Sunday, November 28, 2010

ജി - 20 മാറി ജി - 2 ഉണ്ടാകുമോ?

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആഗോള ക്രമത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാമൂഹ്യ ബന്ധങ്ങളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് ലോക നേതാക്കള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ആഗോള ക്രമത്തിന് പലതരത്തിലുമുള്ള പുനസ്സംഘടന നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ അവസാനം എത്തി നിന്നത് ഐക്യരാഷ്ട്രസഭയിലാണ്. പൊതുസഭയും സെക്യൂരിറ്റി കൗണ്‍സിലും നിലവില്‍ വന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണം നാലഞ്ച് സമ്പന്ന രാജ്യങ്ങളുടെ കൈയില്‍ തന്നെ നിലനിന്നു. രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി വളര്‍ന്ന ഇന്ത്യയെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരയംഗമാക്കി അംഗീകരിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴും തയ്യാറല്ല.

ഐക്യരാഷ്ട്രസഭയോടൊപ്പം 1944 ല്‍ നിലവില്‍ വന്നതാണ് ബ്രിട്ടന്‍ വുഡ്‌സ് ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഐ എം എഫും ലോക ബാങ്കും. വിദേശ വ്യാപാരത്തിലെ അടച്ചുബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ട ഐ എം എഫിന് ഇപ്പോഴും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക -സാമൂഹ്യ വികസനത്തിനാവശ്യമായ ഹ്രസ്വ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്ന ലോക ബാങ്കിനും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ നേടാനായിട്ടില്ലെന്ന് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങളും നടപടികളും നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നുവെന്നാണ് പരാതി. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടേത്. ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭ, ഐ എം എഫ്, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പുനഃസംഘടന വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.

ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ വ്യാപാര ബന്ധങ്ങളെ സ്വാധീനിക്കുന്ന താരിഫ് ബന്ധങ്ങളെക്കുറിച്ച് ചില തീരുമാനങ്ങള്‍ ഉണ്ടായി. നീതിയുക്തമായ വ്യാപാരവും വികസനവും ഉറപ്പാക്കാന്‍ നിയന്ത്രിത വ്യാപാരത്തേക്കാളും സ്വതന്ത്ര വ്യാപാരമാണ് എന്ന വാദം ശക്തമായി. എന്നാലിത് ഉടനെ നടപ്പാക്കുന്നതിനെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍, മൂന്നാം ലോകരാജ്യങ്ങള്‍ എതിര്‍ത്തു. 1994 ല്‍ ഗാട്ട് കരാര്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നവര്‍ ശഠിച്ചു. ഇന്ത്യയും മറ്റും ജി-77 എന്ന പ്രത്യേക ഗ്രൂപ്പിന് രൂപം നല്‍കി താരിഫ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തതിന്റെ ഫലമായി സമ്പന്ന രാജ്യങ്ങളില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുത്തു. എന്നാലതിനെ നിരുത്സാഹപ്പെടുത്താനും വികസ്വര രാജ്യങ്ങളെ തളച്ചിടാനും വേണ്ടിയാണ് സമ്പന്ന രാജ്യങ്ങള്‍ ഡബ്ല്യൂ ടി ഓ കരാര്‍ ഉണ്ടാക്കിയത്. അതനുസരിച്ച് സമയബന്ധിതമായി എല്ലാ അംഗങ്ങളും സ്വതന്ത്ര വ്യാപാര ക്രമം അംഗീകരിക്കണമെന്ന ആശയം ശക്തമായി. ഈയവസ്ഥയില്‍ ജി-77 നിര്‍ജ്ജീവമായി. മൂന്നാം ലോകരാജ്യങ്ങളുടെ മുന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യയെ തങ്ങളുടെ വശത്തേയ്ക്ക് മാറ്റാന്‍ സമ്പന്ന രാജ്യങ്ങള്‍ നിരന്തരം ശ്രമം തുടങ്ങി. ഇന്ത്യയുടെ വികസന മുന്നേറ്റത്തെ അവര്‍ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ വിപണിയുടെ വലുപ്പം അവരെ ആകര്‍ഷിച്ചു. ഇന്ത്യയിലെ മനുഷ്യ സമ്പത്തും സാങ്കേതിക വിദ്യയിലുള്ള കൈക്കരുത്തും തങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ഒരു വശത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയെ ഒതുക്കണമെങ്കില്‍ ഇന്ത്യയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതിന്റെ കൂടിയുണ്ടായ ഫലമാണ് ഇന്ത്യയെ ജി-20 ലേയ്ക്ക് ആകര്‍ഷിച്ച നടപടി. ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വേദിയായി അറിയപ്പെടുന്ന ജി-20 ല്‍ ഇന്ത്യ അംഗമായിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യ ദരിദ്ര രാജ്യങ്ങളുടെ, വികസ്വര രാജ്യങ്ങളുടെ, മൂന്നാം ലോക രാജ്യങ്ങളുടെ കൂടെ ഇനിയുണ്ടായിരിക്കുകയില്ലെന്ന സൂചന ശക്തമായി. ആഗോള ക്രമത്തിലെ ബലപരീക്ഷണങ്ങള്‍ തുടരുകയാണ്.

