Sunday, September 26, 2010

അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം

സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ ബുദ്ധിയുപയോഗിച്ച നാള്‍ മുതലുള്ള മനുഷ്യചരിത്രമാണ് സംസ്‌കാരം. ആ സംസ്‌കാരം വികസിക്കുന്നത് നീതിവ്യവസ്ഥയുടെ ഉല്‍ഭവത്തോടെയാണ്. നീതിക്കുവേണ്ടിയുള്ള ദാഹമാണ് സംസ്‌കാരത്തിന് ജന്മം കൊടുത്തത്. നന്മയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള സാമൂഹിക ജീവിതത്തിന്റെ ക്രമപ്പെടുത്തലായിരുന്നു നീതിശാസ്‌ത്രം നിര്‍വഹിച്ചത്. എന്നാല്‍ സംസ്‌കാരത്തിന്റെ മുന്‍പോട്ടുള്ള പ്രയാണം ഒരുപാട് വൈരുധ്യങ്ങള്‍ സൃഷ്‌ടിച്ചു. സമൂഹത്തിനും വ്യക്തിക്കും, ബലവാനും ദുര്‍ബലനും ഇടയിലുള്ള അകലം കൂടുകയും ഒടുവില്‍ ഈ വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്‌തു. നീതി അവകാശപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥ സാംസ്‌കാരികജീര്‍ണതയുടെ പാരമ്യമാണ്. നീതിയെപ്പറ്റിയുള്ള ഭര്‍ത്തൃഹരിയുടെ വേദന നിറഞ്ഞ നിരീക്ഷണത്തില്‍ ഇതിന്റെ സാരം നിറഞ്ഞുനില്‍ക്കുന്നു. "സംസ്‌കാരം ജീര്‍ണമാകുമ്പോള്‍ പരിജ്ഞാനമുള്ളവര്‍ മല്‍സരബുദ്ധികളായിത്തീരുന്നു. പ്രഭുക്കന്മാരും രാജാക്കന്മാരും ഗര്‍വിഷ്‌ഠരായിത്തീരുന്നു. മറ്റുള്ളവര്‍ അജ്ഞാനം നിമിത്തം വിവേകശൂന്യരുമാകുന്നു'' (നീതിശതകം പുറം. 12).

നീതിയിലുള്ള വിശ്വാസം ഏറ്റവും ദുര്‍ബലനായവനും ജീവിതത്തിന്റെ പുരോഗതി സുഗമമാക്കാമെന്നുള്ള പ്രത്യാശ നല്‍കുന്നു. കാരണം ജനജീവിതത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നീതിയും നിയമവുമാണ്. അധികാരം ചിട്ടപ്പെടുത്തിയിരിക്കുന്നതും നീതിശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ അധികാരത്തിന്റെ കുടിലമായ സ്വാര്‍ഥത അന്യായത്തിനും അനീതിക്കും കാരണമാകുന്നു. നീതിയുടെ പിന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ഉല്‍ക്കണ്‌ഠ ദുര്‍ബലനെ ബലവാന്‍ പീഡിപ്പിക്കുന്നതില്‍നിന്ന് എങ്ങനെ തടയാമെന്നാണ്. അശക്തരായവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുക അധികാരത്തിന്റെ നീതിയാണ്. എന്നാല്‍ അധികാരിയുടെ പെരുങ്കൈയാല്‍ നീതി നടത്തുമ്പോള്‍, ദുര്‍ബലനു മുന്നില്‍ ചില അതിര്‍ത്തിരേഖകള്‍ കുറിക്കപ്പെടുന്നു. ആ പരിചിതവൃത്തത്തിനുള്ളില്‍ സാധാരണക്കാരന്‍ ശ്വാസംമുട്ടി പിടയുകതന്നെ ചെയ്യും. അങ്ങനെയുള്ളവര്‍ക്ക് എന്നും നീതി ഒരു സ്വപ്‌നമായി അവശേഷിക്കും.

അപഹരിക്കപ്പെട്ട നീതിയില്‍ ചകിതരായി വര്‍ത്തിക്കുന്ന മനുഷ്യരാണ് ആനന്ദിന്റെ നോവലുകളുടെ സാമാന്യസത്ത. നീതി, സഹനം, ഭൂതകാരുണ്യം, ആത്മത്യാഗം തുടങ്ങിയ രാഷ്‌ട്രീയ ധര്‍മമൂല്യങ്ങള്‍ നമ്മുടെ അധികാരസ്ഥാപനങ്ങള്‍ക്ക് നഷ്‌ടം വന്നിരിക്കുന്നു. ഹിംസാത്മകമായ അധികാരവ്യവസ്ഥയില്‍ നീതിവ്യവസ്ഥ എത്രമാത്രം സുരക്ഷിതമാണെന്ന പ്രശ്‌നവും ആനന്ദിന്റെ നോവലുകള്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. പഴയ രാജഭരണ വ്യവസ്ഥയുടെ ഭയാനകമായ തിന്മകളില്‍നിന്ന് പുതിയ നിയമവാഴ്‌ചയുടെ ഹൃദയശൂന്യതയിലേക്ക് അധികാരത്തിന്റെ ശരീരം വളരുകയും സാധാരണമനുഷ്യരുടെ നീതി അപഹരിച്ച് അവരെ കൂട്ടത്തോടെ ഒടുക്കുകയും ചെയ്യുന്ന ഇന്ത്യന്‍ അധികാര രാഷ്‌ട്രീയത്തിന്റെ യഥാര്‍ഥചിത്രം 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലില്‍ ആനന്ദ് വെളിച്ചപ്പെടുത്തുന്നു.

