Friday, March 25, 2011

നവോത്ഥാനത്തിന്റെ പാട്ടുകാരന്‍

കോഴിക്കോട് അബ്ദുള്‍ ഖാദറിനെ ഓര്‍മ്മയില്ലേ?

ഇന്നിപ്പോള്‍ പെട്ടെന്നിങ്ങനെ ചോദിച്ചാല്‍ മലയാളി നെറ്റി ചുളിയ്ക്കും.

''ഏത് അബ്ദുള്‍ ഖാദര്‍?''

''പഴയ പാട്ടുകാരന്‍, നവോത്ഥാനത്തിന്റെ പടപ്പാട്ടുകാരന്‍''

എന്നാലും ഓര്‍മ്മ വന്നുകൊള്ളണമെന്നില്ല. അന്നന്നത്തെ ആവശ്യത്തിനുള്ള കാര്യങ്ങള്‍ കൂടി ഓര്‍ത്തുവയ്ക്കുവാന്‍ സമയമില്ലാതായിരിക്കുന്നുവല്ലോ നമുക്ക്. തത്കാലം ആവശ്യമില്ലാത്ത കാര്യങ്ങള്‍ പലതും സൗകര്യപൂര്‍വം മറക്കുവാനും നമ്മള്‍ ശീലിച്ചിരിക്കുന്നു.

പക്ഷേ, അത്ര പെട്ടെന്ന് മറവിയിലേയ്ക്ക് പോവാനും കൂട്ടാക്കുകയില്ല അബ്ദുള്‍ ഖാദര്‍. ഭ്രാന്തമായ ഓട്ടത്തിനിടയിലെ ഏതെങ്കിലും വിശ്രാന്തിയുടെ വിശുദ്ധ നിമിഷത്തില്‍ ഉള്ളില്‍ നിന്നുണര്‍ന്നെണീറ്റ് അദ്ദേഹം നമ്മളോടോരോരുത്തരോടും ചോദിക്കും: ''എങ്ങിനെ നീ മറക്കും കുയിലേ?'' പെട്ടെന്ന് ആര്‍ദ്രമായ ഒരു തേങ്ങല്‍ വന്നു നിറഞ്ഞ് നെഞ്ച് കനം കെട്ടുകയായി. നിശബ്ദമാക്കപ്പെട്ട നമ്മുടെ പ്രതിഷേധത്തിന്റെ അകങ്ങളില്‍ നിന്ന്, പതിഞ്ഞ കാലത്തില്‍, ആര്‍ദ്രമായൊരീണത്തില്‍ അബ്ദുള്‍ ഖാദര്‍ പാടാന്‍ തുടങ്ങുകയായി.

മലയാളിക്ക് മഹാസ്വപ്നങ്ങള്‍ കാണാന്‍ കഴിവുണ്ടായിരുന്ന ഒരു നവോത്ഥാന കാലത്ത് നിന്നാണ് അബ്ദുള്‍ ഖാദര്‍ പാടുന്നത്. ഓരോ കിനാവിന്റെ മാമ്പൂവും തിന്ന്, ഓരോരോ മോഹത്തിന്‍ തേന്‍പഴം തന്ന്, കണ്ണീരിലും ചിരിച്ച്, വസന്തസ്വപ്നങ്ങളുടെ പാട്ടുകള്‍ പാടിയ ഒരു കാലം. അന്ന് നമ്മുടെ സംഗീതം വരുംകാലത്തിന്റെ നന്മകള്‍ വിളംബരം ചെയ്യുകയായിരുന്നു. അതുവഴി അര്‍ഥപൂര്‍ണമായ ഒരു സാമൂഹിക ദൗത്യമേറ്റെടുക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കണ്ണീരും കിനാവുകളും സംഗീതത്തിന്റെ ഭാഷയാക്കി മാറ്റിയതിലൂടെ അന്ന് കുറെ ഗായകര്‍ നമ്മുടെ സംഗീതാവബോധത്തിന് പുതിയൊരു നീതിബോധം പ്രദാനം ചെയ്തു. ഉപരിവര്‍ഗ സംസ്‌കൃതിയുടെ സുവര്‍ണസോപാനങ്ങളില്‍ നിന്ന് സംഗീത കലാദേവതയെ അവര്‍ തെരുവിലേക്കിറക്കിക്കൊണ്ടു വന്നു. ''ഇരുനാഴി മണ്ണിനായലയുന്ന കര്‍ഷകര്‍ ഇരുകാലി മാടുകളായിരുന്ന'' കാലത്തിന്റെ പട്ടിണിപ്പാട്ടുകള്‍ വര്‍ഗസമരത്തിന്റെ പടപ്പാട്ടുകളായി മാറിയതങ്ങനെയാണ്.

