Friday, November 5, 2010

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക - ഏറ്റവും പ്രധാന രാഷ്‌ട്രീയ ദൌത്യം

കേരള ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമിറ്റി അംഗവുമായ ഡോ.ടി.എം. തോമസ് ഐസക്കുമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം 2010 നവംബര്‍ 2ന് ആര്‍. രാം‌കുമാര്‍ നടത്തിയ അഭിമുഖം.

രാംകുമാര്‍: 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? 2009 ലെ ഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിനു നേട്ടവും 2005ലെ ഫലവുമായി തട്ടിക്കുമ്പോള്‍ കോട്ടവും ഉണ്ടായി എന്നൊരു വാദമുണ്ടല്ലോ...

തോമസ് ഐസക് : ഞാന്‍ ആ പ്രസ്‌താവനയോട് പൂര്‍ണ്ണമായും യോജിക്കുന്നു. 2005മായി താരതമ്യം ചെയ്യുമ്പോള്‍ ഇടത് ജനാധിപത്യമുന്നണിക്ക് വലിയൊരു തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 2005ല്‍ ഞങ്ങള്‍ക്ക് മൊത്തം പോള്‍ ചെയ്‌ത വോട്ടിന്റെ 49.2 ശതമാനം ലഭിച്ചിരുന്നു. 2010ല്‍ അത് 42.3 ശതമാനത്തിലേക്ക് താണിരിക്കുന്നു- 6.9 വോട്ടിന്റെ കുറവ്. 2005ല്‍ ഞങ്ങളുടെ കൂടെ കെ. മുരളീധരന്‍ നേതൃത്വത്തിലുള്ള, കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയവരുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്(ഡി.ഐ.സി) ഉണ്ടായിരുന്നു. അവര്‍ ആ തെരഞ്ഞെടുപ്പില്‍ 4.7 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു. ആ ഗ്രൂപ്പ് ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. അതിനു പുറമെ, മറ്റു ചില രാഷ്‌ട്രീയകക്ഷികളും 2005നും 2010നും ഇടക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിട്ടുപോയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍ - ഇവര്‍ 2005ല്‍ 0.4 ശതമാനം വോട്ട് നേടിയിരുന്നു.), കേരള കോണ്‍ഗ്രസ് (ജോസഫ് ഗ്രൂപ്പ് - ഇവര്‍ക്ക് 2005ല്‍ 1.8 ശതമാനം വോട്ട് ലഭിച്ചിരുന്നു), ജനതാദള്‍ ( 2005ല്‍ ഇവര്‍ 2.4 ശതമാനം വോട്ട് നേടി) എന്നിവരൊക്കെയാണ് വിട്ടുപോയ മറ്റു കക്ഷികള്‍. ഇവര്‍ക്കെല്ലാം കൂടി ഏതാണ്ട് 9 ശതമാനം വോട്ട് 2005ല്‍ ലഭിച്ചിരുന്നു. ഇത്തവണ ഈ കക്ഷികള്‍ എല്ലാമോ, അല്ലെങ്കില്‍ ഈ കക്ഷികളിലെ ഭൂരിഭാഗവുമോ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അതുകൊണ്ട് 2005 മായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു എന്നത് ആശ്ചര്യജനകമല്ല.

2005ല്‍ സംസ്ഥാനത്തെ എല്ലാ തലത്തിലുമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷം നേടിയിരുന്നു. അത് തീര്‍ച്ചയായും കേരളത്തെ സംബന്ധിച്ച് അസാധാ‍രണമായ ഫലം ആയിരുന്നു. കേരളത്തില്‍ വിവിധ മുന്നണികള്‍ തമ്മിലുള്ള ബലാബലം ഏതെങ്കിലും ഒരു മുന്നണിക്ക് മൃഗീയമായ ഭൂരിപക്ഷം ലഭിക്കുന്ന തരത്തിലുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ തിരിച്ചടി ഞങ്ങള്‍ക്ക് അത്ര അപരിചിതമല്ല. 2000ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായപ്പോൾ, ഞങ്ങള്‍ക്ക് 42.6 ശതമാനം വോട്ട് നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

എങ്കിലും 2009ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടായിട്ടുണ്ട്. വോട്ട് ഷെയര്‍ നോക്കിയാല്‍ ഞങ്ങള്‍ക്ക് 0.4 ശതമാനം നേട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, ലഭിച്ച വോട്ടിന്റെ കാര്യത്തില്‍ സ്ഥിതി കുറച്ച് കൂടി മെച്ചമാണ്. 2009ല്‍ ഞങ്ങള്‍ക്ക് 67.2 ലക്ഷം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ 2010ല്‍ ഞങ്ങള്‍ക്ക് ഏതാണ്ട് 77.8 ലക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 10.6 ലക്ഷം വോട്ടിന്റെ വര്‍ദ്ധന. കണ്ണൂരിലും ആലപ്പുഴയിലും യു.ഡി.എഫിനു യഥാര്‍ത്ഥത്തില്‍ 2009ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ യു.ഡി.എഫിനു എല്‍.ഡി.എഫിനേക്കാള്‍ 3 ശതമാനം വോട്ടുകള്‍ മാത്രമേ അധികമായുള്ളൂ. ഏതാണ്ട് 7 ലക്ഷം വോട്ടിന്റെ വ്യത്യാസം. കേരളത്തില്‍ നിലവിലുള്ള ശാക്തികസന്തുലനം വെച്ച് നോക്കുമ്പോള്‍ തികച്ചും സാധാരണ കാര്യമാണിത്.

