Saturday, November 13, 2010

ഓങ് സാന്‍ സൂകി മോചിതയായി

മ്യാന്മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി മോചിതയായി. ഇവരുടെ വീടിനുമുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് സൂകി മോചിതയായി.

മ്യാന്‍മറില്‍ (പഴയ ബര്‍മ) ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന്റെ പേരിലാണ് പട്ടാള ഭരണകൂടം ഓങ് സാന്‍ സൂകിയെ വീട്ടു തടങ്കലിലാക്കിയത്. സൂകിയുടെ മോചനത്തിനായി ലോകമെങ്ങും ഉയരുന്ന മുറവിളികള്‍ക്കിടെ, രണ്ടു പതിറ്റാണ്ടായി ഭരണകൂടം അവരുടെ തടങ്കല്‍ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27ന് തടങ്കല്‍ കാലാവധി അവസാനിച്ചെങ്കിലും സൂകിയെ തടവിലാക്കിയിരിക്കുന്ന വീടിനു സമീപം ഒരു അമേരിക്കന്‍ പൗരനെ കണ്ടെത്തിയെന്ന പേരില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

ഇരുപതു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബര്‍മയുടെ സ്ഥാപകനായി കരുതപ്പെടുന്ന ജനറല്‍ ഓങ് സാന്റെ മകളായ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) വിജയം നേടിയിരുന്നു. നേരത്തെ യാംഗോണ്‍ വിടണമെന്ന നിബന്ധനയില്‍ ഭരണാധികാരികള്‍ സൂകിക്ക് മോചന വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

സൂകിയുടെ മോചനം പ്രതീക്ഷിച്ച് നൂറുകണക്കിന് അനുയായികളാണ് എന്‍ എല്‍ ഡി ആസ്ഥാനത്ത് തടിച്ചുകൂടിയത്.

2002ല്‍ തടങ്കലില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ട സൂകിക്ക് വന്‍ വരവേല്‍പ്പായിരുന്നു അനുയായികള്‍ യാംഗോണില്‍ ഒരുക്കിയത്. തൊട്ടടുത്ത വര്‍ഷം സൂകിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ ഭരണകൂടം വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു.

*
കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മ്യാന്മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി മോചിതയായി. ഇവരുടെ വീടിനുമുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് സൂകി മോചിതയായി.