Sunday, March 6, 2011

ബജറ്റ് ഇങ്ങനെ മതിയോ?

നല്ല രാഷ്ട്രീയക്കാരനാവണോ, നല്ല ധനമന്ത്രിയാവണമോ എന്നാണ് ബജറ്റവതരിപ്പിക്കുന്നവന്‍ നേരിടുന്ന പ്രശ്‌നം. രണ്ടും കൂടി സാധ്യമല്ല - ഏതാണ്ടിങ്ങനെയൊരു പ്രസ്താവന പണ്ട് മുന്‍ ധനമന്ത്രി ടി ടി കൃഷ്ണമാചാരിയുടേതായുണ്ടായിരുന്നു. മിക്കവരും രണ്ടാമത്തെതാണിഷ്ടപ്പെടുക. അതിനേ സാധ്യതയുള്ളൂ. പ്രണബ് ഒരു മധ്യവര്‍ത്തിയാണ്. രാഷ്ട്രീയത്തിലും അതെ. ആരെയും മുഷിപ്പിക്കാതെയും എന്ത് സഹിക്കേണ്ടിവന്നാലും സ്വയം മുഷിയാതെയും അങ്ങിനെ നീങ്ങും. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ കുറഞ്ഞ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കിയപ്പോഴും, ഒരു ചെറിയ അവകാശവാദംപോലും ഉന്നയിച്ചില്ലല്ലോ. മാഡം പറയുന്നത് ചെയ്താല്‍ പൊതു ഖജനാവില്‍നിന്ന് ചെലവും കഴിഞ്ഞ് ആഡംബരമായി കഴിയാം. ഈ പ്രായോഗിക ബുദ്ധി തന്നെയായിരുന്നു ഈ ബജറ്റിലും. ഓരോരുത്തര്‍ക്ക് അവനവന്റെ പ്രകൃതത്തിനനുസരിച്ച പണിയേ പറ്റൂ.

അതുകൊണ്ട് ഈ ബജറ്റ് വരുന്നതിനു മുമ്പെ തന്നെ അതിന്റെ സ്വരൂപമറിയാമായിരുന്നു. വലിയ ഷോക്കുകള്‍ ഒന്നുമുണ്ടാവില്ല. മൊത്തം നന്നായൊന്നു തൊട്ടുഴിയും. സമ്പദ്ഘടനയുടെ കാതലായ പ്രശ്‌നങ്ങളൊക്ക ഈ ഒരു വര്‍ഷം കണക്കുപുസ്തകത്തില്‍ കയറ്റി, എല്ലാം താറുമാറാക്കാനോ തലപുകയ്ക്കാനോ പ്രണബ് മെനക്കെടില്ല. അത്തരം വിവരംകെട്ട വാശിയൊന്നും അദ്ദേഹത്തിനില്ല. ഇതിലും വലിയ കാടിളക്കല്‍ക്കാരനായ പളനിയപ്പന്‍ ചിദംബരത്തിനു പറ്റിയിട്ടില്ല. കൈകാലിട്ടടിച്ചതു വെറുതെ. എല്ലാം പഴയപടി തന്നെ. ബജറ്റ് ഒരു വേദ പുസ്തകംപോലെ പവിത്രമാണ്. നല്ല കാര്യങ്ങള്‍ പറയും. ആരും വായിച്ചുനോക്കില്ല. അനുസരിക്കുകയുമില്ല. ബജറ്റില്‍ നമുക്കുവേണ്ട ചിലത് നാം തേടും. ഉണ്ടെങ്കില്‍ നല്ല ബജറ്റ്. ബജറ്റ് നടപ്പിലാക്കാനുള്ളതല്ലെന്ന് ഏറ്റവും നന്നായറിയുന്നത്, അത് പ്രസന്റ് ചെയ്യുന്ന വ്യക്തിയ്ക്ക് തന്നെയാണ്. അതുകൊണ്ട് വാഗ്ദാനകോലാഹലമുണ്ടായാലും പ്രശ്‌നമില്ല.

ചുരുക്കത്തില്‍ നടത്തിപ്പ് ഉത്തരവാദിത്വമില്ലാത്ത ഒരു രേഖയാണ് ബജറ്റ്!