രാംകുമാര്‍: 2010ലെ ഫലത്തില്‍ താങ്കള്‍ ഏതെങ്കിലും തരത്തിലുള്ള പാറ്റേണ്‍ കാണുന്നുണ്ടോ? പാറ്റേണ്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഭൂമിശാസ്‌ത്രപരമായും വിവിധ വർഗാടിസ്ഥാനത്തിലും ഏതെങ്കിലും പാറ്റേൺ ദൃശ്യമാകുന്നുണ്ടോ എന്നാണ്.

തോമസ് ഐസക്: ഉവ്വ്. വര്‍ഗാടിസ്ഥാനത്തില്‍ പറഞ്ഞാല്‍, ഉപരിവര്‍ഗ ക്രിസ്‌ത്യന്‍ വോട്ടുകള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നിട്ടുണ്ട്. പക്ഷേ, ഇതൊരിക്കലും മുഴുവന്‍ ക്രിസ്‌ത്യന്‍ സമുദായവോട്ടുകള്‍ക്കും ബാധകമായ ഷിഫ്‌റ്റ് ആയി കാണരുത്. കേരളത്തിന്റെ തീരദേശമേഖലയില്‍ എല്‍.ഡി.എഫിനു നിര്‍ണ്ണായകമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് പാവപ്പെട്ട ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍, പ്രത്യേകിച്ചും മുക്കുവര്‍, താമസിക്കുന്നത്. എല്‍.ഡി.എഫിനെതിരെ വോട്ടു ചെയ്യുവാനുള്ള പള്ളിയുടെ ആഹ്വാനത്തിന് ഇവര്‍ ചെവി കൊടുത്തിട്ടില്ല. അടിസ്ഥാനപരമായി, ഞങ്ങള്‍ കാണുന്നത് മദ്ധ്യതിരുവിതാംകൂറിലെയും ഹൈറേഞ്ച് മേഖലയിലെയും ക്രിസ്‌ത്യന്‍ സമുദായത്തിലെ ചിലര്‍ യു.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്‌തു എന്നാണ്.

കേരളത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ - പാവപ്പെട്ടവര്‍; എക്കാലവും ഇടതുപക്ഷത്തിനു വോട്ട് ചെയ്‌തിട്ടുണ്ട്. ആ ഒരു അടിത്തറക്ക് ഈ തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും കുലുക്കമുണ്ടായിട്ടില്ല. ഇടതുപക്ഷത്തിനു 42.3 ശതമാനം വോട്ട് കിട്ടി എന്ന വസ്‌തുത ഇടതുപക്ഷത്തിന്റെ ബഹുജനാടിത്തറ ഭദ്രമാണെന്നതിന്റെ സൂചനയാണ്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മധ്യവര്‍ഗ വോട്ടുകളില്‍ ഇടതുപക്ഷത്തിനെതിരായി വന്ന ഒരു വ്യതിയാനമാണ്. അത് തീര്‍ച്ചയായും സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷം പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഒരു വിഷയമാണ് അത്. രണ്ട് ഘടകങ്ങള്‍ ഇതിനു കാരണമായിട്ടുണ്ട്. ഒന്ന്, മതന്യൂനപക്ഷത്തിലെ ഉപരിവര്‍ഗം ഇടതുപക്ഷത്തു നിന്നും നിര്‍ണ്ണായകമായ രീതിയില്‍ അകന്നത്. മധ്യവര്‍ഗത്തിലെ ഒരു വിഭാഗവും അവരെ പിന്‍‌പറ്റി. രണ്ടാമതായി, കേരളത്തിലെ വളര്‍ന്നു വരുന്ന ഈ വിഭാഗത്തിന്റെ യഥാർത്ഥ ആവലാതികളെ ശരിയാംവണ്ണം അഭിസംബോധന ചെയ്യുവാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇടതുപക്ഷം ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്.

രാംകുമാര്‍: ഇതായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിവായ ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു കാര്യം; ഇടതുപക്ഷത്തിനു ദരിദ്ര ജനവിഭാഗത്തിന്റെ മിക്കവാറും ആവലാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മധ്യവര്‍ഗത്തിന്മേലുള്ള അതിന്റെ സ്വാധീനം നഷ്‌ടപ്പെട്ടു. തൊഴിലുകള്‍ സൃഷ്‌ടിക്കൽ‍, അടിസ്ഥാനസൌകര്യവികസനം, റോഡുകളുടെ സ്ഥിതി എന്നിവയുടെ ഒക്കെ പ്രശ്‌നമായി ഇത് അവതരിപ്പിക്കപ്പെട്ടു. പൊതുവില്‍ പറഞ്ഞാല്‍, പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലുള്ള പരാജയം അത്ര നിസ്സാരമായി കാണുവാന്‍ മധ്യവര്‍ഗം തയ്യാറായില്ല. താങ്കള്‍ ഇതിനോട് യോജിക്കുമോ?