ഇക്കഴിഞ്ഞയാഴ്ചയാണ് ജി 20 ന്റെ സിയോള്‍ (കൊറിയ) സമ്മേളനം അവസാനിച്ചത്. ജി-20 സമ്മേളനത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി ഉണ്ടായ അവസരത്തിലാണ് ജി-20 1999 ല്‍ നിലവില്‍ വന്നത്. ഫൈനാന്‍ഷ്യല്‍ വിപണിയില്‍ സ്ഥിരത സൃഷ്ടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന് അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണ്. ത്വരിത വികസനത്തിന് വേണ്ട നയങ്ങളില്‍ പ്രധാനം മൂലധനമാണ്. ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡ് സ്ഥാപിച്ചാല്‍ ഫൈനാന്‍ഷ്യല്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കാന്‍ പറ്റും. ജി-20 നെ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിനാവശ്യമായ ഒരു വേദിയായി മാറ്റാനാണ് തീരുമാനം.

എന്നാല്‍ ഈയവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോളക്രമത്തില്‍ സമ്പന്ന രാജ്യങ്ങളുടെയും മറ്റ് കൂട്ടുകെട്ടുകളും ഇന്ന് നിലവിലുണ്ട്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂണിയന്‍, ജി-8, ജി-4 എന്നീ ഗ്രൂപ്പുകള്‍. ഇന്ന് നടക്കുന്ന ആഗോളതല ചര്‍ച്ചകളില്‍ ഭാവിയില്‍ ഏത് ദിശയിലേയ്ക്കാണ് ആഗോളക്രമത്തിലെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നീങ്ങുന്നതെന്ന ചില സൂചനകള്‍ വന്നിട്ടുണ്ട്.

ഒരുകാലത്ത് അമേരിക്കയുടെ എതിര്‍പക്ഷത്തായിരുന്നു സോവിയറ്റ് യൂണിയന്‍. അമേരിക്കയുടെ പിറകില്‍ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും സമ്പന്ന രാജ്യങ്ങള്‍ അണിനിരന്നു. സോവിയറ്റ് യൂണിയന്റെ പിറകില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച രാജ്യങ്ങളും അണിനിരന്നു. എന്നാല്‍ ഇവയ്ക്ക് രണ്ടും വ്യത്യസ്തമായി കൊളോണിയല്‍ ബന്ധനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. മാര്‍ഷല്‍ ടിറ്റോ, സുക്കാര്‍ണോ, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ഈ മൂന്നാംലോക സംഘത്തിന് രൂപം നല്‍കിയത്. എന്നാലിന്ന് മേല്‍സൂചിപ്പിച്ച മൂന്ന് സംഘങ്ങളും പ്രവര്‍ത്തനത്തിലില്ല. സോവിയറ്റ് യൂണിയന്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നൊക്കെപ്പറഞ്ഞ് വിപണി സമ്പ്രദായത്തോട് അടുത്തു. സാമ്പത്തിക പുനസംഘടനയും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. ഇതേസമയത്ത് ചൈന സോഷ്യലിസ്റ്റ് പാതയില്‍ നിന്നും അധികം വ്യതിചലിക്കാതെ വിപണി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം കൊണ്ട് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചത്. ചൈനയുടെ ചില സാമ്പത്തിക-വ്യാപാര നയങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ചൈനയുടെ കറന്‍സി മൂല്യം ചൈനയ്ക്ക് അനുകൂലമാക്കിവെച്ച്, ലോക കയറ്റുമതി വിപണി അത് കൈയ്യടക്കിയിരിക്കുകയാണ്. ചൈനയുടെ വ്യാപാരമിച്ചം അതിഭീമമാണ്. അതേ സമയത്ത് അത്രയും തന്നെ ഭീമമാണ് അമേരിക്കയുടെ വ്യാപാര കമ്മിയും. ആഗോളക്രമത്തില്‍ അമേരിക്കയും ചൈനയും നടത്തുന്ന നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം ഇന്ത്യയും അനുഭവിക്കുന്നുണ്ട്.

അമേരിക്കയില്‍ ഒരു വിഭാഗം ചിന്തകര്‍, അമേരിക്ക ചൈനയുമായി കൂടുതല്‍ സൗഹൃദം സൃഷ്ടിക്കണമെന്ന് വാദിക്കുന്നു. അതിന്റെ തുടക്കമായി ജി-20 ന് പകരം ജി-2 എന്ന സംഘത്തിന് രൂപം നല്‍കാന്‍ ഒബാമയുടെ മേല്‍ സമ്മര്‍ദമുണ്ട്. അമേരിക്കയും ചൈനയും ഒന്നുചേര്‍ന്ന് ജി -2 ഉണ്ടാകുമോ? രണ്ട് രാജ്യങ്ങളും പരസ്പരം പലവിധ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആഗോളക്രമം, ആഗോള വിപണി എന്നിവ രണ്ടായി വീതിച്ച് എടുക്കാനാണ് ജി-2 മുന്‍ഗണന നല്‍കുക.

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒരു വശത്ത് ''മള്‍ട്ടിലാറ്ററലിസം'' അന്താരാഷ്ട്ര സഹകരണം എന്നൊക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്ന സമയത്ത് തന്നെ, സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജി-2 ഉണ്ടാകുന്നതിന് മുമ്പ് നാം ജാഗരൂകരാകേണ്ടതുണ്ട്.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 25-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒരു വശത്ത് ''മള്‍ട്ടിലാറ്ററലിസം'' അന്താരാഷ്ട്ര സഹകരണം എന്നൊക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്ന സമയത്ത് തന്നെ, സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജി-2 ഉണ്ടാകുന്നതിന് മുമ്പ് നാം ജാഗരൂകരാകേണ്ടതുണ്ട്.