Sunday, November 14, 2010

എന്‍ഡോസള്‍ഫാന്‍: പഠനം മതി; ഇനി വേണ്ടത് പരിഹാരം

വീണ്ടും വരുന്നു ഒരു പഠന സംഘം! ഇത് എത്രാമത്തേതാണ്? ഓര്‍ത്തെടുക്കാന്‍ വിഷമിക്കുകയാണ് കാസര്‍കോടുകാര്‍. എന്‍ഡോസള്‍ഫാനിലടങ്ങിയിട്ടുള്ള രാസ പദാര്‍ഥങ്ങള്‍ മനുഷ്യന്റെ ഓര്‍മ്മ ശക്തിയെയും മന്ദീഭവിപ്പിച്ചുകളയുമെന്ന് അക്കാര്യത്തില്‍ വിവരമുള്ളവര്‍ പറയുന്നു. അതുകൊണ്ടാണ് ആലോചിക്കേണ്ടിവരുന്നത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്നു എന്ന് പറയുന്ന ഭീഷണിയെക്കുറിച്ച് പഠിക്കാന്‍ ഒരു അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് അറിയിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞന്മാരും വിദഗ്ധന്മാരും അടങ്ങിയതായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സമിതി. നാല് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടിയെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഉന്നത ശാസ്ത്ര സംഘത്തെ നിയമിക്കുക എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്നും അതുകൊണ്ട് അത് നിരോധിക്കേണ്ടതില്ലെന്നും സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പറഞ്ഞു. അതിന്റെ പിന്നാലെ കേന്ദ്ര കൃഷിസഹ മന്ത്രി കെ വി തോമസ് ഇവിടെ വന്ന് ഈ കീടനാശിനി മനുഷ്യരില്‍ എന്തെങ്കിലും രോഗമുണ്ടാക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍, കേരള സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും എന്‍ഡോസള്‍ഫാന്‍ ദോഷമുണ്ടാക്കും എന്ന് കണ്ടെത്തിയിട്ടില്ലെന്നും അത് കൊണ്ട് ധൃതിപിടിച്ച് തീരുമാനമെടുക്കുകയില്ലെന്നും ജനീവാ സമ്മേളനത്തിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് കൈക്കൊണ്ടതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ''ഏതോ ചില 'പരിസ്ഥിതിവാദി' കളല്ലാതെ മറ്റാരും തന്നെ എന്‍ഡോസള്‍ഫാനില്‍ കുറ്റം കണ്ടിട്ടില്ല. കാര്‍ഷിക മേഖലയില്‍ അതിന്റെ ഉപയോഗം ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്. ആ സ്ഥിതിക്ക് അതെന്തിന് നിരോധിക്കണം?'' മന്ത്രി ആവര്‍ത്തിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായപ്പോള്‍ മറ്റൊരു വിശദീകരണത്തിനൊരുങ്ങി: കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിന്റെ ഇംഗ്ലീഷ് പ്രസംഗം സെമിനാറില്‍ വായിക്കുകയേ താന്‍ ചെയ്തിട്ടുള്ളു. പവാറിന്റെ നിലപാടാണ് തന്റെ ശബ്ദത്തില്‍ പ്രകടിപ്പിച്ചത്.

ഒരൊറ്റ ചോദ്യത്തിന് ഈ മന്ത്രിമാര്‍ മറുപടി പറയണം. അത്ര നിര്‍ദ്ദോഷമായ 'മൃദുകീടനാശിനി' യാണ് എന്‍ഡോസള്‍ഫാന്‍ എങ്കില്‍ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള അന്‍പതില്‍പരം രാജ്യങ്ങളില്‍ അത് നിരോധിക്കപ്പെട്ടത് എന്ത് കാരണം കൊണ്ട്? കര്‍ശനമായി നിരോധിക്കപ്പെടേണ്ട മാരക കീടനാശിനികളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍ എന്നും എഴുതിച്ചേര്‍ക്കണം എന്ന് സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ് റിവ്യൂ കമ്മിറ്റി ആറാറുമാസം കൂടുമ്പോള്‍ ചേരുന്ന കണ്‍വെന്‍ഷനുകളില്‍ ചര്‍ച്ചചെയ്യുന്നതെന്തിന്? അവിടെയെല്ലാം 'അപകടകാരി'യായത് ഇന്ത്യയില്‍ 'ഗുണകാരി' എന്ന് വരുമോ? അഥവാ, മറ്റ് നാട്ടുകാരേക്കാള്‍ രോഗപ്രതിരോധശേഷി ഇന്ത്യക്കാര്‍ക്ക് കൂടുമോ?
ഏതോ ചില 'പരിസ്ഥിതിവാദികളാണോ' എന്‍ഡോസള്‍ഫാന്‍ അപകടകാരിയെന്ന് പറഞ്ഞത്?

