Saturday, September 11, 2010

സ്ത്രീ ഭാഷ

സംഗീതനാടക അക്കാദമിയുടെ 2010ലെ അമച്വര്‍ നാടക മത്സരവേദി. നിരീക്ഷ സ്ത്രീനാടകസംഘത്തിന്റെ 'ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങളു'ടെ അവതരണം. നല്ല തിരക്ക്. മുമ്പ് അവതരിപ്പിച്ച നാടകങ്ങള്‍ കണ്ട പ്രേക്ഷകരും സ്ത്രീവാദനാടകമായതുകൊണ്ട് കൌതുകത്തോടെ വന്നവരുമടങ്ങുന്ന സദസ്സ്.

യവനിക ഉയര്‍ന്നു. മൂന്നില്‍ കൂടുതല്‍ സ്ത്രീകളെ അരങ്ങില്‍ ഒന്നിച്ചുകാണുന്നത് കേരള നാടകവേദിയില്‍ അത്യപൂര്‍വമായതുകൊണ്ട് നിവര്‍ന്നുനില്‍ക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ സാന്നിധ്യം സന്തോഷമുള്ള കാഴ്ചയായി. നാടകം മുന്നോട്ടുപോകുമ്പോള്‍ ഒരു സ്ത്രീകഥാപാത്രം ലാഘവത്തോടെ, എന്നാല്‍ പരിഹാസത്തോടെ പറയുന്നു: "കന്യകാത്വം ഒരു തിരശ്ശീലയാണെന്നോ? കന്യകാത്വം ഒരു ദ്വാരമാണ്. എന്റെ സേവനം തേടിവരുന്ന പുരുഷന്മാര്‍ക്കും തലയുണ്ടായിരുന്നില്ല''. ഇത് കേട്ടപാടെ സദസ്സില്‍നിന്ന് രണ്ടുമൂന്നുപേര്‍ 'എവിടെയോ പൊള്ളിയതു'പോലെ ചാടിയെഴുന്നേറ്റ് "ഒരു സ്ത്രീനാടകം'' എന്നു പറഞ്ഞ് പുറത്തേക്ക്. ആ പോക്കില്‍ പ്രതിഷേധം പ്രകടമായിരുന്നു. ഈ ജൂണില്‍ അഭിനയനാടക ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്ത് 'ലെസന്‍' എന്ന നാടകത്തിലെ പുരുഷകഥാപാത്രം സ്ത്രീ കഥാപാത്രത്തോട് പറയുന്നു "ഇത് പരിഹരിക്കപ്പെടണമെങ്കില്‍ നമ്മള്‍ രണ്ടുപേരും അതിലേക്ക് ആഴ്ന്നിറങ്ങണം. ഈ സംഭാഷണം പുരുഷകഥാപാത്രം പറയുന്നത്, അവന്റെ രണ്ട് കൈകളുടെയും വിരലുകള്‍ കോര്‍ത്തിണക്കിക്കൊണ്ടും സ്ത്രീകഥാപാത്രത്തെ നോക്കി ശൃംഗാരച്ചിരി ഉതിര്‍ത്തുമാണ്. അശ്ളീലം പൊതിഞ്ഞ സംഭാഷണം കേട്ട് പുളകിതരായ പ്രേക്ഷകരില്‍ ഭൂരിഭാഗവും കൈയടിച്ചും പൊട്ടിച്ചിരിച്ചും അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ചു. 'ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങ'ളിലെ സംഭാഷണം കേട്ട് പൊള്ളലേറ്റതുപോലെ ചാടിയെഴുന്നേറ്റ് പ്രകോപിതരായി സ്ഥലംവിടുന്ന പ്രേക്ഷകരും, ലെസനിലെ അശ്ളീലച്ചുവയുള്ള സംഭാഷണം കേട്ട് പുളകിതരാകുന്ന പ്രേക്ഷകരും- വല്ലാത്ത വിരോധാഭാസംതന്നെ. അശ്ളീല തമാശകള്‍ പലപ്പോഴും സ്ത്രീശരീരത്തെയും ലൈംഗികതയെയും ചുറ്റിപ്പറ്റിയാണ്. പുരുഷന്‍മാര്‍ രഹസ്യമായും പരസ്യമായും അശ്ളീലം ഒളിപ്പിച്ച് തമാശകള്‍ പറയുകയും പുളകിതരാവുകയും ചെയ്യുന്നു. ഇത് അവരുടെ അവകാശവും ആണത്വവുമായി അംഗീകരിക്കപ്പെട്ടു. സ്ത്രീ, അവളുടെതന്നെ ലൈംഗികതയെപ്പറ്റിയും, ശരീരത്തെക്കുറിച്ചും നേരായും (ഒളിപ്പിച്ചുവച്ച അശ്ളീലമില്ലാതെ) ലാഘവത്തോടും പരിഹാസത്തോടും പ്രതികരിക്കുമ്പോള്‍ അത് ആസ്വദിക്കാനോ മനസ്സിലാക്കാനോ പ്രേക്ഷകനു കഴിയുന്നില്ല. അല്ലെങ്കില്‍ അംഗീകരിക്കാനുള്ള വിമുഖത. അതുമല്ലെങ്കില്‍ നിലനില്‍ക്കുന്ന ചിഹ്നശാസ്ത്രത്തിലൂടെയുള്ള കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ചലനങ്ങള്‍ക്കും വാക്കുകള്‍ക്കും പകരം വ്യത്യസ്തമായ സ്ത്രീചിഹ്നശാസ്ത്രത്തിന്റെ കാഴ്ച അലോസരപ്പെടുത്തുന്നു.

