Sunday, September 26, 2010

സ്വദേശാഭിമാനിയുടെ സംഭാവനകള്‍

കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ വളര്‍ച്ചയ്‌ക്ക് സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും. രാജ്യസ്‌നേഹത്തെ രാജഭക്തിയില്‍നിന്ന് വേര്‍തിരിച്ച് ആധുനിക ജനാധിപത്യ രാഷ്‌ട്രസങ്കല്‍പ്പം ജനങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വദേശാഭിമാനി തന്റെ കൃതികളിലൂടെ പരിശ്രമിച്ചു. അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തു. രാഷ്‌ട്രീയത്തില്‍നിന്ന് മതത്തെ വേര്‍തിരിക്കണമെന്ന മതനിരപേക്ഷ സമീപനം ഉയര്‍ത്തിപ്പിടിച്ചു. ദളിതരുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കുമായി ശബ്‌ദം മുഴക്കി. പൌരസ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച നിലപാടെടുത്തു. ഉന്നത തലങ്ങളിലെ അഴിമതിയെയും സ്വജനപക്ഷപാതിത്വത്തെയും ധാര്‍മിക അധഃപതനത്തെയും അതിനിശിതമായി വിമര്‍ശിച്ചു. അധികാരശക്തികളെ നിര്‍ഭയം നേരിട്ട അദ്ദേഹത്തിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും ജനങ്ങളെ ആവേശം കൊള്ളിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തേക്ക് കടന്നുവന്ന പുതിയ തലമുറ അദ്ദേഹത്തെ മാതൃകയായി കണ്ടു.

സ്വദേശാഭിമാനിയെ രാജ്യദ്രോഹമാരോപിച്ച് തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയത് 1910 സെപ്‌തംബര്‍ 26 നാണ്. നാടുകടത്തല്‍ ശതാബ്‌ദി സ്‌മാരകമായി കേരള സര്‍ക്കാരിന്റെ സഹായത്തോടെ കേരള ഗ്രന്ഥശാല സഹകരണസംഘം സ്വദേശാഭിമാനിയുടെ സമ്പൂര്‍ണ കൃതികള്‍ അഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. നാല് വാല്യം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഞ്ചാം വാല്യം സ്വദേശാഭിമാനിയുടെ നാടുകടത്തലിന്റെ ഒരു നൂറ്റാണ്ട് തികയുന്ന സെപ്‌തംബര്‍ 26ന് കണ്ണൂരില്‍ പ്രകാശനംചെയ്യും.

"ഭയ കൌടില്യ ലോഭങ്ങള്‍ക്കെതിരെ'' എന്ന പേരില്‍ സ്വദേശാഭിമാനി എഴുതിയ മുഖപ്രസംഗങ്ങളാണ് ഒന്നാം വാല്യത്തില്‍. കേരളദര്‍പ്പണം, കേരളപത്രിക, കേരളന്‍, സ്വദേശാഭിമാനി എന്നീ പത്രങ്ങളിലായി 149 മുഖപ്രസംഗം അദ്ദേഹം എഴുതി. മലയാളത്തില്‍ ആദ്യമായി പത്രങ്ങളെ രാഷ്‌ട്രീയ-സാമൂഹ്യ വിമര്‍ശത്തിന്റെ വേദിയാക്കിയത് സ്വദേശാഭിമാനി ആയിരുന്നു. അഴിമതിക്കെതിരെ നിര്‍ഭയമായും വിട്ടുവീഴ്‌ചയില്ലാതെയും നടത്തിയ പോരാട്ടത്തിന്റെ കരുത്ത് സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളില്‍ തുളുമ്പിനില്‍ക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും വകുപ്പ് തലവന്മാരുടെയും അഴിമതി മാത്രമല്ല, ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ദിവാന്‍ രാജഗോപാലാചാരി, ശങ്കരന്‍തമ്പി എന്നിവരുടെ അഴിമതിയെ പേരെടുത്ത്പറഞ്ഞ് നിശിതമായി വിമര്‍ശിക്കാനും രാമകൃഷ്‌ണപിള്ള ധൈര്യം പ്രകടിപ്പിച്ചു.

