ വിനിയോഗിച്ചത്.

ലെനിന്‍ മൂന്ന് അടിസ്ഥാന വിഷയങ്ങളാണ് അവതരിപ്പിച്ചത്; ഒന്നാമത്തേത്, സമ്പദ്ഘടനയിലെ തൊഴില്‍ വിഭജനപ്രക്രിയയുടെ ഫലം മാത്രമാണ് വിപണി. കര്‍ഷക കുടുംബങ്ങള്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ (craft production) കൂടി ഏര്‍പ്പെട്ടിരുന്ന സാഹചര്യത്തില്‍നിന്ന് കര്‍ഷകര്‍ കൃഷിയില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു പ്രത്യേക വിഭാഗം ഉല്‍പാദകര്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍, അതുകൊണ്ടുതന്നെ അവിടെ വിപണിയുടെ ആവിര്‍ഭാവം ഉണ്ടാകുന്നു. രണ്ടാമതായി, വിവിധ ശാഖകള്‍ ഏറ്റെടുക്കുന്ന ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥകള്‍ ഉണ്ടായേക്കാം; ചിലര്‍ ചോദനത്തെക്കാള്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു; മറ്റു ചിലരാകട്ടെ ചോദനത്തിന്റെ അത്രതന്നെ ഉല്‍പാദിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിസന്ധികള്‍ക്കിട വരുത്തുന്ന ഇത്തരം അസന്തുലിതാവസ്ഥകള്‍ മുതലാളിത്തത്തിന്റെ സഹജമായ സവിശേഷതയാണ്. പ്രതിസന്ധി കാരണമുണ്ടാകുന്ന അസാധ്യത ഒഴിവാക്കുന്നതിനുപരി അത്തരം പ്രതിസന്ധികളിലൂടെയാണ് ഈ വ്യവസ്ഥിതി മുന്നോട്ടുനീങ്ങുന്നത്. മൂന്നാമതായി, ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്. ഇത് തൊഴിലാളികളെ പരമദയനീയമായ ജീവിതനിലവാരത്തിലേക്ക് തള്ളിനീക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥിതിക്ക് വികസിക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത് ശരിയല്ല; കാരണം, മുതലാളിത്ത ഉല്‍പാദനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. വിവിധതരത്തിലുള്ള ഉല്‍പാദനോപാധികള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാമത്തെ ഡിപ്പാര്‍ട്ടുമെന്റ്, ഉപഭോഗ ഉപാധികള്‍ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് തികച്ചും സ്വതന്ത്രമായാണ് വളരുന്നത്; അങ്ങനെ ചെയ്യാന്‍ കഴിയുകയും ചെയ്യും. മൂലധനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജൈവഘടന കാരണം വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെതന്നെ സ്വന്തം ആന്തരിക ആവശ്യങ്ങളെ തീറ്റിപ്പോറ്റിയാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്.

കമ്പോള പ്രശ്‌നത്തെ സംബന്ധിച്ച ലെനിന്റെ വാദഗതികളില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് നിസ്സംശയമാണ്. "ഉല്‍പാദനം ഉല്‍പാദനത്തിനുവേണ്ടി മാത്രം'' എന്നതാണ് മുതലാളിത്തത്തിന്റെ സവിശേഷത എന്നായിരുന്നു തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ വാദം; സേയുടെ നിയമത്തിലും തുഗാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ലെനിന്‍ തുഗാന്റെ വാദമുഖങ്ങളുടെ തനിയാവര്‍ത്തനം നടത്തുകമാത്രമായിരുന്നു എന്ന് കണക്കാക്കുന്നതും അബദ്ധമാണ്. പുനരുല്‍പാദന പദ്ധതിക്ക് അളവ് നിശ്ചയിച്ചുകൊണ്ട് താന്‍ വിവരിച്ചിട്ടുള്ള മുതലാളിത്തത്തിന്റെ ചലനാത്മകത "യാഥാര്‍ത്ഥ്യ''ത്തെ സ്വാധീനിക്കുന്നതിനായി ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്ന് അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്; നരോദ്നിക് സാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ "മുതലാളിത്തത്തിന്റെ അസംഭാവ്യത''യെ സംബന്ധിച്ച് വാദിച്ചിരുന്നപ്പോള്‍ അതിന്റെ "സംഭാവ്യത''യെ സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് അത് ആവശ്യമായിരുന്നു. അതാണ് അദ്ദേഹം ചെയ്‌തത്. (മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം നരോദ്നിക്കുകള്‍ക്ക് ഒരു "പ്രതി ഉദാഹരണം'' (counter example) ഉല്‍പാദിപ്പിക്കുകയായിരുന്നു.) പുറമേയ്‌ക്ക് ശരിയെന്ന് തോന്നാവുന്ന വിധത്തിലുള്ള ഒരു നിക്ഷേപ സ്വഭാവം അംഗീകരിക്കാതെ പുനരുല്‍പാദന പദ്ധതിക്ക് അളവ് കണക്കാക്കുക മാത്രം ചെയ്‌തതിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കമ്പോള പ്രശ്‌നം സംബന്ധിച്ച മാർൿസിസ്‌റ്റ് സംവാദങ്ങളാകെ വികൃതമാക്കപ്പെടുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് ഓസ്‌ക്കാര്‍ ലാങ്ങെ നടത്തിയ വിമര്‍ശനം, മുതലാളിത്തത്തിന്റെ അസംഭാവ്യതയെ സംബന്ധിച്ച നരോദ്നിക്ക് വാദഗതികളെ ഖണ്ഡിക്കുന്നതില്‍ മാത്രം തല്‍പരനായിരുന്ന ലെനിന് ബാധകമേയല്ല. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ഈ പ്രക്രിയയ്‌ക്കിടയില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയെപ്പോലെതന്നെ അദ്ദേഹവും കൂലിച്ചെലവായിപ്പോലും മൂലധനത്തിന്റെ ജൈവഘടനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിലൂടെ സ്വയം വിപണി കണ്ടെത്തിക്കൊണ്ട് മുതലാളിത്തത്തിന് വളരാന്‍ കഴിയുമെന്ന വസ്‌തുതയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.