കേരളത്തിലെ നാടകവേദിയും പ്രേക്ഷകനും വ്യത്യസ്തമായ ദിശകളിലേക്കാണോ പോകുന്നത്? അതോ നമ്മുടെ സ്ത്രീവാദനടകവേദി (കള്‍)യുടെ പ്രവര്‍ത്തനം പ്രേക്ഷകരുടെ പാരമ്പര്യ സൌന്ദര്യകാഴ്ചപ്പാടുകളെ പുനര്‍കാഴ്ചയുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ പോയോ? രണ്ടാമതു പറഞ്ഞ കാരണമാണെങ്കില്‍ കാല്‍നൂറ്റാണ്ടിലെ നാടകവേദിയിലെ സ്ത്രീവാദപ്രവര്‍ത്തനങ്ങളിലേക്ക് ഒരുനോട്ടം ആവശ്യമാണ്. കേളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചലനങ്ങളിലൂടെ രൂപപ്പെട്ട സ്ത്രീവാദ നാടകങ്ങളിലൂടെ 1992ല്‍ സ്ത്രീപഠനകേന്ദ്രം കൂത്താട്ടുകുളത്ത് നടത്തിയ നാടകക്യാമ്പും 1998ലെ സംഗീതനാടക അക്കാദമിയുടെ സ്ത്രീനാടകപണിപ്പുരയും ചില അലകളുണ്ടാക്കി. കൂത്താട്ടുകുളം ക്യാമ്പില്‍നിന്ന് അക്കാദമി നാടകശില്‍പ്പശാലയിലേക്കെത്താന്‍ ആറുവര്‍ഷം വേണ്ടിവന്നു. ഇതിനിടയില്‍ സംഭവിച്ച 'അഭിനേത്രി' എന്ന സ്ത്രീനാടകസംഘവും അവരുടെ 'ഏതോ ചിറകടി ഒച്ചകള്‍' എന്ന നാടകാവതരണവും, നാടകം എഴുതുകയും അത് അഭിനയിച്ചുകൊണ്ടുമുള്ള ശ്രീജയുടെ വരവും (പ്രസവമുറി, ഓരോഓരോ കാലത്തില്‍) ഒറ്റപ്പെട്ട ചലനങ്ങളായിരുന്നുവല്ലോ. ശേഷം പ്രധാനപ്പെട്ട സ്ത്രീനാടക ശില്‍പ്പശാലകളോ, ചര്‍ച്ചാവിഷയമായ സ്ത്രീവാദ നാടകാവതരണങ്ങളോ സ്ത്രീനാടക പഠനങ്ങളോ ഉണ്ടായില്ല. 'നിരീക്ഷ'യുടെ പ്രവര്‍ത്തനം സ്ത്രീനാടക സൌന്ദര്യകാഴ്ചപ്പാടുകള്‍ക്ക് പുതിയ ഊര്‍ജം നല്‍കുമായിരിക്കാം. ഏതൊരു സാംസ്കാരിക (നാടക) പ്രവര്‍ത്തനത്തിന്റെയും ചലനങ്ങള്‍ തൊട്ടടുത്ത നിമിഷം അനുഭവപ്പെടണമെന്നില്ല. പക്ഷേ, എല്ലാ സാംസ്കാരിക (നാടക) പ്രവര്‍ത്തനത്തിനും ശക്തമായ തുടര്‍ച്ചയില്ലെങ്കില്‍ ഒറ്റപ്പെട്ടുവരുന്ന ചലനങ്ങള്‍ക്ക് നിലനില്‍ക്കുന്ന യാഥാസ്ഥിതിക ശക്തികളെ കീഴ്മേല്‍ മറിക്കാനുള്ള ആര്‍ജവം ഇല്ലാതെപോകും. ഈ തുടര്‍ച്ചയില്ലായ്മയാണോ മലയാളത്തിലെ സ്ത്രീവാദ നാടകവേദിക്ക് പ്രേക്ഷകരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തത്? 125 വര്‍ഷംകൊണ്ട് രൂപപ്പെട്ട നാടകക്കാഴ്ചയെ പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനത്തിലേക്ക് ഒരു നോട്ടത്തിന് സമയമായിയെന്നു തോന്നുന്നു.