2001 ല്‍ ഡോ. എ അച്യുതന്‍ ചെയര്‍മാനായി ഒരു പഠനസംഘത്തെ നിയോഗിക്കുകയുണ്ടായി. പരിസ്ഥിതി വിദഗ്ധന്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ പത്തോളജി പ്രഫസര്‍ എന്നിവര്‍ ആ സമിതിയിലുണ്ടായിരുന്നു. കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ ആകാശത്തുനിന്നുള്ള കീടനാശിനി പ്രയോഗം ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആ സമിതി ആവശ്യപ്പെട്ടു. അച്യുതന്‍ കമ്മിറ്റിയുടേത് ആഴത്തിലുള്ള പഠനമായില്ല എന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡോ ശിവരാമന്‍ ചെയര്‍മാനായി ഒരു പുതിയ പഠന സംഘത്തെ നിയമിച്ചുകൊണ്ട് ഉത്തരവായി (4-9-2002). മൂന്നുമാസം കഴിഞ്ഞപ്പോള്‍ മറ്റൊരു ഉത്തരവിലൂടെ (6-1-2003) കമ്മിഷന്റെ ഘടന പരിഷ്‌ക്കരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. പി കെ ശിവരാമന്‍ (ചെയര്‍മാന്‍), സംസ്ഥാന ആരോഗ്യവകുപ്പിലെ റാപിഡ് റെണ്‍സ്‌പോണ്‍സ് ടീം എപ്പിഡെമോളജിസ്റ്റ് ഡോ ആയിഷാ ബീഗം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിക്കല്‍ പ്രഫസര്‍ ഡോ. വത്സല, ആര്‍ സി സിയിലെ എപിഡെമോളജിസ്റ്റ് ഡോ. കലാവതി, സംസ്ഥാന മാലിന്യ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഇന്ദുലാല്‍, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ കെ ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങള്‍. പതിനൊന്ന് പഞ്ചായത്തുകളില്‍ 4696 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കശുമാവിന്‍തോട്ടത്തിനടുത്തുള്ള വീടുകള്‍ തോറും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ച സമിതി താരതമ്യപഠനത്തിനായി കീടനാശിനി തളിക്കാത്ത രണ്ട് പഞ്ചായത്തുകളില്‍ നിന്നുകൂടി സാമ്പിളുകള്‍ പരിശോധിച്ചു. മനുഷ്യരക്തം, പശുവിന്‍പാല്‍, മുലപ്പാല്‍, ഇലകള്‍, മണ്ണ്, വെള്ളം എല്ലാം പരിശോധനാവിധേമാക്കി. മെന്റല്‍ റിട്ടാര്‍ഡേഷന്‍, കാന്‍സര്‍, പലവിധ ചര്‍മ്മരോഗങ്ങള്‍, വന്ധ്യത, ബുദ്ധിമാന്ദ്യം, ആര്‍ത്തവക്രമക്കേട്, അസ്ഥികള്‍ക്ക് ബലക്ഷയം, ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിപ്പ് തുടങ്ങിയ രോഗങ്ങള്‍ പതിനൊന്ന് പഞ്ചായത്തുകളിലും വളരെ കൂടുതലാണെന്ന് കണ്ടു. മറ്റിടങ്ങളില്‍ അങ്ങനെയില്ല. രോഗകാരണം എന്‍ഡോസള്‍ഫാന്‍ തന്നെയായിരിക്കണമെന്ന നിഗമനത്തിലെത്തിയ കമ്മിഷന്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2003 ല്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മന്ത്രിസഭയില്‍ കെ വി തോമസും അംഗമായിരുന്നു. പെരിയയിലെ ലീലാകുമാരിയമ്മയുടെ കേസില്‍ ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചിട്ടുണ്ടായിരുന്നു. രോഗബാധിതര്‍ക്ക് വിദഗ്ധചികിത്സ - കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഇതിനുമുമ്പ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് 2001 സെപ്റ്റംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ 7 വരെ പഠനം നടത്തിയശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ശുപാര്‍ശ ചെയ്തത് എന്‍ഡോസള്‍ഫാന്‍ മേലില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു. അനുവദനീയമായതിലും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ അവക്ഷിപ്തം രക്ത സാമ്പിളില്‍കാണുകയുണ്ടായി.

