Tuesday, August 17, 2010

മതങ്ങള്‍ പോകുന്ന പോക്ക്

'ഇത് ചായയാണെങ്കില്‍ എനിക്ക് കാപ്പി മതി; ഇത് കാപ്പിയാണെങ്കില്‍ എനിക്ക് ചായ മതി' എന്ന ഒരു തമാശ കേട്ടിട്ടുണ്ട്. അതിസരസവും അര്‍ഥപൂര്‍ണവുമായ ഒരു ഫലിതമാണത്. നമ്മള്‍ പറഞ്ഞു നടക്കുന്നത് പലപ്പോഴും അതാവില്ല, മറ്റൊന്നായിരിക്കാം എന്ന അതിസാമാന്യവും, ആളുകള്‍ ഓര്‍ക്കാതെ പോകുന്നതുമായ, ഒരു സത്യമാകയാലാണ് അത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുന്നത്.

ഈ നേരമ്പോക്ക് മനസ്സിലാകുന്നവര്‍ക്ക് ഇക്കാലത്ത് മതം, ഈശ്വരന്‍ തുടങ്ങിയവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുവാന്‍ കഴിയും. ഇന്ന് മതം എന്ന പേരില്‍ എന്തെല്ലാം സംഗതികളാണ് പുറത്ത് നടന്നുവരുന്നത്. തന്റെ മതമേ ശരിയുള്ളൂവെന്ന് കരുതി മറ്റുള്ളവരെ സംഹരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തങ്ങളാണ് യഥാര്‍ഥ വിശ്വാസികള്‍ എന്ന് അലറിപ്പറയുന്നു. മതത്തിന്റെ ആവേശം മൂത്ത് നഗരങ്ങളിലും ജനമധ്യത്തിലും തൊട്ട് വന്‍ സ്‌ഫോടനങ്ങള്‍ നടത്തുന്ന മറ്റുചിലര്‍. മതത്തിന്റെയും ദൈവത്തിന്റെയും പേര് ഉച്ചരിച്ചുകൊണ്ട് ജനായത്ത രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന ചില കക്ഷികള്‍ക്ക് വോട്ടു കൊടുക്കണമെന്ന് മതം കാവല്‍ക്കാര്‍ ആര്‍പ്പുവിളിക്കുന്നു. മതം, ദേവാലയം, ആശ്രമം എന്നൊക്കെയുള്ള പവിത്രശബ്‌ദങ്ങളുടെ മറവില്‍ ആഡംബരങ്ങളും കൂറ്റന്‍ പ്രകടനങ്ങളും നടന്നുവരുന്നു.

ഇതെല്ലാം മതമാണെങ്കില്‍‍, എനിക്ക് ഇത് വേണ്ട എന്നു പറയാന്‍ ആര്‍ക്കും അധികാരമുണ്ട്. ജന്തുക്കളെ കൊന്ന് ബലിയര്‍പ്പിച്ച് യാഗം ചെയ്‌താല്‍ സ്വര്‍ഗം ലഭിക്കുമെങ്കില്‍ നരകം ലഭിക്കുന്നത് എങ്ങനെയാണ് എന്ന് പണ്ടേ ചോദ്യം ഉയര്‍ന്നിരുന്നു. മതവിശ്വാസം മതവിരുദ്ധവിശ്വാസമായി മാറ്റുന്ന മതാധികാരികളുടെ ചീത്ത നേതൃത്വത്തെ അപഹസിക്കുന്നവര്‍ പണ്ടേയുണ്ടായിരുന്നു. അതുപോലെ യഥാര്‍ഥ മതാനുശാസനങ്ങള്‍ക്കെതിരായി, അന്യമതവിശ്വാസിയെ ഉന്മൂലനം വരുത്തണമെന്ന് കരുതുന്നവര്‍ യഥാര്‍ഥമത മാതൃകകള്‍ ആയി വേഷം മാറിവരുന്ന കാലമാണ് ഇത്. അവരുടെ കൈയിലെ ആയുധമാണ് ഇന്ന് മതം. അവര്‍ പറയുന്നതനുസരിക്കുന്ന വിശ്വാസികള്‍ നാടും നഗരവും കത്തിച്ച് ചാമ്പലാക്കുവാനോ കൈയും തലയും വെട്ടിമാറ്റാനോ വോട്ട് കൊടുക്കാതെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുവാനോ വിളിച്ചുകൂവുന്നവരെ മതാചാര്യന്മാര്‍‍, സഭാ നേതാക്കള്‍‍, പുരോഹിതന്മാര്‍ എന്നൊക്കെ വിളിച്ചു ബഹുമാനിക്കുന്നു.