സാര്‍വദേശീയ സംഭവ വികാസങ്ങളെ താല്‍പ്പര്യപൂര്‍വം പഠിക്കാനും ജനങ്ങളെ പഠിപ്പിക്കാനും സ്വദേശാഭിമാനി ശ്രദ്ധിച്ചു. ജനാധിപത്യ പുരോഗമന ശക്തികള്‍ ലോകത്ത് കൈവരിച്ച നേട്ടങ്ങള്‍ ആവേശപൂര്‍വം ജനങ്ങളിലെത്തിച്ചു. 1907 ല്‍ ജര്‍മനിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ച കക്ഷിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം അല്‍പ്പം ചുരുങ്ങിപ്പോയതിന്റെ കാരണമടക്കം വിശദീകരിക്കാന്‍ 'ജര്‍മനിയും ഫ്രാന്‍സും' എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തില്‍ സ്വദേശാഭിമാനി ശ്രമിക്കുന്നു. സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളുടെ പ്രഭാവം വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശാഭിമാനി ഇപ്രകാരം എഴുതുന്നു: "സോഷ്യലിസ്‌റ്റുകള്‍ രാജ്യദ്രോഹികളാണെന്നും മറ്റും ചക്രവര്‍ത്തിയുടെ പക്ഷക്കാര്‍ നാട്ടില്‍ അപവാദം പരത്തുകയാലും ജര്‍മന്‍ വ്യാപാര വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രബലത വര്‍ധിച്ചുവരികയാലുമാണ് സോഷ്യലിസ്‌റ്റുകളായ പ്രതിധിധികളുടെ എണ്ണം രണ്ടാമത് അല്‍പ്പം ചുരുങ്ങിപ്പോയത്. എന്നാല്‍, ഇവരുടെ പ്രഭാവം വര്‍ധിച്ചുതന്നെ വരുന്നു.'' (വാല്യം ഒന്ന്, പേജ് 188)

സോഷ്യലിസത്തെപ്പറ്റി മലയാളഭാഷയില്‍ ആദ്യമായി നടന്ന പ്രസംഗം ബാരിസ്‌റ്റര്‍ എം കെ നാരായണപിള്ളയുടേതാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം വിക്‌ടോറിയ ജൂബിലി ടൌൺ ഹാളില്‍ 1907 ല്‍ നടന്ന തിരുവിതാംകൂര്‍ വിദ്യാഭിവര്‍ധിനി മഹാസഭയുടെ സമ്മേളനത്തിലായിരുന്നു അത്. ആ പ്രസംഗം സ്വദേശാഭിമാനി പത്രാധിപരായുള്ള 'കേരളന്‍' മാസികയില്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല "സമഷ്‌ടിവാദം'' എന്ന പേരില്‍ 1907 ആഗസ്‌ത് - സെപ്‌തംബര്‍ ലക്കത്തില്‍ അതിനെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുകയും ചെയ്‌തു. മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: "ബാരിസ്‌റ്റര്‍ എം കെ നാരായണപിള്ള അവര്‍കളുടെ 'സമഷ്‌ടിവാദ' വിവരണം ഈ നാട്ടുകാരുടെ ഇടയില്‍ ഒരു നവീന മതമായി തോന്നുവാന്‍ ഇടയുണ്ട്. ലോകത്തിന്റെ അഭ്യുദയത്തില്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ അധികം പ്രബലതയെ പ്രാപിക്കുന്നതാണെന്നുള്ളതില്‍ സംശയിക്കാനില്ല. ലോകത്തിലെങ്ങും ഇപ്പോള്‍ വേലക്കാരും യജമാനന്മാരും തമ്മിലും വേലയും മൂലധനവും തമ്മിലും ഓരോ അവകാശവാദങ്ങള്‍ നടന്നുതുടങ്ങീട്ടുണ്ട്. വേലക്കാരുടെ സ്ഥിതി എത്രയോ മോശമായും അവരുടെ വേലയുടെ ഫലങ്ങളെ അനുഭവിക്കുന്ന യജമാനന്മാരുടെ സ്ഥിതി എത്രയോ അധികമധികം പുഷ്‌ടമായും കണ്ടുവരുന്നു. ദാരിദ്ര്യം വേലക്കാരനെയും ധനികത്വം യജമാനനെയും വരിച്ചിരിക്കുന്നതായിട്ടല്ലാതെ കാണുന്നില്ല. ഈ വിഷമാവസ്ഥയ്‌ക്കുള്ള കാരണങ്ങളെ നാം അന്വേഷിച്ചറിയുമ്പോള്‍ യജമാനന്മാരും വേലക്കാരുമായുള്ള ബന്ധത്തിന്റെയും യജമാനന്മാര്‍ വേലക്കാരോട് പ്രയോഗിക്കുന്ന നിര്‍ദയത്വത്തിന്റെയും യഥാര്‍ഥ സ്ഥിതി മനസിലാകും. സൌകര്യസമത്വത്തെ വ്യവസ്ഥാപിക്കുന്ന സമഷ്‌ടിവാദക്കാരുടെ പ്രമാണങ്ങളെ നാരായണപിള്ള അവര്‍കളുടെ പ്രസംഗം ചുരുക്കിപ്പറഞ്ഞിട്ടുള്ളതാണെന്നും ഈ പ്രസംഗത്തിലെ താല്‍പ്പര്യങ്ങള്‍ ഈ നാട്ടിലെ വേലക്കാരുടെ സമുദായത്തില്‍ വേരുറയ്‌ക്കുന്നത് നാട്ടിന്റെ യോഗക്ഷേമാഭിവൃദ്ധിക്ക് ഉതകുന്നതാണെന്നും പറകതന്നെ വേണം.'' (വാല്യം ഒന്ന്, പേജ് 230).