മലയാള നാടകവേദിയിലെ മാറ്റങ്ങളുടെ നാഴികക്കല്ലായ നാടകക്കളരികളിലൂടെ പുതിയ ദര്‍ശനവും, അവതരണസമ്പ്രദായവും ഉരുത്തിരിഞ്ഞതിനു പിന്നില്‍ ഒരുകൂട്ടം ആളുകളുടെ നിരന്തര പ്രവര്‍ത്തനം ഉണ്ടായിരുന്നു. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ. ഇത് പുതിയ നാടകാന്തരീക്ഷവും അവബോധവും സൃഷ്ടിച്ചു. അയ്യപ്പപ്പണിക്കര്‍, സി എന്‍ ശ്രീകണ്ഠന്‍നായര്‍, ജി ശങ്കരപ്പിള്ള, എസ് സാവിത്രിക്കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ തുടര്‍ച്ചയായ പരിശ്രമം ഈ കളരികളിലുണ്ടായി. വിവിധ കാഴ്ചപ്പാടിലുള്ള ധാരാളം പഠനങ്ങളും ചര്‍ച്ചകളും കളരിപ്രസ്ഥാനത്തിന്റെ ഭാഷയ്ക്ക് ആക്കംകൂട്ടി. സ്ത്രീനാടകവേദിയിലെ അന്വേഷണങ്ങള്‍ നിശ്ചിതമായൊരു പാതയിലൂടെയല്ല സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടതും കൂട്ടായതുമായ നിരന്തരാന്വേഷണങ്ങള്‍ അനിവാര്യമാണ്. സാംസ്കാരികമായ ഇടപെടലുകളെ രാഷ്ട്രീയപ്രവര്‍ത്തനമായി കാണാന്‍ വിമുഖത കാണിക്കുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥയാണോ ശക്തമായ സ്ത്രീനാടകശ്രമങ്ങളുടെ തുടര്‍ച്ചയില്ലായ്മയ്ക്കു കാരണം? 20 കൊല്ലം മുമ്പ് നാടകവേദിയില്‍ പ്രവര്‍ത്തിച്ച സ്ത്രീയുടെ അനുഭവമല്ല ഇന്നുള്ളവരുടേത്. സന്തോഷത്തോടും (ചില അനുഭവങ്ങള്‍ ഇപ്പോഴും അത്ര സന്തോഷമല്ലതാനും) അഭിമാനത്തോടെയും നാടകപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ ഇന്നുള്ളവര്‍ക്ക് ഒരുപരിധിവരെ സാധ്യമാകുന്നു. ഈ മാറ്റം കുറച്ചുപേരില്‍ മാത്രം ഒതുങ്ങിയതിനാല്‍ അതൊരു വലിയ സാമൂഹ്യമാറ്റമല്ലാതാകുന്നു. ഇതിന് ഉദാഹരണമാണ് 2010ലെ പിആര്‍ഡി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നാടകപണിപ്പുരയില്‍ മൂന്ന് പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളും പങ്കെടുത്തത്. ഇന്ത്യയുടെ ജനസംഖ്യാനിരക്ക് കണക്കിലെടുക്കുമ്പോള്‍ എന്തേ ഇങ്ങനെ തിരിഞ്ഞുപോകാന്‍ കാരണം? റോം യൂണിവേഴ്സിറ്റിയിലെ പണിപ്പുരയിലെ അനുഭവം പറയുന്നത് ഉചിതമാണെന്നു തോന്നുന്നു. ക്ളാസിന്റെ ആദ്യദിവസം 32 പെണ്‍കുട്ടികളും 29 ആണ്‍കുട്ടികളും.