ഇതിലെ വകതിരിച്ച കണക്കുകളുടെ കോലാഹലത്തിലേയ്‌ക്കൊന്നും കടക്കുന്നില്ല. ഒരു ദിശാബോധവും വളര്‍ച്ചയുടെ ദീര്‍ഘകാല സങ്കല്‍പവും തേടിയാണ് ബജറ്റ് സഞ്ചാരം നടത്തേണ്ടത്. അങ്ങിനെയയാണെങ്കില്‍ ഈ ബജറ്റില്‍ കാര്യമായൊന്നുമില്ല. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പലവിധത്തിലായി നല്‍കിയ ആനുകൂല്യങ്ങള്‍ കുറ്റപ്പെടുത്താവുന്നവയല്ല. ഏതു ധനമന്ത്രിക്കും അത്രയേ ചെയ്യാനാവൂ. കര്‍ഷകര്‍ക്ക് ചില ആനുകൂല്യങ്ങള്‍, വനിതാ ശാക്തീകരണം, സ്വയംസഹായ ഗ്രൂപ്പുകള്‍ എന്നിവയ്ക്കുള്ള സഹായം ശ്രദ്ധേയം തന്നെയാണ്. ഏതാണ്ട് 1,60,000 കോടി രൂപയാണ് സാമൂഹിക സേവനമേഖലയ്ക്ക് നല്‍കിയത്. ബജറ്റിന്റെ പൊതുസ്വഭാവമായ സ്വകാര്യവല്‍ക്കരണത്തെ ഒട്ടൊക്കെ പ്രതിരോധിക്കുന്നതാണിത്.

അങ്കണവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കല്‍, ഭവനവായ്പയ്ക്ക് 15 ലക്ഷം വരെയുള്ള വീടുകള്‍ക്ക് പലിശ ഇളവ്, വിദ്യാഭ്യാസമേഖലയ്ക്കുള്ള നീക്കിയിരുപ്പില്‍ 24 ശതമാനം വര്‍ധന തുടങ്ങിയവ പോപ്പുലിസ്റ്റ് നിര്‍ദേശങ്ങളാണ്. അതിന്റെ പേരില്‍ ഒരു ബജറ്റിനെ പഴി പറയരുത്. പക്ഷെ ഇത്തരം ഉപരിതലസ്പര്‍ശിയായവ മാത്രമല്ല ബജറ്റില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നര്‍ഥം. സമ്പദ്ഘടനയുടെ സ്വാഭാവികമായ വളര്‍ച്ചയെ ബജറ്റ് സഹായിക്കുന്നതോടൊപ്പം, അതിന്റെ ഗുണങ്ങള്‍ താഴ്ത്തട്ടിലെത്തിക്കാനുള്ള പ്രായോഗിക വഴികള്‍ തേടുക എന്നതാണ് ശരിയായത്. അതിന് സുസ്ഥിര വളര്‍ച്ചയുടെ ഘടകങ്ങള്‍ ഒരുക്കിനിര്‍ത്തി, അവയുടെ പാരസ്പര്യം ഉറപ്പാക്കണം. അത്രയൊന്നും ഈ ബജറ്റില്‍ അന്വേഷിച്ചുപോവരുത്. വളരെ കുറച്ച് ധനമന്ത്രിമാരേ, ദീര്‍ഘകാല ലക്ഷ്യത്തോടെ ദൃഢമായ ബജറ്റ് ടെക്സ്റ്റ് ഉണ്ടാക്കിയിട്ടുള്ളു. അപ്പോഴുണ്ടാവുന്ന ചില്ലറ അപ്രീതി അവര്‍ ഭയന്നിട്ടുമില്ല.