ആ മഹാനവോത്ഥാനത്തിന്റെ മുന്നണിപ്പാട്ടുകാരനായിരുന്നു കോഴിക്കോട് അബ്ദുള്‍ ഖാദര്‍. പാടാന്‍ മാത്രമായ ഒരു ജന്‍മമായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ മുന്നേറ്റങ്ങളിലും പുരോഗമന നാടകസംഘങ്ങളിലും സിനിമകളിലും തെരുവോരങ്ങളിലുമൊക്കെയായി അദ്ദേഹം ജീവിതം പാടിത്തീര്‍ത്തു.

മലബാറില്‍ സാധാരണജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതില്‍ അബ്ദുള്‍ ഖാദറിന്റെ പാട്ടിനുള്ള സ്ഥാനം ചെറുതല്ല.

1950 കളുടെ തുടക്കത്തില്‍ കോഴിക്കോട് കടപ്പുറത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ ആവര്‍ത്തിച്ചു മുഴങ്ങിയിരുന്ന ഒരു അനൗണ്‍സ്‌മെന്റിന്റെ ഏകദേശ രൂപം ഇങ്ങനെ:
''സഖാക്കളേ, യോഗം ആരംഭിക്കുന്നതിനു മുമ്പ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഒരു വിപ്ലവഗാനം പാടുന്നതായിരിക്കും. സഖാവ് ഇ എം എസിന്റെയും സഖാവ് എ കെ ജിയുടെയും പ്രസംഗങ്ങള്‍ക്കു ശേഷം ഖാദര്‍ക്ക വീണ്ടും മൂന്നോ നാലോ ജനപ്രിയ ഗാനങ്ങള്‍ പാടുന്നതായിരിക്കും. ആരും പിരിഞ്ഞു പോവരുത്, ക്ഷമയോടെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ച് ഖാദര്‍ക്കായുടെ പാട്ടുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുക''.

മലബാറില്‍ കമ്മ്യൂണിസ്റ്റ് ശക്തിക്ക് അടിത്തറയിടുന്നതില്‍ ഈ വിധത്തില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറും മച്ചാട്ട് കൃഷ്ണനും ബാബുരാജുമൊക്കെ പാടിയ പാട്ടുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പാടിയാല്‍ അന്ന് പ്രതിഫലമുണ്ടായിരുന്നില്ല. പാട്ടുകാരന് ഒരു കുടുംബമുണ്ടെന്നോ അവര്‍ക്ക് ജീവിക്കാന്‍ പണം വേണമെന്നോ ഉള്ള ചിന്ത തന്നെ ആര്‍ക്കുമുണ്ടായിരുന്നില്ല. അബ്ദുള്‍ ഖാദറിനെ സംബന്ധിച്ച് വ്യക്തിപരമായി അങ്ങനെയൊരു ചിന്ത തീരെ ഉണ്ടായിരുന്നില്ല.