നീതി പങ്കിലപ്പെടുന്നത് എപ്പോഴൊക്കെയാണെന്ന് ആനന്ദ് ഇതില്‍ പരിശോധിക്കുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ 'അംധേര്‍ നഗരി ചൌപട് രാജാ' എന്ന ലഘുഹാസ്യനാടകത്തെ ആധാരമാക്കിയാണ് ആനന്ദ് അനീതിയുടെ ക്രൂരതയും യുക്തിരാഹിത്യവും ചിത്രീകരിക്കുന്നത്. കല്ലുവിന്റെ മതില്‍വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്‌തിയെയും ഭിശ്‌തിക്ക് വലിയ മസക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു, നീതിബോധമില്ലാത്ത ചൌപട് രാജാവ്. അവസാനം തൂക്കുകയറിന്റെ കുടുക്ക് തന്റെ ഉദ്യോഗസ്ഥനായ കോത്വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ധനെ കഴുവേറ്റാന്‍ വിധിക്കുകയാണ്. കല്ലുവിന്റെ ചുമരുവീണ് വഴിയേപോയ ആട് ചത്തതിന് ആരെയെങ്കിലും കഴുവിലേറ്റാതെ നിവൃത്തിയില്ല എന്നതാണ് രാജാവിന്റെ ന്യായവാദം. അധികാരവ്യവസ്ഥയിലൊരിടത്തും സാധാരണ ഗോവര്‍ധന്മാര്‍ക്ക് നീതി ലഭിക്കുകയില്ലെന്ന സത്യം ചരിത്രത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും വിചാരണ ചെയ്‌തുകൊണ്ട് ആനന്ദ് സ്ഥാപിക്കുന്നു.

കുടുക്ക് മാറ്റാമെന്ന ആരാച്ചാരുടെ വാദത്തെ അവഗണിച്ച് രാജാവ് നിയമത്തിന്റെ യന്ത്രം നിഷ്‌പക്ഷമായിരിക്കണമെന്നും ആളുകളുടെ കഴുത്തുനോക്കി അതിനെ മാറ്റരുതെന്നും ഉപദേശിക്കുന്നു. അല്‍ഭുതപ്പെടുത്തുന്ന ഫലിതമാണിതെങ്കിലും നിയമത്തിന്റെ സ്ഥായിയായ സ്വഭാവമാണത്. അധികാരത്തിന്റെ തടിച്ച കഴുത്തില്‍ കടക്കാത്തത്ര ചെറുതാണ് നിയമത്തിന്റെ കുടുക്ക്. അതെപ്പോഴും ഗോവര്‍ധന്റെ കഴുത്തിനുനേരെ തൂങ്ങിക്കിടക്കുന്നു. നാടകകാരന്‍ സൃഷ്‌ടിച്ച പ്രഹസനം ഇന്നത്തെ യാഥാര്‍ഥ്യമാണെന്ന് ശ്രമപ്പെടാതെ തന്നെ മനസ്സിലാക്കാവുന്നതാണ്. അസംബന്ധമായ നീതിബോധം കൊണ്ടാണ് ചൌപട് രാജാവ് ഗോവര്‍ധനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. ആ അവസ്ഥ അയാള്‍ക്കു ചുറ്റും ഒരു ജയില്‍ പോലെയുണ്ടെങ്കിലും നാടകകാരന്‍ തന്റെ തൂലികയില്‍നിന്ന് ഗോവര്‍ധനെ മോചിപ്പിക്കുകയായിരുന്നു. അയാളുടെ യാത്രകളുടെ തുടക്കം അങ്ങനെയാണ് ആനന്ദ് ആരംഭിച്ചത്. മാത്രമല്ല, ന്യൂനപക്ഷമായ ഭരണവര്‍ഗം ഒഴികെ സാധാരണ ജനത മുഴുവന്‍ ഗോവര്‍ധന്മാരാണെന്നും വധശിക്ഷ കാത്തു കഴിയുന്നവരാണെന്നും ആനന്ദ് നിരീക്ഷിക്കുന്നു. നീതി ദണ്ഡിക്കപ്പെടുന്ന പരിതോവസ്ഥകളാണ് ദുരന്തനാടകമായി ഇവിടെ രൂപം കൊള്ളുന്നത്.