തോമസ് ഐസക്. ഇത് ഭാഗികമായി ശരിയാണ്. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ സാമൂഹികസുരക്ഷാ സംവിധാനത്തെയും ക്ഷേമപരിപാടികളെയും നല്ല രീതിയില്‍ വിപുലീകരിച്ചിട്ടുണ്ട്. ഇതിനു ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായ അംഗീകാ‍രവുമുണ്ട്. എന്നാൽ, മറ്റു വിഭാഗങ്ങളുടെ കാര്യമോ? നമുക്കത് പരിശോധിക്കാം. ഇത് വിശദമാക്കുന്നതിനായി ഞാന്‍ രണ്ട് കാര്യങ്ങള്‍ പറയാം. ഒന്ന്, കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാനസൌകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകത. രണ്ട്, “ഉയര്‍ന്ന ഗുണനിലവാരമുള്ള” തൊഴിലുകള്‍ സൃഷ്‌ടിക്കുന്ന പുത്തന്‍ വളര്‍ച്ചാമേഖലകളുടെ വികാസം. അടിസ്ഥാനസൌകര്യ വികസനത്തിന്റെ കാര്യത്തിൽ‍, വളരെയേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ ഫലം കാണുവാന്‍ സമയം എടുക്കും. കുടിവെള്ളവിതരണത്തിനായുള്ള മേജര്‍ പ്രോജക്‌ടുകളും പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്.

റോഡുകളുടെ അവസ്ഥയില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇത് കുറെക്കാലമായുള്ള ഒരു പ്രതിസന്ധി ആണ്. ഇക്കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കേരളത്തിലെ വാഹനഗതാഗതത്തിന്റെ സ്വഭാവവും സമ്മര്‍ദ്ദവും നാടകീയമായ രീതിയില്‍ മാറിയിട്ടുണ്ട്. ഒരു കിലോമീറ്ററില്‍ ഇത്രവാഹനങ്ങള്‍ എന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. നിര്‍മ്മാണസാമഗ്രികളും കയറ്റുമതി വസ്‌തുക്കളും വഹിക്കുന്ന വമ്പന്‍ ട്രക്കുകളുടെ സഞ്ചാരവും - ഗ്രാമീണ റോഡുകളില്‍ പോലും - കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രാദേശിക, ജില്ലാ റോഡുകളുടെ നിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു വാഹനഗതാഗത സാന്ദ്രതയെ ഉള്‍ക്കൊള്ളുവാന്‍ അവ പര്യാപ്‌തമല്ല. ഇത് ഈ റോഡുകളുടെ സ്ഥിതി മോശമാക്കിയിട്ടുണ്ട്. ഞങ്ങള്‍ റോഡുകളുടെ റിപ്പയറിനും സംരക്ഷണത്തിനുമായി വലിയൊരു പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ സ്ഥിതിഗതിയില്‍ നിന്ന് പുറത്തുകടക്കുവാന്‍ നാം കുറച്ച് സമയമെടുക്കും. കാരണം റോഡ് നിര്‍മ്മാണത്തിനായി കേരളം പുത്തൻ സാങ്കേതികവിദ്യ സാംശീകരിക്കേണ്ടതുണ്ട്. അതിനു വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. അതിനാൽ ഈ പരിവര്‍ത്തനം പൂര്‍ത്തിയാകുവാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനൊരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വമ്പൻ പ്രോജക്റ്റുകളെ ഒഴിച്ചു നിറുത്തിയാലും, സംസ്ഥാന ബജറ്റില്‍ നിന്നുള്ള നിക്ഷേപം - കുടിവെള്ളത്തിനും പൊതുമരാമത്തിനും ആയുള്ള മൊത്തം ചിലവ്- സാധാരണഗതിയില്‍ പ്രതിവര്‍ഷം ശരാശരി 500 കോടി രൂപയോളമാണെങ്കിലും, കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഫിസ്കല്‍ സ്റ്റിമുലസ് പാക്കേജിന്റെ ഭാഗമായി 6000-7000 കോടി രൂപയുടെ പൊതുമരാമത്ത് പണികള്‍ക്കുള്ള ഭരണപരമായ അനുമതി നല്‍കി. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഇതിനു മുന്‍പുണ്ടായിട്ടില്ലാത്ത ഒന്നാണ്. ഈ നിക്ഷേപത്തിന്റെയും അതിന്റെ മൾട്ടിപ്ലൈയിംഗ് എഫക്‌റ്റും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ അടുത്തു തന്നെ കാണാന്‍ കഴിയും.

ഞങ്ങള്‍ (മധ്യവര്‍ഗത്തിന്റെ) ഇത്തരം ആവലാതികള്‍ പരിഹരിക്കുവാനും ശ്രമിക്കുന്നുണ്ട്. റോഡുകളും അടിസ്ഥാനസൌകര്യവും മെച്ചപ്പടുവാന്‍ പോകുകയാണ്. ഇക്കൊല്ലം കേരളത്തില്‍ ശക്തമായ കാലവര്‍ഷം ഉണ്ടായി. മഴ കുറഞ്ഞ് തുടങ്ങിയിട്ടേ ഉള്ളൂ. മഴ തീരുന്നതുവരെയും ഒരു തരത്തിലുള്ള റിപ്പയറിംഗും സാധ്യമായിരുന്നില്ല. വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളിൽ തീര്‍ച്ചയായും ഇക്കാര്യത്തില്‍ നല്ല വ്യത്യാസം ദൃശ്യമാകും.

പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ നിലവാരമുള്ള തൊഴിലുകൾസൃഷ്‌ടിക്കുന്നതിന്റെ കാര്യത്തിലും‍, പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ, വിവരസാങ്കേതികമേഖലയുടെയും മറ്റു ചില high-value മേഖലകളുടെയും കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെപ്പറ്റി ഗൌരവകരമായ ഒരു ആത്മപരിശോധന നടത്തുവാന്‍ പോകുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ഖണ്ഡിതമായൊരു നയം ഞങ്ങള്‍ രൂപീകരിക്കും.

രാംകുമാര്‍: മറ്റൊരു സാമാന്യ ധാരണയെക്കുറിച്ച് ചോദിച്ചോട്ടെ. വികസനേതര ഘടകങ്ങൾ തെരെഞ്ഞെടുപ്പിൽ മുൻ‌കൈ നേടുന്നതിനെക്കുറിച്ചാണത്. ധാരാളം വികസന നേട്ടങ്ങൾ കരസ്ഥമാക്കിയ, അതിനു വ്യാപകമായ അംഗീകാരവും പ്രശംസയുമൊക്കെ ലഭിച്ച ഒട്ടേറെ പഞ്ചായത്തുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഇലപ്പുള്ളി പഞ്ചായത്ത് തന്നെ ഉദാഹരണം. അതിനാൽ ഒരു ചോദ്യം ഉയരുന്നുണ്ട്, തെരെഞ്ഞെടുപ്പ് വിജയത്തിൽ വികസനത്തിന് എന്തെങ്കിലും സാംഗത്യമുണ്ടോ?

തോമസ് ഐസക് .നോക്കൂ, 1996 ൽ നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണത്തെത്തുടർന്ന് പഞ്ചായത്തുകൾക്ക് ഇന്ന് വിപുലമായ അധികാരങ്ങളാണുള്ളത്. അതിനാൽ തന്നെ, പഞ്ചായത്തുകളിലും ഭരിക്കുന്ന മുന്നണിയ്‌ക്കെതിരായ മനോഭവം ( ആന്റി ഇൻ‌കുംബൻസി ഫാൿറ്റർ) പ്രകടമാകാനുള്ള സാധ്യതയുണ്ട്. സദ്‌ഭരണവും മികച്ച പ്രകടനവും ഒക്കെ ഭരണസമിതികളെ വിലയിരുത്തുമ്പോൾ മുഖ്യ മാനദണ്ഡങ്ങൾ ആകുന്നുണ്ട്. നല്ല ഭരണം കാഴ്‌ച വയ്‌ക്കുന്നതിലും, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിലും നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, അതിന് തീർച്ചയായും കനത്ത വില കൊടുക്കേണ്ടി വരും.

എന്നാൽ സീറ്റുകൾ നഷ്‌ടപ്പെട്ടതിന് കാരണം അതു മാത്രമല്ല. എത്ര മെച്ചപ്പെട്ട ഭരണം കാഴ്‌ച വച്ചാലും ശക്തമായ രാഷ്‌ട്രീയ ഘടകങ്ങൾക്ക് പ്രാദേശിക സന്തുലിതാവസ്ഥയെ തകിടം മറിക്കാൻ കഴിയും എന്നത് നാം വിസ്‌മരിച്ചുകൂടാ. താങ്കൾ ഇലപ്പുള്ളി പഞ്ചായത്തിനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ? അവിടെ നമ്മെ തോൽ‌പ്പിക്കുവാൻ കോൺഗ്രസ്സും ബിജെപിയും ധാരണയിലെത്തുകയായിരുന്നു. ഇത് ഇലപ്പുള്ളിയിൽ മാത്രം അരങ്ങേറിയ ഒറ്റപ്പെട്ട ഒരു സംഭവം അല്ല. തൃശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിന്റെയോ കണ്ണാടിയ്‌ക്കൽ പഞ്ചായത്തിന്റെയോ കാര്യം പരിശോധിയ്‌ക്കൂ. വല്ലച്ചിറയിൽ കോൺഗ്രസ്സും ബി ജെ പിയും ഒരു പൊതു ചിഹ്നത്തിലാണ് മത്സരിച്ചത്, മാങ്ങ. മറ്റു ചില പഞ്ചായത്തുകളിൽ ആപ്പിൾ ആയിരുന്നു പൊതു ചിഹ്‌നം. സാമാന്യമായി പറയുകയാണെങ്കിൽ, ബി ജെ പി തങ്ങളുടെ വോട്ടുകൾ വലിയ തോതിൽ തന്നെ കോൺഗ്രസ്സിനു കൈമാറുകയായിരുന്നു. കോൺഗ്രസ്സാവട്ടെ, പ്രത്യുപകാരമെന്നോണം, ബി ജെ പിയ്‌ക്ക് താൽ‌പ്പര്യമുള്ള അവിടെയും ഇവിടെയുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഏതാനും സീറ്റുകളിൽ, സഹായിക്കുകയായിരുന്നു.അതിനാൽ തന്നെ 2005 ൽ ബി ജെ പി യ്‌ക്ക് കിട്ടിയ വോട്ടുമായി താരതമ്യം ചെയ്‌താൽ 2010 ൽ കിട്ടിയ വോട്ട് കുറവാണെന്ന് കാണാം. വോട്ട് ഇപ്രകാരം കുറയുമ്പോൾ തന്നെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ബി ജെ പി ജയിച്ചതായി ( ജോഗ്രാഫിക്കൽ സ്‌പ്രെഡ് വർദ്ധിച്ചതായി) കാണാം. വളരെ നല്ല പ്രകടനം കാഴ്‌ച വച്ചിട്ടും ചില പഞ്ചായത്തുകൾ നമുക്ക് നഷ്‌ടമായത് കോൺഗ്രസ്സും ബി ജെ പി യും തമ്മിലുണ്ടാക്കിയ ഈ ധാരണ മൂലമാണെന്ന് കാണാൻ കഴിയും.