റഷ്യയില്‍ മുതലാളിത്ത വളര്‍ച്ച അസംഭാവ്യമാണെന്ന് നരോദ്നിക്കുകള്‍ വാശിപിടിച്ചുനില്‍ക്കുമ്പോഴും അവിടെ മുതലാളിത്തം വികസിക്കുകയാണെന്ന വസ്‌തുത, റഷ്യയിലെ മുതലാളിത്തത്തിന്റെ വളര്‍ച്ച എന്ന തന്റെ ക്ളാസിക് പഠനത്തില്‍ ലെനിന്‍ സ്ഥാപിച്ചു. ആസന്നമായ റഷ്യന്‍ വിപ്ളവത്തിന് ഇതുമൂലമുണ്ടാകുന്ന ആന്തരാര്‍ത്ഥങ്ങള്‍ എന്തെന്ന് അദ്ദേഹം "ജനാധിപത്യവിപ്ളവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകള്‍'' എന്ന കൃതിയില്‍ വിവരിച്ചു. "ജനാധിപത്യവിപ്ളവത്തെ അതിന്റെ പൂര്‍ത്തീകരണംവരെ മുന്നോട്ടുകൊണ്ടുപോകാന്‍ ബൂര്‍ഷ്വാസിക്ക് കഴിയില്ല; എന്നാല്‍ കര്‍ഷകജനതയ്‌ക്ക് അതിനുള്ള കഴിവുണ്ട്.'' തൊഴിലാളിവര്‍ഗ നേതൃത്വത്തിലായിരിക്കും അത് എന്നാണ് ആ കൃതിയില്‍ ലെനിന്‍ വാദിച്ചത്. ആയതിനാല്‍, "തൊഴിലാളിവര്‍ഗം ജനാധിപത്യ വിപ്ളവത്തെ പരിപൂര്‍ണതയിലേക്ക് നയിക്കണം. ഏകാധിപത്യത്തിന്റെ ചെറുത്തുനില്‍പിനെ ബലപ്രയോഗത്തിലൂടെ തകര്‍ക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടത്തെ ദുര്‍ബലമാക്കാനും തൊഴിലാളിവര്‍ഗം കര്‍ഷക ജനതയെ ഒപ്പം കൂട്ടണം. തൊഴിലാളിവര്‍ഗം സോഷ്യലിസ്‌‌റ്റ് വിപ്ളവവും പൂര്‍ത്തിയാക്കണം; അതിനെതിരായ ബൂര്‍ഷ്വാസിയുടെ ചെറുത്തുനില്‍പിനെ ബലംപ്രയോഗിച്ച് തകര്‍ക്കാനും കര്‍ഷകജനതയുടെയും പെറ്റി ബൂര്‍ഷ്വാസിയുടെയും ചാഞ്ചാട്ടത്തെ അതിജീവിക്കാനും തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം ബഹുജനങ്ങള്‍ക്കിടയിലെ അര്‍ദ്ധ തൊഴിലാളി വിഭാഗങ്ങളെക്കൂടി കൂട്ടുചേര്‍ക്കണം.''

ഈ സങ്കല്‍പനത്തിന്റെ കേന്ദ്രബിന്ദു വിവിധ കര്‍ഷകവര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരവും കാര്‍ഷിക പരിവര്‍ത്തനത്തില്‍ അവ ഓരോന്നും വഹിക്കുന്ന പങ്കുമാണ്. മുതലാളിത്ത വികസനത്തിലേക്ക് താമസിച്ച് എത്തിയ സമൂഹങ്ങളിലെ ബൂര്‍ഷ്വാസി, ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണം ആവശ്യപ്പെടുന്നതുപോലെ ഫ്യൂഡല്‍ പ്രഭുത്വവുമായി വഴിപിരിഞ്ഞുമാറാന്‍ അശക്തമാണെങ്കിലും പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നു. "അര്‍ദ്ധ ഫ്യൂഡല്‍ മുതലാളിത്തം'' എന്ന് ലെനിന്‍ വിശേഷിപ്പിച്ച സംവിധാനം വികസിപ്പിക്കുന്നതിനാണ് ഈ സഖ്യം. ജര്‍മ്മനിയിലെ "ജങ്കര്‍ മുതലാളിത്തം'' ഇതിന്റെ ഉദാഹരണമാണ്. ഇത് "കര്‍ഷക മുതലാളിത്ത''ത്തില്‍നിന്ന് വ്യത്യസ്‌തവുമാണ്; കൂടുതല്‍ വിശാലമായ അടിത്തറയുള്ളതും കൂടുതല്‍ ഊര്‍ജ്ജസ്വലവും താരതമ്യേന കുറഞ്ഞ മര്‍ദ്ദക സ്വഭാവമുള്ളതുമായ മുതലാളിത്ത വികസനത്തെയാണ് കര്‍ഷക മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. അത് ഫ്യൂഡല്‍പ്രഭുത്വവുമായി വഴിപിരിഞ്ഞാണ് നില്‍ക്കുന്നത്. "കര്‍ഷക മുതലാളിത്ത''പാത പിന്തുടരാനുള്ള ബൂര്‍ഷ്വാസിയുടെ കഴിവുകേട് അര്‍ത്ഥമാക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ കര്‍ഷകജനതയുടെ ജനാധിപത്യ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ എന്നാണ്.

