Sunday, September 12, 2010

കാഫ്ക പറയാന്‍ വെച്ചത്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ പെടുന്നു ഫ്രാന്‍സ് കാഫ്ക. മരിക്കും മുമ്പ് താനെഴുതിയതിന്റെ 90 ശതമാനവും, അതായത് ഏതാണ്ട് 3500 പേജുകള്‍ കത്തിച്ചു കളഞ്ഞു കാഫ്ക. എന്നിട്ടും, മരിച്ച് കാല്‍ നൂറ്റാണ്ട് തികയാറായപ്പോള്‍ ബാക്കി എഴുത്തുകളിലൂടെ പ്രവാചക തുല്യമായ പദവിയിലേക്ക് ആ എഴുത്തുകാരന്‍ ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ മരിച്ച് 85 കൊല്ലം തികയാനിരിക്കെ അടച്ചു പൂട്ടപ്പെട്ട പെട്ടികളില്‍ കാഫ്ക നമ്മുടെ കാലത്തിനായി വീണ്ടും എഴുത്തുകള്‍ ബാക്കി വെച്ചിരിക്കുന്നു. ഈ കാലത്തോട് കാഫ്ക പറയാന്‍ വെച്ചത് എന്തെന്നറിയാന്‍, പക്ഷേ, ഒരു നിയമയുദ്ധം തീരും വരെ നാം കാത്തിരിക്കണം.,

അതീവ നാടകീയതയോടെ ഒരു യഥാര്‍ത്ഥ ജീവിതരംഗം അരങ്ങേറി, കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സൂറിച്ചിലെ ഒരു ബാങ്ക് മുറിയില്‍. വര്‍ഷങ്ങള്‍ മുമ്പേ അടച്ചു പൂട്ടി ഭദ്രമായി സൂക്ഷിച്ച ഒരു പെട്ടി വന്‍ ഉദ്യോഗസ്ഥ സാന്നിധ്യത്തില്‍ തുറക്കുമ്പോഴായിരുന്നു ആ രംഗം. 'അതെന്റെതാണ്' 'അതെന്റെതാണ്' എന്ന മുറവിളിയോടെ, ഒരു സ്ത്രീ പെട്ടിക്കു നേരെ ഉന്മാദിനിയെപ്പോലെ ചാടി വീണു. പെട്ടിയില്‍ നിന്ന് ഒരു കൈയെഴുത്തു പ്രതി പുറത്തെടുത്തതോടെ ആയിരുന്നു അത്. 1883-ല്‍ ജനിച്ച് 1924-ല്‍ മരിച്ചു പോയ കാഫ്കയെന്ന കാലാതിശായിയായ സാഹിത്യപ്രതിഭയുടെ ഒരു ചെറുകഥയായിരുന്നു ആ രേഖ. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പെട്ടികള്‍ തുറന്നപ്പോഴും ഇതേ ഉന്മാദരംഗങ്ങള്‍ ആവര്‍ത്തിച്ചു.

സ്വന്തം എഴുത്തുകളെ രണ്ടായി കണ്ടിരുന്നത്രെ കാഫ്ക. ഒന്ന് തന്റെ സര്‍ഗസൃഷ്ടികള്‍ രണ്ടാമത്തേത് കുത്തിക്കുറിപ്പുകള്‍. താനെഴുതിവെച്ച ഏതാണ്ട് 3400 പേജുകള്‍. അതായത് തന്റെ അപ്രകാശിത ലിഖിതങ്ങളുടെ 90 ശതമാനവും, ഒരു മൂല്യവും വിശേഷിച്ചില്ലാത്ത കുത്തിക്കുറിപ്പുകളാണെന്ന് കാഫ്ക വിശ്വസിച്ചു. അത്രയും താളുകള്‍ കാഫ്ക തീയില്‍ എരിച്ചു കളയുകയും ചെയ്തു.

1924ല്‍ ക്ഷയബാധിതനായി മരിക്കും മുമ്പ് തനിക്ക് കത്തിച്ചു കളയാന്‍ സമയക്കുറവ് കൊണ്ട് കഴിയാതിരുന്ന ബാക്കി കുത്തിക്കുറിപ്പുകള്‍ കാഫ്ക, സെക്രട്ടറിയും സുഹൃത്തുമായ മാക്സ് ബ്രോഡിന് (Max Brod) കൈമാറി; ഒരു കുറിപ്പോടെ:

'എന്റ് പ്രിയനേ, മാക്സ്... ഇതെന്റെ അന്ത്യാഭിലാഷം.... ഞാന്‍ നിനക്കീ കൈമാറുന്ന കടലാസുകളെല്ലാം തീയിലെരിച്ചേക്കുക... നീ പോലും അവ വായിക്കണ്ട; സര്‍വം ചുട്ടെരിച്ചേക്കുക...‘

