Tuesday, October 12, 2010

മനോരമയും മാരാരിക്കുളവും

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക് ‌ടോബര്‍ രണ്ടിന്, മലയാള മനോരമയുടെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ട 'പാര്‍ടി വേണ്ട, കരാര്‍ മതി......!' എന്ന ലേഖനത്തെ പിതൃശൂന്യമെന്ന് വിശേഷിപ്പിക്കാനാവുകയില്ല. മനോരമയിലെ എഡിറ്റോറിയല്‍ കൂട്ടായ്‌മയ്‌ക്കാണ് അതിന്റെ ഉത്തരവാദിത്തം. ബഹുപിതൃത്വമുള്ള ഒന്നിനെ പിതൃശൂന്യമെന്ന് വിളിക്കുന്നത് ശരിയല്ലല്ലോ.

ഇന്നത്തെ ചിന്താവിഷയമായി ഗാന്ധിജിയുടെ വാക്കുകള്‍ മനോരമ ഉദ്ധരിച്ചിരിക്കുന്നു. “'പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോടുതന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തുന്നു.' സത്യമാണീശ്വരന്‍” എന്ന് ദൈവസങ്കല്‍പ്പത്തിന് നിര്‍വചനം നല്‍കിയ മഹാത്മാവിനെ ഈ ഉദ്ധരണിയിലൂടെ ആവാഹിച്ച് ‘മനോരമ’ സ്വന്തം പത്രത്തില്‍ പ്രതിഷ്‌ഠിക്കുന്നു. ‘ധര്‍മോസ്‌മത് കുലദൈവതമെന്ന് ആലേഖനം ചെയ്‌ത സ്വമുദ്രയ്‌ക്ക് കീഴില്‍ അസത്യങ്ങള്‍ വാര്‍ത്തകളായി പ്രചരിപ്പിക്കാന്‍ മനോരമ മടിക്കാറില്ലെന്ന് ഏവര്‍ക്കും അറിയാം. അതിനാല്‍, സ്വജീവിതം സത്യാന്വേഷണപരീക്ഷണമാക്കിയ മഹാത്മാവിന്റെ പ്രതിഷ്‌ഠയുടെ (ചിന്തയുടെ)മുന്നില്‍ ‘പാര്‍ടി വേണ്ട, കരാര്‍മതി’ എന്ന ലേഖനം ‘മനോരമ’ കാഷ്‌ഠിച്ചിരിക്കുന്നതില്‍ അത്ഭുതത്തിനവകാശമില്ല.

മൂന്നുവര്‍ഷം മുമ്പ്, മാധ്യമങ്ങളുടെ മുമ്പില്‍ കുഴഞ്ഞുവീണു മരിച്ച പ്രൊഫ. എം എന്‍ വിജയന്‍ ജനകീയാസൂത്രണം സംബന്ധിച്ച് നടത്തിയ പ്രവചനങ്ങള്‍ സത്യമായിത്തീര്‍ന്നുവെന്ന് മാരാരിക്കുളത്തെ അനുഭവത്തെ സാക്ഷ്യപ്പെടുത്തി സമര്‍ഥിക്കാനാണ് മനോരമ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ‘മാർക്‌സിസ്‌റ്റു പാര്‍ടിയെ എതിര്‍ത്തുകൊണ്ട് എം എന്‍ വിജയന്‍ എഴുതിയവയ്‌ക്കെല്ലാം അപ്രമാദിത്വം നല്‍കുകയാണ് മനോരമ.

പാര്‍ടിയില്‍നിന്ന് അദ്ദേഹം അകന്നതിനുശേഷമാണ് മനോരമയ്‌ക്ക് എംഎന്‍ വിജയന്‍ അഭിമതനും ആള്‍ദൈവവുമാകുന്നത്. മുതലാളിത്തത്തെ വിമര്‍ശിക്കുകയും വര്‍ഗീയ ഫാസിസത്തെ വിരോധിക്കുകയുംചെയ്‌തിരുന്ന എം എന്‍ വിജയന്‍ മനോരമയ്‌ക്ക് പ്രിയങ്കരനായിരുന്നില്ല. പാര്‍ടിയെ ആക്രമിക്കാനുള്ള ആയുധമെന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തോട് ‘മനോരമയ്‌ക്ക് പ്രതിപത്തി.