നീതി അധകൃതകല്‍പിതമായ ഒരു അന്ധകാരത്തില്‍പ്പെട്ടുപോയിരിക്കുന്നു. കുറ്റം ചെയ്‌തവനെ ശിക്ഷിക്കുന്നതിന് അനുഗുണമായ നിയമങ്ങളുണ്ടാക്കുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കുന്നതിന് പാകത്തില്‍ നിയമമുണ്ടാക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അധികാരികളുടെ നിയമം ആരാച്ചാരുടെ നിയമമാണെന്നും അതില്‍നിന്ന് സാധാരണ മനുഷ്യന് നീതി ലഭിക്കുകയില്ലെന്നുമുള്ള സത്യമാണ് ഗോവര്‍ധന്റെ ജീവിതം സ്ഥാപിക്കുന്നത്. അധികാരികള്‍ ഉണ്ടാക്കുന്ന നിയമം സാധാരണ മനുഷ്യനുനേരെ അലിവിന്റെ രൂപത്തില്‍ വളയുകയില്ല, കുരുക്കിന്റെ രൂപത്തില്‍ തിരിയുകയേയുള്ളൂ. 'ഇവിടത്തെ കൊലമരത്തിന് ഒരു കുടുക്കേയുള്ളൂ, അതിലാകട്ടെ തടിച്ചവരുടെ കഴുത്ത് കടക്കുകയില്ല' എന്ന് അംധേര്‍ നഗരിയിലെ ന്യായാധിപന്‍ വ്യക്തമാക്കുന്നുമുണ്ട്. അംധേര്‍ നഗരിയിലെ ബസാറില്‍ എല്ലാ സാധനങ്ങളും രൂപയ്‌ക്ക് ഒരു സേര്‍ എന്ന നിരക്കിലാണ് വില്‍ക്കപ്പെടുന്നത്. മൂല്യമല്ല അളവാണ് നോക്കുന്നത്. നീതിയുടെ ബസാറിന്റെ ദുരന്തവും അതുതന്നെയാണ്. എല്ലാം അവര്‍ ഒരേ കട്ടികൊണ്ട് അളക്കുന്നു - നീതിയും നിയമവും മൂല്യവും യുക്തിയുമെല്ലാം. അതുപോലെ അധികാരവും ശക്തികൊണ്ട് മാത്രമാണ് എല്ലാറ്റിനെയും അളക്കുന്നതെന്ന് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമങ്ങള്‍ക്കു പുറത്തു കടക്കുകയാണ് നീതി കിട്ടാനുള്ള ഒരേയൊരു മാര്‍ഗം. എന്നാല്‍ ആര്‍ക്കും പുറത്തുകടക്കാനരുതാത്തവിധം അധികാരം നിയമംകൊണ്ട് കെട്ടിവരിഞ്ഞിരിക്കുന്നു.

മതവും നീതിബോധവും

പ്രത്യയശാസ്‌ത്രാധിഷ്‌ഠിതമായ രാഷ്‌ട്രീയാധികാരത്തില്‍ പലപ്പോഴും സംഘടിത മതങ്ങളും പങ്കുചേരുന്നുണ്ട്. എന്നാല്‍ മതം അയുക്തികമായ ആശയങ്ങളെയും ഭൌതികാതീതമായ ശക്തികളെയും കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. അനുയായികളെ സ്വന്തം മതത്തില്‍ വിശ്വസിപ്പിക്കുകയും മറ്റു മതങ്ങളെല്ലാം തെറ്റാണെന്ന് പഠിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ് പൌരോഹിത്യം മതത്തെ സംഘടിതശക്തിയാക്കുന്നത്. പിന്നീടത് ഉറച്ച ഒരു അധികാരക്രമം സ്ഥാപിക്കുകയും ക്രമേണ സര്‍വാധിപത്യസ്വഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മനുഷ്യരെയും സ്വന്തം മതത്തിന്റെ കീഴില്‍ കൊണ്ടുവരിക ഓരോ മതത്തിന്റെയും അധികാരികളുടെ ലക്ഷ്യമാണ്. അതിന് പ്രേരിപ്പിക്കാം. അതുകൊണ്ട് സാധിച്ചില്ലെങ്കില്‍ അവിശ്വാസികളെ ആക്രമിച്ച് ഉന്മൂലനം ചെയ്യാം. ഇതൊക്കെ ദൈവം അവനെ ഏല്‍പിച്ച കര്‍ത്തവ്യമായി അവന്‍ കരുതുന്നു. എല്ലാ കര്‍ത്തവ്യങ്ങളും മതങ്ങളെ സംബന്ധിച്ചിടത്തോളം ദൈവദത്തമാണ്. അതുകൊണ്ടുതന്നെ അത് ഏറ്റവും ഹിംസാത്മകവും നിയന്ത്രണാതീതവുമാണ്. അര്‍ധദൈവങ്ങളായി മാറുന്ന മതാചാര്യന്മാരുടെയും പരമമായ ലക്ഷ്യം അധികാരം തന്നെയാണ്. അവിശ്വാസികളെ മാത്രമല്ല, സ്വന്തം മതത്തിനകത്ത് തങ്ങളുടെ നിലപാടുകളോട് പൂര്‍ണമായി യോജിക്കാത്തവരെയും അവര്‍ കടുത്ത ശത്രുക്കളായി കരുതുന്നു. മനുഷ്യന്‍ പരസ്‌പരസ്നേഹത്തോടെ ജീവിക്കാനുതകുന്ന ഒരു ലോകം സൃഷ്‌ടിക്കുക എന്നതാണ് നീതിയുടെ ലക്ഷ്യം. എന്നാല്‍ മതാധികാരികള്‍ അതില്‍ വിശ്വസിക്കുന്നില്ല. "സാത്താന്മാരായിത്തീര്‍ന്ന്, ഒരിഞ്ചുപോലും അയവുകാണിക്കാത്ത ദൈവങ്ങളാണ് എല്ലാ മതങ്ങളുടെയും തലപ്പത്ത് കയറിയിരുന്ന് മനുഷ്യനെ ഭരിക്കുന്നത്'' (വേട്ടക്കാരനും വിരുന്നുകാരനും, പുറം. 154) എന്ന് ആനന്ദ് വാദിക്കുന്നു.