മെച്ചപ്പെട്ട ഭരണം കാഴ്‌ച വച്ചിട്ടും മറ്റു ചിലപഞ്ചായത്തുകളിൽ നാം പരാജയപ്പെട്ടു. ഇത്തരം പ്രദേശങ്ങളിലെ പരാജയ കാരണം സംസ്ഥാനത്തെ സി‌പിഐ എമ്മിനകത്ത് ചില പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിഭാഗീയതയാണോ എന്ന് നാം സ്വയം വിമർശനപരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ചില പ്രദേശങ്ങളിലെയെങ്കിലും പരാജയത്തിന് ഈ ഘടകവും ഒരു കാരണമായിട്ടുണ്ടാവാം.

രാംകുമാര്‍: വിഭാഗീയതയെക്കുറിച്ച് താങ്കൾ പറഞ്ഞുവല്ലോ? പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചാണോ അതോ ഈയിടെ പാർട്ടിയിൽ നിന്നും പുറത്തായ ചില വ്യക്തികളെക്കുറിച്ചാണോ താങ്കൾ ഉദ്ദേശിക്കുന്നത്? ഞാനുദ്ദേശിക്കുന്നത് ഒഞ്ചിയം , ഷൊറണൂർ തുടങ്ങിയവയെക്കുറിച്ചാണോ താങ്കളുടെ പരാമർശം എന്നാണ്.

തോമസ് ഐസക് .ഞാൻ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒഞ്ചിയം , ഷൊറണൂർ പ്രദേശങ്ങളിൽ നിന്ന് ഈയിടെ പാർട്ടി വിട്ടവരുടെ സ്വാധീനത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം വളരെ ഏറെ ഊതിപ്പെരുപ്പിച്ചതാണ്. കേരളത്തിൽ., ഈ അടുത്ത കാലത്ത് തന്നെ, ഇവരേക്കാൾ വലിയ നേതാക്കൾ പാർട്ടി വിട്ടു പോയിട്ടുണ്ട്. എം വി രാഘവനും ഗൌരി അമ്മയുമൊക്കെ അങ്ങനെ പാർട്ടി വിട്ടവരാണ്. ഇപ്പോൾ പാർട്ടി വിട്ടവരേക്കാൾ ജനകീയാദരവും അംഗീകാരവും ഒക്കെ നേടിയവരായിരുന്നു അവർ. പാർട്ടിയെ പിളർത്തിയവർക്ക് അവരുടെ ശക്തികേന്ദ്രങ്ങളിൽ‌പ്പോലും നമ്മെ തോൽ‌പ്പിക്കാനായിട്ടില്ല. പാർട്ടി വിട്ട വ്യക്തികളുടെ സ്വാധീനം വളരെ പരിമിതമാണെന്നു കാണാം.

എന്നാൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുടെ പ്രവണതകൾ ഇപ്പോഴും നിലനിൽക്കുണ്ട്. പാർലമെന്ററി വ്യതിയാനമാണ് പാർട്ടിക്കുള്ളിലെ ഇത്തരം വിഭാഗീയതയുടെ മൂല കാരണമെന്ന് നാം കണ്ടെത്തിയതാണ്. തെറ്റു തിരുത്തൽ നടപടികളിലൂടെ തുടർന്നും അഭിസംബോധന ചെയ്യേണ്ട ഒരു മുഖ്യ വ്യതിയാനമാണ് ഇപ്പോഴും പാർലമെന്ററി വ്യാമോഹം. ഇതു മൂലം, ജനഹിതമോ സ്ഥാനാർത്ഥികളുടെ സ്വഭാവ ഗുണമോ ഒന്നു പരിഗണിക്കപ്പെടാതെ, അർഹതയില്ലാത്ത പലരും പലയിടങ്ങളിലും സ്ഥാനാർത്ഥി ലിസ്‌റ്റിൽ കടന്നു കൂടി. തെറ്റു തിരുത്തൽ കാമ്പയിനിൽ ഇത്തരം കാര്യങ്ങളും ഞങ്ങൾ നിശിതമായി പരിശോധിക്കും. എത്രയും പെട്ടെന്ന് തന്നെ ഈ പരിശോധന തുടങ്ങുന്നതാണ്.

രാംകുമാര്‍: തെറ്റു തിരുത്തൽ രേഖയിലെ നിർദ്ദേശങ്ങൾ എന്തുമാത്രം നടപ്പിലായിട്ടുണ്ട്?