സാമ്രാജ്യത്വം സംബന്ധിച്ച ലെനിന്റെ വിശകലനം

ഫ്യൂഡല്‍ സ്വത്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ "ഭൂമിയുടെ ദേശസാല്‍ക്കരണത്തിനുവേണ്ടി'' അക്കാലത്ത് ലെനിന്‍ വാദിച്ചിരുന്നു; "കേവല തറ പാട്ട''ത്തിന്റെ ബാധ്യതയില്‍നിന്ന് ഉല്‍പാദകരെ ആ നടപടി വിമുക്തരാക്കുകയും അത് മൂലധന സഞ്ചയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. ബോള്‍ഷെവിക് വിപ്ളവത്തിന്റെ ഘട്ടത്തില്‍ മാത്രമാണ് ഫ്യൂഡല്‍ പ്രഭുത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് ആ ഭൂമി വിതരണം ചെയ്യുന്നതിന് ഇടയാക്കണമെന്ന തരത്തിലേക്ക് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്. നരോദ്നിക് പാരമ്പര്യത്തിന്റെ നേരവകാശികളായിരുന്ന ഇടതുപക്ഷ സോഷ്യല്‍ റവല്യൂഷണറികള്‍ ഏറെക്കുറെ ഇങ്ങനെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കര്‍ഷക ജനതയ്‌ക്കിടയിലെ വര്‍ഗപരമായ വേര്‍തിരിക്കലിന്റെ പ്രശ്‌നവും രണ്ട് ഘട്ട വിപ്ളവം എന്ന സങ്കല്‍പനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ വിഷയം അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചിരുന്നു. കാരണം, ഈ സങ്കല്‍പനത്തിന്റെ പ്രസക്തി റഷ്യയുടെ അതിരുകള്‍ക്കും അപ്പുറം കടന്നിരുന്നു; "പിന്നണിയില്‍ നില്‍ക്കുന്ന'' സമൂഹങ്ങളെ സംബന്ധിച്ച കോമിന്റേണ്‍ വിശകലനത്തിന് ആധാരമായത് ഈ സങ്കല്‍പനമാണ്. കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസിനുള്ള തന്റെ പ്രാഥമിക കരട് തീസിസില്‍, വ്യത്യസ്‌ത കര്‍ഷകവര്‍ഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് തൊഴിലാളികളെ കൂലിക്കുവെയ്‌ക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം ലെനിന്‍ അവതരിപ്പിച്ചിരുന്നു; മൌ സേദൂങ്ങിന്റേതുള്‍പ്പെടെയുള്ള, പില്‍ക്കാലത്ത് ഈ പ്രശ്‌നം സംബന്ധിച്ചുണ്ടായ ഏറെ പ്രസിദ്ധമായ എല്ലാ വിശകലനങ്ങളുടെയും അടിസ്ഥാനം ഇതായിരുന്നു.

സാമ്രാജ്യത്വവും യുദ്ധവും

ഒന്നാം ലോകയുദ്ധത്തെ മുതലാളിത്തത്തിന്റെ പരിവര്‍ത്തനഘട്ടം എന്ന നിലയിലാണ് ലെനിന്‍ കണ്ടത്. അത് ചരിത്രപരമായ അജണ്ടയില്‍ ലോക വിപ്ളവത്തിന്റെ ആഗമനം വിളംബരംചെയ്‌തു. ഒരു ഉല്‍പാദന സമ്പ്രദായത്തിന്റെ വികസനത്തിന്റെ നിശ്ചിതഘട്ടത്തില്‍, അതിന്റെ സവിശേഷതയായ സ്വത്തുബന്ധങ്ങള്‍, ഉല്‍പാദനശക്തികളുടെ തുടര്‍ന്നുള്ള വികസനത്തിന് "പ്രതിബന്ധ''മായി മാറുന്നുവെന്ന മാർൿസിന്റെ പരാമര്‍ശം സ്വാഭാവികമായും ഈ "പ്രതിബന്ധത്തി''ന്റെ ഘട്ടം എത്തിയെന്ന് നാം എങ്ങനെ അറിയും എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. അഥവാ പൊതുവെ പറഞ്ഞാല്‍, ഒരു ഉല്‍പാദന സമ്പ്രദായം ചരിത്രപരമായി കാലഹരണപ്പെട്ടുവെന്ന് പറയാന്‍ കഴിയുന്നത് എപ്പോഴാണ് ? വ്യവസ്ഥിതിയുടെ "തകര്‍ച്ച''യിലേക്കുള്ള പ്രവണതയില്‍ ഈ കാലഹരണപ്പെടല്‍ സ്വയം പ്രകടമാകും എന്നും അത്തരത്തില്‍ ഒരു "തകര്‍ച്ച''യുടെ സൂചനയൊന്നും ഉണ്ടായില്ലെങ്കില്‍ മുതലാളിത്തംതന്നെ തുടരുമെന്ന വസ്‌തുതയുമായി തൊഴിലാളിവര്‍ഗം പൊരുത്തപ്പെടണമെന്നും ആ വ്യവസ്ഥിതിക്കുള്ളില്‍നിന്ന് തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രം തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടാല്‍ മതിയെന്നും അതനുസരിച്ച് മാർൿസിസത്തെ "തിരുത്തിയെഴുതണ''മെന്നുമാണ് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രസിയിലെ "തിരുത്തല്‍വാദ'' പാരമ്പര്യം വാദിച്ചത്. റോസാ ലൿസംബര്‍ഗ് പ്രതിനിധാനം ചെയ്‌തിരുന്ന ജര്‍മ്മനിയിലെ വിപ്ളവ പാരമ്പര്യത്തിന്റെ വക്താക്കള്‍ ഇതിനെതിരായി വാദിച്ചത് ആ വ്യവസ്ഥിതി അനിവാര്യമായും "തകര്‍ച്ച''യിലേക്ക് നീങ്ങുകയാണെന്നാണ്; പക്ഷേ, വ്യവസ്ഥിതിയുടെ കാലഹരണപ്പെടലിന്റെ തെളിവ് "തകര്‍ച്ച''യിലേക്കുള്ള അതിന്റെ പ്രവണതയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തിരുതല്‍വാദികളുടെ ആശങ്ക ആ പ്രക്രിയക്കിടയില്‍ അവരും അംഗീകരിച്ചു.

