Friday, September 10, 2010

ബംഗാളിലെ ഇടതുമുന്നണിയെ സംരക്ഷിക്കുക

പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ വിജയവാഡയില്‍ ചേര്‍ന്ന പാര്‍ടിയുടെ വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനംചെയ്തിരുന്നു. ഈ പ്രചാരണപരിപാടി സെപ്തംബര്‍ 12 മുതല്‍ 18 വരെ നടക്കും. പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുമുന്നണിക്കും നേരെ നടക്കുന്ന നിഷ്ഠുര ആക്രമണം തുറന്നുകാട്ടാനും ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ഇടതുമുന്നണിക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരാനും പാര്‍ടി ഒന്നടങ്കം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം.

രണ്ടു വര്‍ഷത്തിലേറെയായി സിപിഐ എമ്മിനും ഇടതുമുന്നണിക്കും നേരെ പശ്ചിമബംഗാളില്‍ ആസൂത്രിത ആക്രമണം നടക്കുകയാണ്. 2009 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്കുശേഷം ഈ ആക്രമണത്തിന്റെ തീവ്രത വര്‍ധിച്ചു. തൃണമൂല്‍ കോഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ വലതുപക്ഷ, കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ചേര്‍ന്ന് പാര്‍ടിയെയും ഇടതുമുന്നണിയെയും ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു. പാര്‍ടിയെയും ഇടതുമുന്നണിയെയും ജനങ്ങളില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ നിരന്തരം നടത്തുന്നത്.

ഈ ആഗസ്ത് 31 വരെ പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരും അനുഭാവികളുമായ 270 പേര്‍ കൊല്ലപ്പെട്ടു. ഈ എണ്ണം അനുദിനം ഉയരുകയാണ്. തുടര്‍ച്ചയായ രണ്ടു തരം ആക്രമണങ്ങളാണ് നടക്കുന്നത്-ഒന്ന് തൃണമൂല്‍ സഖ്യത്തിന്റെ നേതൃത്വത്തിലും, രണ്ടാമത്തേത് മാവോയിസ്റുകളുടെ നേതൃത്വത്തിലും. തൃണമൂല്‍-മാവോയിസ്റ് സഹകരണം പരസ്യമായ വസ്തുതയാണ്. കോൺഗ്രസ് പാര്‍ടി തൃണമൂലിന്റെ ജൂനിയര്‍ പങ്കാളിയായി പ്രവര്‍ത്തിക്കുകയും കേന്ദ്രമന്ത്രിസഭയിലെ തൃണമൂല്‍ പ്രതിനിധികള്‍ അവരുടെ നേതാവിന്റെ മാവോയിസ്റ് അനുകൂല നിലപാട് മൂടിവയ്ക്കാന്‍ ശ്രമിക്കുകയുംചെയ്യുന്നു.

എന്തുകൊണ്ടാണ് പശ്ചിമബംഗാളില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്? രാജ്യത്ത് സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ഏറ്റവും ശക്തമായ കേന്ദ്രമാണ് പശ്ചിമബംഗാള്‍. അവിടെ തുടര്‍ച്ചയായ 33 വര്‍ഷമായി ഇടതുമുന്നണിയാണ് ഭരിക്കുന്നത്, ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ബംഗാളില്‍ വിതരണംചെയ്ത മിച്ചഭൂമിയുടെ അളവ് രാജ്യമാകെ വിതരണംചെയ്ത മിച്ചഭൂമിയുടെ 22 ശതമാനത്തോളമാണ്. മൂന്നു ദശകമായി സംഘടിതപ്രസ്ഥാനത്തിന്റെ ഫലമായി അധ്വാനിക്കുന്ന വര്‍ഗം ഗണ്യമായ നേട്ടങ്ങളാണ് കൈവരിച്ചത്. രണ്ടു ദശകമായി കേന്ദ്രസര്‍ക്കാരുകള്‍ നടപ്പാക്കിവരുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ സാഹചര്യത്തിലും ഇടതുമുന്നണി സര്‍ക്കാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ഇവരുടെ ജീവിതവൃത്തി സംരക്ഷിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ശ്രമിക്കുകയുമാണ്. നവഉദാരവല്‍ക്കരണ പദ്ധതി തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തെ സഹായിക്കാനുള്ള ശ്രമമാണ് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ആക്രമണം പ്രതിനിധാനംചെയ്യുന്നത്.