തോമസ് ഐസക് . സംസ്ഥാന കമ്മിയുടെ നിലവാരത്തിൽ സ്വയം വിമർശനവിമർശനവും വിലയിരുത്തലും പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. നവ്മ്പർ 5, 6, 7 തീയതികളിൽ ഈ രേഖയുടെ വെളിച്ചത്തിൽ എല്ലാ ജില്ലാക്കമ്മിറ്റികമ്മിറ്റികളും നിശിതമായ ആത്മപരിശോധന നടത്തുകയാണ്. അതായത്, തെറ്റുതിരുത്തൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ തുടങ്ങുകയാണ്.

രാംകുമാര്‍: രണ്ടു കോണുകളിൽ നിന്ന് ഇടതു പക്ഷത്തിനെതിരെ ഒറ്റക്കെട്ടായ കടുത്ത ആക്രമണമുണ്ടായി എന്നത് വളരെ വ്യക്തമാണ്: അതിലൊന്ന് വർഗീയ ശക്തികളിൽ നിന്നായിരുന്നുവെങ്കിൽ മറ്റേത് മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നയിരുന്നു. ഇതിനെക്കുറിച്ച് താങ്കൾ എന്തു പറയുന്നു?

തോമസ് ഐസക് . ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായ ശക്തികളെല്ലാം ഒന്നിക്കുന്ന കാഴ്‌ചയാണ് നാം കണ്ടത്. ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ, ഒന്നാമതായി, ചില രാഷ്‌ട്രീയ പാർട്ടികൾ എൽ ഡി എഫ് വിട്ടു പോയി. രണ്ടാമതായി സഭ ഇടതു ജനാധിപത്യമുന്നണിയ്‌ക്കെതിരായി പരസ്യമായ ഒരു സമീപനം കൈക്കൊണ്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ ലക്ഷ്യമിട്ട് സർക്കാർ കൈക്കൊണ്ട ചില നടപടികളാണ് സഭയുടെ ഈ സമീപനത്തിന്റെ അടിസ്ഥാനം. മദ്ധ്യ കേരളത്തിലും ഹൈറേഞ്ച് മേഖലയിലെ കുടിയേറ്റ കർഷകർക്കിടയിലും ഇടതുപക്ഷത്തിനെതിരെ പള്ളി വളരെ സജീവമായി പ്രചാരണങ്ങൾ നടത്തി

മുസ്ലീം സമുദായത്തിനിടയിൽ കമ്യൂണിസ്‌റ്റുകാർക്കെതിരായ വികാരം ക്രിസ്‌ത്യാനികളുടെ ഇടയിലുണ്ടായ പോലെ ശക്താമായിരുന്നില്ല. എങ്കിലും, മുസ്ലീം സമുദായത്തിലെയും ഉന്നത വർഗം ഇടതുപക്ഷത്തിൽ നിന്നും അകന്നുപോയതായി കാണാം. ജമാ അത്തും , എസ്‌ഡിപിഐ യും മറ്റു വർഗീയ ഗ്രൂപ്പുകളുമെല്ലാം പരസ്യമായിത്തന്നെ ഇടതുപക്ഷത്തിനെതിരായ നിലപാടാണ് എടുത്തത്. അങ്ങനെ, ഇടതുപക്ഷത്തിനെതിരെ വർഗീയ ശക്തികളുടെ, അതിൽ ഭൂരിപക്ഷ വർഗീയ ശക്തികളും ന്യൂന പക്ഷ വർഗീയ ശക്തികളും ഉൾപ്പെടും, സംയുക്തമായ കടന്നാക്രമണമാണുണ്ടായത് എന്നു കാണാം.

തൊടുപുഴയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രൊഫസറുടെ കൈ വെട്ടിയ കേസിൽ കുറ്റാരോപിതനായ ശ്രീ അനസ് എന്ന ഒരാൾ ജയിലിൽ കിടന്നുകൊണ്ട് തെരെഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. അയാൾ എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്കിൽ വഞ്ചിനാട് ഡിഷനിൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ശ്രദ്ധിയ്‌ക്കൂ...ഈ ഡിവിഷനു കീഴിൽ വരുന്ന 8 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും യൂ ഡി എഫ് ആണ് ജയിച്ചത് . എൽ ഡി എഫ് ജയിച്ച ഏക വാർഡിലാകട്ടെ ഭൂരിപക്ഷം കേവലം 3 വോട്ട് മാത്രമായിരുന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരം വന്നപ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമാകുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വാർഡുകളിലെല്ലാം കൂടി യൂ ഡി എഫ് 4309 വോട്ടുകൾ നേടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ അത് 2089 ആയി കുറഞ്ഞു. എന്നാൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയുടെ വോട്ട് 3992 ആയി ഉയർന്നു. കോൺഗ്രസ്സും എസ് ഡി പി ഐ യും തമ്മിൽ കച്ചവടം നടന്നു എന്ന കാര്യം വ്യക്തമാണ്. എസ് ഡി പി ഐ പഞ്ചായത്തു വാർഡുകളിൽ കോൺഗ്രസ്സിനു വോട്ടു ചെയ്‌തു, കോൺഗ്രസ് ബ്ലോക്ക് ഡിവിഷനിൽ എസ് ഡി പി ഐ യ്‌ക്ക് വോട്ടുകൾ നൽകി. ഇപ്രകാരം ഇടതുപക്ഷത്തിനെതിരായ കൂട്ടുമുന്നണീ വളരെ ആസൂത്രിതമായിരുന്നു, ശക്തവും.

ഇതൊക്കെയാണെങ്കിലും നാം 2009 ലെ സ്ഥിതിയിൽ നിന്നും ഏറെ മുന്നേറിയിട്ടുണ്ട്.