രാഷ്‌ട്രീയാധികാരത്തേക്കാള്‍ കടുത്ത വിഷവും ഭയാനകമായ ശാപവുമാണ് മതത്തിന്റെ അധികാരം. വരാനിരിക്കുന്ന മനുഷ്യമഹാദുരന്തങ്ങള്‍ അതിന്റെ പേരിലായിരിക്കുമെന്ന് പ്രവചനസ്വരത്തില്‍ ആനന്ദ് വെളിപ്പെടുത്തുന്നു. മൊയ്‌നുദ്ദീന്റെയും സല്‍മയുടെയും ദുരന്തം അതിന്റെ തുടക്കമായിരുന്നു. പലായനത്തിന്റെ ദിവസങ്ങളിലൊന്നിലാണ് ആചാര്യ ഉദ്ദാലകനായിത്തീര്‍ന്ന മൊയ്‌നുദ്ദീനും സാവിത്രിയായി മാറിയ സല്‍മയും മതാധികാരികളുടെ കൈകളിലകപ്പെടുന്നത്. മതദ്രോഹത്തിന്റെ പേരിലാണ് രണ്ടുപേരും വിചാരണ ചെയ്യപ്പെട്ടത്: "ഒന്നാം പ്രതിയായ മൊയ്‌നുദ്ദീന്‍ മുസല്‍മാന്‍ ആയിരിക്കെത്തന്നെ, ഹിന്ദു ബ്രാഹ്മണന്റെ വേഷം കെട്ടി ആ വിധത്തില്‍ വ്യാപരിക്കുകയും, ഹിന്ദുക്കളുടെ ധര്‍മത്തെയും ധര്‍മസ്ഥാപനങ്ങളെയും മലിനീകരിക്കുകയും ചെയ്‌തു. സല്‍മ ബേഗം എന്നു പേരുള്ള രണ്ടാം പ്രതി മുസ്ളീം സ്‌ത്രീയായിരിക്കെ മുസ്ളീം മതനിയമങ്ങള്‍ക്ക് വിരുദ്ധമായി പുരുഷന്മാരെ സ്വീകരിക്കുകയും അവരോടൊത്ത് ജീവിക്കുകയും ചെയ്‌തു'' (ഗോവര്‍ധന്റെ യാത്രകള്‍, പുറം 182). മതനേതാക്കന്മാരുടെ അഭിപ്രായസമന്വയത്തിലൂടെ മൊയ്‌നുദ്ദീനെ ഹിന്ദുമതാചാര്യന്മാര്‍ക്കും സല്‍മയെ മുസ്ളീം മതാചാര്യന്മാര്‍ക്കും നിയമപ്രകാരവും ആചാരപരവുമായ വിചാരണകള്‍ക്കായി സൈനിക കോടതി വിട്ടുകൊടുത്തു. മതാധികാരികളുടെ വിധി ഏകപക്ഷീയമായിത്തന്നെ നടന്നു. ഉലേമമാരുടെ കോടതി സല്‍മയെ വിധിയാംവണ്ണം വിചാരണ ചെയ്‌തു.

പൊതുസ്ഥലത്തുവച്ച് കല്ലെറിഞ്ഞുകൊന്നു. ഭരണകൂടവും മതപണ്ഡിതന്മാരും ജീവന്‍ നിലനിറുത്താന്‍ വേഷം മാറേണ്ടിവന്ന അവരോട് നീതി കാണിച്ചില്ല. തിരിച്ചറിയാന്‍ കഴിയാത്തവിധം ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട വെറും ഇരകള്‍ക്ക് നിയമത്തിന്റെ സംരക്ഷണം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ആനന്ദ് ചൂണ്ടിക്കാട്ടുന്നത്. ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും കടന്നാക്രമണത്തില്‍നിന്ന് വ്യക്തിയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നിറുത്തുവാനുള്ള മുഖ്യോപാധിയായിട്ടാണ് നിയമം രൂപപ്പെട്ടത്. എന്നാലത് അധികാരത്തിന്റെ കേന്ദ്രമായിത്തീര്‍ന്നതോടെ നീതിന്യായത്തിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേറ്റു. 'നീചസ്യ ഗോചരഗതൈഃ സുഖമാസ്യതേ കൈഃ'' (നീതിശതകം, ശ്ളോകം 48) എന്നു നീതിയെപ്പറ്റിയുള്ള ഭര്‍ത്തൃഹരിയുടെ നിരീക്ഷണവും ഇതുതന്നെ ഓര്‍മിപ്പിക്കുന്നു. ബലവാനും ദുര്‍ബലനും ഇടയ്‌ക്കുള്ള വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയും നീതി നിഷേധിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഭര്‍ത്തൃഹരി പറയുന്ന ജീവിത പ്രതിസന്ധി വന്നുചേരുന്നത്.