പുസ്‌തക നിരൂപണങ്ങളും പുസ്‌തകാഭിപ്രായങ്ങളും ഭാഷാസിദ്ധാന്തവും പൊതുവിഷയങ്ങള്‍ സംബന്ധിച്ച ലഘുപ്രബന്ധങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് 'ഭാഷാസിദ്ധാന്തവും സാഹിത്യചിന്തകളും' എന്ന രണ്ടാം വാല്യം. മഹാകവി വള്ളത്തോള്‍, സി വി രാമന്‍പിള്ള, അപ്പന്‍തമ്പുരാന്‍, പുത്തേഴത്ത് ഗോവിന്ദമേനോന്‍ തുടങ്ങിയവരുടെ കൃതികളെ പുസ്‌തക നിരൂപണത്തില്‍ വിലയിരുത്തുന്നു. സ്വദേശാഭിമാനിയുടെ സാഹിത്യാസ്വാദന സമീപനത്തെപ്പറ്റി പ്രശസ്‌ത പത്രപ്രവര്‍ത്തകനും സാഹിത്യനിരൂപകനുമായ ടി വേണുഗോപാല്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു:

"മനുഷ്യസ്‌നേഹമായിരുന്നു രാമകൃഷ്‌ണപിള്ളയുടെ മൂല്യസംഹിതയുടെ ജീവന്‍. അത് സമൂഹത്തോടുള്ള ബാധ്യതയെ നിരന്തരം ഓര്‍മിപ്പിച്ച് അദ്ദേഹത്തെ കര്‍മകുശലനാക്കിക്കൊണ്ടിരുന്നു. സാഹിത്യം ജീവിതഗന്ധിയാകണമെന്നും മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താന്‍ ഉപകരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു...... സാഹിത്യത്തിന് മനുഷ്യജീവിതത്തോടുള്ള ചുമതലാബന്ധത്തെപ്പറ്റി അത്തരത്തിലുള്ള ബോധവും കാഴ്‌ചപ്പാടും അന്ന് മലയാളത്തില്‍ പുതുമ തന്നെയായിരുന്നു. ആ പുതുമ തന്നെയാണ് രാമകൃഷ്‌ണപിള്ളയുടെ സാഹിത്യവിമര്‍ശനത്തിന്റെ അടിസ്ഥാന സ്വഭാവവും. അതുതന്നെയാണ് അദ്ദേഹത്തെ വിലയിരുത്തിയവര്‍ കാണാതെ പോയതും. "സോഷ്യലിസത്തിന്റെ മാത്രമല്ല, രാഷ്‌ട്രമീമാംസ ചരിത്രം, സമൂഹ ശാസ്‌ത്രം, നരവംശ ശാസ്‌ത്രം, യുക്തിശാസ്‌ത്രം, അര്‍ഥശാസ്‌ത്രം തുടങ്ങിയ നവീന വിജ്ഞാനീയങ്ങളുടെയും സഹായത്തോടെ കൃതികളെ സമീപിച്ച്, അവയില്‍ അര്‍ഥതലങ്ങള്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും അങ്ങനെ സാഹിത്യവിമര്‍ശനത്തിന് അക്കാലത്തുതന്നെ ഒരു പുതിയ മാനം ഉണ്ടാക്കിക്കൊടുക്കാനും രാമകൃഷ്‌ണപിള്ളയ്‌ക്ക് കഴിഞ്ഞു. ആധുനിക വിമര്‍ശനത്തിന്റേതായ ഈ സവിശേഷത ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ മുഖമുദ്രയായിരുന്നു എന്നത് ചെറിയ കാര്യമല്ല.'' (വാല്യം രണ്ട്, പേജ് 22)

