Friday, October 15, 2010

എല്‍ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2005 ലേക്കാള്‍ വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നാലരവര്‍ഷത്തെ എല്‍ഡിഎഫ് ഭരണനേട്ടം, തദ്ദേശഭരണരംഗത്തുണ്ടായ മുന്നേറ്റം, യുഡിഎഫിലെ തമ്മിലടി, കോൺ‌ഗ്രസിലെ തൊഴുത്തില്‍ക്കുത്ത്, അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രഭരണം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍, സാമ്രാജ്യത്വത്തിന് അടിയറവയ്‌ക്കുന്ന നിലപാട് എന്നീ ഘടകങ്ങള്‍ എല്‍ഡിഎഫിന് അനുകൂല പശ്ചാത്തലമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കി വളര്‍ത്തിയെടുക്കുന്നതില്‍ എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനങ്ങളും യുഡിഎഫ് ഭരണത്തിലെ അനുഭവങ്ങളും എങ്ങനെ താരതമ്യം ചെയ്യാം ?

അധികാരവികേന്ദ്രീകരണ കാര്യത്തില്‍ കോൺ‌ഗ്രസിന് ആത്മാര്‍ഥതയില്ല. രാജീവ്ഗാന്ധിയാണ് പഞ്ചായത്തീരാജ് നിയമം കൊണ്ടുവന്നതെന്ന് അഹങ്കരിക്കുന്ന കോൺ‌ഗ്രസ്, അവര്‍ ഭരിക്കുന്ന പല സംസ്ഥാനത്തും ത്രിതല തെരഞ്ഞെടുപ്പ് നടത്തുന്നില്ല. മയ്യഴി ഉള്‍പ്പെടുന്ന പുതുശ്ശേരി ഭരിക്കുന്നത് കോൺ‌ഗ്രസാണ്. അവിടെ പതിറ്റാണ്ടായി തദ്ദേശ തെരഞ്ഞെടുപ്പില്ല. ഗാന്ധിജി വിഭാവനചെയ്‌ത ഗ്രാമസ്വരാജ് നടപ്പാക്കാന്‍ ആദ്യം മുന്‍കൈയെടുത്തത് 1957ലെ ഇ എം എസ് സര്‍ക്കാരാണ്. ജില്ലാ കൌൺസില്‍ നിയമംകൊണ്ടുവന്നതും 33 ശതമാനം സ്‌ത്രീസംവരണം ആദ്യം ഏര്‍പ്പെടുത്തിയതും കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റുകളാണ്. 1991ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജില്ലാ കൌൺസില്‍ പിരിച്ചുവിട്ടു. സ്‌ത്രീസംവരണം അട്ടിമറിച്ചു.

അധികാരവികേന്ദ്രീകരണം സാര്‍ഥകമാകണമെങ്കില്‍ ആസൂത്രണാവകാശത്തോടൊപ്പം പണവും താഴേക്ക് നല്‍കണം. വാര്‍ഷികപദ്ധതിയുടെ മൂന്നിലൊന്നിലേറെ പണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയതും ഇവയെ പ്രാദേശികസര്‍ക്കാരുകളാക്കിയതും എല്‍ഡിഎഫാണ്. രാജ്യത്തിന് മാതൃക കാട്ടിയ ജനകീയാസൂത്രണം അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്‌തത്. പഞ്ചായത്തുകള്‍ക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു.

തദ്ദേശസ്ഥാപന ഭരണസമിതിയില്‍ 50 ശതമാനം വനിതകളാകണമെന്ന നിയമം കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കി ലോകത്തിന് മാതൃകയായിരിക്കയാണ്. 50 ശതമാനം സീറ്റും ഭാരവാഹിത്വവും സംവരണം ചെയ്‌തതിനെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുകയാണ് യുഡിഎഫ്. വനിതാ സ്ഥാനാര്‍ഥികള്‍ക്കുമാത്രം മുസ്ളിംലീഗ് പ്രത്യേക പെരുമാറ്റച്ചട്ടമുണ്ടാക്കി. സ്‌ത്രീകള്‍ക്ക് തുല്യാവകാശം നല്‍കുന്നതിലെ വിമ്മിട്ടവും സ്‌ത്രീസ്വാതന്ത്യ്രത്തോടുള്ള വിദ്വേഷവുമല്ലേ ഇതില്‍ പ്രകടമാകുന്നത്. കോൺ‌ഗ്രസിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്.

യുഡിഎഫിലെ അനൈക്യവും കോൺ‌ഗ്രസിലെ അസ്വാരസ്യവും ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും ?

യുഡിഎഫിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്. മാണി ഗ്രൂപ്പില്‍ രണ്ടു കക്ഷികള്‍ ലയിച്ചു, ഒരു വിഭാഗം ഐഎന്‍എല്ലും ആ മുന്നണിയിലെത്തി. ഗ്രൂപ്പുനേതാക്കളെയും കക്ഷിനേതാക്കളെയും ഉള്‍ക്കൊള്ളാനാകാതെ യുഡിഎഫ് പ്ളാറ്റ്ഫോം പൊളിഞ്ഞുവീഴുന്നു. ജോസഫിനും ജോര്‍ജിനുമെല്ലാം മാണിയുടെ ഓഹരിയില്‍നിന്ന് കൊടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത്. കഴിഞ്ഞതവണ അരൂരില്‍ കാലുവാരിയതിന്റെ രോഷത്തിലാണ് ഗൌരിയമ്മ. എം വി രാഘവന്‍വരെ താക്കീത് നല്‍കാന്‍ തുടങ്ങി. ടി എം ജേക്കബ് പറയുന്നത്, യുഡിഎഫിനെ വല്യേട്ടനായ കോൺ‌ഗ്രസ് തകര്‍ക്കുന്നുവെന്നാണ്. കോൺ‌ഗ്രസിനകത്ത് പന്തംകൊളുത്തിപ്പടയാണ്.

യൂത്ത് കോൺ‌ഗ്രസില്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിലെ സിദ്ദിഖിനെ മാറ്റി രാഹുല്‍ഗാന്ധി ചെന്നിത്തല ഗ്രൂപ്പിലെ ലിജുവിനെ എടുത്തു. ഇപ്പോള്‍ സിദ്ദിഖുമില്ല ലിജുവുമില്ല. മൂത്ത കോൺ‌ഗ്രസ് യുവരക്തത്തെ കൂട്ടക്കൊല ചെയ്യുന്നുവെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. കരുണാകരന്‍ പറയുന്നു, മുരളി വരാതെ കോൺ‌ഗ്രസ് ശക്തിപ്പെടില്ലെന്ന്. കോഴിക്കോട്ടെ കോൺ‌ഗ്രസ് നേതാക്കള്‍ മുരളിയുടെ വീട്ടിലെത്തി പിന്തുണ അഭ്യര്‍ഥിച്ചു. യുഡിഎഫ് വേദികളില്‍ മുരളി പ്രസംഗിച്ചു. ഇതെല്ലാം സംസ്ഥാനനേതൃത്വം അറിയാതെയാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുവിജയത്തിന്റെ നെഗളിപ്പിലായ യുഡിഎഫിന്, ആനവാലില്‍ തൂങ്ങി സ്വര്‍ണം വാരാന്‍ ദേവലോകത്ത് പോയ വിഡ്ഢികളുടെ അനുഭവമായിരിക്കും.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാന്‍ കഴിയാത്തവരാണ് ജനാധിപത്യത്തെക്കുറിച്ച് പറയുന്നത്. ഇത്രയും അപഹാസ്യമായ സംഘടനാസംവിധാനമുള്ള പാര്‍ടിയാണ് അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്നത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുപകരം നോമിനേഷനായതിനാല്‍ ചെന്നിത്തലയുടെ ഭീഷണി ഒഴിവാകുമെന്നും തന്റെ വഴി ക്ളിയറാണെന്നും ഉമ്മന്‍ചാണ്ടിക്ക് സമാധാനിക്കാമെന്നാണ് പത്രങ്ങള്‍ എഴുതിയത്. പക്ഷേ, ഒരു കേന്ദ്രമന്ത്രി കൂടെക്കൂടെ വന്ന് പ്രസംഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോൺ‌ഗ്രസ് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുന്നതിന്റെ സൂചനയാണിത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും നടപടികളും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ കഴിയുക ?

കേന്ദ്രം രാജ്യത്തെ അമേരിക്കയ്‌ക്ക് പണയംവച്ചു. അമേരിക്കയില്‍ പോകുമ്പോഴെല്ലാം ഒബാമ മന്‍മോഹനെ പ്രശംസിക്കുന്നു. ബുഷ് മുതല്‍ എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരെയും പ്രശംസിക്കുന്നതില്‍ മന്‍മോഹന്‍സിങ്ങിന് ഉത്സാഹമാണ്. ഭോപാല്‍ദുരന്തത്തിന്റെ കാരണക്കാരനായ ആന്‍ഡേഴ്‌സനെ വിചാരണചെയ്യാന്‍ വിട്ടുതരണമെന്ന് യാചിക്കാന്‍പോലുമുള്ള ധൈര്യം അവര്‍ക്കില്ല. കൊടുംഭീകരന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍പോലും ആയില്ല. ഇന്ത്യന്‍ താല്‍പ്പര്യം പൂര്‍ണമായും വിസ്മരിച്ച് ആണവകരാര്‍ ഒപ്പിട്ടതിനുപിറകെ ആണവ ബാധ്യതാകരാറിലും ഒപ്പിടാന്‍ തീരുമാനിച്ചു.

