Saturday, October 16, 2010

ബി.എസ്.എന്‍.എല്‍ രാജ്യത്തിന്റെ സമ്പത്ത്

വാര്‍ത്താവിനിമയ മേഖലയില്‍ പൂര്‍ണ്ണമായും സ്വകാര്യപങ്കാളിത്തം അനുവദിച്ചിട്ട് പതിനാറ് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. കേന്ദ്ര ടെലികോം വകുപ്പ് കമ്പനിയാക്കി മാറ്റി 2010 ഒക്ടോബര്‍ 1-ന് പത്ത് വര്‍ഷവും തികയുകയാണ്. രാജ്യത്തിനാകെ മാതൃകയും, രാജ്യരക്ഷയുടെ രണ്ടാം നിരയുമായ ടെലികോം വകുപ്പിനെ കമ്പനിയാക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ, വികസനത്തിന്റെ വിതണ്ഡവാദങ്ങളിലൂടെ പരിഹസിച്ചാണ് കമ്പനിവല്‍ക്കരണകരാറില്‍ സര്‍ക്കാര്‍ തുല്യം ചാര്‍ത്തിയത്. പൂര്‍ണ്ണമായ സ്വകാര്യവല്‍ക്കകരണം ലക്ഷ്യംവച്ചാണ് കമ്പനിവല്‍ക്കരണമെന്ന മുന്നറിയിപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. 30 ശതമാനം ഓഹരി തന്ത്രപ്രധാനമായ ഒരു പങ്കാളിക്ക് കൈമാറണമെന്ന സാംപിത്രോദകമ്മിറ്റിയുടെ ശുപാര്‍ശകള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. തൊഴിലാളികളുടെ പ്രതിരോധത്തിന്റെ ഫലമായി താല്‍ക്കാലികമായി പിന്തിരിഞ്ഞുവെങ്കിലും ഈ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ അണിയറയില്‍ ഒരുങ്ങി വരികയാണ്. സാംപിത്രോദകമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഡി.ഒ.ടി. തലത്തില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കി കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് ഖജനാവ് നിറയ്‌ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വ്യഗ്രതയില്‍ രാജ്യത്തെ ഏറ്റവും പ്രാധാന്യമേറിയ പൊതുമേഖലാ സ്ഥാപനം കൂടി ഇരയാവുകയാണ്.