'വൃത്താന്ത പത്രപ്രവര്‍ത്തനവും നാടുകടത്തലും' എന്ന മൂന്നാം വാല്യത്തില്‍ വൃത്താന്ത പത്രപ്രവര്‍ത്തനം, മാധ്യമ സദാചാരം, സോഷ്യലിസം അഥവാ സമഷ്‌ടിവാദം, എന്റെ നാടുകടത്തല്‍, അപകീര്‍ത്തികേസ്, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ സഹധര്‍മിണി ബി കല്യാണിയമ്മ എഴുതിയ വ്യാഴവട്ട സ്‌മരണകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സോഷ്യലിസം അഥവാ സമഷ്‌ടിവാദം എന്ന പുസ്‌തകം സോഷ്യലിസ്‌റ്റ് സിദ്ധാന്തത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും മൂലധന വ്യവസ്ഥയുടെ ഉത്ഭവവും മിച്ചമൂല്യ വിതരണവും എല്ലാം ചുരുക്കത്തില്‍ വിവരിക്കുന്നു. ഇംഗ്ളണ്ടിലെ റോബര്‍ട്ട് ഓവന്റെയും ഫ്രാന്‍സിലെ സെയ്ന്റ് സൈമണിന്റെയും ഫൂറിയറുടെയും സംഭാവനകളും കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റ്റോയുടെ പിറവിയും ഈ കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മിച്ചമൂല്യം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് സ്വദേശാഭിമാനി വിവരിക്കുന്നു: "രാജ്യത്തിന്റെ മുതല്‍വര്‍ധന ഉണ്ടാവുന്നതെല്ലാം കൂലിവേലക്കാരന്റെ പ്രയത്നത്താല്‍ ആയിരുന്നിട്ടും അവന് പ്രാണധാരണത്തിന് വേണ്ടയിടത്തോളമുള്ള പ്രതിഫലം കിട്ടുന്നതല്ലാതെ അതിലധികം കിട്ടുന്നില്ല. അവന്‍ അത്രമാത്രം കൊണ്ട് തൃപ്‌തിപ്പെടേണ്ടതായിത്തീര്‍ന്നിരിക്കുന്നു. അവന് കിട്ടുന്ന കൂലി കഴിച്ചാല്‍ ബാക്കിയുള്ളതത്രയും മൂലധനശാലിയായ മുതലാളിയുടെ കൈക്കല്‍ ചെന്നു കൂടുന്നു. രാജ്യത്തിന്റെ മൂലധനപ്രഭു എന്നല്ല; രാജാവ്, മതാചാര്യന്മാര്‍, മാടമ്പി പ്രഭുക്കന്മാര്‍, മറ്റുള്ള പ്രഭാവശാലികള്‍ എന്നിവരൊക്കെയും കൂലിവേലക്കാരന്റെ പ്രയത്ന ഫലത്താലാകുന്നു ഉപജീവനം കഴിക്കുന്നതും അവരുടെ പ്രതാപങ്ങള്‍ കാട്ടുന്നതും. ഈ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു പില്‍ക്കാലത്ത് കാറല്‍ മാര്‍ക്‌സ് തന്റെ സമഷ്‌ടിവാദപ്രകാരമായ ധനതത്വശാസ്‌ത്രത്തില്‍ 'സര്‍പ്ളസ് വാല്യു' (മിച്ചവില) എന്ന സിദ്ധാന്തത്തെ സ്വരൂപിച്ചതും.'' (വാല്യം മൂന്ന്, പേജ് 338)