ഇത്തരക്കാരോട് സംഭാഷണം ചെയ്യുന്നത് രസകരമാണ്. മതം മനുഷ്യവധത്തിനും അക്രമത്തിനും ക്രൂരമായ ഹിംസാ പ്രവര്‍ത്തനങ്ങള്‍ക്കും അനുകൂലമാണോ എന്നു ചോദിച്ചാല്‍ ഉടനെ അവര്‍ സന്ദേഹം ചേര്‍ത്ത് സംസാരിക്കും. അവര്‍ അതിനെയെല്ലാം എതിര്‍ക്കും: കൊല്ലാനും വെട്ടാനും മര്‍ദിക്കാനും ആഹ്വാനം ചെയ്യുന്നവര്‍ മതങ്ങള്‍ക്ക് എതിരാണെന്നും അങ്ങനെയുള്ളവര്‍ പറയുന്നത് യഥാര്‍ഥ മതമല്ലെന്നും അവര്‍ സ്വയം പറഞ്ഞ് സമാധാനിപ്പിക്കുന്നു. ചുരുക്കത്തില്‍‍, അക്കൂട്ടരെ ഔദ്യോഗിക മതനേതാക്കള്‍ വിചാരണവരുമ്പോള്‍ കൈയ്യൊഴിയുന്നത് കാണാം.

എങ്കില്‍ ഈ മത നേതാക്കളോട് ഒരു ചോദ്യം കൂടെ ചോദിക്കാനുണ്ട്. സത്യമതത്തെ ഉദ്‌ഘോഷിക്കുന്നവരാണല്ലോ ഈ മത നേതാക്കള്‍‍. ഹൈന്ദവ-ക്രൈസ്‌തവ-മുസ്ലീം മത നേതാക്കളോടെല്ലാമായി ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ-നിങ്ങള്‍ നിരന്തരമായി പൗരോഹിത്യത്തിന്റെ എല്ലാ ശക്തിയും സ്വാധീനതയും ഉപയോഗിച്ച് സത്യതപസ്യം പ്രബോധിപ്പിച്ചിട്ടും നിങ്ങളുടെ അനുയായികള്‍ തീവ്രവാദത്തിന്റെ സൃഷ്‌ടികളായ അക്രമകര്‍മങ്ങളിലും അന്യമതാനുയായികളുടെ പീഡനത്തിലും മതകലഹങ്ങളിലും എന്നും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ? നിങ്ങളുടെ ഉപദേശം അനുയായികള്‍ അനുസരിക്കുന്നില്ല എന്നല്ലേ അതിനര്‍ഥം? ലോകം പണ്ടത്തേക്കാള്‍ ചീത്തയായിരിക്കുന്നു എന്ന് ഇവര്‍ സര്‍വരും സമ്മതിക്കുന്നു. മതങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനശക്തിയും ഇത്രയേറെ അനുയായിവൃന്ദങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് മനുഷ്യന്‍ കൂടുതല്‍ ചീത്തയായി വരുന്നു?