രാജ്യരക്ഷയ്‌ക്ക് ഭീഷണി

ടെലികോം വ്യവസായ സ്ഥാപനങ്ങളുടെ ഉടമസ്ഥത രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. വിദേശമൂലധന നിക്ഷേപപരിധി 74% ആയി വര്‍ദ്ധിപ്പിച്ചതോടുകൂടി നിയന്ത്രണങ്ങളില്ലാതെ സേവനം നടത്താന്‍ വിദേശകമ്പനികള്‍ക്ക് അനുവാദം ലഭിച്ചു. നാടന്‍-വിദേശ കുത്തകകള്‍ ടെലികോം രംഗം ഇന്ന് അടക്കി വാഴുകയാണ്. ഇന്‍ഷുറന്‍സ്, ബാങ്കിംഗ് രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആ മേഖലകളില്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ഈ കമ്പനികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും ഭിന്നമായി ഇന്ത്യന്‍ ടെലികോം കമ്പോളത്തിന്റെ 85 ശതമാനവും കയ്യടക്കിയിരിക്കുന്നത് നാടന്‍-വിദേശകുത്തകകളാണ്. ഇത് ദേശീയ സുരക്ഷിതത്വത്തിന് ഗുരുതരമായ ഭീഷണി സൃഷ്‌ടിക്കുന്നു. അന്താരാഷ്‌ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിയതിന് റിലയന്‍സ് കമ്പനി പിഴയൊടുക്കേണ്ടിവന്നത് ഈയടുത്ത കാലത്താണ്. (നാമമാത്ര തുകമാത്രമാണ് പിഴയായിവിധിക്കപ്പെട്ടത് ). ഐഡിയ, ഒരു സ്വകാര്യ കമ്പനിയുടെ പേരില്‍ മാത്രം 3640 സിംകാര്‍ഡുകള്‍ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുന്നു. യഥാര്‍ത്ഥ ഉടമസ്ഥന്‍മാരില്ലാത്ത വ്യാജ സിം കാര്‍ഡുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. തീവ്രവാദത്തിനും ഭീകരവാദത്തിനും ഇത് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ബ്ളാക്ക് ബെറി ഫോണുകള്‍ വ്യാപകമാക്കാന്‍ ഇന്ത്യാ ഗവൺ‌മെന്റ് തന്നെയാണ് അനുമതിനല്‍കിയത്. ഈ ഫോണുകള്‍ കാനഡയിലെ റിസര്‍ച്ച് ഇന്‍മോഷന്‍ എന്ന കമ്പനിയുടേതാണ്. ഇതിലൂടെ കടന്നുപോകുന്ന കോളുകളോ, സന്ദേശങ്ങളോ മറ്റ് വിവരങ്ങളോ പരിശോധിക്കാന്‍ ഇന്ത്യാ ഗവൺ‌മെന്റിനോ, ഇന്റലിജന്‍സ് വിഭാഗത്തിനോ സാദ്ധ്യമല്ല. ഈ കമ്പനി അതിനനുവാദം നല്‍കിയിട്ടുമില്ല. ദേശീയ സുരക്ഷിതത്വത്തിന് ഗുരുതരമായ ഭീഷണിയുയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചില നടപടികള്‍ ആലോചിച്ചത്. അപ്പോഴും ഇന്ത്യാ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും സ്വീകരിക്കാതെ ഭാഗികമായി അംഗീകരിക്കാനാണ് കമ്പനി തയ്യാറായത്. ബ്ളാക്ക് ബെറി സംവിധാനത്തിലൂടെ കടന്നുപോകുന്ന കോളുകള്‍ ഭാഗികമായി പരിശോധിക്കാന്‍ മാത്രമാണ് അനുവാദം. സ്വതന്ത്ര രാജ്യത്തിലെ ഒരു സര്‍ക്കാര്‍ ഒരു വിദേശകമ്പനിയുടെ ഹുങ്കിന് മുമ്പില്‍ മുട്ടുകുത്തുന്ന ദയനീയ ചിത്രം.

ഉപകരണ നിര്‍മ്മാണം പൂര്‍ണ്ണമായും വിദേശകമ്പനിയുടെ നിയന്ത്രണത്തിലാണ്. സ്വിച്ചിങ്ങ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം, സേവനരംഗം തുടങ്ങി ടെലികോം രംഗമാകെ ഇന്ന് വിദേശ നാടന്‍ കുത്തകകളുടെ കേളീരംഗമായി മാറിയിരിക്കുന്നു. സ്വാഭാവികമായും ദേശീയസുരക്ഷിതത്വത്തിന് ഇത് ഭീഷണിയാണ്.

ബി.എസ്.എന്‍.എല്‍ പ്രതിസന്ധിയിലേക്ക്

സര്‍വൈശ്വര്യ പ്രതാപത്തോടെ ബി.എസ്.എന്‍.എല്ലിനെ വാഴിക്കുമെന്ന പ്രഖ്യാപനം നടത്തിയ ഭരണാധികാരികളുടെ നേരെ ബി.എസ്.എന്‍.എല്‍ ഇന്ന് കൊഞ്ഞനംകുത്തുകയാണ്. രൂപീകരണഘട്ടത്തില്‍ 85 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ടായിരുന്ന കമ്പനിയുടെ വിപണി പങ്കാളിത്തം ഇന്ന് കേവലം 15.66 ശതമാനമാണ. മൊബൈല്‍ രംഗത്താവട്ടെ 11 ശതമാനവും. ഗ്രാമീണ മേഖലയിലെ സേവനത്തിന്റെ നഷ്‌ടം നികത്തും, ലൈസന്‍ഫീസ് ഒഴിവാക്കും, ഫണ്ട് നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഇന്ന് കേവലം ജലരേഖകള്‍ മാത്രം. മകനോടൊപ്പം താമസിക്കുന്ന മാതാപിതാക്കളില്‍ നിന്ന് വാടകയും ഭക്ഷണച്ചെലവും പിരിച്ചെടുക്കുന്നതുപോലെ ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ചാര്‍ജ്ജ്, നികുതികള്‍ തുടങ്ങിയവ കൃത്യമായി പിരിച്ചെടുക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ബി.എസ്.എന്‍.എല്‍-ന് നിഷേധിക്കപ്പെടുന്നു. മൊബൈല്‍ വികസനത്തിന് അനുമതി നിഷേധിച്ചതാണ് പ്രതിസന്ധിയുടെ പ്രധാനകാരണം. 4.5 കോടി ലൈനുകള്‍ സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാര്‍ കേവലം 1.7 കോടിയായി ചുരുക്കി. 9.3 ദശലക്ഷം കണക്ഷന്‍ നല്‍കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി. കേവലം 55 ലക്ഷം ശേഷിയുള്ള ഉപകരണങ്ങള്‍ക്ക് അനുമതി നല്‍കി. മൊബൈല്‍ വികസന രംഗത്ത് നിന്ന് ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെട്ടു. ബി.എസ്.എന്‍.എല്‍-ന്റെ ശേഷിയില്ലായ്‌മ മുതലെടുത്ത് സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത് വമ്പിച്ച വളര്‍ച്ച നേടി. ബി.എസ്.എന്‍.എല്‍-ന്റെ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായി. 2009-10 സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്‍ ചരിത്രത്തിലാദ്യമായി നഷ്‌ടം രേഖപ്പെടുത്തിയിരിക്കുന്നു. 1822.65 കോടി രൂപയാണ് നഷ്‌ടം. കഴിഞ്ഞ വര്‍ഷം ലാഭം 574 കോടിയായിരുന്നു.