‘പാര്‍ടി വേണ്ട, കരാര്‍ മതി.....!’ എന്ന ലേഖനം വായിക്കുമ്പോള്‍, ജനകീയാസൂത്രണത്തില്‍ ഏര്‍പ്പെട്ട് ആദര്‍ശവിശുദ്ധി നഷ്‌ടപ്പെടുത്തുന്ന മാർക്‌സിസ്‌റ്റു പാര്‍ടിയുടെ നേതാക്കന്മാരെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന മനോരമയെക്കണ്ട് നാമും കൂടെ കരഞ്ഞുപോകും! പാര്‍ടിനേതാക്കന്മാര്‍ കരാറുകാരും മാനേജര്‍മാരുമായി അധഃപതിക്കുന്നു! പ്രോജക്‌ടും, കമ്പനിയും, കരാറും, മാനേജ്‌മെന്റും മറ്റും കൊണ്ടുനടത്താന്‍ മറ്റുള്ളവരൊക്കെയുള്ളപ്പോള്‍ ഈ മാർക്‌സിസ്‌റ്റുകാരെന്തിന് ‘‘ഇച്ചീച്ചിപ്പണിക്കു പോകുന്നുവെന്ന ചോദ്യം യുക്തിസഹമാണ്! അവര്‍ ചീത്തയാകും! എം എന്‍ വിജയന്‍ ഈ അധഃപതനം ദീര്‍ഘദൃഷ്‌ടിയോടെ പ്രവചിച്ചിരുന്നു!

ജനകീയാസൂത്രണത്തിന്റെ പരീക്ഷണശാലയായ മാരാരിക്കുളത്തെ ഉദാഹരിച്ചുകൊണ്ട് ‘മനോരമയിലെ സര്‍ഗധനന്മാരായ എഡിറ്റോറിയല്‍ കഥാകൃത്തുകള്‍ അദ്ദേഹത്തിന്റെ വിശുദ്ധ പ്രവാചകത്വം ഉറപ്പിക്കുന്നു. കഥയില്‍ ചോദ്യമില്ല; കാര്യവുമില്ല! ‘ഇനി കഥകളൊന്നു കേള്‍ക്കൂവെന്ന ഭാവനയുടെ ലോകത്തേക്കുള്ള ക്ഷണത്തെ ഗാന്ധിസൂക്തത്തില്‍നിന്നുള്ള ഹാസ്യാത്മക മോചനമായി കണക്കാക്കിയാല്‍ മതി. ‘മനോരമയുടെ അഭിപ്രായത്തില്‍, മാരാരിക്കുളത്തെ പാര്‍ടി നേതാക്കന്മാര്‍ ഏരിയാകമ്മിറ്റി മെമ്പര്‍, ലോക്കല്‍ കമ്മറ്റിയംഗം, ഓഫീസ് സെക്രട്ടറി തുടങ്ങിയവര്‍ ജനകീയാസൂത്രണത്തിലെ കരാറുകാരും മാനേജര്‍മാരുമാണ്. പാര്‍ടിയോട് ദയ വിചാരിച്ചിട്ടായിരിക്കും, മനോരമ ആരുടെയും പേരും വിലാസവും പുറത്തുവിട്ടിട്ടില്ല!

കഷ്‌ടം! ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള കേരളത്തില്‍, എന്തുകൊണ്ട് മാരാരിക്കുളത്തെമാത്രം എം എന്‍ വിജയന്റെ പ്രവാചകത്വം സ്ഥാപിക്കാനായി ‘മനോരമ’ തെരഞ്ഞെടുത്തു? എന്തുകൊണ്ട്, പാലക്കാട് ജില്ലയിലെ അകത്തേത്തറ, തൃശൂര്‍ ജില്ലയിലെ അടാട്ട്, ആലപ്പുഴ ജില്ലയിലെ പാലമേല്‍, ചെറിയനാട് തുടങ്ങിയ പഞ്ചായത്തുകളെ ഉദാഹരണങ്ങളാക്കിയില്ല? കാരണം ലളിതം. സംസ്ഥാന ധനമന്ത്രിയായ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ പാര്‍ടിയെയും അവഹേളിക്കാന്‍ മാരാരിക്കുളമാണ് നല്ലത്.