മതാധ്യക്ഷന്മാര്‍ക്ക് അനുയായികളുടെമേല്‍ ആധിപത്യമില്ല എന്ന സത്യത്തിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. അതിനര്‍ഥം മതങ്ങള്‍ മതനേതൃത്വത്തിനര്‍ഹതയില്ലാത്തവരുടെ കൈയില്‍ പെട്ടിരിക്കുന്നു എന്നല്ലേ? ഇത് പരമാര്‍ഥമെങ്കില്‍ ജനങ്ങളെ നന്നാക്കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് മതമേലധ്യക്ഷന്മാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല, തീവ്രവാദികളും മറ്റും ഉണ്ടാകുന്നത് ഇവരുടെ ഉദ്‌ബോധനത്തിന് എതിരാണെങ്കില്‍‍, തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ശരിയായ വഴി ഇവര്‍ ഉദ്‌ബോധനം നടത്തുന്നത് നിര്‍ത്തുന്നതായിരിക്കും.

മനുഷ്യര്‍ എന്തു ചെയ്യണം? നാരായണഗുരു പറഞ്ഞു തന്നു - 'മനുഷ്യര്‍ നന്നായാല്‍ മതി'. മനുഷ്യര്‍ നന്നാകാന്‍ മതം വേണ്ട; മനുഷ്യന്‍ നന്നാകാന്‍ മാതാപിതാക്കളും ഗുരുക്കന്മാരും മതി. നന്നായ മനുഷ്യന്റെ മതം നന്നായിരിക്കും. മതം കൊണ്ടു മാത്രം ആരും നന്നായിട്ടില്ല. അധ്യാപകന്‍‍, അച്ഛന്‍‍, അമ്മ, സഹോദരങ്ങള്‍‍, സുഹൃത്തുക്കള്‍ ഇവരുടെ ഇടയിലുള്ള ജീവിതവും പെരുമാറ്റവും കൊണ്ടാണ് നമ്മില്‍ സദ്‌വിചാരങ്ങളും സദ്‌വികാരങ്ങളും മനുഷ്യസ്‌നേഹവും പാവങ്ങളോട് കരുണയും എല്ലാം വളര്‍ന്നുവരുന്നത്. ഇവ ഹൃദയത്തില്‍ അങ്കുരിച്ച് വളരുമ്പോള്‍ മനുഷ്യന്‍ നല്ലവനാകുന്നു. ഈ നന്മയുടെ മതമാണ് ശ്രീനാരായണന്‍ ചൂണ്ടിക്കാട്ടിയ ഏകമതം. ഇത് ലഭിക്കുവാന്‍ ദേവാലയങ്ങളില്‍ പോയി പൂജിക്കേണ്ട പുരോഹിതന്റെ സഹായം വേണ്ട, ആചാരങ്ങളൊന്നും അനുഷ്‌ഠിക്കേണ്ട. നല്ല മതത്തിന്റെ പ്രകടനം നല്ല ജീവിതത്തിന്റെ ഉടമയിലൂടെയാണ്.