ലെനിന്‍ ഈ ആശങ്കയില്‍നിന്ന് അകന്നു മാറുകയും യുദ്ധത്തെ മുതലാളിത്തത്തിന്റെ "ജീര്‍ണ്ണ'' സ്വഭാവത്തിന്റെ മാതൃകയായി കാണുകയും ചെയ്‌തു. തൊഴിലാളികള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു എന്ന് ശക്തമായ ഒരു സാഹചര്യം ഇത് പ്രദാനംചെയ്‌തു. അവര്‍ ഒന്നുകില്‍ ട്രെഞ്ചുകളില്‍ തങ്ങളെപ്പോലുള്ള മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ കൊല്ലണം, അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തെ മുതലാളിത്ത ചൂഷകര്‍ക്കെതിരെ തോക്ക് തിരിച്ചുപിടിക്കണം (അങ്ങനെയാണ് ബോള്‍ഷെവിക് മുദ്രാവാക്യം "സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുക'' എന്നായത്). യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മുതലാളിത്തത്തിന്റെ ജീര്‍ണ്ണ സ്വഭാവത്തെ സംബന്ധിച്ച് (യുദ്ധം അതിന്റെ അസന്ദിഗ്ധമായ തെളിവായിരുന്നു) നിര്‍വചിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം തന്റെ സിദ്ധാന്തം വികസിപ്പിച്ചത്.

സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു ഉപഭോഗ വിധേയ (under-consumptionist) നിലപാട് ലെനിനുമേല്‍ ആരോപിക്കുന്നതാണ് പൊതുവെ കണ്ടുവരുന്ന ഒരു തെറ്റിദ്ധാരണ. ഈ പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഉപകരണ മാര്‍ഗ്ഗമാണ് സാമ്രാജ്യത്വം എന്ന വീക്ഷണം ഇതിന്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ കെയ്‌നീഷ്യന്‍ ചോദന നിര്‍വ്വഹണ (demand management) ത്തോടെ, സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതായി പില്‍ക്കാലത്ത് പല എഴുത്തുകാരും വാദിക്കുന്നതിന് ഇടയാക്കിയത് ഈ വ്യാഖ്യാനമാണ്. എന്നാല്‍ ധൈഷണികമായി ഹോബ്‌സണോട് ലെനിന്‍ കടപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഹോബ്‌സണെപ്പോലെ ഒരു ഉപഭോഗവിധേയ നിലപാടുകാരനായിരുന്നില്ല. സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു "ഔദ്യോഗികമായ'' സിദ്ധാന്തമായിരുന്നില്ല ലെനിന്റേത് എന്നത് ശരിതന്നെയാണ്; അതായത്, മുതലാളിത്തത്തിന്റെ ഏതെങ്കിലും സവിശേഷ പ്രവണതയ്‌ക്കുള്ള പ്രതിവിധി പ്രദാനംചെയ്യുന്ന ഒന്നായി അദ്ദേഹം സാമ്രാജ്യത്വത്തെ കണക്കാക്കിയില്ല.

കുത്തക മുതലാളിത്തമാണ് സാമ്രാജ്യത്വം

ലെനിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണപ്രക്രിയ ഉല്‍പാദനത്തിന്റെയും ധനപരിപാലനത്തിന്റെയും മണ്ഡലങ്ങളില്‍ കുത്തകകള്‍ ഉദയംചെയ്യുന്നതിന് ഇടവരുത്തുന്നു. പിന്നീട് അവ പരസ്‌പരം സുദൃഢമാക്കപ്പെടുന്നു. ധനപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും മണ്ഡലങ്ങളെ മറികടന്ന് ഒരു ചെറുകിട ധനാധിപതിക്ക് വമ്പിച്ച തോതിലുള്ള "ധനമൂലധന''ത്തിന്റെയാകെ നിര്‍വഹണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാകുന്നു. ഈ ധനാധിപതികള്‍ (oligarchies) ദേശാടിസ്ഥാനത്തിലുള്ളവരും തങ്ങളുടെ ദേശരാഷ്‌ട്രങ്ങളുമായി സംയോജിപ്പിക്കപ്പെട്ടവരുമാണ്. ഓരോ വികസിത മുതലാളിത്ത രാജ്യത്തിലെയും ഭരണകൂടത്തിന്റെയും ധന മേഖലയുടെയും വ്യവസായത്തിന്റെയും ചുക്കാന്‍ പിടിക്കുന്നവര്‍ തങ്ങള്‍ക്കിടയില്‍ ഒരു "വ്യക്തിഗത യൂണിയന്‍'' സൃഷ്‌ടിക്കുന്നു. മൂലധനങ്ങള്‍ തമ്മില്‍ എപ്പോഴും നിലനില്‍ക്കുന്ന മത്സരം ഇപ്പോള്‍ ശക്തരായ ധനാധിപതികള്‍ അവരുടെ ദേശരാഷ്‌ട്രങ്ങളുടെ പിന്‍ബലത്തോടെ "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' പിടിച്ചെടുക്കുന്നതിന് നടത്തുന്ന പരസ്‌പരമുള്ള ചേരിപ്പോരിന്റെ രൂപം കൈവരിച്ചിരിക്കുന്നു. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' കൈയടക്കുന്നത് കമ്പോളങ്ങള്‍ എന്ന നിലയിലോ അസംസ്‌ക്കൃത വസ്‌തുക്കളുടെ ഉറവിടങ്ങളായോ ധനനിക്ഷേപമേഖലകളായോ ഉള്ള അവയുടെ യഥാര്‍ത്ഥ ഉപയോഗക്ഷമത കണക്കിലെടുക്കുന്നതു കാരണമല്ല, മറിച്ച് എതിരാളികളെ ആ മേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍നിന്നുള്ള പ്രയോജനക്ഷമതാ സാധ്യത കാരണമാണ്. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍' വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയുള്ള നെട്ടോട്ടം ലോകത്തെയാകെ അവര്‍ തമ്മില്‍ വിഭജിച്ചെടുക്കുന്നതിലാണ് വിജയകരമായി കലാശിച്ചത്. ഇനി പുനര്‍വിഭജനം മാത്രമേ സാധ്യമാകൂ എന്ന സ്ഥിതിയിലുമെത്തി; യുദ്ധങ്ങളിലൂടെയാണ് അത് നടപ്പിലാക്കാന്‍ കഴിയുന്നത്. സാമ്രാജ്യത്വയുഗത്തിന്റെ, അതായത് കുത്തക മുതലാളിത്ത യുഗത്തിന്റെ സവിശേഷതയാണ് യുദ്ധങ്ങള്‍.