രാംകുമാര്‍: ന്യൂനപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലപാട് ചുരുക്കത്തില്‍ വിശദമാക്കാമോ?അതായത്, ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ ആധാരമാക്കിയുള്ള വിവിധ സംഘടനാ രൂപങ്ങളോടുള്ള സിപി‌ഐ എം നയം വ്യക്തമാക്കാമോ?

തോമസ് ഐസക് . നോക്കൂ, കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിനിടയില്‍ സി പി എമ്മിനു ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പിന്തുണ ക്രമമായി വര്‍ദ്ധിച്ചു വരികയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിൽ ഞങ്ങൾക്ക് സ്വാധീനം വളരെ കുറവായിരുന്നു, എന്നാലത് മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ പോലും വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നു കാരണങ്ങളാലാണിത് സംഭവിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍, മദ്രസ ജീവനാക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കല്‍ തുടങ്ങി മുസ്ലീം സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഇടതു പക്ഷം പ്രത്യേകം ശ്രദ്ധ കാണിച്ചു എന്നതാണ് ഒന്നാമത്തെ കാരണം . രണ്ടാമത്തെ കാരണം ദേശീയ തലത്തില്‍ ഇടതുപക്ഷം ബി ജെ പി യോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. മൂന്നാമതായി, അന്താരാഷ്‌ട്ര തലത്തിൽ സാമ്രാജ്യത്വത്തോടെടുക്കുന്ന കര്‍ക്കശമായ നിലപാടുകൾ മുസ്ലീം സമൂഹത്തിന്റെ അംഗീകാരം നേടിത്തന്നിട്ടുണ്ട്, വിശേഷിച്ചും ഈ സമൂഹത്തെ ലക്ഷ്യമാക്കി സാമ്രാജ്യത്വം കൈക്കൊള്ളുന്ന നയസമീപനങ്ങൾ പരിഗണിക്കുമ്പോൾ. കേരളത്തിനു പശ്ചിമേഷ്യയുമായുള്ള ശക്തമായ ബന്ധം വച്ചു നോക്കുമ്പോള്‍ ഇടതുപക്ഷം പിന്തുടരുന്ന സാമ്രാജ്യത്വ വിരുദ്ധ നയങ്ങളുടെ പ്രസക്തിയേറുകയാണ്.

എന്നാല്‍ ഈ മാറ്റം 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പോടെ നിന്നുപോയി. ബിജെപിയുടെ ഭീഷണി കാര്യമായി കുറഞ്ഞു പോയതും കോണ്‍ഗ്രസും മുസ്ലീം സമൂഹവുമായുണ്ടായിരുന്ന ബന്ധത്തില്‍ വന്ന പുരോഗതിയുമാണ് അതിനു കാരണം. ഇതേ സമയത്തു തന്നെയാണു കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരുന്ന തീവ്രവാദത്തിനെതിരെയും, ഇടതുപക്ഷത്തെ നിരന്തരം ആക്രമിച്ചു കൊണ്ടിരുന്ന ജമാ അത്തെ ഇസ്ലാമിക്കെതിരെയും ഇടതുപക്ഷം നിലപാട് കർക്കശമാക്കിയത്. എന്നാല്‍ ഈ സമീപനത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ നിലപാടാണെന്ന് ചിത്രീകരിക്കുന്നതില്‍ ചില നിക്ഷിപ്‌ത താല്പര്യക്കാർ വിജയിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും കേരള മുഴുവന്‍ ഇടതു പക്ഷത്തിനെതിരായി ഒരു ഏകീകരണം മുസ്ലീം സമൂഹത്തിനിടയില്‍ 2010 ല്‍ ഉണ്ടായിട്ടില്ല. മുസ്ലീം ഭൂ‍രിപക്ഷമുള്ള വളരെയധികം പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ഇടതു പക്ഷം വിജയിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ഫലങ്ങള്‍ എടുക്കുക. കോഴിക്കോട്ടെ വടകരയിലും കൊയിലാണ്ടിയിലും, തിരുവനന്തപുരത്തെ ബീമാപള്ളിയിലും മുസ്ലീങ്ങള്‍ ആവേശത്തോടെ ഇടതു പക്ഷത്തിനു വോട്ടു ചെയ്‌തു.അതു കൊണ്ട്, മധ്യതിരുവിതാകൂറിലെ ക്രിസ്‌ത്യന്‍ സമൂഹത്തിനിടയിലുണ്ടായ പോലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനെതിരായ ഏകീകരണം ഉണ്ടായിട്ടില്ല.

രാംകുമാര്‍: മാധ്യമങ്ങള്‍ ?

തീര്‍ച്ചയായും. കേരളത്തിലെ വോട്ടിംഗ് രീതിയെ മാധ്യമങ്ങള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ മുഖ്യാധാരാമാധ്യമങ്ങളും ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് അഞ്ച് 24*7 വാര്‍ത്താചാനലുകൾ ഉൾപ്പെടെ 16-17 ചാനലുകള്‍ നമുക്കുണ്ട്. മൂന്നു പുതിയ ചാനലുകള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട് 20 ലക്ഷം കോപ്പികള്‍ ദിവസേന അടിക്കുന്ന രണ്ടു പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ - മലയാള മനോരമയും മാതൃഭൂമിയും- ഈ സംസ്ഥാനത്തുണ്ട്. എത്രമാത്രം അപവാദമാണ് അവര്‍ നിത്യേനെ ഇടതു പക്ഷത്തിനെതിരെ അടിച്ചിറക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ ഒരു പ്രധാനപ്പെട്ട സഖ്യകക്ഷികളാണു മാധ്യമങ്ങൾ‍.

