Sunday, January 16, 2011

ഈ ദുരന്തം ഒരു പാഠമാകണം

ആരുടെയും കണ്ണുനനയിപ്പിക്കുകയും മനസ്സിനെ വേദനിപ്പിക്കുകയും ചെയ്യുന്ന ദുരന്തമാണ് പീരുമേട് പുല്‍മേട്ടിലുണ്ടായത്. ഭക്തിയില്‍ നിബദ്ധരായി എത്തിച്ചേര്‍ന്നവരാണ് ദുരന്തത്തിനിരകളായത്. മരണപ്പെട്ട 102 പേരും പരിക്കേറ്റവരും മകരജ്യോതി ദര്‍ശനത്തിനെത്തിയ ശബരിമല തീര്‍ഥാടകരായിരുന്നു. ശബരിമല തീര്‍ഥാടനത്തിലെ പരമപ്രധാനമായ കാര്യമായി ഭക്തര്‍ കണക്കാക്കുന്നത് മകരജ്യോതി ദര്‍ശനമാണ്.
മണ്ഡലപൂജയും മകരവിളക്കും ശബരിമലയിലെ സവിശേഷമായ കാര്യങ്ങളാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ഥാടകര്‍ എത്തിചേരുന്ന ആരാധനാ കേന്ദ്രമാണ് ശബരിമല. മകരവിളക്ക് ദിവസമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തിച്ചേരുന്നത്. ദിവസങ്ങളോളം ശബരിമലയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിച്ചാണ് അന്യസംസ്ഥാനവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മകരജ്യോതി ദര്‍ശിക്കുവാന്‍ എത്തിച്ചേരുക.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖമാണ് ശബരിമല. തീര്‍ഥാടനകാലത്ത് ദശലക്ഷക്കണത്തിന് ഭക്തരാണ് ശബരിമലയില്‍ എത്തിച്ചേരുന്നതും. ഭക്തര്‍ക്കുവേണ്ടി എല്ലാവിധ സഹായങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കുന്നുണ്ട്. എന്നാല്‍ ഭക്തജനപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെത്തിയ ഭക്തരാരുമല്ല അപായത്തില്‍പെട്ടത്. മകരജ്യോതി ദര്‍ശിക്കുവാന്‍ പീരുമേട്ടിലെ
ഉപ്പുപാറയിലുള്ള പുല്ലുമേട്ടില്‍ എത്തിച്ചേര്‍ന്നവരാണ് ദുരന്തത്തിന്റെ ഇരകളായത്. അപ്രതീക്ഷിതമായ സന്ദര്‍ഭത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റിരണ്ടുപേര്‍ മരണപ്പെട്ടു. അവരില്‍ ബഹുഭൂരിപക്ഷം പേരും അന്യസംസ്ഥാനത്തുനിന്ന് എത്തിയവരായിരുന്നു.

ദുരിതത്തിന് ഇരകളായവരുടെ ആശ്രിതരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍പെട്ട് മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും അടിയന്തിര മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളും സമയബന്ധിതമായ നടപടികളും അവസരോചിതമായ തീരുമാനങ്ങളും ശ്ലാഘനീയം തന്നെ. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നത് വിസ്മരിച്ചുകൂട.

ഭക്തിയില്‍ മുഴുകിയ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആരാധനാലയങ്ങളിലേയ്ക്ക് പ്രവഹിക്കുന്നത് സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തിക്കിലും തിരക്കിലും പെട്ട് ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പുതിയ അനുഭവമല്ല. ശബരിമലയില്‍ തന്നെ ഇതിന്റെ അനുഭവങ്ങളുണ്ട്. ശബരിമലയില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലുള്ള പുല്ലുമേട്ടില്‍ ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിനുമുമ്പായി രണ്ട് അപകടങ്ങള്‍ ശബരിമലയില്‍ ഉണ്ടായിട്ടുണ്ട്. 1952 ജനുവരി 12 ന് നടന്ന ദുരന്തത്തില്‍ 66 തീര്‍ഥാടകര്‍ മരണപ്പെട്ടിരുന്നു. അത് വെടിക്കെട്ടു പുരകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമായിരുന്നു. മകരവിളക്ക് കാണാനെത്തിയവര്‍ മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 52 പേര്‍ മരണപ്പെട്ടതായിരുന്നു മറ്റൊരു അപായം. 1999 ല്‍ ആണ് ഈ ദുരന്തമുണ്ടായത്.

ഈ ദുരന്തങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കരുതലും ദീര്‍ഘവീക്ഷണമേറിയ നടപടികളും ആവശ്യമാണ്. വിശ്വാസവും ആരാധനയും പലര്‍ക്കും സുപ്രധാനമാണ്. അതിനുവേണ്ടി എന്തു ത്യാഗത്തിനും സഹിഷ്ണുതയ്ക്കും അവര്‍ തയ്യാറായേക്കും.

അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ഓരോ ദുരന്തവും ഉണ്ടാകുമ്പോള്‍ അതിന്റെ അനുഭവപാഠങ്ങള്‍ അവഗണിച്ചാല്‍ പുല്ലുമേട്ടിലേതുപോലെ ദുഃഖകരമായ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ശബരിമലയുടെ സമഗ്രവികസനമാണ് വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ എണ്ണം ആവശ്യപ്പെടുന്നത്. സമഗ്രമായ വികസനം മുന്നോട്ടുവെയ്ക്കുന്ന ശബരിമല പാക്കേജിനുള്ള തടസം കേന്ദ്ര വനംവകുപ്പിന്റെ നിലപാടുകളാണ്. പുല്ലുമേട്ടിലെ ദുരന്തങ്ങള്‍ കേന്ദ്ര ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനുള്ള നടപടികള്‍ക്ക് വഴിതെളിയിക്കുകയും വേണം.

*
മുഖപ്രസംഗം ജനയുഗം 16 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ഓരോ ദുരന്തവും ഉണ്ടാകുമ്പോള്‍ അതിന്റെ അനുഭവപാഠങ്ങള്‍ അവഗണിച്ചാല്‍ പുല്ലുമേട്ടിലേതുപോലെ ദുഃഖകരമായ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ശബരിമലയുടെ സമഗ്രവികസനമാണ് വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ എണ്ണം ആവശ്യപ്പെടുന്നത്. സമഗ്രമായ വികസനം മുന്നോട്ടുവെയ്ക്കുന്ന ശബരിമല പാക്കേജിനുള്ള തടസം കേന്ദ്ര വനംവകുപ്പിന്റെ നിലപാടുകളാണ്. പുല്ലുമേട്ടിലെ ദുരന്തങ്ങള്‍ കേന്ദ്ര ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനുള്ള നടപടികള്‍ക്ക് വഴിതെളിയിക്കുകയും വേണം.