ധനമൂലധനത്തെ സംബന്ധിച്ച ലെനിന്റെ സങ്കല്‍പനം പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്: "സംഭരിച്ചുവയ്‌ക്കലും''(Stock) "പ്രവഹിപ്പിക്കലും'' (flow) തമ്മിലുള്ള ആശയക്കുഴപ്പത്തെ ആധാരമാക്കിയതാണ് അത്; "വന്‍ തുകകള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഇടപാടുകള്‍'' (high finance) സംബന്ധിച്ച ഹോബ്‌സണിന്റെ സങ്കല്‍പനത്തിനും (ധനപരവും വ്യാവസായികവുമായ താല്‍പര്യങ്ങള്‍ ഏറെക്കുറെ വ്യത്യസ്‌തമായ ബ്രിട്ടന്റെ സവിശേഷത) "ധനമൂലധനം'' അഥവാ "ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ മൂലധനം'' എന്ന ഹില്‍ ഫെര്‍ഡിങ്ങിന്റെ സങ്കല്‍പനത്തിനും (വ്യാവസായികവും ധനപരവുമായ താല്‍പര്യങ്ങള്‍ ഏകോപിച്ച് നീങ്ങുന്ന ജര്‍മ്മനിയുടെ സവിശേഷത) ഇടയ്‌ക്ക് അത് ആടിക്കളിക്കുന്നു എന്നിവയാണ് ആ വിമര്‍ശനങ്ങള്‍. എന്നാല്‍ ലെനിന്റെ സിദ്ധാന്തത്തിന്റെ അന്തഃസത്ത എന്താണെന്ന് അറിയാതെയുള്ള വിമര്‍ശനങ്ങളാണ് ഇവയെല്ലാം. "സംഭരിച്ചുവയ്‌ക്കലും'' "പ്രവഹിപ്പിക്കലും'' തമ്മിലുള്ള വേര്‍തിരിവ് ഉപഭോഗ വിധേയവാദ (under-consumptionist) കാഴ്‌ചപ്പാടിനുള്ളില്‍ മാത്രമാണ് പ്രസക്തി കൈവരിക്കുന്നത്; ആ സാഹചര്യത്തില്‍ വായ്‌പാവ്യാപനത്തിലൂടെ ധനസഹായം ചെയ്യുന്ന കയറ്റുമതിമിച്ചം എന്ന അര്‍ത്ഥത്തില്‍ മൂലധന കയറ്റുമതിക്ക് മൊത്തം ചോദന (aggregate demand) ത്തെ വര്‍ദ്ധിപ്പിക്കാനുള്ള സ്രോതസ്സായി മാറാന്‍ കഴിയും. ചുരുക്കത്തില്‍, "പ്രവഹിപ്പിക്കല്‍'' പ്രസക്തമാകുന്നത് മൊത്തം ചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോഴാണ്; കയറ്റുമതി മിച്ചം കൂടാതെയുള്ള, നിക്ഷേപം തെരഞ്ഞെടുക്കാനുള്ള അവകാശ (portfolio choice) ത്തിന്റെ പ്രതിഫലനം എന്ന നിലയിലുള്ള മൂലധന കയറ്റുമതി മൊത്തം ചോദനത്തെ ബാധിക്കില്ല. ലെനിനെ ഉപഭോഗ വിധേയവാദത്തില്‍നിന്നും വേര്‍പെടുത്തി പരിശോധിച്ചാല്‍, അദ്ദേഹം സംഭരിച്ചുവെയ്‌ക്കലും പ്രവഹിപ്പിക്കലും തമ്മില്‍ വേര്‍തിരിച്ചുകാണുന്നില്ല എന്ന വിമര്‍ശനത്തിന് പ്രസക്തിയുണ്ടാവില്ല. അതേപോലെതന്നെ, മുതലാളിത്തത്തിന്റെ ഒരു ഘട്ടത്തിന്റെ മൊത്തം സവിശേഷതകളാണ് ലെനിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്; നിരവധി രാജ്യങ്ങളുടെ പ്രത്യേകതകള്‍ അതില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്; ആ സ്ഥിതിക്ക് അദ്ദേഹം ഉപയോഗിച്ച ഏറെക്കുറെ അയവേറിയതും (elastic) മേല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ സങ്കല്‍പനങ്ങളെക്കുറിച്ച് വലിയ വിമര്‍ശനം ഉന്നയിക്കേണ്ട ആവശ്യമില്ല.