അനീതിയുടെ കാവ്യഭാവനകള്‍

നീതിക്കുവേണ്ടി 'വിശന്നുദാഹിക്കുക'യും നിഗൂഢമായ അനീതികളെപ്പോലും അനാവരണം ചെയ്‌തു കാട്ടുകയും ചെയ്യുന്നവരാണ് കവികളും കലാകാരന്മാരും എന്നാണ് പൊതുവായ ധാരണ. കവികള്‍ക്ക് ഋഷിത്വം കല്‍പിച്ചുകൊടുത്ത ഭാരതീയ കാവ്യചിന്തകന്മാരും കവികളെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മാതാക്കളായി ആദരിച്ച പാശ്ചാത്യവിമര്‍ശകരും അവരുടെ സത്യദര്‍ശനവൈഭവത്തിനാണ് അടിവര നല്‍കുന്നത്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള കരുത്ത് കലാകാരന്മാരുടെ സര്‍ഗസിദ്ധിയുടെ ഭാഗമായിത്തന്നെ വാഴ്ത്തപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പ്രായോഗികതലത്തില്‍ പലപ്പോഴും നാം കാണുന്നത് അതല്ല. ആനന്ദിന്റെ സൂക്ഷ്‌മദര്‍ശിത്വം ഈ അപ്രിയസത്യവും വെളിപ്പെടുത്തിയിട്ടുണ്ട്.

മഹാകവി കാളിദാസന്റെ കൃതികളിലെ ചില നിലപാടുകളെ ആനന്ദ് ചോദ്യം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ സ്‌തുതിപാഠകരും സാധാരണ മനുഷ്യന്റെ ദീനമായ രോദനം കേള്‍ക്കാന്‍ കഴിയാത്തവിധം രാജഭക്തി ഉള്ളില്‍ വഹിച്ചവരുമായിരുന്നു കൊട്ടാരം കവികള്‍ എന്നു വ്യക്തമാക്കുന്ന ആനന്ദ് തന്റെ വിചാരണ നിശിതമാക്കുന്നു. കാളിദാസന്റെ കാവ്യ വൈശിഷ്‌ട്യത്തെയല്ല, രാജാക്കന്മാരുടെ വാളിനിരയായവരുടെ അന്തസ്സിനെയും അവരനുഭവിച്ച അനീതിയെയും കാണാതെപോയ കവിഭാവനയെയാണ് ആനന്ദ് വിമര്‍ശിക്കുന്നത്. ചരിത്രത്തിന് അര്‍ഥം നല്‍കുന്നത് സംഭവങ്ങളല്ല, അവയുടെ സ്വഭാവങ്ങളും സാഹചര്യങ്ങളുമാണെന്ന് 'സംയമനി'യെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആനന്ദ് പറയുന്നുണ്ട്. അതുകൊണ്ടാണ് കാളിദാസന്റെ 'രഘുവംശ'ത്തെ വിചാരണയ്‌ക്ക് വിധേയമാക്കുന്നത്.

"സ നിര്‍വിശ്യ യഥാകാമം തടേഷ്വാലീന ചന്ദനൌ
സ്‌തനാപിവ ദിശസ്‌തസ്യാഃ ശൈലൌ മലയ ദുര്‍ദ്ദുരൌ
അസഹ്യ വിക്രമഃ സഹ്യം ദുരാന്മുക്തമുദന്വതാ
നിതംബമിവ മേദിന്യാഃ സേസ്‌താം ശുകമലംഘയാല്‍''

(രഘുവംശം നാലാം സര്‍ഗം ശ്ളോകം, 48-49)