വളരെ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണ് ഇന്ത്യ. ലോകമാസകലമുള്ള പ്രശ്‌നങ്ങള്‍ വളരെ ചെറിയതോതില്‍ മാത്രം ബാധിച്ചതിനു കാരണം ആഗോളീകരണത്തെ അനിയന്ത്രിതമായി ഏറ്റുവാങ്ങാതിരുന്നതുകൊണ്ടാണ്. നമ്മുടെ വളര്‍ച്ചാസൂചിക 9 ശതമാനം എന്നത് പ്രീക്രൈസിസ്, നിലവാരത്തിലാണെന്നോര്‍ക്കുക. നല്ല നികുതിപിരിവ്, ഒട്ടൊക്കെ വിധേയമായകമ്മി. ഇത്തരമൊരു ഘട്ടത്തില്‍ ബജറ്റ് ഊന്നേണ്ടത് മൂലധന മേഖല, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, തൊഴില്‍ വര്‍ധന തുടങ്ങിയവയിലാണെങ്കിലും അവയിലുള്ള ഊന്നല്‍ കുറവാണ്. ദിശാബോധം കുറഞ്ഞ ബജറ്റെന്നുപറയാന്‍ കാരണമുണ്ട്. നിലവിലുള്ള രണ്ടു മൂന്നു പ്രധാന പ്രശ്‌നങ്ങള്‍ ബജറ്റ് ഫലവത്തായി 'അഡ്രസ്' ചെയ്തില്ല എന്നതുകൊണ്ടാണ്.

കാര്‍ഷിക മേഖലയുടെ വികസനത്തിനാവശ്യമായ പൊതുനിക്ഷേപം എങ്ങനെ എത്രമാത്രം എന്ന കാര്യത്തില്‍ ബജറ്റില്‍ വ്യക്തമായൊന്നുമില്ല. ഉല്‍പാദനം, ഉല്‍പാദനക്ഷമത എന്നീ കാര്യം കാര്‍ഷിക മേഖലയില്‍ കൂട്ടിക്കൊണ്ടുവന്നാലേ നിലവിലുള്ള ഭക്ഷ്യക്ഷാമവും ഭക്ഷ്യവിലക്കയറ്റവും തടയാനാവൂ. ഭക്ഷ്യ വിലക്കയറ്റം എങ്ങനെ തടയാമെന്നതായിരുന്നു ബജറ്റിലെ വെല്ലുവിളി. സര്‍വെ അതിന്റെ സൂചന തന്നിരുന്നെങ്കിലും ബജറ്റ് ഏതാനും ചില ചില്ലറ സ്പര്‍ശങ്ങള്‍ നടത്തിയതല്ലാതെ അടിസ്ഥാനപരമായ നടപടികളിലൂടെ ഈ പ്രശ്‌നത്തെ സമീപിച്ചില്ല. 'ഫുഡ്പാര്‍ക്ക്'കള്‍, ധാന്യകൃഷിക്ക് കൂടുതല്‍ പണം തുടങ്ങിയ കാര്യങ്ങളുണ്ടെങ്കിലും ധാന്യസംഭരണം, പൊതുവിതരണത്തിന്റെ ''റീ ടാര്‍ഗറ്റിംഗ്'', കാര്‍ഷികമേഖലയെ ആഗോള പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ തുടങ്ങിയ പ്രാഥമിക പ്രശ്‌നങ്ങള്‍ക്കുനേരെ കാര്യക്ഷമതയോടെ പ്രണബ് സമീപിച്ചില്ല. 'ഫുഡ് ഇന്‍ഫ്‌ളേഷന്‍' അനിയന്ത്രിതമായാണ്, പൊതുവിലക്കയറ്റ മേഖലയിലേക്ക് 'സ്പില്‍' ചെയ്യുന്നത്. അതോടെ മൊത്തം സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നു. ഇതിനൊക്കെ പരിഹാരമായി ചില 'മോണിറ്ററി' നടപടികള്‍ മാത്രം കൊണ്ടുവരുന്ന പതിവുശൈലിയിലാണ് ധനമന്ത്രി. പരീക്ഷിച്ച് പരാജയപ്പെട്ടത് പിന്നെയും പരീക്ഷിക്കുന്നത് പകരം കണ്ടെത്താനാവാത്തതിന്റെ പരിമിതിയാണ്.