ഏറ്റവുമൊടുവില്‍ എ കെ ആന്റണി അമേരിക്കയില്‍ പോയത് മിസൈലുകളും വിമാനവാഹിനി കപ്പലുകളും വാങ്ങാനാണ്. അവര്‍ ഉപയോഗിച്ച് പഴകിയ രണ്ട് വിമാനവാഹിനി കപ്പല്‍ വാങ്ങാനാണ് കരാറാക്കിയതത്രേ. ഇന്ത്യക്ക് ആയുധങ്ങള്‍ വിറ്റ് സാമ്പത്തികമാന്ദ്യത്തിന് തെല്ലെങ്കിലും അയവുണ്ടാക്കാനാണ് അമേരിക്കന്‍ശ്രമം. നമ്മുടെ നികുതിപ്പണം ആയുധങ്ങള്‍ക്കെന്ന പേരില്‍ അമേരിക്കയ്‌ക്ക് ചോര്‍ത്തുകയാണ്. പലസ്‌തീനിലെ മുസ്ളിങ്ങളെ കൂട്ടക്കൊലചെയ്യുന്ന ഇസ്രയേലുമായി ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തി. ഇറാനെതിരെ അമേരിക്ക നീങ്ങിയപ്പോള്‍ ഇന്ത്യയും അതേനിലപാടെടുത്തു.

രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ അമ്പേപരാജയപ്പെട്ടു. ഭീകരപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് കേന്ദ്രമന്ത്രി മമത ബാനര്‍ജിയെപ്പോലുള്ളവരുടേത്. തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രി ചിദംബരവും മമതയും പരസ്യമായി ഏറ്റുമുട്ടി. തീവണ്ടി അട്ടിമറികളും അപകടങ്ങളും ആവര്‍ത്തിക്കുമ്പോഴും റെയില്‍മന്ത്രാലയം ശ്രദ്ധിക്കാതെ കൊല്‍ക്കത്തയില്‍ തമ്പടിച്ച് അട്ടിമറിപ്പണിയെടുക്കുകയാണ് മമത. മാവോയിസ്റുകളെയും മറ്റു തീവ്രവാദികളെയും അമര്‍ച്ചചെയ്യുന്നതിലെ പരാജയം കാരണം നൂറുകണക്കിന് സിആര്‍പിഎഫുകാരും പട്ടാളക്കാരും സാധാരണക്കാരും കൊല്ലപ്പെട്ടു. ജവാന്മാരുടെ ജീവനുപോലും രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്ത്.

കോൺ‌ഗ്രസിന്റെ ഔദ്യോഗികവക്താവ് മനു അഭിഷേക് സിങ്വി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോടതിയില്‍ ഹാജരായി. താല്‍ക്കാലികമായ അനുകൂലവിധിയും വാങ്ങി. ഭൂട്ടാനും സിക്കിമും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ ലോട്ടറികളുടെ, ലോട്ടറിമാഫിയകളുടെ ഒത്താശക്കാരാണ് കോൺ‌ഗ്രസിലെ പല നേതാക്കളും. സിങ്വി സോണിയാഗാന്ധിയുടെ ഔദ്യോഗികവക്താവും കോൺ‌ഗ്രസ് അഭിഭാഷകസെല്‍ മേധാവിയുമാണ്.

കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണത്തിന്റെ വിലയിരുത്തല്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകും. ഐപിഎല്‍ ക്രിക്കറ്റ് കുംഭകോണവും കോമൺവെല്‍ത്ത് ഗെയിംസ് അഴിമതിയും സ്‌പെക്‌ട്രം കുംഭകോണവും കേന്ദ്രഗവൺമെന്റ് അകപ്പെട്ടിരിക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് തെളിയിക്കുന്നു.

തീവ്രവാദികളുടെയും വിധ്വംസകശക്തികളുടെയും അഴിഞ്ഞാട്ടംമൂലം ക്രമസമാധാനനില തകര്‍ന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയും കടലില്‍ തള്ളേണ്ട അവസ്ഥയിലാവുകയും ചെയ്‌ത അതീവ ഗുരുതരമായ സാഹചര്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. പട്ടിണിപ്പാവങ്ങള്‍ക്ക് ധാന്യങ്ങള്‍ നിഷേധിക്കുന്ന ക്രൂരതയ്‌ക്കെതിരെ സുപ്രീംകോടതി താക്കീത് നല്‍കി. മൂന്നു രൂപയ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാഴ്വാക്കായി. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിത്യസംഭവമായി. റിലയൻസ് പോലുള്ള കുത്തക കമ്പനികള്‍ക്കുവേണ്ടിയാണ് വിലനിയന്ത്രണം എടുത്തുകളഞ്ഞത്. മാര്‍ച്ചിനുശേഷം മൂന്നുതവണ വില വര്‍ധിപ്പിച്ചു. എന്നാല്‍, ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ അനുഭവമെന്താണ്? സംസ്ഥാന ഗവൺമെന്റിന്റെ ജനക്ഷേമനടപടികള്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടും.


*****


വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2005 ലേക്കാള്‍ വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നാലരവര്‍ഷത്തെ എല്‍ഡിഎഫ് ഭരണനേട്ടം, തദ്ദേശഭരണരംഗത്തുണ്ടായ മുന്നേറ്റം, യുഡിഎഫിലെ തമ്മിലടി, കോൺ‌ഗ്രസിലെ തൊഴുത്തില്‍ക്കുത്ത്, അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രഭരണം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍, സാമ്രാജ്യത്വത്തിന് അടിയറവയ്‌ക്കുന്ന നിലപാട് എന്നീ ഘടകങ്ങള്‍ എല്‍ഡിഎഫിന് അനുകൂല പശ്ചാത്തലമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.