വര്‍ഷം വരുമാനം ലാഭം മാര്‍ക്കറ്റ് ഷെയര്‍
2006-07 39715.11 7805.87 31.29%
2007-08 38046.83 3009.39 24.07%
2008-09 35811.92 574.85 18.97%
2009-10 32045.41 1822.65 (നഷ്‌ടം) 15.66%


ജീവനക്കാര്‍ക്ക് ശമ്പളകുടിശ്ശിക നൽ‌കിയതാണ് നഷ്‌ടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വരുമാനത്തിലുണ്ടായ ചോര്‍ച്ച വിശദീകരിക്കപ്പെടുന്നുമില്ല. റിലയന്‍സ് ഒഴികെയുള്ള സ്വകാര്യ കമ്പനികള്‍ 5 മുതല്‍ 37 ശതമാനംവരെ ലാഭം നേടുമ്പോഴാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍.ന്റെ ഈ അവസ്ഥ എന്നോര്‍ക്കണം. സ്വകാര്യ കമ്പനികളുമായി മത്സരിക്കാന്‍ ഉല്പാദനമേഖലയില്‍ കൂടുതല്‍ പണം മുടക്കണം. അതിവേഗത്തില്‍ വളര്‍ന്നു വികസിക്കുന്ന സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ അതിവിപുലമായ പശ്ചാത്തല സൌകര്യങ്ങളുള്ള ബി.എസ്.എന്‍.എല്‍. ല്‍ പ്രയോഗിക്കാന്‍ തയ്യാറാവണം. മത്സരം സജീവമായ ടെലികോം കമ്പോളത്തില്‍, ബുദ്ധിയും യുക്തിയും ഉപയോഗിച്ച് മുന്നേറാന്‍ കഴിയണം. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിന്റെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. തൊഴിലാളികളെ ഒഴിവാക്കാതെതന്നെ കമ്പനികളെ ലാഭകരമാക്കാം എന്ന് കേരളം തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനാണ് ബി.എസ്.എന്‍.എല്‍. ആലോചിക്കുന്നത്.