സ്വന്തം വിഷമങ്ങള്‍ അബ്ദുള്‍ ഖാദര്‍ ഒരു കാലത്തും ആരോടും പറഞ്ഞില്ല. എല്ലാവരേയും സ്‌നേഹിച്ച്, ലോകത്തിന് മുഴുവന്‍ പാട്ടിന്റെ സ്‌നേഹം പകര്‍ന്ന് നല്‍കി, ലോകത്തെ പുതിയൊരു പ്രഭാതത്തിലേയ്ക്ക് പാടിയുണര്‍ത്താന്‍ വേണ്ടി മാത്രം അബ്ദുള്‍ ഖാദര്‍ ജീവിച്ചു. എല്ലാ മതങ്ങളിലും ജീവിച്ച അബ്ദുള്‍ ഖാദറിന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ മതേതരത്വത്തിന്റെ പാഠപുസ്തകമായിരുന്നു. കോഴിക്കോട്ട് ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലെസ്‌ലി ആന്‍ഡ്രൂസ് ചെറിയ പ്രായത്തില്‍ നാടുവിട്ടു. ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ വിവിധ ധാരകളിലൂടെ സഞ്ചരിച്ചു തീര്‍ത്ത ഒരജ്ഞാത ജീവിതകാലം എം എസ് ബാബുരാജിന്റെ ജീവിതത്തിലെന്നപോലെ ലെസ്‌ലിയുടെ ജീവിതത്തിലുമുണ്ടായിരുന്നു. ഇപ്പോഴും ചരിത്രത്തിനു പൂര്‍ണമായും വെളിപ്പെട്ടുകിട്ടിയിട്ടില്ലാത്ത ആ കാലമാണ് മതംമാറ്റത്തിലൂടെ ലെസ്‌ലി ആന്‍ഡ്രൂസിനെ അബ്ദുള്‍ ഖാദറാക്കിയത്. അബ്ദുള്‍ ഖാദറിന്റെ ജീവിതത്തിന്റെ ശക്തിയും ചൈതന്യവുമായിത്തീര്‍ന്ന ഹിന്ദുസ്ഥാനി സംഗീതവും ആ യാത്രയുടെ വരമാണ്. സൈഗാളിന്റെ കടുത്ത ആരാധകനായിത്തീര്‍ന്ന് സൈഗാള്‍ ഗാനങ്ങള്‍ മാത്രം പാടി പ്രശസ്തനായത്. പിന്നീട് ബര്‍മയില്‍ നിന്നുള്ള തിരിച്ചുവരവിനുശേഷമാണ് 'മലബാര്‍ സൈഗാള്‍' എന്ന് അബ്ദുള്‍ ഖാദര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അജ്ഞാതവാസം കഴിഞ്ഞുള്ള തിരിച്ചുവരവിന്റെ കാലത്താണ്.

അക്കാലത്ത് കോഴിക്കോട്ട് ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം ക്ലബ്ബുകളുണ്ടായിരുന്നു. കല്ലായി റോഡിലെ ഹസ്സന്‍ഭായിയുടെ ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബ്, ഫ്രാന്‍സിസ് റോഡിലെ ഈവനിംഗ് ക്ലബ്, ബ്രദേഴ്‌സ് മ്യൂസിക് ക്ലബ് തുടങ്ങി മാളികമുകളിലെ ക്ലബുകള്‍. വലിയങ്ങാടിയിലെ കച്ചവടക്കാരും തൊഴിലാളികളും ജോലി കഴിഞ്ഞാല്‍ ഇത്തരം മ്യൂസിക് ക്ലബുകളില്‍ ഒത്തുചേരും. രാത്രി മുഴുവന്‍ മെഹ്ഫില്‍. ഈ സംഗീത കൂട്ടായ്മകളിലൂടെയാണ് അബ്ദുള്‍ ഖാദര്‍ പ്രശസ്തനായത്.

അനുകരിക്കാന്‍ പറ്റാത്ത ശബ്ദമായിരുന്നു അബ്ദുള്‍ ഖാദറിന്റേത്. സൈഗാളിന്റെ ശബ്ദത്തോടടുപ്പമുണ്ടായിരുന്നെങ്കിലും ആലാപനശൈലിയില്‍ അദ്ദേഹം ആരെയും അനുകരിച്ചിരുന്നില്ല. സൈഗാളിനോടൊപ്പം തന്നെ അബ്ദുള്‍ ഖാദറിന് വളരെ പ്രിയപ്പെട്ട പാട്ടുകാരായിരുന്നു സി എച്ച് ആത്മയും പങ്കജ് മല്ലിക്കും തലത്ത് മഹ്ഫൂദും. ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ സ്വാധീനം പലപ്പോഴും അബ്ദുള്‍ ഖാദറിനെ അസാധാരണമായ ലയവും ഹൃദയസ്പര്‍ശവുമുള്ള ഒരാലാപനശൈലി സ്വായത്തമാക്കാന്‍ സഹായിച്ചിരുന്നു.