ഈ ശ്ളോകത്തില്‍ ധ്വനിക്കുന്ന സംഭവത്തിന്റെ സ്വഭാവത്തെയും സാഹചര്യത്തെയും കൂടി ആനന്ദ് അന്വേഷിക്കുന്നു. രാജാവ് ഒരു പ്രദേശത്തെ ആക്രമിച്ച് കീഴടക്കുന്നതിനെയാണ് കാളിദാസന്‍ ശൃംഗാരരസ പ്രധാനമായി വിവരിച്ചത്. അതുണര്‍ത്തുന്ന സൌന്ദര്യത്തെക്കുറിച്ചല്ല, രാജാവിന്റെ ആക്രമണത്തില്‍ മുടിഞ്ഞുപോയവര്‍ അനുഭവിച്ച അനീതിയെക്കുറിച്ചാണ് ആനന്ദ് ചിന്തിക്കുന്നത്. കര്‍മത്തെ മാത്രമല്ല, അതിന്റെ ഫലത്തെയും വിലയിരുത്തുന്നു. രാജാവിന്റെ ക്രൂരകൃത്യത്തെ സംഭോഗലീലയായി ചിത്രീകരിക്കുമ്പോള്‍ അനുഭവപ്പെട്ട ശൃംഗാരം മാത്രമാവരുത് കവിത. ആക്രമിച്ചവന്റെ നിഷ്‌ഠുരമായ കൃത്യത്തിന്റെ ഭയാനകതയും, അത് അനുഭവിച്ചവരുടെ ശോകവും കൂടി കവിതയില്‍ വരേണ്ടതാണ് എന്ന് ആനന്ദ് നിരീക്ഷിക്കുന്നു. കവി നില്‍ക്കേണ്ടത് വേദനിപ്പിക്കുന്നവന്റെ കൂടെയാണോ വേദനിപ്പിക്കപ്പെട്ടവരുടെ കൂടെയാണോ എന്ന പ്രശ്‌നം ആനന്ദ് ഇതില്‍ ഉന്നയിക്കുന്നു. സാഹിത്യകാരന്‍പോലും പീഡനത്തിനു വിധേയരായവരുടെ നീതിയെക്കുറിച്ച് മിണ്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാനാണ് ആനന്ദ് കാളിദാസകാവ്യം പരാമര്‍ശിക്കുന്നത്. മഹാഭുജനായ രാജാവിന്റെ കത്തിയമ്പിനാല്‍ അറുത്തെടുത്ത മനുഷ്യശിരസ്സുകള്‍കൊണ്ട് ഭൂമിയെ പുതപ്പിച്ചതും ഭര്‍ത്തൃമൃത്യുവില്‍ കരഞ്ഞു തളര്‍ന്ന ഹൂണാന്തപ്പുര സ്‌ത്രീകളുടെ കവിള്‍ത്തടങ്ങളുടെ ഹരംപിടിപ്പിക്കുന്ന ചാരുതയും അവരുടെ കൊഴുത്ത മുലത്തടങ്ങളില്‍ പതിച്ച മുത്തുമണികള്‍പോലെയുള്ള മുഴുത്ത കണ്ണുനീര്‍ത്തുള്ളികളുടെ നൂലില്ലാത്ത ഹാരവുമാണ് കവിഭാവനയെ ആവേശം കൊള്ളിച്ചത്. കാളിദാസന്റെ കഥാപാത്രങ്ങള്‍ തന്നെയാണെങ്കിലും ഇവരൊക്കെ രാജാവിന്റെ ബലാല്‍സംഗത്തിനുവേണ്ടി മലര്‍ന്നടിച്ചു കിടന്ന വെറും ഉപഭോഗവസ്‌തുക്കള്‍ എന്നതില്‍ക്കവിഞ്ഞ സ്ഥാനമൊന്നുമില്ലായിരുന്നു എന്നാണ് ആനന്ദ് സൂചിപ്പിക്കുന്നത്. രാജാവ് നീതിരഹിതമായി വെട്ടിയരിഞ്ഞ മനുഷ്യര്‍ കവിക്ക് കല്‍പനകള്‍ നെയ്‌തെടുക്കാനുള്ള വെറും അലങ്കാരവസ്‌തുക്കള്‍ മാത്രമായിത്തീര്‍ന്നു. മഹാകവി മാനിച്ചതും ആദരിച്ചതും രാജാവിന്റെ വിക്രമത്തെയും വാളിന്റെ തിളക്കത്തെയുമാണ്. അവിടെ അവണിക്കപ്പെട്ടത് മനുഷ്യത്വമാണ്. രാജവംശങ്ങളുടെ ഗാഥ രചിച്ച കാളിദാസന്റെ ഭാവന അവഹേളിച്ച മനുഷ്യരുടെ യാതന, രാജാവിന്റെ വിനോദോപാധിയായി പരിണയിച്ചതെങ്ങനെയെന്നാണ് ആനന്ദ് വിശദമാക്കുന്നത്. ഇരകളുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോള്‍ കാളിദാസകവിതയ്‌ക്ക് ഇങ്ങനെയുമൊരു വ്യാഖ്യാനമുണ്ടാകാം.

കാമാര്‍ത്തന്മാരായ രാജാക്കന്മാരുടെ വീരഗാഥപാടി പ്രശംസയും പാരിതോഷികവും വാങ്ങിയ മഹാകവി യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് തന്റെ എഴുത്താണി വലിച്ചെറിയുമ്പോള്‍ മാത്രമേ മാപ്പര്‍ഹിക്കുന്നുള്ളൂവെന്ന് നിന്ദയേറ്റു വാങ്ങിയവരുടെ ആത്മാക്കള്‍ നിലവിളിക്കുന്നു. പ്രജാപതിയായ കവിപോലും നിസ്വരുടെ വേദന അറിയാനോ, നേരിട്ട അനീതിയെക്കുറിച്ച് പറയാനോ തയ്യാറായിരുന്നില്ല. കാവ്യത്തിനും പഥ്യമായത് രാജാക്കന്മാരുടെ യുദ്ധവീര്യവും രക്തദാഹവും കാമാര്‍ത്തിയും തന്നെയായിരുന്നു. കാളിദാസ കാവ്യപൈതൃകത്തെ നിരസിക്കുകയല്ല, അതിലെ വാക്കുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ, വേദനിക്കുന്നവന്റെ രോദനം നമ്മുടെ കാതുകളിലെത്തിക്കുകയാണ്. വിചാരണ തെറ്റോ ശരിയോ എന്നതിനേക്കാള്‍ അവതരിപ്പിച്ച പ്രശ്‌നത്തിന്റെ സത്യസന്ധതയിലാണ് ശ്രദ്ധപതിയേണ്ടത്. സുന്ദരകലകളെയും കലാകാരന്മാരെയും രാജകീയ ദര്‍ബാറുകളുടെ അലങ്കാരമാക്കിത്തീര്‍ത്ത ഒരു ചരിത്രകാലഘട്ടത്തിന്റെ അധികാരജീര്‍ണതയെയും അനീതിയെയുമാണ് ആനന്ദ് വിമര്‍ശിക്കുന്നത്.

