Sunday, October 10, 2010

സരയൂവിന് തീപിടിച്ചപ്പോള്‍...

അയോധ്യയോട് താദാത്മ്യം പ്രാപിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഒരു പേക്കിനാവുപോലെ അതെന്നെ ഇന്നും വിട്ടുമാറാതെ പിന്തുടരുന്നു. അയോധ്യ ഒരിക്കല്‍ക്കൂടി വഴിത്തിരിവില്‍ എത്തുമ്പോള്‍ ഒന്നര വ്യാഴവട്ടക്കാലം മുമ്പ് സരയൂനദിയിലൂടെ പ്രവഹിച്ച അഗ്നിജ്വാലകളുടെ ചൂടിന് ഇനിയും അറുതിയായിട്ടില്ല.

മാധ്യമ പ്രവര്‍ത്തകനായി ഉരുത്തിരിയുന്ന ഘട്ടത്തിലാണ് അയോധ്യ എന്റെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് കടന്നുവരുന്നത്. 22-23 വയസ് പ്രായം. ദേശാഭിമാനി ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ച എന്റെ ആദ്യത്തെ പ്രധാന ദൌത്യങ്ങളിലൊന്നായിരുന്നു അയോധ്യ. 1989ലെ ശിലാന്യാസ് കാലത്താണ് അയോധ്യയിലേക്കുള്ള എന്റെ യാത്ര. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വര്‍ഗീയ ചേരുവകളുടെ പരീക്ഷണ കാലഘട്ടമായിരുന്നു അത്. ഷബാനു കേസിലെ ജീവനാംശ വിധി മറികടക്കാന്‍ രാജീവ്സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക നിയമം. അതിനെതിരെ കോണ്‍ഗ്രസ്സില്‍ തന്നെയുള്ള കലാപം. മുസ്ലിം പ്രീണനമെന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘ് പരിവാര്‍ തൊടുത്തുവിട്ട പ്രചാരണത്തില്‍ കുടുങ്ങി രാജീവ്ഗാന്ധി വീണ്ടും മലക്കം മറിയുന്നു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ശിലാന്യാസ് നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന് നല്‍കിയ അനുമതിയാണ് എന്നെ ആദ്യം അയോധ്യയിലേക്ക് നയിച്ചത്. ഒറ്റ രാത്രികൊണ്ടാണ് തര്‍ക്കഭൂമി തര്‍ക്കരഹിതമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ ഉറങ്ങിക്കിടന്നിരുന്ന അയോധ്യ ഇന്ത്യയുടെ മതനിരപേക്ഷതയെ വിഴുങ്ങാന്‍തക്ക രൌദ്രത ആര്‍ജിക്കുന്നത് ശിലാന്യാസോടെയാണ്.

ശിലാന്യാസില്‍ തുടങ്ങിയ വര്‍ഗീയ രഥയോട്ടം അതിന്റെ സമഗ്ര തീവ്രതയും ആര്‍ജിച്ചത് മൂന്നു വര്‍ഷത്തിനുശേഷം ഒരു ശൈത്യദിനത്തിലായിരുന്നു. 1992 ഡിസംബര്‍ 6, ഇന്ത്യക്ക് മറക്കാനാവാത്ത ദിനമായി ഇന്നും തുടരുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനുശേഷം ഇന്ത്യ വിറങ്ങലിച്ച ദിനം. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അളവുകോലായി കാണപ്പെട്ട നാലര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബ്റി മസ്‌ജിദിന്റെ താഴികക്കൂടങ്ങള്‍ നിലംപൊത്തിയപ്പോള്‍ അതിന്റെ പ്രതിധ്വനി ഓരോ ഇന്ത്യക്കാരനെയും ഗ്രസിച്ചു. പഴക്കം ഏറെയുണ്ടെങ്കിലും അയോധ്യയുടെ മൊട്ടക്കുന്നില്‍ തലയുയര്‍ത്തിനിന്ന മൂന്ന് താഴികക്കുടങ്ങളുടെ ദൃഢതയില്‍ എനിക്ക് അശേഷം സംശയം ഉണ്ടായിരുന്നില്ല. ഈ മിനാരങ്ങളെ താങ്ങിനിര്‍ത്താന്‍ ഇന്ത്യന്‍ മതനിരപേക്ഷതക്ക് കഴിയുമെന്ന വിശ്വാസമായിരുന്നു അതിനു പിന്നില്‍.