'നോവലും ജീവചരിത്രകൃതികളും' എന്ന നാലാം വാല്യത്തില്‍ കാറല്‍ മാര്‍ക്‌സ്, മോഹന്‍ദാസ് ഗാന്ധി, സോക്രട്ടീസ്, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ എന്നിവരുടെ ജീവചരിത്രങ്ങളും ചില പ്രബന്ധങ്ങളും 'നരകത്തില്‍നിന്ന് ' എന്ന രാഷ്‌ടീയനോവല്‍, ഗളിവര്‍ ഇന്‍ ലില്ലിപുട്ടിന്റെ പുനരാഖ്യാനമായ 'കലിവരന്റെ യാത്ര' എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മലയാളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ ക്രാന്തദര്‍ശിയായിരുന്നു സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള. 1912 ലാണ് സ്വദേശാഭിമാനി മാര്‍ക്‌സിന്റെ ജീവചരിത്രം രചിച്ചത്- മഹത്തായ ഒക്‌ടോബര്‍ വിപ്ളവത്തിന് അഞ്ച് കൊല്ലം മുമ്പ്.

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെപ്പറ്റി 'വൃത്താന്ത പത്രപ്രവര്‍ത്തനം' എന്ന സ്വദേശാഭിമാനിയുടെ പുസ്‌തകത്തിന്റെ നാലാം പതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് ഇങ്ങനെ വിവരിക്കുന്നു: "തിലകനെ അപേക്ഷിച്ച് ഒരു കാര്യത്തില്‍ രാമകൃഷ്‌ണപിള്ള മെച്ചപ്പെട്ടുനില്‍ക്കുന്നു എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ വായനക്കാരെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ ഇടുങ്ങിയ വൃത്തമായിരുന്നു തന്റെ പ്രവര്‍ത്തനമേഖലയെങ്കിലും അദ്ദേഹത്തിന്റെ ലോകവീക്ഷണം വളരെ വിശാലമായിരുന്നു. ഒരുപക്ഷേ തിലകന്റേതിനേക്കാള്‍ വിശാലം. കേരളീയന്‍ എന്ന ദുരഭിമാനത്തിന് കീഴ്പ്പെടാതെ തന്നെ അഭിമാനപൂര്‍വം നമുക്ക് പറയാം. ഇന്ത്യക്കാര്‍ക്ക് കാറല്‍ മാര്‍ക്‌സിനെ പരിചയപ്പെടുത്തിക്കൊടുത്ത രണ്ടു പേരിൽ ഒരാൾ രാമകൃഷ്‌ണപിള്ളയായിരുന്നു.

“ഏതാണ്ട് ഒരേ ഉള്ളടക്കത്തോടുകൂടി പണ്ഡിറ്റ് ഹർദയാൽ എന്ന ഉത്തരേന്ത്യൻ വിപ്ലവകാരി ഹിന്ദിയിലും രാമകൃഷ്‌ണപിള്ള മലയാളത്തിലും എഴുതിയ കാറൽ മാർക്‌സിന്റെ ജീവചരിത്രം ഏതാണ്ട് ഒരേ കാലത്താണ് പുറത്തു വന്നത്. തിരുവിതാംകൂറിലോ ഇന്ത്യയിൽ മറ്റ് എവിടെയെങ്കിലുമോ സോഷ്യലിസ്‌റ്റ് - കമ്യൂണിസ്‌റ്റ് പ്രസ്ഥാനം രൂപം പ്രാപിച്ചിരുന്നിട്ടില്ലാത്ത അന്ന് മാർക്‌സിന്റെ ജീവചരിത്രമെഴുതി മലയാള വായനക്കാരുടെ നിലവാരം ഉയർത്തണമെന്ന ആഗ്രഹം രാമകൃഷ്‌ണപിള്ളയ്‌ക്കുണ്ടായി എന്നത് അദ്ദേഹത്തോട് നമുക്കുള്ള ബഹുമാനം ഇരട്ടിയാക്കുന്നു” ( വാല്യം മൂന്ന്, പേജ് 47).