ബ്രോഡ്, പക്ഷേ, സുഹൃത്തിനോട് വിശ്വാസ വഞ്ചന കാട്ടി. അവയില്‍ നിന്ന് മൂന്ന് കൈയെഴുത്തു പ്രതികള്‍ പുറത്തെടുത്ത് പ്രകാശിപ്പിച്ചു. അങ്ങനെയാണ് കാഫ്കയെ ലോകമറിയുന്ന കൃതികളുടെ പിറവി - 'ദ് ട്രയല്‍', 'ദ് കാസ്ല്‍', 'അമേരിക്ക', 'പീനല്‍ കോളനി' എന്നീ കൃതികള്‍ അഗ്നിക്ക് വിഴുങ്ങാന്‍ മാത്രം മൂല്യമേയുള്ളൂ എന്ന് എഴുത്തുകാരന്‍ നിനച്ച കൃതികള്‍, ലോകത്തെ എക്കാലത്തെയും മികച്ച കൃതികളായിത്തീര്‍ന്നതിന്, സുഹൃത്തിന്റെ 'വിശ്വാസ വഞ്ചന' വഴി തെളിച്ചു.

കാലത്തോടല്ല, തോഴനോടാണ് നീതി കാട്ടേണ്ടതെന്ന് മാക്സ് ബ്രോഡ് പിന്നെ കരുതിക്കാണും. അതിനിടെ നാസികള്‍ മനുഷ്യവേട്ട ആരംഭിച്ചിരുന്നു ചെക്കോസ്ലാവാക്യയില്‍ സ്വദേശമായ പ്രേഗ് വിട്ട് മാക്സ് ബ്രോഡ് ഇസ്രായേലിലേക്ക്. ടെല്‍ അവിവില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ ചെന്നിറങ്ങുമ്പോഴും, പ്രാണസര്‍വസ്വമായി മാക്സ് ചേര്‍ത്തു പിടിച്ചു, ഒരു വലിയ തുകല്‍പ്പെട്ടി. സുഹൃത്തിന്റെ അന്ത്യാഭിലാഷത്തോട് പാതിയെങ്കിലും നീതി കാട്ടണമെന്ന ചിന്തയിലേക്ക് മാക്സ് മാറിക്കാണും. ജീവിതാന്ത്യം വരെയും തന്റെ സുഹൃത്തിന്റെ രചനകള്‍ അപ്രകാശിതമായി നിലനിര്‍ത്താന്‍ അയാള്‍ തീരുമാനിച്ചു. ഇന്ന്, മരണത്തിന് നൂറ്റാണ്ട് തികയാറാകവെ, കാഫ്കയ്ക്ക് സമകാലത്തെ ജീവിത കാമനകളെ നോക്കി പരിഹാസപൂര്‍വ്വം ചിരിക്കാന്‍ ഇടവരുത്തിയിട്ടുണ്ടാവുന്ന നാല് പെട്ടികള്‍, മാക്സ് ബ്രോഡിന്റെ ആ പഴയ തുകല്‍പ്പെട്ടിയില്‍ നിന്ന് പിറന്നതാണ്.

1968ല്‍ മാക്സ് ബ്രോഡ് മരിച്ചപ്പോള്‍, കാമുകി എസ്തര്‍ ഹോഫിലേക്കും, അവരുടെ കാലശേഷം മക്കളായ ഇവാഹോഫിലേക്കും കാഫ്കയുടെ കൈയെഴുത്തു പ്രതികളടങ്ങുന്ന പെട്ടികള്‍ കൈമാറ്റപ്പെട്ടു. മൂന്നു വര്‍ഷം മുമ്പ് എസ്തറും മരിച്ചതോടെയാണ് കാഫ്കയ്ക്കു തന്നെ പുതിയ ഉള്‍വെളിച്ചങ്ങള്‍ നല്‍കുമായിരുന്ന തര്‍ക്കങ്ങള്‍ക്കും വിചാരണകള്‍ക്കും തുടക്കം. എസ്തറിന്റെ ഈവെന്ന പിന്തുടര്‍ച്ചാവകാശിയാണ് സൂറിച്ച് കോടതിയില്‍ വിഭ്രാന്തരംഗങ്ങളുണ്ടാക്കിയ സ്ത്രീ. 1939ല്‍ ഇസ്രായേലിലേക്ക് കുടിയേറിയ പൌരനെന്ന നിലക്ക്, മാക്സ് ബ്രോഡ് കൈവശം വെച്ചിരുന്ന അമൂല്യ രേഖകള്‍ക്ക് അവകാശികള്‍ തങ്ങളാണെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വാദിക്കുന്നു. കാഫ്കയുടെ ജന്മരാഷ്ട്രമായ ജര്‍മ്മനിയും അവകാശത്തര്‍ക്കം ഏറ്റുപിടിക്കുന്നു.

ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.

ആരുടേതാണ് കാഫ്ക? അതിവിചിത്രമായ ഹാസ്യത്താലും, അതിലും തീവ്രമായ വേദനയാലും ഭരിതമായ, വംശഹത്യകളെയും അവയ്ക്ക് അരുനിന്ന ഉദ്യോഗസ്ഥാധിപത്യങ്ങളെയും നിശിതമായി കടന്നാക്രമിച്ച എഴുത്തുകളുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ച ആര്‍ക്കാണ് ?

തുര്‍ക്കിഭാഷ മുതല്‍ ഐസ്ലാന്റിക്കിലൂടെ കടന്ന് ഇങ്ങിവിടെ മലയാളത്തില്‍ വരെ കാഫ്ക വായിക്കപ്പെടുന്നു. എങ്കില്‍ ഏതു ഭാഷയ്ക്കാണ് കാഫ്കയുടെ പിന്തുടര്‍ച്ചാവകാശം?

ഒരു വ്യാഴവട്ടമായി, പത്തു ദിവസം കൂടുമ്പോള്‍ ഒരു പുസ്തകമെങ്കിലും കാഫ്കയുടെതായി ലോകത്തെ ഏതെങ്കിലുമൊരിടത്ത് പുതിയ പതിപ്പായി പിറക്കുന്നു. എങ്കില്‍, ഏതു ദേശത്തിനാണ് കാഫ്കയുടെ ജന്മാവകാശം? ജര്‍മ്മനിയില്‍ ജനിക്കുകയും ഇസ്രായേലുകാരനാകാന്‍ ആഗ്രഹിക്കുകയും,. ചെക്ക് റിപ്പപ്ലിക്കിലും പ്രേഗിലും തന്റെ എഴുത്തുകാലത്തിന്റെ നല്ല പങ്ക് ചെലവിടുകയും ചെയ്ത കാഫ്ക ഏതു രാഷ്ട്രത്തിന്റെ അവകാശമാണ്?

ആരാണ് കാഫ്ക? എങ്ങനെയോ ജൂതനായിപ്പോയ ജര്‍മ്മന്‍ എഴുത്തുകാരനോ, അതോ, ജര്‍മ്മന്‍ ഭാഷയെ, വിശുദ്ധമായ മറ്റൊരു ജൂതഭാഷയാക്കിയവനോ?

എല്ലാ സന്ദേഹങ്ങളും തീര്‍ക്കാന്‍ പോകുന്നത് കോടതിമുറിയാണ്. എല്ലാ ദേശത്തിന്റെയും എല്ലാ ഭാഷയുടെയും എല്ലാകാലത്തിന്റെയും അവകാശമാണ് കാഫ്കയെന്നു വിധിക്കാന്‍ ദേശരാഷ്ട്രനിയമങ്ങളും അവയുടെ മുന്‍വിധികളും നയിക്കുന്ന ഏതെങ്കിലും കോടതികള്‍ക്കാകുമോ ? കാത്തിരിക്കാം

*
ഇ രാജേഷ് കടപ്പാട്: കൈരളി/പീപ്പിള്‍ വെബ് സൈറ്റിലെ ഇ.രാജേഷിന്റെ ബ്ലോഗ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: FRANZ KAFKA BIOGRAPHY, വിക്കിപീഡിയ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ പെടുന്നു ഫ്രാന്‍സ് കാഫ്ക. മരിക്കും മുമ്പ് താനെഴുതിയതിന്റെ 90 ശതമാനവും, അതായത് ഏതാണ്ട് 3500 പേജുകള്‍ കത്തിച്ചു കളഞ്ഞു കാഫ്ക. എന്നിട്ടും, മരിച്ച് കാല്‍ നൂറ്റാണ്ട് തികയാറായപ്പോള്‍ ബാക്കി എഴുത്തുകളിലൂടെ പ്രവാചക തുല്യമായ പദവിയിലേക്ക് ആ എഴുത്തുകാരന്‍ ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ മരിച്ച് 85 കൊല്ലം തികയാനിരിക്കെ അടച്ചു പൂട്ടപ്പെട്ട പെട്ടികളില്‍ കാഫ്ക നമ്മുടെ കാലത്തിനായി വീണ്ടും എഴുത്തുകള്‍ ബാക്കി വെച്ചിരിക്കുന്നു. ഈ കാലത്തോട് കാഫ്ക പറയാന്‍ വെച്ചത് എന്തെന്നറിയാന്‍, പക്ഷേ, ഒരു നിയമയുദ്ധം തീരും വരെ നാം കാത്തിരിക്കണം.,