അബ്ദുള്‍ ഖാദറിന്റെ ഏറ്റവും പ്രസിദ്ധമായ ഗാനം 'നീലക്കുയില്‍' എന്ന സിനിമയില്‍ 1954 ല്‍ പാടിയ 'എങ്ങനെ നീ മറക്കും-കുയിലെ' തന്നെ. എം എസ് ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തില്‍ 'എന്തിനു കവിളില്‍ ബാഷ്പധാരാ', 'നീലത്താരമേ നീ എന്തറിയുന്നു' തുടങ്ങിയ സവിശേഷ സൗന്ദര്യമുള്ള ഗാനങ്ങളും അദ്ദേഹം പാടിയിരുന്നു. ഏറ്റവുമൊടുവില്‍ 1966 ലാണ് 'മാണിക്യക്കൊട്ടാരം' എന്ന ചലച്ചിത്രത്തിനു പാടിയത്.

സിനിമാ ഗാനങ്ങളേക്കാള്‍ പ്രശസ്തങ്ങളാണ് അബ്ദുള്‍ ഖാദറിന്റെ നാടക ഗാനങ്ങള്‍. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിനുവേണ്ടി പൊന്‍കുന്നം ദാമോദരന്‍ എഴുതി ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച്ച 'പച്ചപ്പനന്തത്തേ' എന്ന ഗാനമാണ് ഏറ്റവും പ്രശസ്തം. 'ഇങ്ക്വിലാബിന്റെ മക്കള്‍', 'നീലക്കുരുവി', 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റയ്ക്ക്' തുടങ്ങി ഒട്ടുവളരെ നാടകങ്ങള്‍ക്കുവേണ്ടി അദ്ദേഹം പാടി.

അബ്ദുള്‍ ഖാദര്‍ ആകാശവാണിക്കും മറ്റും വേണ്ടി പാടിയ ലളിതഗാനങ്ങള്‍ അതിലൊക്കെയും പ്രശസ്തമായിരുന്നു. 'പാടാനോര്‍ത്തൊരു മധുരിതഗാനം' എന്ന ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഗീതം പാടി അനശ്വരമാക്കിയത് അബ്ദുള്‍ ഖാദറാണ്. ഇരുന്നാഴിമണ്ണിനായുരുകുന്ന കര്‍ഷകന്‍ (പൊന്‍കുന്നം ദാമോദരന്റെ രചന) മായരുതേ വനരാധേ (വാസുപ്രദീപിന്റെ രചന) തുടങ്ങി എത്രയോ പാട്ടുകള്‍ ഓര്‍ക്കുവാനുണ്ട്.

തെരുവോരങ്ങളെയും പീടികവരാന്തയിലെ ക്ലബ്ബുകളെയും ചേരികളെയും അരങ്ങുകളാക്കി പട്ടിണിരാവുകള്‍ പാട്ടുപാടി വെളിപ്പിച്ചാണ് കോഴിക്കോട് അബ്ദുള്‍ ഖാദറിനെപ്പോലെയുള്ളവര്‍ നവോഥാനത്തെ ഉണര്‍ത്തിയത്. ജനകീയ മുന്നേറ്റങ്ങളില്‍ സംഗീതത്തെ സമരായുധമാക്കി മാറ്റാന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിനു കഴിഞ്ഞു. ജനകീയമായ ഒരു സമാന്തര ക്ലാസിക്കല്‍ സംഗീത സംസ്‌കൃതിയെ സാക്ഷാല്‍ക്കരിക്കാനും ക്രിസ്ത്യാനിയായി പിറന്ന് മുസല്‍മാനായി ജീവിച്ച് ഒടുവില്‍ ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച് (കോഴിക്കോട്ട് ശാന്താദേവി) അദ്ദേഹം ഒരു നവോഥാന മനുഷ്യമാതൃക സൃഷ്ടിച്ചു. സമൂഹത്തിന്റെ വ്യവസ്ഥാപിതമായ നീതിശാസ്ത്രങ്ങളെ സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു. അപ്പോഴെല്ലാം സംഗീതംകൊണ്ട് ചിന്തിക്കുകയും സ്വപ്‌നം കാണുകയും വിഷാദിക്കുകയും ചെയ്തു. ഒടുവില്‍ ഒന്നും നേടാതെ പ്രാര്‍ഥനാനിര്‍ഭരമായ ഒരു വിഷാദഗാനമായി മന്ദ്രസ്ഥായിയിലൊടുങ്ങി.

