Sunday, December 12, 2010

സാമ്പത്തികമാന്ദ്യം ആപല്‍പ്രവണതകള്‍ സൃഷ്ടിക്കുന്നു

സാമ്പത്തികമാന്ദ്യവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും അമേരിക്കയിലും സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരവും അപകടകരവുമാണെന്ന് പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും ഐക്യരാഷ്ട്രസംഘടനയിലെ സാമ്പത്തിക- സാമൂഹിക വിഭാഗം അസിസ്റന്റ് സെക്രട്ടറി ജനറലുമായ ഡോ. ജോമോ ക്വാമേ സുന്ദരം മുന്നറിയിപ്പ് നല്‍കി. മാന്ദ്യം സമ്പന്നരാജ്യങ്ങളിലെ തൊഴിലാളികളിലും പാവപ്പെട്ടവരിലും സൃഷ്ടിച്ച കടുത്ത അസംതൃപ്തി, സങ്കുചിത ദേശീയതയ്ക്കും ശത്രുതാപരമായ വിദേശനയത്തിനും കാരണമാകുമോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അമേരിക്കയിലെയും യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ ഇച്ഛാഭംഗവും അതുകാരണമുള്ള പ്രതിഷേധവും അവരെ നയിക്കുന്നത് മുരത്ത വംശീയവിദ്വേഷത്തിലേക്കും അന്യരാജ്യക്കാരോടുള്ള ശത്രുതയിലേക്കുമാണ്. സ്ഫോടനാത്മകമായ ഈ സ്ഥിതിവിശേഷം മുതലെടുക്കുന്നത് വലതുപക്ഷ പിന്തിരിപ്പന്മാരാണ്. പുരോഗമനപക്ഷത്തേക്ക് ജനങ്ങളെ കൊണ്ടുവരാന്‍മാത്രം ഈ രാജ്യങ്ങളില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ശക്തമല്ല. ഇടതുപക്ഷ ആശയങ്ങളേക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് വലതുപക്ഷ പ്രതിലോമ ആശയങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുമേഖലാ വ്യവസായങ്ങള്‍ സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഡോ. ജോമോ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

പൊതുകടവും കമ്മിയും കുറയ്ക്കാന്‍ സമ്പന്നരാജ്യങ്ങള്‍ വലിയ തോതില്‍ അവരുടെ ചെലവ് വെട്ടിക്കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ ആശങ്കാജനകമായി ഉയരുന്നു. അമേരിക്കയില്‍ തൊഴില്‍രഹിതര്‍ 2008ല്‍ 5.8 ശതമാനമായിരുന്നെങ്കില്‍ 2010 അവസാനം അത് പത്തുശതമാനത്തിനടുത്ത് എത്തിയിരിക്കയാണ്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിക്കുന്നു. രണ്ടുവര്‍ഷംമുമ്പുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും മാന്ദ്യത്തില്‍നിന്നും ലോകം കരകയറുകയാണെന്ന് കരുതുന്നുണ്ടെങ്കിലും തൊഴിലില്ലാത്തവരുടെ എണ്ണം മുകളിലേക്കുതന്നെ. സാമ്പത്തിക ഉത്തേജകനടപടികളില്‍നിന്ന് പിന്തിരിഞ്ഞ്, ബജറ്റ് വെട്ടിക്കുറയ്ക്കലിലേക്കും മുന്‍ഗണനകള്‍ മാറ്റുന്നതിലേക്കും പോയതിന്റെ ഫലമാണ് കാണുന്നത്.

യൂറോപ്പിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്, വലതുപക്ഷക്കാര്‍ക്കും പ്രതിലോമ ആശയങ്ങള്‍ക്കും മേല്‍ക്കൈ കിട്ടുന്നുണ്ടെന്നാണ്. അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് നേരിട്ട തിരിച്ചടി പ്രസിഡന്റ് ബറാക് ഒബാമയെ പ്രതിസന്ധിയിലാക്കി. അമേരിക്കയില്‍ ഇനി സാമ്പത്തിക ഉത്തേജക നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അയര്‍ലണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവ ഒഴിച്ചുള്ള ഒരു യൂറോപ്യന്‍ രാജ്യവും സാമ്പത്തിക ഉത്തേജകനടപടികള്‍ സ്വീകരിക്കാനിടയില്ല. ഗ്രീസ് വന്‍ തകര്‍ച്ചയിലേക്ക് പോയതിന് പ്രധാന കാരണം, അവര്‍ വാള്‍സ്ട്രീറ്റിന്റെ (അമേരിക്കന്‍ ഓഹരിവിപണി ആസ്ഥാനം) ഉപദേശം കേട്ടതാണ്.

1930കളിലെ മഹാസാമ്പത്തിക മാന്ദ്യം യൂറോപ്പില്‍ ഫാസിസത്തിന്റെയും നാസിസത്തിന്റെയും വളര്‍ച്ചയ്ക്ക് വളമായത്. അതുപോലെ, ഇപ്പോള്‍ കാണുന്ന പ്രവണതകള്‍ നല്‍കുന്നത് ആപല്‍സൂചനകളാണ്. സര്‍ക്കാരുകളുടെ നയങ്ങളെയും ഇത് സ്വാധീനിക്കുന്നു.