അദ്ദേഹത്തിന്റെ സിദ്ധാന്തം, അതിന്റെ സാമ്പത്തികമായ സങ്കല്‍പനത്തില്‍ തികച്ചും ലളിതമാണെങ്കിലും അതിന്റെ സന്ദര്‍ഭത്തിനുള്ളില്‍ ഏറെക്കുറെ അപ്രതീക്ഷിതമാണെങ്കിലും, സാമ്രാജ്യത്വം കൈയടക്കിവെച്ചിട്ടുള്ള അധീശാധികാരത്തിന്റെ ബന്ധങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സമ്പന്നമാണ്. മുമ്പുതന്നെ വിഭജിക്കപ്പെട്ടുകഴിഞ്ഞ ഒരു ലോകത്തെ പുനര്‍ വിഭജിക്കാനുള്ള പരിശ്രമം സങ്കീര്‍ണമായ നിരവധി രൂപങ്ങള്‍ കൈക്കൊള്ളുന്നു (യുദ്ധത്തെ കണക്കിലെടുക്കാതെതന്നെ). കോളനികള്‍, അര്‍ദ്ധ കോളനികള്‍, സാധാരണ സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ക്കല്‍, പോര്‍ച്ചുഗലിനെപ്പോലെയുള്ള കൊളോണിയല്‍ ശക്തികള്‍ക്കുമേല്‍പോലും പ്രത്യയശാസ്‌ത്രപരമായ അധീശാധികാരം സ്ഥാപിക്കാല്‍ ഇത്യാദി. അന്താരാഷ്‌ട്രബന്ധങ്ങളുടെ ലോകത്തെ ലെനിന്റെ സിദ്ധാന്തം മാർൿസിസ്‌റ്റ് വിശകലനത്തിനായി തുറന്നുകൊടുത്തു.

യൂറോപ്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദ (റിവിഷനിസം)ത്തെ വിശദീകരിക്കാന്‍ 1908-ല്‍ ലെനിന്‍ പരിശ്രമിച്ചിരുന്നു. മുതലാളിത്ത മത്സരത്തില്‍ പുറന്തള്ളപ്പെടുന്ന ചെറുകിട ഉല്‍പാദകരുടെ തൊഴിലാളിവര്‍ഗത്തിന്റെ ചേരിയിലേക്കുള്ള തള്ളിക്കയറ്റം, അതിനോടൊപ്പം തിരുത്തല്‍വാദത്തിന് മണ്ണൊരുക്കുന്ന അന്യവര്‍ഗ പ്രത്യയശാസ്‌ത്രത്തെക്കൂടി തൊഴിലാളിവര്‍ഗ ചേരിയിലേക്ക് കൊണ്ടുവന്നു. കുത്തക മുതലാളിത്ത ശക്തികളുടെ "അമിത ലാഭ''ത്തില്‍നിന്നുള്ള കൈക്കൂലിക്ക് അടിപ്പെട്ട തൊഴിലാളിവര്‍ഗത്തില്‍ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് ട്രേഡ്‌യൂണിയന്‍ നേതൃത്വത്തെയാണ്, എംഗല്‍സിന്റെ ചില പരാമര്‍ശങ്ങളില്‍നിന്നുള്ള സൂചന ഉള്‍ക്കൊണ്ടുകൊണ്ട് ലെനിന്‍ "സാമ്രാജ്യത്വം'' എന്ന കൃതിയില്‍ തിരുത്തല്‍വാദികള്‍ എന്ന് വിശദീകരിച്ചത്. "അസമമായ വിനിമയ''ത്തെ ആധാരമാക്കിയുള്ള പില്‍ക്കാല വാദഗതികളില്‍നിന്നും ലെനിന്റെ ഈ നിലപാടിനെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ചൂഷകവിഭാഗത്തിന്റെ ഭാഗംതന്നെയാണെന്ന് അവകാശപ്പെടുന്നിടംവരെ അത് എത്തി. സാമ്രാജ്യത്വ ചൂഷണത്തിന്റെ പ്രത്യക്ഷത്തിലുള്ള ഗുണഭോക്താക്കളെ മാത്രം ഒരു ഇടുങ്ങിയ വരിയില്‍ ഒതുക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, ആ പ്രതിഭാസത്തെ കുത്തകയുമായി ബന്ധപ്പെടുത്തി. കുത്തകാധിപത്യം നടപ്പിലാക്കാത്ത അസമമായ വിനിമയം എന്ന സിദ്ധാന്തം ദുരുപദിഷ്‌ടിതമാണ്. സമ്പന്ന കേന്ദ്രങ്ങളും (metropolis) ചുറ്റുവട്ടത്തു (periphery) ള്ളവരും പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടുന്നില്ലെങ്കില്‍ അവരുടെ നിലനില്‍പുതന്നെ ഇല്ലാതാവും; എന്നാല്‍ കുത്തകയുടെ അഭാവത്തില്‍ ഇത്തരം വൈദഗ്ധ്യവല്‍ക്കരണത്തെ അവര്‍ക്ക് വിശദീകരിക്കാനാവില്ല. കുത്തകയെ സംബന്ധിച്ച ലെനിനിസ്‌റ്റ് ഊന്നല്‍ ആ വിഷയത്തെ സംബന്ധിച്ച കൂടുതല്‍ ഫലപ്രദമായ സമീപനമാണ് - ഒരു ഇടുങ്ങിയ മണ്ഡലത്തിനും അപ്പുറത്തേക്ക് ഗുണഭോക്താക്കളുടെ വൃത്തത്തെ വിപുലമാക്കുകയാണെങ്കില്‍പോലും ഇതാണ് സ്ഥിതി.