ആയതിനാൽ, (1) മാധ്യമ സാക്ഷരതാ പരിപാടികള്‍ (2) പകരം വയ്‌ക്കാവുന്ന മറ്റു മാധ്യമ രൂപങ്ങള്‍ (3) മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെയുള്ള ഇടപെടലുകള്‍ എന്നീ മൂന്നു കാര്യങ്ങള്‍ക്കായുള്ള അന്വേഷണങ്ങൾക്ക് ഇടതു പക്ഷം നിര്‍ബന്ധിതമായിരിക്കുന്നു. ഈ അടുത്തകാലത്ത് ഞാനും കൂടി ചേര്‍ന്നെഴുതിയ ഒരു പുസ്‌തകത്തില്‍ , എസ് എന്‍ സി ലാവ്‌ലിന്‍ കേസ്, ആസിയാന്‍ കരാര്‍, വികേന്ദ്രീകരണം എന്നീ മൂന്നു വിഷയങ്ങളില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാടുകളെ പഠന വിധേയമാക്കിയിട്ടുണ്ട്. ഈ മൂന്നുകാര്യങ്ങളിലും മാധ്യമ പ്രചാരണങ്ങളെ വസ്‌തു നിഷ്ഠമായി പരിശോധിച്ചതില്‍ നിന്നും അത് ചോംസ്‌കി മുന്നോട്ടു വച്ച “ പ്രൊപ്പഗൻഡ മോഡലു”മായി ഒത്തു പോകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ട് മാധ്യമങ്ങളെ ഗൌരവബുദ്ധിയോടെ വിമര്‍ശന വിധേയമാക്കാൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാംകുമാര്‍: ഇവിടെ നിന്നും 2011 ലെ തിരഞ്ഞെടുപ്പിലേക്കുള്ള പാതയില്‍ ഇടതു പക്ഷത്തിന്റെ മുന്നോട്ട് പോക്ക് എങ്ങനെയായിരിക്കും എന്നാണു താങ്കള്‍ കരുതുന്നത് ? വിശേഷിച്ച് എന്തെങ്കിലും?

തോമസ് ഐസക് . തെറ്റുതിരുത്തല്‍ പൂര്‍ത്തീകരിക്കലും രേഖ നടപ്പാക്കലുമാണ് ഏറ്റവും പ്രഥമവും അടിയന്തിരവുമായ ശ്രദ്ധ അർഹിക്കുന്നത്. പാര്‍ട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ ദൌത്യം അതാണ്. രണ്ടാമതായി, എന്തുകൊണ്ടാണു ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ എതിരായി വോട്ട് ചെയ്‌തതെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്താനും പരിഹാര നടപടികള്‍ കൈക്കൊള്ളാനും ആഗ്രഹിക്കുന്നു. മൂന്നാമതായി, ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല, മെച്ചപ്പെട്ട തൊഴിവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും അടിസ്ഥാന സൌകര്യ വികസനക്കാര്യങ്ങളിലും ഒക്കെയുള്ള ഇടതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ അസന്ദിഗ്ദ്ധമായി പ്രസ്‌താവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.കേരള പഠനവുമാ‍യി ബന്ധപ്പെട്ട മൂന്നാം അന്തര്‍ദേശീ‍യ കോണ്‍ഗ്രസ് 2011 ജനുവരി ആദ്യവാരം നടക്കുന്നുണ്ട് .അവസാനമായി, കഴിഞ്ഞ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പല നടപടികളും പൂര്‍ണ്ണമായും നടപ്പിലായിക്കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ അത് പൂര്‍ത്തീകരിക്കും.റോഡ് റിപ്പയറിംഗ് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.കൂടാത അവസാന ബഡ്‌ജറ്റ് അടുത്ത വര്‍ഷം വരുന്നുണ്ട്, അതില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

രാംകുമാര്‍: 2011 ലെ ഫലത്തെപ്പറ്റി പ്രതീക്ഷയുണ്ടോ താങ്കള്‍ക്ക് ?

തീര്‍ച്ചയായും.ഞാന്‍ പറഞ്ഞപോലെ രണ്ടു മുന്നണികളും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം വെറും 3 ശതമാനം മാത്രമാണ്. കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെ ഈ വിടവ് ഇടതു പക്ഷത്തിനു നികത്താവുന്നതേയുള്ളൂ. കൂടാത ഇടതുപക്ഷത്തെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ പരിഹരിക്കുന്നതിലൂടെയും യു ഡി എഫും വര്‍ഗീയ ശക്തികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്നതിലൂടെയും ഇത് സാധിക്കും..എനിക്ക് പ്രതീക്ഷയുണ്ട്.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമിറ്റി അംഗവുമായ ഡോ.ടി.എം. തോമസ് ഐസക്കുമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം 2010 നവംബര്‍ 2ന് ആര്‍. രാം‌കുമാര്‍ നടത്തിയ അഭിമുഖം.