ഇതിനുപരിയായി, ഏതാനും വര്‍ഷമായി സിപിഐ എമ്മും ഇടതുപക്ഷവും ദേശീയരാഷ്ട്രീയത്തില്‍ വഹിച്ചുവരുന്ന പങ്കിന് രണ്ട് സവിശേഷതയുണ്ട്. ഒന്നാമതായി, നവഉദാരവല്‍ക്കരണ നയങ്ങളോട് ഇടതുപക്ഷം തുടര്‍ച്ചയായി പ്രകടിപ്പിച്ചുവരുന്ന എതിര്‍പ്പ്. വന്‍കിട ബിസിനസുകാരും ഭരണവര്‍ഗവും ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇത് പ്രതിബന്ധം സൃഷ്ടിക്കുന്നു. രണ്ടാമത്തേത്, അമേരിക്കയുമായി ഒരു ദശകമായി പ്രകടമായിവരുന്ന തന്ത്രപരമായ പങ്കാളിത്തത്തെ എതിര്‍ക്കുന്ന ഏകശക്തി ഇടതുപക്ഷമാണ്. ഇടതുപക്ഷം വഹിച്ചുവരുന്ന ഈ പങ്കാണ് അതിന്റെ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ ആക്രമണം ക്ഷണിച്ചുവരുത്തുന്നത്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ദുര്‍ബലപ്പെടുത്തുക എന്നതിന്റെ അര്‍ഥം നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തെ ക്ഷീണിപ്പിക്കുക എന്നതാണ്, അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് പ്രോത്സാഹനം നല്‍കുന്നത്.

പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്വിരുദ്ധ സഖ്യത്തിന്റെ ലക്ഷ്യം ഇടതുമുന്നണി സര്‍ക്കാരിനെ പുറത്താക്കുകയും മൂന്നുദശകമായി നടപ്പാക്കിവരുന്ന പുരോഗമന നടപടികളില്‍നിന്ന് പിറകോട്ട് പോവുകയുമാണ്. പഴയ ഭൂവുടമ ശക്തികള്‍ ആഗ്രഹിക്കുന്നത് ഭൂപരിഷ്കരണ നടപടികളുടെ അന്ത്യവും അവരുടെ ആധിപത്യം പുനഃസ്ഥാപിക്കലുമാണ്.

മതേതരത്വം സംരക്ഷിക്കുന്നതിലും വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിലും പശ്ചിമബംഗാളിന് മികച്ച റെക്കോഡാണുള്ളത്. ഇടതുപക്ഷം ദുര്‍ബലമായാല്‍ വര്‍ഗീയ-വിഘടന വാദികള്‍ തലപൊക്കും. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയായാലും കാമത്പുരി പ്രസ്ഥാനമായാലും, ഇപ്പോള്‍തന്നെ ഇടതുപക്ഷവിരുദ്ധ സംഘങ്ങള്‍ വിഘടനവാദ-സ്വത്വ രാഷ്ട്രീയ സംഘടനകളെ വളര്‍ത്തിക്കൊണ്ടുവന്നത് നാം കണ്ടുകഴിഞ്ഞു.

മാവോയിസ്റുകള്‍ സിപിഐ എമ്മിനെ ഉന്നംവയ്ക്കുന്നത് അവരുടെ മൊത്തത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ്. പശ്ചിമ മിഡ്നാപ്പുര്‍, ബാങ്കുര, പുരുളിയ എന്നിവിടങ്ങളില്‍ പാര്‍ടി അംഗങ്ങളെ മൃഗീയമായ നിലയില്‍ മാവോയിസ്റുകള്‍ കൊലപ്പെടുത്തുന്നത് സിപിഐ എമ്മിന്റെ ശക്തിദുര്‍ഗങ്ങളില്‍ പാര്‍ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ആദിവാസികള്‍, സ്കൂള്‍ അധ്യാപകര്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍ധന കര്‍ഷകര്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പാര്‍ടി അംഗങ്ങളെയാണ് വധിക്കുന്നത്. സെപ്തംബര്‍ നാലിന് സാല്‍ബോണിയില്‍, പ്രൈമറി സ്കൂള്‍ അധ്യാപകനായ സിപിഐ എം ലോക്കല്‍കമ്മറ്റി അംഗം ക്ളാസ്മുറിയില്‍ പിഞ്ചുകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ വലിച്ചിഴച്ചു പുറത്തുകൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തി. സിപിഐ എമ്മുമായി ബന്ധമില്ലാത്തവരെപ്പോലും, പക്ഷേ അവര്‍ മാവോയിസ്റുകളുമായി സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ വധിക്കുന്നു.

മാവോയിസ്റുകളുടെ ഈ മൃഗീയതയും ദുര്‍വാസനയും തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്-അവര്‍ എങ്ങനെ പശ്ചിമബംഗാളിലെ ഏറ്റവും പിന്തിരിപ്പന്‍-വലതുപക്ഷ ശക്തികളുടെ ഉപകരണമായി മാറിയെന്ന്. ആഗസ്ത് ഏഴിന് ലാല്‍ഗഢില്‍ മമത ബാനര്‍ജിയും മാവോയിസ്റുകളും ചേര്‍ന്ന് സംഘടിപ്പിച്ച റാലി ഈ അധാര്‍മിക കൂട്ടുകെട്ടിന്റെ പരസ്യപ്രകടനമായി.