"സാമ്രാജ്യത്വം'' എന്ന തന്റെ കൃതിയില്‍ ലെനിന്‍, "തീവ്ര-സാമ്രാജ്യത്വം'' (Ultra-imperialism) എന്ന നിലയില്‍ സാര്‍വദേശീയമായി ഏകീകൃതമായ ധനമൂലധനം സമാധാനപരമായ കരാറിലൂടെ ലോകത്തെ കൂട്ടായി കൊള്ളയടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള കാള്‍ കൌട്സ്‌ക്കിയുടെ മന്ത്രോച്ചാരണത്തെ ലെനിന്‍ വിമര്‍ശിച്ചിട്ടുണ്ട്. വിവിധ ധനമൂലധനശക്തികള്‍ക്കിടയില്‍ അവ തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പങ്കിട്ടെടുക്കുമെന്ന് കരുതിയാല്‍തന്നെ, അത് യാഥാര്‍ത്ഥ്യമായാല്‍തന്നെ, ആ സമയത്തെ അവര്‍ ഓരോരുത്തരുടെയും ആപേക്ഷികമായ ശക്തിയെ മാത്രമെ അത് പ്രതിഫലിപ്പിക്കുന്നുള്ളൂ. എന്നാല്‍ മുതലാളിത്തത്തിന്റെ സഹജ സവിശേഷതയായ അസമമായ വികസനം ഈ ആപേക്ഷികമായ ശക്തിയെ അനിവാര്യമായും കീഴ്‌മേല്‍ മറിക്കും; ഇത് സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്യും. യുദ്ധങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക യുദ്ധവിരാമത്തിന്റെ ഇടവേളയാകാന്‍ മാത്രമേ "തീവ്രസാമ്രാജ്യത്വ''ത്തിനു കഴിയൂ. യുദ്ധാനന്തരകാലത്തെ അനുഭവങ്ങളെ ആധാരമാക്കി പലരും വാദിക്കുന്നത് കൌട്സ്‌ക്കിയന്‍ സങ്കല്‍പനമാണ് ലെനിന്റേതിനെക്കാള്‍ ശരിയെന്നാണ്. സാമ്രാജ്യത്വത്തിനുള്ളിലെ കിടമത്സരങ്ങള്‍ക്ക് പാൿസ് അമേരിക്കാനയ്‌ക്കു കീഴില്‍ (അമേരിക്കന്‍ ആധിപത്യത്തിന്‍കീഴില്‍ സമാധാനം) തീവ്രത കുറഞ്ഞിരിക്കുന്നു.

എന്നാല്‍, ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്: ഒന്നാമത്, ദേശീയാടിസ്ഥാനത്തിലുള്ളതും ദേശീയ രാഷ്‌ട്രങ്ങളുടെ സഹായം ലഭിക്കുന്നവയുമായ വിവിധ ധനമൂലധനങ്ങള്‍ക്കിടയില്‍ കൌട്സ്‌ക്കി കണ്ടിരുന്നതുപോലെ ഈയിടെയായി യോജിപ്പുണ്ടാകുന്നില്ല. എന്നാല്‍, ഒരു പുതിയ അന്താരാഷ്‌ട്ര ധനമൂലധനവും അതുകൊണ്ടുതന്നെ ഒരു പുതിയ സാമ്രാജ്യത്വവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മൂലധനം കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെയും അതിര്‍ത്തി കടന്നുള്ള മൂലധന പ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെയും, അതായത് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയ, ഉല്‍പ്പന്നമാണത്. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്നത്, കൌട്സ്‌ക്കി - ലെനിന്‍ കൂട്ടായ്‌മയെ ഒന്നിച്ച് കടത്തി വെട്ടുന്ന ഒരു പുതിയ പ്രതിഭാസത്തെയാണ്. രണ്ടാമതായി, അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ആവിര്‍ഭാവം, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ യുദ്ധങ്ങളെ നിയന്ത്രിച്ചപ്പോള്‍തന്നെ, യുദ്ധം ഇല്ലാതാക്കിയിട്ടില്ല. യുദ്ധമാതൃകകള്‍ മാറിയിട്ടുണ്ട്; പക്ഷേ യുദ്ധങ്ങള്‍ അതിന്റെ എല്ലാ ഭീകരതകളോടുംകൂടി നിലനില്‍ക്കുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷം ലെനിന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്‌തമാണ്; പക്ഷേ, അദ്ദേഹത്തിന്റെ സിദ്ധാന്തസംഹിത ഇപ്പോഴും ഈ പുതിയ സ്ഥിതിവിശേഷത്തെയും വിശകലനം ചെയ്യാന്‍ പറ്റിയ മാനദണ്ഡമാണ്.

വിപ്ളവാനന്തര രചനകള്‍

ലെനിന്റെ അസംഖ്യം വിപ്ളവാനന്തര രചനകള്‍ ഇപ്പോഴും അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയും പ്രത്യേകവും കൂടുതല്‍ സമഗ്രവുമായ പരിശോധന ആവശ്യമുള്ളവയുമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ, "യുദ്ധകാല കമ്യൂണിസം'' "പുതിയ സാമ്പത്തികനയ''ത്തിന് വഴിമാറിക്കൊടുത്തു. അത് മുതലാളിത്ത പ്രവണതയുടെ സാധ്യത തുറന്നുകൊടുത്തു; എന്നാല്‍, സമ്പദ്ഘടനയുടെ ഉന്നതാധികാര കേന്ദ്രങ്ങളില്‍ തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ അതിനെ നിലയ്‌ക്കുനിര്‍ത്താവുന്ന തരത്തിലായിരുന്നു അത്. മുതലാളിത്ത പുന:സ്ഥാപനത്തിനെതിരായ നെടുങ്കോട്ടയെന്ന നിലയില്‍ കേന്ദ്രീകൃത ഭരണകൂടത്തിന് നല്‍കിയ ഈ പ്രാധാന്യം, ക്രമേണ ആ വ്യവസ്ഥിതി ജീര്‍ണിക്കുന്നതിനുള്ള വിത്തുപാകിയതായി പലരും കരുതുന്നുണ്ട്. അതുപ്രകാരം കേന്ദ്രീകൃത വ്യവസ്ഥയുടെ ബോധപൂര്‍വമുള്ള സംസ്ഥാപകനായിരുന്നു ലെനിനെന്നും സ്റ്റാലിന്‍ യുഗത്തില്‍ അത് പരിപൂര്‍ണതയില്‍ എത്തുകയാണുണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ലെനിനെ തെറ്റായി വായിക്കലാണ്; സോഷ്യലിസത്തെ സംബന്ധിച്ചഅഭിപ്രായ സ്വാതന്ത്ര്യവാദാത്മകമായ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കാഴ്‌ചപ്പാട് അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ വിപ്ളവത്തിന്റെ വിജയസാധ്യതകള്‍ മങ്ങിയതിനെ തുടര്‍ന്നും ലെനിന്‍ ചൈന, ഇന്ത്യ തുടങ്ങിയ പൌരസ്‌ത്യനാടുകളിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ ആരംഭിച്ചതിനുശേഷം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട സോവിയറ്റ് യൂണിയനെ സംരക്ഷിക്കുന്നതിനുവേണ്ടി കെട്ടിപ്പടുത്തതായിരുന്നു കേന്ദ്രീകൃതമായ ഭരണകൂട സംവിധാനംപോലും.