സമ്പന്നരാജ്യങ്ങളുടെ അജന്‍ഡയില്‍ ഇപ്പോള്‍ രണ്ടു കാര്യമാണുള്ളത്.

ഒന്ന്, സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ഏകീകരണം.

രണ്ട്- ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ലോകസമ്പദ്ഘടനയെ രക്ഷപ്പെടുത്തിക്കൊള്ളുമെന്ന കണക്കുകൂട്ടല്‍.

മന്ദഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും കൂടുതല്‍ അസംതൃപ്തിയുമാകും ഇതിന്റെ ഫലം. ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തികശക്തികള്‍, ലോക സമ്പദ്ഘടനയെ കരകയറ്റാന്‍മാത്രം ശക്തരല്ല. കൂടുതല്‍ പൊതു മുതല്‍മുടക്കും അതോടൊപ്പമുള്ള സ്വകാര്യ നിക്ഷേപവുമാണ് ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടതെന്ന് ജോമോ അഭിപ്രായപ്പെട്ടു. ഭക്ഷണം, കാലാവസ്ഥ എന്നീ പ്രശ്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യോല്‍പ്പാദനം കൂടിയേ തീരൂ. പാരമ്പര്യേതര ഊര്‍ജമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്ക് വേണം. പ്രത്യേകിച്ചും ദരിദ്രരാജ്യങ്ങളില്‍. കാലാവസ്ഥവ്യതിയാനം നേരിടാന്‍ ഈ രീതിയില്‍ നീങ്ങിയേ പറ്റൂ.

ആഗോള സാമ്പത്തികപ്രതിസന്ധി ചൈനയെ അധികം ബാധിക്കാതിരുന്നതിന് കാരണം, ചൈനയുടെ ശക്തമായ വീണ്ടെടുക്കല്‍ പാക്കേജാണ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യം ബിസിനസുകാരോടാണെങ്കില്‍, ചൈനീസ് ഭരണത്തിന്റെ ചായ്വ് ജനങ്ങളോടാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് ചൈന നടപ്പാക്കുന്നത്. ചൈനയില്‍ തൊഴിലാളികളുടെ വേതനവും ഗണ്യമായി ഉയരുകയാണ്.

സാമ്പത്തികപ്രതിസന്ധിയില്‍ ഇന്ത്യ സുരക്ഷിതമായി നില്‍ക്കാന്‍ കാരണം, ഇവിടത്തെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണസംവിധാനം കാര്യക്ഷമമായതുകൊണ്ടാണെന്ന് ജോമോ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ബിഐ ചെയര്‍മാന്‍ ഡോ. വൈ വി റെഡ്ഡിയുടെ സംഭാവനകള്‍ പ്രധാനമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി അത് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തികനിയന്ത്രണ സംവിധാനത്തില്‍ അയവുവരുത്താനുള്ള സമ്മര്‍ദം ശക്തമാണ്. അതിനുള്ള 'ലോബിയിങ്' നടക്കുന്നു. ഭരണത്തില്‍ കോണ്‍ഗ്രസായാലും ബിജെപിയായാലും ഇത്തരം ശക്തികള്‍ സജീവമാണ്.

പലസ്തീന്‍പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ മോശമാണെന്നായിരുന്നു മറുപടി. അധിനിവേശപ്രദേശങ്ങളില്‍ പാര്‍പ്പിടനിര്‍മാണവുമായി ഇസ്രയേല്‍ മുന്നോട്ടുപോവുകയാണ്. പലസ്തീന്‍- ഇസ്രയേല്‍പ്രശ്നം പരിഹരിക്കാന്‍ അനധികൃതനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ഉപാധി നേരത്തെ അമേരിക്ക ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊരു ഉപാധിപോലുമില്ല. അടുത്ത കാലത്തെ ചര്‍ച്ചകളില്‍നിന്ന് പലസ്തീന് ഒന്നും കിട്ടിയിട്ടുമില്ല- ജോമോ ചൂണ്ടിക്കാട്ടി.

*
പി പി അബൂബക്കര്‍ കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തികമാന്ദ്യവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും അമേരിക്കയിലും സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരവും അപകടകരവുമാണെന്ന് പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും ഐക്യരാഷ്ട്രസംഘടനയിലെ സാമ്പത്തിക- സാമൂഹിക വിഭാഗം അസിസ്റന്റ് സെക്രട്ടറി ജനറലുമായ ഡോ. ജോമോ ക്വാമേ സുന്ദരം മുന്നറിയിപ്പ് നല്‍കി. മാന്ദ്യം സമ്പന്നരാജ്യങ്ങളിലെ തൊഴിലാളികളിലും പാവപ്പെട്ടവരിലും സൃഷ്ടിച്ച കടുത്ത അസംതൃപ്തി, സങ്കുചിത ദേശീയതയ്ക്കും ശത്രുതാപരമായ വിദേശനയത്തിനും കാരണമാകുമോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.