മറ്റൊരു പ്രധാന മിസിംഗ്‌ലിങ്ക് കള്ളപ്പണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. ഒരുലക്ഷം കോടിയിലധികം രൂപ വിദേശത്തെ പല കേന്ദ്രങ്ങളിലായി പാര്‍ക്ക് ചെയ്ത്കിടക്കുന്നത്, എന്തുകൊണ്ട് തിരിച്ചെടുത്തുകൂട. അതിനുള്ള രാഷ്ട്രീയ ശക്തികാണിച്ചാല്‍, നമ്മുടെ വിദേശ കടം മുഴുവനും അടച്ചുതീര്‍ക്കാന്‍ അതു മതിയാവും. എന്നാല്‍ അതേക്കുറിച്ച് ബജറ്റ് ഏറെ ഒന്നും പറയുന്നില്ല. 'ടാസ്‌ക്‌ഫോഴ്‌സ് ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ആന്റ് ട്രാന്‍സ്‌പേരന്‍സി' എന്നൊരു സംവിധാനമുണ്ടാക്കുമെന്ന ഒഴുക്കല്‍ പ്രസ്താവന, ഇങ്ങനെയൊരു വലിയ പ്രശ്‌നത്തില്‍ അപര്യാപ്തമാണ്. ഏതാണ്ട് നാല്‍പതു ശതമാനം കാര്‍ഷികോല്‍പന്നങ്ങള്‍ നശിച്ചുപോവുന്നു എന്നു പറയുന്ന ധനമന്ത്രി, അതുതടയാന്‍ തക്ക സംഭരണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചൊന്നും പറയുന്നില്ല. അമ്പത് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും എന്നത് ചെറിയൊരാശ്വാസം മാത്രമാണ്.

ഒരു ബജറ്റ് വിശകലനം പലപ്പോഴും വ്യക്തമാക്കുന്നത് ബജറ്റിലെ കാര്യങ്ങള്‍ മിക്കവാറും നടപ്പിലാക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ്. ഇത്തവണ പറഞ്ഞതൊക്കെ മറന്നാണ് അടുത്ത ബജറ്റ് വരുന്നത്. അതുകൊണ്ട് ബജറ്റിന്റെ ഗൗരവം തന്നെ ഇല്ലാതായി. കുറേ കോടികള്‍ കൂട്ടിക്കുഴച്ച്, ഒരു രേഖ എന്നല്ലാത്ത ഗൗരവം ആരും നല്‍കാതായി.
അതാണാദ്യം തടയേണ്ടത്. ബജറ്റ് ഭരണത്തിന്റെ രേഖയും ദിശയും ഉത്തരവാദിത്വവുമാവുന്ന നാള്‍വരട്ടെ.

എം ടിയുടെ മഞ്ഞ് എന്ന നോവലിലെ കഥാപാത്രം പറയുന്നു: ''വരും, വരാതിരിക്കില്ല.''

*
പി എ വാസുദേവന്‍ കടപ്പാട്: ജനയുഗം ദിനപത്രം 06-03-2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നല്ല രാഷ്ട്രീയക്കാരനാവണോ, നല്ല ധനമന്ത്രിയാവണമോ എന്നാണ് ബജറ്റവതരിപ്പിക്കുന്നവന്‍ നേരിടുന്ന പ്രശ്‌നം. രണ്ടും കൂടി സാധ്യമല്ല - ഏതാണ്ടിങ്ങനെയൊരു പ്രസ്താവന പണ്ട് മുന്‍ ധനമന്ത്രി ടി ടി കൃഷ്ണമാചാരിയുടേതായുണ്ടായിരുന്നു. മിക്കവരും രണ്ടാമത്തെതാണിഷ്ടപ്പെടുക. അതിനേ സാധ്യതയുള്ളൂ. പ്രണബ് ഒരു മധ്യവര്‍ത്തിയാണ്. രാഷ്ട്രീയത്തിലും അതെ. ആരെയും മുഷിപ്പിക്കാതെയും എന്ത് സഹിക്കേണ്ടിവന്നാലും സ്വയം മുഷിയാതെയും അങ്ങിനെ നീങ്ങും. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ കുറഞ്ഞ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കിയപ്പോഴും, ഒരു ചെറിയ അവകാശവാദംപോലും ഉന്നയിച്ചില്ലല്ലോ. മാഡം പറയുന്നത് ചെയ്താല്‍ പൊതു ഖജനാവില്‍നിന്ന് ചെലവും കഴിഞ്ഞ് ആഡംബരമായി കഴിയാം. ഈ പ്രായോഗിക ബുദ്ധി തന്നെയായിരുന്നു ഈ ബജറ്റിലും. ഓരോരുത്തര്‍ക്ക് അവനവന്റെ പ്രകൃതത്തിനനുസരിച്ച പണിയേ പറ്റൂ.