നാടകം കൂട്ടായ കലയായതുകൊണ്ട് അതിനായുള്ള സമയവും സ്ഥലവും പരിശീലനം ആവശ്യപ്പെടുന്ന സമയദൈര്‍ഘ്യവും കാര്യക്ഷമതയും സാമ്പത്തികവും നാടകവേദിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഒരു എഴുത്തുകാരിയുടെയും ചിത്രകാരിയുടേതില്‍നിന്നും വ്യത്യസ്തമായി മറ്റു കൂട്ടാളികളുടെ സൌകര്യംകൂടി നാടകപ്രവര്‍ത്തകയ്ക്ക് പരിഗണിക്കേണ്ടിവരുന്നു. മലയാളികുടുംബത്തിനകത്തെ ബന്ധത്തിന്റെ അസന്തുലിതമായ ചിട്ടപ്പെടുത്തലുകള്‍ക്ക് വലിയ മാറ്റമൊന്നുംസംഭവിച്ചിട്ടില്ല. ഇത്തരം അവസ്ഥകളെയെല്ലാം ചാടിക്കടന്നുവേണം സ്ത്രീനാടക പ്രവര്‍ത്തകരുടെ ഇടപെടല്‍ സാധ്യമാകാന്‍. ലോകത്തിലെ സ്ത്രീവാദ സംരംഭങ്ങളുടെ പ്രവര്‍ത്തനം അറിയുകയും കാണുകയുമെന്നത് കേരളത്തിലെ നാടകകാരികള്‍ക്ക് ഊര്‍ജം നല്‍കും. ഇതുവഴിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ ധൈര്യം നല്‍കുന്ന ഒന്നാവുകയും ചെയ്യും. ഈ അനുഭവങ്ങളിലൂടെയാകാം ഒറ്റപ്പെട്ടതും കൂട്ടംചേര്‍ന്നതുമായ നാടകാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും സംഭവിക്കുക. പഠനങ്ങളും ചര്‍ച്ചകളും നാടകാവതരണങ്ങള്‍പോലെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ സ്ത്രീവാദ നാടകാവതരണത്തിനു മുമ്പ് അതേപ്പറ്റിയുള്ള ചര്‍ച്ച സംഘടിപ്പിക്കുകയും അവതരണത്തിനുശേഷം പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും വേണം.

കേരള സംഗീത നാടക അക്കാദമിയും പിആര്‍ഡിയും എല്ലാവര്‍ഷവും അന്താരാഷ്ട്ര തിയറ്റര്‍ ഫെസ്റ്റിവലും ദേശീയ നാടകോത്സവവും സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴെങ്കിലും അന്താരാഷ്ട്ര-ദേശീയ സ്ത്രീ തിയറ്ററുകള്‍ക്ക് മുന്നിട്ടിറങ്ങിക്കൂട. .

*
ശ്രീലത എസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 05-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംഗീതനാടക അക്കാദമിയുടെ 2010ലെ അമച്വര്‍ നാടക മത്സരവേദി. നിരീക്ഷ സ്ത്രീനാടകസംഘത്തിന്റെ 'ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങളു'ടെ അവതരണം. നല്ല തിരക്ക്. മുമ്പ് അവതരിപ്പിച്ച നാടകങ്ങള്‍ കണ്ട പ്രേക്ഷകരും സ്ത്രീവാദനാടകമായതുകൊണ്ട് കൌതുകത്തോടെ വന്നവരുമടങ്ങുന്ന സദസ്സ്.

യവനിക ഉയര്‍ന്നു. മൂന്നില്‍ കൂടുതല്‍ സ്ത്രീകളെ അരങ്ങില്‍ ഒന്നിച്ചുകാണുന്നത് കേരള നാടകവേദിയില്‍ അത്യപൂര്‍വമായതുകൊണ്ട് നിവര്‍ന്നുനില്‍ക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ സാന്നിധ്യം സന്തോഷമുള്ള കാഴ്ചയായി. നാടകം മുന്നോട്ടുപോകുമ്പോള്‍ ഒരു സ്ത്രീകഥാപാത്രം ലാഘവത്തോടെ, എന്നാല്‍ പരിഹാസത്തോടെ പറയുന്നു: "കന്യകാത്വം ഒരു തിരശ്ശീലയാണെന്നോ? കന്യകാത്വം ഒരു ദ്വാരമാണ്. എന്റെ സേവനം തേടിവരുന്ന പുരുഷന്മാര്‍ക്കും തലയുണ്ടായിരുന്നില്ല''. ഇത് കേട്ടപാടെ സദസ്സില്‍നിന്ന് രണ്ടുമൂന്നുപേര്‍ 'എവിടെയോ പൊള്ളിയതു'പോലെ ചാടിയെഴുന്നേറ്റ് "ഒരു സ്ത്രീനാടകം'' എന്നു പറഞ്ഞ് പുറത്തേക്ക്. ആ പോക്കില്‍ പ്രതിഷേധം പ്രകടമായിരുന്നു.