മതവിശ്വാസം എന്നുവെച്ചാല്‍ അന്യമതദ്വേഷമാണെന്ന് വളരെ കൗശലത്തോടെ മതപുരോഹിതന്മാര്‍ മതാനുയായികളുടെ ഹൃദയത്തില്‍ കുത്തിവെയ്‌ക്കുന്നു. ഗാന്ധിജി പറഞ്ഞതുപോലെ നല്ല ഹിന്ദു നല്ല ക്രിസ്‌ത്യാനിയും നല്ല മുസ്ലീമും ആണ്, മറിച്ചും ആണ്. നാം നേരത്തെ ഒരു മതത്തില്‍ ചെന്നുവീണുപോകുന്നത്, കുടുംബജീവിതത്തിന്റെ യാദൃച്‌ഛികതമൂലമാണ്. കുട്ടികള്‍ ചെറുപ്പംതൊട്ടേ മതമായി അറിയുന്നത് നല്ല മൂല്യങ്ങളോ ആദര്‍ശങ്ങളോ ആണെന്നല്ല, അമ്പലത്തില്‍ പൂജയ്ക്ക് ഇങ്ങനെയെല്ലാം ഒരുക്കണമെന്നോ, ആഴ്‌ചയില്‍ ഇത്ര ദിവസം പള്ളിയില്‍ പോകണമെന്നോ, ദിവസേന ഇത്ര നമസ്‌കരിക്കണമെന്നോ ഉള്ള അനുഷ്‌ഠാനരീതികള്‍ ആണെന്നാണ്. നല്ല മനുഷ്യനാകാനുള്ള വഴി അനുഷ്‌ഠാനങ്ങളിലൂടെയല്ല പോകുന്നത്. ഹിന്ദുവിന്റെ അനുഷ്‌ഠാനം ക്രൈസ്തവന്റെ അനുഷ്‌ഠാനത്തില്‍ നിന്ന് ഭിന്നമായി കാണുമ്പോള്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും മതവിഷയത്തില്‍ ശത്രുക്കളാണെന്ന് ഇവര്‍ കരുതുന്നു. ആചാരപ്രധാനമായി മതത്തെ അവതരിപ്പിക്കുന്ന പുരോഹിതന്മാരാണ് ഈ ഭീകരശത്രുതയുടെ കാരണക്കാര്‍‍. മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ മതങ്ങള്‍ പോകുന്നപോക്ക് പരസ്‌പര കലഹത്തിന്റെ പോര്‍ക്കളത്തിലേക്കാണ്.


*****

സുകുമാര്‍ അഴീക്കോട് , ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ മത നേതാക്കളോട് ഒരു ചോദ്യം കൂടെ ചോദിക്കാനുണ്ട്. സത്യമതത്തെ ഉദ്‌ഘോഷിക്കുന്നവരാണല്ലോ ഈ മത നേതാക്കള്‍‍. ഹൈന്ദവ-ക്രൈസ്‌തവ-മുസ്ലീം മത നേതാക്കളോടെല്ലാമായി ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ-നിങ്ങള്‍ നിരന്തരമായി പൗരോഹിത്യത്തിന്റെ എല്ലാ ശക്തിയും സ്വാധീനതയും ഉപയോഗിച്ച് സത്യതപസ്യം പ്രബോധിപ്പിച്ചിട്ടും നിങ്ങളുടെ അനുയായികള്‍ തീവ്രവാദത്തിന്റെ സൃഷ്‌ടികളായ അക്രമകര്‍മങ്ങളിലും അന്യമതാനുയായികളുടെ പീഡനത്തിലും മതകലഹങ്ങളിലും എന്നും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ? നിങ്ങളുടെ ഉപദേശം അനുയായികള്‍ അനുസരിക്കുന്നില്ല എന്നല്ലേ അതിനര്‍ഥം? ലോകം പണ്ടത്തേക്കാള്‍ ചീത്തയായിരിക്കുന്നു എന്ന് ഇവര്‍ സര്‍വരും സമ്മതിക്കുന്നു. മതങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനശക്തിയും ഇത്രയേറെ അനുയായിവൃന്ദങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് മനുഷ്യന്‍ കൂടുതല്‍ ചീത്തയായി വരുന്നു?

മതാധ്യക്ഷന്മാര്‍ക്ക് അനുയായികളുടെമേല്‍ ആധിപത്യമില്ല എന്ന സത്യത്തിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. അതിനര്‍ഥം മതങ്ങള്‍ മതനേതൃത്വത്തിനര്‍ഹതയില്ലാത്തവരുടെ കൈയില്‍ പെട്ടിരിക്കുന്നു എന്നല്ലേ? ഇത് പരമാര്‍ഥമെങ്കില്‍ ജനങ്ങളെ നന്നാക്കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് മതമേലധ്യക്ഷന്മാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല, തീവ്രവാദികളും മറ്റും ഉണ്ടാകുന്നത് ഇവരുടെ ഉദ്‌ബോധനത്തിന് എതിരാണെങ്കില്‍‍, തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ശരിയായ വഴി ഇവര്‍ ഉദ്‌ബോധനം നടത്തുന്നത് നിര്‍ത്തുന്നതായിരിക്കും.