രണ്ട് പതിറ്റാണ്ടുകാലത്തെ ഡല്‍ഹി ജീവിതത്തിന്റെ ഒട്ടേറെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഞാന്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇന്നും വള്ളിപുള്ളി മാറാതെ പുനരാവര്‍ത്തനത്തിന് കഴിയുന്ന മുഹൂര്‍ത്തമായി ബാബ്റി മസ്‌ജിദ് തകര്‍ച്ച എന്റെ മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നു. ഡല്‍ഹിയില്‍നിന്ന് ലഖ്‌നൌവിലേക്ക് തീവണ്ടി യാത്ര. അവിടെനിന്ന് ബസില്‍ ഫൈസാബാദിലേക്കുള്ള സഞ്ചാരം, ഫൈസാബാദില്‍ തമ്പടിച്ചിരുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബറിന്റെ ശൈത്യത്തെ കൂസാതെയുള്ള അയോധ്യാ യാത്ര, കണ്‍മുമ്പില്‍ നടന്ന ഹിന്ദുത്വ താണ്ഡവത്തിന്റെ പശ്ചാത്തലത്തില്‍ പൊടിപടലങ്ങളായി മാറിയ ബാബ്റി മസ്‌ജിദ്, മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന കിരാതമായ വേട്ട, മരവിച്ച മനസ്സില്‍നിന്ന് പ്രവഹിച്ച വാര്‍ത്താ ശകലങ്ങള്‍... മാധ്യമ പ്രവര്‍ത്തനത്തിന്റെ പടവുകള്‍ പലതും കയറിയെങ്കിലും ആദ്യപാദത്തില്‍ എന്നെ സ്വാധീനിച്ച അയോധ്യ സംഭവത്തില്‍നിന്നും എനിക്കിന്നും മുക്തിനേടാന്‍ കഴിഞ്ഞിട്ടില്ല.

ഫൈസാബാദിലെ ഹോട്ടലില്‍നിന്ന് ഡിസംബര്‍ ആറിന് നന്നേ പുലര്‍ച്ചെയാണ് അയോധ്യയിലേക്ക് യാത്രയായത്. ഫ്രണ്ട് ലൈനിന്റെ പ്രത്യേക ലേഖകനും സുഹൃത്തുമായ വെങ്കിടേഷ് രാമകൃഷ്‌ണന് അയോധ്യയുടെ മണ്ണ് സ്വന്തം കൈരേഖപോലെ ഹൃദിസ്ഥമായിരുന്നു. എക്കണോമിക് ടൈംസിന്റെ ഇപ്പോഴത്തെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പി ആര്‍ രമേഷ്, മാതൃഭൂമിയിലുള്ള എം കെ അജിത്കുമാര്‍, മാധ്യമം ലേഖകനായിരുന്ന സുഭാഷ്, മനോരമയുടെ പ്രസന്നന്‍, ഫോട്ടോഗ്രാഫര്‍ മുസ്‌തഫ, ഹിന്ദുവിന്റെ മുരളീധര്‍ റെഡ്ഢി എന്നിങ്ങനെ ഒരു സംഘംതന്നെ ഉണ്ടായിരുന്നു.

മറ്റു പത്രക്കാര്‍ വരുന്നതിനുമുമ്പ് നല്ല സ്ഥലം കണ്ടെത്തി നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും സൂര്യനുദിച്ചാല്‍ വഴി ബ്ളോക്കാകുമെന്ന പേടിയുമാണ് ഞങ്ങളെ വെള്ളകീറുന്നതിനു മുമ്പ് അയോധ്യയിലേക്ക് നയിച്ചത്. ബില്ലു എന്ന വിശ്വസ്‌തനായ ഡ്രൈവര്‍ കോടമഞ്ഞിലൂടെ അംബാസഡര്‍ കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ വരാന്‍പോകുന്ന ദുരന്തത്തെക്കുറിച്ച് കാര്യമായ ലാഞ്ഛനയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എതിര്‍വശമുള്ള മാനസ്‌ഭവന്റെ മട്ടുപ്പാവിലാണ് ഞങ്ങള്‍ക്ക് ഇടം കിട്ടിയത്. കാര്യങ്ങള്‍ സൂക്ഷ്‌മമായി വീക്ഷിക്കാന്‍ പറ്റിയ താവളംതന്നെ. സൂര്യരശ്‌മികള്‍ പതിച്ചു തുടങ്ങിയതോടെ ഞങ്ങളും ഉന്മേഷവാന്മാരായി. ചില്ലറ തമാശകള്‍ പറഞ്ഞ് സമയം തള്ളിനീക്കുമ്പോള്‍ കാര്‍സേവകരുടെ കൊച്ചുകൂട്ടങ്ങള്‍ അയോധ്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. സംഘ്പരിവാര്‍ പ്രഖ്യാപിച്ച കാര്‍സേവകരുടെ രൂപവും മാനവും എന്താണെന്ന് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമൊക്കെ അടങ്ങുന്ന ബി ജെ പി നേതൃനിരക്ക് ഇന്ത്യയെ അങ്ങനെ ഒറ്റുകൊടുക്കാനാകുമോ? സൂര്യരശ്‌മിയുടെ ദൈര്‍ഘ്യം കുറഞ്ഞതോടെ കാര്‍സേവകരുടെ പ്രവാഹം ഒരു തള്ളിച്ചയായി. ഭസ്‌മം പൂശി ശൂലം പിടിച്ച സന്ന്യാസിക്കൂട്ടങ്ങളും കാവിത്തിരയില്‍ അണിനിരന്നു. അപ്പോഴും മസ്‌ജിദ് കനത്ത സുരക്ഷാ കവചത്തിന്റെ പശ്ചാത്തലത്തില്‍ തലയുയര്‍ത്തിനിന്നു. ഉയരത്തില്‍ കെട്ടിയ മുള്‍വേലിയും ബാരിക്കേഡുകളും പൊലീസ് മതിലുമൊക്കെ ഒരിക്കലും പിളര്‍ക്കാന്‍ കഴിയാത്ത ദുര്‍ഗത്തിന്റെ പ്രതീതി സൃഷ്‌ടിച്ചു. പതിനൊന്നു മണി കഴിഞ്ഞതോടെ അവിശ്വസനീയമായ കാഴ്‌ചകളാണ് അരങ്ങേറിയത്.