സ്വദേശാഭിമാനിയുടെ രാഷ്‌ട്രീയ ദീർഘവീക്ഷണത്തിന് ഉത്തമ ഉദാഹരണമാണ് മോഹൻ‌ദാസ് ഗാന്ധിയെക്കുറിച്ചുള്ള ലഘുജീവചരിത്രം. ഈ കൃതിയുടെ രചന നടന്ന 1913 ൽ ഗാന്ധിജിയുടെ പ്രവർത്തനങ്ങളെപ്പറ്റി ഇന്ത്യയാകെ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും ദേശീയ രാഷ്‌ട്രീയ തലത്തിലും ഗാന്ധിജി സജീവമായി നേരിട്ട് പങ്കെടുത്തത് 1915 നു ശേഷമാണ്. ഗാന്ധിജിയുടെ തെക്കെ ആഫ്രിക്കയിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് സ്വദേശാഭിമാനി ഗാന്ധിജിയെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

സ്വദേശാഭിമാനിയുടെ ‘പാഠപുസ്‌തകങ്ങൾ’ എന്ന അഞ്ചാം വാള്യത്തിൽ പൌരവിദ്യാഭ്യാസം, കൃഷി വിദ്യാഭ്യാസം, അങ്കഗണിതം, ബാലബോധിനി ഒന്നാം ഭാഗം, രണ്ടാം ഭാഗം, എന്നീ പാഠങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള കേരളം കണ്ട മഹാപ്രതിഭകളിൽ ഒരാൾ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികൾ നിസംശയം തെളിയിയിക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ വളർച്ചയുടെ ചരിത്രം പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും സ്വദേശാഭിമാനിയുടെ ജീവിതത്തെയും കാലത്തെയും അഭിപ്രായങ്ങളെയും പറ്റി പഠിക്കേണ്ടതുണ്ട്. സ്വദേശാഭിമാനിയുടെ കൃതികളാകെ കേരളത്തിനു പരിചയപ്പെടുത്തിക്കൊടുക്കാൻ തയ്യാറായ കേരള ഗ്രന്ഥശാലാ സഹകരണ സംഘത്തെയും സമ്പൂർണ കൃതികളുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പ്രൊഫസർ ഒ എൻ വി കുറുപ്പ്, പി ഗോവിന്ദപിള്ള, പിരപ്പൻ‌കോട് മുരളി, ഡോ. എസ് രാജപ്പൻ നായർ എന്നിവരെയും സ്വദേശാഭിമാനിയുടെ രചനകാളാകെ സമ്പാദിച്ചു നൽകിയ ടി വേണുഗോപാലിനെയും ഞാൻ അഭിനന്ദിക്കുന്നു.

*****

എസ് രാമചന്ദ്രന്‍ പിള്ള, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ വളര്‍ച്ചയ്‌ക്ക് സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും. രാജ്യസ്‌നേഹത്തെ രാജഭക്തിയില്‍നിന്ന് വേര്‍തിരിച്ച് ആധുനിക ജനാധിപത്യ രാഷ്‌ട്രസങ്കല്‍പ്പം ജനങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വദേശാഭിമാനി തന്റെ കൃതികളിലൂടെ പരിശ്രമിച്ചു. അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തു. രാഷ്‌ട്രീയത്തില്‍നിന്ന് മതത്തെ വേര്‍തിരിക്കണമെന്ന മതനിരപേക്ഷ സമീപനം ഉയര്‍ത്തിപ്പിടിച്ചു. ദളിതരുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കുമായി ശബ്‌ദം മുഴക്കി. പൌരസ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച നിലപാടെടുത്തു. ഉന്നത തലങ്ങളിലെ അഴിമതിയെയും സ്വജനപക്ഷപാതിത്വത്തെയും ധാര്‍മിക അധഃപതനത്തെയും അതിനിശിതമായി വിമര്‍ശിച്ചു. അധികാരശക്തികളെ നിര്‍ഭയം നേരിട്ട അദ്ദേഹത്തിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും ജനങ്ങളെ ആവേശം കൊള്ളിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തേക്ക് കടന്നുവന്ന പുതിയ തലമുറ അദ്ദേഹത്തെ മാതൃകയായി കണ്ടു.