മലയാളിയുടെ സംഗീതചരിത്രത്തില്‍ മലയാളദേശത്തിന്റെ പച്ചപ്പാടങ്ങളെയും നീലക്കുയില്‍പ്പാട്ടിന്റെയും തുന്നിച്ചേര്‍ത്തുകൊണ്ട് കടന്നുപോയ ആ അനശ്വരഗായകന്‍ ആത്മാവുകൊണ്ടു പാടിയ പാട്ടുകള്‍ക്ക് പക്ഷേ ഒരു കാലത്തും മരണമുണ്ടാകുകയില്ല.

*
ആലങ്കോട് ലീലാകൃഷ്ണന്‍ കടപ്പാട്: ജനയുഗം ദിനപത്രം 25 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരുവോരങ്ങളെയും പീടികവരാന്തയിലെ ക്ലബ്ബുകളെയും ചേരികളെയും അരങ്ങുകളാക്കി പട്ടിണിരാവുകള്‍ പാട്ടുപാടി വെളിപ്പിച്ചാണ് കോഴിക്കോട് അബ്ദുള്‍ ഖാദറിനെപ്പോലെയുള്ളവര്‍ നവോഥാനത്തെ ഉണര്‍ത്തിയത്. ജനകീയ മുന്നേറ്റങ്ങളില്‍ സംഗീതത്തെ സമരായുധമാക്കി മാറ്റാന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിനു കഴിഞ്ഞു. ജനകീയമായ ഒരു സമാന്തര ക്ലാസിക്കല്‍ സംഗീത സംസ്‌കൃതിയെ സാക്ഷാല്‍ക്കരിക്കാനും ക്രിസ്ത്യാനിയായി പിറന്ന് മുസല്‍മാനായി ജീവിച്ച് ഒടുവില്‍ ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച് (കോഴിക്കോട്ട് ശാന്താദേവി) അദ്ദേഹം ഒരു നവോഥാന മനുഷ്യമാതൃക സൃഷ്ടിച്ചു. സമൂഹത്തിന്റെ വ്യവസ്ഥാപിതമായ നീതിശാസ്ത്രങ്ങളെ സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു. അപ്പോഴെല്ലാം സംഗീതംകൊണ്ട് ചിന്തിക്കുകയും സ്വപ്‌നം കാണുകയും വിഷാദിക്കുകയും ചെയ്തു. ഒടുവില്‍ ഒന്നും നേടാതെ പ്രാര്‍ഥനാനിര്‍ഭരമായ ഒരു വിഷാദഗാനമായി മന്ദ്രസ്ഥായിയിലൊടുങ്ങി.

മലയാളിയുടെ സംഗീതചരിത്രത്തില്‍ മലയാളദേശത്തിന്റെ പച്ചപ്പാടങ്ങളെയും നീലക്കുയില്‍പ്പാട്ടിന്റെയും തുന്നിച്ചേര്‍ത്തുകൊണ്ട് കടന്നുപോയ ആ അനശ്വരഗായകന്‍ ആത്മാവുകൊണ്ടു പാടിയ പാട്ടുകള്‍ക്ക് പക്ഷേ ഒരു കാലത്തും മരണമുണ്ടാകുകയില്ല.