അതുവരെ ശക്തിദുര്‍ഗംപോലെ നിന്നിരുന്ന പൊലീസ് മതില്‍ ഛിന്നഭിന്നമായി. ബാരിക്കേഡുകള്‍ പറന്നുപോകുന്നു. വാനരപ്പടപോലെ കാര്‍സേവകര്‍ ബാബ്റി മസ്‌ജിദിലേക്ക് ഇരച്ചുകയറുന്നു. കപ്പിയും കയറുമൊക്കെ ഉപയോഗിച്ച് ചെറുകൂട്ടങ്ങള്‍ മിനാരങ്ങളിലേക്ക് അഗ്നിപോലെ പടര്‍ന്നുകയറി. ജയ്ജയ് സീറാം വിളി ഉച്ചസ്ഥായിയിലായി. വിശ്വാസം വരാതെ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നു. മസ്‌ജിദിന്റെ താഴികക്കൂടങ്ങള്‍ പിക്കാസും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കുന്ന കാഴ്‌ചയായിരുന്നു മുമ്പില്‍. മുരളീമനോഹര്‍ ജോഷിയുടെ ചുമലിലേക്ക് വീണുകൊണ്ട് സന്തോഷത്തോടെ ഉമാഭാരതി മൈക്കില്‍ 'ഏക് ധക്കാ ഓര്‍ ദോ' (ഒരു ഇടികൂടി കൊടുക്കൂ) എന്ന് കാര്‍സേവകരോട് ഉദ്ഘോഷിക്കുന്നത് കേള്‍ക്കാമായിരുന്നു. എവിടെയോ തയാറാക്കപ്പെട്ട തിരക്കഥപോലെ പൊലീസ്സംഘം പൂര്‍ണമായും അയോധ്യയില്‍നിന്ന് പിന്‍വാങ്ങി. ഉത്തരവ് കാത്തിരുന്ന അര്‍ധസേനാ സംഘത്തിന് സരയൂ നദിക്കരയിലെ കാറ്റുകൊണ്ട് ഇരിക്കേണ്ടിവന്നു. രണ്ടു മൂന്നു മണിക്കൂറുകള്‍കൊണ്ട് പ്രദേശം പൊടിപടലങ്ങളാല്‍ നിറഞ്ഞു. അലര്‍ച്ചയും അട്ടഹാസങ്ങളും മാത്രം. ഹിന്ദുത്വയുടെ രൌദ്രഭേരിയില്‍ ഒരു പ്രദേശം ആകമാനം പ്രകമ്പനംകൊണ്ടു. ചരിത്രത്തെ താങ്ങിനിര്‍ത്തിയിരുന്ന ബാബ്റി മസ്‌ജിദിന്റെ താഴികക്കൂടങ്ങള്‍ ഓരോന്ന് അന്തരീക്ഷത്തില്‍ ധൂളികളായി ലയിച്ചു തുടങ്ങിയിരുന്നു. മൊട്ടക്കുന്നിലെ ബാബ്റി മസ്‌ജിദ് നിലംപരിശായി.