ഐസക്കിന്റെ പേരുമായി ചേര്‍ത്താണല്ലോ മാരാരിക്കുളം കേരളത്തിന്റെ വികസനഭൂപടത്തില്‍ പ്രത്യേകമായി ഇടം പിടിക്കുന്നത്. വികേന്ദ്രീകൃതാസൂത്രണത്തിന്റെ സാര്‍ഥകമായ പ്രയോഗത്തിലൂടെ മാരാരിക്കുളം ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. അവിടെ ജനകീയാസൂത്രണം പാര്‍ടിയെ നശിപ്പിച്ചുവെന്ന് സ്ഥാപിച്ചാല്‍, അത് ജനകീയാസൂത്രണത്തിന്റെയും, ഐസക്കിന്റെയും, പാര്‍ടിയുടെയും പരാജയമായി വ്യാഖ്യാനിക്കാന്‍ സാധിക്കും. ഒരിക്കലും മനോരമ ഐസക്കിന്റെ പേരെടുത്തു പറയുന്നില്ല. പക്ഷേ, സൂചന വളരെ വ്യക്തമാണ്. പ്രസ്താവനയേക്കാള്‍ ശക്തവും.

മനോരമയെന്ന മാധ്യമ കൌരവകുലം നിഴല്‍ക്കുത്തിലാണ് സ്വന്തം കരുത്ത് തിരിച്ചറിയുന്നത്. ജനകീയാസൂത്രണം പരാജയപ്പെട്ടിട്ടില്ലെന്ന് ‘മനോരമയ്‌ക്കറിയാം. അതുകൊണ്ടാണ്, കമ്യൂണിസ്‌റ്റു (മാർക്‌സിസ്‌റ്റ്)പാര്‍ടിയുടെ ആദര്‍ശച്യുതിയില്‍ ധാര്‍മികക്ഷോഭം കൊണ്ടെന്ന ഭാവത്തില്‍, എം എന്‍ വിജയന്റെ പ്രവാചകപ്പട്ടത്തിന് സാധൂകരണം തേടി മാരാരിക്കുളംവരെ പോകുന്നത്.

വികേന്ദ്രീകൃതാസൂത്രണത്തിലൂടെ കേരളം എന്തു നേടിയെന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഗ്രാമീണ കേരളത്തിന്റെ അനുഭവമാണ്. ദൂരദര്‍ശന്‍ സംപ്രേഷണംചെയ്‌തഗ്രീന്‍ കേരളാ എക്‌സ്‌പ്രസ് എന്ന ‘സോഷ്യല്‍ റിയാലിറ്റി ഷോ‘ കണ്ടവര്‍ക്കറിയാം, പ്രാദേശിക വികസനത്തിന്റെ അനേകമനേകം ഉദാത്തമാതൃകകള്‍ നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ മാത്രമല്ല, ഐക്യജനാധിപത്യ മുന്നണിക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചായത്തുകളിലും നല്ല മാതൃകകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും മനോരമ’ കാണുകയോ, കാണിച്ചുകൊടുക്കുകയോ ചെയ്യില്ല.

സ്വയം കാണാനാഗ്രഹിക്കുന്നതാണ് മനോരമ എന്നും കാണുന്നതും കാണിച്ചുകൊടുക്കുന്നതും. ഇതൊരു പ്രത്യേകതരം രാഷ്‌ട്രീയ തിമിരമാണ്. മാധ്യമങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളു. സ്വഭാവനയുടെ ചിറകുകളിലേറി കഥകളെഴുതി രസിക്കുകയാണീ രോഗത്തിന്റെ ലക്ഷണം. കാപട്യം നിറഞ്ഞ ആത്മവഞ്ചനയുടെ മാധ്യമഭാഷ്യങ്ങള്‍, ഹാസ്യവും ശോകവും സമാസമം ചേര്‍ത്ത്, എഴുതുന്നത് അടിയന്തര ചികിത്സയ്‌ക്ക് ആവശ്യമാണെന്നതിന്റെ സൂചനയാണ്. ഗാന്ധിസൂക്തങ്ങള്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ രണ്ടിന് ഉദ്ധരിക്കുന്നത് അസത്യത്തോടുള്ള മനോരമയുടെ അഡിക്ഷന് മതിയായ പ്രത്യൌഷധമാകുന്നില്ല.

******

ഡോ. കെ പി കൃഷ്‌ണന്‍കുട്ടി, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...