ഈ പൈശാചിക പങ്കാളിത്തത്തെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെയും തുറന്നുകാട്ടാന്‍ പ്രചാരണം സംഘടിപ്പിക്കണം. തൃണമൂല്‍-മാവോയിസ്റ് പിന്തുണയില്‍ മാവോയിസ്റ് സംഘങ്ങള്‍ നടത്തുന്ന നിഷ്ഠുര നരഹത്യകള്‍ക്ക് സ്വാമി അഗ്നിവേശും മേധ പട്കറും മാപ്പ് നല്‍കുന്നു. സംശയകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന പല സന്നദ്ധസംഘടനകളും ഈ ഇടതുപക്ഷവിരുദ്ധ നീക്കങ്ങളില്‍ പങ്കാളികളാണ്. ഇത് വലതുപക്ഷ ശക്തികളുടെ പൊതുതന്ത്രമാണ്, അവരുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മറയിടാന്‍ ഇടതുപക്ഷ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നു.

പശ്ചിമബംഗാളിലെ ഈ കമ്യൂണിസ്റ്വിരുദ്ധ കടന്നാക്രമണത്തെ പാര്‍ടിയും ഇടതുമുന്നണിയും എങ്ങനെ നേരിടണമെന്നത് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് സിപിഐ എം അവരിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നിവ കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഒട്ടേറെ നടപടി സ്വീകരിച്ചു. മാവോയിസ്റ് അക്രമബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ സംഘടിച്ച് അതിക്രമങ്ങളെ ചെറുക്കുകയാണ്. മാവോയിസ്റുകള്‍ക്കെതിരായ റാലികളിലും പ്രകടനങ്ങളിലും ഈ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു.

പാര്‍ടിക്കും ഇടതുമുന്നണിക്കും കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ടെങ്കിലും വിലപ്പെട്ട ഒട്ടേറെ സഖാക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിയും അവരുടെ ജീവത്യാഗം ഫലശൂന്യമായി മാറില്ല. കൊലപാതകങ്ങളും കടന്നാക്രമണങ്ങളും വഴി പശ്ചിമബംഗാളിലെ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും അടിച്ചമര്‍ത്താന്‍ കഴിയില്ല. പശ്ചിമബംഗാളിലെ ഇടതുമുന്നണിയെ സംരക്ഷിക്കുകയെന്നത് അധ്വാനിക്കുന്ന ജനതയുടെ നേട്ടങ്ങള്‍ സംരക്ഷിക്കലാണ്.

പാര്‍ടിയൊന്നാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും പശ്ചിമബംഗാളിലെ പാര്‍ടിക്കും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരായി അണിനിരത്തുകയും ചെയ്യേണ്ടത് അടിയന്തരകടമയാണ്. രാജ്യത്ത് ഉടനീളം തൊഴിലാളി വര്‍ഗവും കര്‍ഷകരും ജനങ്ങളിലെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും പശ്ചിമ ബംഗാളിലെ പ്രസ്ഥാനത്തെയും അതോടൊപ്പം സ്വന്തം അവകാശങ്ങളെയും പ്രസ്ഥാനങ്ങളെയും സംരക്ഷിക്കാന്‍ എങ്ങനെ അണിനിരക്കണമെന്ന് നാം അവരോട് വിശദീകരിക്കണം.

*****

പ്രകാശ് കാരാട്ട്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

എന്തുകൊണ്ടാണ് പശ്ചിമബംഗാളില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്? രാജ്യത്ത് സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ഏറ്റവും ശക്തമായ കേന്ദ്രമാണ് പശ്ചിമബംഗാള്‍. അവിടെ തുടര്‍ച്ചയായ 33 വര്‍ഷമായി ഇടതുമുന്നണിയാണ് ഭരിക്കുന്നത്, ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ബംഗാളില്‍ വിതരണംചെയ്ത മിച്ചഭൂമിയുടെ അളവ് രാജ്യമാകെ വിതരണംചെയ്ത മിച്ചഭൂമിയുടെ 22 ശതമാനത്തോളമാണ്. മൂന്നു ദശകമായി സംഘടിതപ്രസ്ഥാനത്തിന്റെ ഫലമായി അധ്വാനിക്കുന്ന വര്‍ഗം ഗണ്യമായ നേട്ടങ്ങളാണ് കൈവരിച്ചത്. രണ്ടു ദശകമായി കേന്ദ്രസര്‍ക്കാരുകള്‍ നടപ്പാക്കിവരുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ സാഹചര്യത്തിലും ഇടതുമുന്നണി സര്‍ക്കാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ഇവരുടെ ജീവിതവൃത്തി സംരക്ഷിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ശ്രമിക്കുകയുമാണ്. നവഉദാരവല്‍ക്കരണ പദ്ധതി തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തെ സഹായിക്കാനുള്ള ശ്രമമാണ് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ആക്രമണം പ്രതിനിധാനംചെയ്യുന്നത്.

chandy said...
This comment has been removed by the author.