ഈ റിപ്പോര്‍ട്ടുകളെല്ലാം മാറ്റി വെച്ചിട്ടാണ് വീണ്ടും ഒരു പഠന സമിതിയെ നിയമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്ന് പറയുമ്പോള്‍ മന്ത്രിയുടെ മനസ്സിലുണ്ടായിരുന്നത് ഒ പി ദുബെയുടെ റിപ്പോര്‍ട്ടായിരിക്കണം. 2002 ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഠന സമിതിയിലെ എല്ലാ അംഗങ്ങളും ഒപ്പുവെച്ചിട്ടില്ല. വസ്തുതാന്വേഷണം സംബന്ധിച്ച് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ആറ് പേര്‍ വിട്ടുനിന്നു.

രണ്ടുപേര്‍ ഒപ്പുവെച്ചു. സാഗര്‍ കൗശിക്കും, അശ്വിന്‍ ഷ്‌റോഫും. രണ്ടുപേരും കീടനാശിനി കമ്പനികളുടെ പ്രതിനിധികള്‍. എന്‍ഡോസള്‍ഫാന്‍ ഒന്നുമാത്രമാണ് രോഗകാരണമെന്ന് പറഞ്ഞത് കമ്മിഷന്റെ മെമ്പര്‍ സെക്രട്ടറി ഡോ. സത്സ്യാകുലശ്രേഷ്ഠയായിരുന്നു. അവരുടെ അഭിപ്രായവും അന്തിമ റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ തയ്യാറായില്ല. ഈ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ കേന്ദ്രകൃഷി മന്ത്രി ശരത് പവാര്‍ 2004 ജൂലൈ 7 ന് പാര്‍ലമെന്റില്‍ പ്രസ്താവിച്ചു: 'എന്‍ഡോസള്‍ഫാന്‍ അല്ല രോഗകാരണം. മറിച്ചൊരു അഭിപ്രായവും ഉണ്ട്. അതിനാല്‍ വീണ്ടും ഒരു കമ്മിഷന്‍'. അങ്ങനെ സി ഡി മായിയെ ചുമതലപ്പെടുത്തി. ദുബെ പറഞ്ഞത് ശരിവെച്ചുകൊണ്ട് മായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ദുബെ എന്തുകൊണ്ടാവാം ഈ കീടനാശിനിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതിന്റെ പിന്നില്‍ കളിച്ചത് വിജയ്മല്യ ആയിരുന്നു. കര്‍ണാടകത്തിലെ മദ്യരാജാവ് വിജയ്മല്യ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന കീടനാശിനിക്കമ്പനിയുടെ ഉടമസ്ഥതയുള്ള 'ബായെര്‍' ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്.

ദുബെ കമ്മിഷന്‍ നിയമിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഇരുപത്തഞ്ചോളം കാര്‍ഷിക സര്‍വകലാശാലകളെക്കൊണ്ട് എന്‍ഡോസള്‍ഫാന് അനുകൂലമായി കത്തെഴുതിച്ചതും മല്യയായിരുന്നു. ('ഹിന്ദു' റിപ്പോര്‍ട്ട്) എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. 1995-2000 കാലത്ത് ശരാശരി പ്രതിവര്‍ഷം ഉല്‍പാദനം 8206 മെട്രിക് ടണ്‍ ആയിരുന്നു. അതിപ്പോള്‍ പല മടങ്ങായി വര്‍ധിച്ചിട്ടുണ്ടാകും. ഈ കമ്പനിക്ക് നഷ്ടം പറ്റും എന്ന് പറഞ്ഞാണ് ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ വക്താവ് നിരോധന പ്രമേയത്തെ എതിര്‍ത്തത്.

ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷിതത്വവും നിലനില്‍പ്പുമല്ല, വ്യവസായികളുടെ ലാഭനഷ്ടങ്ങളാണ് പരിഗണിക്കപ്പെടേണ്ടത് എന്ന് ചിന്തിക്കുന്നവര്‍ ഭരണാധികാരം കൈയാളുമ്പോള്‍ സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ അടുത്ത മീറ്റിങ്ങിലും മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ.

ഇനി പഠനമല്ല, പരിഹാരമാണ് വേണ്ടത്.

*
നാരായണന്‍ പേരിയ (കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ചെയര്‍മാനാണ് ലേഖകന്‍)
കടപ്പാട്: ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വീണ്ടും വരുന്നു ഒരു പഠന സംഘം! ഇത് എത്രാമത്തേതാണ്? ഓര്‍ത്തെടുക്കാന്‍ വിഷമിക്കുകയാണ് കാസര്‍കോടുകാര്‍. എന്‍ഡോസള്‍ഫാനിലടങ്ങിയിട്ടുള്ള രാസ പദാര്‍ഥങ്ങള്‍ മനുഷ്യന്റെ ഓര്‍മ്മ ശക്തിയെയും മന്ദീഭവിപ്പിച്ചുകളയുമെന്ന് അക്കാര്യത്തില്‍ വിവരമുള്ളവര്‍ പറയുന്നു. അതുകൊണ്ടാണ് ആലോചിക്കേണ്ടിവരുന്നത്.

Anonymous said...

കേന്ദ്രം നിരോധിക്കുന്നതിനു മുന്‍പ്‌ ചാരായം, പുകവലി എന്നിവ നിരോധിച്ച സംസ്ഥാനമാണു കേരളം, എന്‍ഡോസള്‍ഫാന്‍ ഇവിടെ വില്‍ക്കരുത്‌ എന്നു ഒരു ഓറ്‍ഡറ്‍ ഇടാന്‍ അഞ്ചു മിനിട്ട്‌ മതി, ആണ്റ്റണീ പറഞ്ഞു ആദ്യം നിരോധിച്ചത്‌ അദ്ദേഹം ആണെന്നു ആരും മറുപടി പറഞ്ഞു കണ്ടില്ല, ആണ്റ്റണി നിരോധിച്ചെങ്കില്‍ പിന്നെ ഇപ്പോള്‍ ആരു നിരോധനം മാറ്റി, ഉമ്മന്‍ ചാണ്ടിയെ മനപൂറ്‍വം കുഴപ്പത്തിലാക്കാന്‍ കുമ്പളങ്ങിക്കാരന്‍ വന്നു നിരുത്തരവാദമായി പ്റസ്താവന നടത്തിയതിനെ ഏറ്റു പിടിച്ചു വെളുതെ പൊളിറ്റിക്കല്‍ അജണ്ട ആണു ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കലാപം, അതുകൊണ്ടൊന്നും തിരഞ്ഞെടുപ്പ്‌ രക്ഷപെടില്ല, കാരണം ഇവിടെ ആരും എന്‍ഡോ സള്‍ഫാന്‍ ക്റിഷ്ക്കു ഉപയോഗിക്കുന്നില്ല, ഇവിടെ സമാധാനമയി ജീവിക്കണം നല്ല റോഡ്‌ വേണം ഇതു നല്‍കാന്‍ കഴിയാത്ത ഗവണ്‍മെണ്റ്റിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയും അതിനുള്ള മാറ്‍ഗ്ഗം എത്റയും പെട്ടെന്നു ചെയ്യുന്നതിനുപകരം കാലഹരണപ്പെട്ട അജണ്ടകള്‍ പൊക്കി എടുത്ത്‌ സമരം ചെയ്താല്‍ ഒന്നും അഞ്ചു വോട്ട്‌ പോലും കൂടുതല്‍ കിട്ടില്ല