ബാബ്റി മസ്‌ജിദിന്റെ തകര്‍ക്കല്‍ ആരംഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആസൂത്രിത വേട്ട ആരംഭിച്ചുകഴിഞ്ഞിരുന്നു. പരിമിതമായ റോഡ് സൌകര്യം മാത്രമുള്ള അയോധ്യയില്‍നിന്നും രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. പലരേയും ഇതിനകം കാര്‍സേവകര്‍ വളഞ്ഞുവെച്ച് ആക്രമിക്കുന്നത് കാണാമായിരുന്നു. മാനസ് ഭവന്റെ ടെറസിലേക്ക് ഏതു നിമിഷവും കുറുവടികളുമായി കാര്‍സേവകര്‍ എത്തുമെന്ന് വെങ്കിടേഷ് പറഞ്ഞു. രക്ഷപ്പെടണമെങ്കില്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ. കാര്‍സേവകരായി കൂട്ടത്തില്‍ കൂടുക, പേനയും ബുക്കും ഒളിപ്പിക്കുക. ഇതിനിടയില്‍ 'ജയ് സീറാം' എന്നെഴുതിയ കാവിത്തുണികളില്‍ ഒന്ന് 20 രൂപ കൊടുത്ത് ഞാന്‍ വാങ്ങി. രാവിലെയത് 5 രൂപക്കായിരുന്നു വിറ്റത്. കാവിഷാള്‍ ഞങ്ങള്‍ കീറി പങ്കിട്ടെടുത്തു. ചിലരത് തലയില്‍ കെട്ടി. മറ്റു ചിലര്‍ കഴുത്തിലും കൈയിലും അണിഞ്ഞു. സ്വയരക്ഷക്കുള്ള പടച്ചട്ടകളായിരുന്നു ഈ കാവിത്തുണികള്‍.

ആക്രമണോത്സുകതയോടെ വീശിയടിച്ച കാര്‍സേവക വേലിയേറ്റത്തിനിടയിലൂടെ ജയ് സീറാം മുഴക്കിക്കൊണ്ട് ഞങ്ങള്‍ മാനസ് ഭവനില്‍നിന്നും പുറത്തുകടന്നു. ഇതിനിടയില്‍ വെങ്കിടേഷ് എന്റെയും മുസ്‌തഫയുടെയും പേര് മാറ്റിയിരുന്നു. എന്നെ ബാലനെന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ. മുസ്‌തഫക്ക് ചെറിയൊരു രൂപ പരിണാമം മാത്രമേ വന്നുള്ളു, മുത്തു. ഒരുകണക്കിന് ഇടുങ്ങിയ ഗലിയില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറിനടുത്തെത്തി. ബില്ലു വിദഗ്ധമായി ഊടുവഴികളിലൂടെ കാര്‍ പായിച്ചു. പല സ്ഥലങ്ങളിലും കാര്‍സേവകര്‍ കാറ് തടഞ്ഞു. ജയ് സീറാം മുഴക്കിയപ്പോള്‍ അവര്‍ മധുരപലഹാരങ്ങള്‍ തന്നു. വൈകിട്ട് നാലര മണിയോടെയാണ് ഞങ്ങള്‍ ഫൈസാബാദില്‍ തിരിച്ചെത്തിയത്. ആര്‍ക്കും കൂടുതലൊന്നും സംസാരിക്കാനില്ലായിരുന്നു. ഫൈസാബാദിലെ ഹോട്ടല്‍മുറിയില്‍നിന്ന് വാര്‍ത്ത തയാറാക്കുമ്പോള്‍ ആരും ശബ്‌ദിച്ചില്ല. അറിയാതെ പേജുകള്‍ ഒന്നൊന്നായി ഞാന്‍ എഴുതിത്തള്ളി. ഏതോ അര്‍ധബോധാവസ്ഥയിലായിട്ടുകൂടി അക്ഷരങ്ങള്‍ ഋജുരേഖയിലൂടെ സഞ്ചരിച്ചു. അന്നെഴുതിയ വാര്‍ത്തയുടെ പല വരികളും ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഡിസംബറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ കുളിച്ച് വേഷംമാറി അയോധ്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ മതേതര ഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാന്‍ വേണ്ടിയായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.

*****

ജോണ്‍ ബ്രിട്ടാസ് , കടപ്പാട്: ദേശാഭിമാനി വാരിക 10-10-10

(കൈരളി ടി വി ഗ്രൂപ്പ് എം ഡിയാണ് ലേഖകന്‍)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മലമൂട്ടില്‍ മത്തായി said...

Do keep the issue on the boil. That is what is needed for the upcoming Panchayath Election. For a party which is in power with no achievements what so ever to show, this memoir is the only way to shore up its votes.

BTW why is the party mum about the destruction of the Berlin wall or the demise of Communism?