കവിക്ക് സ്വന്തം ഇഷ്‌ടത്തിനനുസരിച്ചെഴുതാന്‍ സ്വാതന്ത്ര്യമുള്ള ഒരു അധികാരവ്യവസ്ഥയായിരുന്നില്ല അന്നുണ്ടായിരുന്നത് എന്ന് വാദിക്കാം. എങ്കിലും സ്വന്തം വ്യക്തിത്വത്തെ അടിയറവച്ച് രാജസദസ്സുകളെ അലങ്കരിച്ചു നിറുത്താനുള്ള മാനസികവിധേയത്വം ഉപേക്ഷിക്കാമായിരുന്നു, അവര്‍ക്ക്. തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് വേദനിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കുകയോ അവരെ സാന്ത്വനിപ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അത് ഈ കവികളാരും ചെയ്‌തിരുന്നില്ല. മറിച്ച് പടക്കളത്തില്‍ കാശുകുടുക്കകള്‍ പോലെ വീണുകിടക്കുന്ന ശിരസ്സുകളുടെയും ചോരനക്കാന്‍ വന്ന കുറുക്കന്മാരുടെ താംബൂലമണിഞ്ഞ ചുണ്ടുകളുടെയും ഭംഗിയെപ്പറ്റിയാണ് അവര്‍ കവിത ചമച്ചത്. കലാപത്തിലും യുദ്ധത്തിലും പതഞ്ഞൊഴുകിയ സാധാരണമനുഷ്യന്റെ ചോര കാണാതെ അലങ്കാരകല്‍പനകളിലും ഉക്തിവൈചിത്ര്യങ്ങളിലും സൌന്ദര്യം കണ്ട് രാജാവിനെ സന്തോഷിപ്പിക്കാന്‍ വീണ്‍വാക്കുകള്‍ പ്രയോഗിച്ച ഇവര്‍ അടിമത്തത്തില്‍ ജീവിച്ചവരാണെന്നും സ്വാര്‍ഥമതികളാണെന്നും ആനന്ദ് വ്യക്തമാക്കുന്നു. കലയെ എത്ര കര്‍ക്കശമായാണ് അധികാരം കൈകാര്യം ചെയ്‌തിരുന്നതെന്ന് ഇതു വെളിപ്പെടുത്തുന്നു.

വരകവിയായ കാളിദാസനെ വിചാരണ ചെയ്യുമ്പോഴും ഒരു ജനതയുടെ കണ്ണീരു മുഴുവനും ഉള്‍ക്കൊണ്ട്, പശിയടക്കാന്‍ സംഗീതം പകര്‍ന്നുകൊടുത്ത സ്വാമിയെ, തോളില്‍ തൂങ്ങിയ തംബുരുവിന്റെ തന്ത്രിയില്‍ വിരല്‍മീട്ടി രാജധാനികളുപേക്ഷിച്ച് അഗ്രഹാരത്തിന്റെ ഇടവഴികളില്‍ നഗ്നപാദനായി പാടിനടന്ന ത്യാഗരാജസ്വാമിയെ ആനന്ദ് ആദരിക്കുന്നുണ്ട്. യശഃകാമികളായ കലാകാരന്മാര്‍ രാജകൊട്ടാരങ്ങളിലെ സുഖഭോഗങ്ങളില്‍ രമിച്ചപ്പോള്‍ ത്യാഗരാജഭാഗവതര്‍ ദരിദ്രര്‍ നല്‍കിയ ഭിക്ഷ സ്വീകരിച്ചു. ക്ഷാമവും ദാരിദ്ര്യവും കൊണ്ട് അസ്ഥികൂടങ്ങളായിത്തീര്‍ന്നവര്‍ക്കു വേണ്ടിയാണ് പാടേണ്ടതെന്ന് സ്വാമിയറിഞ്ഞു. രത്നങ്ങള്‍ പതിച്ച ചില്ലു ചുമരുകളിലല്ല, ദാരിദ്ര്യവും രോഗവും പതിച്ച ഈ പൊളിഞ്ഞ ചുമരുകളിലാണ് തന്റെ സംഗീതം മുട്ടിത്തഴുകേണ്ടതെന്ന് സ്വാമി കരുതി. ദരിദ്രനു നല്‍കാനുള്ളത് തന്റെ സങ്കടങ്ങളും കണ്ണീരും മാത്രം. അത് സ്വാമി എറ്റുവാങ്ങുകയും ദൈവസാന്നിധ്യമായ സംഗീതത്തെ പകരം നല്‍കുകയും ചെയ്‌തു. സ്വാമി ചെയ്‌തതാണ് ന്യായമായ പ്രവൃത്തി. ന്യായം അഥവാ നീതിയില്‍, വിശാലമായ അര്‍ഥത്തില്‍, എല്ലാ സല്‍ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. സമൂഹത്തിന് ക്ഷേമം കൈവരുത്തുന്നതെന്തോ അതാണ് ന്യായമായ പ്രവൃത്തി. ഓരോരുത്തരും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം കാര്യമാക്കുന്നിടത്താണ് നീതി പുലരുന്നത്.