ബി.എസ്.എന്‍.എല്‍. തങ്ങളുടെ പാതയിലെ തടസ്സമാണെന്ന് ആഗോളമൂലധന ശക്തികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തടസ്സം നീക്കി പാത സുഗമമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. അതിന്റെ ഉത്തമമായ ഉദാഹരണമാണ് സ്‌പെക്‌ട്രം ചാര്‍ജ് ഈടാക്കിയതിലൂടെ തെളിഞ്ഞത്. മത്സരരംഗത്ത് ഏറെ പ്രയോജനപ്പെടുത്തേണ്ട സ്വന്തം കമ്പനിയെ രക്ഷിക്കാനല്ല, മറിച്ച് അതിന്റെ റിസര്‍വ് ഫണ്ട് സ്‌പെക്‌ട്രം ചാര്‍ജിലൂടെ കവര്‍ന്നെടുക്കുകയാണ് ചെയ്‌തത്. 3ജി, ബ്രോഡ്‌ബാന്‍ഡ് വയര്‍ലെസ് സ്‌പെക്‌ട്രം ഫീസിനത്തില്‍ 18500 കോടിയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് അടപ്പിച്ചത്. ഈയിനത്തില്‍ 1500 കോടിയുടെ പലിശ വരുമാനത്തിലെ നഷ്‌ടം വേറെയും. ബി.എസ്.എന്‍.എല്‍. ഇന്ന് വലിയ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ അനിയന്ത്രിത സ്വകാര്യവല്‍ക്കരണമാണ് ഇതിന് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ പിത്രോദ മുന്നോട്ട് വെച്ച നിര്‍ദ്ദേശം കമ്പനിയെ പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് നയിക്കുക. ഒരു കാലത്ത് ടെലികോമിന്റെ ആകര്‍ഷണകേന്ദ്രമായിരുന്ന വിദേശ സഞ്ചാര്‍ നിഗാമിന്റെ (വി.എസ്.എന്‍.എല്‍)ന്റെ ഗതി ബി.എസ്.എന്‍.എല്‍-ന് വരാതിരിക്കണം. പ്രതിവര്‍ഷം 1400 കോടിയിലധികം ലാഭമുണ്ടാക്കിയിരുന്ന വി.എസ്.എന്‍.എല്‍. നെ 1439 കോടിക്കാണ് ടാറ്റായ്‌ക്ക് കൈമാറിയത്. ദിവസങ്ങള്‍ കഴിയുമ്പൊഴേക്കും കേന്ദ്ര സര്‍ക്കാരിന് കൂടി അവകാശപ്പെട്ട വി.എസ്.എന്‍.എല്‍. ന്റെ ആസ്‌തിയില്‍ നിന്നും 1200 കോടി ടാറ്റായുടെ കുടുംബ കമ്പനിയായ ടാറ്റാടെലിസര്‍വീസിലേക്ക് മാറ്റി. ഇപ്പോള്‍ വി.എസ്.എന്‍.എല്‍, ടാറ്റാ ടെലികമ്യൂണിക്കേഷനായി മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാര്‍ നോക്കുകുത്തിയും.

ഭാവിയില്‍ ബി.എസ്.എന്‍.എല്‍.ന് ഈ ഗതിവരാതിരിക്കാന്‍ ബി.എസ്.എന്‍.എല്‍. ലെ മുഴുവന്‍ ജീവനക്കാരും ജനങ്ങളുടെ പിന്തുണയോടെ രംഗത്തിറങ്ങണം. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മാത്രമേ ഈ പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാന്‍ കഴിയൂ.


*****

കെ.മോഹനന്‍, കടപ്പാട് : സി ഐ ടി യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രതിവര്‍ഷം 1400 കോടിയിലധികം ലാഭമുണ്ടാക്കിയിരുന്ന വി.എസ്.എന്‍.എല്‍. നെ 1439 കോടിക്കാണ് ടാറ്റായ്‌ക്ക് കൈമാറിയത്. ദിവസങ്ങള്‍ കഴിയുമ്പൊഴേക്കും കേന്ദ്ര സര്‍ക്കാരിന് കൂടി അവകാശപ്പെട്ട വി.എസ്.എന്‍.എല്‍. ന്റെ ആസ്‌തിയില്‍ നിന്നും 1200 കോടി ടാറ്റായുടെ കുടുംബ കമ്പനിയായ ടാറ്റാടെലിസര്‍വീസിലേക്ക് മാറ്റി. ഇപ്പോള്‍ വി.എസ്.എന്‍.എല്‍, ടാറ്റാ ടെലികമ്യൂണിക്കേഷനായി മാറിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയും.

ഭാവിയില്‍ ബി.എസ്.എന്‍.എല്‍.ന് ഈ ഗതിവരാതിരിക്കാന്‍ ബി.എസ്.എന്‍.എല്‍. ലെ മുഴുവന്‍ ജീവനക്കാരും ജനങ്ങളുടെ പിന്തുണയോടെ രംഗത്തിറങ്ങണം. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മാത്രമേ ഈ പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാന്‍ കഴിയൂ.