ഭരണകൂടം കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റില്‍ എഴുതിയ "ഭരണകൂടവും വിപ്ളവവും'' എന്ന കൃതിയില്‍ ദീര്‍ഘദര്‍ശനം ചെയ്‌ത ലെനിന്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തില്‍ ഊന്നിയ വിമോചനപരമായ ഈ കാഴ്‌ചപ്പാട് തൊഴിലാളിവര്‍ഗ ഭരണകൂടം രൂപീകരിച്ച അതേ കാലത്തുതന്നെ, 1917 ഒൿടോബറില്‍തന്നെ, നടത്തിയ തന്റെ പരാമര്‍ശത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു -"നമുക്ക് ഇപ്പോള്‍തന്നെ, പത്തു ദശലക്ഷം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളുന്ന-ഇരുപത് ദശലക്ഷംപേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും-ഭരണകൂട ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിയണം''. നിര്‍ണായകമായ നിമിഷങ്ങളില്‍പോലും, കേന്ദ്രീകൃതമായ ഭരണകൂട ഉപകരണം സൃഷ്‌ടിക്കാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിട്ടും, ട്രേഡ്‌യൂണിയനുകളുടെ സൈനികവല്‍ക്കരണത്തിനെതിരെ എന്നതുപോലെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ വിമോചനപരമായ വീക്ഷണത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ്. സോവിയറ്റ് ജനാധിപത്യം പ്രവര്‍ത്തനരഹിതമായതിനുശേഷംപോലും, ലെനിന്‍ ശ്രദ്ധചെലുത്തിയിരുന്നത് ചുരുങ്ങിയപക്ഷം പാര്‍ടിയെങ്കിലും കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സംവിധാനമായി മാറാതിരിക്കാനാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ "അവസാന സമരം'' പാര്‍ടിയുടെ ഉദ്യോഗസ്ഥ മേധാവിത്വവല്‍ക്കരണത്തെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായത്. ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു സമൂഹത്തില്‍ "ജനാധിപത്യ കേന്ദ്രീകരണം'' (ലെനിനിസ്‌റ്റ്പാര്‍ടിയുടെ സംഘടനാ തത്വം) നടപ്പാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമായി അതിവേഗം അധഃപതിക്കാന്‍ ഇടയുണ്ടെന്ന് അദ്ദേഹം തികഞ്ഞ വ്യക്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു. സോഷ്യലിസത്തിന്റെ വിമോചനപരമായ ദൌത്യത്തിനെതിരെ കേന്ദ്രീകരണത്തെ പ്രതിഷ്ഠിച്ച ആള്‍ എന്ന് ലെനിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.

******

പ്രഭാത് പട്നായിക്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണകൂടം കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റില്‍ എഴുതിയ "ഭരണകൂടവും വിപ്ളവവും'' എന്ന കൃതിയില്‍ ദീര്‍ഘദര്‍ശനം ചെയ്‌ത ലെനിന്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തില്‍ ഊന്നിയ വിമോചനപരമായ ഈ കാഴ്‌ചപ്പാട് തൊഴിലാളിവര്‍ഗ ഭരണകൂടം രൂപീകരിച്ച അതേ കാലത്തുതന്നെ, 1917 ഒൿടോബറില്‍തന്നെ, നടത്തിയ തന്റെ പരാമര്‍ശത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു -"നമുക്ക് ഇപ്പോള്‍തന്നെ, പത്തു ദശലക്ഷം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളുന്ന-ഇരുപത് ദശലക്ഷംപേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും-ഭരണകൂട ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിയണം''. നിര്‍ണായകമായ നിമിഷങ്ങളില്‍പോലും, കേന്ദ്രീകൃതമായ ഭരണകൂട ഉപകരണം സൃഷ്‌ടിക്കാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിട്ടും, ട്രേഡ്‌യൂണിയനുകളുടെ സൈനികവല്‍ക്കരണത്തിനെതിരെ എന്നതുപോലെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ വിമോചനപരമായ വീക്ഷണത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ്. സോവിയറ്റ് ജനാധിപത്യം പ്രവര്‍ത്തനരഹിതമായതിനുശേഷംപോലും, ലെനിന്‍ ശ്രദ്ധചെലുത്തിയിരുന്നത് ചുരുങ്ങിയപക്ഷം പാര്‍ടിയെങ്കിലും കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സംവിധാനമായി മാറാതിരിക്കാനാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ "അവസാന സമരം'' പാര്‍ടിയുടെ ഉദ്യോഗസ്ഥ മേധാവിത്വവല്‍ക്കരണത്തെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായത്. ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു സമൂഹത്തില്‍ "ജനാധിപത്യ കേന്ദ്രീകരണം'' (ലെനിനിസ്‌റ്റ്പാര്‍ടിയുടെ സംഘടനാ തത്വം) നടപ്പാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമായി അതിവേഗം അധഃപതിക്കാന്‍ ഇടയുണ്ടെന്ന് അദ്ദേഹം തികഞ്ഞ വ്യക്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു. സോഷ്യലിസത്തിന്റെ വിമോചനപരമായ ദൌത്യത്തിനെതിരെ കേന്ദ്രീകരണത്തെ പ്രതിഷ്ഠിച്ച ആള്‍ എന്ന് ലെനിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.