അനീതി ഉയര്‍ത്തിയ ശിക്ഷയില്‍നിന്ന് തലയൂരാന്‍ ശാസ്‌ത്രത്തെ തള്ളിപ്പറഞ്ഞ ഗലീലിയോയും അനീതിക്കെതിരെ പോരാടിയ കെപ്ളറും അദ്ദേഹത്തിന്റെ അമ്മ കാതറീനും ഒന്നിക്കുന്ന ഒരു സന്ദര്‍ഭം 'ഗോവര്‍ധന്റെ യാത്ര'യിലുണ്ട്. പ്രാണന്‍ നിലനിറുത്താനാണ് ഗലീലിയോ സത്യത്തെ തള്ളിപ്പറഞ്ഞത്. എന്നാല്‍ ജീവിതംപോലെ തന്നെ സത്യവും നീതിയും പ്രധാനമാണെന്ന് കാതറീന്‍ ബോധ്യപ്പെടുത്തുന്നു. ലോകത്തില്‍ നിലനില്‍ക്കുന്ന നിയമം കൊണ്ടുമാത്രം മനുഷ്യന് നീതി കിട്ടുകയില്ലെന്ന് കാതറീന്‍ തീക്ഷ്‌ണമായ സ്വരത്തില്‍ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഓരോ വസ്‌തുവിനെയും നിയതമായ വിധത്തില്‍ മാത്രം ചലിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും വിധിക്കുന്ന സാര്‍വലൌകികമായ ഭൌതികശാസ്‌ത്രനിയമങ്ങളുണ്ടെന്ന് ഗലീലിയോ വിശ്വസിച്ചു. നീതി നടപ്പിലാക്കുകയും തെറ്റു ചെയ്‌തവനെ ശിക്ഷിക്കുകയും നല്ലതു ചെയ്‌തവനെ സമ്മാനിക്കുകയും ചെയ്യുന്ന എല്ലാം തന്റെ നിയമങ്ങള്‍ക്കനുസരിച്ചുമാത്രം നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു ദൈവമുണ്ടെന്ന് മതവിശ്വാസികളും ധരിച്ചുവച്ചു. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ ഭരണത്തില്‍നിന്നും ശാസ്‌ത്രത്തിന്റെ നിയമത്തില്‍നിന്നും മനുഷ്യനു നീതി കിട്ടുകയില്ലെന്ന് കാതറീന്‍ ദൃഢമായി പറയുന്നു.

നീതിയുടെ പാഠം മനസ്സില്‍ ഉള്‍ക്കൊണ്ടിട്ടാണ് വലിയ ശാസ്‌ത്രജ്ഞന്മാരോട് കാതറീന്‍ ഇങ്ങനെ പറയുന്നത്. നീതി നടക്കണമെങ്കില്‍ ദൈവമുണ്ടായാല്‍ പോരാ, ശാസ്‌ത്രവുമുണ്ടായാല്‍ പോരാ, നിയമങ്ങളുണ്ടായാലും പോരാ, ഭരണാധികാരികള്‍ക്ക് നീതിയില്‍ ആസ്ഥ ഉണ്ടാകണം. സര്‍വ ജീവജാലങ്ങളുമായുള്ള ഉന്നതമായ സൌഭ്രാത്രമാണ് ഈ അവസ്ഥ. നീതിയെക്കുറിച്ച് സര്‍വാശ്ളേഷിയായ ഈ പാഠം ഉള്ളില്‍ സ്വരൂപിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ വേദന അറിയാനോ സ്വാംശീകരിക്കാനോ കഴിയില്ല തന്നെ. ഓരോ കാലത്തിനും അതിന്റേതായ നീതിശാസ്‌ത്രമുണ്ട്. പ്രാബല്യത്തിലിരിക്കുന്ന നീതിവ്യവസ്ഥയ്‌ക്കും പ്രയോഗത്തില്‍ അനുഭവപ്പെടുന്ന നീതിക്കുമിടയില്‍ ഒരു വിടവുണ്ട്. ഈ വിടവാണ് അനീതി. നീതിക്കുവേണ്ടിയുള്ള ദാഹമാണ് യഥാര്‍ഥ സംസ്‌കാരത്തിന് ജന്മം കൊടുത്തത്. നീതിബോധത്തിന്റെ ഭാഷയാണ് സംസ്‌കാരത്തിന്റെ ശബ്‌ദങ്ങള്‍ക്ക് അര്‍ഥം കൊടുത്തതെന്നും എന്നാല്‍ സംസ്‌കാരം അതിന്റെ ഭാഷ മറന്നുപോയി എന്നും ആനന്ദ് തിരിച്ചറിയുന്നു. മനുഷ്യനും മനുഷ്യനുമായുള്ള വിനിമയത്തിന്റെ ഭാഷതന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മണ്ണില്‍ അര്‍ഥപൂര്‍ണമായൊരു സംസ്‌കാരം തിരിച്ചുവരുമോ എന്ന ആശങ്കയാണ് തന്റെ നോവലുകളിലൂടെ ആനന്ദ് ചിത്രീകരിക്കുന്നത്. എനിക്ക് എന്റെ ഭാഷ തിരിച്ചുനല്‍കണം എന്ന് ആനന്ദിനെപ്പോലെ ഓരോ കലാകാരനും വേദനയോടെ ആവശ്യപ്പെടുന്നത് നീതിയുടെ പിന്‍വാങ്ങല്‍ അത്രയ്‌ക്ക് ഭയാനകമായതു കൊണ്ടുതന്നെയാണ്.

******

ഡോ. ഇ. ബാനര്‍ജി, ഗവ. കോളെജ്, കൊഴിഞ്ഞാമ്പാറ, പാലക്കാട് - 678 554

കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments: